ദൈവം എങ്ങനെ സമാധാനം കൈവരുത്തും? എപ്പോൾ?
“നാഗരികത്വത്തിന്റെ ഉദയം മുതൽ മനുഷ്യന്റെ വിദഗ്ദ്ധസ്ഥാപനം സംസ്ഥാനങ്ങളായിരുന്നു . . . ഗോളമാസകലമുള്ള, ജീവിച്ചിരിക്കുന്ന മുഴുമനുഷ്യവർഗ്ഗതലമുറയെയും ഉൾക്കൊള്ളുന്ന ഒരൊറ്റ സംസ്ഥാനം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല.”
“എല്ലായ്പ്പോഴും നിരവധി സംസ്ഥാനങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട് . . . അവയുടെ സംഘട്ടനങ്ങൾ യുദ്ധങ്ങൾ വരുത്തിക്കൂട്ടിയിട്ടുണ്ട്, അവ നാഗരികത്വത്തിന്റെ വ്യാധികളിലൊന്നായിരുന്നിട്ടുണ്ട്.”
“ഇക്കാലത്തെ തദ്ദേശീയപരമാധികാര സംസ്ഥാനങ്ങളുടെ ആഗോള സമൂഹത്തിന് സമാധാനം നില നിർത്താൻ കഴിവില്ല.”—ആർനോൾഡ് റ്റോയിൻബി, മനുഷ്യവർഗ്ഗവും ഭൂമാതാവും.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളുടെ വെളിച്ചത്തിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള മുഖ്യ പ്രതിബന്ധങ്ങളിലൊന്ന് എന്താണ്? അത് പരമാധികാര രാഷ്ട്രങ്ങളായുള്ള മനുഷ്യവർഗ്ഗത്തിന്റെ വിഭജനമാണ്. കുറേകൂടെ ലളിതമായി പറഞ്ഞാൽ, അത് ദേശീയത്വമാണ്.
ചരിത്രകാരനായ ആർനോൾഡ് റ്റോയിൻബി ദേശീയത്വത്തെ വർണ്ണിച്ച പ്രകാരം അത് “മൂന്നു ക്രിസ്തീയാനന്തര പാശ്ചാത്യ പ്രത്യയ ശാസ്ത്രങ്ങളിൽ ഏറ്റവും ശക്തവും ഏറ്റവും ദുഷ്ടവുമാണ് [റ്റോയിൻബി പറയുന്നതനുസരിച്ച്, മറ്റുള്ളവ ‘ലോക കമ്മ്യൂണിസവും’ ‘ലോക മുതലാളിത്ത’വുമാണ്.] . . . ദേശീയത്വം മുഴുമനുഷ്യവർഗ്ഗത്തിന്റെയും ഏതാണ്ടു തൊണ്ണൂറു ശതമാനത്തിന്റെ ഏതാണ്ടു തൊണ്ണൂറു ശതമാനത്തോളം വരുന്നമതമാണ്.” എന്നിരുന്നാലും ദേശീയത്വം മനുഷ്യവർഗ്ഗത്തെ ആയിരക്കണക്കിനു വർഷങ്ങളിൽ ഭിന്നിപ്പിച്ചു നിർത്തിയിരിക്കുന്നു. അപ്പോൾ സമാധാനത്തിന്റെ ദൈവത്തിന് ഈ ബാധയെ എങ്ങനെ ഭൂമിയിൽനിന്ന് നിർമ്മാർജനം ചെയ്യാൻ കഴിയും?
