സമാധാനത്തെ വാഴ്ത്തുകയും, യുദ്ധത്തെ വിശുദ്ധീകരിക്കുകയും
പരിണിതഫലങ്ങൾ എന്തെല്ലാം?
അത് 1914 ഡിസംബർ മാസമായിരുന്നു. യൂറോപ്പിൽ ഒന്നാം ലോക മഹായുദ്ധം കൊടുംമ്പിരിക്കൊണ്ടിരിക്കയായിരുന്നു. തങ്ങൾക്കു മദ്ധ്യേയുള്ള ഉടയവനില്ല—പ്രദേശത്തിനിപ്പുറവും അപ്പുറവുമായി പട്ടാളക്കാർ കീടങ്ങുകളിലിരുന്ന് അന്യോന്യം എതിരിട്ടു. പക്ഷെ, അന്ന്, ക്രിസ്തുമസ്സ് ദിനമായ ഡിസംബർ 25-ാം തീയതി, ശ്രദ്ധേയമായ ഒരു സംഭവം ഉണ്ടായി.
കിടങ്ങുകളിലെ യുദ്ധം എന്ന പുസ്തകം വൈരികളായ യോദ്ധാക്കൾ സൗഹൃദ സഹവാസത്തിൽ കഴിയുന്ന ഒരു ചിത്രം പിൻവരുന്ന ശീർഷകത്തോട് കൂടി പ്രദർശിപ്പിച്ചിരുന്നു: “ബ്രിട്ടീഷ്, ജർമ്മൻ പടകൾ 1914-ലെ ക്രിസ്തുമസ്സിന് സാഹോദര്യം പുലർത്തുന്നു.” പട്ടാളക്കാർ ഉടയവനില്ലാപ്രദേശത്ത് സമ്മാനങ്ങൾ കൈമാറാനായി കണ്ടുമുട്ടി.
‘ബോക്സിംഗ് മത്സര റൗണ്ടുകളിൽ ഇടവേള എന്ന പോലെയായിരുന്നു അത്’ എന്ന് ഒരു പങ്കാളി റിപ്പോർട്ട് ചെയ്തു. ‘എല്ലാവരും സംസാരിക്കുകയും ചിരിക്കുകയും സമ്മാനങ്ങൾ തെരയുകയും ആയിരുന്നു’ എന്ന് എഴുത്തുകാരനായ ആലൻ ലേയ്ഡ് കുറിക്കൊള്ളുന്നു.
യുദ്ധത്തിൽ നിന്നുള്ള ഈ താത്ക്കാലിക പിൻവാങ്ങൽ എന്തുകൊണ്ട്? അത് ബ്രിട്ടീഷ്കാരും ജർമ്മൻകാരുമായ ഈ പട്ടാളക്കാർ സമാധാനപ്രഭുവായ യേശുക്രിസ്തു ഡിസംബർ 25ന് ജനിച്ചിരുന്നു എന്ന് പഠിപ്പിക്കപ്പെട്ടിരുന്നതുകൊണ്ടായിരുന്നു. കൂടാതെ അവന്റെ ജനനത്തിങ്കൽ ദൂതൻമാർ “ഭൂമിയിൽ സൻമനസ്സുള്ള മനുഷ്യർക്കു സമാധാനം” എന്നു പാടുകയും ചെയ്തില്ലേ? (ലൂക്കോസ് 2:14) തീർച്ചയായും, അപ്പോൾ അത്തരം ഒരു സമയത്ത് ക്രിസ്തുവിന്റെ അനുഗാമികൾ എന്ന് അവകാശപ്പെട്ടവർ അന്യോന്യം കൊല്ലുന്നതിൽ യാതൊരു അർത്ഥവും ഇല്ലായിരുന്നു.
