ചെറുപ്പക്കാർ ചോദിക്കുന്നു . . .
ചാരിത്രശുദ്ധിയുള്ളവരായി നിലനിൽക്കൽ—അതു യഥാർത്ഥത്തിൽ ഉത്തമാണോ?
എസ്ഥേറിന്റെ അടിവയറ്റിലെ വേദന വിട്ടുമാറാഞ്ഞതിനാൽ അവൾ ഒരു ഡോക്ടറെ സമീപിച്ചു. ഡോക്ടർ അവളുടെ ചാർട്ട് ശ്രദ്ധയോടെ പരിശോധിച്ചശേഷം ചുരുക്കം ചില ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹം കാര്യമാത്രപ്രസക്തമായി ആരാഞ്ഞു. “ഏതു തരത്തിലുള്ള ഗർഭനിരോധനമാർഗ്ഗമാണ് ഉപയോഗിക്കാറുള്ളത്?”
അത്ര ഗുരുതരമല്ലെന്ന് പിന്നീട് തെളിഞ്ഞ ഒരു പ്രശ്നത്തിൽനിന്നുള്ള വേദനയോടെ നിശ്ചലയായി എസ്ഥേർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: “ഞാൻ ഒന്നും ഉപയോഗിക്കാറില്ല.”
“എന്ത്? നിനക്ക് ഗർഭം ധരിക്കണോ? ഡോക്ടർ ഉൽക്രോശിച്ചു.
“വേണ്ട” എന്നതായിരുന്നു ഈ അവിവാഹിതയായ സ്ത്രീയുടെ മറുപടി.
“നീ എന്തെങ്കിലും ഉപയോഗിക്കുന്നില്ലെങ്കിൽ പിന്നെ ഗർഭധാരണത്തെ തടയാനുദ്ദേശിക്കുന്നതെങ്ങനെയാണ്” പ്രകോപിതനായ ഡോക്ടർ തിരിച്ചടിച്ചു.
“കാരണം ഞാൻ ലൈംഗികബന്ധത്തിൽ ഏർപ്പെടാറില്ല!” എസ്ഥേർ പ്രതിവചിച്ചു.
ഡോക്ടർ അവിശ്വാസത്തോടെ അവളെ തുറിച്ചുനോക്കുകയും അവളുടെ ചാർട്ട് വീണ്ടും പരിശോധിക്കുകയും ചെയ്തു. “നീ 23 വയസ്സുകാരിയല്ലേ?” അദ്ദേഹം വീണ്ടും വിചാരമില്ലാതെ പറഞ്ഞു. “ഞാൻ മുറിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. എന്തായിരുന്നാലും ഇത് അവിശ്വസനീയംതന്നെ. ഇവിടെ 13 വയസ്സുള്ള കുട്ടികൾ വരാറുണ്ട്. അവർ മേലാൽ ചാരിത്രശുദ്ധിയുള്ളവരേ അല്ല. നീ അസാധാരണക്കാരിതന്നെ. ഞാൻ ചാരിത്രശാലിനികളായ ചുരുക്കം കുട്ടികളയേ കാണാറുള്ളു.”
ചാരിത്രശുദ്ധി ഇന്നത്തെ ലോകത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുകയാണ്. “ഒരു കൗമാരപ്രായക്കാരൻ ആയിരിക്കുമ്പോൾ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത ഒരു ചെറുപ്പക്കാരൻ അസാധാരണക്കാരനാണ്,” ഈ അനുമാനത്തിലാണ് അലൻ ഗട്ട്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 1981-ലെ ഒരു ആധികാരിക റിപ്പോർട്ട് ചെന്നെത്തിയത്. “തങ്ങൾ കൗമാരപ്രായത്തിലായിരുന്നപ്പോൾത്തന്നെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടതായി 10 പുരുഷൻമാരിൽ എട്ടുപേരും 10 സ്ത്രീകളിൽ ഏഴുപേരും റിപ്പോർട്ടുചെയ്യുന്നു.” താഴെകാണുന്ന ബോക്സിൽ ചർച്ചചെയ്തിരിക്കുന്ന എസ്ഥേറിനെ വ്യത്യസ്തയായിരിക്കാൻ പ്രേരിപ്പിച്ചതെന്താണ്?
