നിഗൂഢതയിലുള്ള ഹരം
അതിമാനുഷം, ദുർഗ്രഹം, ഭൂതാവിഷ്ടം—ഈ വാക്കുകൾ നിഗൂഢതയെ വർണ്ണിക്കാൻ അനേകർ ഉപയോഗിക്കുന്ന വാക്കുകളാണ്. ഈ പദത്തിന്റെ ശബ്ദാർത്ഥം “മറഞ്ഞിരിക്കുന്നത്,” “മൂടിമറച്ചിരിക്കുന്നത്,” “ഗോപനം ചെയ്തിരിക്കുന്നത്” എന്നാണ്. വെബ്സ്റ്റേഴ്സ് തേർഡ് ന്യൂ ഇൻറർനാഷനൽ ഡിക്ഷണറി നിഗൂഢതയെ നിർവ്വചിക്കുന്നത് “ദുർഗ്രഹമോ പ്രകൃതാതീതമോ ആയത്” എന്നാണ്.
അതുകൊണ്ട് നിഗൂഢവിദ്യയിൽ സാധാരണഗതിയിൽ വിശദീകരിക്കാനാവാത്ത അനുഭവങ്ങളും സംഭവങ്ങളും ഉൾപ്പെടുന്നു. നിഗൂഢതയെ വർണ്ണിക്കുമ്പോൾ കൂടെക്കൂടെ ഉപയോഗിക്കുന്ന മറ്റൊരു ഇംഗ്ലീഷ് പദമാണ് പാരാനോർമൽ എന്നത്. അത് “ശാസ്ത്രീയമായി അറിയപ്പെടുന്നതോ തിരിച്ചറിയാവുന്നതോ ആയ പ്രതിഭാസത്തിന്റെ പരിധിക്കതീതമായ” എന്നാണ് നിർവ്വചിക്കപ്പെടുന്നത്.
ഡോ. ജോസഫ് ബാങ്ക്സ് റൈൻ 1960-കളിൽ തുടങ്ങി നിഗൂഢതയുടെ മർമ്മങ്ങൾ സംബന്ധിച്ച പഠനങ്ങൾക്ക് മുൻകൈ എടുക്കുകയും “അതീന്ദ്രിയഗ്രഹണം” (ESP) എന്ന പദം അവതരിപ്പിക്കുകയും ചെയ്തു. “ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രബുദ്ധത ഇപ്പോഴും ദുർഗ്രഹത തങ്ങിനിൽക്കുന്ന ഇരുണ്ട മൂലകളിലേക്കു വ്യാപിക്കുമ്പോൾ” നിഗൂഢത മൺമറയും എന്ന് അദ്ദേഹം മുൻകൂട്ടിപ്പറഞ്ഞു. “ജ്യോതിഷത്തിന്റെ നിഗൂഢ നടപടികൾ ജ്യോതിശാസ്ത്രത്തിനു വഴിമാറിയതുപോലെയും നിഗൂഢതയുടെ രസവിദ്യ ശാസ്ത്രീയ രസതന്ത്രമായി മാറിയതുപോലെയും മാന്ത്രിക പ്രതിവിധികൾക്കു പകരം അവികലമായ ഔഷധം സ്ഥലം പിടിച്ചതുപോലെയും കാലക്രമത്തിൽ കൂടുതൽ വിശ്വസനീയമായ ഒരു അടിസ്ഥാനം ശേഷിക്കുന്ന നിഗൂഢപദ്ധതികളെ പുറന്തള്ളും” എന്ന് അദ്ദേഹം പറയുകയുണ്ടായി.
എന്നിരുന്നാലും, നിഗൂഢവിദ്യയുടെ വിപുലമായ പഠനങ്ങൾക്കു ശേഷവും മർമ്മങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുകയാണ്. ഹരം കുറയുന്നതിനുപകരം വളരുകയാണ്.
