ദൈവം ദുരിതം അനുവദിക്കുന്നതെന്തുകൊണ്ട്?
“മനുഷ്യവർഗ്ഗം ദുഷ്ടരായിരിക്കാൻ കഴിവുള്ളവരായിരിക്കുന്നതിൽ അനുപമരാണ്, എന്തുകൊണ്ടെന്നാൽ അവർ എന്തുചെയ്യുന്നു എന്നതു സംബന്ധിച്ചു ബോധവാൻമാരായിരിക്കുന്നതിലും കരുതിക്കൂട്ടി തെരഞ്ഞെടുപ്പു നടത്തുന്നതിലും അനുപമരാണ്.”—ചരിത്രകാരനായ ആർനോൾഡ് ടോയിൻബി, മനുഷ്യവർഗ്ഗവും ഭൂമാതാവും.
നമ്മളെല്ലാം കരുതിക്കൂട്ടിയുള്ള തീരുമാനങ്ങളെടുക്കുന്നു. നാം അനുദിനം അതു ചെയ്യുന്നു. നമ്മുടെ തീരുമാനങ്ങളിൽ മിക്കതും ദൈനം ദിന ജീവിതത്തിലെ നിസ്സാരകാര്യങ്ങളോടുബന്ധപ്പെട്ടവയാണ്. എന്തു തിന്നണം, എന്തു കുടിക്കണം, എന്തു ഉടുക്കണം, എവിടെ പോകണം എന്നിങ്ങനെ. എന്നാൽ ചില തീരുമാനങ്ങൾക്ക് ഗുരുതരമായ പരിണതഫലങ്ങളാണുള്ളത്. അവയ്ക്കു നമ്മുടെ ആയുസ്സിന്റെ ശേഷിച്ച ഭാഗത്തെ ബാധിക്കാൻ കഴിയും—അല്ലെങ്കിൽ നമ്മുടെ ആയുസ്സിനെ കുറയ്ക്കാൻപോലും കഴിയും.
ഒരു ഡോക്ടർ ഒരു ശാസ്ത്രക്രിയയ്ക്കു ശുപാർശ ചെയ്യുമ്പോൾ ഒരു തീരുമാനം ചെയ്യേണ്ടതിന്റെ ആവശ്യം ഉടൻതന്നെ പൊന്തിവരുന്നു. അത് അപകടസാദ്ധ്യതയെ അഭിമുഖീകരിക്കാൻ തക്ക മൂല്യമുള്ളതാണോ? ശാസ്ത്രക്രിയാവിദഗ്ദ്ധൻ എത്ര പരിചയ സമ്പന്നനും ആശ്രയയോഗ്യനുമാണ്? അത് എന്റെ ആയുസ്സിനെ നീട്ടുമോ അതോ കുറയ്ക്കുമോ? ഒരു ഗൗരവമുള്ള തീരുമാനം ചെയ്യേണ്ടിയിരിക്കുന്നു.
ചരിത്രത്തിൽ മുൻകാലത്ത് പിന്നീട് എക്കാലവും മനുഷ്യവർഗ്ഗത്തെ ബാധിച്ചിട്ടുള്ള കരുതിക്കൂട്ടിയുള്ള തീരുമാനങ്ങൾ എടുക്കപ്പെട്ടിട്ടുണ്ട്. ഈ തീരുമാനങ്ങൾക്ക് ദൈവം ദുരിതം അനുവദിക്കുന്നതെന്തുകൊണ്ട് എന്ന നമ്മുടെ ചോദ്യത്തോട് നേരിട്ടു ബന്ധമുണ്ട്.
മനുഷ്യൻ—‘ദുഷ്ടനായിരിക്കുന്നതിൽ അനുപമൻ’
ആദിമ ചരിത്രം സംബന്ധിച്ച ബൈബിൾ വിവരണം ഇച്ഛാസ്വാതന്ത്ര്യവും തെരഞ്ഞെടുപ്പു പ്രാപ്തിയുമുണ്ടായിരുന്ന ബുദ്ധിശക്തിയുള്ള ആദ്യസൃഷ്ടി മനുഷ്യനായിരുന്നില്ലെന്ന് സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ “ദുഷ്ടരായിരിക്കുന്നതിൽ” ഒന്നാമനോ “അനുപനോ” അവനായിരുന്നില്ല. മേൽത്തരത്തിൽപെട്ട ജീവികൾ—“ദൈവസമാനരായ” ആത്മജീവികൾ—നേരത്തെതന്നെ സ്ഥിതിചെയ്തിരുന്നു. അവർ ദൈവദൂതൻമാർ എന്നും വിളിക്കപ്പെടുന്നു.—സങ്കീർത്തനം 8:5.