ധാർമ്മികതയെ സംബന്ധിച്ച ബൈബിൾ നിയമങ്ങൾ അനുസരിക്കുന്നത് ഉത്തമായിരുന്നുവെന്ന് അവൾക്ക് ബോദ്ധ്യം വന്നിരുന്നു. ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു: “ഇപ്പോൾ ശരീരം പരസംഗത്തിന് (വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം) ഉള്ളതല്ല . . . ദുർവൃത്തി വിട്ടോടുക.” (1 കൊരിന്ത്യർ 6:13, 18) എന്നിട്ടും മിക്ക ചെറുപ്പക്കാരും ബൈബിളിന്റെ ധാർമ്മികത അവഗണിക്കുന്നു. എങ്കിൽത്തന്നെയും, ധാർമ്മികമയ ചാരിത്രശുദ്ധിക്ക് വസ്തുനിഷ്ഠമായ പ്രയോജനങ്ങളുണ്ടോ?
ഒരു ശാരീരിക സംരക്ഷണം
ജീവശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ആനുകാലിക പ്രസിദ്ധീകരണത്തിൽ എഴുതവെ, ഡോ. റിച്ചാർഡ് ലീ തന്റെ സഹചികിത്സകരെ ഉദ്ബോധിപ്പിച്ചു: “വളരെ ആശ്രയയോഗ്യവും പ്രത്യേകതയുള്ളതും ഏറ്റവും വിലകൂടിയതും വിഷജന്യവും, ഗർഭസംബന്ധവും ലൈംഗിക സംബന്ധവുമായ വൈഷമ്യം നിവാരണം ചെയ്യുന്നതിനെ—കന്യകാവസ്ഥയുടെ പുരാതനവും മാന്യവും ആരോഗ്യകരവുമായ സ്ഥിതിയെ—അവഗണിച്ചുകൊണ്ട് ഗർഭധാരണത്തെ തടയുന്നതിനും ലൈംഗികരോഗത്തെ ചികിത്സിക്കുന്നതിനുള്ള നമ്മുടെ വലിയ നേട്ടങ്ങളെക്കുറിച്ച് നാം നമ്മുടെ ചെറുപ്പക്കാരോട് വീമ്പടിക്കുന്നു.” അധാർമ്മിക ലൈംഗികബന്ധത്തിന്റെ ശാരീരികാപകടങ്ങളെക്കുറിച്ച് വ്യക്തമായ ബോധത്തോടെ, അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിച്ചു: “ചാരിത്രശുദ്ധി ശുപാർശ ചെയ്യാൻ ഡോക്ടർമാർക്ക് ഇപ്പോഴും ഒരു സ്ഥാനമുണ്ട്.”
നിശ്ചയമായും, വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധങ്ങളെല്ലാം ഗർഭധാരണമോ ലൈംഗിക രോഗമോ കൈവരുത്തുന്നില്ല. എന്നാൽ ചാരിത്രശുദ്ധിയുടെ പ്രയോജനങ്ങൾ അപ്രേയമത്രേ.
