പറുദീസ—വെറും ഒരു ഭാവനയോ?
ഹവായിലെ “ഉണരുക!” ലേഖകൻ
തെളിഞ്ഞ നീലാകാശങ്ങൾ, ഊഷ്മളമായ മണലോരങ്ങൾ, ചുരുണ്ടുരുളുന്ന പാത—പറുദീസയെ സംബന്ധിച്ച നിങ്ങളുടെ സങ്കൽപ്പം ഇങ്ങനെയാണോ? ഉഷ്ണമേഖലയിലെ ഊഷ്മളതയാർന്ന ഇളംകാറ്റിൽ ആടിയുലയുന്ന തെങ്ങുകളും മേഘങ്ങൾക്കിടയിലേക്ക് ഉയർന്നു ചെല്ലുന്ന മരതകപ്പച്ചയണിഞ്ഞ പർവ്വതങ്ങളും ഒറ്റതിരിഞ്ഞ ശീതളപ്പൊയ്കകളിലേക്ക് ഇരമ്പിമറിയുന്ന ജലപാതങ്ങളും വർണ്ണാഭയാർന്ന മഴവില്ലും നയനാനന്ദകരമായ സൂര്യാസ്തമനങ്ങളും—പറുദീസയെ സംബന്ധിച്ചുള്ള മനോദർശനങ്ങൾക്ക് രൂപം നൽകുന്നത് മിക്കപ്പോഴും ഈവക സംഗതികൾ കൊണ്ടാണ്.
തീർച്ചയായും, ഒരു ഉഷ്ണമേഖലാദ്വീപ് എന്നനിലയിലല്ല എല്ലാവരും പറുദീസയെ മനസ്സിൽ കാണുന്നത്. പെസിഫിക് ദ്വീപുകളിലൊന്നിലേക്ക് താമസം മാറ്റിയ ഒരു യുവതി ഇങ്ങനെ ആശിച്ചുകൊണ്ട് പറഞ്ഞു: “കൊഴിഞ്ഞ് വീഴാൻ വെമ്പുന്ന ഇലകളുമായി വൃക്ഷങ്ങൾ ജ്വലിച്ചു നിൽക്കുന്ന ആ കുളിർമയും പ്രസരിപ്പും തുടിക്കുന്ന ഇലപൊഴിയും ദിനങ്ങൾ എനിക്കു നഷ്ടമാകുന്നു. സർവ്വവും നവമഞ്ഞിൻ പുതപ്പിലാണ്ടു കിടക്കുന്ന ആ തണുത്ത നാളുകളും എനിക്ക് നഷ്ടമാകുന്നു.”
മനോദർശനങ്ങൾ ഭിന്നമായിരുന്നാലും എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട് ഒന്ന്, നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ്. മറ്റൊന്ന്, നമ്മുടെ വർത്തമാനകാല ജീവിതത്തിലെ ക്ലേശങ്ങളെല്ലാം നീങ്ങിക്കഴിഞ്ഞ് സമാധാനസുരക്ഷിതത്വത്തിന്റെ യഥാർത്ഥ അനുഭൂതി ആസ്വദിക്കുകയെന്നതാണ്.
പക്തെ, ഇന്ന് ഒരു പറുദീസ കണ്ടെത്താൻ കഴിയും എന്നത് യാഥാർത്ഥ്യാധിഷ്ഠിതം ആണോ? ദ്രോഹസ്പർശമേൽക്കാത്ത ഒരു പരിസ്ഥിതിയിൽ പ്രകൃതിരമണീയത ആസ്വദിക്കാൻ ഒരുവന് കഴിയുന്ന ഒരു പ്രദേശത്തേക്ക് മാറുകയെന്നതാണോ ഉത്തരം?
