ഇന്നു രാത്രി ഞങ്ങൾ നേടി!
എന്റെ കാൽപത്തി പൂർണ്ണമായി എന്റെ എതിരാളിയുടെ മുഖത്ത് പതിച്ചു! മിന്നൽ പോലെ വട്ടം കറങ്ങി, അയാൾ കാൽകൊണ്ട് എന്റെ സമനില തെറ്റിക്കാൻ ശ്രമിക്കുകയും അതിനെ തുടർന്ന് പുറംകാൽകൊണ്ട് എന്റെ വയറിൽ തൊഴിക്കുകയും ചെയ്തു. ഞങ്ങൾ നിയമാനുസൃതമായ എല്ലാതരം തൊഴികളും ഇടികളും പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്തു.
അത് 1978 മെയ് 19-ലായിരുന്നു. അന്ന് ഞാനും എന്റെ എതിരാളിയായ ഗിൽബെർട്ട് ലെടോസോയും പാരീസിലെ ഹോട്ടൽ മെരിഡിയനിൽ ഫ്രഞ്ച് നാഷനൽ ചാമ്പ്യൻഷിപ്പിനുവേണ്ടി പോരാടുകയായിരുന്നു. ഗിൽബെർട്ടും ഞാനും പാരീസ് നഗരപ്രാന്തത്തിലെ തെരുവുപോരാട്ടങ്ങളിലൂടെ ഒരുതരം ഫ്രഞ്ച് ബോക്സിംഗായ സവേറ്റിന്റെ അടിസ്ഥാന പാഠങ്ങൾ പഠിച്ചിരുന്നു. (അടുത്ത പേജ് കാണുക.)
നിറഞ്ഞുനിന്ന ജനക്കൂട്ടം വികാരഭരിതരായി ആർപ്പുവിളിച്ചുകൊണ്ട് ഇളകിമറിയുകയായിരുന്നു, പക്ഷേ ഞാൻ നിരാശയിലായിരുന്നു. ‘എന്തെങ്കിലും കുഴപ്പം സംഭവിക്കുന്നെങ്കിലെന്ത്? ഞാൻ അയാളെ കഠിനമായി മുറിവേൽപ്പിക്കുന്നെങ്കിലെന്ത്? ഈ വിധത്തിൽ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു, പുകനിറഞ്ഞ, ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രയാസമാക്കിത്തീർത്തു. അപ്പോൾ എനിക്ക് കേന്ദ്രീകരിക്കാൻ കഴിയുന്ന ശ്രദ്ധയുടെ ഓരോ കണികയും ആവശ്യമായിരുന്നു.
നാലാം റൗണ്ടോടെ ഗിൽബെർട്ട് ഗുരുതരമായ ക്ഷീണത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അയാൾക്ക് സ്വയം സംരക്ഷിക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. അയാളുടെ ഇടികളിൽ ഊറ്റം കുറവുണ്ടായിരുന്നു. എന്നെ സംബന്ധിച്ചാണെങ്കിൽ, ഞാൻ നിഷ്പ്രയാസം പ്രതിപ്രവർത്തനം നടത്തിയിരുന്നു. ഞാൻ വട്ടം കറങ്ങി ശക്തിയായി ഒരിടി കൊടുത്തു. അതോടെ എന്റെ എതിരാളി താഴെ വീണു. ഗിൽബെർട്ട് പൊടുന്നനെ എഴുന്നേറ്റെങ്കിലും അയാൾ ആടുകയാണെന്ന് വ്യക്തമായിരുന്നു. രണ്ടാമത്തെ ഇടി അയാളെ സ്പോഞ്ചിലേക്ക് എറിയാനുള്ളതായിരുന്നു. ഫ്രഞ്ച് ദേശീയ കിരീടം ഞാൻ നേടിക്കഴിഞ്ഞു!
ഏതാനും മാസങ്ങൾക്കു മുൻപായിരുന്നെങ്കിൽ, ഞാൻ ഈ മഹനീയ നിമിഷങ്ങൾ—ജനക്കൂട്ടത്തിന്റെ ആർപ്പുകളോടൊപ്പം, കളിയിലെ സുപ്രധാന നിമിഷങ്ങൾ ഉച്ചഭാഷിണികൾ വിളിച്ചു പറയുന്നു—എത്രകണ്ട് ആസ്വദിക്കുമായിരുന്നു! പക്ഷേ, ഇതേ രാത്രിയിൽ, ഈ ബഹുമതികളെല്ലാം—മഹത്വവും പ്രസിദ്ധിയും ഭാവി ഉടമ്പടികളും—എന്നെ തികച്ചും അശ്രദ്ധനാക്കിക്കൊണ്ട് എന്നെ വിട്ടുപോയി.