സമാധാനവും സ്വാഭിമാനവും
ബൈബിളിൽ വിവരിച്ചിരിക്കുന്ന ഒരു യുവകന്യക, തന്റെ പുരുഷസുഹൃത്തിനോടുള്ള തീവ്രമായ സ്നേഹം ഉണ്ടായിരുന്നിട്ടും, ചാരിത്രശുദ്ധി നിലനിർത്തി. അവളുടെ ചാരിത്രനിഷ്ഠ അധാർമ്മിക സമ്മർദ്ദത്തിൻകീഴിൽ ‘തുറന്നു കിടക്കുന്ന’ ഒരു ആട്ടമുള്ള വാതിൽപോലെ ആയിരിക്കുന്നതിനുപകരം, അവൾക്ക് അഭിമാനത്തോടെ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ ഒരു മതിലാണ്, എന്റെ സ്തനങ്ങൾ ഗോപുരങ്ങൾ പോലെയാണ്.” അതെ ധാർമ്മികമായി, അവൾ കയറിച്ചെല്ലാൻ പറ്റാത്ത അഗമ്യഗോപുരങ്ങളോടുകൂടിയ ഒരു പ്രതിരോധമതിൽ പോലെ ഉറച്ചുനിന്നു. അവൾ “ശുദ്ധിയുള്ളവൾ” എന്ന് വിളിക്കപ്പെടാൻ അർഹയായിരുന്നു. അതിന്റെ പ്രയോജനങ്ങളോ? കന്യക തന്റെ ഭാവി ഭർത്താവിനെക്കുറിച്ച് എങ്ങനെ പറഞ്ഞു. “ഞാൻ എന്റെ ദൃഷ്ടിയിൽ സമാധാനം കണ്ടെത്തുന്നവളെപ്പോലെ ആയിത്തീർന്നിരിക്കുന്നു.” അവളുടെ സ്വന്തം മനഃസമാധാനം ഇരുവരുടെയും സംതൃപ്തിക്ക് സംഭാവന ചെയ്തു.—ശലോമോന്റ ഉത്തമഗീതം 6:9, 10; 8:9, 10.
നേരത്തെ വിവരിച്ച എസ്ഥേറിനും ഇതേ ആന്തരിക സമാധാനവും ആത്മാഭിമാനവും ഉണ്ടായിരുന്നു. അവൾ പറഞ്ഞു: “എനിക്ക് എന്നെക്കറിച്ച് നല്ലതു തോന്നി. സഹപ്രവർത്തകർ എന്നെ പരിഹസിക്കുമ്പോൾപോലും ഞാൻ എന്റെ പാതിവ്രത്യശുദ്ധിയെ ഒരു വജ്രംപോലെ വിലയേറിയതായി വീക്ഷിച്ചു, കാരണം അതു വളരെ വിരളമാണ്, ചാരിത്രശുദ്ധിയുള്ള ചെറുപ്പക്കാർ ഒരു വ്രണിത മനഃസാക്ഷിയാൽ ബാധിക്കപ്പെടുന്നില്ല. “യഹോവയാം ദൈവത്തിന്റെ മുമ്പാകെ നല്ലൊരു മനഃസാക്ഷി ഉണ്ടായിരിക്കുന്നതിനേക്കാൾ ഉത്തമായ മറ്റൊന്നില്ല.” എന്ന് 19 വയസ്സുള്ള ഒരു ക്രിസ്ത്യാനിയായ സ്റ്റീഫൻ പ്രസ്താവിച്ചു.
എന്നാൽ ലൈംഗികബന്ധത്തിലേർപ്പെടാതെ ഒരു ദമ്പതികൾക്ക് അന്യോന്യം അടുത്തറിയാൻ കഴിയുന്നതെങ്ങനെ? എന്ന് ചില ചെറുപ്പക്കാർ ന്യായവാദം ചെയ്യുന്നു.