“പെസിഫിക് പറുദീസ”
ലോകത്തിന് ചുറ്റുമുള്ള നിരവധി കമനീയസ്ഥാനങ്ങൾ “പറുദീസാതുല്യം” എന്ന് സന്ദർശകരാൽ വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും ഹവായ് മിക്കയാളുകളുടെയും പട്ടികയിൽ ശാശ്വതപ്രിയയായി നിലകൊള്ളുന്നു. ഇന്നു പ്രതിവർഷം 40 ലക്ഷത്തിലധികം ടൂറിസ്റ്റുകൾ ഹവായ് സന്ദർശിക്കുന്നുണ്ട്. അവൾ തനിക്ക്തന്നെ “പെസിഫിക് പറുദീസ” എന്ന പേർ സംമ്പാദിക്കുകയും ചെയ്തിരിക്കുന്നു.
തങ്ങളിവിടെക്കാണുന്ന കാര്യങ്ങൾ മിക്ക സന്ദർശകരുടെയും മനം കവരുന്നു—ആശ്ചര്യാതിരേകം ഉളവാക്കുന്ന മനോഹര പർവ്വതങ്ങളും കടുംതൂക്കുകളും വെള്ളച്ചാട്ടങ്ങളും സ്പടികംപോലെ തെളിഞ്ഞ നീല സമുദ്രജലവും വെൺമണലോരങ്ങളും; നിബിഢമായ പുഷ്പങ്ങളും ഫലവൃക്ഷങ്ങളും; മിതോഷ്ണകാലാവസ്ഥയും; സൗഹൃദശീലരായ പ്രാദേശിക ജനവും തന്നെ.
ഹവായൻ ദ്വീപസമൂഹത്തിലെ ഒരോ ദ്വീപിനും വ്യതിരിക്ത സവിശേഷതകളുണ്ട്. ദൃഷ്ടാന്തത്തിന് “ഉദ്യാന ദ്വീപാ”യ കുവായ്യിൽ സന്ദർശകർക്ക് കണ്ടാശ്ചര്യം കൊള്ളാൻ “വെയ്മിയ കാനിയൻ” എന്നു വിളിക്കുന്ന “പെസിഫിക്കിലെ മഹാഗിരി കരുരം” (അത്യഗാധമായ പർവ്വത ഗർത്തം) ഉണ്ട്. ഒവാഹൗവിന്—ലോകപ്രശസ്തമായ വായിക്കിക്കി ബീച്ചും ഡയമണ്ട് ഹെഡുമുണ്ട്. ഒരു പ്രിയങ്കര സൂര്യോദയ ദർശന സ്ഥാനമായ ഭയാനകവും അതേ സമയം മനോഹരവുമായ ഹലിയേക്കാലാ അഗ്നിപർവ്വതം മൗവി ദ്വീപിലാണ്. ഹവായ് ദ്വീപ് അഥവാ വൻ ദ്വീപിലാണ് ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിൽ രണ്ടെണ്ണമായ കിലാവ, മൗനാലോവ എന്നിവ അവയുടെ അഗ്നിപ്രഭാവിലാസം കാലാകാലങ്ങളിലായി അവതരിപ്പിക്കുന്നത്. ഇവിടെ നിങ്ങൾ വിശേഷമായ കരിമണൽ ബീച്ചുകൾ കാണും. നിങ്ങൾ തിരിയുന്നിടത്തെല്ലാം ആശ്ചര്യജനകവും കമനീയവും ആയ സംഗതികൾ നിങ്ങളുടെ ഗ്രഹണേന്ദ്രീയങ്ങളെ കവർന്നുകളയും.
പക്ഷേ നിൽക്കുക! നിങ്ങൾ വകയൊരുക്കി നിങ്ങളുടെ കുടുംബത്തെയും വസ്തുക്കളെയും ഇവിടേക്കു മാറ്റുന്നതിനു മുമ്പ് പരിചിന്തിക്കുക: “ഒരു പറുദീസകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നത് മുഴുവൻ ഹവായ് ആണോ? അതിന് പ്രകൃതിരമണീയതയും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും ഉണ്ടെന്ന് സമ്മതിച്ചാൽപോലും നിങ്ങൾ പറുദീസ എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്തോ, ഹവായ് അതാണോ?