ഞാൻ ജനക്കൂട്ടത്തിനിടയിൽ എന്റെ ഭാര്യയുടെ പ്രകാശമാനമായ മുഖം കാണാനിടയായി. വ്യക്തമായും ഞാൻ എന്റെ തീരുമാനത്തിൽ നിന്നും പിന്നോക്കം പോവുകയില്ലെന്ന് എന്റെ മുഖഭാവത്തിൽനിന്ന് അവൾക്ക് പറയാൻ കഴിയുമായിരുന്നു. “ഇന്ന് രാത്രി ഞങ്ങൾ നേടി!” എന്ന് ഞങ്ങൾക്ക് സത്യമായി പറയാൻ കഴിഞ്ഞു. ഞാൻ ബോക്സിംഗ് മൽസരത്തിലെ സകല പങ്കുപറ്റലും ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനമെടുത്തതിനാൽ ഞങ്ങൾ വാസ്തവമായി വിജയിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ മറ്റൊരു പോരാട്ടത്തിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ ഇത്തവണ ഞങ്ങൾ ഒരുമിച്ചായിരുന്നു.
അക്രമത്തെ അക്രമംകൊണ്ട് നേരിടുന്നു
ഞാൻ 1947-ൽ പാരീസ് നഗരപ്രദേശമായ റുവെയിൽ—മാൽപ്പെയിസണിലാണ് ജനിച്ചത്. അവിടെയാണ് നെപ്പോളിയന്റെ ആദ്യഭാര്യയായ ജോസഫൈൻ ഒരിക്കൽ താമസിച്ചിരുന്ന കൊട്ടാരം സ്ഥിതിചെയ്തിരുന്നത്. അവിടെ വച്ച് പിന്നീട് അവൾ മരിക്കുകയും ചെയ്തു. ഞങ്ങളുടേത് ജോലിക്കാരുടെ ഒരു കുടുംബമായിരുന്നു. അധികനാൾ കഴിയുന്നതിനുമുമ്പ് ഞാൻ ലോകത്തിലെ സകല അനീതിക്കുമെതിരെ രോഷാകുലനായി. എല്ലാ കുഴപ്പങ്ങളും നേരെയാക്കാൻ ഞാൻ ആഗ്രഹിച്ചു. ഒരു നിയമജ്ഞനാകാനുള്ള പ്രതീക്ഷയിൽ ഞാൻ 1967-ൽ നിയമം പഠിക്കാനാരംഭിച്ചു. ആ സമയത്ത് ഫ്രഞ്ച് സർവ്വകലാശാലകളിൽ കുഴപ്പങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് പാരീസിലെ മറ്റൊരു ജില്ലയായ നൻറ്റേ റെയിൽ, അവിടെയാണ് ഞാൻ പഠിച്ചുകൊണ്ടിരുന്നത്. അത് തീവ്രവാദികളായ രാഷ്ട്രീയ ഘടകങ്ങൾ തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിന്റെ ഒരു കാലഘട്ടമായിരുന്നു.
ഏതാനും വർഷങ്ങൾക്കു മുൻപ് ഫുട്ബോൾ സംഘടനയിൽനിന്നും ഉടമ്പടിപ്രകാരമുള്ള ഒരു തൊഴിൽ ഞാൻ സ്വീകരിച്ചിരുന്നു. എന്നാൽ സ്റ്റേഡിയങ്ങളിൽ നടമാടിയിരുന്ന വലിയ അക്രമം മൂലം ഞാൻ അത് ഉപേക്ഷിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ഞാൻ പോരാട്ടക്കളികളിലേക്ക് തിരിഞ്ഞു. എനിക്ക് ഈ മനോഭാവമുണ്ടായിരുന്നു. ‘എനിക്ക് എത്ര നന്നായി കിട്ടുന്നുവോ അത്രയും നന്നായി കൊടുക്കാനും ഞാൻ പഠിക്കും.’ സർവ്വകലാശാലയിലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിന്റെ വീക്ഷണത്തിൽ എനിക്ക് എന്നെത്തന്നെ എങ്ങനെ പ്രതിരോധിക്കാമെന്ന് അറിയാമെങ്കിൽ, മറ്റുള്ളവർ എന്നെ ആക്രമിക്കുകയില്ലെന്ന് ഞാൻ കണക്കുകൂട്ടി. ഞാൻ ധാരാളം കളികൾ പരീക്ഷിച്ചശേഷം, അവസാനം ചുറ്റുപാടുമുണ്ടായിരുന്നതും ഫ്രഞ്ച് ബോക്സിംഗിൽ നിന്നും രൂപംകൊണ്ടതുമായ ഒരു കായികവിനോദമായ സവേറ്റ് തെരഞ്ഞെടുത്തു. സവേറ്റ് കയ്യും കാലും ഉപയോഗിച്ചുള്ള ഒരു “സുസജ്ജമായ” പോരാട്ടമായിരുന്നതിനാൽ അത് എന്നെ ആകർഷിച്ചു.
