ലൈംഗിക വിഷയങ്ങളിൽ ബൈബിളിന്റെ വീക്ഷണം
മറിയ അവളുടെ ഭർത്താവായ യോസേഫുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിരുന്നതിനേക്കുറിച്ചുള്ള ചിന്തപോലും ആത്മാർത്ഥതയുള്ള പല കത്തോലിക്കരെ സംബന്ധിച്ചും ഭാവനാതീതവും ഞെട്ടിക്കുന്നതും ആണു്. അവരുടെ സഭയുടെ ലൈംഗികതയോടുള്ള മനോഭാവം ഒരു കത്തോലിക്കാ വിശ്വാസിക്കു് അയാളോ അവളോ വിവാഹബന്ധത്തിൽ ആണെങ്കിൽപോലും വേഴ്ചയിൽ ഏർപ്പെടുന്നെങ്കിൽ യഥാർത്ഥത്തിൽ വിശുദ്ധിയുള്ള ഒരാളായിരിക്കാൻ കഴിയുകയില്ല എന്ന ധാരണ നൽകിയിരിക്കുന്നു എന്നതാണു് ഇതിന്റെ കാരണം. എന്നാൽ വിവാഹവും വിശുദ്ധിയും പരസ്പരം പൊരുത്തമില്ലാവയാണോ? ബൈബിൾ എന്താണു് പ്രകടമാക്കുന്നതു്?
പുരാതന യിസ്രായേലിൽ പുരോഹിതൻമാർ വിശുദ്ധരായിരിക്കണമെന്നു് ദൈവം വ്യവസ്ഥ വെച്ചു. എങ്കിലും അവർക്കു് വിവാഹം അനുവദിക്കപ്പെട്ടിരുന്നു. (ലേവ്യർ 21:6, 7, 13) ക്രിസ്തീയ സഭയിൽ—കത്തോലിക്കാ സഭ ആദ്യത്തെ പാപ്പ ആയി വീക്ഷിക്കുന്ന—പത്രോസ് വിവാഹിതനായിരുന്നു, ഭൂരിപക്ഷം അപ്പോസ്തലൻമാരേപ്പോലെ തന്നെ. (മത്തായി 8:14; 1 കൊരിന്ത്യർ 9:5) ക്രിസ്തീയ സഭക്കുള്ളിൽ ഒരു “മേൽവിചാരകനു്” (കാത്തലിക് ഡുവെ വേർഷനിൽ, “ബിഷപ്പ്”) “ഒരു ഭാര്യയുടെ ഭർത്താവാ”യിരിക്കാൻ കഴിയുമായിരുന്നു. (1 തിമൊഥെയോസ് 3:2) കൂടാതെ “പ്രായമേറിയ പുരുഷൻമാർ” (ഡുവേയിൽ “പുരോഹിതൻമാർ”) വിവാഹിതരായിരിക്കാൻ കഴിയുമായിരുന്നു. (തീത്തോസ് 1:5-8) വാസ്തവത്തിൽ, ഒന്നാം നൂറ്റാണ്ടിലെ വിശ്വസ്തരായ എല്ലാ ക്രസ്ത്യാനികളും “ദൈവത്തിന്റെ വിശുദ്ധരും പ്രിയരുമായ തെരഞ്ഞെടുക്കപ്പെട്ടവർ” ആയിരുന്നു, അവരിൽ അനേകരും വിവാഹിതരുമായിരുന്നു. (കൊലോസ്യർ 3:12, 18-21) ഇവ ലൈംഗികബന്ധമില്ലാത്ത വിവാഹങ്ങൾ ആയിരുന്നുവെന്നു് അവകാശപ്പെടുന്നതു് അർത്ഥ ശൂന്യമായിരിക്കും, കാരണം അതു് 1 കൊരിന്ത്യർ 7:2-5ൽ നൽകപ്പെട്ടിരിക്കുന്ന അപ്പോസ്തലിക ബുദ്ധിയുപദേശത്തിന്റെ നേരിട്ടുള്ള ലംഘനമാണു്.
അതുകൊണ്ടു് ബൈബിളനുസരിച്ചു് വിവാഹവും വിശുദ്ധിയും പൊരുത്തമില്ലാത്തവയല്ല. വിവാഹബന്ധത്തിൽ എന്തെങ്കിലും അശുദ്ധിയുണ്ടെങ്കിൽ ദൈവം തന്നെക്കുറിച്ചുതന്നെ യിസ്രായേലിന്റെ ‘ഭർത്താവ്’ എന്നു് പറയുമോ, ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചു് ക്രിസ്തീയ സഭയുടെ “ഭർത്താവു്” എന്ന നിലയിൽ സംസാരിക്കുമോ?—യെശയ്യാ 54:5; 62:4, 5; എഫേസ്യർ 5:23-32; വെളിപ്പാടു് 19:7; 21:2, 9.
