“എല്ലാവരും പ്രവാചകർ ആയിരുന്നെങ്കിൽ!”
ഒരു സമ്മേളനത്തിനൊത്തുകൂടിയ ബൈബിൾ സ്നേഹികളായ കത്തോലിക്കരുടെ ഒരു സമൂഹത്തിന് പോപ് ജോൺ പോൾ രണ്ടാമൻ പിൻവരുന്ന സന്ദേശം നൽകി: “വേൾഡ് കാത്തലിക് ഫെഡറേഷൻ ഫോർ ബിബ്ളിക്കൽ അപ്പോസ്റ്റലേറ്റിന്റെ മൂന്നാം പൊതു സമ്മേളനത്തിൽ പങ്കുപറ്റുന്ന എല്ലാവർക്കും ഞാൻ ഊഷ്മളമായ അഭിവാദനങ്ങളയക്കുകയും എന്റെ ആത്മീയ സാമീപ്യം ഞാനവർക്ക് ഉറപ്പു നൽകുകയും ചെയ്യുന്നു. “എല്ലാവരും പ്രവാചകൻമാരായിരുന്നെങ്കിൽ” എന്ന മോശെയുടെ വാക്കുകളിൽ ഈ സമ്മേളനം അതിന്റെ മുഖ്യവിഷയത്തിന് പ്രചോദനം കണ്ടെത്തിയിരിക്കുന്നുവെന്നും (സംഖ്യാപുസ്തകം 11:29) അതേറ്റെടുക്കാനിരിക്കുന്ന ഉത്തരവാദിത്തങ്ങൾക്ക് അത് ഈ പ്രയോഗം ബാധകമാക്കിയിരിക്കുന്നു എന്നും വിവരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്.”—L’Osservatore Romano, ഓഗസ്റ്റ് 24, 1984.
ഒരു കത്തോലിക്കാ ബൈബിൾ വിദ്യാഭ്യാസവേല
വേൾഡ് കാത്തലിക് ഫെഡറേഷൻ ഫോർ ബിബ്ളിക്കൽ അപ്പോസ്റ്റലേറ്റിന്റെ മൂന്നാം പൊതു സമ്മേളനം 1984 ആഗസ്റ്റ് മാസം ഇൻഡ്യയിലെ ബാംഗ്ലൂരിൽ നടന്നു. അമ്പത്തിമൂന്നു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂടിവന്നു. ഈ ഫെഡറേഷൻ 1969-ൽ റോമിൽ വച്ച് സ്ഥാപിക്കപ്പെട്ടു. ബൈബിളിനോട് ബന്ധപ്പെട്ട കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ സംബ്ബന്ധിച്ച് പഠിക്കുന്നതിന് റോമിലെ ഒരു ജർമ്മൻ കർദ്ദിനാളിനെ പോപ്പ് പോൾ ആറാമൻ നിയോഗിച്ചതിന് മൂന്നു വർഷങ്ങൾക്കുശേഷം ആയിരുന്നു അത്. ഇറ്റലിയിലെ ലെഗ്ഫോർണിലെ ബിഷപ്പായ മോൺസിഞ്ഞോർ അബ്ലോണ്ടിയാണ് അതിന്റെ ഇപ്പോഴത്തെ പ്രസിഡൻറ്.