കുഴപ്പം നിറഞ്ഞ ഒരു കാലഘട്ടം
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയെട്ട് മെയ്യിൽ സർവ്വകലാശാലകളിലെ തീവ്രവാദി സംഘങ്ങൾ രാഷ്ട്രീയവും സാമൂഹ്യവുമായ മാറ്റത്തിനുവേണ്ടി സമ്മർദ്ദം ചെലുത്തി. ഞങ്ങളുടെ വിദ്യാർത്ഥി പ്രകടനങ്ങളോട് അനുകമ്പ തോന്നിയ ജോലിക്കാർ, ഞങ്ങളെ അവിചാരിതമായി പിന്താങ്ങിയതിൽ ഞങ്ങൾ അതിശയിച്ചു പോയി. പിന്നീട്, ആ തൊഴിലാളി സംഘടനകൾ തങ്ങളുടെതന്നെ പ്രകടനജാഥകളിലും പൊതു സമരത്തിന് ജോലിക്കാരെ ആഹ്വാനം ചെയ്യുന്നതിലും ഒരുമിച്ചുനിന്നു. അങ്ങനെ 1968 മെയ്-ജൂണുകളിൽ ഫ്രാൻസ് ധാർമ്മികമായി തളർന്നു.
കുറെക്കൂടെ നീതിയും മനുഷ്യത്വവുമുള്ള ഒരു സമൂഹത്തിനുവേണ്ടിയുള്ള പൊതുവായ ആഗ്രഹത്തെ തട്ടിയുണർത്തിയ ഒരു പ്രത്യേകതരം രാസത്വരകമെന്ന പോലെ ഞങ്ങൾ ഞങ്ങളെത്തന്നെ ഒരു പ്രസ്ഥാനമായി കരുതിയതിനാൽ വിദ്യാർത്ഥികളായ ഞങ്ങളുടെയിടയിൽ ആഹ്ലാദത്തിന്റേതായ ഒരു മനോഭാവം നിലനിന്നു. ആദ്യം ധാർമ്മികഗുണം ഉള്ളതായി കാണപ്പെട്ട ഈ പ്രസ്ഥാനത്തിന് ഞാനും എന്നെത്തന്നെ പൂർണ്ണമായും അർപ്പിക്കുകയുണ്ടായി. മാത്രമല്ല, എന്റെ ശരീരപ്രകൃതി പാരീസിലെ ലാറ്റിൻ ഭാഷാപ്രദേശത്തെ വിദ്യാർത്ഥി പ്രകടനങ്ങളുടെ സമയത്ത് പോലീസുകാരിൽനിന്നും ഓടിയകലുന്നതിന് എറ്റവും ഉപയോഗപ്രദമെന്ന് തെളിഞ്ഞു എന്നും കരുതുക.
എന്നിരുന്നാലും, ഞാൻ പെട്ടെന്ന് നിരാശനായി. കാരണം ഞങ്ങളുടെ പ്രകടനങ്ങൾ അക്രമത്തിലേക്ക് തിരിയാൻ തുടങ്ങി. കാംക്ഷിച്ചിരുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ മാറ്റങ്ങൾ ഒരിക്കലും സഫലമായില്ല. കൂടാതെ, കൂടുതൽ ധർമ്മ ദീക്ഷയും സൗഹൃദവുമുള്ള ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ പ്രതീക്ഷ താൽകാലികവും മിഥ്യയുമായ ഭൗതിക നേട്ടങ്ങളാൽ മങ്ങിത്തുടങ്ങി. നിജസ്ഥിതി പുറത്തുവന്നു. അങ്ങനെ എനിക്ക് മനുഷ്യനിലും അവന്റെ പദ്ധതികളിലും തത്വങ്ങളിലും ഉള്ള മുഴുവിശ്വാസവും നഷ്ടപ്പെട്ടു.