അതുകൊണ്ടു് യേശുവിന്റെ കന്യകാജനനത്തിനു ശേഷം യോസേഫ് മറിയയുമായി ഒരു സാധാരണ വിവാഹജീവിതം നയിച്ചുവെന്നും അവളിൽ പുത്രൻമാരെയും പുത്രിമാരെയും ജനിപ്പിച്ചുവെന്നുമുള്ള സ്പഷ്ടമായ ബൈബിൾ സാക്ഷ്യം അംഗീകരിക്കുന്നതു് സംബന്ധിച്ചു് നമുക്കു് യാതൊരു മനഃസാക്ഷിക്കുത്തും തോന്നേണ്ട ആവശ്യമില്ല. ഇവർ യേശുവിന്റെ അർദ്ധസഹോദരൻമാരും സഹോദരിമാരും ആയിരുന്നു, അവരെ ഓരോരുത്തരെയും മറിയ പ്രസവിച്ചതുതന്നെ. (മത്തായി 1:24, 25; മർക്കോസ് 3:31) സാറാ യിസഹാക്കിനെ പ്രസവിച്ചതു് പുരാതനകാലത്തെ “വിശുദ്ധ സ്ത്രീകളുടെ കൂട്ടത്തിൽ അവളെ പരാമർശിക്കുന്നതിൽ നിന്നു് പത്രോസിനെ തടയാഞ്ഞതുപോലെ, ഇതു് മറിയയെ ഒരു വിശുദ്ധ സ്ത്രീയെന്ന നിലയിൽ സ്നേഹിക്കുന്നതിൽ നിന്നും ബഹുമാനിക്കുന്നതിൽനിന്നും നമ്മെ യാതൊരു വിധത്തിലും തടയുന്നില്ല.—1 പത്രോസ് 3:5-7; എബ്രായർ 11:11, 12.
വിവാഹമോചനവും ഗർഭനിരോധവും
വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നതിലും ഗർഭചിദ്രം നിരോധിക്കുന്നതിലും നിരോധിക്കുന്നതിലും കത്തോലിക്കാ സഭയുടെ ഭാഗം ശരിയാണു്. എന്നാൽ ഏതു കാരണത്തെച്ചൊല്ലിയും വിവാഹമോചനം നിഷേധിക്കുകയും “ഏതു വിവാഹവും ജീവൻ പകർന്നുകൊടുക്കുന്നതിനായി എക്കാലവും ഉതകേണ്ടതാണു്” എന്ന നിലപാടു് സ്വീകരിക്കുകയും ചെയ്യുമ്പോൾ അതിനു് ബൈബിളിന്റെ പിന്തുണയുണ്ടോ?—ഹ്യുമാനെ വിറ്റെ.
ആദിയിൽ ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള സ്ഥിരം ബന്ധമായിട്ടാണു് യഹോവയാം ദൈവം വിവാഹം സ്ഥാപിച്ചതു് (ഉല്പത്തി 2:22-24) “ദൈവം കൂട്ടിയോജിപ്പിച്ചതിനെ യാതൊരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ” എന്നുപറഞ്ഞുകൊണ്ടു് യേശു ക്രിസ്തീയ സഭയിൽ ഈ നിലവാരം പുനഃസ്ഥാപിച്ചു. എന്നിരുന്നാലും അവൻ ഇപ്രകാരം കൂട്ടിച്ചർത്തു. “പരസംഗം നിമിത്തമല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും മറ്റൊരുവളെ വിവാഹം കഴിക്കുകയും ചെയ്യുന്ന ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു.”—മത്തായി 19:4-6, 9; 5:32.