ദശലക്ഷക്കണക്കിനുള്ള ഈ “ദൈവസമാനരിൽ”പെട്ട ഒരുവൻ, ആദ്യമനുഷ്യനും സ്ത്രീക്കും വേണ്ടി അവരുടെ സ്രഷ്ടാവായ യഹോവക്കു പകരം ഒരു യഥാർത്ഥ ദൈവീക ഭരണാധികാരിയായിത്തീരുന്നതിനുള്ള അവസരം കണ്ടു. സ്ത്രീയെയും അവളിലൂടെ അവളുടെ ഭർത്താവിനെയും ദൈവത്തോട് അനുസരണക്കേട് കാണിക്കാൻ പ്രേരിപ്പിക്കുന്നതിന് അവൻ തന്റെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് അവളോടു മന:പൂർവ്വം ഭോഷ്കു പറഞ്ഞു. ദൈവം ഒരു നൂണയനും വഞ്ചകനുമാണെന്ന് അവൻ സൂചിപ്പിച്ചു. സ്വതന്ത്രമായ ചിന്തയും പ്രവർത്തനവും, ദൈവം പ്രസ്താവിച്ചിരുന്നതുപോലെ, മരണത്തിലേക്കു നയിക്കുകയില്ലെന്ന് അവൻ അവളോടു പറഞ്ഞു. എന്നാൽ “നിങ്ങൾ നൻമതിൻമകളറിയുന്നവരായി ദൈവത്തേപ്പോലെയായിരിക്കേണ്ടതാണ്” എന്ന് അവൻ തറപ്പിച്ചു പറഞ്ഞു.—ഉൽപത്തി 3:15.
ഈ ദൈവസമാനനായവൻ തന്റെ പ്രവർത്തനഗതിയാൽ ദൈവത്തിന്റെ ഭരണാധിപത്യത്തിനെതിരെ ഒരു മത്സരം തുടങ്ങി—ദശലക്ഷക്കണക്കിന് ദൂതൻമാർ സാക്ഷ്യം വഹിച്ച ഒരു മത്സരംതന്നെ. ഈ വിധത്തിൽ നീതിയുക്തമായ പരമാധികാരത്തിന്റെ പ്രയോഗം ഒരു സാർവ്വത്രിക വിവാദവിഷയമായിത്തീർന്നു. ആ എതിരാളിയായ ദൂതൻ ദൈവത്തിന്റെ ശത്രു ആയിത്തീർന്നു, അത് എബ്രായയിൽ നിന്ന് വിവർത്തനം ചെയ്യുമ്പോൾ “സാത്താൻ” എന്നാണ്. ദൈവത്തിന്റെ സത്യതയെ സംശയത്തിലാക്കിയതിനാൽ സാത്താൻ ആദ്യത്തെ ദൂഷകനും ആയിത്തീർന്നു. ഗ്രീക്കിൽനിന്ന് അത് “പിശാച്” എന്നു വിവർത്തനം ചെയ്യപ്പെടുന്നു. ഈ ആദ്യമത്സരം മനുഷ്യവർഗ്ഗത്തിന്റെ ദുരിതങ്ങളിലേക്കു നയിച്ചിരിക്കുന്ന സംഭവപരമ്പരകൾക്ക് വഴി മരുന്നിട്ടു. ‘അത് എങ്ങനെ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം.
“ന്യൂനത അവരുടെ സ്വന്തമാണ്”
ഒന്നാമത്തെ മനുഷ്യനും സ്ത്രീക്കും ഒരു പരദീസാരംഗവിധാനത്തിൽ പൂർണ്ണതയുള്ള അനന്തജീവന്റെ പ്രതീക്ഷ അവരുടെ മുമ്പാകെയുണ്ടായിരുന്നു. അവർക്കും അവരുടെ മക്കൾക്കും ആ പരദീസാ ഒടുവിൽ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ആ പ്രതീക്ഷ ദൈവത്തോടുള്ള അവരുടെ വിശ്വസ്തതയിൻമേലാണ് ചുറ്റിത്തിരിഞ്ഞത്. അനുസരണക്കേട് ചിത്രത്തിൽ ഒരു പുതിയ ജനിതകഘടകം അവതരിപ്പിക്കുമായിരുന്നു—അപൂർണ്ണതയും മരണവും. അത് ഭാവിതലമുറകളിലേക്ക് കൈമാറപ്പെടും. എന്തു സംഭവിച്ചു?—ഉൽപത്തി 2:15-17.
