വായനയുടെ സംഗതിയിൽ വർദ്ധിച്ചുവരുന്ന ഒരു പ്രശ്നം
നിങ്ങൾക്ക് തെരുവിലുള്ള ഒരു ചൂണ്ടുപലക വായിക്കാൻ കഴിയുന്നില്ലെങ്കിൽ വഴി കണ്ടു പിടിക്കാനുള്ള പ്രയാസത്തെക്കുറിച്ച് ചിന്തിക്കുക. മരുന്നുപാത്രത്തിലെ നിർദ്ദേശങ്ങൾ വായിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നിങ്ങൾ ഉചിതമായി എങ്ങനെ മരുന്നുകഴിക്കും? അപേക്ഷ വായിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നിങ്ങൾ എങ്ങനെ ഒരു ജോലിക്ക് അപേക്ഷിക്കും?
ഇവ വായിക്കാൻ കഴിയാത്തവരെ നേരിടുന്ന ഏതാനും പ്രശ്നങ്ങൾ മാത്രമാണ്. മുതിർന്ന അമേരിക്കക്കാരിൽ അഞ്ചുപേരിൽ ഒരാൾവീതം അതായത് 2,70,00,000 ആളുകൾ പ്രായോഗികമായി നിരക്ഷരരാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.a ലോകവ്യാപകമായി 1980-ൽ 15 വയസ്സോ അതിൽകൂടുതലോ ഉള്ള 8240 ലക്ഷം നിരക്ഷരരുണ്ടായിരുന്നു, ആ സംഖ്യ വളരെ വേഗം വർദ്ധിക്കുകയുമാണ്. പരിണിതഫലങ്ങൾ സങ്കടകരം തന്നെ. ദൃഷ്ടാന്തത്തിന്, ഐക്യനാടുകളിൽ തൊഴിലില്ലാത്തവരിൽ 75 ശതമാനവും വായനയിലും ആശയവിനിമയത്തിലും ആവശ്യമായ കഴിവുകൾ ഇല്ലാത്തവരാണ് എന്ന് തൊഴിൽ വകുപ്പ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.
എങ്കിലും വായിക്കാൻ കഴിയാത്തവർ തൊഴിലിൽ മാത്രമല്ല പ്രശ്നങ്ങൾ നേരിടുന്നത്. സന്തുഷ്ടിയും ഉല്ലാസവും കൈവരുത്തുന്ന വളരെയധികം കാര്യങ്ങൾ അവർക്ക് ലഭിക്കാതെപോകുന്നു. നമുക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള വർദ്ധിച്ച പരിജ്ഞാനത്തിൽനിന്ന് ലഭിക്കുന്ന മെച്ചപ്പെട്ട ജീവിതനിലവാരത്തെക്കുറിച്ച് ചിന്തിക്കുക. നാം കാണുകയോ സ്വയം അനുഭവിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽനിന്നു മാത്രമാണ് പഠിച്ചിരുന്നതെങ്കിൽ നാം എത്ര പരിമിതിയുള്ളവരായിരിക്കുമായിരുന്നു! വായന നൂറ്റാണ്ടുകളായി ശേഖരിച്ചുവെച്ചിരിക്കുന്ന പരിജ്ഞാനത്തിലേക്കുള്ള വാതിൽ തുറന്നു തരുന്നു.
വായന മനുഷ്യനുള്ള ഒരു മികച്ച പ്രാപ്തിയാണ്. സയൻസ് ഡൈജസ്റ്റ് ഇപ്രകാരം പറയുന്നു: “ഒരു ഞൊടിയിടയിൽ നിങ്ങളുടെ കണ്ണുകളും മനസ്സും മുഴകൾ കൈകാര്യം ചെയ്യുകയും മൂലകൾ ചെത്തിമിനുക്കുകയും വിടവുകൾ നികത്തുകയും ഏറ്റവും വിദഗ്ദമായ കംപ്യൂട്ടറിനെപോലും വെല്ലുന്ന വിവര സമാഹരണ ജോലി നിർവ്വഹിക്കുകയും ചെയ്യുന്നു.”
നിങ്ങളുടെ വായനാ വൈദഗ്ദ്യം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അല്ലെങ്കിൽ അതിന് മറ്റാരെയെങ്കിലും സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അടുത്ത രണ്ടു ലേഖനങ്ങളിൽ വായനയുടെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചില ഘടകങ്ങൾ പരിചിന്തിക്കപ്പെടും, ഒരുവന്റെ വായന മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ നൽകപ്പെടുകയും ചെയ്യു. (g85 9/8)
[അടിക്കുറിപ്പുകൾ]
a പ്രായോഗികമായി നിരക്ഷരനായ ഒരു വ്യക്തി അപേക്ഷകൾ വായിക്കുന്നതിനും പരീക്ഷകൾ എഴുതുന്നതിനും മറ്റും ആവശ്യമുള്ള, എഴുതാനും വായിക്കാനും സാധാരണപ്രാപ്തികൾ ഉപയോഗിക്കാൻ കഴിയാത്ത ഒരാളാണ്.
[3-ാം പേജിലെ ചിത്രം]
അപേക്ഷ വായിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നിങ്ങൾ എങ്ങനെ ഒരു ജോലിക്ക് അപേക്ഷിക്കും?