മേലാൽ ഒരു നിരോധിത ഗ്രന്ഥം അല്ല
കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ബൈബിളിനോടുള്ള കത്തോലിക്കാസഭയുടെ മനോഭാവത്തിന് ചില കത്തോലിക്കാ രാജ്യങ്ങളിൽ കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്. ബൈബിൾ വായനയെ തീർത്തും കുറ്റം വിധിച്ചിട്ടില്ലെങ്കിലും അതിനു നേരെ നെറ്റിചുളിച്ചിരുന്ന നാളുകൾ പ്രായം ചെന്ന കത്തോലിക്കർ ഇന്നും ഓർക്കുന്നുണ്ട്. കത്തോലിക്കാ ഭൂരിപക്ഷമുള്ള പല രാജ്യങ്ങളിലും സാധാരണ ജനം ഒഴിവാക്കേണ്ട ഒരു പ്രോട്ടസ്റ്റൻറ് പുസ്തകം ആയിട്ടാണ് അവർ ബൈബിളിനെ വീക്ഷിച്ചിരുന്നത്.
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഫ്രാൻസിൽ നിലനിന്നിരന്ന സ്ഥിതിവിശേഷം സംബ്ബന്ധിച്ച് ഫ്രാൻസിലെ റൂവനിലുള്ള വലിയ സെമിനാരിയിലെ തിരുവെഴുത്തു പ്രൊഫസ്സർ ആയ ജോർജ്ജസ് ഓസൗ തന്റെ സഭാംഗീകാരമുള്ള ലാ പരോൾ ഡിഡ്യൂ (ദൈവവചനം) എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “ബൈബിൾ പാരായണം പ്രോത്സാഹിപ്പിച്ചിരുന്നില്ല. . . . വാസ്തവത്തിൽ പുരോഹിതവർഗ്ഗത്തിന്റെയും ബുദ്ധിജീവികളുടെതായ ചില വൃത്തങ്ങളുടെയും കാര്യം ഒഴിച്ചാൽ വിശുദ്ധ ഗ്രന്ഥം മേലിൽ കത്തോലിക്കരാരും വായിച്ചിരുന്നില്ല. അത് [കത്തോലിക്കാ] പുസ്തകശാലകളിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ബൈബിൾ അപകടകാരിയും അനാരോഗ്യകാരിയും ആയ ഒരു ഗ്രന്ഥം ആണെന്ന ധാരണ തുടർച്ചയായി പോറ്റിപ്പുലർത്തപ്പെട്ടുപോന്നു. . . . കന്യാസ്ത്രി മഠങ്ങളിലും ക്രിസ്ത്യൻ (കത്തോലിക്കാ) വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിന് വിലക്ക് കൽപ്പിക്കുകയും ചെയ്തു.”
അനന്തരം കാര്യങ്ങൾ മാറാൻ തുടങ്ങി ഫ്രാൻസിലെ ഫ്രെജസ്, ടൗലൺ എന്നീ പ്രദേശങ്ങളുടെ കത്തോലിക്കാ സഭയിലെ ബിഷപ്പായ മിക്നെറ്റ് വിഗറെക്സ് ഡിക്ഷ്ണയർ ഡി ലാ ബൈബിൾ (1891-1912) എന്ന ബൈബിൾ നിഘണ്ടുവിനുള്ള തന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതി: “സത്യമായും ഫ്രാൻസിൽ ബൈബിൾ പഠനത്തിന്റെ ഒരു പുത്തനുണർവ്വിന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് [ബൈബിൾ ചോദ്യങ്ങൾ] സഭാംഗങ്ങളായിത്തീർന്നവരുടെ ഒരു പരിമിതമായ വൃത്തത്തിൽ മാത്രമേ താത്പര്യം ഉണർത്തിയിരുന്നുള്ളു. . . . ബൈബിൾ വായനക്കും പഠനത്തിനും അൽപ്പാൽപ്പമായ പ്രാധാന്യമേ കൽപ്പിച്ചിരുന്നുള്ളു. അക്കാര്യങ്ങളൊന്നും ചർച്ച ചെയ്തിരുന്നില്ലതാനും. അഥവാ ഒരു ഭക്തനായ സാമാന്യൻ യെശയ്യാവിന്റെയോ സദൃശവാക്യങ്ങളുടെയോ പുസ്തകം ഉദ്ദരിച്ചുപോയാൽ ആളുകൾ അയാളെ ആശ്ചര്യത്തോടെ നോക്കുകയും പ്രോട്ടസ്റ്റൻറിസത്തിലേക്ക് ഇയാൾക്ക് രഹസ്യചായ്വുണ്ടോ എന്ന് അയാളെക്കുറിച്ച് സംശയിക്കുകയും ചെയ്തു പോന്നിരുന്നു!”
