ചെറുപ്പക്കാർ ചോദിക്കുന്നു . . .
മുതിർന്നവർ എന്നെ മനസ്സിലാക്കാൻ എനിക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
“നിരവധി മാതാപിതാക്കളുടെ പഴയ സുജ്ഞാത ശത്രുവായിരുന്ന ‘തലമുറ വിടവ്’ ഇപ്പോൾ മാതാപിതാക്കളുടെയും കുട്ടികളുടെയും ഇടയിൽ യഥാർത്ഥ പ്രതിബന്ധമല്ല” എന്ന് അമേരിക്കൻ കുട്ടികളുടെ സ്വകാര്യ ജീവിതം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് അവകാശപ്പെടുന്നു. “തലമുറ വിടവ്” ഒരു പ്രതിബന്ധമല്ലെങ്കിൽ, അവർ പറയുന്നതനുസരിച്ച് എന്താണ് പ്രതിബന്ധമായിരിക്കുന്നത്? “സകല മാനുഷ ബന്ധങ്ങളിലെയും യഥാർത്ഥ പ്രശ്നം ഇതാണ്—മറ്റൊരാളിന്റെ വീക്ഷണം മനസ്സിലാക്കാൻ ശ്രമിക്കുന്നതിലും ശ്രദ്ധിക്കുന്നതിലും സംസാരിക്കുന്നതിലുമുള്ള പരാജയം.”
ഇൻജ് എന്നു പേരുള്ള ഒരു ജർമ്മൻ പെൺകുട്ടിയുടെയും അവളുടെ മാതാപിതാക്കളുടെയും പ്രശ്നം ഇതായിരുന്നു. “തുടക്കം മുതൽതന്നെ ഞാൻ എന്റെ മാതാപിതാക്കളെ അവഗണിക്കുകയും ഞങ്ങളുടെ ഇടയിൽ ഒരു പ്രതിബന്ധം പടുത്തുയർത്തുകയും ചെയ്തു” എന്ന് അവർ സമ്മതിക്കുന്നു. എന്നാൽ അവൾ ഇന്ന് വ്യത്യസ്തമായി നീങ്ങുന്നു. “അവർ എന്താണ് ചിന്തിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ ഞാൻ എന്നെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിക്കും” എന്ന് അവൾ പറയുന്നു. മനോഭാവത്തിലെ ഈ മാറ്റം എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ചെറുപ്പക്കാരെ നന്നായി മനസ്സിലാക്കാൻ മുതിർന്നവരെ സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ചെറുപ്പക്കാർ ആദ്യം തന്നെ മുതിർന്നവരെ മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണെന്ന് ഇൻജ് ഇപ്പോൾ തിരിച്ചറിയുന്നു. എന്നാൽ ഇതെങ്ങനെ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.
സംസാരിക്കുക!
