കടലാസ്—വിവിധ ഉപയോഗങ്ങളുള്ള ആ ഉല്പന്നം
നിങ്ങൾക്ക് അതിൽ നിന്നു കുടിക്കാൻ കഴിയുന്നതും, സാധനങ്ങൾ അതിൽ പൊതിയാവുന്നതും, അതിൽ മൂക്കു ചീറ്റാവുന്നതും, അതിൻമേൽ എഴുതാവുന്നതും, അത് ഉടുക്കാവുന്നതും, അതുകൊണ്ട് ഗൃഹോപകരണങ്ങൾ ഉണ്ടാക്കാവുന്നതും, അതിൽ തിന്നാൻ പോലും കഴിയുന്നതുമായ അത്രയധികം വിവിധ ഉപയോഗങ്ങളുള്ള എന്തിനെയെങ്കിലും നിങ്ങൾ സങ്കൽപ്പിക്കുക! അസാദ്ധ്യമോ? കൊള്ളാം, അത്തരം ഒരു ഉല്പന്നം സ്ഥിതിചെയ്യുകതന്നെ ചെയ്യുന്നുണ്ട്, എല്ലായിടത്തും വളരെക്കാലമായി ഉണ്ടായിരുന്നിട്ടുമുണ്ട്.
ഈ വിവിധോപയോഗ ഉല്പന്നം കടലാസ് ആണ്. ചിലപ്പോൾ സാധാരണ കടലാസിന് കമ്പ്യൂട്ടർ വഴി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഉപകരണം പോലെ മോടിയില്ലായിരിക്കാം. എന്നിരുന്നാലും കടലാസിന് നിങ്ങളുടെ ജീവിതത്തിൽ വളരെ അഗാധമായ സ്വാധീനമുണ്ട്. കടലാസ് കണ്ടുപിടിക്കുന്നതിനു മുമ്പ് എഴുത്ത്, അക്ഷരങ്ങൾ കല്ലിൽ ഉളികൊണ്ട് കൊത്തുകയും വാക്കുകൾ കളിമൺ പലകകളിൽ ആലേഖനം ചെയ്യുകയും ചെയ്യുന്ന ക്ലേശകരമായ ഒരു പ്രക്രിയയായിരുന്നു. അതു നിമിത്തം അറിവ് ചില പ്രത്യേക വ്യക്തികൾക്ക് സംവരണം ചെയ്തിരുന്നു. കടലാസ് അതെല്ലാം മാറ്റുന്നതിനു സഹായിച്ചു.
ഈജിപ്റ്റുകാർ പേപ്പിറസ് എന്ന പേരിലുള്ള ജലത്തിൽ വളരുന്ന ഒരിനം ഈറൽ ഉപയോഗിക്കുന്നതിനുള്ള ഒരു സമർത്ഥമായ വിധം കണ്ടുപിടിച്ചതോടെ ഇതിനെല്ലാം തുടക്കമിട്ടു. അവർ തണ്ട് കനം കുറഞ്ഞതുണ്ടുകളായി മുറിക്കയും അവയുടെ അഗ്രം അല്പം മുകളിലായി നിരനിരയായി വെക്കുകയും ചെയ്തു. പിന്നീട് മറ്റൊരു നിര തുണ്ടുകൾ ആദ്യത്തേതിന്റെ മട്ടകോണത്തിൽ വരത്തക്കവണ്ണം വെക്കുകയും അവക്കു മുകളിൽ ഒട്ടിക്കുകയും ചെയ്തിരുന്നു. പിന്നീട് മുഴുവസ്തുവും ചതച്ചു നിരപ്പാക്കുകയും ഉണങ്ങുന്നതിന് വെയിലത്ത് ഇടുകയും ചെയ്തിരുന്നു. എഴുതുന്നതിന് താരതമ്യേന മിനുസമായ പ്രതലം പ്രദാനം ചെയ്യുന്നതിന് അവസാന മിനുക്കു പണി എന്ന നിലയിൽ അത് പൊളിഷ് ചെയ്തിരുന്നു.
