കൊലയാളിയായ ഭൂകമ്പത്താൽ സംഭ്രമിപ്പിക്കപ്പെട്ടു!
മെക്സിക്കോയിൽ നിന്ന് ദൃക്സാക്ഷി റിപ്പോർട്ട് ചെയ്യുന്നു
“കെട്ടിടം കുലുങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ അതിന്റെ പത്താം നിലയിൽ ജോലി ചെയ്തുകൊണ്ടിരിക്കയായിരുന്നു. ഞാൻ കതകിൽ ചാരാൻ തുടങ്ങിയപ്പോൾ അതു പെട്ടെന്ന് ഇളകി പറിഞ്ഞ് എന്റെ മേൽ വീണു. ഞാൻ അതിനിടയിൽ നിന്ന് ഇഴഞ്ഞിറങ്ങാൻ ശ്രമിക്കവെ എന്റെ കുട്ടികൾ കല്ലുകൾക്കിടയിൽ ചിതറിക്കിടക്കുന്നതു ഞാൻ കണ്ടു. എന്റെ ഏറ്റം മൂത്ത പുത്രനായ ജോസ് രക്തത്തിൽ കുളിച്ചു കിടന്നിരുന്നു. എന്റെ കുടുംബം മരിച്ചുവെന്ന് ഞാൻ ഉറച്ചിരുന്നു!”—ജോസ് മെലെൻ ഡെസ്, സീനിയർ.
അത് 1985 സെപ്റ്റംബർ 19 രാവിലെ 7:19 നായിരുന്നു. റെക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തിയ, ഈ നൂറ്റാണ്ടിലെ വലിയ ഭൂകമ്പങ്ങളിലൊന്നിനാൽ മെക്സിക്കോ നഗരത്തിലെ 1,80,00,000 വരുന്ന ജനസംഖ്യയെ പ്രകമ്പനം കൊള്ളിച്ചു.
അനേകർക്ക് സമയം അനുകൂലമായിരുന്നു ഒരു മണിക്കൂർ കഴിഞ്ഞ് സ്കൂളുകളും ബിസിനസ്സ് സ്ഥലങ്ങളും ആളുകളെക്കൊണ്ട് നിറയുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ആ കെട്ടിടങ്ങളെല്ലാം ഭയാനകമായ ശവസംസ്കാര സ്ഥാനങ്ങളായിത്തീരുമായിരുന്നു. മെക്സിക്കോ നഗരത്തിൽ തകർന്നടിഞ്ഞ 700-ൽ പരം കെട്ടിടങ്ങളിൽ കുറഞ്ഞത് 100 എണ്ണം സ്കൂളുകളായിരുന്നു!
ഹെലിക്കോപ്റ്ററിൽനിന്ന് ശൂന്യശിഷ്ടങ്ങൾ വീക്ഷിച്ച യു. എസ്സ്. അമ്പാസിഡർ ജോൺഗാവിൻ ഇപ്രകാരം പറഞ്ഞു: “കെട്ടിടങ്ങളിൽ കൂടെ ഒരു ഭീകര കാൽപാദം നടന്നുപോയതുപോലെ തോന്നി,” അവക്കുള്ളിൽ ചത്തും ജീവിച്ചും കുരുക്കപ്പെട്ടവർ ആയിരങ്ങൾ ഉണ്ടായിരുന്നു! മെക്സിക്കൻ ദിനപ്പത്രമായ ഏൽ യൂണിവേഴ്സൽ അനുസരിച്ച് ആദ്യത്തെ 15 ദിവസത്തെ തെരച്ചിലിൽ 8000 ശരീരങ്ങളിലധികം കണ്ടെടുത്തു. എന്നാൽ മൊത്തം മരിച്ചവരുടെ സംഖ്യ 35,000ത്തോളമായിരിക്കുമെന്ന് കണക്കാക്കി.
അതിജീവിച്ച 40,000-ൽപരം ആളുകളെ ആശുപത്രികളിലും സഹായ കേന്ദ്രങ്ങളിലും ശുശ്രൂഷിച്ചു. ശവശരീരങ്ങൾ തിരിച്ചറിയുന്നതിന് നീണ്ട നിരകളിൽ ആളുകൾ കാത്തു നിന്നു. ഇരകളായവരുടെ പേരുകൾ ടെലിവിഷനിലും റേഡിയോയിലും വായിക്കയും പത്രങ്ങളിൽ പരസ്യം ചെയ്യുകയും ചെയ്തു. പുരഷൻമാരും സ്ത്രീകളും കുട്ടികളും തെരുവിൽ നിസ്സഹായരായി അലഞ്ഞുനടന്നു—അവർക്ക് പോകാൻ ഒരിടവുമില്ലായിരുന്നു. കുറഞ്ഞത് 4,00,000 ആളുകൾ ഏതെങ്കിലും രീതിയിൽ ബാധിക്കപ്പെട്ടിരുന്നു.