വ്യക്തിപരമായ നേട്ടങ്ങൾ
എന്നിരുന്നാലും, പട്ടാളസേവനത്തിനു പോകുന്നതിനുമുമ്പ് സർവ്വകലാശാലയിൽ നിന്ന് ബിരുദമെടുക്കുന്നതിൽ ഞാൻ വിജയിച്ചു. എന്റെ തിരിച്ചുവരവിനുശേഷം, ഞാൻ വീണ്ടും കായിക വിനോദങ്ങൾ സ്വീകരിച്ചു. മുഖ്യമായും സവേറ്റ് തന്നെ. എന്റെ പ്രയത്നത്തിന് പ്രതിഫലം ലഭിച്ചു. എന്തുകൊണ്ടെന്നാൽ ഞാൻ ആറുപ്രാവശ്യം ഫ്രാൻസിന്റെ ചാമ്പ്യനായിരുന്നു. ഞാൻ നൂറോളം കപ്പുകളും മെഡലുകളും നേടിയതു കൂടാതെ അനേക പ്രാവശ്യം ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അതിനുപുറമേ, ഞാൻ സംസ്ഥാനത്തെ മികച്ച ഒരു അദ്ധ്യാപകനായിത്തീരുകയും യൂറോപ്പിലെ ഏറ്റവും കൂടുതൽ അംഗത്വമുള്ളതെന്ന് പുകഴ്ത്തപ്പെട്ട റൂവെയിൽ—മാൽമെയിസനിലെതുൾപ്പെടെ നാല് സ്പോർട്ട്സ് ക്ലബ്ബുകൾ നടത്തുകയും ചെയ്തു. കൂടാതെ ഞാൻ അനേകം സംഘടനകളുടെ മേൽനോട്ടം വഹിച്ചിരുന്നു. ഒരു സ്പോർട്ട്സ് മാസിക തയ്യാറാക്കിയിരുന്നു. കൂടാതെ ഫ്രഞ്ച് ബോക്സിംഗ് ആൻഡ് സവേറ്റ് ഫെഡറേഷന്റെ ബോർഡ് ഡയറക്ടർമാരിലൊരാളുമായിരുന്നു.
ഒരു സത്വര മാറ്റം
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴ് ഒക്ടോബറിൽ യഹോവയുടെ സാക്ഷികളിൽ പെട്ട രണ്ട് പേർ എന്റെ ഭാര്യയുമായി സമ്പർക്കത്തിൽ വരുകയും പെട്ടെന്നുതന്നെ ഒരു ബൈബിളദ്ധ്യയനം ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ ഞാൻ യഹോവയുടെ സാക്ഷികൾക്കെതിരെ മുൻവിധിയോടെ പെരുമാറുകയോ, മറിച്ച് അവരോട് കൂടുതൽ ചായ്വ് കാണിക്കുകയോ ചെയ്തിരുന്നില്ല. ഒരു നിരാശനായ കത്തോലിക്കനെന്ന നിലയിൽ എനിക്ക് ബൈബിൾ പഠിക്കാനുള്ള അവസരം ഒരിക്കലും ലഭിച്ചിരുന്നില്ല. അതിനാൽ എന്റെ ഭാര്യയ്ക്കു അതിനുള്ള അവസരം എന്തിന് നിഷേധിക്കണം? ആ കാലഘട്ടത്തിൽ ഞങ്ങളുടെ ബന്ധുക്കളിൽ ചിലർ സാക്ഷികൾ വിചിത്രമായ ഒരു മതവിഭാഗമാണെന്ന് പറഞ്ഞുകൊണ്ട് ബൈബിൾ ചർച്ചകളെ എതിർക്കാൻ തുടങ്ങി. അതുകൊണ്ട് എനിക്ക് പ്രിയങ്കരങ്ങളായിരുന്ന 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാനതത്വങ്ങളുടെയും മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ എന്റെ ഭാര്യയ്ക്കുവേണ്ടി വാദിക്കാൻ എനിക്ക് കടപ്പാടുണ്ടെന്ന് തോന്നി.
എതിർത്ത ബന്ധുക്കളിൽ ഒരാൾ എന്റെ ഒരു ബോക്സിംഗ് ക്ലാസ്സിൽ വരാനിടയാവുകയും ഞാൻ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നിരിക്കുന്നു എന്ന കിംവദന്തി പരത്താൻ ആരംഭിക്കുകയും ചെയ്തു. അതുകൊണ്ട് ഓരോ പാഠത്തിലും, ഞാൻ മറ്റുള്ളവരുടെ വാരിയെല്ലിലും താടിയിലും നിരവധി പരുക്കുകൾ ഏൽപ്പിച്ചുകൊണ്ട്, ഞാൻ ഇതുവരെ ഒരു സത്യക്രിസ്ത്യാനി അല്ലെന്ന് പൂർണ്ണമായും വ്യക്തമാക്കുന്ന വിധങ്ങളാൽ ഞാൻ എന്റെ ആധിപത്യം സ്ഥാപിച്ചുപോന്നു!