സാദ്ധ്യതയനുസരിച്ച്, ബൈബിളിൽ വർണ്ണിക്കുന്ന പൂർവ്വ പിതാവായ അബ്രാഹാമിന്റെ കാലത്തോളം പിറകിൽ പേപ്പിറസ് ഉപയോഗിച്ചിരുന്നു. അക്കാലത്ത് അതിന്റെ നിർമ്മാണം എളുപ്പമല്ലായിരുന്നെങ്കിലും, അത് കല്ലിൽ കൊത്തുന്നതിനെക്കാൾ ഉയർന്നതരമായിരുന്നു. അതുകൊണ്ട് അത് പുരാതന കാലത്തെ ഒരു പ്രമുഖ ആശയവിനിമയ ഉപാധിയായിത്തീർന്നു. യഥാർത്ഥത്തിൽ, ബൈബിളിന്റെ പ്രാരംഭ പ്രതികൾ പേപ്പിറസിലായിരുന്നു നിർമ്മിച്ചിരുന്നത്. സാധാരണയായി കന്നിൻ തുകൽകൊണ്ട് ഉണ്ടാക്കിയിരുന്ന ചർമ്മപാത്രംപോലുള്ള മറ്റു എഴുത്തു വസ്തുക്കളും ഉപയോഗത്തിൽ വന്നിരുന്നു എന്നതു സത്യംതന്നെ. എന്നാൽ പേപ്പിറസ് അതിന്റേതായ മുദ്രപതിപ്പിച്ചു. അതിൽ നിന്ന് “പേപ്പർ” എന്ന ജംഗ്ലീഷ് വാക്കു വന്നു.
കീറത്തുണികളിൽ നിന്ന് വൃക്ഷകാണ്ഡങ്ങളിലേക്ക്
പഴയ തുണിക്കണ്ടങ്ങളിൽ നിന്ന് കടലാസ്സൊ? അതു വിചിത്രമായി തോന്നിയേക്കാം, എന്നാൽ കടലാസിലേക്കുള്ള പുരോഗതിയുടെ അടുത്ത പടി അതായിരുന്നു. പഴയ തുണിക്കണ്ടങ്ങളിൽ കടലാസിന്റെ മുഖ്യഘടകമായ സെല്ലുലോസ് അടങ്ങിയിരുന്നു. എന്നു മനസ്സിലാക്കുക. ചൈനാക്കാർ ഏകദേശം ക്രി. വ. 105-ൽ പഴയ തുണിക്കണ്ടങ്ങളുടെയും മരപ്പട്ടയുടെയും ചണച്ചെടിയുടെയും മീൻ വലകളുടെപോലും കുഴമ്പു രൂപത്തിലുള്ള ഒരു മിശ്രിതത്തിൽ നിന്ന് കടലാസ് നിർമ്മിക്കുന്ന വിധം മനസ്സിലാക്കിയിരുന്നു!
ചൈനയുടെ കടലാസ് നിർമ്മാണ വൈദഗ്ദ്ധ്യം ദൂരസ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് സമയമെടുത്തു, എന്നാൽ 12-ാം നൂറ്റാണ്ടോടെ അത് യൂറോപ്പിൽ എത്തിച്ചേർന്നു. അങ്ങനെ, 15-ാം നൂറ്റാണ്ടിൽ ഗുട്ടൻബർഗ് തന്റെ പ്രസിദ്ധ ബൈബിൾ അച്ചടിക്കാൻ തുടങ്ങിയപ്പോൾ—ആ ജോലിക്കു മനസ്സൊരുക്കമുള്ള ഒരു ദാസൻ—കടലാസ് രംഗ പ്രവേശം ചെയ്തു കഴിഞ്ഞിരുന്നു. അങ്ങനെ കടലാസ് നവോത്ഥാന കാലത്ത് അറിവിന്റെ വിപുലമായ വ്യാപനത്തിനു പ്രചോദനം നൽകി. എന്നാൽ കടലാസ് നിർമ്മാണത്തിന്റെ നാടകീയമായ കണ്ടുപിടുത്തങ്ങൾ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.