അതുകൊണ്ടു് ലൈംഗിക വിശ്വാസവഞ്ചന വിവാഹമോചനത്തിനുള്ള സാധുവായ ഒരു അടിസ്ഥാനമാണെന്നു് ബൈബിൾ പറയുന്നു. വാസ്തവത്തിൽ സാധ്യുതയുള്ള ഏക അടിസ്ഥാനം തന്നെ. കത്തോലിക്കാ സഭ ഈ വിഷയത്തിൽ തിരുവെഴുത്തുകളേക്കാൾ അധികം നിഷ്ക്കർഷയുള്ളതായിരുന്നതുകൊണ്ടു് അതിനുതന്നെയോ അതിലെ ദശലക്ഷക്കണക്കിനു് അംഗങ്ങൾക്കോ യാതൊരു പ്രയോജനവും ചെയ്തില്ല. ചരിത്രത്തിലുടനീളം ഈ നയത്തിന്റെ ഫലങ്ങളെക്കുറിച്ചു് അഭിപ്രായം പറഞ്ഞുകൊണ്ടു് പുതിയ ബ്രിട്ടാനിക്കാ സർവ്വവിജ്ഞാനകോശം ഇപ്രകാരം പ്രസ്താവിക്കുന്നു: “കർശനമായ ഏകഭാര്യാത്വം സാധാരണവും വ്യാപകമായി അനുവദിക്കപ്പെടുന്നതും ആയ വ്യഭിചാരനടപടിയോടു് യാതൊരു ബന്ധവുമില്ലാത്തതല്ല, അതു് വിവാഹമോചനത്തേക്കാൾ അനുവദനീയമാണെന്നു് കത്തോലിക്കാ സഭ പരിഗണിക്കുന്നു.”
ജനനനിയന്ത്രണത്തെ സംബന്ധിച്ചാണെങ്കിൽ, ഗർഭധാരണം തടയുന്നതിനു് എന്തെങ്കിലും ചെയ്യുന്ന പക്ഷം വിവാഹത്തിൽ ആണെങ്കിൽപോലും ലൈംഗികവേഴ്ച പാപമാണെന്നു് പ്രമുഖ കത്തോലിക്കാ വേദപണ്ഡിതനായ അഗസ്തീൻ (പൊ. യു. 354-430) കരുതിയിരുന്നു. പോൾ VI-ാമൻ പാപ്പ 1968-ലെ ഹ്യുമാനെ വിറ്റെ എന്ന തന്റെ ചാക്രികലേഖനത്തിൽ വിവരിച്ചപ്രകാരവും പോൺ പോൾ II-ാമൻ പാപ്പ സ്ഥിരീകരിച്ച പ്രകാരവും ഇതു് ഇപ്പോഴും കത്തോലിക്കാസഭയുടെ വീക്ഷണമാണു്. ഇതു് ആത്മാർത്ഥതയുള്ള കത്തോലിക്കരുടെയിടയിൽ വളരെ വൈഷമ്യം ഉളവാക്കിയിട്ടുള്ള ഒരു നയമാണു്. എങ്കിലും ബൈബിൾ ഗർഭനിരോധനത്തെ വിലക്കുന്നില്ല. ആ വിഷയം സംബന്ധിച്ചു് അതു് ഒന്നും തന്നെ പറയുന്നില്ല.
നേരേമറിച്ചു്, പുറപ്പാട് 20:13-ലേയും പുറപ്പാട് 21:22, 23-ലേയും രേഖയിൽ പ്രകടമാക്കിയിരിക്കുന്നപ്രകാരം ബൈബിൾ ഗർഭഛിദ്രത്തെ അംഗീകരിക്കുന്നില്ല. ഇതിൽ ഗർഭധാരണം നടന്നതിനു ശേഷം പ്രയോഗിക്കുന്ന ജനനനിയന്ത്രണ രീതികൾ ഉൾപ്പെടും, കാരണം ഇതു് വളർച്ച തുടങ്ങിക്കഴിഞ്ഞ ഒരു വ്യക്തിയെ കൊല്ലുന്നതിനു് സമാണു്. ഇതിനുപുറമെ, ബൈബിൾ കുടുംബാസൂത്രണത്തിന്റെ പ്രശ്നം ഓരോ ക്രിസ്തീയ ദമ്പതികളുടേയും മനഃസാക്ഷിക്കു വിടുന്നു. ജനനനിയന്ത്രണം സംബന്ധിച്ച അതിന്റെ നിലപാടു് തുടർന്നു് നടപ്പിലാക്കുന്നതിനു്, റോം ദൈവവചനത്തിൽ “എഴുതിയിരിക്കുന്നതിനപ്പുറം” പോയിരിക്കുന്നു.—1 കൊരിന്ത്യർ 4:6, ദ ന്യൂ അമേരിക്കൻ ബൈബിൾ, ഒരു കത്തോലിക്കാ പരിഭാഷ.