നിർണ്ണായക അതിജീവനങ്ങൾ
ഭൂകമ്പം ആഞ്ഞടിച്ചപ്പോൾ ജോസ് മെലെൻ ഡ്രെസ്സെയുടെ ഭാര്യ അയാൾ ജോലി ചെയ്തുകൊണ്ടിരുന്നതിന്റെ മുകളിലത്തെ നിലയിൽ (11-ാം നില) ഉള്ള തങ്ങളുടെ അപ്പാർട്ടുമെൻറിലായിരുന്നു. അവൾ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഞാൻ എന്റെ ആറുവയസ്സുള്ള മകൾ എലിസബെത്തിനെ സ്കൂളിൽ വിടാൻ ഒരുക്കിക്കൊണ്ടിരിക്കയായിരുന്നു. പെട്ടെന്ന് കെട്ടിടം കടകടാ ശബ്ദം വെക്കാൻ തുടങ്ങി. എന്റെ മകൻ ജോസിനും അവന്റെ ഭാര്യക്കും മുന്നറിയിപ്പു നൽകുന്നതിനും അതേ സമയം ലൂർഡിസ്, കാർമെലാ എന്നീ രണ്ടു പെൺമക്കളെ വിളിച്ചുകൊണ്ടും ഞാൻ ഓടി. അവർ എലിസബെത്തിനെ മേൽക്കൂരയുടെ അറ്റത്തേക്ക് എടുത്തു കൊണ്ടുപോയി, കെട്ടിടം തകർന്നു വീണപ്പോൾ ഞാൻ ഗോവണിപ്പിടിയിൽ പിടിച്ചിരുന്നു. ഭൂകമ്പം ശമിച്ചപ്പോൾ 11-ാം നില നാലാം നിലയുടെ മേൽ ആയിരുന്നു!
“ഞങ്ങൾ നിസ്സഹായരായി നോക്കിക്കൊണ്ടിരിക്കെ ജോസിന്റെയും ഭാര്യയുടെയും താഴെയുള്ള നില തകരുകയും അവരെ അകലെ തകർന്നടിഞ്ഞ വസ്തുക്കളിലേക്ക് എറിയുകയും ചെയ്തു. അവർ മരിച്ചു എന്നു ഞങ്ങൾ നിശ്ചയിച്ചു, പ്രത്യേകിച്ചും ആറാം നിലയിൽ ഒരു ബോയ്ലറും ഒരു ഗ്യാസ് ടാങ്കും തുടർച്ചയായി പൊട്ടിയ ശബ്ദം കേട്ടുകഴിഞ്ഞപ്പോൾ. 1500 കിലോഗ്രാം തൂക്കമുണ്ടായിരുന്നു ഗ്യാസ് ടാങ്ക് എന്റെ മകന്റെ ദേഹത്ത് മുട്ടി. എന്നിരുന്നാലും അത്ഭുതകരമെന്നു പറയട്ടെ അവർ അപ്പോഴും ജീവിച്ചിരിക്കുന്നുണ്ടായിരുന്നു!”
ജോസ് ജൂണിയറിന് ഗുരുതരമായ പരുക്ക് ഏറ്റെങ്കിലും അത്ഭുതകരമായി മെലെൻ ഡ്രെസ് കുടുംബം മുഴുവനും അതിജീവിച്ചു. “ഞങ്ങൾക്ക് അത് വളരെ വേദനാജനകമായ ഒരു അനുഭവമായിരുന്നു, എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളിൽനിന്നു ലഭിച്ച സ്നേഹപൂർവ്വകമായ എല്ലാ സഹായത്തിനും ഞങ്ങൾ യഹോവയാം ദൈവത്തിനു നന്ദി നൽകുന്നു” എന്ന് ജോസ് സീനിയർ വിശദീകരിക്കുന്നു.
ഗ്രിഗോരിയോ മോൺട്രിസും കുടുംബവും ഒരു എട്ടു നില കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു താമസിച്ചിരുന്നത്. അയാൾ ഇങ്ങനെ വിശദീകരിക്കുന്നു: “എന്റെ ഭാര്യ മേരി ഞങ്ങളുടെ പുത്രി ലൂപ്പിറ്റായെ സ്കൂളിൽ വിടാൻ വേണ്ടി നേരത്തെ എഴുന്നേൽക്കുക പതിവായിരുന്നു. അവർ രാവിലെ 7:15-ന്, ഭൂകമ്പത്തിന് കേവലം മിനിട്ടുകൾ മാത്രം മുമ്പ് ആ കെട്ടിടം വിട്ടുപോയിരുന്നു. കെട്ടിടം കുലുങ്ങിയപ്പോൾ ഞാനും അഞ്ചും ആറും വയസ്സു വീതം പ്രായമുള്ള പുത്രിമാരും ഭയപ്പെട്ട് എഴുന്നേറ്റു. എല്ലാം ചലിക്കുകയായിരുന്നു! എന്നാൽ ഞാൻ യഹോവയോട് പ്രാർത്ഥിക്കാൻ ആരംഭിച്ചപ്പോൾ പെട്ടെന്ന് ഞങ്ങൾക്ക് ഒരു ശാന്തത അനുഭവപ്പെട്ടതായി തോന്നി.