നിലനിൽക്കുന്ന സൗഹൃദം കെട്ടുപണിചെയ്യുന്നു
ലൈംഗികകാര്യങ്ങൾക്ക് സ്വാധീനമുണ്ടെങ്കിലും, അതിനുമാത്രം നിലനിൽക്കുന്ന ഒരു ബന്ധം കെട്ടുപണിചെയ്യാൻ സാദ്ധ്യമല്ല. വിവാഹംവരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുമ്പോൾ, ദമ്പതികൾ വ്യക്തിപരവും സാമുഹ്യപരവുമായ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, മറിച്ച് ലൈംഗിക സംതൃപ്തിയിലല്ല. ലൈംഗിക സംതൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഉദാഹരണത്തിന്, രണ്ടുപ്രാവശ്യം സ്നേഹബന്ധം വേദനാജനകമായി തകർത്തശേഷം അന്ന സമ്മതിച്ചു പറഞ്ഞു. “ചിലപ്പോൾ വളരെ പെട്ടന്നുതന്നെ നിങ്ങൾക്ക് ശാരീരികമായി കൂടുതൽ അടുക്കാൻ കഴിയുമെന്ന് ഞാൻ അനുഭവത്തിൽനിന്ന് പഠിച്ചിരിക്കുന്നു.” അതുകൊണ്ട് അവളും അവളുടെ ഭാവിഭർത്താവും ഡെയിറ്റിംഗിലേർപ്പെടാൻ തുടങ്ങിയപ്പോൾ, അവർ ശാരീരികമായി കൂടുതൽ അടുക്കുന്നത് ഒഴിവാക്കാൻ വളരെ ശ്രദ്ധയുള്ളവളായിരുന്നു. ഒരു ദമ്പതികൾ ലൈംഗിക അടുപ്പങ്ങളുടെ ഉല്ലാസപ്രദമായ സ്വാധീനത്തിൻ കീഴിൽ, വിവാഹശേഷം പൊന്തിവരുന്ന ഗുരുതരമായ ഭിന്നതകളെ മുൻകൂട്ടികാണാതെ അവഗണിച്ചുകളഞ്ഞേക്കാമെന്നോർക്കുക
ചാരിത്രശുദ്ധിയുള്ളവർക്ക് അത്തരം വഞ്ചന ഒഴിവാക്കാൻ കഴിയും. നാലുവർഷമായി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്ന അന്ന വിശദീകരിക്കുന്നു: “ഞങ്ങൾ കോർട്ടിംഗിലായിരുന്നപ്പോൾ, ഞങ്ങളുടെ ജിവിതലക്ഷ്യങ്ങൾ ചർച്ചചെയ്തും പ്രശ്നങ്ങൾ ആരാഞ്ഞും സമയം ചിലവഴിച്ചു. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി ഏതുതരക്കാരനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. വിവാഹശേഷം, ആനന്ദമരുളുന്ന സംഗതികളേ ഉണ്ടായിട്ടുള്ളു. വാസ്തവത്തിൽ മിക്ക ദമ്പതികൾക്കും കോർട്ടിംഗ് വേളയിൽ അത്രമാത്രം സമയം ഒന്നിച്ച് ചെലവഴിക്കുന്നതിനുണ്ടായിരിക്കയില്ല. അതുകൊണ്ട്, തുടർച്ചയായി വികാരാനുഭൂതിയോ ചുംബനമോ ഉണ്ടെങ്കിൽ, അവർക്ക് ഗൗരവമായ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനോ സാദ്ധ്യമല്ല.”
അവർക്ക് അവരുടെ വികാരങ്ങൾ നിയന്ത്രിക്കുന്നത് പ്രയാസമായിരുന്നോ? “അതെ, പ്രയാസമായിരുന്നു.” എന്ന് അന്ന സമ്മതിച്ചു പറഞ്ഞു. “ഞാൻ പ്രകൃത്യ തന്നെ വാത്സല്യവതിയായിരുന്നു. റ്റിം അത് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഞങ്ങൾ അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്തു. ഞങ്ങൾ രണ്ടുപേരും ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും, നടക്കാൻ പോകുന്ന ഞങ്ങളുടെ വിവാഹത്തെ തകർക്കാതിരിക്കുന്നതിനും വളരെയധികം ആഗ്രഹിച്ചു.” എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടത്തത് തങ്ങളുടെ വിവാഹത്തെ തകർത്തു കളയുമെന്ന് പല ചെറുപ്പക്കാരും ഭയപ്പെടുന്നു. അത് തകർത്തുകളയുമോ?