സംഭാഷണം എന്നത് മനസ്സിലാക്കാനുള്ള താക്കോലാണ് എന്തുകൊണ്ടെന്നാൽ സംസാരമില്ലെങ്കിൽ മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാൻ സാദ്ധ്യമല്ല. അവർ ആ വിധത്തിൽ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാൻ സാദ്ധ്യമല്ലാത്തതിനാലും സംഭാഷണം പരമപ്രധാനമാണ്. എന്നാൽ സംഭാഷണമെന്നത് അങ്ങോട്ടുമിങ്ങോട്ടും വേണ്ട ഒന്നാണ്. “ചിലപ്പോൾ കുറവുള്ള ഏക സംഗതി അല്പം ഗ്രാഹ്യം മാത്രമാണ്” എന്ന ശീർഷകത്തോടു കൂടിയ ഒരു ജർമ്മൻ മാസികാലേഖനം പറയുന്നതനുസരിച്ച് “ചെറുപ്പക്കാർ തങ്ങളുടെ മാതാപിതാക്കളിൽ കൂടുതലായി വിശ്വാസമർപ്പിക്കണം.” അതേസമയം അത് “തങ്ങളുടെ കുട്ടികളെ നന്നായി മനസ്സിലാക്കാൻ” മാതാപിതാക്കളെ ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ മാതാപിതാക്കളിൽ വിശ്വാസമർപ്പിക്കുക എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം നിങ്ങളുടെ വിചാരങ്ങൾ ഹൃദയം തുറന്ന് അവരോട് പറയുക എന്നതാണ്. നിങ്ങൾ ചിന്തിക്കുന്നതോ നിങ്ങൾക്ക് തോന്നുന്നതോ ആയ കാര്യങ്ങളെ സംബന്ധിച്ച് നിങ്ങൾക്ക് കൃത്യതയുണ്ടായിരിക്കണം. പക്ഷേ പരുക്കനോ നയമില്ലാത്തവനോ ആയിരിക്കരുത്. വെല്ലുവിളിക്കുന്ന രീതിയിലായിരിക്കാതെ, യഥാർത്ഥ താല്പര്യത്തോടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നിങ്ങൾക്ക് അവരുടെ അന്ത:രംഗങ്ങൾ അറിയാൻ കഴിയും. ഉദാഹരണത്തിന്, മാതാപിതാക്കളോടോ മറ്റ് മുതിർന്നവരോടോ നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിലോ ജീവിതത്തിൽ പ്രയോജനകരമായ ലാക്കുകൾ വെക്കുന്നതിലോ നിങ്ങളെ സഹായിക്കാനുള്ള നിർദ്ദേശങ്ങൾക്കായി ആശയവിനിയമം നടത്തുന്നതിനെക്കുറിച്ച് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? “ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളങ്ങൾ പോലെയാകുന്നു, എന്നാൽ വിവേചനയുള്ള മനുഷ്യനാണ് അത് കോരിയെടുക്കുന്നത്” എന്ന് സദൃശവാക്യങ്ങൾ 20:5 പറയുന്നു. മറ്റുള്ളവരിൽനിന്ന് നിങ്ങൾക്ക് പഠിക്കാൻ കഴിയുന്നതിനെക്കുറിച്ച് നിങ്ങൾ അതിശയിച്ചേക്കാം—അതെ, പ്രായം ചെന്നവരിൽനിന്നുപോലും. എന്നാൽ ആദ്യംതന്നെ നിങ്ങൾ സംസാരിക്കണം.
ആമിയുടെ അനുഭവം വിവരിക്കാം. അവൾ പറയുന്നു: “എനിക്ക് 15 വയസ്സുണ്ടായിരുന്നപ്പോൾ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് എന്റെ അമ്മയോട് പറഞ്ഞത് ഞാൻ ഒരിക്കലും മറക്കുകയില്ല. അതു അവളെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കണം. കാരണം അവൾ വലിയ ഒരു ദൈവഭക്തയാണ്. എന്നാൽ എന്നെ കുറ്റപ്പെടുത്തുന്നതിനുപകരം എന്തുകൊണ്ടാണ് ദൈവത്തിൽ വിശ്വസിക്കാത്തതെന്ന് അവൾ എന്നോട് ചോദിച്ചു. അത് സംബന്ധിച്ച് ഞങ്ങൾ ഏതാണ്ട് ഒരു മണിക്കൂർ സംസാരിച്ചു.” ആമി ഇപ്പോഴും ഒരു ക്രിസ്ത്യാനി അല്ലെങ്കിലും അവൾ ഇപ്പോൾ ഇപ്രകാരം സമ്മതിച്ചു പറയുന്നു:” ആ സമയം മുതൽ ഞാൻ എന്റെ വീക്ഷണത്തിൽ അല്പം മാറ്റം വരുത്തിയിരിക്കയാണ്. എന്നാൽ അവൾ പെട്ടെന്ന് ക്ഷോഭിക്കാഞ്ഞതിലും പ്രശ്നം സങ്കീർണ്ണമാക്കാഞ്ഞതിലും ഞാൻ അവളെ യഥാർത്ഥമായി അഭിനന്ദിച്ചു. ഒരുപക്ഷേ ഞാൻ ഒരിക്കൽ തിരിഞ്ഞുവരുമെന്ന് അവൾ മനസ്സിലാക്കിയിരുന്നിരിക്കണം.”