വിശദീകരിക്കാനാവാത്ത ഈ എതിർപ്പ് എന്റെ ജിജ്ഞാസ ഉണർത്തി. അതിനാൽ ഞാൻ അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ വിശദീകരിക്കുന്ന നിത്യജീവനിലേക്ക് നയിക്കുന്ന സത്യം എന്ന പുസ്തകം പരിശോധിച്ചു. ഞാൻ വെറും രണ്ട് സായാഹ്നങ്ങൾകൊണ്ട് അതിലെ വിവരങ്ങൾ അകത്താക്കി. ഞാൻ നേരത്തെതന്നെ രാഷ്ട്രീയം, ചരിത്രം, തത്വശാസ്ത്രം എന്നിവയിൽ നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചിരുന്നു, എന്നാൽ അവയെല്ലാം അപൂർണ്ണമായി, അപര്യാപ്തമായി, ന്യൂനതയുള്ളതായി—പരസ്പര വൈരുദ്ധ്യം ഉള്ളതായും—കാണപ്പെട്ടിരുന്നു. മഹത്തായ സാങ്കേതികവും ശാസ്ത്രീയവുമായ നേട്ടങ്ങളുള്ള ഈ 20-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ കഴിവുകേട് വലിയ വിരോധാഭാസമായി എനിക്ക് തോന്നി. ഞാൻ മുൻപ് വായിച്ചിട്ടുള്ളതിലെല്ലാം വിപരീതമായി, മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചും ഭാവിയേക്കുറിച്ചും അവന്റെ നിലനിൽപ്പിന്റെ കാരണങ്ങളെക്കുറിച്ചും ഈ പുസ്തകം സമഗ്രമായ ഒരു വിശദീകരണം നല്കി.
പെട്ടെന്ന്, ഈ മുഴു അറിവും അല്പാൽപ്പമായി കൂടിച്ചേർന്ന് ഒരു ഉറപ്പുള്ള, അടുക്കുള്ള, യുക്തിയുക്തമായ ഒന്നാകാൻ തുടങ്ങി. മുഴുമനുഷ്യചരിത്രവും—അതിന്റെ യുദ്ധങ്ങളോടും മതങ്ങളോടും സംസ്കാരങ്ങളോടുംകൂടിയ—സർവ്വവും ഒരേ മാതൃകയിൽ സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു, അതുവരെ എനിക്ക് അജ്ഞാതമായ ഒരു അതിശയകരമായ ഉദ്ദേശ്യംതന്നെ. എല്ലാത്തിനുമുപരിയായി, ലോക കാര്യാദികളിലെ യേശുവിന്റെ ഭാവി ഇടപെടലിന്റെ അടയാളമെന്ന നിലയിൽ ഈ നാളുകളിലെ സംഭവങ്ങളെക്കുറിച്ചുള്ള അവന്റെ വിവരണത്തിന്റെ കൃത്യതയാൽ ഞാൻ അന്ധാളിച്ചുപോയി. (മത്തായി 24; ലൂക്കോസ് 21) ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് എനിക്ക് ബോദ്ധ്യമായി. പക്ഷേ അതിൽ അടങ്ങിയിരിക്കുന്നതെല്ലാം മനസ്സിലാക്കുന്നതിന് മുൻപ് എനിക്ക് മറ്റ് പടികൾ ആവശ്യമായി വന്നു.
ആദ്യ സമ്പർക്കങ്ങൾ
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിലെ വസന്തത്തിൽ എന്റെ ഭാര്യ ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ്മ ആചരിക്കുന്നതിനായി യഹോവയുടെ സാക്ഷികളാൽ ഓരോ വർഷവും നടത്തപ്പെടുന്ന ഒരു ആഘോഷമായ സസ്മാരകത്തിന് ക്ഷണിക്കപ്പെട്ടു. ഞാനും ഹാജരാകാൻ ആഗ്രഹിച്ചു. പക്ഷേ രാത്രി 9:30-നു മുമ്പ് അവസാനിക്കാത്ത ഒരു ബോക്സിംഗ് ക്ലാസ്സ് എനിക്കുണ്ടായിരുന്നു. എന്നിരുന്നാലും അന്നു വൈകിട്ട് 15 ശതമാനം കുട്ടികൾ മാത്രമേ ക്ലാസ്സിൽ ഹാജരുണ്ടായിരുന്നുള്ളു. കൂടാതെ വിദ്യാർത്ഥികളിലനേകരും സജ്ജരല്ലാതിരുന്നതിനാലും പാഠം രാത്രി 7:45-ന് അവസാനിച്ചു. യുവാക്കൾക്കു വേണ്ടി നടത്തിയ അന്നത്തെ ക്ലാസ്സിൽ അപ്രതീക്ഷിതമായി ഒരു പ്രായപൂർത്തിയായ മനുഷ്യനുണ്ടായിരുന്നു. ക്ലാസ്സ് അവസാനിച്ചപ്പോൾ അയാളുടെ ഭാര്യയുടെ കാർ അല്പകാലമായി തകരാറിലായിരിക്കുന്നതിനാൽ അയാൾക്ക് അവളെ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടുപോരേണ്ടതുണ്ടെന്ന് അയാൾ പറഞ്ഞു. ഇതിൽനിന്നും, എന്റെ ഭാര്യ സ്മാരകത്തിനു ഹാജരായിരിക്കുന്ന രാജ്യഹോൾ കടന്നാണ് അയാൾ കാറോടിച്ചു പോകുന്നതെന്ന് എനിക്ക് മനസ്സിലായി. എന്നെ ഇടയ്ക്ക് ഇറക്കാൻ ആവശ്യപ്പെടത്തക്കവണ്ണം ഈ കാര്യങ്ങളെല്ലാം അത്രയധികം ഒത്തുവന്നു. ഞാൻ എന്റെ ഭാര്യയോടൊപ്പം മീറ്റിംഗിൽ പങ്കുചേരുകയും ചെയ്തു.