പക്ഷെ ക്രിസ്തുമസ്സ് കാലത്തെ സമാധാനം എല്ലാവർക്കും സ്വീകാര്യമായിരുന്നില്ല പാശ്ചാത്യ യുദ്ധമുഖത്ത് ഒരു രണ്ടാം ക്രിസ്തുമസ്സ് വന്നണഞ്ഞപ്പോൾ എന്ന് ആരംഭിച്ചുകൊണ്ട് ലോയ്ഡ് വിശദീകരിക്കുന്നു: “നിരോധനാജ്ഞകളുണ്ടായിരുന്നിട്ടും ഉടയവനില്ലാ—പ്രദേശത്ത് സാഹോദര്യത്തിന്റെ പൊട്ടിപ്പുറപ്പെടൽ വീണ്ടും ഉണ്ടായി. അതിൽ പങ്കെടുത്ത ചുരുങ്ങിയത് രണ്ടുദ്യോഗസ്ഥൻമാരെയെങ്കിലും പട്ടാള കോടതി വിചാരണ ചെയ്തു.
സഭകളുടെ നിലപാട്
മറ്റുദേശങ്ങളിലെ സഹവിശ്വാസികൾക്കെതിരെ യുദ്ധം ചെയ്യാൻ അവരുടെ അംഗങ്ങൾ പോകുന്നത് സംബന്ധിച്ച് സഭകളുടെ മനോഭാവം എന്തായിരുന്നു? കൊള്ളാം, ക്രിസ്തുമസ്സ് സമയത്ത് വൈദീകർ ക്രിസ്തുവിന്റെ ജനനത്തിങ്കൽ ദൂതൻമാർ പാടിയ സമാധാന സന്ദേശം ഉരുവിടുകയും സമാധാന പ്രഭുവായി യേശുവിനെ വാഴ്ത്തുകയും ചെയ്തു. (യെശയ്യാവ് 9:6) എങ്കിലും ക്രിസ്തുമസ്സ് കാലത്തും വർഷത്തിലെ മറ്റേതു ദിവസവും തങ്ങളുടെ അംഗങ്ങൾ എതിർ കിടങ്ങുകളിലുള്ള തങ്ങളുടെ അതേ മതത്തിലെ ആളുകളെ കൊല്ലുന്നതിനെ അവർ എതിർത്തില്ല.
ഐക്യനാടുകൾ ഒന്നാം ലോക മഹായുദ്ധത്തിൽ പ്രവേശിച്ചപ്പോൾ ഉണ്ടായ സ്ഥിതിവിശേഷം സംബന്ധിച്ച് റോണാൾഡ് എച്ച്. ബെയ്ൻറൺ എന്ന സഭാ ചരിത്രകാരൻ റിപ്പോർട്ട് ചെയ്യുന്നു: “എല്ലാ വിശ്വാസങ്ങളിലുമുള്ള അമേരിക്കൻ പള്ളി അംഗങ്ങൾ പരസ്പരവും രാജ്യത്തിന്റെ മനസ്സുമായും ഒരിക്കലും ഇത്രമാത്രം ഐക്യം പ്രാപിച്ചിരുന്നിട്ടില്ല. ഇതോരു വിശുദ്ധ യുദ്ധമായിരുന്നു. യേശു കാക്കി ധരിച്ച് തോക്കിൻ കുഴലിലൂടെ നോക്കുന്നതായി വരച്ചു വച്ചിരുന്നു. ജർമ്മൻകാർ ഹൂണൻമാരും അവരെക്കൊല്ലുന്നത് ഭൂമിയെ രാക്ഷസൻമാരിൽ നിന്ന് രക്ഷിക്കുന്നതിന് എന്ന് ചിത്രീകരിക്കപ്പെട്ടു. യുദ്ധത്തോടും സമാധാനത്തോടുമുള്ള ക്രിസ്ത്യാനികളുടെ മനോഗതികൾ. പേജ് 209, 210.
അതെ സഭകൾ സമാധാനത്തിനായി അധരസേവ ചെയ്തു. പക്ഷെ അതേസമയം പ്രസംഗവേദികൾ രാഷ്ട്രത്തിന്റെ യുദ്ധസംരംഭങ്ങൾക്കുള്ള റിക്രൂട്ടിംഗ് ശാലകളായി മാറി. ഒന്നാം ലോക മഹായുദ്ധകാലത്തെ സ്ഥിതിയെപ്പറ്റി ബ്രിട്ടീഷ് ബ്രഗേഡിയർ ആയിരുന്ന ജനറൽ ഫ്രാംങ്ക് പി. ക്രോസിയര പറഞ്ഞതിങ്ങനെയാണ്: “ക്രിസ്ത്യൻ സഭകളാണ് നമുക്കുള്ളതിൽ വച്ചേറ്റവും നല്ല രക്തദാഹജനയിതാക്കൾ, അവരെ നാം വേണ്ടുവോളം ഉപയോഗിച്ചു.”