“അപ്പോൾ തന്നെ, മുഴു ജനലുകളും പൊട്ടുന്നതിനും വെളിയിൽ ചിതറുന്നതിനും തുടങ്ങി! ഭിത്തികൾ വീഴാൻ തുടങ്ങി. അപ്പോൾ ഭയവിഹ്വലരായ സ്ത്രീകളും കുട്ടികളും കരയുന്നതും ഞാൻ കേട്ടു. ശാന്തരായി കട്ടിലിൽ ഇരുന്നിരുന്ന എന്റെ രണ്ടു ചെറു പുത്രിമാരോടും കൂടെ ഞാൻ മുട്ടിൻമേൽ നിന്നുകൊണ്ട് യഹോവയോട് പ്രാർത്ഥിക്കുന്നതിൽ തുടർന്നു.
“പെട്ടെന്നുതന്നെ—കരച്ചിലുകൾക്കും കെട്ടിടത്തിന്റെ ഇളക്കത്തിനും പൊടിയുടെ പറക്കലിനും ഇടയിൽ—കെട്ടിടം തകർന്നു വീണു! അത് ഞങ്ങൾ ഒരു എലിവേറ്ററിൽ കൂടെ താഴോട്ടു പോകുന്നത് പോലെയായിരുന്നു! ആ സമയം എന്റെ ഒരു മകൾ ശാന്തമായി, ‘അപ്പാ അർമ്മഗെദ്ദോൻ വന്നു’ എന്ന് എന്നോടു പറഞ്ഞപ്പോൾ അത് ഇതുവരെയും ആയിട്ടില്ല എന്ന് ഞാൻ ഉറപ്പുനൽകി.
“നിശബ്ദതയുടെ ഒരു നിമിഷം കഴിഞ്ഞു—മുഴുവൻ അന്ധകാരവും പൊടി നിറഞ്ഞതുമായിരുന്നു. ഞങ്ങളുടെ അപ്പാർട്ടുമെൻറിന്റെ സീലിംഗും തറയും തമ്മിലുള്ള വിടവ് ഏകദേശം 50 സെൻറീമീറ്ററായി കുറഞ്ഞിരുന്നു! അവശിഷ്ടങ്ങൾക്കിടയിലകപെട്ട എന്റെ പുത്രിമാരെ കല്ലുകളുടെയും ചില്ലുകളുടെയും ഇടയിൽ എനിക്കു കാണാൻ കഴിഞ്ഞിരുന്നു. എന്നിട്ടും അവർക്കു പരിക്കു പറ്റിയിരുന്നില്ല—ഒരു പോറൽ പോലും ഏറ്റിരുന്നില്ല!
“എന്റെ ഭാര്യ മേരിയും ലൂപ്പിറ്റായും തെരുവിൽ തങ്ങൾ നിന്നിരുന്നിടത്തു നിന്ന് ഈ കെട്ടിടം വീഴുന്നത് കണ്ടു. ഞങ്ങൾ മരിച്ചു എന്ന് അവർ തീർച്ചപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ആ അപ്പാർട്ടുമെൻറ് കോപ്ലക്സിൽ താമസിച്ചിരുന്ന 32 കുടുംബങ്ങളിൽ അതിജീവിച്ച ചുരുക്കം പേരിൽ ഞങ്ങൾ ഉൾപ്പെട്ടിരുന്നു!”
പതിനാറു വയസ്സുണ്ടായിരുന്ന ജൂഡിത്ത് റമിനേസ് ഭൂകമ്പം ഉണ്ടായപ്പോൾ സ്കൂളിൽ എത്തി കഴിഞ്ഞിരുന്നു. അവൾ ഇങ്ങനെ പറഞ്ഞു: “അദ്ധ്യാപിക ക്ലാസ്സിൽ കേട്ടെഴുത്തു തുടങ്ങിയിരുന്നു. അപ്പോൾ പെട്ടെന്നു തന്നെ മഹാസമുദ്രത്തിൽ ഒരു കപ്പലിലാണെന്നു തോന്നുമാറ് കെട്ടിടം ആടുന്നതായി എനിക്കനുഭവപ്പെട്ടു. കൊടും ഭീതിയിലാകയും ചെയ്തു. കുട്ടികൾ ജനലുകളും കതകുകളും തകർത്ത് വെളിയിൽ ചാടാൻ പരിശ്രമിച്ചു.