എന്റെ ചമയം ഗണ്യമാക്കാതെ—ഞാൻ ജീൻസ് ധരിച്ചിരുന്നു, ചാറ്റൽ മഴയാൽ എന്റെ തലമുടി അപ്പോഴും നനഞ്ഞിരുന്നു—എനിക്ക് ഊഷ്മളമായ സ്വാഗതം നൽകപ്പെട്ടു. എന്റെ സ്പോട്ട്സ് ബാഗ് നിറയെ ബോക്സിംഗ് ഉറകളായിരുന്നു എന്ന് ആർക്ക് ഊഹിക്കാൻ കഴിയുമായിരുന്നു? മീറ്റിംഗ് കഴിഞ്ഞപ്പോൾ സാക്ഷികളിൽ ഒരാൾ കടന്ന് വന്ന് എന്നോട് സംസാരിച്ചു. ഞാൻ സത്യം പുസ്തകത്തിൽ വായിച്ചിരുന്നത് എനിക്ക് നേരത്തെ ബോദ്ധ്യപ്പെട്ടിരുന്നതിനാൽ അയാൾക്കുള്ളതിനെക്കാൾ കുറഞ്ഞ ശ്രദ്ധയേ ഞാൻ അയാൾ പറഞ്ഞതിന് നൽകിയുള്ളു. ഞാൻ അയാളെ നിരീക്ഷിച്ചു. ഞാൻ കണ്ട കാര്യങ്ങൾ ഇത് മതഭ്രാന്തല്ലെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. അധികം താമസിയാതെ ഞാനും ബൈബിൾ പഠിക്കാൻ തുടങ്ങി.
ഒരു പുതിയ വ്യക്തിത്വം
തുടക്കത്തിൽ വിവരിച്ച, ചാമ്പ്യൻഷിപ്പിനുവേണ്ടിയുള്ള എന്റെ അവസാന പോരാട്ടം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി വെറും ഒരു മാസത്തിനു ശേഷമാണ് നടന്നത്. എന്റെ ഇരട്ടവിജയത്തിനുശേഷം, എന്റെ തോളിൽ നിന്നും ഒരു വലിയ ഭാരം നീങ്ങിപ്പോയതായി എനിക്ക് തോന്നി. ഞാൻ മൽസരങ്ങൾ നിർത്തിയതിനാൽ എന്റെ ഇപ്പോഴത്തെ നില യഹോവയാം ദൈവവുമായി പൊരുത്തത്തിലാണെന്ന് ഞാൻ ചിന്തിച്ചു. എന്നിരുന്നാലും ഇപ്പോഴും മറ്റ് വ്യതിയാനങ്ങൾ വരേണ്ടിയിരുന്നു.
യഹോവയുടെ സാക്ഷികളുടെ പ്രാദേശിക മീറ്റിംഗുകളിൽ ക്രമായി ഹാജരാകുന്നതിനായി എന്റെ ജൻമസ്ഥലമായ റൂവെയിൻ—മാൽമെയ്സനിലുള്ള ക്ലബ്ബിലെ കായിക പരിപാടികൾ കുറയ്ക്കാൻ ഞാൻ തീരുമാനിച്ചു. ആ സമയം ഒരു സഭായോഗത്തിൽ ഒരു ക്രിസ്ത്യാനി അറിഞ്ഞോ അറിയാതെയോ തന്റെ മേൽ രക്തപാതകകുറ്റം വരുത്തിവെക്കുന്ന എന്തും ഒഴിവാക്കണമെന്ന് ഞങ്ങളെ ഓർമ്മിപ്പിച്ചു. ഈ കാര്യം ചർച്ച ചെയ്തപ്പോൾ എന്റെ കവിളിലൂടെ രക്തം ഇരച്ചുകയറിയതെങ്ങനെയെന്ന് എനിക്ക് ഇപ്പോഴും ഓർമ്മിക്കാൻ കഴിയും. എന്റെ വിദ്യാർത്ഥികളിൽ അനേകരും വെറുമൊരു വിശ്രമത്തിനുവേണ്ടി വരുന്ന വിദഗ്ദ്ധരായിരുന്നില്ല, എന്നാൽ ചിലർ മുഖ്യ മൽസരക്കാരായ ബോക്സിംഗുകാരായിരുന്നു. ഒരു അപകടം സംഭവിക്കുന്നെങ്കിലെന്ത്? എന്റെ ഉത്തരവാദിത്വം എങ്ങനെയുള്ളതായിരിക്കും? അതിന്റെ ഫലമായി, ഞാൻ ഫ്രഞ്ച് ബോക്സിംഗ് ആൻഡ് സവേറ്റ് ഫെഡറേഷനിലെ എല്ലാ പ്രവർത്തനങ്ങളിൽനിന്നും രാജിവെക്കുകയും റൂവെയിൽ—മാൽമെയ്സനിലെ ക്ലബ്ബിലെ അദ്ധ്യാപകസ്ഥാനത്തേക്ക് എന്റെ സഹോദരനെ നിയോഗിക്കുകയും ചെയ്തു.