ഒരുമാറ്റത്തിനുള്ള അടിസ്ഥാനം
ഒരു ശാന്തമായ വിധത്തിൽ മാറ്റം ഇപ്പോൾത്തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ലോകമാസകലമുള്ള ദശലക്ഷക്കണക്കിനാളുകളുടെ മനസ്സുകളിൽ സമാധാനത്തിന്റെ ദേശീയാതീത ചിന്തയുടെയും ബീജങ്ങൾ വിതയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് എങ്ങനെയാണു നിർവ്വഹിക്കപ്പെടുന്നത്? യഹോവയുടെ സാക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്ന ഭൂവ്യാപക വിദ്യാഭ്യാസവേലയാൽ. ഈ മതസമൂഹം രാഷ്ട്രീയമില്ലാത്തതാണെന്ന് അതിന്റെ രേഖയാൽ പ്രകടമാക്കിയിരിക്കുന്നു—രാഷ്ട്രീയവും ദേശീയവുമായ വിവാദപ്രശ്നങ്ങളിൽ തികച്ചും നിഷ്പക്ഷംതന്നെ. ക്രിസ്തുവിന്റെ ഉപദേശങ്ങളോടുള്ള അനുസരണത്തിലാണ് ഈ നിലപാട് അധിഷ്ഠിതമായിരിക്കുന്നത് ക്രമത്തിൽ അത് “ദൈവം സ്നേഹം ആകുന്നു” എന്ന അടിസ്ഥാന സത്യത്തിൽ അധിഷ്ഠിതമാണ്.—1 യോഹന്നാൻ 4:8.
യേശു പറഞ്ഞു: “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽതന്നെ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാകുന്നുവെന്ന് എല്ലാവരും അറിയും.” അവൻ ഇങ്ങനെയും പ്രസ്താവിച്ചു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിലും നിങ്ങളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിലും തുടരുക.” (യോഹന്നാൻ 13:35; മത്തായി 5:44) യേശുവിന്റെ വാക്കുകളുടെ വീക്ഷണത്തിൽ, അവന്റെ യഥാർത്ഥ അനുഗാമികൾക്ക് മേലാൽ എങ്ങനെ യുദ്ധം അഭ്യസിക്കാൻ കഴിയും? ദേശീയത്വം എന്ന നിർബ്ബന്ധിത അടിസ്ഥാനത്തിൽ അവർക്ക് എങ്ങനെ കൊല്ലാനും ദ്വേഷിക്കാനും കഴിയും? യഥാർത്ഥത്തിൽ, അവർക്കു കഴിയുകയില്ല!
അതുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ ഇപ്പോൾത്തന്നെ ഒരു ലോകവ്യാപക സഹോദരവർഗ്ഗമായിരിക്കുന്നത്, അത് ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യഭരണത്തിൻ കീഴിൽ ഇവിടെ ഭൂമിയിലെ ഒരു നൂതനക്രമത്തിലെ ജീവിതത്തിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സകല വർഗ്ഗങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലുംപെട്ട അയൽക്കാരുമായി സമാധാനത്തിൽ ജീവിക്കത്തക്കവണ്ണം ആളുകളെ പുനരഭ്യസിപ്പിക്കുക സാദ്ധ്യമാണെന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണവർ. ഒരർത്ഥത്തിൽ, ലോകമാസകലമുള്ള സകല മനുഷ്യവർഗ്ഗത്തിന്റെയും പ്രതിനിധികളെ ഉൾക്കൊള്ളുന്ന ഒരു സംഘടിതസമൂഹമാണ് അവർ ഇപ്പോൾത്തന്നെ. ഇപ്പോൾപോലും, ദശലക്ഷക്കണക്കിനു സാക്ഷികളും അവരുടെ സഹകാരികളും തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർത്തിരിക്കുന്നു! അവർ തങ്ങളുടെ സമസൃഷ്ടികൾക്കെതിരെ ആയുധമെടുക്കുന്നതിനോ മേലാൽ യുദ്ധമഭ്യസിക്കുന്നതിനോ മനസ്സുള്ളവരല്ല.—യെശയ്യാവ് 2:4.