ബൈബിളും ബ്രഹ്മചര്യവും
നാം മുമ്പു് കണ്ടതുപോലെ നിർബ്ബന്ധിത ബ്രഹ്മചര്യം ബൈബിൾപരമായ ഒരു വ്യവസ്ഥയല്ലെങ്കിലും സ്വമനസ്സാലെയുള്ള ഏകാകിത്വത്തെക്കുറിച്ചു് ബൈബിൾ സംസാരിക്കുന്നുണ്ടു്. യേശു ഇപ്രകാരം വിശദീകരിച്ചു: ചില പുരുഷൻമാർ ജനനം മുതൽ ലൈംഗികപ്രവർത്തനത്തിനു് ശേഷിയില്ലാത്തവരാണു്; ചിലർ മനഃപ്പൂർവ്വം അങ്ങനെ ചെയ്തിട്ടുള്ളവർ ആണു്; ദൈവഭരണത്തിനുവേണ്ടി സ്വമേധയാ ലൈംഗികത ത്യജിച്ചിട്ടുള്ള ചിലരുമുണ്ടു്. കഴിവുള്ളവൻ ഈ ഉപദേശം സ്വീകരിക്കട്ടെ.” (മത്തായി 19:12, NAB) അതുകൊണ്ടു് ബ്രഹ്മചര്യം നിർബന്ധമാണെന്നു് യേശു പറഞ്ഞില്ല; വാസ്തവത്തിൽ, നാം മുമ്പു് കുറിക്കൊണ്ടതുപോലെ അവന്റെ അപ്പോസ്തലൻമാരിൽ ചിലർ വിവാഹിതരായിരുന്നു.—മർക്കോസ് 1:29, 30; 1 കൊരിന്ത്യർ 9:5.
ക്രിസ്ത്യാനികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും സ്വമനസ്സാലെയുള്ള ബ്രഹ്മചര്യത്തേക്കുറിച്ചു് അപ്പോസ്തലനായ പൗലോസും സംസാരിക്കുന്നു. “നിങ്ങളുടെമേൽ നിയന്ത്രണങ്ങൾ വെക്കാൻ എനിക്കു് ആഗ്രഹമില്ല. എന്നാൽ, നൻമയായതിനെ, കർത്താവിനു് പൂർണ്ണമായി നിങ്ങളെത്തന്നെ അർപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരിന്ത്യർ 7:8, 35, 38, 40, NAB) ബൈബിന്റെ വീക്ഷണത്തിൽ, ഏകാകിത്വം ഇരു ലിംഗവർഗ്ഗങ്ങളിലുമുള്ള ചില ക്രിസ്ത്യാനികൾക്കു് തങ്ങളേതന്നെ കൂടുതൽ തികഞ്ഞഅളവിലും സ്വതന്ത്രമായും ദൈവസേവനത്തിൽ അർപ്പിക്കുന്നതിനു് വികസിപ്പിച്ചെടുക്കാൻ കഴിയുന്ന ഒരു വരമാണെന്നുള്ളതു് വളരെ സ്പഷ്ടമാണു്. അതിൽ പ്രതിജ്ഞയൊന്നും ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. യാതൊരു നിർബ്ബന്ധവും ഉണ്ടായിരിക്കയുമരുതു്.—1 കൊരിന്ത്യർ 7:28, 36.
നേരേമറിച്ചു്, നാം 1 തിമോഥെയോസ് 4:1-3-ൽ വായിക്കുന്ന പ്രകാരം നിർബിന്ധിത ബ്രഹ്മചര്യം വിശ്വാസത്യാഗത്തിന്റെ ഒരു ലക്ഷണമായിരിക്കും. “ഭാവികാലത്തു് ചിലർ വിശ്വാസത്തിൽനിന്നു് വ്യതിചലിച്ചു പോകുമെന്നും വഞ്ചകരായ ആത്മാക്കളെയും ഭൂതങ്ങൾ സത്യഭാവമുള്ള നുണയൻമാരിലൂടെ—വിവാഹം വിലക്കുന്ന ചൂടുവെച്ചു് പൊള്ളിച്ച മനഃസാക്ഷിയുള്ള മനുഷ്യരിലൂടെ—പഠിപ്പിക്കുന്ന കാര്യങ്ങളേയും അനുസരിക്കുമെന്നും ആത്മാവു് സ്പഷ്ടമായി പറയുന്നു.”—NAB.