‘എന്റെ മാതാപിതാക്കൾ അത്തരം ഗ്രാഹ്യം പ്രകടമാക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു, എനിക്ക് യാതൊരു പ്രശ്നവും ഉണ്ടാകയില്ലായിരുന്നു’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ പ്രായം ചെന്നവർക്കും അവരുടേതായ പരിമിതികളുണ്ടെന്ന് ഓർക്കുക. അസ്വസ്ഥനായ ഒരു പിതാവായിരിക്കുന്ന ലാറി നിഷ്ക്കപടമായി സമ്മതിച്ചു പറഞ്ഞു: “എന്റെ കുട്ടികളോട് സ്നേഹവും ഗ്രാഹ്യവും പ്രകടമാക്കണമെന്ന് എനിക്കറിയാം. എന്നാൽ അത് പ്രകടമാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതായി ഞാൻ കണ്ടെത്തുന്നു. കാരണം ഞാൻ എന്റെ കുട്ടിക്കാലത്ത് അത് ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ല. ഇതിൽ എങ്ങനെ പുരോഗമിക്കാമെന്ന് എനിക്കറിയില്ല.”
നിങ്ങളുടെ കുടുംബത്തിൽ ഇത് സത്യമാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കൾക്കുവേണ്ടി കാര്യങ്ങൾ സരളമാക്കാൻ ശ്രമിക്കുക. നിങ്ങൾത്തന്നെ മുൻകൈ എടുക്കുക. അവരോട് സ്നേഹവും ഗ്രാഹ്യവും പ്രകടമാക്കുക. മിക്കവരുടെയും സംഗതിയിൽ അവർ പെട്ടെന്നുതന്നെ അല്ലെങ്കിൽ അല്പം കഴിഞ്ഞ് കൂടുതൽ സ്നേഹവും ഗ്രാഹ്യവും പ്രകടിപ്പിച്ചുതുടങ്ങും കാരണം സ്നേഹം അന്യോന്യം പകരാവുന്ന ഒന്നാണ് . ബൈബിൾ ദൈവത്തെക്കുറിച്ച് പറയുന്നു: “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു.”—1 യോഹന്നാൻ 4:19.
ഇത് സത്യമാണെന്ന് 17 വയസ്സുള്ള കാരൻ മനസ്സിലാക്കി. അവൾ പറയുന്നു: “മിക്ക കുട്ടികളും തങ്ങളുടെ മാതാപിതാക്കൾക്ക് സന്തോഷപ്രദമായ സമയം പ്രദാനം ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാതാവോ ഒരു പിതാവോ ആയിരിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. അതുകൊണ്ട് ചിലപ്പോൾ നാം അവരെ സഹായിക്കേണ്ടതുണ്ട്.” ഇതിന്റെയർത്ഥം നാം സംഭാഷണം നടത്താൻ ശ്രമിക്കണം എന്നാണ്. അത് എല്ലായ്പ്പോഴും അത്ര എളുപ്പമുള്ള സംഗതിയല്ല. “അത് എന്റെ ഭാഗത്ത് ക്ഷമ ആവശ്യമാക്കിത്തീർത്തു” എന്ന് അവൾ സമ്മതിക്കുന്നു. എന്നാൽ അവൾക്ക് അതിന്റെ പ്രതിഫലം ലഭിച്ചു. അത് നിങ്ങൾക്കും പ്രതിഫലം നൽകും.
ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുക
സംസാരം പ്രധാനമാണ്. എന്നാൽ ശ്രദ്ധിക്കൽ അതിലും പ്രധാനമാണ്. “കേൾവിക്ക് വേഗതയും സംസാരത്തിന് താമസവും” ഉള്ളവരായിരിക്കാൻ ക്രിസ്തീയ ശിഷ്യനായ യാക്കോബ് ഓരോരുത്തരെയും ബുദ്ധിയുപദേശിക്കുന്നു. (യാക്കോബ് 1:19) വാസ്തവത്തിൽ “കേൾവി” വെറുതെ വാക്കുകൾ കേൾക്കുന്നതിലധികം അർത്ഥമാക്കുന്നു; അത് വിചാരങ്ങൾ മനസ്സിലാക്കുന്നത് അർത്ഥമാക്കുന്നു.
അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പ്രായം ചെന്നവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അപ്രകാരം ചെയ്യുക. വാദപ്രതിവാദത്തിന്റെ ലക്ഷ്യത്തിലായിരിക്കരുത് മറിച്ച് ശ്രദ്ധിക്കുന്നതിനും പഠിക്കുന്നതിനും ആയിരിക്കണം. ആശയങ്ങൾ വിരുദ്ധമാകുമ്പോൾ എന്തുകൊണ്ടെന്ന് നിങ്ങളോടുതന്നെ ചോദിക്കുക. ‘ഞാൻ സംസാരിക്കുന്ന ആളിന് എനിക്കില്ലാത്ത അനുഭവപരിചയമില്ലേ? എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ അദ്ദേഹത്തിന് അറിവുണ്ടോ? അങ്ങനെയെങ്കിൽ എന്ത്? അദ്ദേഹത്തിന്റെ പരിത:സ്ഥിതിയും വിദ്യാഭ്യാസവും പശ്ചാത്തലവും എന്റേതിൽനിന്ന് വ്യത്യസ്തമാണോ? ഏത് വിധങ്ങളിൽ? ഇത് മറ്റുള്ളവരിൽനിന്ന് പഠിക്കാൻ കൂടുതൽ സ്വീകാരക്ഷമരായിരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
എന്തായിരുന്നാലും ജീവിതം അതായിരിക്കണം—തുടർച്ചയായ പഠനപ്രക്രിയ. ഇതിൽ ഒരുവന്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും തുടർച്ചയായി ശരിപ്പെടുത്തുന്നത് ഒരു തുറന്ന മനസ്സ് നിലനിർത്തുന്നതും ഉൾപ്പെടുന്നു. നിങ്ങൾ നിങ്ങളുടെ 20-കളിലാണെങ്കിൽ ഇത് സത്യമാണെന്ന് നിങ്ങൾക്കറിയാം. കൂടാതെ, നിങ്ങൾ ഒരു കൗമാരപ്രായക്കാരനായിരുന്നപ്പോൾ നിങ്ങൾക്കുണ്ടായിരുന്ന ചില വീക്ഷണങ്ങൾക്ക് ഇപ്പോൾ ഒരളവുവരെ മാറ്റം വന്നിട്ടുണ്ടെന്ന് നിങ്ങൾ തീർച്ചയായും സമ്മതിക്കും. മാറ്റം വരുത്താത്ത വ്യക്തി ഒരുപക്ഷേ ഇപ്പോൾത്തന്നെ “ചത്ത”വനാണെന്ന് പറയപ്പെട്ടിരിക്കുന്നു. പക്ഷേ അത് ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നു മാത്രം. അതുകൊണ്ട് നിങ്ങളുടെ സമയത്തിനുമുമ്പേ “മരിക്ക”രുത്.
മെച്ചപ്പെടുക!