“മൂന്നാം നിലയിലെ ഒരു ജനലിലൂടെ, 500 വിദ്യാർത്ഥികളെയും സ്കൂൾ ജോലിക്കാരെയും അകത്താക്കിക്കൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ പകുതിഭാഗം തകർന്നു വീഴുന്നത് എനിക്കു കാണാൻ കഴിഞ്ഞു! കെട്ടിടത്തിന്റെ ഞങ്ങളുടെ ഭാഗവും പൊളിയുമെന്ന് ഞാൻ ഭയപ്പെട്ടു. ഗോവണിപ്പടികൾ അപ്രത്യക്ഷമായിരുന്നതിനാൽ ഞങ്ങൾക്കുവേണ്ടി ഉണ്ടാക്കിയിരുന്ന ഒരു തുരംഗത്തിൽ കൂടി ഞാൻ സ്കൂളിനു വെളിയിലേക്കു പോയി. ഒടുവിൽ തകർച്ചയിൽ നിന്ന് ഞങ്ങൾ സ്വതന്ത്രരായപ്പോൾ കെട്ടിടങ്ങൾ കത്തുന്നതും തെരുവു താറുമാറായിക്കിടക്കുന്നതും ഞങ്ങൾ കണ്ടും.
രക്ഷാ കേന്ദ്രത്തിലേക്ക്!
ഭൂകമ്പത്തിനുശേഷം പെട്ടെന്ന് മെക്സിക്കൻ ഗവൺമെൻറ് സാഹചര്യം കൈകാര്യം ചെയ്യാൻ നടപടികൾ സ്വീകരിച്ചു. പോലീസും ഫയർമാൻമാരും മറ്റു ഉദ്യോഗസ്ഥൻമാരും കഴിയുന്നത്ര ജീവൻ രക്ഷിക്കാൻ തങ്ങളുടെ യത്നങ്ങളെ ഏകോപിപ്പിച്ചു. ദശസഹസ്രക്കണക്കിനു മറ്റുള്ളവരോടൊപ്പം 2800 നാവികരും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കുപറ്റി. സാദ്ധ്യതയുള്ള കൊള്ളയടിക്കെതിരെ സൈന്യത്തെയും ജാഗ്രതയാക്കി നിർത്തിയിരുന്നു. ഇരകളായിതീർന്ന 22,000 പേരെ അഭയകേന്ദ്രങ്ങളിലും ക്യാമ്പുകളിലും സംരക്ഷിച്ചു.
ഭക്ഷ്യസാമഗ്രികളും രക്ഷാ ഉപകരണങ്ങളും നിറച്ച വിമാനങ്ങൾ ഏകദേശം 50 രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്നു. അനേകായിരം ആളുകളുടെ സഹകരണം ലോകവാർത്താമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കൂട്ടമായിട്ടുള്ള ഈ യത്നത്തിന്റെ ഫലമായി ഭൂകമ്പത്തിനു ശേഷം പത്തു ദിവസങ്ങൾക്കകം 3266 ആളുകളെ പുനരധിവസിപ്പിക്കയും, കുറഞ്ഞത് കാണാതായ 17,000 പേരെ അവസാനമായി കണ്ടെത്തുകയും ചെയ്തു. എന്നാൽ അതിജീവകരിലൊരാളെ സംരക്ഷിക്കുന്നത് എളുപ്പമല്ലായിരുന്നു.
അപകടകരമായ രക്ഷാപ്രവർത്തനങ്ങൾ
ഭൂകമ്പത്തിനുശേഷം ഒരാഴ്ചയിലധികം കഴിഞ്ഞുപോലും നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളുടെ കരച്ചിൽ കേട്ടിരുന്നു! ഒരു യുവ സ്വമേധയാ സേവകൻ തന്റെ മുഖം മടക്കിയ കൈകൾക്കിടയിൽ വെച്ചുകൊണ്ടും കരഞ്ഞുകൊണ്ടും വെറുതെ ഇരുന്നു. അയാൾ വളരെ നിസ്സഹായനായി തോന്നി. കെട്ടിടം ഇടിഞ്ഞു വീഴുകയും അതു നൈരാശ്യം വർദ്ധിപ്പിക്കാനിടയാക്കുകയും ചെയ്തേക്കുമെന്നുമുള്ള ഭയത്താൽ രക്ഷാപ്രവർത്തകർക്ക് മിക്കപ്പോഴും പൊളിഞ്ഞ കല്ലുകൾ നീക്കം ചെയ്യുന്നത് അസാദ്ധ്യമായിരുന്നു.