ബൈബിളിന്റെ വീക്ഷണം മുറുകെ പിടിക്കുക
ലൈംഗികത ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ കത്തോലിക്കാ ഉപദേശവും നയവും പുറജാതി നിഗൂഢമതങ്ങളിൽ ആഴമായി വേരൂറച്ചവയാണെന്നു് കത്തോലിക്കാ പരാമർശഗ്രൻഥങ്ങളിൽ നടത്തുന്ന ഗവേഷണം തെളിയിക്കുന്നു. അതിന്റെ ഫലം വിവാഹത്തെ തരം താഴ്ത്തലും ലൈംഗിക കാര്യങ്ങളിൽ ഒരു കുറ്റബോധം സൃഷ്ടിക്കലും ആത്മാർത്ഥരായ പല കത്തോലിക്കരുടെമേലും ഞെരുക്കം അടിച്ചേല്പിക്കലും ആയിരുന്നു.
നേരേമറിച്ചു്, വിവാഹം മാന്യമാണെന്നും വിവാഹക്രമീകരണത്തിനുള്ളിലെ ലൈംഗികവേഴ്ച ക്രിസ്ത്യാനിയായ ഒരു പുരുഷനെയോ സ്ത്രീയേയോ ദൈവദൃഷ്ടിയിൽ വിശുദ്ധിയുള്ള ഒരാളായിരിക്കുന്നതിൽനിന്നു് തടയുന്നില്ലെന്നും ബൈബിൾ പ്രകടമാക്കുന്നു. ഒരുവന്റെ സമയവും ഊർജ്ജവും ദൈവസേവനത്തിൽ ഉപയോഗിക്കപ്പെടുന്നെങ്കിൽ സ്വമനസ്സാലെയുള്ള ഏകാകിത്വം ആത്മീയമായി പ്രതിഫലദായകമായിരിക്കാൻ കഴിയുമെന്നും അതു് വെളിപ്പെടുത്തുന്നു.
ലൈംഗികതയോടു് ബന്ധപ്പെട്ട വിഷയങ്ങളുടെ ഈ ഹ്രസ്വമായ പുനരവലോകനം ചിന്തിക്കുന്ന കത്തോലിക്കർക്കും പൂർവ്വകാലത്തെ ബാബിലോന്യ മത നിഗൂഢതളിലേക്കു് പിമ്പോട്ടു ചെല്ലുന്ന കർശനമായ ഉപദേശങ്ങൾ നിമിത്തം വ്യാകുലപ്പെട്ടിരിക്കുന്നവരും നഷ്ടങ്ങൾ സഹിച്ചിട്ടുള്ളവരുമായ മറ്റുള്ളവർക്കും സഹായകരമായിരിക്കുമെന്നു് പ്രതീക്ഷിക്കുന്നു. പല പ്രമാണികൻമാരും സാക്ഷ്യപ്പെടുത്തുന്ന പ്രകാരം ഇവ ബൈബിളുപദേശങ്ങളല്ല. ഏതെങ്കിലും മതത്തിന്റെ ഉപദേശം ബൈബിളിനോടു് ചേർച്ചയിൽ അല്ലെങ്കിൽ ദൈവഭയമുള്ള വ്യക്തികൾക്കു് അതിനോടു് വിയോജിക്കുന്നതിൽ യാതൊരു സന്ദേഹവും ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. യേശുവിന്റെ പിൻവരുന്ന വാഗ്ദാനം മനസ്സിൽ പിടിച്ചുകൊണ്ടു്, അത്തരത്തിലുള്ള എല്ലാ വ്യക്തികൾക്കും ദൈവവചനത്തിന്റെ വെളിച്ചത്തിൽ സഭാ ഉപദേശങ്ങൾ സൂക്ഷ്മ പരിശോധന നടത്താൻ പ്രോത്സാഹനം നൽകപ്പെടുന്നു: “നിങ്ങൾ എന്റെ ഉപദേശം അനുസരിച്ചു് ജീവിക്കുന്നെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യൻമാരാണു്; അപ്പോൾ നിങ്ങൾ സത്യം അറിയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹന്നാൻ 8:31, 32, NAB.
[11-ാം പേജിലെ ചിത്രം]
ദൈവവചനം പ്രസംഗിക്കുന്നതിനു് ഒരാൾ ബ്രഹ്മചാരി ആയിരിക്കണമെന്നില്ല. അപ്പോസ്തലനായ പത്രോസ് അങ്ങനെയല്ലായിരുന്നു.