ഏകദേശം 2000 വർഷങ്ങൾക്കുമുമ്പ് ഒരു പ്രായമേറിയ പുരുഷൻ ഒരു യുവ സുഹൃത്തിനെ “സംസാരത്തിലും നടത്തയിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും . . . ഒരു മാതൃകയായിരി”ക്കാൻ ബുദ്ധിയുപദേശിച്ചു. ഈ പ്രായമേറിയവൻ ക്രിസ്തീയ അപ്പോസ്തലനായ പൗലോസായിരുന്നു. അവൻ തിമൊഥെയോസിന്റെ ക്ഷേമത്തിൽ തല്പരനായിരുന്നു. തിമൊഥെയോസ് നല്ല ഒരു മാതൃക വെച്ചതിനാലും “യൗവനമോഹങ്ങൾ” വിട്ടോടിയതിനാലും മറ്റുള്ളവർക്ക് അവനെ എളുപ്പം മനസ്സിലാക്കുന്നതിനും അംഗീകരിക്കുന്നതിനും കഴിഞ്ഞു.—1 തിമൊഥെയോസ് 4:12; 2 തിമൊഥെയോസ് 2:22.
പ്രായം കുറഞ്ഞവരും കൂടിയവരുമായ നമുക്കെല്ലാവർക്കും ഇതിൽനിന്ന് പഠിക്കാൻ കഴിയും. മറ്റുള്ളവർ നമ്മെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, “ഞാൻ ആയിരിക്കുന്നതുപോലെ തന്നെ നിങ്ങൾ എന്നെ മനസ്സിലാക്കിയിരിക്കണം” എന്ന് നാം നിർബ്ബന്ധം പിടിക്കുകയില്ല. നാം നമ്മുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താൻ മനസ്സുള്ളവരായിരിക്കണം. അങ്ങനെയാണെങ്കിൽ ആളുകൾ നമ്മെ അംഗീകരിക്കാൻ ആഗ്രഹിക്കും.
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും മണ്ഡലങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ—നിങ്ങളുടെ വസ്ത്രധാരണത്തിലോ ചമയത്തിലോ കൂട്ടുകാരെയും വിനോദത്തെയും തെരഞ്ഞെടുക്കുന്നതിലോ—കുറഞ്ഞപക്ഷം നിങ്ങളെക്കാൾ അനുഭവപരിചയമുള്ളവരുടെയോ മുതിർന്നവരുടെയോ നിർദ്ദേശങ്ങൾ ആത്മാർത്ഥമായി പരിഗണിക്കാൻ മനസ്സുണ്ടായിരിക്കുക. ഇത് “പരുഷപ്രകൃതം ഇല്ലാതാക്കാൻ” നിങ്ങളെ സഹായിക്കും. അത് മുതിർന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളെ സ്നേഹിക്കുന്നതും അഭിനന്ദിക്കുന്നതും എളുപ്പമാക്കിത്തീർക്കും.
യഥാർത്ഥ ഗ്രാഹ്യം കണ്ടെത്തുക
വാസ്തവത്തിൽ കരുതലുള്ള മുതിർന്നവർ ഉണ്ടെന്ന് ഉറപ്പുള്ളവരായിരിക്കുക. ഫെഡറൽ റിപ്പബ്ളിക്ക് ഓഫ് ജർമ്മനിയിൽ നിന്നുള്ള ഒരു യുവാവായിരിക്കുന്ന റോബർട്ടിനോട് ചോദിക്കുക. അവൻ കൗമാരപ്രായത്തിലായിരുന്നപ്പോൾ വാച്ച്റ്റവർ സൊസൈറ്റിക്ക് എഴുതിയ ഒരു കത്തിൽ ഇപ്രകാരം പറഞ്ഞു: “ഞാൻ വളർന്നു വന്നപ്പോൾ എന്റെ എല്ലാ പ്രവർത്തനങ്ങളിലും എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്റെ ഗൃഹപാഠം ചെയ്തുതീർക്കാൻ ധാരാളം സമയം വേണ്ടിയിരുന്നു. എനിക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. എനിക്ക് സുഹൃത്തുക്കൾ ആരും ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കളിൽ എനിക്ക് യാതൊരു വിശ്വാസവും ഉണ്ടായിരുന്നില്ല. ഞാൻ അനുസരണമില്ലാത്തവനും അച്ചടക്കമില്ലാത്തവനുമായിരുന്നു. ഒരിക്കൽ ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അതിനുശേഷം ഞാൻ യഹോവയുടെ സാക്ഷികളുമായി പരിചയത്തിലായി. എന്തോരനുഗ്രഹം! ഞാൻ എന്നിലും മറ്റുള്ളവരിലും ആത്മാർത്ഥമായ ഒരു വീക്ഷണം കൈക്കൊള്ളാൻ പഠിച്ചു. ഞാൻ ഏറ്റവും മനോഹരമായ സംഗതി കണ്ടെത്തി—സ്നേഹം.”