ഒരു യഥാർത്ഥ പറുദീസയോ?
“മുമ്പ് ഒരുപക്ഷേ ആയിരുന്നിരിക്കും” എന്ന് ഒരു രണ്ടാം തലമുറക്കാരനായ ജപ്പാൻ വംശജൻ കുറിക്കൊള്ളുന്നു. “പക്ഷെ ഇപ്പോൾ എല്ലാവർക്കും ഉള്ള അതേ പ്രശ്നങ്ങൾ ഞങ്ങൾക്കുമുണ്ട്—ഗതാഗത തടസ്സങ്ങൾ, ജനപ്പെരുപ്പം മലിനീകരണം, അക്രമം എന്നിവ തന്നെ. ഒരു കുടുംബനാഥനും മൂന്നു കുട്ടികളുടെ പിതാവും എന്നനിലയിൽ അദ്ദേഹം ഇങ്ങനെ നിരീക്ഷണം നടത്തുന്നു: “തൊഴിലില്ലായ്മ പ്രശ്നവും ഉയർന്ന ജീവിതച്ചെലവും കുടുംബം പുലർത്തുക പ്രയാസമാക്കുന്നു. മോഷണവും ഭവനഭേദനവും ഉത്ക്കണ്ഠ വർദ്ധിപ്പിക്കുന്നു.”
“ഞാൻ പോയിട്ടുള്ള അനേകസ്ഥലങ്ങളോടുള്ള താരതമ്യത്തിൽ ഇത് ഇങ്ങനെതന്നെയാണ്” എന്ന് പൗരസ്ത്യദേശങ്ങളും ഐക്യനാടുകളും പെസിഫിക് നാടുകളും എല്ലാം ചുറ്റിസഞ്ചരിച്ചിട്ടുള്ള ഒരു ഹവായൻ—ചൈനീസ് ബിസിനസ്സുകാരൻ പറഞ്ഞു: “പക്തെ, പഴയ ഹവായ്യിലെ ലളിതവും പ്രശ്നവിമുക്തവും ഒട്ടും സങ്കീർണ്ണതയില്ലാത്തതുമായ ജീവിതരീതിയിൽ അധികവും പൊയ്പ്പോയിരിക്കുന്നു.” സ്മരണ പുതുക്കിക്കൊണ്ട് അദ്ദേഹം ഇങ്ങനെ തുടരുന്നു: “ഞാൻ ഒരു ബാലനായിരുന്ന കാലത്ത് എന്റെ അയൽക്കാരുടെ ഭവനങ്ങളിൽ നിരന്തരം സന്ദർശനം നടത്തുമായിരുന്നു. ഓരോരുത്തരും തങ്ങളുടെ പക്കലുള്ളത് മറ്റുള്ളവരുമായി പങ്കുവച്ചിരുന്നു. ഒരുത്തനും തന്റെ വീട്ടുകതകുകൾ പൂട്ടിയിരുന്നില്ല. പക്ഷെ മേലിൽ അങ്ങനെയല്ല ഇന്ന് ആളുകൾ വളരെ ഭയപ്പാടുള്ളവരാണ്.” തുടർന്ന് സാധാരണ ചർച്ചചെയ്യപ്പെടാറില്ലാത്ത ഒരു വിഷയം സ്പർശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: “ആധുനിക ഹവായ്യുടെ ശാപങ്ങളിൽ യഥാർത്ഥമായ ഒന്നു അവിടെ തഴച്ചുവളരുന്ന മയക്കുമരുന്നിന്റെ സംസ്ക്കാരമാണ്. ഒരുപക്ഷെ അവിടത്തെ കാലാവസ്ഥയും ഒളിച്ചോടാൻ ഉള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക സമൂഹത്തിലെ പ്രശ്നങ്ങളുമായിരിക്കാം അതിനു ഹേതു.”