പിൻവരുന്ന മാസങ്ങളിൽ, വിനോദത്തിനുവേണ്ടി, ഒരു മൽസരത്തിന്റെ രീതിയിലായിരിക്കാതെ, വെറുതെ പ്രാക്ടീസിനായി മാത്രം, ഞാൻ ക്ലബ്ബിൽ തുടർന്ന് പൊയ്ക്കൊണ്ടിരുന്നു. എന്നാൽ എന്റെ മനഃസാക്ഷി ഒന്നിനൊന്ന് സൂക്ഷ്മതയുള്ളതായിത്തീരുകയായിരുന്നു. അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ചിന്തയ്ക്കു വകനൽകി: “കർത്താവിന്റെ ഒരു അടിമ പോരാടേണ്ടതില്ല, എന്നാൽ എല്ലാവരോടും ശാന്തനും പഠിപ്പിക്കാൻ യോഗ്യതയുള്ളവനും തിൻമയിൽ നിയന്ത്രണം പാലിക്കുന്നവനും സൗമ്യതയോടെ പ്രബോധിപ്പിക്കുന്നവനും ആയിരിക്കേണ്ടതുണ്ട്.”—2 തിമൊഥെയോസ് 2:24, 25.
ഞാൻ അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ യേശുവും അവന്റെ അപ്പോസ്തലൻമാരും യഥാർത്ഥ മത്സരത്തിൽ പങ്കെടുക്കുമായിരുന്നില്ലെങ്കിലും അവർ മല്ലയുദ്ധക്കാരായിത്തീരാൻ പരിശീലിച്ചിരുന്നു എന്ന് സങ്കൽപ്പിക്കാൻ എനിക്ക് പ്രയാസമായിത്തീർന്നു. അങ്ങനെ. എന്റെ ബോക്സിംഗും ബൈബിൾ തത്വങ്ങളും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയാതിരുന്നതിനാൽ അവസാനം അതിലെ എന്റെ സകല പങ്കുപറ്റലും ഞാൻ ഉപേക്ഷിച്ചു.
ഞാൻ ക്ലബ്ബ് വിടുന്നതിന് മുമ്പ് ഞാൻ നേരിട്ടോ അല്ലാതെയോ എന്റെ സകല വിദ്യാർത്ഥികളോടും സാക്ഷീകരിച്ചു. തീർച്ചയായും ആ 200 ബോക്സർമാരെയും ഞാൻ എന്റെ പ്രത്യേക പ്രദേശമായി കരുതി. എന്റെ കൂടെ ബൈബിൾ പഠിച്ച ആ എഴുപേരും അവസാനം യഹോവയുടെ സാക്ഷികളായിത്തീർന്നു. എന്റെ വിദ്യാർത്ഥികളുമായി ബോക്സിംഗ് ചർച്ചചെയ്യുമ്പോൾ, എന്റെ പുതുതായി സമ്പാദിച്ച അറിവ് ഉപയോഗിച്ച് ബുദ്ധ്യുപദേശം കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. ഇത് എന്റെ ആത്മീയതയ്ക്ക് ഒരു വലിയ സഹായമാണെന്ന് തെളിഞ്ഞു. അത് ഒരു ആത്മപരിശോധന നടത്താൻ എന്നെ വളരെയധികം പ്രേരിപ്പിക്കുകയും ഞാൻ പ്രസംഗിച്ചത് പ്രവർത്തിക്കുന്നതിലേക്ക് എന്നെ നയിക്കുകയും ചെയ്തു.