അതിന്റെ ലക്ഷ്യങ്ങളെ പുനപ്പരിശോധിക്കാൻ ബുദ്ധിയുപദേശിച്ചുകൊണ്ട് പോപ്പ് തന്റെ സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: “ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് ദൈവവചനത്തിലേക്ക് സുഗമായ പ്രവേശനം ഉണ്ടായിരിക്കുന്നതിന് അവരെ സഹായിക്കാനുള്ള ഒരു പ്രതിബദ്ധതയാണ് ഫെഡറേഷനുള്ളത്. . . . സഭയിലെ എല്ലാ പ്രവർത്തനവും എല്ലാ സാക്ഷ്യവും ജീവചൈതന്യമുള്ള വചനത്തിൽനിന്ന് ഒഴുകേണ്ടിയിരിക്കുന്നു . . . ദൈവജനത്തിന്റെ ‘പ്രവാചക നിയോഗം’ സത്യമായ വചന ശുശ്രൂഷയെന്ന നിലയിൽ അവർ മനഃപൂർവ്വകമായി അനുഷ്ഠിക്കേണം. . . . വചനത്തിന്റെ പരിഭാഷ പ്രസിദ്ധീകരണം വ്യാപനം എന്നീ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക വഴി ദൈവവചനത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ ഒരുവൻ മുഴുകുന്നു. (ആമോസ് 8:11 താരതമ്യപ്പെടുത്തുക) വിശുദ്ധ തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതിനും പ്രസംഗിക്കുന്നതിനും ഒരുനാൾ തങ്ങളെത്തന്നെ സമർപ്പിക്കാനിരിക്കുന്നവരെ രൂപപ്പെടുത്തിയെടുക്കുന്ന വേലക്കും ഇത് ബാധകമാണ്.”
അതിന്റെ മുഖ്യവിഷയത്തോടുള്ള യോജിപ്പിൽ ഈ കത്തോലിക്കാ ബൈബിൾ സമ്മേളനം അതിന്റെ അന്തിമ പ്രഖ്യാപനത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: “ദൈവത്തിന്റെ സകല ആളുകളും അവരുടെ പ്രവാചക പങ്ക് നിർവ്വഹിക്കാനിരിക്കുന്നുവെങ്കിൽ, അവർക്ക് ദൈവവചനത്തിലേക്ക് പ്രവേശനം ലഭിക്കേണ്ടതുണ്ട് (അവരുടെ സ്വന്തഭാഷയിലുള്ള അവരുടെ സ്വന്തം ബൈബിൾ പ്രതിയിലേക്ക്) തിരുവെഴുത്തിന്റെ ജ്ഞാനത്തിൽ പരിശീലിപ്പിക്കപ്പെടുന്നതിനുള്ള ഒരു അവകാശം അവർക്കുണ്ട് . . . സഭയുടെ സുവിശേഷവേല ബൈബിളിൽ കേന്ദ്രീകൃതമായിരിക്കണം എന്ന് ഈ സമ്മേളനം ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.”
ഒരു അസാദ്ധ്യമായ സ്ഥിതിവിശേഷം
കത്തോലിക്കർ അതുകൊണ്ട് ബൈബിൾ വായിക്കുന്നതിനുമാത്രമല്ല ബൈബിളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു സുവിശേഷ വേലയിൽ സജീവ പങ്കുവഹിക്കുന്നതിനും ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് ശ്ലാഘനീയമാണ്. പക്ഷേ ഇത് അവരെ അസാദ്ധ്യമായ ഒരു സ്ഥിതിവിശേഷത്തിൽ ആക്കിത്തീർക്കുന്നു.
ഒരു സംഗതി പാരമ്പര്യം ബൈബിളിനേക്കാൾ മുൻഗണന അർഹിക്കുന്നു എന്ന കത്തോലിക്കാ സഭയുടെ പഠിപ്പിക്കലാണ്. ഒരു കത്തോലിക്കൻ ബൈബിളിന്റെ തീഷ്ണതയുള്ള ഒരു ഉപദേഷ്ടാവും അതേ സമയം തന്നെ ഒരു വിശ്വസ്ത സഭാംഗവും ആയിരിക്കാൻ അവനിൽ നിന്ന് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? ഉദാഹരണത്തിന് ബൈബിളിൽ അയാൾ ഇങ്ങനെ വായിക്കും: “പാപം ചെയ്യുന്ന ദേഹി മരിക്കും” (യെഹസ്ക്കേൽ 18:4, 20, പരിഷ്കൃത പ്രമാണഭാഷാന്തരം കത്തോലിക്കാ എഡിഷൻ; ഡുവേ വേർഷനും താരതമ്യം ചെയ്യുക) പക്ഷെ, അവന്റെ സഭ, ദേഹി അമർത്ത്യമാണെന്നും എല്ലാ ദേഹികളും നരകം ശുദ്ധീകരണസ്ഥലം, ലിംബോ, സ്വർഗ്ഗം എന്നിവിടങ്ങളിലൊക്കെയായിക്കഴിയുന്നു എന്നും പഠിപ്പിക്കുന്നു. അവൻ പഠിപ്പിക്കേണ്ടതെന്താണ്?—കത്തോലിക്കാ വിശ്വാസമോ അതോ ബൈബിളോ?