പ്രോട്ടസ്റ്റൻറ് ബൈബിൾ സൊസൈറ്റിയുടെ വർദ്ധിച്ചുവരുന്ന പ്രവർത്തനങ്ങൾ കണ്ട് 1893-ൽ ലിയോ XIII-ാമൻ പാപ്പായും 1920-ൽ ബെനഡിക്ട് XV-മൻ പാപ്പായും ബൈബിൾ പഠനം സംബ്ബന്ധിച്ച പൊതു വിജ്ഞാനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ ഈ പേപ്പൽ കത്തുകൾ സാധാരണക്കാരെക്കാൾ ദൈവശാസ്ത്രജ്ഞൻമാരെയും പുരോഹിതവർഗ്ഗത്തെയും ആണ് അധികവും സ്വാധീനിച്ചത്.
രണ്ടാം വത്തിക്കാൻ കൗൺസിലോട് കൂടിയാണ് (1962-1965) യഥാർത്ഥമാറ്റം വന്നു ചേർന്നത്. കൗൺസിൽ ഇങ്ങനെ പ്രഖ്യാപിച്ചു: “സകല വിശ്വസ്തക്രിസ്ത്യാനികളും മതതീഷ്ണുകൾ വിശേഷിച്ചും ദിവ്യ തിരുവെഴുത്തുകളുടെ നിരന്തര വായനയിലൂടെ ‘യേശുക്രിസ്തുവിന്റെ വിശിഷ്ടജ്ഞാനം’ ഗ്രഹിക്കാൻ വിശുദ്ധ വൈദീകാലോചനാസഭ (സിനഡ്) ആത്മാർത്ഥമായും വിശേഷവിധിയായും ഉദ്ബോധിപ്പിക്കുന്നു. (ഫിലോമോൻ 3, 8) ‘എന്തെന്നാൽ തിരുവെഴുത്തിനെ സംബ്ബന്ധിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ്’ [എന്ന് ജറോം പറഞ്ഞിരുന്നു].
തൽഫലമായി 1966-ൽ ഒരു കത്തോലിക്കാ പാരായണ ഗൈഡ് എന്ന പുസ്തകത്തിന്റെ രചയിതാക്കൾക്ക് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ഇപ്പോൾ നൂറ്റാണ്ടുകളായി ഒരു സാമാന്യ കത്തോലിക്കൻ ബൈബിളിനെ ഒരു ദിവ്യ നിശ്വസ്ത ഗ്രന്ഥമായും പാരമ്പര്യത്തോടൊപ്പം അതിനെ സർവ്വ കത്തോലിക്കാ പഠിപ്പിക്കലുകളുടെയും ഉറവിടമായും കരുതിപ്പോന്നിരിക്കുന്നു. പക്ഷേ ബൈബിൾ പാരായണത്തോടുള്ള തന്റെ സമീപനത്തിൽ അതീവ കരുതലുണ്ടായിരിക്കുന്നതിനും കഴിവതും വൈദീക, മതമേൽനോട്ടത്തിൽ അതു വായിക്കുന്നതിനും അയാൾ ബുദ്ധിയുപദേശിക്കപ്പെട്ടിട്ടുമുണ്ട് . . . സന്തോഷവശാൽ ഈ സ്ഥിതിക്ക് സമൂലമാറ്റം സംഭവിച്ചിരിക്കുന്നു. ഇന്ന് കത്തോലിക്കർ പുസ്തകങ്ങളുടെ പുസ്തകം വായിക്കുന്നതിന് എല്ലാ വശങ്ങളിൽ നിന്നും പ്രചോദിപ്പിക്കപ്പെടുകയും ബുദ്ധിയുപദേശിക്കപ്പെടുകയും അഭ്യർത്ഥിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.”—ഇറ്റാലിക്സ് ഞങ്ങളുടേത്.
സഭയുടെ അംഗീകാരമുള്ള പുസ്തകങ്ങളിൽ തിന്നെടുക്കപ്പെട്ട ഈ ഉദ്ധരണികളെല്ലാം കാണിക്കുന്നത് ബൈബിൾ മേലാൽ കത്തോലിക്കർക്ക് നിരോധിക്കപ്പെട്ട ഒരു ഗ്രന്ഥം അല്ല എന്നാണ്. എന്നിരുന്നാലും അവസാന ഉദ്ധരണി കാണിക്കുന്ന പ്രകാരം കത്തോലിക്കർ അവരുടെ സഭയുടെ പാരമ്പര്യവും കണക്കിലെടുക്കേണ്ടതുണ്ട് ഇത് ആത്മാർത്ഥതയുള്ള കത്തോലിക്കർക്കും സഭയ്ക്കുപോലും ഒരു പുതിയ പ്രശ്നം സൃഷ്ടിക്കുന്നു എന്ന് നാം പിൻവരുന്ന ലേഖനത്തിൽ കാണാൻ പോകയാണ്. (g86 6/8)