നേരേമറിച്ച്, ഒരു അതിജീവകനെ രക്ഷിക്കുന്ന ഓരോ സമയത്തും സന്തോഷാനുഭൂതി ഉണ്ടാകുമായിരുന്നു. ജൂവാൻ ലബാസ്റ്റിഡ ഇപ്രകാരം പറഞ്ഞു: “എനിക്ക് ഒൻപതുപേരെ രക്ഷിക്കാൻ കഴിഞ്ഞു എന്ന സംതൃപ്തിയുണ്ട്. അയാൾ ഐക്യനാടുകളിൽ നിന്നുള്ള ഒരു രക്ഷാ സംഘവുമായി വന്നതായിരുന്നു. അയാൾ ഇങ്ങനെ വിശദീകരിച്ചു, “ഞങ്ങൾക്ക് ആവശ്യ ഉപകരണങ്ങൾ ഇല്ലായിരുന്നെങ്കിലും അതിജീവകരെ തിരക്കി ഞങ്ങൾ ഒരു വിധത്തിൽ പൊളിഞ്ഞഭിത്തികൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങി. അത് എളുപ്പമായിരുന്നില്ല.”
അവർ രണ്ടു ജീവൻ രക്ഷിച്ചതെങ്ങനെയെന്ന് ഇപ്രകാരം വിവരിക്കുന്നു: “ഉപേക്ഷിക്കപ്പെട്ട ഒരു റെസ്റ്റോറൻറിന്റെ അടുത്തെത്തിയശേഷം ഞങ്ങൾ ചലനങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പ്രത്യേക ഇലട്രോണിക്ക് ഉപകരണം ഉപയോഗിച്ചു. മനുഷ്യ ശരീരത്തിൽ നിന്നുള്ള ഊർജ്ജത്തിൽ നിന്നുണ്ടാകുന്ന സ്പന്ദനങ്ങളെപ്പോലും വെളിച്ചത്തുകൊണ്ടുവരാൻ കഴിയത്തക്കവിധത്തിൽ അതിന്റെ വായനാപ്രാപ്തി വളരെ അത്ഭുതകരമാണ്. അതു കൂടാതെ കെട്ടിടത്തിനുള്ളിൽ കുരുക്കപ്പെട്ട നാല് ആളുകളുടെ സാന്നിദ്ധ്യം നാം ഒരിക്കലും അറിയുകയില്ലായിരുന്നു! പല ദിവസങ്ങളായി രണ്ടു പുരുഷൻമാരും സ്ത്രീകളും കുരുങ്ങിക്കിടന്നിരുന്ന ആ റസ്റ്റോറൻറിന്റെ സൂക്ഷിപ്പു മുറിയിലേക്ക് ഒരു നീണ്ട കുഴലിന്റെ സഹായത്തോടെ ഞങ്ങൾ വെള്ളവും പ്രാണവായുവും എത്തിച്ചു.
“രക്ഷാ പ്രവർത്തക സംഘം നഷ്ടശിഷ്ടങ്ങൾക്കു വെളിയിൽ കാത്തു നിൽക്കെ ഫ്രാൻസിൽ നിന്നുള്ള ഒരു വിദഗ്ദ്ധനും ഞാനും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാനുള്ള ശ്രമം തുടങ്ങി. ഞങ്ങൾ മുന്നോട്ട് വഴി ഒരുക്കവേ അതേ ഇലക്ട്രോണിക്ക് ഉപകരണം ഭിത്തികളിലെയും തറയിലെയും ചലനങ്ങൾ—കോട്ടങ്ങളുടെ അടയാളങ്ങൾ—വെളിപ്പെടുത്തിത്തന്നു. ഭിത്തികളും തറയും ഞങ്ങളുടെ കൈകൾകൊണ്ട് തൊടുന്നതിനു പഠിപ്പിക്കപ്പെട്ടു. കെട്ടിടം വീഴാൻ തുടങ്ങുകയാണെങ്കിൽ ഭിത്തികൾക്കുള്ളിൽ നിന്നു വീഴുന്ന പൊടിനിമിത്തം ഞങ്ങൾക്ക് ഒരു തരിപ്പ് അനുഭവപ്പെടുമായിരുന്നു. അതിജീവകരുടെ അടുക്കലെത്താൻ ഞങ്ങൾ ഏഴു മണിക്കൂർ എടുത്തു.
“ഞങ്ങൾ അവരുടെ അടുക്കൽ എത്തിയപ്പോഴേക്കും രണ്ടു പുരുഷൻമാരും മരിച്ചു കഴിഞ്ഞിരുന്നു. രണ്ടു സ്ത്രീകളും വൈദ്യശാസ്ത്രപ്രകാരം മരിച്ചിരുന്നു. എന്നാൽ ഞങ്ങൾ അവർക്ക് വായോടുവായ് വീണ്ടെടുക്കലും ഹാർട്ട് മെസ്സേജും നൽകി. ഒടുവിൽ 15 മിനിട്ടുകൾക്കുശേഷം അവർ വീണ്ടെടുക്കപ്പെട്ടു! ഉവ്വ് ഞങ്ങളുടെ പ്രയത്നങ്ങൾക്ക് പ്രതിഫലം ലഭിച്ചു!”