ഇതുപോലുള്ള അഭിപ്രായ പ്രകടനങ്ങൾ ഹവായ്യിലും മറ്റു “പറുദീസാതുല്യമായ” ലോകമെമ്പാടുമുള്ള ഇടങ്ങളിലും എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. ഒരു “സർവ്വോത്തമായ” സ്ഥലത്ത് ജീവിതം ആസ്വദിക്കാനുള്ള തങ്ങളുടെ ആകാംക്ഷയിൽ ഈ മനോഹര ദ്വീപുകളിലേക്ക് ജനങ്ങൾ തള്ളിക്കയറുന്നു. അതിന്റെ ഫലം ഹവായ്യുടെ ജനസംഖ്യയിലും സംമ്പദ് വ്യവസ്ഥയിലും ഉണ്ടായ അപൂർവ്വമായ വളർച്ചമാത്രമല്ല—അതുകൊണ്ടുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളുൾപ്പെടെ—പിന്നെയോ അവിടത്തെ പ്രകൃതിയുടെമേൽ ഉണ്ടാകുന്ന വിനാശകഫലവും കൂടിയാണ്.
വാസ്തവത്തിൽ പ്രകൃതി വിഭവങ്ങളുടെ മലിനീകരണവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ഭൂമിയുടെ എല്ലാ മൂലകളെയും താറുമാറാക്കുന്നു. അക്രമം, മയക്കുമരുന്നു ദുരുപയോഗം നിവാസസ്ഥാനങ്ങളിലെ തിങ്ങിപ്പാർപ്പ് എന്നിവയെല്ലാം ലോകമെമ്പാടുമുള്ള എല്ലാ നഗരങ്ങളെയും ബാധിക്കുന്നുണ്ട്. രോഗം, വാർദ്ധക്യം എന്നിവ എല്ലായിടത്തും ഉള്ള ആളുകളെ മഥിക്കുന്നു.
ജീവിക്കാൻ കൊള്ളാവുന്ന വ്യക്തമായും, ഒരു യഥാർത്ഥ പറുദീസയെന്നത് കേവലം ഒരു മനോഹരമായ സ്ഥലത്തെക്കാൾ കവിഞ്ഞതാണ്. ജനങ്ങളും അവരുടെ ജീവിതരീതിയുമാണ് ഒരു മനോഹര സ്ഥലത്തെ പറുദീസ ആക്കിത്തീർക്കുന്നത്. നിങ്ങൾ ജീവിക്കുന്നത് ലോകത്തിലെ ഏറ്റവും മനോജ്ഞമായ സ്ഥലത്തായിരുന്നേക്കാം. പക്ഷേ അക്രമവും തൊഴിലില്ലായ്മയും വിലക്കയറ്റവും അതുപോലുള്ള മറ്റു പ്രശ്നങ്ങളും സ്ഥിതി ചെയ്യുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥ പറുദീസയിലല്ല ജീവിക്കുന്നത്.
വാസ്തവ രൂപത്തിലുള്ള ഒരു പറുദീസയിൽ ജീവിക്കുക എന്നത് ഒരു സ്വപ്നം അഥവാ ഭാവന മാത്രമാണ് എന്നാണോ ഇതിനർത്ഥം? ഒരു ഭൗമീക പറുദീസ—ഒരു ആഗോള പറുദീസ എന്നെങ്കിലും ഒരു യാഥാർത്ഥ്യമായിത്തീരുമോ?
ആശയ്ക്കുള്ള അടിസ്ഥാനം
ഒരു ആഗോള പറുദീസയ്ക്കുവേണ്ടിയുള്ള അനേക ആളുകളുടെ പ്രത്യാശ വളരെ ശക്തമാണെന്നുള്ളതാണ് വസ്തുത. അവർക്ക് നൂറ്റാണ്ടുകൾ മുമ്പ് ഉച്ചരിക്കപ്പെട്ട യേശുക്രിസ്തുവിന്റെ വാക്കുകൾ അവ ആദ്യം ഉച്ചരിയ്ക്കപ്പെട്ടപ്പോൾ ആയിരുന്നത്ര ആകർഷണീയമായി തോന്നുന്നു: “നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും”—ലൂക്കോസ് 23:43.
