ചിലർ വായിക്കാത്തതിന്റെ കാരണം
അനേകരും വായന ഒരു ജോലിയായി വീക്ഷിക്കുന്നു. എന്തുകൊണ്ട്? ഒരു കാരണം, ചിലർ സ്കൂളിൽ പോയപ്പോൾ വായിക്കാൻ പഠിച്ചില്ല എന്നതുതന്നെ. ഒരു 34 വയസ്സുകാരി, അവൾ അച്ചടിച്ച ഒരു താളിലേക്ക് നോക്കുമ്പോഴെല്ലാം താൻ കണ്ടത് അർത്ഥശൂന്യമായ കുറെ “സങ്കീർണ്ണവിവരങ്ങളാണ്” എന്ന് പറയുകയുണ്ടായി. ചിലപ്പോൾ ഒരു വാചകം വായിക്കുന്നതിന് അവൾ രണ്ടു മിനിട്ടുവരെ എടുക്കുമായിരുന്നു.
ഒരു ഹൈസ്കൂൾ ബിരുദ്ധാരി തനിക്ക് വേണ്ടത്ര പഠിപ്പില്ലാതിരുന്നിട്ടും ഹൈസ്കൂൾ ബിരുദം നൽകിയതിന് സാൻ ഫ്രാൻസിസ്കൊ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ടിനെതിരെ അഞ്ച് ലക്ഷം ഡോളർ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിട്ട് അധികമായിട്ടില്ല. റിപ്പോർട്ട് പറയുന്ന പ്രകാരം അയാൾക്ക് ബിരുദം ലഭിച്ചപ്പോൾ അയാൾ വായിച്ചിരുന്നത് അഞ്ചാം ഗ്രേഡിലെയോ ആറാം ഗ്രേഡിലെയോ നിലവാരത്തിലായിരുന്നു. തൽഫലമായി, ജോലിക്ക് അപേക്ഷിച്ചപ്പോൾ അപേക്ഷാഫോറങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻപോലും അയാൾ അപ്രാപ്തനാണെന്ന് കണ്ടെത്തി. ഇത് സംഭവിച്ചതെങ്ങനെ?
വിഭിന്ന പഠിപ്പിക്കൽ രീതികൾ
സന്ദർഭവശാൽ, വായന പഠിപ്പിക്കുതിനുള്ള ചില രീതികൾ ഗുരുതരമായ വൈകല്യമുള്ളതാണെന്ന് തെളിഞ്ഞിരിക്കുന്നു. “കണ്ട് പറയുന്ന” രീതിക്കെതിരെ ഈയിടെയായി വളരെ വിമർശനം പൊന്തിവന്നിട്ടുണ്ട്. ഈ രീതി അക്ഷരങ്ങളും സിലബിളുകളും ഉച്ചരിക്കാൻ കഴിയാതെ തന്നെ മുഴുവാക്കുകളും തിരിച്ചറിയാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഈ രീതിക്കുള്ള മുഖ്യ തടസ്സം അത് വാക്കുകൾ ഊഹിച്ചെടുക്കുന്ന വായനക്കാരെ ഉല്പാദിപ്പിക്കുന്നു എന്നുള്ളതാണ്. പുതിയ വാക്കുകൾ ഉച്ചരിക്കാൻ കഴിയാത്തവരും സമാനമായ വാക്കുകൾ തെറ്റി ധരിക്കുന്നതുനിമിത്തം കൃത്യതയില്ലാതെ വായിക്കുന്നവരും ആയ ആളുകളെത്തന്നെ.