എല്ലാം പൂർത്തിയായോ?
വാച്ച്ടവർ സൊസൈറ്റിയുടെ മെക്സിക്കോ ബ്രാഞ്ച് ഓഫീസിലെ ഒരു അംഗം ഇപ്രകാരം വിശദീകരിച്ചു: “ഭൂകമ്പത്തിന്റെ പിറ്റേ ദിവസം, വെള്ളിയാഴ്ച വൈകുന്നേരം ഞാൻ രണ്ടാം നിലയിലുള്ള സെർജിയൊ മോറാന്റെ വീട് കണ്ടെത്തി. ഭിത്തികൾ പൊട്ടുകയും നിലകൾ ബലഹീനമാവുകയും ചെയ്തിരുന്നു. ചുറ്റുപാടുമുള്ള അനേകം കെട്ടിടങ്ങളും പൊളിഞ്ഞ് അവക്കിടയിൽ ശവങ്ങളും പരുക്കേറ്റവരും കിടന്നിരുന്നു എങ്കിലും അതിശയകരമായി ഈ കെട്ടിടം ഭൂകമ്പത്തിൽ നിലംപതിക്കാതെ നിന്നിരുന്നു.
“അയൽപക്കം പ്രക്ഷുബ്ധവും ശോകമൂകവുമായിരുന്നു. ദിവസത്തിന്റെ മുഴുവൻ ഭാഗത്തും ആമ്പുലൻസുകൾ തിരക്കിട്ടോടിയിരുന്നു. മൂലക്കു ചുറ്റും അരികിൽ സ്നേഹിതരുടെയും കുടുംബാംഗങ്ങളുടെയും ശവശരീരങ്ങൾ തിരിച്ചറിയുന്നതിന് ആളുകളുടെ ഒരു നീണ്ട നിര കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ കാൽനടയായി പട്ടണത്തിന്റെ താണ പ്രദേശത്ത് രംഗനിരീക്ഷണം നടത്തിക്കൊണ്ട് മുഴുദിവസവും ചെലവഴിച്ചു കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. പലതെരുവുകളും, ചരിഞ്ഞും ഏതു നിമിഷവും താഴെ വീഴുമെന്ന് തോന്നത്തക്കവിധത്തിലും നിന്ന കെട്ടിടങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്നു. നഷ്ടശിഷ്ടങ്ങൾക്കിടയിൽ അപ്പോഴും കുടുങ്ങിക്കിടന്നിരുന്ന ആളുകൾ സഹായത്തിനായി വിളിക്കുന്നതു കേൾക്കുമ്പോൾ കണ്ണുനീർ ഒഴുകാതിരിക്കാൻ കഴിയുമായിരുന്നില്ല.
“സെർജിയോ മോറാനുമായി സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന്, രണ്ടാമതൊരു ഭൂകമ്പം കൂടിയുണ്ടായി! ആദ്യം ശ്മശാന മൂകത അനുഭവപ്പെട്ടു. ഞാൻ സ്വയം ഇപ്രകാരം ചോദിച്ചു, ‘ഇതെന്റെ സങ്കൽപ്പം മാത്രമായിരുന്നോ?’ അപ്പോൾ ലൈറ്റുകൾ അണഞ്ഞു. വൈകുന്നേരം 7:38-ന് ക്ലോക്കുകൾ നിലച്ചു—ആദ്യ ഭൂകമ്പത്തിനുശേഷം ഏകദേശം 36 മണിക്കൂറുകൾ കഴിഞ്ഞ്. ഞാൻ ഇരുന്നിരുന്ന കെട്ടിടം മുന്നോട്ടും പിന്നോട്ടും ആടാൻ തുടങ്ങി, എന്റെ മനസ്സിലെ സംശയങ്ങളെല്ലാം നീങ്ങി. മുഴുവനും വീണ്ടും സംഭവിക്കുകയായിരുന്നു!
“അപ്പോഴും ഞങ്ങൾ രണ്ടാം നിലയിൽ വാതിൽക്കലേക്കു ഇഴഞ്ഞു നീങ്ങി. കട്ടിളപ്പടികൾക്കിടയിൽ സുരക്ഷിതരായി നിന്നു. സഹായത്തിനായി ഞങ്ങൾ യഹോവയോട് പ്രാർത്ഥിച്ചു. കെട്ടിടം പൊളിയുന്നതിനനുസരിച്ച് മേൽക്കൂരയിൽ നിന്നും അതിനെ താങ്ങിയിരുന്ന തൂണുകളിൽ നിന്നും രൂക്ഷമായ കിറുകിറാശബ്ദം വരുന്നത് ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നു. വീടിന്റെ അവസ്ഥ കണ്ടശേഷം കെട്ടിടം പൂർണ്ണമായി തകരുമെന്ന് ഞാൻ ഉറച്ചു! എന്നിട്ടും അതു നിൽക്കുകയും ഞങ്ങൾ സുരക്ഷിതരായി തെരുവിലേക്കിറങ്ങുകയും ചെയ്തു. അവിടെ ഞങ്ങൾ കുഴപ്പവും കരച്ചിലും അനിശ്ചിതത്വവും അഭിമുഖികരിച്ചു.