ഇതു അവർ വെറും ആശകൊണ്ടു ചിന്തിച്ചു പോകുന്നതാണോ? അതോ സകല ആശയ്ക്കും എതിരെ ആശിക്കലാണോ? യേശു വാഗ്ദത്തം ചെയ്ത പറുദീസ എന്താണ്? അത് എങ്ങനെ സാക്ഷാൽക്കരിക്കപ്പെടും?
ഒരു ദണ്ഡനസ്തംഭത്തിൽ മരിക്കാൻ വിധിക്കപ്പെട്ട, പശ്ചാത്താപം പ്രകടമാക്കിയ ഒരു കുറ്റവാളിയോടാണ് യേശു വാഗ്ദത്തം ചെയ്തത്. ഒരു തകർന്ന ഹൃദയത്തിൽ നിന്ന് ആ കുറ്റവാളി പറഞ്ഞു: “യേശുവേ നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെ ഓർക്കണേ.” ഉത്തരമായി അവനോട് യേശു ഇങ്ങനെ പറഞ്ഞു: “നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കുമെന്ന് ഇന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.”—ലൂക്കോസ് 23:40-43.
പറുദീസയിലേക്കുള്ള താക്കോൽ എന്തെന്ന് ഈ സംഭാഷണത്തിൽ നിങ്ങൾ നിരീക്ഷിച്ചോ? അവനൊരു അമർത്യദേഹി ഉണ്ടെന്നും അത് അന്നേദിവസം തന്നെ മറ്റൊരു ലോകത്തിലെ പറുദീസയിലേക്ക് പിരിഞ്ഞുപോകുമെന്നും യേശു ആ ദുഷ്പ്രവൃത്തിക്കാരനോട് പറയുകയുണ്ടായില്ല. യേശുവിനുപോലും കാത്തിരുന്ന് ദൈവത്താൽ മൂന്നു ദിവസങ്ങൾക്കുശേഷം ഉയർപ്പിക്കപ്പെടേണ്ടതായിട്ടുണ്ടായിരുന്നു. പിന്നെയോ താൻ രാജാധികാരത്തിൽ വരുമ്പോൾ ഭൂമിയിൽ സ്ഥാപിക്കാനിരുന്ന ഒരു ഭാവി പറുദീസയിലേക്കാണ് യേശു വിരൽ ചൂണ്ടിയത്. അതെ, പറുദീസയിലേക്കുള്ള താക്കോൽ ദൈവരാജ്യമാണ്. ആ ഒന്നിനു വേണ്ടിയാണ് പിൻവരുന്ന പ്രകാരം പ്രാർത്ഥിക്കാൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചത്: “നിന്റെ രാജ്യം വരേണമേ.”—മത്തായി 6:10.
പക്ഷേ എങ്ങനെയാണ് ദൈവരാജ്യം ഒരു ആഗോള പറുദീസ കൊണ്ടുവരുന്നത്? മറ്റെല്ലാ രാജ്യങ്ങളും ഏതു രൂപത്തിലുള്ള ഗവൺമെൻറുകളും പരാജയപ്പെട്ടിരിക്കെ ഇത് വിജയിക്കും എന്നു വിശ്വസിക്കുക യാഥാർത്ഥ്യാധിഷ്ഠിതമാണോ?
ദൈവരാജ്യം രക്ഷയ്ക്കെത്തുന്നു.
ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കാൻ ദൈവരാജ്യം എടുക്കാനിരിക്കുന്ന പടികളെ സംബന്ധിച്ച് ബൈബിൾ ഒരു വ്യക്തമായ രൂപരേഖ നൽകുന്നു. ആ കാലത്തേക്കു ഉറ്റുനോക്കിക്കൊണ്ട് ബൈബിൾ പുസ്തകമായ വെളിപ്പാട് ആദ്യം സംഭവിക്കേണ്ടത് എന്ത് എന്നതിനേപ്പറ്റി ഇങ്ങനെ പറയുന്നു: “രാഷ്ട്രങ്ങൾ ക്രൂദ്ധിച്ചു, നിന്റെ കോപവും വന്നു, . . . ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള നിയമിത സമയവും വന്നു.”—വെളിപ്പാട് 11:17, 18.
രാഷ്ട്രങ്ങൾ ഭൗമവിഭവങ്ങളുടെ സ്വാർത്ഥമായ ചൂഷണത്തിലൂടെ വായു, ജലം, കര എന്നിവയെ മലീമസമാക്കിയിരിക്കുന്ന വിധത്തിലേക്കും രക്തരൂക്ഷിതവും വിനാശകരവുമായ അവരുടെ യുദ്ധങ്ങളിലേക്കും യഹോവയാം ദൈവം നോക്കുമ്പോൾ അവനു ക്രോധം തോന്നുന്നതിനും അവരുടെ ചിന്താശൂന്യമായ ഗതിക്ക് അറുതിവരുത്താൻ നടപടി എടുക്കുന്നതിനും അവന് വേണ്ടത്ര കാരണങ്ങളുണ്ട്. അതുകൊണ്ടാണ് അധികം വൈകുന്നതിനുമുമ്പേ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാൻ” അവൻ ഉദ്ദേശിച്ചിരിക്കുന്നത്. ഭൂമിക്ക് വരുത്തപ്പെട്ടിരിക്കുന്ന ഹാനി ഇല്ലായ്മ ചെയ്യുന്നതിനും പറുദീസാ അവസ്ഥയിലേക്കു ഭൂമിയെ തിരികെ കൊണ്ടുവരുന്നതിനും പ്രകൃതിയുടെ സ്വാഭാവിക സൗഖ്യമാക്കൽ ശക്തിക്ക് ഇത് വഴിമാറികൊടുക്കും.
പറുദീസാ അനുഭവത്തിന് അത്യന്താപേക്ഷിതമായ സുരഷിതത്വവും സന്തുഷ്ടിയും ഒരുവനിൽ നിന്ന് കവർന്നു കളയുന്ന അക്രമത്തെയും അക്രമികളെയും രാജ്യം കൈകാര്യം ചെയ്യും. “ദുഷ്പ്രവർത്തിക്കാർ തന്നെ ഛേദിക്കപ്പെടും. എന്നാൽ യഹോവയിൽ പ്രത്യാശിക്കുന്നവരാണ് ഭൂമിയെ കൈവശമാക്കുന്നവർ.” ദൈവരാജ്യഭരണത്തിൻ കീഴിൽ ഓരോരുത്തരും ഒരു സ്നേഹിതനും ഒരു യഥാർത്ഥ അയൽക്കാരനും ആയിത്തീരും. പൂട്ടുകളുടെയോ സുരക്ഷാസംവിധാനങ്ങളുടെയോ പോലീസുകാരുടെയോ ആവശ്യം മേലാൽ ഉണ്ടായിരിക്കയില്ല. “സമാധാന സമൃദ്ധിയിൽ അവർ തീർച്ചയായും അത്യാനന്ദം കണ്ടെത്തും.” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു—സങ്കീർത്തനങ്ങൾ 37:9, 11.
വാർദ്ധക്യം, രോഗം, മരണം—ആനന്ദത്തിൽനിന്ന് അകറ്റുന്ന വൻ ഘടകങ്ങൾ—എന്നിവ കഴിഞ്ഞകാല സംഗതികളായിരിക്കും. “യാതൊരു നിവാസിയും എനിക്കു ദീനം എന്നു പറയുകയില്ല” എന്ന് യെശയ്യാപ്രവാചകൻ നമ്മോടു പറയുന്നു. “മേലാൽ മരണം ഉണ്ടാകയില്ല. വിലാപമോ മുറവിളിയോ വേദനയോ മേലാൽ ഉണ്ടായിരിക്കയില്ല. കഴിഞ്ഞകാല സംഗതികളെല്ലാം നീങ്ങിപ്പോയി.”—യെശയ്യാവ് 33:24; വെളിപ്പാട് 21:4.