കൂടാതെ കുറിപ്പുകളും അഭിപ്രായങ്ങളും അടങ്ങുന്ന ബൈബിളുകൾ പ്രസിദ്ധീകരിക്കുന്നതിനാണ് കത്തോലിക്കാസഭ അംഗീകാരം നൽകുന്നത്. ഇത് ദൈവവചനം എന്ന നിലയിൽ വായനക്കാരന്റെ ബൈബിളിലുള്ള വിശ്വാസത്തിന് ഇത് തുരങ്കം വയ്ക്കുകയേ ഉള്ളു. പോപ്പ് പോൾ ആറാമന്റെ ആശീർവാദ മുഖം ഉള്ള ദ ന്യൂ അമേരിക്കൻ ബൈബിൾ അതിന്റെ മുഖവുരയിൽ “നിങ്ങളുടെ ബൈബിൾ എങ്ങനെ വായിക്കണം എന്ന തലക്കെട്ടിൻ കീഴെ ഇങ്ങനെ പറയുന്നു: “ഒരുവൻ ചരിത്രമാണോ കൈകാര്യം ചെയ്യുന്നത് എന്ന് ഒരുവനെങ്ങനെ അറിയും? . . . മാനവജാതി താണ ജീവവർഗ്ഗങ്ങളിൽ നിന്നെങ്ങനെയോ രൂപവികാസം പ്രാപിച്ചുവന്നതാണ് എന്ന് മിക്ക ശാസ്ത്രജ്ഞൻമാരും കരുതുന്നു. ദൈവത്തിന്റെ സൃഷ്ടികർമ്മം സംബ്ബന്ധിച്ച് ‘എങ്ങനെ’ എന്ന ചോദ്യം പുനരാലോചിക്കുന്നതിന് ഉത്പത്തി 2ഉം 3ഉം അദ്ധ്യായങ്ങൾ നരവംശശാസ്ത്രത്തിലെ പാഠങ്ങളല്ല പിന്നെയോ പാപമാണ് സർവ്വതിൻമയുടെയും മൂലകാരണം എന്നു നമ്മെ പഠിപ്പിക്കുന്ന ഒരു ദൃഷ്ടാന്താവിഷ്ക്കരണം മാത്രമാണ് എന്ന് ഗ്രഹിക്കുന്നതിനും ഈ അറിവ് നമ്മെ സഹായിച്ചിരിക്കുന്നു.”
അപ്രകാരം, അവർ ഉത്പത്തിയുടെ ആദ്യതാളുകളിലേക്ക് എത്തും മുമ്പേ, ഈ കത്തോലിക്കാ ബൈബിളിന്റെ വായനക്കാരോട് അവർ ചരിത്രമല്ല വെറും ദൃഷ്ടാന്ത കഥകളാണ് വായിക്കാൻ പോകുന്നത് എന്ന് പറയപ്പെട്ടിരിക്കുന്നു. യേശു ആദാമിന്റെയും ഹവ്വായുടെയും ഉദാഹരണം ഉപയോഗിച്ചപ്പോൾ, ക്രിസ്തീയ ഏക ഭാര്യാത്വത്തിന്റെ അടിസ്ഥാനമായി അവൻ ഒരു ദൃഷ്ടാന്ത കഥ ഉപയോഗിക്കുകയായിരുന്നു എന്നു പറയുന്നതിനു തുല്യമാണിത്. (മത്തായി 19:3-9: ഉൽപത്തി 1:27; 2:24) കൂടാതെ, മനുഷ്യവർഗ്ഗത്തിന് ഒരു പൊതു പൂർവ്വീകനായിരുന്നില്ല ഉണ്ടായിരുന്നതെങ്കിൽ, ക്രിസ്തുവിന്റെ മറുവിലയാഗം സംബ്ബന്ധിച്ചുള്ള അടിസ്ഥാന ഉപദേശം തന്നെ നിപതിക്കും.—മത്തായി 20:20; റോമർ 5:12, 17-19; 1 കൊരിന്ത്യർ 15:45.