ഗ്രാഹ്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള നിങ്ങളുടെ അന്വേഷണത്തിൽ നിങ്ങൾ നിരാശ അനുഭവിച്ചേക്കാം. എന്നാൽ ഉപേക്ഷിക്കരുത്. അന്വേഷണം തുടർന്നു കൊണ്ടേയിരിക്കുക. നിങ്ങൾ യഥാർത്ഥ കൂട്ടുകാരെ, പ്രായമേറിയവരുടെ ഇടയിൽ പോലും, പ്രത്യേകിച്ച് ക്രിസ്തീയ സഭയിൽ നിങ്ങൾ കണ്ടെത്തുകതന്നെ ചെയ്യും. നിങ്ങൾ അവരെ മറഞ്ഞുകിടന്ന നിധികളായി—ആദ്യം അവ അദൃശമായിരുന്നെങ്കിലും അവ ഒരിക്കൽ കണ്ടെത്തിയാൽ എന്നെത്തേതിലും കൂടുതൽ ശോഭിക്കുന്നവയായി—കണ്ടെത്തുകതന്നെ ചെയ്യും.
റോബർട്ട് കണ്ടെത്തിയതുപോലെ യഹോവയാം ദൈവത്തെക്കുറിച്ച് പഠിക്കുന്നതും അവനുമായ ഒരു അടുത്ത ബന്ധം നിലനിർത്താൻ ശ്രമിക്കുന്നതും നിങ്ങളുടെ യഥാർത്ഥ പ്രയോജനത്തിനുതകും. മനുഷ്യർ നിങ്ങളെ തെറ്റിദ്ധരിക്കുമ്പോൾ, നിങ്ങൾക്ക് പ്രാർത്ഥനയിൽ “നിങ്ങളുടെ ഭാരം യഹോവയിലേക്ക് എറിയാൻ” തോന്നും. അവൻ എല്ലായ്പ്പോഴും നമ്മെ മനസ്സിലാക്കുന്ന ഒരു യഥാർത്ഥ സുഹൃത്താണ്. അവൻ നിങ്ങൾക്കറിയാവുന്ന മറ്റു ചിലരെപ്പോലെയല്ല. നിങ്ങളുടെ പ്രശ്നങ്ങൾ എത്രമാത്രം നിസ്സാരമായി തോന്നിയാലും അവ ഒരിക്കലും ശ്രദ്ധിക്കാതിരിക്കാൻ തക്കവണ്ണം അവൻ വളരെ തിരക്കുള്ളവനല്ല. അവൻ നിങ്ങൾക്ക് ഒരിക്കലും ഭാഗികമായ ശ്രദ്ധ നൽകുകയില്ല. അവൻ സുദീർഘമായ ഒരു പ്രസംഗത്തിലൂടെ നിങ്ങളെ ഒരിക്കലും തടസ്സപ്പെടുത്തുകയില്ല. പരമപ്രധാനമായി അവൻ പ്രതികരിക്കും. അവന്റെ ആശ്വാസപ്രദമായ വാഗ്ദാനം “അവൻതന്നെ നിന്നെ പോറ്റിപുലർത്തും” എന്നാണ്.—സങ്കീർത്തനം 55:22. (g86 7/22)
[11, 12 പേജുകളിലെ ചിത്രങ്ങൾ]
സംസാരിക്കാൻ മനസ്സുള്ളവരായിരിക്കുക . . . ശ്രദ്ധിക്കാൻ തിടുക്കമുള്ളവരും