കടലാസിന്റെ ആവശ്യം വർദ്ധിച്ചതോടെ പഴയ തുണികളുടെ ലഭ്യത കുറഞ്ഞു. അപ്പോൾ ആളുകൾ മുഖ്യഘടകമായി മരക്കൊമ്പുകൾ ഉപയോക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. എന്നാൽ മരത്തെ എളുപ്പത്തിൽ കുഴമ്പാക്കുന്നതിനുള്ള ഒരു മാർഗ്ഗം കണ്ടുപിടിക്കുകയെന്നതായിരുന്നു. പ്രശ്നം. 19-ാം നൂറ്റാണ്ടിൽ ആ ജോലി ചെയ്യാൻ കഴിയുന്ന ഒരു രാസപ്രക്രിയ കണ്ടുപിടിച്ചു. സൂത്രധാരകർ കടലാസ് തുടർച്ചയായ ചുരുളുകളാക്കാൻ കഴിവുള്ള ഒരു യന്ത്രം ആനയിച്ചു. രംഗം ആധുനിക കടലാസ് വിപ്ലവത്തിനു—വിപുലമായ ഉല്പാദനത്തിനു വഴിതെളിച്ചിരുന്നു!
കടലാസ് നിർമ്മാണം ഇന്ന്
ആധുനിക സാങ്കേതിക വിദ്യയാൽ മെച്ചപ്പെട്ടെങ്കിലും കടലാസ് നിർമ്മാണവിധം അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. അത് സ്വഭാവിക വനങ്ങളിലോ അല്ലെങ്കിൽ കടലാസ് നിർമ്മാണത്തിനുവേണ്ടി പ്രത്യേകാൽ വളർത്തിയ മരത്തോപ്പുകളിലോ ആരംഭിക്കുന്നു (ദക്ഷിണ ആഫ്രിക്കയിലെ ഒരു കടലാസ് നിർമ്മാതാവ് ഓരോ വർഷവും 1 കോടി 20 ലക്ഷത്തിലധികം വൃക്ഷതൈകൾ നടുന്നു.) പിന്നീട് മരങ്ങൾ വെട്ടിയിടുകയും അരച്ചു പൊടിയാക്കി ഒരു കുഴമ്പു രൂപത്തിൽ പാകപ്പെടുത്തുകയും ചെയ്യുന്നു. ഈ കുഴമ്പ് ശുദ്ധിചെയ്തശേഷം ബ്ലീച്ച് ചെയ്യുകയും ഫോർ ഡ്രൈനർ എന്നറിയപ്പെടുന്ന ഒരു കടലാസ് നിർമ്മാണ യന്ത്രത്തിലേക്ക് അയക്കുകയും ചെയ്യുന്നു.
അതെങ്ങനെ പ്രവർത്തിക്കുന്നു? ആദ്യമായി കുഴമ്പ് നല്ല കമ്പിവലകൊണ്ടുള്ള ഒരു ബൽറ്റിൽ കൂടി യന്ത്രത്തിന്റെ രൂപപ്പെടുത്തുന്ന വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നു. വൃക്ഷനാരുകളെ കടലാസിന്റെ തരികൾക്കുതകുന്ന വിധത്തിൽ സഞ്ചാര ദിശയിൽ വരിവരിയായി നിൽക്കാനിടയാക്കുന്നു. നാരുകൾ അരിക്കുന്നതിനു ബൽറ്റ് വശങ്ങളിലേക്ക് കുലുക്കുകയും ചെയ്യുന്നു. ഇതു കടലാസിന് ബലം നൽക്കുന്നു. ഗുരുത്വാകർഷണത്താലും അടിയിലുള്ള പൊള്ളയായ പെട്ടികളുടെ സഹായത്താലും വെള്ളം ഈ കമ്പിവലയിൽ കൂടി ഒഴുക്കുന്നു.