വലിയ മാറ്റങ്ങൾ സമീപിച്ചിരിക്കുന്നു
ബൈബിൾ ഏതാണ്ട് 2500-ൽ പരം വർഷം മുമ്പ് അന്ത്യകാലത്തെ സംഭവങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും . . . അത് ഈ [മത്സരിക്കുന്ന രാഷ്ട്രീയ] രാജ്യങ്ങളെയെല്ലാം തകർത്ത് അവസാനിപ്പിക്കുകയും അനിശ്ചിതകാലങ്ങളോളം നിലനിൽക്കുകയും ചെയ്യും.” (ദാനിയേൽ 2:44) കർത്താവിന്റെ പ്രാർത്ഥനയിൽ ഈ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാനാണ് ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നത്. യഹോവയുടെ സാക്ഷികൾ ആ രാജ്യഗവൺമെൻറിനെ പ്രസിദ്ധമാക്കിക്കൊണ്ടിരിക്കുകയാണ്. “ദൈവത്തിന് ഭോഷ്കു പറയുക അസാദ്ധ്യമാണെ”ന്നുള്ളതുകൊണ്ട് ദൈവം അതു കൈവരുത്താതിരിക്കുകയില്ലെന്ന് അവർക്ക് അറിയും.—എബ്രായർ 6:18; തീത്തോസ് 1:2.
ഭൂമിയിൽ ദൈവം സമാധാനം കൈവരുത്തുന്നതിന് മറ്റൊരു വലിയ മാറ്റം ആവശ്യമാണ്—ആത്മീയ ഭരണാധിപത്യത്തിന്റെ ഒരു മാറ്റംതന്നെ. സാത്താൻ പോകണം. ക്രിസ്തുയേശു ഒരു രക്തസാക്ഷിയായി മരിക്കേണ്ടിയിരുന്നതിന്റെ കാരണങ്ങളിലൊന്ന് അതാണ്, “മരണം വരുത്താനുള്ള മാർഗ്ഗമുള്ളവനെ, അതായത് പിശാചിനെ, തന്റെ മരണത്താൽ നാസ്തിയാക്കുക” എന്നതുതന്നെ. (എബ്രായർ 2:14) വെളിപ്പാടിലെ പ്രവചനത്തിന് അനുസൃതമായി, പെട്ടെന്നുതന്നെ സാത്താൻ പ്രവർത്തനരഹിതനാക്കപ്പെടും. പിന്നീട് യുദ്ധപ്രചാരണം നടത്തുന്നതിന് അവനാൽ സ്വാധീനിക്കപ്പെടുന്ന രാഷ്ട്രീയ ഭരണാധികാരികൾ മേലാൽ ഉണ്ടായിരിക്കുകയില്ല. സമാധാനപ്രിയരായ ആളുകൾക്ക് ഭരണാധിപത്യത്തിനും പ്രശാന്തതക്കും വേണ്ടി സമാധാനത്തിന്റെ ദൈവത്തിലേക്ക് നോക്കാൻ കഴിയും.—വെളിപ്പാട് 20:1-3.
ഒരു മനോജ്ഞമായ ദർശനത്തിൽ ഈ പുതിയ സ്വർഗ്ഗീയ ഗവൺമെൻറ് ഭൂമിയെ ലക്ഷ്യമാക്കി പ്രവർത്തനനിരതമായിരിക്കുന്നത് യോഹന്നാൻ കാണുകയുണ്ടായി. സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നത് അവൻ കേട്ടു: “നോക്കൂ! ദൈവത്തിന്റെ കൂടാരം മനുഷ്യവർഗ്ഗത്തോടുകൂടെയാകുന്നു, അവൻ അവരോടുകൂടെ വസിക്കും, അവർ അവന്റെ ജനങ്ങളായിരിക്കും. . . . അവൻ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:1-4.
മനുഷ്യവർഗ്ഗത്തെയും, ദുരുപയോഗപ്പെടുത്തപ്പെട്ടതെങ്കിലും, മനോഹരമായ ഈ ഭൂമിയെയും സംബന്ധിച്ച ദൈവോദ്ദേശ്യങ്ങളറിയുന്നതിനാൽ നിങ്ങൾക്കും ഇപ്പോൾത്തന്നെ സമാധാനവും ഭാവിയിൽ പൂർണ്ണസമാധാനവും കണ്ടെത്താൻ കഴിയും. (g86 2/22)
[12-ാം പേജിലെ ആകർഷകവാക്യം]
ലോകമാസകലമുള്ള ദശലക്ഷക്കണക്കിനാളുകളുടെ മനസ്സുകളിൽ സമാധാനത്തിന്റെയും ദേശീയാതീത ചിന്തയുടെയും ബീജങ്ങൾ വിതയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്