കൂടുതൽ സന്തുഷ്ടമായ ഒരു വിവാഹം
ചാരിത്രശുദ്ധി വിജയപ്രദമായ ഒരു വിവാഹത്തിന് സംഭാവന ചെയ്യുന്നു. (ബോക്സ് കാണുക.) അത് സമയും ആത്മനിയന്ത്രണവും ആവശ്യപ്പെടുന്നു. എന്നതാണ് കാരണം. നിങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യം നേടാൻ ഒരു ക്ഷണികോല്ലാസത്തിന്റെ സംതൃപ്തിയെ ത്യജിക്കാൻ പഠിക്കുന്നു. ദൈവാംഗീകാരം നേടുന്നതിന് പ്രാമുഖ്യത ലഭിക്കുന്ന ശാരീരികമായ അടുപ്പത്തിനുവേണ്ടി നിങ്ങളുടെ അഭിലാഷങ്ങൾക്ക് അടിപ്പെടുന്നത് ഒഴിവാക്കാൻ നിങ്ങൾ പോരാടുന്നു. (1 കൊരിന്ത്യർ 9:27) മറ്റേയാളിന്റെ ക്ഷേമത്തെക്കുറിച്ചുള്ള ഈ നിസ്വാർത്ഥ താല്പര്യമാണ് ഒരു സന്തുഷ്ട വിവാഹജീവിതം കെട്ടുപണിചെയ്യുന്നതും, ഫലത്തിൽ ലൈംഗിക സംതൃപതിയിലേക്ക് നയിക്കുന്നതും.
പല വിവാഹങ്ങൾക്കും ഗുരുതരമായ ലൈംഗിക പ്രശ്നങ്ങളുണ്ടെന്നുവരികിലും, ഒരുവൻ വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുവഴി അത് തടയുകയില്ല. മാനവ സമുദായ ശാസ്ത്രജ്ഞനായ സേയ്മർ ഫിഷർ നടത്തിയ വിപുലമായ ഗവേഷണമനുസരിച്ച്, ലൈംഗികമായി പ്രവർത്തിക്കാൻ ഒരു സ്ത്രീയെ സഹായിക്കുന്ന ഘടകങ്ങൾ ശാരീരികമല്ല. മറിച്ച് അതിൽ ഉൾപ്പെട്ടിരിക്കന്നത് അവൾ തന്റെ ഭർത്താവിനെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നു എന്നതാണ്. അവൾക്ക് “സൗഹൃദയത്തിന്റെയും അടുപ്പത്തിന്റെയും ആശ്രയത്തിന്റെയും വികാരങ്ങൾ” ഉണ്ടായിരിക്കന്നത്, “ഭാര്യയെ മനസ്സിലാക്കാനുള്ള ഭർത്താവിന്റെപ്രാപ്തി, . . . അവൾക്ക് അവനിലുള്ള വിശ്വവാസത്തിന്റെ അളവ്” എന്നിവയാണ് മർമ്മ പ്രധാനമായ ഘടകങ്ങൾ. എന്നാൽ വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധത്തിൽ, പലപ്പോഴും ആശ്രയത്വവും വിശ്വാസവും നിയന്ത്രിക്കാനാവാത്ത ലൈംഗികതൃഷ്ണയാൽ അടിമാന്തപ്പെടുന്നു. അപ്പോൾ ലൈംഗികതയുടെ ശാരീരികവശങ്ങളിലും സ്വന്തം ആനന്ദത്തിലുമായിരിക്കും ഊന്നൽ കൊടുക്കുന്നത്. ഒരിക്കൽ അത്തരം സ്വാർത്ഥ പ്രവർത്തനങ്ങൾ രൂപം കൊണ്ടാൽ, അവ വിടർത്തുക പ്രയാസമാണ് അവ വിവാഹത്തെ തകർത്ത് തരിപ്പണമാക്കുകയും ചെയ്യും. വിവാഹജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വാങ്ങുന്നതിനെക്കാളധികം ‘ഒരുവന്റെ ലൈംഗിക വിഹിതം കൊടുക്കുന്നതിൽ’ അതായത് നൽകുന്നതിലായിരിക്കണം.—1 കൊരിന്ത്യർ 7:3, 4.