ഇപ്പോൾ കുഴമ്പ് യന്ത്രത്തിന്റെ സമ്മർദ്ദ വിഭാഗത്തിൽ പ്രവേശിക്കുന്നു. ഈ സമയത്ത് കുഴമ്പിന്റെ 80-85 ശതമാനം തൂക്കം വെള്ളമാണ്. വെള്ളം വലിച്ചെടുക്കുന്ന ക്രമീകരണത്തോടുകൂടിയ അനേകം റോളറുകളിൽകൂടി കടത്തിവിട്ട് കൂടുതൽ വെള്ളം നീക്കം ചെയ്യുകയും കടലാസ് വല ചേർത്ത് ബന്ധിക്കയും ചെയ്യുന്നു. അവിടെ നിന്ന് ഉണക്കൽ വിഭാഗത്തിലേക്ക്. ഇവിടെ കടലാസ് വല ആവിയാൽ ചൂടാക്കപ്പെട്ട സിലിണ്ടറുകളുടെ മുകളിലൂടെ കടന്നു പോകുന്നു, അത് ബാഷ്പീകരണത്താൽ കൂടുതൽ വെള്ളം നീക്കം ചെയ്യാൻ ഇടയാക്കുന്നു. തീർന്നോ? ആവശ്യം ഇല്ല. എന്തെന്നാൽ നിശ്ചിതമായ കടലാസിന്, ഉണങ്ങിയ കടലാസ് വല മറ്റൊരു സെറ്റ് റോളറുകളിൽ കൂടികടത്തിവിടുമ്പോൾ ഏതു പരുപരുപ്പും ഇസ്തിരിയിട്ട് നീക്കം ചെയ്യുന്നു, അത് കടലാസിനു മിനുസമുള്ള ഒരു ഉപരിതലം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പൂർത്തിയായ ഉല്പന്നം ഇപ്പോൾ ഒരു റീലിൽ ചുറ്റുന്നതിനു ആവശ്യമായ വലിപ്പത്തിൽ മുറിക്കുന്നതിനും തയ്യാറായിരിക്കുന്നു.
എന്നാൽ, അത്തരം ഉയർന്നവേഗതയിലുള്ള പ്രവർത്തനത്തിൽ എങ്ങനെ നടപടി നിയന്ത്രണ പരിശോധനകൾ നടത്തുമെന്ന് നിങ്ങൾ അതിശയിച്ചേക്കാം. കൊള്ളാം, ആധുനിക സാങ്കേതികവിദ്യ ലൈനിലെ നടപടി നിയന്ത്രണ വ്യൂഹങ്ങളുടെ ഒരു പുർണ്ണശ്രേണി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിവേചനോപായങ്ങൾ തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കുന്ന കടലാസുവല വിശദമായി പരിശോധിക്കുന്നു. അടിസ്ഥാന തൂക്കം പരിശോധിക്കുന്നതിന് ബീറ്റാ രശ്മികൾ ഉപയോഗിച്ചേക്കാം. കടലാസിന്റെ കനം പരിശോധിക്കുന്നതിന് അത് ഒരു കാന്തകവലയത്തിലൂടെ കടത്തിവിട്ടേക്കാം. എത്രമാത്രം ഈർപ്പം അടങ്ങിയിരിക്കുന്നു എന്നു അളക്കുന്നതിന് ഇൻഫ്രാറെഡ് റിഫെക്ല്ഷൻ ഉപയോഗിച്ചേക്കാം. ഉവ്വ്, കടലാസ് അതിന്റെ വിവിധ നിർമ്മാണ രംഗങ്ങളിലൂടെ കടന്നു പോകുമ്പോൾ അതു പരിശോധിക്കുന്നതിന് കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നു.
കടലാസ് വിവിധ ഉപയോഗങ്ങൾക്കുവേണ്ടി നിർമ്മിക്കുന്നു
എന്നാൽ കടലാസ് ഇത്രമാത്രം വിവിധോപയോഗ വസ്തുവായിരിക്കുന്നതെങ്ങനെ? മിക്ക കടലാസും പൾപ്പുകൊണ്ടാണ് നിർമ്മിക്കുന്നതെങ്കിലും എസ്പാർട്ടൊ പുല്ല്, ബാഗസ്സി (കരിമ്പിൻ ചണ്ടി) മുള മുതലായ മറ്റു വസ്തുക്കളും ഉപയോഗിക്കുന്നു. ലിനൻ, പരുത്തി, ചണം എന്നിവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ച് ഉയർന്നതരം എഴുത്തിനും ബൈബിൾ കടലാസ്പോലുള്ള പ്രത്യേക കടലാസുകൾക്കും വേണ്ടി. ഈ വിവിധയിനം നാരുകൾ വിവിധ ചേരുവയിൽ ഉപയോഗിക്കുമ്പോൾ എന്തു ഫലമുണ്ടാകുന്നു? വളരെയധികം വൈവിധ്യമാർന്ന ഗുണങ്ങളുള്ള കടലാസുകൾ.