ദൃഷ്ടാന്തീകരിക്കുന്നതിന്: ജോണിക്ക് ഇപ്പോഴും വായിക്കാൻ കഴിയാത്തതിന്റെ കാരണം എന്ന തന്റെ പുസ്തകത്തിൽ ഗ്രൻഥകാരനായ റഡോൾഫ് ഫെഷ്ള്, “കണ്ടു പറയുന്ന” രീതിയുടെ ഒരു ഇരയായി തന്നെത്തന്നെ വർണ്ണിച്ച ഒരു സ്ത്രീയിൽനിന്ന് അയാൾക്ക് ലഭിച്ച ഒരു കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. അവൾ പറഞ്ഞു: “ഞങ്ങൾക്ക് ചിത്രങ്ങൾ നോക്കാൻ കഴിഞ്ഞിരുന്നു, ദൃഷ്ടാന്തത്തിന് ഒരു ആപ്പിൾതന്നെ. ആപ്പിൾ എന്ന പദം ഓർമ്മിക്കാൻ അദ്ധ്യാപിക ഞങ്ങളോട് പറയുമായിരുന്നു, എന്തുകൊണ്ടെന്നാൽ അതിൽ രണ്ട് ‘പി’ എന്ന അക്ഷരമുണ്ട്. രണ്ട് ‘പി’ അക്ഷരമുള്ള ഒരു പദം കാണുമ്പോഴൊക്കെയും അത് ആപ്പിളിനെ അർത്ഥമാക്കുന്നതായി ഞാൻ കരുതി.”
“കണ്ടുപറയുന്ന” രീതി ഒരു കുട്ടിക്ക് ഒന്നാം ഗ്രേഡ് കഴിയുമ്പോഴേക്കും 350 വാക്കുകൾ മാത്രം തിരിച്ചറിയാൻ പ്രാപ്തി നൽകുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. രണ്ടാം ഗ്രേഡിന്റെ അവസാനം 1,100 വാക്കുകൾകൂടെ അവന് തിരിച്ചറിയാൻ കഴിയുന്നു, മൂന്നാം ഗ്രേഡ് അവസാനിക്കുമ്പോഴേക്കും മറ്റ് 1,200 വാക്കുകളും നാലാം ഗ്രേഡിന്റെ ഒടുവിൽ കൂടുതലായി 1,550-ഉം. അത് കുട്ടിയുടെ പദസഞ്ചയത്തിൽ മൊത്തം 4200 വാക്കുകൾ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.
നേരെമറിച്ച്, “ആദ്യം ഉച്ചാരണ” രീതി ഉപയോഗിച്ച് വായിക്കാൻ പഠിപ്പിക്കുന്ന കുട്ടികൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നാലാം വർഷത്തിന്റെ അവസാനമാകുമ്പോഴേക്കും 40,000 വാക്കുകൾ പഠിക്കുവാൻ പ്രതീക്ഷിക്കാവുന്നതാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. “ഉച്ചാരണം” എന്നാൽ “ഉച്ചരിക്കുന്ന ശബ്ദം” എന്ന് അർത്ഥമാക്കുന്നു. ഉച്ചാരണരീതിയിൽ അക്ഷരങ്ങൾ എങ്ങനെ ശബ്ദിക്കുന്നു എന്നു മാത്രമല്ല, പിന്നെയോ ഒരു വാക്കിൽ അവ എങ്ങനെ ഉച്ചരിക്കുന്നു എന്നുംകൂടെ വിദ്യാർത്ഥിയെ പഠിപ്പിക്കുന്നു. ആദ്യം സ്വരാക്ഷരങ്ങളുടെയും പിന്നീട് വ്യഞ്ജനങ്ങളുടെയും ഉച്ചാരണം പഠിക്കുന്നു. അതിനുശേഷം, രണ്ടുതരം അക്ഷരങ്ങളും രണ്ടോ മൂന്നോ നാലോ അക്ഷരമുള്ള വാക്കുകളും, പിന്നീട് പദസംഘാതങ്ങളും, ഒടുവിൽ വാചകങ്ങളും രൂപീകരിക്കുന്നതിന് കൂട്ടിച്ചേർക്കപ്പെടുന്നു. (1967 ജൂലൈ 8-ലെ എവേക്ക്! 12-16 പേജുകൾ കാണുക.) സ്വതന്ത്ര പരിശോധന, പ്രാഥമിക ഗ്രേഡുകളിൽ വായന പഠിപ്പിക്കുന്നതിന് “ആദ്യം ഉച്ചാരണ” രീതി ഉപയോഗിക്കുന്നതിനെ പിന്താങ്ങുന്നുവെന്നു തോന്നുന്നു.