“ഏക മനുഷ്യന്റെ [ആദാം] അനുസരണക്കേടിനാൽ അനേകർ പാപികളായി” എന്നും “മരണം അവൻ മുഖാന്തരം രാജാവായി ഭരിച്ചു”വെന്നും പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് വളരെ ലളിതമായി സാഹചര്യത്തെ വിശദീകരിക്കുന്നു. (റോമർ 5:17-19) ദൈവത്തിന്റെ പരമാധികാരത്തെ പരിത്യജിച്ചതിനാൽ ആദാമും ഹവ്വായും ദുരിതത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും പാതയിൽ മനുഷ്യവർഗ്ഗത്തിന് തുടക്കമിട്ടുകൊടുത്തു. മോശെ യിസ്രായേലിനെ സംബന്ധിച്ച് പറഞ്ഞതുപോലെതന്നെ, പൊതു മനുഷ്യവർഗ്ഗത്തെ സംബന്ധിച്ചും ഇങ്ങനെ പറയാൻ കഴിയും: “അവർ തങ്ങളുടെ സ്വന്തം ഭാഗത്ത് വിനാശകരമായി പ്രവർത്തിച്ചിരിക്കുന്നു; അവർ അവന്റെ മക്കളല്ല; ന്യൂനത അവരുടെ സ്വന്തമാണ്. വക്രതയും കോട്ടവുമുള്ള ഒരു തലമുറ.”—ആവർത്തനം 32:5.
തൽഫലമായി മനുഷ്യർ ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യത്തെ തെരഞ്ഞെടുക്കുകയും അവന്റെ ഭരണാധിപത്യത്തിൽ നിന്ന് അകന്നുപോകുകയും ചെയ്തിരിക്കുന്നു. എന്നാൽ അവർ എന്തിലേക്കാണു തിരിഞ്ഞിരിക്കുന്നത്? അവർ അറിഞ്ഞോ അറിയാതെയോ ‘അവിശ്വാസികളുടെ മനസ്സുകളെ കുരുടാക്കിയിരിക്കുന്ന ഈ വ്യവസ്ഥിതിയുടെ ദൈവ’ത്തിന്റെ പരമാധികാരത്തിന് കീഴ്പ്പെട്ടിരിക്കുകയാണ്. ( 2 കൊരിന്ത്യർ 4:4) അവർ “ഭോഷ്ക്കിന്റെ പിതാവായ” പിശാചിന്റെ കൈകളിൽ കരുക്കൾ ആയിത്തീർന്നിരിക്കുന്നു. (യോഹന്നാൻ 8:44) ഇത് അവർ ചെയ്തിരിക്കുന്നത് വിദ്വേഷത്തിലേക്കും വിപത്തിലേക്കും ദുരിതത്തിലേക്കും നയിച്ചിരിക്കുന്നു രാഷ്ട്രീയവും മതപരവുമായ മനുഷ്യനിർമ്മിത ഭരണാധിപത്യങ്ങളെ തെരഞ്ഞെടുത്തതിലൂടെയാണ്. പിശാചായ സാത്താൻ “മുഴുനിവസിത ഭൂമിയെയും വഴിതെറ്റിക്കുകയാണ് [വഞ്ചിക്കുകയാണ്, ലിവിംഗ് ബൈബിൾ]” എന്ന് ബൈബിൾ പറയുന്നത് ഒട്ടും അതിശയമല്ല.—വെളിപ്പാട് 12:9.
ദുരിതം അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?