ഗ്രീസ് പിടിക്കാത്ത കടലാസിനെക്കുറിച്ചും ബ്ലോട്ടിംഗ് പേപ്പറിനെക്കുറിച്ചും പരിഗണിക്കുക. വിപരീത ഗുണങ്ങളുള്ളവയാണെങ്കിലും ഒരേയിനം നാരുകൊണ്ടാണ് അവ നിർമ്മിക്കുന്നത്! അതെങ്ങനെയാണ്? വ്യത്യസ്ത ശുചീകരണ, നിർമ്മാണ പ്രക്രിയകൾ ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ വ്യത്യസ്തങ്ങളായ പ്രത്യേക വസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ മാത്രം കടലാസിന് വിവിധ ഗുണങ്ങൾ കൈവരുത്താൻ കഴിയും. ചീനക്കളിമണ്ണ് നാരുകൾക്കിടയിലെ വിടവുകൾ അടച്ചുകൊണ്ട് കടലാസിന് ഒരു മിനുസമുള്ള പൂർത്തീകരണം നൽകുന്നു. ബ്ലീച്ചിംഗ് വസ്തുക്കളും ഡൈകളും നിറം മെച്ചപ്പെടുത്തുന്നു. ടൈറ്റാനിയം ഡയോക്സൈഡ് അതാര്യത കൂട്ടുന്നതിനാൽ കടലാസിന്റെ മറുവശത്തെ അച്ചടികാണാനിടയാകാതാക്കുന്നു. ഫോർമാൽഡിഹൈഡ് റെസിൻഡ് കടലാസിനെ ഈർപ്പം തട്ടുമ്പോൾ ബലമുള്ളതായി നിർത്താൻ സഹായിക്കുന്നു—ചായപ്പൊടി സഞ്ചികൾക്ക് ആവശ്യമായ ഒരു ഗുണം! എന്തിന്, ഉരുകിയ മെഴുകുപോലും ഒരു മുഖ്യ ഘടകമായിരുന്നേക്കാം. അത് മെഴുകു കടലാസിനെ പൊതിയുന്നു.
കടലാസിന്റെ സാദ്ധ്യതയുള്ള ഉപയോഗങ്ങൾ അനന്തമാണെന്നു തോന്നുന്നു. പ്ലാസ്റ്റിക്കുകൊണ്ടു പൊതിഞ്ഞ പേപ്പർ ബോർഡ് ബുക്ക് ഷെൽഫുകൾക്കും കസേരകൾക്കും ഉപയോഗിക്കുന്നു. നൈലോൺ, ഓർലോൺ തുടങ്ങിയ കൃത്രിമനാരുകൾ തനിച്ചോ അല്ലെങ്കിൽ പൾപ്പ് കൂട്ടിച്ചേർത്തോ വസ്ത്രങ്ങൾക്കും വൈദ്യുത കവചനത്തിനും വേണ്ടിയുള്ള വസ്ത്രസമാനഗുണങ്ങളോടു കൂടിയ കടലാസുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു.
വർദ്ധിച്ചുവരുന്ന ആവശ്യത്തെ നേരിടുന്നു
ഒരു ആധുനിക സമുദായത്തിന്റെ അഭിവൃദ്ധി അതുപയോഗിക്കുന്ന കടലാസിന്റെ അളവിനാൽ അളക്കാമെന്ന് പറയപ്പെടുന്നു. രസാവഹമായി 1982-ൽ ഐക്യനാടുകളിൽ മാത്രം കടലാസിന്റെയും കടലാസ് ബോർഡിന്റെയും മൊത്തം ഉല്പാദനം 6 കോടി 70 ലക്ഷം ടൺ ആയിരുന്നു. ഈ അതിശയിപ്പിക്കുന്ന ആവശ്യം നിർമ്മാതാക്കളിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
ഒരു സംഗതി കടലാസു മില്ലുകൾ വളരെയധികം വെള്ളം ഉപയോഗിക്കുന്നു എന്നതാണ്. ഒരു ടൺ പൾപ്പിന് 250 ടൺ വീതം! ബ്രിട്ടാനിക്കായുടെ ശാസ്ത്രവും ഭാവിയും 1983-ലെ വാർഷിക പുസ്തകം വർണ്ണിക്കുന്ന പ്രകാരം, ‘ഒരു വലിയ കടലാസു മില്ല് 50,000 നിവാസികളുള്ള ഒരു നഗരത്തിനാവശ്യമായത്ര വെള്ളം ഉപയോഗിക്കുന്നു! കൂടാതെ ഉപയോഗശുന്യമായ കടലാസ് എന്തു ചെയ്യുമെന്നുള്ള പ്രശ്നവുമുണ്ട്.