രസാവഹമായി, വിവാഹിതരായ 177 സ്ത്രീകളുടെ ഒരു പഠനത്തിൽനിന്ന്, വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവരിൽ നാലിൽ മൂന്നുഭാഗത്തിനും, വിവാഹത്തിന്റെ ആദ്യത്തെ രണ്ട് ആഴ്ചകളിൽ ലൈംഗികപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ദീർഘകാല ലൈംഗികപ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്ത എല്ലാവരും “വിവാഹത്തിനുമുമ്പ് സംഭോഗത്തിലേർപ്പെട്ടതിന്റെ ചരിത്രമുള്ളവരായിരുന്നു.” കൂടാതെ, വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ, വിവാഹശേഷം വ്യഭിചാരം ചെയ്യാനുള്ള ഇരട്ടി സാദ്ധ്യതയുണ്ടെന്നും ഗവേഷണം ചൂണ്ടിക്കാണിക്കുകയുണ്ടായി! ബൈബിളിന്റെ വാക്കുകൾ എത്ര സത്യമാണ്. “ദുർവൃത്തി . . . നല്ല ആന്തരത്തെ എടുത്തുകളയുന്നു.”—ഹോശേയ 4:11.
‘നിങ്ങൾ വിതക്കുന്നത് നിങ്ങൾ കൊയ്യും.’ (ഗലാത്യർ 6:7, 8) ലൈംഗികാവേശം വിതച്ച് അരക്ഷിതത്വങ്ങളുടെയും സംശയങ്ങളുടെയും വിളവ് കൊയ്തെടുക്കുന്നു. എന്നാൽ ആത്മനിയന്ത്രണം വിതച്ച് സുരക്ഷിതത്വത്തിന്റെയും വിശ്വാസ്യതയുടെയും ഒരു വിളവ് കൊയ്തെടുക്കുന്നു. തുടക്കത്തിൽ വിവരിച്ച എസ്ഥേർ അഞ്ച് വർഷമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. അവളുടെ ഭർത്താവായ ജെയ് പറയുന്നു: “ഭവനത്തിലേക്ക്, എന്റെ ഭാര്യയുടെ അടുത്തേക്ക് വരുന്നതും, ഞങ്ങളിൽ ഒരാൾ മറ്റേ ആളിന്റേതുമാത്രമാണെന്ന് അറിയുന്നതും വിവരിക്കാനാവാത്ത ഒരു സന്തോഷമാണ്. വിശ്വാസ്യതയുടെ ഈ വികാരത്തിന്, പകരം നില്ക്കാൻ മറ്റൊന്നിനും സാദ്ധ്യമല്ല.”