ആഹാരം, പാർപ്പിടം, പ്രതിഫലദയകമായ ജോലി എന്നിങ്ങനെയുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ സംബന്ധിച്ചെന്ത്? ഇന്ന് ഭക്ഷ്യക്ഷാമം ദശലക്ഷങ്ങളെ ദുരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യവർഗ്ഗത്തിൽ ഒരു വലിയ വിഭാഗം തീരെ തരംതാണ അവസ്ഥകളിലാണ് കഴിയുന്നത്. അവർ തൊഴിലില്ലായ്മയോ തൊഴിൽ ചെയ്യാനുള്ള കഴിവില്ലായ്മയോ നിമിത്തം അവശത അനുഭവിക്കുന്നു. ഒരു ആഗോള പറുദീസ യാഥാർത്ഥ്യമായി തീരണമെങ്കിൽ ഈ പ്രശ്നങ്ങൾ ദൂരീകരിക്കപ്പെടണം. രാജ്യം ആ ഭാരിച്ച കർത്തവ്യം നിറവേറ്റുമോ? രാജ്യഭരണത്തിൻ കീഴിൽ ജീവിതം എങ്ങനെയായിരിക്കുമെന്നതു സംബന്ധിച്ച് ഈ അത്ഭുതകരമായ വർണ്ണന ശ്രദ്ധിക്കുക:
“അവർ വീടുകൾ പണിയുകയും അവയിൽ അധിവാസം ഉണ്ടായിരിക്കയും ചെയ്യും; അവർ നിശ്ചയമായും മുന്തിരിതോട്ടങ്ങൾ നടുകയും അതിന്റെ ഫലം അനുഭവിക്കയും ചെയ്യും. അവർ പണികയും മറ്റൊരുത്തൻ പാർക്കുകയും ഇല്ല; അവർ നടുകയും മറ്റൊരുത്തൻ തിന്നുകയും ഇല്ല. എന്റെ ജനത്തിന്റെ നാളുകൾ ഒരു വൃക്ഷത്തിന്റെ നാളുകൾ പോലെയാകും; തങ്ങളുടെ സ്വന്തകൈകളുടെ അദ്ധ്വാനം എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ തികവോളം അനുഭവിക്കും. അവർ വെറുതെ അദ്ധ്വാനിക്കയില്ല, അവർ ആപത്തിനായി ജനിപ്പിക്കയുമില്ല; എന്തെന്നാൽ അവർ യഹോവയുടെ അനുഗ്രഹീതർ ഒത്തുചേർന്നുണ്ടായ അവന്റെ സന്തതിയല്ലോ.”—യെശയ്യാവ് 65:21-23.
പറുദീസ ഇങ്ങനെയിരിക്കാനല്ലേ നിങ്ങൾ ആശിക്കുന്നത്? ഇവയും ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്ന മറ്റനവധി അത്ഭുത കാര്യങ്ങളും വെറും ഭാവനയോ സ്വപ്നമോ അല്ല! രാജ്യാനുഗ്രഹങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ “സൈന്യങ്ങളുടെ യഹോവയുടെ ശുഷ്ക്കാന്തിതന്നെ ഇതു നിവൃത്തിക്കും” എന്ന പ്രയോഗം ബൈബിൾ നിരന്തരം കൂട്ടിച്ചേർക്കുന്നു. (യെശയ്യാവ് 9:7; 37:32) ജീവനുള്ള എല്ലാറ്റിന്റെയും ആഗ്രഹം തൃപ്തിപ്പെടുത്താൻ കഴിവും അധികാരവും ഉള്ള യഹോവയാം ദൈവത്തിന് അതു ചെയ്യാൻ സന്നദ്ധതയും ആകാംക്ഷയും ഉണ്ട് എന്നുകൂടി ഈ വാക്കുകൾ നമുക്കുറപ്പു നൽകുന്നു. (സങ്കീർത്തനങ്ങൾ 145:16) ഉവ്വ്, യഹോവയുടെ ഇഷ്ടത്താൽ ആഗോള പറുദീസക്കായുള്ള പ്രത്യാശ അതിവേഗം സാക്ഷാത്ക്കരിക്കപ്പെടും.