നിർമ്മതാക്കൾ ഈ പ്രശ്നങ്ങളെ സമർത്ഥമായി നേരിട്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു വലിയ ഫാക്ടറി അകത്തെ ഓടയിലൂടെ പ്രവഹിക്കുന്ന മലിനവസ്തുക്കൾ കൈകാര്യം ചെയ്യുകയും വീണ്ടെടുത്ത വെള്ളം വൃക്ഷകാണ്ഡങ്ങൾ കഴുകുന്നതിന് ഉപയോഗിക്കയും ചെയ്യുന്നു. ഇത് ജലത്തിന്റെ ഉപയോഗത്തെ വളരെയധികം കുറക്കുന്നു. പ്രചാരത്തിലുള്ള മറ്റൊരു വിദ്യ ഉപയോഗശൂന്യമായ കടലാസ് വീണ്ടും ചുറ്റിയെടുത്ത് വീണ്ടും കുഴമ്പാക്കുകയാണ്. ഐക്യനാടുകളിൽ കടലാസു നിർമ്മാണത്തിനുപയോഗിക്കുന്ന നാരിന്റെ 25 ശതമാനത്തിലധികവും ഉപയോഗശൂന്യമായ കടലാസിൽ നിന്നാണ് ലഭിക്കുന്നത്.
നിർമ്മാതാക്കൾക്ക്, വെറുതെ ശൂന്യമാക്കിക്കളയുന്ന ഒരു ജനതയുടെ ആവശ്യങ്ങൾക്കും ഒരു ശുഷ്കിപ്പിക്കുന്ന ഗ്രഹത്തിന്റെ യാഥാർത്ഥ്യങ്ങൾക്കും ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയമോ എന്നത് കാലത്തിനെ പറയാൻ സാധിക്കൂ. കടലാസിന്റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കും എന്നതു നിശ്ചയമാണ്. ഈ മാസികയുടെ പ്രസാധകർ ബൈബിളും ബൈബിൾ സാഹിത്യങ്ങളും അച്ചടിക്കുന്നതിന് അതിന്റെ വലിയ അളവ് ഉപയോഗിക്കുന്നു. ആ മഹത്തായ വേലയിൽ അവർ ഉപേക്ഷ വിചാരിക്കാൻ ഉദ്ദേശിക്കുന്നില്ല. (മത്തായി 24:14) വിദ്യാഭ്യാസപ്രവർത്തകർ, ശാസ്ത്രജ്ഞൻമാർ, വ്യാപാരികൾ, വീട്ടമ്മമാർ എന്നിവരും അതുപോലെ കടലാസ് ഉപയോഗിക്കുന്നതിൽ തുടരും.
അതുകൊണ്ട് അടുത്ത പ്രാവശ്യം നിങ്ങൾ ഒരു പുസ്തകം എടുക്കുകയോ അഥവാ കടലാസ് പ്ലെയ്റ്റിൽ തിന്നുകയോ ചെയ്യുമ്പോൾ ഈ ലളിതമെങ്കിലും വിവിധ ഉപയോഗങ്ങളുള്ള ഉല്പന്നമായ കടലാസിന്റെ പ്രാധാന്യവും ഉപയോഗവും ഒഴിച്ചുകൂടായ്കയും സംബന്ധിച്ചു ആഴമായി ചിന്തിക്കുന്നതിന് അല്പ നിമിഷമെടുക്കുക! (g85 11/8)
[20-ാം പേജിലെ ചിത്രം]
യോഹന്നസ് ഗുട്ടൻ ബർഗും അദ്ദേഹത്തിന്റെ പ്രസ്സും. കടലാസ് കൂടാതെ അദ്ദേഹത്തിനു ബൈബിൾ അച്ചടിക്കാൻ കഴികയില്ലായിരുന്നു.
[21, 22 പേജുകളിലെ ചിത്രം]
ഇടതു വശത്ത് പ്രാരംഭ (ഈർപ്പ) അഗ്രത്തോടുകൂടിയ ഫോർഡ്രൈനർ
[21-ാം പേജിലെ ചിത്രം]
ഒരു വലിയ ഹൈസ്പീഡ് ഫോർഡ്രൈനറിന്റെ ഈർപ്പമുള്ള അഗ്രം