ഹരത്തിന്റെ കാരണങ്ങൾ
മിസ്സിസ് റോസ് മേരി ബ്രൗണിന്റെ സംഗതി എടുക്കുക. കുട്ടിക്കാലത്ത് അവൾക്ക് സംഗീത പരിശീലനമൊന്നും കിട്ടിയിരുന്നില്ല. അവൾക്ക് സംഗീതത്തിൽ പ്രത്യേക താൽപ്പര്യമില്ലായിരുന്നു. പിന്നീട്, പ്രായപൂർത്തിയായപ്പോൾ അവൾ സംഗീതലയ രേഖാനിരകൾ ഉല്പാദിപ്പിക്കാൻ തുടങ്ങി, തനിക്ക് അവ ബീഥോവൻ, ബ്രാംസ്, ഷൂബേർട്ട് എന്നിവർ പറഞ്ഞുകൊടുത്തതാണെന്ന് അവൾ അവകാശപ്പെട്ടു. അവളുടെ കേസിന്റെ പരിശോധനയെ വർണ്ണിച്ചുകൊണ്ട് ദ ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ, 1977, മാക്രോപ്പീഡിയാ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു:
“ഈ [മ്യൂസിക്കൽ സ്കോറുകൾ] പ്രമുഖവിദഗ്ദ്ധരെ കാണിച്ചപ്പോൾ അവ ഏതെങ്കിലും ഉപേക്ഷിക്കപ്പെട്ട തട്ടിൻ പുറത്തു കണ്ടെത്തപ്പെട്ടിരുന്നെങ്കിൽ അവ അസൽ എന്ന് പരിഗണിക്കപ്പെടുമായിരുന്നു എന്ന് അവർ സമ്മതിച്ചു. ഓരോന്നും കേവലം ന്യായമായ മിശ്രിതമായിരുന്നുവെന്നു മാത്രമല്ല, രചയിതാവിന്റെ വികാരവും വ്യക്തിത്വവുമായി അറിയപ്പെട്ടിരുന്നതിനെ യഥാതഥം വെളിപ്പെടുത്തുന്നതുമായിരുന്നു. പ്രത്യക്ഷത്തിൽ ഉന്നതപരിശീലനം സിദ്ധിച്ച സംഗീത വിദഗ്ദ്ധർക്കുപോലും അനായാസം ഇത്ര ഗുണമേൻമയുള്ള കൃതികൾ ഉല്പാദിപ്പിക്കാൻ കഴിയുമായിരുന്നില്ല. (കഴിയുമായിരുന്നെങ്കിൽത്തന്നെ) വളരെ തുച്ഛമായ സംഗീത പരിശീലനം ലഭിച്ച ഒരു സാധാരണക്കാരിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞത് അന്ധാളിപ്പിക്കുന്നതായിരുന്നു, വിശേഷിച്ച്, അവളെ ഒരിക്കലും സംഗീതരചന പഠിപ്പിച്ചിട്ടില്ലാഞ്ഞതുകൊണ്ട്.”
അനേകർക്കും അങ്ങനെയുള്ള അനുഭവങ്ങൾ ഹരമാണ്. അവ സാദ്ധ്യമായിരിക്കുന്നതെങ്ങനെ? ദ ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ഈ ജർമ്മൻ സംഗീതജ്ഞരുടെ പ്രേതങ്ങൾ ഈ സ്ത്രീക്ക് ഇംഗ്ലീഷിൽ തങ്ങളുടെ അടുത്ത കാലത്തെ രചനകൾ പറഞ്ഞുകൊടുക്കുന്നതിന് ക്യൂ നിൽക്കുന്നുവെന്ന ആശയം ആകർഷകമായിരിക്കുന്നില്ല.” എന്നിരുന്നാലും എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പ്രസ്താവിക്കുന്നു: “വസ്തുതകൾ അവിതർക്കിതമാണ്; വ്യക്തമായ വിശദീകരണം മുന്നോട്ടു വരുന്നില്ല. ആ നിലയിൽ ഈ കഥ മറ്റു പലതും പോലെയുള്ളതാണ്.”