രതിരോഗത്തെയോ നിയമാനുസൃതമല്ലാത്ത ഒരു ഗർഭധാരണത്തെയോ കുറിച്ചുള്ള ഉൽക്കണ്ഠകളില്ല. നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്ന് അറിയുന്നതിലെ മനഃസമാധാനം ഒരു അർത്ഥവത്തായ കോർട്ടിംഗ് സംതൃപ്തികരമായ ഒരു വിവാഹക്രമീകരണത്തിലേക്ക് നയിക്കുന്നു. ഇവയും മറ്റുപലതും ഇപ്രകാരം നിഗമനത്തിലെത്താനുള്ള ഈടുറ്റ കാരണങ്ങളാണ്. ചാരിത്രശുദ്ധിയുള്ളവരായി നിലനിൽക്കുന്നതാണ് യഥാർത്ഥത്തിൽ ഉത്തമം
[15-ാം പേജിലെ ചതുരം]
ചാരിത്ര ശുദ്ധി വിവാഹത്തെ പിൻതുണയ്ക്കുന്നു
“വിവാഹത്തിലെ തികഞ്ഞ യോജിപ്പിനെ വിവാഹത്തിനുമുമ്പുള്ള ലൈംഗികാനുഭവത്തോട് ബന്ധപ്പെടുത്താനുള്ള ഒരു ശ്രമത്തിൽ ഈ ഗവേഷണം പരിശോധനയെ ഒരു പടി മുമ്പോട്ട് എത്തിച്ചിരിക്കുന്നു. (1) വൈവാഹികസന്തോഷം, (2) വിപുലമായ വൈവാഹിക സംതൃപ്തി, (3) സ്നേഹം, (4) വിവാഹത്തിന്റെ കെട്ടുറപ്പ്. വിവാഹത്തിന്റെ തികഞ്ഞ വിജയത്തിന് വിവാഹത്തിനുമുമ്പുള്ള ചാരിത്രശുദ്ധി വളരെ അഭികാമ്യമാണെന്ന് (മറ്റു ഗവേഷകരുടെ) ആശയത്തോട് നിരീക്ഷണങ്ങൾ പൊതുവെ യോജിക്കുന്നുണ്ട്”—പോൾ എച്ച് ലാൻഡിസ് എഴുതിയ വിവാഹത്തിന്റെ ഏറിയ പങ്കു് നിർവ്വഹിക്കൽ.
“സന്തോഷകരമായി വിവാഹജീവിതം നയിക്കുന്നവരേക്കാൾ, വിവാഹം വേർപെടുത്തിയ വളരെകൂടുതലാളുകൾ തങ്ങൾ വിവാഹത്തിനുമുമ്പ് സംഭോഗത്തിലേർപ്പെട്ടതായിറിപ്പേർട്ടു ചെയ്തു.”—ഹാർവേ ജേ. ലോക്ക് എഴുതിയ വിവാഹത്തിലെ പൊരുത്തം മുൻകൂട്ടിപറയുന്നു: വിവാഹം വേർപെടുത്തിയവനും സന്തോഷകരമായി വിവാഹജീവിതം നയിക്കുന്നവനും തമ്മിലുള്ള താരതമ്യം.
“വിവാഹത്തിനുമുമ്പുള്ള ചാരിത്രശുദ്ധിക്ക് രണ്ട് പ്രിയവ്യക്തികളുടെയിടയിലെ സ്നേഹവും ആദരവും ബലിഷ്ഠമാക്കാൻ കഴിയും. അത് വിവാഹത്തിനുള്ളിൽ രണ്ടു വ്യക്തിത്വങ്ങളുടെ ആശയപ്രകടനത്തിലേക്ക് നയിക്കുന്നു . . . വിവാഹത്തിനുവേണ്ടി ലൈംഗികസ്വത്തുക്കൾ കരുതിവെക്കുന്നതുവഴി, നിങ്ങൾക്ക് അന്യോന്യം പങ്കുവെക്കാൻ വളരെ സവിശേഷമായ എന്തെങ്കിലും ഉണ്ടായിരിക്കും. അത് മറ്റാർക്കും ആസ്വദിക്കാൻ സാദ്ധ്യമല്ല.”—ഡോ. എവ്ലിൻ എം. ഡുവൻ രചിച്ച വിവാഹംവരെ കാത്തിരിക്കേണ്ടതെന്തുകൊണ്ടു്.
[13-ാം പേജിലെ ചിത്രം]
ചാരിത്രശുദ്ധി നിങ്ങളെ ശാരീരികവും വൈകാരികവുമായ കടുത്ത ദുരന്തങ്ങളിൽനിന്ന് സംരക്ഷിക്കുന്നു.