എന്നിരുന്നാലും, പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നതിന് ചില അദ്ധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള പ്രാപ്തിയെ നിഷേധാത്മകമായി വീക്ഷിച്ചേക്കാം. ഒരു വിദഗ്ദൻ ഇപ്രകാരം പ്രസ്താവിച്ചു: “കുട്ടികൾ ‘സൗകര്യമുള്ളവരോ, ‘സൗകര്യമില്ലാത്തവരോ’ കറുത്തവരോ വെളുത്തവരോ, ധനികരോ ദരിദ്രരോ ആയിരുന്നാലും അവർ എത്രത്തോളം വിജയകരമായി വായിക്കാൻ പഠിക്കുന്നു എന്നുള്ളതുമായി യാതൊരു ബന്ധവുമില്ല. എന്റെ തൊഴിൽ പരിചയത്തിന്റെ അടിസ്ഥാനത്തിൽ അത്തരം പ്രസ്താവനകൾ കുട്ടികളെ വായിക്കാൻ പഠിപ്പിക്കാതിരിക്കുന്നതിനുള്ള ഒഴിവുകൾ മാത്രമാണ്.”—ഇറ്റാലിക്സ് ഞങ്ങളുടേത്.
വായനയെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ
ആളുകൾ വായിക്കാത്തതിന്റെ മറ്റൊരു കാരണം ടെലിവിഷൻ ആണെന്ന് പറയപ്പെടുന്നു. എഴുപതു വയസ്സുവരെ ജീവിക്കുന്ന ഐക്യനാടുകളിലെ ഒരു വ്യക്തി തന്റെ ആയുഷ്ക്കാലത്ത് 70,000 മണിക്കൂർ ടെലിവിഷൻ കാണുന്നതിന് ചെലവഴിച്ചിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, ജോലി ചെയ്യുന്നതിനും ഉറങ്ങുന്നതിനും ചെലവഴിക്കുന്ന സമയത്തിന്റെ അടുത്ത സ്ഥാനത്തുതന്നെ! ടി വി ഗൈഡ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ശാസ്ത്രീയ തെളിവിന്റെ ഒരു വർദ്ധിച്ച സമൂഹം, പ്രാഥമിക വിദ്യാലയത്തിൽ പോയിത്തുടങ്ങുന്ന കുട്ടി വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ അടിസ്ഥാന വൈദഗ്ധ്യം നേടുന്നതും വളരെയധികം ടെലിവിഷൻ കാണുന്നതും തമ്മിലുള്ള പൊരുത്തക്കേട് സാക്ഷ്യപ്പെടുത്തുന്നു. വായനക്ക് മൂല്യം കല്പിക്കുന്ന പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവരെങ്കിലും വളരെയധികം ടി വി കാണുവാൻ അനുവദിക്കപ്പെടുന്ന കുട്ടികൾ അധികം വായനാപ്രശ്നങ്ങൾ ഉള്ളവരാണെന്ന് പഠനം . . . ചൂണ്ടിക്കാണിക്കുന്നു.”
മറ്റു ഘടകങ്ങളും നല്ല വായനാ വൈദഗ്ധ്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു വ്യക്തിയുടെ പ്രാപ്തിയെ നേരിട്ട് ബാധിക്കുന്നു. കണ്ണുകൾ ഉചിതമായ രീതിയിൽ പ്രവർത്തിക്കുന്നില്ലാത്ത ഒരു കുട്ടി തലവേദനയും കണ്ണുകൾക്ക് ആയാസവും നാഡീമുറുക്കവും മറ്റ് രോഗങ്ങളും അനുഭവിച്ചേക്കാം, അവ വായന ഒരു അഹിതകരമായ പ്രവർത്തനം ആക്കിത്തീർത്തേക്കാം.” എന്നിരുന്നാലും ക്ലാസ്സുകളിൽ അത്തരം കുട്ടികൾക്ക് പലപ്പോഴും ഒട്ടുംതന്നെ ശ്രദ്ധ നൽകുന്നില്ല.—ഡയഗ്നോസ്റ്റിക് ആൻഡ് റെമഡിയൽ ടീച്ചിംഗ്, പേജ് 49.