സാത്താനെ അന്ന് ഏദെനിൽ വച്ചുതന്നെ നശിപ്പിച്ചുകൊണ്ട് യഹോവ മത്സരത്തെ മുളയിലെ നുള്ളിക്കളയാഞ്ഞതെന്തുകൊണ്ട്? സർവ്വശക്തൻ എന്ന നിലയിൽ അവന് തീർച്ചയായും അതു ചെയ്യുന്നതിനുള്ള ശക്തി ഉണ്ടായിരുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ ശക്തിയെ സാത്താൻ വെല്ലുവിളിച്ചിരുന്നില്ല. എന്നാൽ അവൻ അതു പ്രയോഗിക്കുന്ന വിധത്തെയാണ് വെല്ലുവിളിച്ചത്. ദൈവത്തിന്റെ പ്രസ്താവിത നിയമത്തിനെതിരെ വാദിച്ചതിനാൽ ദൈവത്തിന്റെ ഭരണവിധം തെറ്റാണെന്നും യഥാർത്ഥത്തിൽ അവന്റെ സൃഷ്ടികൾക്ക് പ്രയോജനകരമല്ലെന്നും സാത്താൻ ഫലത്തിൽ അവകാശവാദം ചെയ്യുകയായിരുന്നു. പരിശോധിക്കപ്പെടുമ്പോൾ മനുഷ്യൻ ദൈവത്തോടു വിശ്വസ്തതപാലിക്കുകയില്ലെന്നും കൂടെ അവൻ വാദിച്ചു. (ഇയ്യോബ്, 1-ഉം 2-ഉം അദ്ധ്യായങ്ങൾ) വെല്ലുവിളിയെ നേരിടാനും എന്നേക്കുമായി തീരുമാനം വരുത്താനും എങ്ങനെ കഴിയുമായിരുന്നു?
ഒരുപക്ഷേ യേശുവിന്റെ ഉപമകളിലൊന്നിലെ മുടിയനായ പുത്രനോട്, വഴിപിഴച്ച മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റെ ഇടപെടലിന്റെ വിധത്തെ താരതമ്യപ്പെടുത്താൻ കഴിയും. രണ്ടു പുത്രൻമാരുണ്ടായിരുന്ന ഒരു മനുഷ്യനെക്കുറിച്ചു യേശു പറഞ്ഞു. ഇളയവൻ അപ്പൻ ജീവിച്ചിരുന്നപ്പോൾത്തന്നെ തന്റെ വീതം ആവശ്യപ്പെട്ടു. അവൻ സ്വതന്ത്രനായി വീടുവിട്ടുപോകാനും തനിച്ച് ജീവിക്കാൻ തനിക്കു കഴിയുമെന്നുതെളിയിക്കാനും അവൻ ആഗ്രഹിച്ചു. പുത്രന്റെ അപേക്ഷ നിരസിച്ചുകൊണ്ടും അവനു രക്ഷപെടാൻ കഴിയാത്തവിധം അവനെ ഒരു മുറിയിൽ പൂട്ടിയിട്ടുകൊണ്ടും പിതാവിനു സത്വര നടപടി സ്വീകരിക്കാൻ കഴിയുമായിരുന്നു. അത് നിലനിൽക്കുന്ന എന്തെങ്കിലും ഉദ്ദേശ്യം സാധിക്കുമായിരുന്നോ? ഇല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ പുത്രൻ അപ്പോൾ തന്റെ ഇഷ്ടത്തിനു വിപരീതമായി കഴിയേണ്ടിവരുമായിരുന്നു. കൂടാതെ, അത് അവന്റെ ഇച്ഛാസ്വാതന്ത്ര്യത്തിന്റെ പ്രയോഗത്തെ അവനു നിഷേധിക്കുമായിരുന്നു. അതുകൊണ്ട് പിതാവ് എന്തു ചെയ്തു?
യേശു ഇങ്ങനെ വിശദീകരിച്ചു: “പിതാവ് വസ്തു അവർക്കായി ഭാഗം ചെയ്തു. ഏതാനും ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇളയ പുത്രൻ തനിക്കുള്ളവയെല്ലാം ഒന്നിച്ചുകൂട്ടി ഒരു വിദൂര രാജ്യത്തേക്കുപോയി. അവിടെ അവൻ നികൃഷടജീവിതം നയിച്ച് തന്റെ പണമെല്ലാം ധൂർത്തടിച്ചു.” കാര്യങ്ങൾ വളരെ വഷളായിത്തീർന്നതുകൊണ്ട് ഈ യഹൂദപുത്രൻ കൂലിക്ക് പന്നികളെ മേയിക്കുന്നവനായിത്തീർന്നു. പന്നികൾക്ക് തീറ്റിയുണ്ടായിരുന്നെങ്കിലും അവന് യാതൊന്നുമില്ലായിരുന്നു. യേശു ഇങ്ങനെ തുടർന്നു: “പിന്നീട് അവന് സുബോധം വന്ന് ഇങ്ങനെ പറഞ്ഞു: ‘എന്റെ പിതാവിന്റെ കൂലി വേലക്കാരിൽ എത്രപേർക്ക് ആവശ്യത്തിലധികം ആഹാരമുണ്ട്, എന്നാൽ ഇവിടെ ഞാൻ വിശപ്പിനാൽ മരിക്കുകയാണ്!” തന്നിമിത്തം അവൻ എന്തു ചെയ്തു? അനുതപിച്ച് വീട്ടിലേക്കു മടങ്ങിപ്പോകാനും തന്റെ പിതാവിന്റെ കരുണയിൽ ആശ്രയിക്കാനും തീരുമാനിച്ചു.—ലൂക്കോസ് 15:11-32, യരൂശലേം ബൈബിൾ.