ഇംഗ്ലണ്ട് സൗത്ത് ഹാംബർ സൈഡിലെ ഫ്ളിക്സ്ബറോയിൽ നിന്നുള്ള റിപ്പോർട്ടും പരിചിന്തിക്കുക. ഒരു രാസവസ്തുശാലയിൽ 1974 ജൂൺ 1-ാം തീയതി വൈകുന്നേരം 4:53-ന് ഒരു വമ്പിച്ച സ്ഫോടനം നടന്നു. ഏതാണ്ട് അഞ്ചു മണിക്കൂർ മുമ്പ് 25 മൈൽ (40 കി. മീ.) ദൂരെ താമസിക്കുന്ന ഒരു ചെറുപ്പക്കാരി സ്ത്രീ ഈ സ്ഫോടനവും ശാലയിലെ ജോലിക്കാരുടെ മരണവും പരുക്കും റിപ്പോർട്ടു ചെയ്യുന്ന ഒരു വാർത്ത റ്റെലിവിഷനിൽ കണ്ടതായി പറഞ്ഞു. അന്ന് ഉച്ചതിരിഞ്ഞ് 2 മണിക്കു മുമ്പ് അവളെ സന്ദർശിച്ച വേറെ രണ്ടുപേരോടും അവൾ അതിനെക്കുറിച്ചു പറഞ്ഞു. പിന്നീട് വൈകുന്നേരത്ത് റ്റീ. വി. ഈ സംഭവം റിപ്പോർട്ടു ചെയ്യുകയും സ്ഫോടനം സായാഹ്നത്തിലായിരുന്നുവെന്ന് അറിയിക്കുകയും ചെയ്തു. ആ പ്രദേശത്തെ സകല പ്രക്ഷേപണ കമ്പനികളും അങ്ങനെയുള്ള ഏതെങ്കിലും വാർത്ത പ്രക്ഷേപണം ചെയ്തതായി നിഷേധിച്ചു.
നിങ്ങളും മറ്റനേകരോടൊപ്പം ഇത്തരം അനുഭവങ്ങളിൽ ആകൃഷ്ടരാകുന്നുണ്ടോ?
ഇനി വളരെ നിർദ്ദോഷമായ നേരമ്പോക്കായി തോന്നിയേക്കാവുന്ന ഒരു “കളി” ഉണ്ട്. വീജാ ബോർഡ് എന്നു വിളിക്കപ്പെടുന്നത് ഉപയോഗിച്ചാണ് അത് കളിക്കുന്നത്. വ്യത്യസ്ത ഇനം ബോർഡുകളുണ്ടെങ്കിലും സാധാരണയായി അത് 24 ഇഞ്ചു നീളവും 18 ഇഞ്ചു വീതിയുമുള്ള (61×46 സെ. മീ) ഒരു ദീർഘചതുര ബോർഡാണ്. ഘനം കാൽ ഇഞ്ചാണ്. (0.6 സെ. മീ.) അതിൽ അക്ഷരമാലയിലെ അക്ഷരങ്ങളും 1 മുതൽ 9 വരെയും 0-ഉം ഉള്ള അക്കങ്ങളുടെ ഒരു നിരയും “ഉവ്വ്” എന്ന പദവും “ഇല്ല” എന്ന പദവും ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഒരു സന്ദേശം നൽകുന്നതിന് ഓരോ അക്ഷരത്തിലേക്കും ചൂണ്ടുന്ന ഹൃദയാകൃതിയുള്ള ഒരു സൂചകമാണ്.
കളിക്കാർ ബോർഡ് തങ്ങളുടെ മടിയിൽ വയ്ക്കുകയും തങ്ങളുടെ വിരലുകൾ പതുക്കെ ഹൃദയാകൃതിയിലുള്ള സൂചകത്തിൻമേൽ വെക്കുകയും ചെയ്യുന്നു. അനന്തരം അവർ ഒരു ചോദ്യം ചോദിക്കുകയും ഉത്തരത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. അത് യഥാർത്ഥത്തിൽ പ്രാവർത്തികമാകുന്നുവോ? അത് പ്രാവർത്തികമാകുന്നുവെന്നു പറയുന്നവർ അനേകരാണ്. “ചില സമയങ്ങളിൽ ഉത്തരങ്ങൾ അത്ഭുതകരമായി കൃത്യമാണ്” എന്ന് പംക്തികാരനായ ജോർജ്ജ് ആർ. പ്ലാജൻസ് എഴുതി. “വീജാബോർഡ് പിന്നീടു നടന്നിട്ടുള്ള സംഭവങ്ങളെ മുൻകൂട്ടിപ്പറഞ്ഞതായി പോലും അറിയപ്പെട്ടിരിക്കുന്നു.”