“അനുഗ്രഹവശാൽ, രണ്ടാമത്തെ പ്രകമ്പനം ആദ്യത്തെ ഭൂകമ്പത്തെപ്പോലെ അത്ര മോശമായി ആ പ്രദേശത്തെ ബാധിച്ചില്ല. ആദ്യത്തെ ഭൂകമ്പത്തെ തുടർന്നു വന്ന 12 ദിവസങ്ങളിൽ റെക്ടർ സ്കെയിലിൽ 3.5-നും 7.3-നും ഇടക്കു രേഖപ്പെടുത്തിയ 73 ചലനങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു!”
“വലിയ ഭൂകമ്പങ്ങൾ ഉണ്ടായിരിക്കും”
നാം “വ്യവസ്ഥിതിയുടെ സമാപനകാലത്ത്” ജീവിക്കുന്നു എന്നു സൂചിപ്പിക്കുന്ന ‘അടയാള’ത്തിന്റെ ഒരു സവിശേഷത എന്ന നിലയിൽ ക്രിസ്തുയേശു “ഒന്നൊന്നായി വിവിധ സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ” സംബന്ധിച്ച് സംസാരിച്ചു. (മത്തായി 24:3, 7) അവൻ കേവലം ഭൂചലനങ്ങളെക്കുറിച്ചല്ല പറഞ്ഞത്; പകരം “വലിയ ഭൂകമ്പങ്ങൾ ഉണ്ടായിരിക്കും” എന്നാണ് പ്രസ്താവിച്ചത്. (ലൂക്കോസ് 21:11) അപ്രകാരം ഈ അടുത്ത കാലത്തെ മെക്സിക്കോയിലെ അത്യാഹിതം—1914 മുതൽ ഉണ്ടായ 600-ൽ പരം വലിയ ഭൂകമ്പങ്ങളോടൊപ്പം—നമ്മുടെ കാലത്തു നിവൃത്തിയേറിയ ബൈബിൾ പ്രവചനങ്ങളുടെ യാഥാർത്ഥ്യത്തോടുക്കൂട്ടുന്നു.
മെക്സിക്കോയിലെ യഹോവയുടെ സാക്ഷികൾ—താല്ക്കാലികമായി സംഭീതരായെങ്കിലും—ക്രിസ്തുയേശുവിന്റെ ഈ ആശ്വാസകരമായ വാക്കുകൾ വിലമതിക്കുന്നു: “ഈ കാര്യങ്ങൾ [അടയാളത്തിന്റെ വിവിധ സവിശേഷതകൾ] സംഭവിക്കാൻ തുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതിനാൽ ഉണർന്ന് നിങ്ങളുടെ തലകളെ ഉയർത്തുവിൻ.” (ലൂക്കോസ് 21: 28) അതെ, ഒരു ശോഭനമായ ഭാവി നമുക്ക് ഉറപ്പാക്കിയിരിക്കുന്നു. ആസന്നമായിരിക്കുന്ന ദൈവത്തിന്റെ നൂതനക്രമത്തിൽ തന്റെ ജനങ്ങളെ ഭൂകമ്പങ്ങളിൽ നിന്നും സമാനമായ ആപത്തുകളിൽ നിന്നും സംരക്ഷിക്കും.—വെളിപ്പാട് 21:3, 4.
ഈ ദുരന്തത്തിൽ കുറഞ്ഞത്, യഹോവയുടെ സാക്ഷികളും അവരോട് സഹവസിച്ചുകൊണ്ടിരുന്നവരുമായ 38 പേരുടെ ജീവൻ നഷ്ടപ്പെട്ടു. കൂടാതെ ഗണനീയമായ സാമ്പത്തിക നഷ്ടവുമുണ്ടായിരുന്നു. കുറഞ്ഞത്, യഹോവയുടെ സാക്ഷികളുടെ 146 കുടുംബങ്ങൾക്ക് തങ്ങളുടെ ഭവനങ്ങൾ നഷ്ടപ്പെട്ടു. ബൈബിൾ പരാമർശിക്കുന്നതുപോലെ, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” നിമിത്തം നമ്മിലാർക്കും ശോകാകുലമായ സാഹചര്യങ്ങൾ വന്നു ഭവിച്ചേക്കാം.—സഭാപ്രസംഗി 9:11.