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളുടെ കൃത്യതയിലും സംശയത്തിന്റെ നിഴൽ പരത്തുന്നതിനുവരെ ഈ കത്തോലിക്കാ ബൈബിൾ മുതിരുന്നു. “നിങ്ങളുടെ ബൈബിൾ എങ്ങനെ വായിക്കണം” എന്നതിനു താഴെ അതു പറയുന്നു: “സുവിശേഷ എഴുത്തുകാർ ചരിത്രത്തെ അതിന്റെ ശാസ്ത്രീയ രൂപത്തിൽ എഴുതുന്നതിന് ഉദ്ദേശിച്ചിരുന്നില്ല എന്ന് നാം മനസ്സിൽ പിടിക്കേണ്ടതുണ്ട് . . . യേശു ഈ സംഭാഷണങ്ങളിൽ ഉൾപ്പെട്ടിരുന്നുവോ? അവൻ ബൈബിളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന അതേ വാക്കുകളിൽ ഉത്തരം നൽകിയിട്ടുണ്ടോ? അത് തിട്ടമല്ല.”
തങ്ങളുടെ സഭ ഇത്തരം വിശ്വാസ—വിനാശം വരുത്തുന്ന പ്രസ്താവനകളുടെ പ്രസിദ്ധികരണത്തിന് അംഗീകാരം നൽകുമ്പോൾ ആത്മാർത്ഥതയുള്ള കത്തോലിക്കർ ബൈബിൾ വിശ്വാസത്തോടെ വായിക്കുന്നതിനും പ്രസംഗിക്കുന്നതിനും സ്വയം അർപ്പിക്കുന്നതിനും” അവരിൽനിന്ന് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? ഇതുപോലുള്ള അഭിപ്രായങ്ങൾ ദ ജറുസലേം ബൈബിളിലും മറ്റു കത്തോലിക്കാ ബൈബിളുകളിലും വിജ്ഞാനകോശങ്ങളിലും കാണപ്പെടുന്നു. പ്രോട്ടസ്റ്റൻറ് ബൈബിൾ വ്യാഖ്യാനങ്ങളും ബൈബിളിലുള്ള വിശ്വാസ്യതയ്ക്ക് ഇത്രതന്നെ വിനാശകരങ്ങളാണെന്ന് സർവ്വമാന്യതയോടെയും കൂട്ടിച്ചേർക്കേണ്ടതുണ്ട്.
എല്ലാ സത്യക്രിസ്ത്യാനികളും പ്രവാചകൻമാരാണ്
ദ ന്യൂ അമേരിക്കൻ ബൈബിൾ കൃത്യമായി ഇങ്ങനെ പ്രസ്താവിക്കുന്നു: “പ്രവാചകൻ എന്നാൽ ‘മറ്റൊരുവനുവേണ്ടി’ വിശേഷിച്ച് ദൈവത്തിനുവേണ്ടി ‘സംസാരിക്കുന്നവനെന്ന’ത്ഥം. അവൻ ഭാവി മുൻകൂട്ടിപ്പറയുന്നുവെന്ന് അതിന് അവശ്യം അർത്ഥം ഇല്ല!” പോപ്പ് ജോൺപോൾ രണ്ടാമൻ പറഞ്ഞു: “ദൈവജനത്തിന്റെ ‘പ്രവാചകനിയോഗം’ സത്യമായ ദൈവവചനശുശ്രൂഷയെന്നനിലയിൽ മനഃപൂർവ്വകമായി നിവർത്തിക്കേണ്ടതുണ്ട്.” പക്ഷേ നാം കണ്ടു കഴിഞ്ഞതുപോലെ ഒരു കത്തോലിക്കന് പ്രധാനമായും പാരമ്പര്യത്തെ ആധാരമാക്കിയുള്ള കത്തോലിക്കാ സഭയുടെ വിശ്വാസങ്ങളുടെ മറ നീക്കിക്കാണിക്കാതെ ദൈവവചനമായ ബൈബിളിനുവേണ്ടിയുള്ള ഒരു സത്യപ്രവാചകനോ സാക്ഷിയോ ആയിരിക്കാൻ സാദ്ധ്യമല്ല.