സഭകളുടെ നിലപാട് വാസ്തവമായും കാപട്യം നിറഞ്ഞതായിരുന്നുവെന്ന് ഹാരി എമേഴ്സൺ എന്ന പ്രോട്ടസ്റ്റൻറ് വൈദികൻ സമ്മതിച്ചു പറഞ്ഞു. അദ്ദേഹം ഇങ്ങനെയാണ് സമ്മതിച്ചു പറഞ്ഞത്: “നമ്മുടെ പാശ്ചാത്യ ചരിത്രം ഒന്നിനു പിറകെ ഒന്നായി നടന്ന യുദ്ധങ്ങളുടെ രേഖയായിരുന്നു. നാം മനുഷ്യരെ യുദ്ധത്തിനായി ജനിപ്പിച്ചു, മനുഷ്യരെ യുദ്ധത്തിനായി പരിശിലിപ്പിച്ചു, നാം യുദ്ധത്തെ വാഴ്ത്തിയിരിക്കുന്നു; നാം യോദ്ധാക്കളെ നമ്മുടെ ആരാധ്യ പുരുഷൻമാരാക്കി, നമ്മുടെ പള്ളികളിൽ പോലും നാം നമ്മുടെ യുദ്ധപതാകകൾ നാട്ടിയിരിക്കുന്നു . . . നമ്മുടെ വായുടെ ഒരു കോണുകൊണ്ട് നാം സമാധാനപ്രഭവിനെ വാഴ്ത്തുകയും മറ്റേ കോണുകൊണ്ട് യുദ്ധത്തെ വിശുദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു.”
രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ അവസ്ഥക്ക് മാറ്റമൊന്നും ഉണ്ടായില്ല. ഈ പേജിൽ പുന:പ്രകാശനം ചെയ്തിരിക്കുന്ന ആ യുദ്ധത്തിന്റെ പ്രാരംഭമാസത്തിൽ പ്രത്യക്ഷപ്പെട്ട ന്യുയോർക്ക് ടൈംസ് ലേഖനം ദയവായി വായിക്കുക. അത് വിയന്നാ സർവ്വകലാശാലയിലെ ഒരു റോമൻ കത്തോലിക്ക് ചരിത്ര പ്രൊഫസ്സർ ആയ ഫ്രഡറിക് ഫീയർ പിന്നീട് ദൈവത്തിന്റെ ആദ്യ സ്നേഹം എന്ന തന്റെ പുസ്തകത്തിൽ സമ്മതിച്ചു പറഞ്ഞതിനെ ദൃഡീകരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ജർമ്മൻ ചരിത്രത്തിന്റെ തണുത്ത യാഥാർത്ഥ്യങ്ങളിൽ, ജർമ്മൻ കത്തീഡ്രലുകളുടെ ഗോപുരങ്ങളിൽ നിന്ന് സ്വസ്തികാ ചിഹ്നം വിജയം ഉത്ഘോഷിക്കുകയും പ്രത്യക്ഷപ്പെടുകയും കത്തോലിക്കാ പ്രോട്ടസ്റ്റൻറ് ദൈവ ശാസ്ത്രജ്ഞൻമാർ തുടങ്ങിയവർ ഹിറ്റ്ലറുമായുള്ള സഖ്യത്തെ സ്വാഗതം ചെയ്യുകയും ചെയ്യുവോളം കുരിശും സ്വസ്തികയും തമ്മിലുള്ള അടുപ്പം സദാ ഏറിക്കൊണ്ടിരുന്നു”—പേജ് 247.