കേൾവിക്കുറവ് ചിലപ്പോഴൊക്കെ ഒരു ഘടകമാണ്. ഭാഗികമായി ബധിരതയുള്ള കുട്ടികൾ പഠിപ്പിക്കലിൽ ഉച്ചാരണ രീതികൾ ഉപയോഗിക്കുന്ന ക്ലാസ്സുകളിൽ സ്വാഭാവികമായും ദുർബ്ബലരായിരിക്കും.
വൈകാരിക ഘടകങ്ങളും അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു പങ്ക് നിർവ്വഹിക്കുന്നു. ദൃഷ്ടാന്തത്തിന്, “വായനയുടെ കാര്യത്തിൽ ആദ്യം ഒരു വീഴ്ച നേരിടുന്ന കുട്ടി തുടർന്ന് വായനയോട് ഒരു വൈകാരിക മനോഭാവം വികസിപ്പിക്കുന്നു, അത് തുടർന്നുള്ള പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു,” എന്ന് ഒരു അധികാരി പറയുന്നു. അയാൾ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഒരു പുസ്തകം കാണുന്നതോ വായനയെന്ന വാക്ക് കേൾക്കുന്നതോ ചില വ്യക്തികൾ പ്രക്ഷുബ്ധരും അസ്വസ്ഥരും ആയിത്തീരാൻ ഇടയാക്കുന്നു.” കൂടാതെ, ഒരു തകർന്ന ഭവന ചുറ്റുപാടോ വീട്ടിലെ അരക്ഷിതാവസ്ഥയോ സിരാരോഗികളായ മാതാപിതാക്കളോ പലപ്പോഴും ഒരു കുട്ടിയുടെ വായനാപുരോഗതിയെ ബാധിച്ചേക്കാം.
ഒരു മോശമായ വായനക്കാരനെ ബാധിക്കുന്ന എല്ലാ ഘടകങ്ങളിലുംവെച്ച് ഏറ്റവും പ്രധാനപ്പെട്ടത് അയാളുടെ വായനയില്ലായ്മ ആണ്. വായിക്കാതെ ആരും ഒരിക്കലും വായിക്കാൻ പഠിച്ചിട്ടില്ലെന്നുള്ളതാണ് സംഗതി. പലപ്പോഴും വായനയില്ലായ്മക്ക് മുകളിൽ ചർച്ചചെയ്ത ശാരീരികമോ വൈകാരികമോ ആയ ഒന്നോ അധികമോ ഘടകങ്ങൾ കാരണമായിരുന്നേക്കാം.
ഒരു വ്യക്തിയുടെ വായനാ പ്രതിബന്ധത്തിന്റെ കാരണം എന്തുതന്നെയായിരുന്നാലും അത് തരണം ചെയ്യുന്നതിനുള്ള ആത്മാർത്ഥമായ ശ്രമം തക്കസമയത്ത് ഫലങ്ങൾ ഉളവാക്കും. അടുത്തതായി സഹായകരമായിരുന്നേക്കാവുന്ന നിർദ്ദേശങ്ങൾ ഞങ്ങൾ നൽകുന്നതായിരിക്കും. (g85 9/8)
[5-ാം പേജിലെ ചിത്രം]
വളരെയധികം ടി വി കാണുവാൻ അനുവദിക്കപ്പെടുന്ന കുട്ടികൾ അധികം വായനാപ്രശ്നങ്ങൾ ഉള്ളവരാണ്