ഇപ്പോൾ ആ ചെറുപ്പക്കാരനു സുബോധം തോന്നാൻ എന്താവശ്യമായിരുന്നു? സമയവും അനുഭവവും. പിശാച് കർശനമായ നടപടികൾ സ്വീകരിക്കാതെ തന്റെ വഴികളുടെ മൗഢ്യം കാണാൻ പുത്രനു സമയം അനുവദിച്ചു. യുവാവ് ഈ അനുഭവകാലത്ത് കഷ്ടപ്പെട്ടുവെന്നതു സത്യംതന്നെ, എന്നാൽ അത് അവനെ സുബോധത്തിലേക്കു വരുത്തി.
ഒരു വഴക്കം സ്ഥാപിച്ചിരിക്കുന്നു
ഉപമയിലെ പുത്രനോട് സമാനമായി നമ്മുടെ ആദ്യ മാനുഷ മാതാപിതാക്കൾ ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ പാത തെരഞ്ഞെടുത്തു. തീർച്ചയായും, മുടിയനായ പുത്രനിൽനിന്നു വ്യത്യസ്തമായി ആദാമും ഹവ്വായും ഒരിക്കലും തങ്ങളുടെ പിതാവിലേക്കു മടങ്ങിവന്നില്ല, എന്നാൽ അവരുടെ മത്സരഗതി നിമിത്തം മനുഷ്യവർഗ്ഗം ഒരു വിവാദവിഷയത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു, അത് ദൃശ്യരും അദൃശ്യരുമായ, ബുദ്ധിശക്തിയുള്ള സൃഷ്ടികളുടെ ദൃഷ്ടിയിൽ, സമയമനുവദിച്ചുകൊണ്ടു മാത്രമേ തീരുമാനിക്കാൻ കഴിയുമായിരുന്നുള്ളു. ദൈവത്തെയും അവന്റെ ആധിപത്യത്തെയും വിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ 6000 വർഷങ്ങൾക്കു ശേഷം എന്തു തെളിയിക്കപ്പെട്ടിരിക്കുന്നു? യിരെമ്യാപ്രവാചകൻ പ്രസ്താവിക്കുന്ന പ്രകാരം: “യഹോവേ, ഭൗമിക മനുഷ്യനുള്ളതല്ല അവന്റെ വഴിയെന്ന് എനിക്ക് നന്നായി അറിയാം. തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” (യിരെമ്യാവ് 10:23) “മനുഷ്യൻ അവനു ദ്രോഹം വരുമാറു മനുഷ്യനെ ഭരിച്ചിരിക്കുന്നു”വെന്ന് മനുഷ്യചരിത്രം പ്രകടമാക്കിയിരിക്കുന്നു. ഇതു മനസ്സിലാക്കിയിട്ടുള്ള അനേകർ, മുടിയനായ പുത്രനെപ്പോലെ, മാർഗ്ഗനിർദ്ദേശത്തിനായി തങ്ങളുടെ സ്വർഗ്ഗീയ പിതാവിലേക്ക് തിരിയുകയും, ദൈവത്തെ സേവിക്കുന്നതിൽനിന്ന് സകലരെയും അകറ്റാൻ കഴിയുമെന്നുള്ള സാത്താന്റെ അവകാശം സംബന്ധിച്ച് അവൻ അസത്യവാദിയാണെന്നു തെളിയിക്കുകയും ചെയ്യുന്നു.—സഭാപ്രസംഗി 8:9.