അങ്ങനെ ഞാൻ ബോക്സിംഗ് ലോകവുമായി വിടപറയുകയും “കാറ്റിന് പിന്നാലെ പായുന്നത്” അവസാനിപ്പിക്കുകയും ചെയ്തു. എനിക്ക് സുഹുത്തുക്കളെന്ന് വിളിക്കപ്പെട്ട നൂറുകണക്കിനാളുകളും അതോടുകൂടെ ക്ഷണികമായ മഹത്വവും പ്രസിദ്ധിയും നഷ്ടമായി എന്നത് സത്യമാണ്. പ്രതിഫലമെന്ന നിലയിൽ യഹോവ ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ഞങ്ങൾക്ക് ഇപ്പോൾ ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ട്, മുഷ്ടികളാലും കാലുകളാലും ഏറ്റവും ആധുനികമായ പോരാട്ട വിധങ്ങളാലുമല്ല, ആത്മീയ ആയുധങ്ങളാൽ പ്രതിരോധിക്കുന്നതിനുള്ള രാജ്യത്തിന്റെ നീതിപൂർവ്വകമായ കാരണവുമുണ്ട്. (സഭാപ്രസംഗി 2:11; 4:4; എഫേസ്യർ 6:14-17)—ക്രിസ്റ്റ്യൻ പാറ്റ്യാറെൽ പറഞ്ഞ പ്രകാരം. (g85 12/22)
[22-ാം പേജിലെ ആകർഷകവാക്യം]
മുഴു മാനുഷ ചരിത്രവും ഒരു പരമ്പരയിൽ ചേർക്കപ്പെട്ടിരിക്കുന്നു, അതുവരെ എനിക്ക് അജ്ഞാതമായ ഒരു അതിശയകരമായ ഉദ്ദേശ്യം തന്നെ
[23-ാം പേജിലെ ആകർഷകവാക്യം]
എന്റെ സ്പോർട്സ് ബാഗ് നിറയെ ബോക്സിംഗ് ഉറകളായിരുന്നു എന്ന് രാജ്യഹോളിൽ ആർക്ക് ഊഹിക്കാൻ കഴിയുമായിരുന്നു?
[19-ാം പേജിലെ ചതുരം]
ഫ്രഞ്ച് ബോക്സിംഗും സവേറ്റും
ഫ്രഞ്ച് ബോക്സിംഗ് മുഷ്ടികളുടെയും കാലുകളുടെയും ഉപയോഗത്തെ അനുവദിച്ചിരിക്കുന്ന ഒരു കായിക മത്സരമാണ്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി ഫ്രഞ്ചുകാരനായ ചാൾസ് ലികോർ ഇത് ആവിഷ്കരിച്ചതിന്റെ മുഖ്യ പങ്കുവഹിച്ചു. അയാൾ പാരീസ് തെരുവു പോരാളികളിൽ കണ്ടതിനെ അടിസ്ഥനപ്പെടുത്തി കാൽകൊണ്ട് ആഘാതമേൽപ്പിക്കുന്നതിനു പകരം മറ്റ് നിയമപ്രകാരം കൈകൊണ്ട് ഇടിക്കുന്നത് സ്വീകരിച്ചിരിക്കുന്ന ഇംഗ്ലീഷ് ബോക്സിംഗ് രീതിയുമായി ഇത് യോജിപ്പിച്ചു. ഫ്രഞ്ച് ബോക്സിംഗ് വളരെ പ്രസിദ്ധമായിത്തീർന്നു. അലക്സാണ്ടർ ഡ്യൂമാസ്, തിയോഫിൽ ഗോടിയർ തുടങ്ങിയ പ്രസിദ്ധ എഴുത്തുകാർ ഉൾപ്പെടെ അനേകമാളുകൾ അതിൽ ഏർപ്പെട്ടിരുന്നു.
അടുത്ത കാലങ്ങളിലായി, സവേറ്റ് ഫ്രഞ്ച് ബോക്സിംഗിൽ വിശാലമായ പരിധികളുള്ള തൊഴികളും ഇടികളും ആധുനിക പരിശീലന രീതികളും ഉൾപ്പെടുന്നു. ലക്ഷ്യം ഇംഗ്ലീഷ് ബോക്സിംഗിന്റേതുതന്നെയാണ്: ഒന്നുകിൽ ഇടിച്ചുതാഴെയിടുന്നതിനാൽ, പിൻമാറുന്നതിനാൽ അല്ലെങ്കിൽ പോയിൻറുകളാൽ വിജയിക്കുക. പൊതുവെ പറഞ്ഞാൽ എതിരാളികൾ തമ്മിൽ കൂടുതൽ അകലമുള്ളതിനാൽ ഇംഗ്ലീഷ് ബോക്സിംഗിനേക്കാൾ കുറഞ്ഞ ആഘാതമേ ഏൽപ്പിക്കപ്പെടുന്നുള്ളു. എന്നിരുന്നാലും തൊഴികൾക്ക് വളരെ അപകടകാരികളായിരിക്കാൻ കഴിയും. അതിനാൽ അത് വളരെയധികം അക്രമാസക്തമായ മത്സരവിനോദങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.