പരിണിതഫലങ്ങൾ
സ്വന്ത രാഷ്ട്രങ്ങളുടെ യുദ്ധങ്ങൾക്ക് സഭകൾ നൽകിയ ഹൃദയം നിറഞ്ഞ പിന്തുണയുടെ ഒരു പരിണിത ഫലം ക്രിസ്തീയേതര ദേശങ്ങളിലെ ദശലക്ഷങ്ങൾ ക്രിസ്ത്യാനിത്വത്തെ യുദ്ധക്കൊതി പൂണ്ട മതം എന്ന നിലയിൽ വീക്ഷിക്കാനിടയാക്കി എന്നതായിരുന്നു. അവരുടെ വീക്ഷണത്തിൽ കഴമ്പുണ്ട് എന്നതിന് മുൻകാലയുദ്ധങ്ങൾക്ക് സഭകൾ നൽകിയ പിന്തുണയിൽ മാത്രമല്ല യുദ്ധങ്ങളോടുള്ള അവരുടെ ഇപ്പോഴത്തെ മനോഭാവത്തിൽ പോലും തെളിവുണ്ട്. ദ ക്രിസ്റ്റ്യൻ സെൻച്ചറി ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു:
“യുദ്ധത്തോടുള്ള മനോഭാവം സംബന്ധിച്ച് നടത്തിയ ഒരു 20 വർഷം നീണ്ട സർവ്വേ പ്രകടമാക്കിയത് ഐക്യനാടുകളിലും കാനഡയിലും പശ്ചിമ ജർമ്മനിയിലും ഉള്ള ക്രിസ്ത്യാനികൾ അക്രൈസ്തവരെക്കാൾ ഏറെ അനുഭാവപൂർവ്വം യുദ്ധത്തെ കാണുന്നു എന്നാണ്. . . . പഠനം അനുസരിച്ച് ഈ രാജ്യങ്ങളിലെ ക്രിസ്തീയ സമൂഹങ്ങൾക്കുള്ളിൽ ക്രിസ്തീയ വിശ്വാസത്തെ ഏറ്റവും നിഷ്ക്കർഷയോടെ പിൻപറ്റുന്നവരായി സ്വയം അഭിമാനിക്കുന്നവരാണ്, കുറെക്കൂടെ സ്വതന്ത്ര ചിന്താഗതിക്കാരെക്കാൾ യുദ്ധത്തെ അംഗീകരിക്കുന്ന മനോഭാവത്തോട് കൂടുതൽ ചായ്വുള്ളവർ.”—ഡിസംബർ 31, 1980, പേജ് 1289.
യുദ്ധത്തിന്റെ കാര്യത്തിലുള്ള സഭകളുടെ നിലപാട് ക്രിസ്ത്യൻ രാഷ്ട്രങ്ങളെന്ന് പറയപ്പെടുന്നവക്കുള്ളിലെ തന്നെ അനേകരെ എങ്ങനെ ബാധിച്ചുവെന്നാണ് നിങ്ങൾ കരുതുന്നത്? ദ ക്രിസ്റ്റ്യൻ സെൻച്ചറി എന്ന പത്രികയിൽ റിയോ എം. ക്രിസ്റ്റ്യൻസൺ എന്ന രാഷ്ട്രമീമാംസയുടെ പ്രൊഫസ്സർ ഇത്ചർച്ച ചെയ്തു. “ക്രിസ്ത്യാനികൾ ഒരു വശത്ത് കൃപാലുവായ രക്ഷകനിലുള്ള വിശ്വാസത്തെ ആശ്ലേഷിക്കുകയും മറുവശത്ത് അവർ, മതപരമായ അഥവാ ദേശീയമായ യുദ്ധങ്ങൾക്ക് ഊഷ്മളമായ പിൻതുണ നൽകുകയും ചെയ്യുന്നു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ തുടർന്ന്, “ഇത് വിശ്വാസത്തിന് ചേതം വരുത്തുന്നതിലും ചിന്തിക്കുന്ന ആളുകളിൽ നൂറ്റാണ്ടുകളായി വ്യാപിച്ചിരിക്കുന്ന മതവിദ്വേഷത്തെ ഊട്ടി വളർത്തുന്നതിലും ബഹുദൂരം പോയിരിക്കുന്നു”.—മെയ് 25, 1983