സ്നേഹപൂർവ്വകമായ സഹായം
എന്നിരുന്നാലും ഭൂകമ്പ ബാധിത പ്രദേശത്തെ എല്ലാ സാക്ഷികളെയും കണ്ടുപിടിക്കുന്നതിന് യഹോവയുടെ സാക്ഷികൾ സത്വരമായ നടപടി സ്വീകരിച്ചു. വിക്ടർ കാസ്റ്റല്ലാനോസ് ഇപ്രകാരം പറഞ്ഞു, “ഞങ്ങളോടുള്ള അത്തരം സ്നേഹപൂർവ്വകമായ പരിഗണന കാണുന്നത് അത്ഭുതകരമായിരുന്നു.” 5000 കിലോഗ്രാമിൽ അധികം ആഹാരപദാർത്ഥങ്ങൾ ലഭിച്ചത് ബാധിതരായ എല്ലാവർക്കുമായി വിതരണം ചെയ്തു. നാശം സംഭവിക്കാത്ത പ്രദേശത്തെ സാക്ഷികുടുംബങ്ങൾ തങ്ങളുടെ ഭവനങ്ങളും ഭൗതിക വസ്തുക്കളും ഭവനരഹിതരായ ക്രിസ്തീയ സഹോദരങ്ങളുമായി പങ്കുവെച്ചു.
തങ്ങളുടെ തകർന്ന ഭവനത്തിൽ നിന്ന് ജീവനും കൊണ്ടു രക്ഷപ്പെട്ട ജൂവാൻ ചാവേസും, അയാളുടെ ഭാര്യയും അവരുടെ കുട്ടികളിൽ രണ്ടുപേരും തങ്ങളുടെ മറ്റു രണ്ടു കുട്ടികളെ കണ്ടുപിടിക്കുന്നതിന് അടുത്തുള്ള സ്കൂളിലേക്ക് പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആറു പേരടങ്ങുന്ന ആ കുടുംബം ഒരു വലിയ കൂട്ടം ക്രിസ്തീയ സഹോദരങ്ങൾ—ഒരു സഞ്ചാരമേൽവിചാരകനും തദ്ദേശ മൂപ്പൻമാരും ഉൾപ്പെടെ—തങ്ങളുടെ ഭവനത്തിനു ചുറ്റും കൂടി നിൽക്കുന്നതു കണ്ട് അതിശയിച്ചുപോയി.
“ഞങ്ങൾ അപ്പോഴും അകത്ത് കുടുങ്ങിക്കിടക്കയാണെന്നും സഹായം ആവശ്യമാണെന്നും വിചാരിച്ചു!” മിസ്സിസ്സ് ചാവേസ് റിപ്പോർട്ടു ചെയ്യുന്നു; “അതു അതിശയകരമായിരുന്നു! ഞങ്ങളെ സഹായിക്കാനെത്തിയ ചില സാക്ഷികളെ ഞങ്ങൾ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്തവരായിരുന്നു.”
ഉവ്വ്, കൊലയാളിയായ ഭൂകമ്പം മെക്സിക്കോയിൽ അതിന്റെ വ്രണം നിലനിർത്തിയെങ്കിലും അവിടെയുള്ള യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തെയും ധൈര്യത്തെയും പ്രതികൂലമായി ബാധിച്ചിട്ടില്ല. നേരത്തെ ഉദ്ധരിച്ച മിസ്സിസ്സ് മെലെൻഡ്രേസ് പറഞ്ഞ പ്രകാരം: “ഞങ്ങൾ സമ്പർക്കം പുലർത്താൻ ഇടയായ ഓരോരുത്തരിലും രാജ്യദൂത് വ്യാപിപ്പിച്ചകൊണ്ട് ഞങ്ങളെല്ലാം സാഹചര്യത്തിൽ നിന്ന് മുതലെടുത്തു. ഭൂകമ്പം ഞങ്ങളെ യഹോവയെ സേവിക്കുന്നതിനുള്ള ഞങ്ങളുടെ യത്നങ്ങൾ ഉപേക്ഷിക്കാൻ ഇടയാക്കിയില്ല. നേരേമറിച്ച് ഞങ്ങൾ വിശ്വാസത്തിൽ കൂടുതൽ ബലിഷ്ഠരായതായും മുമ്പെന്നത്തേതിലുമധികം നിശ്ചയദാർഢ്യമുള്ളവരായും ഞങ്ങൾക്കു അനുഭവപ്പെട്ടു.” (g86 2/22)
[14-ാം പേജിലെ ചിത്രങ്ങൾ]
ജോസ് മെലെൻഡ്രേസ് സീനിയറും അയാളുടെ ഭാര്യയും അവർ താമസിച്ചിരുന്ന കെട്ടിടവും
[15-ാം പേജിലെ ചിത്രങ്ങൾ]
ജൂഡിത്ത് റമിറേസ് കൊണാലേപ് സ്കൂളിന്റെ തകർച്ചയെ അതിജീവിച്ചു