പെട്ടെന്നുതന്നെ യഹോവ അനുതാപമില്ലാത്ത സാത്താനും അവന്റെ സ്വതന്ത്രഗതിയെ പിന്താങ്ങുന്നവർക്കുമെതിരായി പ്രവർത്തിക്കുകയും മത്സരത്തിനും അതിന്റെ പരിണതഫലങ്ങൾക്കും അറുതിവരുത്തുകയും ചെയ്യും. സകല ഭാവി യുഗങ്ങളിലേക്കുമായി ഒരു വഴക്കം സ്ഥാപിക്കുന്നതിന് വേണ്ടത്ര സമയം കടന്നുപോയിരിക്കുന്നു. ഈ ഉദാഹരണം ഉള്ളതിനാൽ, ദൃശ്യമണ്ഡലത്തിലോ അദൃശ്യമണ്ഡലത്തിലോ യഹോവ ഏതെങ്കിലും ഭാവി മത്സരം അനുവദിക്കേണ്ട ആവശ്യം മേലാൽ ഉണ്ടായിരിക്കയില്ല. ദൈവത്തിൽനിന്ന് അകന്ന സാത്താനോ മനുഷ്യനോ നീതിനിഷ്ഠമായ ഒരു രീതിയിൽ ആധിപത്യം നടത്താൻ കഴികയില്ലെന്ന് സമയവും അനുഭവവും പ്രകടമാക്കിയിരിക്കുന്നു.—വെളിപ്പാട് 16:14-16; 20:1-3.
ഇതിനിടയിൽ മനുഷ്യവർഗ്ഗം ഭയങ്കരദുരിതവും മിക്കപ്പോഴും അകാല മരണവും അനഭവിക്കേണ്ടിവന്നിട്ടുണ്ടെന്നുള്ളതു സത്യംതന്നെ. എന്നാൽ യഹോവ ഇതിന് പരിഹാരവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്ങനെ? അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ച പ്രകാരം: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും ഒരു പുനരുത്ഥാനം ഉണ്ടാകാൻ പോകുന്നുവെന്ന് എനിക്ക് ദൈവത്തിങ്കൽ പ്രത്യാശയുണ്ട്.” (പ്രവൃത്തികൾ 24:15) ഭൂമിയിലെ പൂർണ്ണതയുള്ള ജീവന്റെ അവസരത്തിലേക്കുള്ള കാരുണ്യപ്രവർത്തനമായിരിക്കും. അപ്പോൾ ഓരോരുത്തരും യഥാർത്ഥ ജീവന്റെ ദാനത്തോട് വിലമതിപ്പു പ്രകടമാക്കാൻ പ്രാപ്തനായിരിക്കും.
“പുതിയ ആകാശങ്ങളുടെയും പുതിയ ഭൂമിയുടെയും” ക്രമീകരണത്തിൻ കീഴിൽ മുൻദുരിതങ്ങൾ ക്രമേണ വിസ്മരിക്കപ്പെടും, പകരം ഫലപ്രദവും സന്തുഷ്ടവുമായ അനന്തജീവന്റെ അനുഗ്രഹങ്ങൾ കൈവരുന്നതിനാൽത്തന്നെ. ബൈബിൾ പറയുന്ന പ്രകാരം: “മുൻ കാര്യങ്ങൾ ഓർക്കുകയില്ല.” (യെശയ്യാവ് 65:17; 2 പത്രോസ് 3:13; വെളിപ്പാട് 21:1-4) എന്നാൽ ഇതു സാദ്ധ്യമാണെന്ന് നമുക്ക് എങ്ങനെ തിട്ടപ്പെടുത്താൻ കഴിയും? ഏതു മാറ്റങ്ങൾ നിത്യസമാധാനത്തെ ഒരു യാഥാർത്ഥ്യമാക്കിത്തീർക്കും? (g86 2/22)
[9-ാം പേജിലെ ആകർഷകവാക്യം]
ഇച്ഛാ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള പ്രാപ്തിയുമുള്ള, ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള ആദ്യസൃഷ്ടി മനുഷ്യനായിരുന്നില്ല
[9-ാം പേജിലെ ആകർഷകവാക്യം]
അനുസരണക്കേട് ചിത്രത്തിൽ ഒരു പുതിയ ഘടകം അവതരിപ്പിക്കുമായിരുന്നു
[10-ാം പേജിലെ ചിത്രം]
സമയവും അനുഭവവും മുടിയനായ പുത്രൻ അവന്റെ പിതാവിൻമേലുള്ള അവന്റെ ആശ്രയത്തെ തിരിച്ചറിയാനിടയാക്കിയതുപോലെ, ഇക്കാലത്ത് അനേകർ ദൈവത്തെക്കൊണ്ടുള്ള തങ്ങളുടെ ആവശ്യം തിരിച്ചറിയാനിടയായിരിക്കുന്നു