അത്തരം മതവിദ്വേഷം ചിലപ്പോൾ തുളഞ്ഞു ചെല്ലുന്ന കാര്യക്ഷമതയോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. താനൊരു മുസ്ലീം ആയിരിക്കെ, മറ്റൊരു മുസ്ലീമിനെ കൊല്ലുകയില്ലാത്തതുകൊണ്ട് ലബാനോനിൽ പോകയില്ല എന്നു ഒരു ധനികൻ ശഠിച്ചപ്പോൾ മൈക് രോക്കോ എന്ന ലേഖകൻ ചില സാരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി. ആ നാവികൻ “യുദ്ധത്തിന്റെ പുരാതനമായുള്ള ചട്ടങ്ങളെയും പാരമ്പര്യങ്ങളെയും അപമാനിക്കുകയാണ്,” കാരണം, ക്രിസ്ത്യാനികളാണെങ്കിൽ “മറ്റു ക്രിസ്ത്യാനികൾക്കെതിരെ യുദ്ധം ചെയ്യുന്നതിൽ യാതൊരു വെറുപ്പും കാട്ടിയിട്ടില്ല.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “അവർ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ യൂറോപ്പിലെ ഏറ്റവും ഉശിരേറിയ യുദ്ധങ്ങളിൽ മിക്കവയും ഒരിക്കലും സംഭവിക്കാതെ പോകുമായിരുന്നു.”
ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് ചൂണ്ടിക്കൊണ്ട് റേയ്ക്കോ തുടർന്നു: “സകല വിഭാഗങ്ങളിലും ഉള്ള ക്രിസ്ത്യാനികളെക്കൊണ്ട് ജർമ്മനി ഭരിതമായിരിക്കുന്നു. പക്ഷെ മിക്കവാറും ഏതു സമയത്തും ഫ്രാൻസിലേക്കും പോളണ്ടിലേക്കും മറ്റു ക്രിസ്ത്യൻ രാഷ്ട്രങ്ങളിലേക്കും തള്ളിക്കയറേണ്ടതിന്റെ ആവശ്യം അവർക്ക് തോന്നുന്നു. ഫ്രാൻസ് അതിന്റെ നെപ്പോളിയനിക് സുവർണ കാലത്ത് മറ്റു യൂറോപ്പിയൻ ക്രിസ്ത്യാനികൾക്കുമേലെല്ലാം ആക്രമണം അഴിച്ചു വിടുന്നതിൽ വൈമുഖ്യം കാണിച്ചില്ല.
“എന്തായിരുന്നാലും, ചിലപ്പോഴെല്ലാം തങ്ങളുടെ രക്ഷ സമ്മർദ്ദം ഇരച്ചു കയറുന്നതിന് വിശ്വാസം സഹായിച്ചിട്ടുണ്ട്, തന്റെ സന്ദേശം അങ്ങനെ ഉപയോഗിക്കാൻ ക്രിസ്തു ഉദ്ദേശിച്ചുവോ എന്നത് സംശയം ആണെങ്കിലും. . . . ആ നാവികനായ കോർപ്പൻ ചിന്തിച്ചതുപോലെ എല്ലാവരും ചിന്തിച്ചിരുന്നുവെങ്കിൽ ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളെ കൊല്ലുന്നതിന്റെ സർവ്വകാല അത്യുച്ചങ്ങളുണ്ടാക്കിയ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ ഒരിക്കലും ഉണ്ടാകയില്ലായിരുന്നു. . . .