അതിന്റെ അന്തിമ പ്രഖ്യാപനത്തിൽ, ബൈബിൾ അപ്പോസ്തലത്വത്തിനുള്ള ലോക കത്തോലിക്കാ ഫെഡറേഷൻ, യുവജനങ്ങളുടെയും സാധുക്കളുടെയും ഇടയിൽ വിശേഷിച്ച് ചെയ്യേണ്ട ബൈബിൾ വിദ്യാഭ്യാസം ചെലവു കുറഞ്ഞ ബൈബിളുകൾ, ബൈബിൾ വിദ്യാഭ്യാസ സാഹിത്യങ്ങൾ, ബൈബിൾ പരിഭാഷകൾ, ബൈബിൾ പരിഭാഷകർ, മുഴുസമയപ്രവർത്തകർ എന്നിവരുടെ ആവശ്യം അവതരിപ്പിച്ചു. എല്ലാ ക്രിസ്ത്യാനികളും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ബൈബിളനുസരിച്ച് ജീവിക്കുകയും “കാലങ്ങളുടെ അടയാളങ്ങൾ തിരിച്ചറിയു”കയും ചെയ്യേണ്ടതുണ്ടെന്നും അത് പ്രസ്താവിക്കുകയുണ്ടായി.
സകലരും പ്രവാചകൻമാർ അഥവാ ദൈവത്തിന്റെ സാക്ഷികൾ ആയുള്ള ഒരു ജനം ദൈവത്തിന് ഇന്ന് ഭൂമിയിലുണ്ടെന്ന് അറിയുന്നതിൽ നിങ്ങൾക്ക് താത്പര്യമുണ്ടായിരിക്കും. വാസ്തവത്തിൽ ലോകമെങ്ങും അവർ യഹോവയുടെ സാക്ഷികളെന്ന് വിളിക്കപ്പെടുന്നു. ദൈവത്തോടും അവന്റെ വചനത്തോടും ഉള്ള അവരുടെ സ്നേഹം നിമിത്തം വൃദ്ധൻമാരുടെയും യുവാക്കളുടെയും സമ്പന്നരുടെയും ദരിദ്രരുടെയും ഇടയിൽ അവർ ഒരു സാർവ്വത്രികമായ ബൈബിൾ വിദ്യാഭ്യാസ വേല നടത്തുന്നു. അവർക്ക് ശതസഹസ്രക്കണക്കിന് സ്വമേധയാസേവകർ ഉണ്ട്, അവരിൽ ചിലർ കുറഞ്ഞ ചെലവിലോ സൗജന്യമായോ വിതരണം ചെയ്യപ്പെടുന്ന ബൈബിളുകളും പഠന സാഹിത്യങ്ങളും പരിഭാഷപ്പെടുത്തുകയും അച്ചടിക്കുകയും ചെയ്യുന്നു. അവർ ദശലക്ഷങ്ങളോളം അംശകാല സേവകരാൽ സഹായിക്കപ്പെടുന്നു. “കാലങ്ങളുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിനും “ദൈവവചനമായ ബൈബിളിൽ കാണുന്ന ആശ്ചര്യകരമായ പ്രത്യാശയെ ആശ്ലേഷിക്കുന്നതിനും നിങ്ങളെ സഹായിക്കാൻ അവരിലേവരും സന്തോഷമുള്ളവരായിരിക്കും. (g86 6/8)
[21-ാം പേജിലെ ആകർഷകവാക്യം]
“സുവിശേഷ എഴുത്തുകാർ ചരിത്രം എഴുതാൻ ഉദ്ദേശിച്ചിരുന്നില്ല,” എന്ന് ദി ന്യൂ അമേരിക്കൻ ബൈബിൾ അവകാശപ്പെടുന്നു
[22-ാം പേജിലെ ചിത്രം]
സത്യക്രിസ്ത്യാനികൾ മറ്റുള്ളവരെ ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നതിനാൽ പ്രവാചകൻമാരാണ്
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
UPI/Bettmann Newsphotos