പറുദീസ എത്തിപ്പിടിക്കൽ
ഭൂമിയിലെ ഒരു ഭാവി പറുദീസയുടെ ആശ്ചര്യകരമായ പ്രത്യാശയിൽ വിശ്വസിക്കുക നിങ്ങൾക്കു വിഷമായിരുന്നേക്കാം. അത് സത്യമായിരിക്കാൻ വഹിയാതവണ്ണം അത്ര നല്ലതായിപോലും നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ നമ്മുടെ സമാധാനത്തിനും സന്തുഷ്ടിക്കും വേണ്ടിയുള്ള സ്വാഭാവിക ആഗ്രഹം പറുദീസക്കായി പ്രത്യാശിക്ക എന്നത് അവാസ്തവികമല്ല എന്നു നമ്മോടു പറയുന്നു. ഈ കാര്യങ്ങൾക്കുവേണ്ടിയുള്ള ആഗ്രഹം നമ്മിൽ നിക്ഷേപിച്ച നമ്മുടെ സ്രഷ്ടാവ് ആ ആശ എങ്ങനെ യാഥാർത്ഥ്യമാകും എന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ലോക സംഭവങ്ങളും നിവൃത്തിക്കപ്പെട്ട ബൈബിൾ പ്രവചനങ്ങളും കാണിക്കുന്നത് മുഴുഭൂമിയിലും പറുദീസ പുനഃസ്ഥിതീകരിക്കുന്നതിനുള്ള ദൈവത്തിന്റെ സമയം വിദൂരത്തിലല്ല എന്നാണ്. അതുകൊണ്ട് നിങ്ങളുടെ സ്വന്തമാർഗ്ഗങ്ങൾ അവലംബിച്ച് ഒരു പറുദീസാ ജീവിതത്തിന്റെ നിഷ്ഫലമായ അനുധാവനത്തിന് സമയവും വിഭവങ്ങളും ചെലവിടുകയോ അല്ലെങ്കിൽ പറുദീസയിൽ ജീവിക്കുന്നത് കേവലം ഭാവനയിൽ കാണുകയോ ചെയ്യുന്നതിനുപകരം ഈ വിഷയം സംബന്ധിച്ച് ബൈബിളിനു പറയാനുള്ളതെന്താണെന്നു കാണാൻ സമയവും പ്രയത്നവും ചെലവിടുക.
പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ ഒരു യഥാർത്ഥ പറുദീസയിൽ ജീവിതം ആസ്വദിക്കാനുള്ള അടിസ്ഥാനം എന്താണെന്ന് യേശുക്രിസ്തു വെളിപ്പെടുത്തി: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും സംബന്ധിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാകുന്നു.” (യോഹന്നാൻ 17:3) ദൈവഹിതം സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുന്നതും അതിനനുസരിച്ച് ജീവിക്കുന്നതും ആണ് ഒരുവന്റെ പറുദീസ പ്രത്യാശ യാഥാർത്ഥ്യമാക്കിത്തീർക്കുന്നതിനുള്ള ഏകമാർഗ്ഗം. നിങ്ങൾ അതിനായി എത്തിപ്പിടിക്കുന്നുവോ? (g86 8/22)
[25-ാം പേജിലെ ചിത്രങ്ങൾ]
ചുറ്റുപാടുകൾ നശീകരണ സ്വാധീനത്താൽ വികലമാക്കപ്പെട്ട ഒരു പരദീസാ ദ്വീപ്