“വാസ്തവത്തിൽ” എന്നു തുടങ്ങിക്കൊണ്ട് പരിഹാസധ്വനിയോടെ റോയ്ക്കോ ഇങ്ങനെ കൂട്ടിച്ചേർത്തു, “ഒരേ വിശ്വാസത്തിലുള്ള ആളുകൾക്ക് നേരെ യുദ്ധം ചെയ്യുന്നതുകൊണ്ട് പ്രയോജനങ്ങളുണ്ട്. തടവുകാരനായി പിടിക്കപ്പെട്ടിട്ടൊരാൾ മരിച്ചാൽ ഒരു ക്രിസ്തീയ ശവശംസ്ക്കാരം ലഭിക്കാനുള്ള നല്ല സാദ്ധ്യത അയാൾക്കുണ്ട്, അതെപ്പോഴായാലും ഉച്ഛിഷ്ടങ്ങളോടൊപ്പം വലിച്ചെറിയപ്പെടുന്നതിനേക്കാൾ മെച്ചം തന്നെ. ഒരുപക്ഷെ മതവിശേഷ ദിവസങ്ങളിൽ ആ ദിവസത്തിന്റെ ആത്മാവ് തടവ് കാവൽക്കാരെ മയപ്പെടുത്താനും അവരിൽ നിന്നുള്ള തൊഴി ഒന്നു കുറയാനും സാദ്ധ്യതയുണ്ട്.
ഈ വിവരണത്തിൽ നിന്ദാരസം ഉണ്ടെന്നുള്ളതിന് തർക്കമില്ല പക്ഷെ നിങ്ങൾക്ക് യാഥാർത്ഥ്യത്തെ നിഷേധിക്കാനാവുമോ? സമാധാനപ്രഭുവായ യേശുക്രിസ്തുവിനെ തങ്ങൾ പ്രതിനിധീകരിക്കുന്നുവെന്ന അവരുടെ കപടഭാവത്തിന് അത്തരം നിന്ദ അർഹിക്കുന്നു എന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ?
‘പക്ഷെ ഈ ആധുനിക ലോകത്ത് ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിൻപറ്റി ജീവിക്കാൻ നമുക്കാവില്ല’ എന്നു വൈദീകൻമാർ എതിർത്തു പറഞ്ഞേക്കാം. എങ്കിലും അത്തരം എതിർപ്പിനെ പരിഗണിച്ചുകൊണ്ട് മേൽ പരാമർശിക്കപ്പെട്ട ലേഖനത്തിൽ പ്രൊഫസ്സർ ക്രിസ്റ്റ്യൺ സൺ ഇങ്ങനെ എഴുതി: “യേശുവിന്റെ പഠിപ്പിക്കലുകളെക്കുറിച്ചും മാതൃകയെക്കുറിച്ചും നമുക്കറിയാവുന്നത് യുദ്ധത്തിൽ—വിശേഷിച്ച് ആധുനിക യുദ്ധത്തിൽ ബാധകമാക്കുന്നത് അസ്ഥാനത്താണെന്ന് എനിക്കു തോന്നുന്നില്ല.”
“യേശുക്രിസ്തു തന്റെ ശത്രുക്കൾക്ക് നേരെ കൈബോംബ് എറിയുന്നതായോ യന്ത്രത്തോക്കുപയോഗിക്കുന്നതായോ തീപ്പന്തങ്ങളെറിയുന്നതായോ ആയിരക്കണക്കിന് അമ്മമാരെയും കുഞ്ഞുങ്ങളെയും കൊല്ലുകയോ അംഗഭംഗപ്പെടുത്തുകയോ ചെയ്യുന്ന ന്യൂക്ലീയർ ബോംബ് വർഷിക്കുന്നതായോ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസ്സൈലുകൾ തൊടുത്തു വിടുന്നതായോ ഗൗരവപൂർവ്വം ആർക്കെങ്കിലും വിഭാവന ചെയ്യാൻ കഴിയുമോ? ഈ ചോദ്യം ഒരുത്തരം തെല്ലും അർഹിക്കാത്തവിധം അത്ര അസംബന്ധമാണ്. യേശുവിന് ഇത് ചെയ്തുകൊണ്ട് തന്റെ സ്വഭാവത്തോട് നീതി പുലർത്താൻ ആവില്ലായിരുന്നുവെങ്കിൽ നമുക്ക് അത് ചെയ്തുകൊണ്ട് അവനോട് എങ്ങനെ നീതി പുലർത്താൻ കഴിയും?”