ഈ കളി ദശലക്ഷങ്ങൾക്ക് ഹരമാണ്. യഥാർത്ഥത്തിൽ, ഏതാനും വർഷം മുമ്പ് അത് ഐക്യനാടുകളിലെ ഏറ്റവും പ്രചാരമുള്ള കളി—മോണോപ്പൊളിയെക്കാൾ പ്രചാരമുള്ള കളി” എന്ന് വിളിക്കപ്പെട്ടു.
വർദ്ധിച്ചുവരുന്ന പ്രചാരം
“നിഗൂഢവും പ്രകൃത്യതീതവും അസാധാരണവുമായവ വലിയ ബിസിനസ്സാണെ”ന്ന് യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. “വായനക്കാരോടും ദീർഘദർശികളോടും സ്വപ്രഖ്യാപിതരായ മറ്റ് ദർശകരോടും ആലോചന ചോദിക്കുന്നതിന് എല്ലാ ജീവിതതുറകളിൽനിന്നുമുള്ളവർ വൻതുകകൾ കൊടുക്കുന്നു.”
അങ്ങനെയുള്ള ദർശകരിൽ, ഐക്യനാടുകളിലെ 600,000 വരുന്ന നിഗൂഢവിദ്യക്കാരായ ജ്യോതിഷക്കാരും ആത്മീയ മാദ്ധ്യമങ്ങളും ആത്മവിദ്യക്കാരും മറ്റുള്ളവരും ഉൾപ്പെടുന്നു. അവർ തങ്ങളുടെ ഉപദേശത്തിന് 3600 രൂപാ വരെ ഈടാക്കുന്നു. നിഗൂഢവിദ്യയെക്കുറിച്ചു പ്രതിപാദിക്കുന്ന മാസികകൾക്കും പുസ്തകങ്ങൾക്കും റ്റേപ്പുകൾക്കും ചലച്ചിത്രങ്ങൾക്കുംവേണ്ടി കോടിക്കണക്കിനു രൂപയും ചെലവഴിക്കപ്പെടുന്നുണ്ട്.
ബ്രിട്ടനിലെ അവസ്ഥയും സമാനമാണ്. നിഗൂഢാചാരങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന പുസ്തകങ്ങളും വസ്തുക്കളും തപാൽ ഓർഡറനുസരിച്ച് അയച്ചുകൊടുക്കുന്ന കടകൾക്ക് വമ്പിച്ച വ്യാപാരം അനുഭവപ്പെടുകയാണ്. റിപ്പോർട്ടനുസരിച്ച് ബ്രിട്ടനിലെ ഒരു പ്രമുഖ സപ്ലയർ “ഓരോ വാരത്തിലും ശതക്കണക്കിന് ഓർഡറുകൾ കൈകാര്യം ചെയ്യുന്നു,” അയാളുടെ പുസ്തകങ്ങൾക്ക് ക്രമായ ഏതാണ്ട് 20000 കക്ഷികളുണ്ട്.”
“ബ്രിട്ടനിൽ അഞ്ചുവർഷം മുമ്പ് 60,000 മന്ത്രവാദികളുണ്ടായിരുന്നുവെന്നു വിചാരിക്കപ്പെട്ടതായി” 1985 മാർച്ച് 6-ലെ ലണ്ടൻ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു,” “ഇന്ന് എണ്ണം 80,000 ആയി വർദ്ധിച്ചിരിക്കുന്നതായി ചില മന്ത്രവാദികൾ കണക്കാക്കുന്നു.”
തീർച്ചയായും, പാശ്ചാത്യലോകം വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ “നിഗൂഢതയുടെ വിപുലവ്യാപകമായ പുനരുജ്ജീവനം” എന്നു വിളിക്കുന്നത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
നിഗൂഢത അനേകർക്ക് ഹരമാണെങ്കിലും സൂക്ഷ്മപരിശോധന എന്തു വെളിപ്പെടുത്തുന്നു? അപകടങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവോ? ഉണ്ടെങ്കിൽ, അവ എന്തൊക്കെയാണ്? (g86 8/22)
[4-ാം പേജിലെ ചിത്രം]
നിഗൂഢ വസ്തുക്കൾ വില്പന നടത്തുന്നത് വളർന്നുവരുന്ന ഒരു ബിസിനസ്സാണ്