നിങ്ങൾ സത്യസന്ധരായി അത്തരം ചോദ്യങ്ങളെ അഭിമുഖികരിക്കുമ്പോൾ ദ ടൊറന്റോ സ്റ്റാറിന്റെ മതപത്രാധിപർ ക്രിസ്തുമസ്സ് കാലയളവിൽ പിൻവരുന്ന പ്രകാരം എഴുതിയത് എന്തുകൊണ്ടായിരുന്നു എന്ന് കാണാൻ കഴിയും: ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും അത്യന്തം ഭ്രാന്തമായ ന്യൂക്ലീയർ ശേഖരണം ക്രിസ്തുവിന് നേരെയും മാനവരാശിക്കു നേരെയും ഉള്ള ഏറ്റവും ഘോരമായ വിധത്തിലുള്ള നിന്ദയാണ് എന്ന് കാണാത്തത് ക്രിസ്തുമസ്സിന്റെ അപഹാസ്യതയാണ്.”
അതേസമയംതന്നെ ലോകത്തെ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാണ് എന്ന് സമ്മതിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ യഥാർത്ഥ സമാധാനം ഒരിക്കലും സാക്ഷാത്കരിക്കപ്പെടുകയില്ല എന്നാണോ ഇത് അർത്ഥമാക്കുന്നത്? ‘ഭൂമിയിൽ സമാധാനം’ എന്ന ദൂതൻമാരുടെ പ്രഖ്യാപനത്തിന്റെ സാക്ഷാത്കരണം വാസ്തവത്തിൽ ഒരു സ്വപ്നം മാത്രമാണോ? അതേ യുദ്ധത്തിന്റെ ഭീകരതകൾ മേലാൽ ഒരിക്കലും അനുഭവിക്കാതവണ്ണം എല്ലാ വർഗ്ഗങ്ങളിലെയും ദേശങ്ങളിലെയും ആളുകൾക്ക് സമാധാനത്തിൽ ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിന് ഒരു ഉറപ്പുള്ള അടിസ്ഥാനം ഉണ്ടോ? (g85 12/22)
[5-ാം പേജിലെ ചതുരം]
ദി ന്യൂയോർക്ക് ടൈംസ്
തിങ്കൾ, സെപ്റ്റംബർ 25, 1939.
സഭകൾ ജർമ്മൻ പട്ടാളക്കാരെ പുനഃസംഘടിപ്പിച്ചു
വിജയവും ന്യായമായ സമാധാനവും സമ്പാദിക്കുന്നതിന് പ്രൊട്ടസ്റ്റൻറ് കത്തോലിക്ക് ആഹ്വാനം
ന്യൂയോർക്ക് ടൈംസിനുള്ള കമ്പിയില്ലാകമ്പിസന്ദേശം
പ്രാങ്ക്ഫോർട്ട്-ഓൺ-ദി-മെയ്ൻ, ജർമ്മനി, സെപ്റ്റംബർ 24—ജർമ്മനിയിലെ പ്രൊട്ടസ്റ്റൻറ്, കത്തോലിക്കാ സഭാ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ തങ്ങളുടെ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന പട്ടാളക്കാരുടെ ചുമതലകളെ വിവരിക്കുന്ന അനേകം പ്രബോധനപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. അവ ജർമ്മൻ പടയാളികളെ ഒരു ജർമ്മൻ വിജയത്തിനും ന്യായമായ സമാധാനത്തിനുംവേണ്ടി വിശുദ്ധ മീഖായേലിന്റെ ആത്മാവോടെ പോരാടൻ ഉപദേശിക്കുകയും ചെയ്യുന്നു.
കത്തോലിക്കാ പത്രങ്ങളിൽ ആ പ്രധാന ദൂതനെ ഒരു വാൾ ചുഴറ്റിക്കൊണ്ടും പവിത്രമായ ഒരു കുന്തം കൊണ്ട് ഒരു സർപ്പത്തെ കുത്തിത്തുളച്ചുകൊണ്ടും മുൻപേജിൽ കാണിക്കുന്നു.
പടിഞ്ഞാറും തെക്കും ജർമ്മനിയിലെ കത്തോലിക്കാ ഡയോസിസുകളിലെ ആർച്ചു ബിഷോപ്പിന്റെയും ബിഷോപ്പിന്റെയും നേതൃത്വത്തിലുള്ള പുരോഹിതൻമാർ പടിഞ്ഞാറൻ മുന്നണി ഡിസ്ട്രികിൽ നിന്നുള്ള അഭയാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നു. പല സന്യാസി മഠങ്ങളും ആശുപത്രികളായി രൂപാന്തരപ്പെടുത്തുകയും സന്യാസികളും സന്യാസിനികളും റെഡ് ക്രോസ്സിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
ജർമ്മനിയിലെ കത്തോലിക്കാ ബിഷപ്പുമാർ ഇപ്രകാരമൊരു ഇടയ ലേഖനം പ്രസിദ്ധീകരിക്കയും ചെയ്തു.
“ഈ നിർണ്ണായക നാഴികയിൽ നമ്മുടെ കത്തോലിക്കാ സേനകളോട് തങ്ങളുടെ നേതാവിനോടുള്ള അനുസരണത്തിൽ തങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതിനും തങ്ങളുടെ മുഴുവ്യക്തിത്വവും ത്യജിക്കുന്നതിനു തയ്യാറായിരിക്കാനും ആജ്ഞാപിക്കുന്നു.”
“ഈ യുദ്ധത്തെ, സർവ്വശക്തനായ ദൈവത്തിന്റെ ദിവ്യദാനങ്ങൾ, നമ്മുടെ പിതൃരാജ്യത്തിന്റെയും ജനതയുടെയും അനുഗ്രഹകരമായ വിജയത്തിനും സമാധാനത്തിനും വേണ്ടി നയിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിൽ പങ്കുചേരാൻ ഞങ്ങൾ വിശ്വസ്തരോട് അഭ്യർത്ഥിക്കുന്നു.”
കഴിഞ്ഞ വർഷം ഒരു ദേശീയ സാമൂഹ്യ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വിസമ്മതിച്ചതിനു തന്റെ ഡയോസിസിൽ നിന്നു പുറംതള്ളപ്പെട്ട വുർട്ടൻ ബർഗിലുള്ള റോട്ടൻ ബർഗിലെ ബിഷോപ്പ് ഉൾപ്പെടെ ഓരോ ബിഷോപ്പും തന്റെ സ്വന്തം ഡയോസിസിനു ഓരോ പ്രത്യേക സന്ദേശവും കൂടെ അയച്ചു.
ജർമ്മൻ എപ്പിസ്ക്കോപ്പൽ സഭയുടെ തലവനായ കർദ്ദിനാൾ ആർച്ച് ബിഷോപ്പ് ബർട്രാം, “സർവ്വശക്തനായ ദൈവത്തിൽ വിശ്വാസം പുലർത്തുന്ന നിങ്ങൾ എല്ലാവരും നിങ്ങളുടെ ഹൃദയത്തിൽ ഉറപ്പുള്ളവരായിരിക്കണം” എന്ന് തന്റെ ആട്ടിൻ കൂട്ടത്തെ നിർബന്ധിച്ചുകൊണ്ട് സമാനമായ ഒരു ദേശീയ സന്ദേശം അയയ്ക്കുകയുണ്ടായി.
[4-ാം പേജിലെ ചിത്രം]
പുരോഹിതൻമാർ സമാധാന പ്രഭുവിനെ വാഴ്ത്തുന്നു, എന്നിരുന്നാലും യുദ്ധത്തെ അനുഗ്രഹിക്കുന്നു
[കടപ്പാട്]
El Comercio, Quito, Ecuador
[6-ാം പേജിലെ ചിത്രങ്ങൾ]
“യേശുവിന് ഇതു ചെയ്യുന്നതിനും അതേ സമയം തന്റെ സ്വഭാവത്തോട് നീതി പുലർത്തുന്നതിനും കഴിഞ്ഞില്ല എങ്കിൽ നമുക്ക് ഇതു ചെയ്യുന്നതിനും അവനോട് നീതിപുലർത്തുന്നതിനും എങ്ങനെ കഴിയും?”
[കടപ്പാട്]
U.S. Army photo
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From U.S. Army photos