ജീവിതകഥ
യഹോവ എന്നെ ചെറുപ്പംമുതൽ പരിശീലിപ്പിച്ചു
ഒരു സഹോദരൻ എന്റെ കൈയിൽ ഒരു പേപ്പർ തന്നു. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: “ഡേവിഡ് സ്പ്ലെയ്ൻ, 1953 ഏപ്രിൽ 8: ‘അർമഗെദോനെക്കുറിച്ച് പ്രസംഗിക്കുക.’” അന്തംവിട്ട് ഞാൻ ആ സഹോദരനോടു ചോദിച്ചു: “ഇതെന്താ?” സഹോദരൻ പറഞ്ഞു: “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ മോന്റെ പ്രസംഗനിയമനമാണ്.”a ഞാൻ അപ്പോൾ പറഞ്ഞു: “അതിന് ഞാൻ അതിൽ ചേർന്നിട്ടില്ലല്ലോ!”
ഇതു തത്കാലം ഇവിടെ നിൽക്കട്ടെ. ഞാൻ എന്റെ കഥ ആദ്യംമുതൽ തുടങ്ങാം. ഞാൻ ജനിച്ചത് കാനഡയിലെ കാൽഗറിയിലാണ്, രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയത്ത്. 1940-കളുടെ അവസാനം ഡൊണാൾഡ് ഫ്രേസർ എന്നൊരു ചെറുപ്പക്കാരനായ മുൻനിരസേവകൻ ഞങ്ങളുടെ വീടിന്റെ വാതിലിൽ മുട്ടി. അങ്ങനെ എന്റെ മമ്മി ബൈബിൾ പഠിക്കാൻതുടങ്ങി. മമ്മി സത്യത്തെ ഒരുപാടു സ്നേഹിച്ചിരുന്നു. പക്ഷേ ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം എപ്പോഴും മീറ്റിങ്ങിനു പോകുന്നതു മമ്മിക്കു ബുദ്ധിമുട്ടായിരുന്നു. എങ്കിലും 1950-ൽ മമ്മി സ്നാനപ്പെട്ടു. പക്ഷേ രണ്ടു വർഷം തികയുന്നതിനു മുമ്പേ മമ്മി മരിച്ചുപോയി. ആ സമയത്ത് പപ്പ വിശ്വാസത്തിലില്ലായിരുന്നു. എന്നാൽ സാക്ഷികളുടെ രീതിയനുസരിച്ചുതന്നെ ചരമശുശ്രൂഷ നടത്താൻ പപ്പ സമ്മതിച്ചു.
ഞങ്ങളുടെ സഭയിൽ പ്രായമുള്ള ഒരു അഭിഷിക്തസഹോദരിയുണ്ടായിരുന്നു. ആലീസ് എന്നായിരുന്നു പേര്. മമ്മിയുടെ അടക്കിനു ശേഷം കുറച്ചുദിവസം കഴിഞ്ഞപ്പോൾ സഹോദരി എന്നെ മീറ്റിങ്ങിനു വരാൻ ക്ഷണിച്ചു. മമ്മിക്ക് ആരോഗ്യമുണ്ടായിരുന്ന സമയത്ത് ഞാനും മമ്മിയുംകൂടെ ഞായറാഴ്ചത്തെ മീറ്റിങ്ങിനു പോകുമ്പോൾ സഹോദരി എന്നെ കണ്ടിട്ടുണ്ട്. ഞാൻ പൊയ്ക്കോട്ടെയെന്ന് പപ്പയോടു ചോദിച്ചു; പപ്പ സമ്മതിച്ചു. “ഒറ്റ പ്രാവശ്യത്തേയ്ക്ക്” പപ്പയുംകൂടെ വരാമെന്നു പറഞ്ഞു. മമ്മിയുടെ ചരമപ്രസംഗം നടത്തിയ സഹോദരനോടു നന്ദി പറയാൻ വേണ്ടിയായിരുന്നു അത്. ആ രാത്രിയിലെ മീറ്റിങ്ങ്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും ആയിരുന്നു. പപ്പ വരേണ്ടിയിരുന്ന ആദ്യത്തെ യോഗം അതുതന്നെയായിരുന്നു. കാരണം പ്രസംഗകല മെച്ചപ്പെടുത്താനുള്ള കോഴ്സൊക്കെ എടുത്തിരുന്ന പപ്പയ്ക്ക്, അവിടെ കേട്ട പ്രസംഗങ്ങളും അത് അവതരിപ്പിച്ച രീതിയും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. ആ മീറ്റിങ്ങ് എല്ലാ ആഴ്ചയും കൂടാൻ പപ്പ തീരുമാനിച്ചു. പതിയെപ്പതിയെ മറ്റു മീറ്റിങ്ങുകൾക്കും പപ്പ വരാൻതുടങ്ങി.
അന്നൊക്കെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ദാസൻ, മീറ്റിങ്ങ് തുടങ്ങുന്ന സമയത്ത് സ്കൂളിൽ അംഗങ്ങളായിരുന്നവരുടെ പേരുകൾ ഉറക്കെ വിളിക്കുമായിരുന്നു. അപ്പോൾ ഓരോരുത്തരും തിരിച്ച് “പ്രസന്റ്” എന്നു പറയും. അടുത്ത മീറ്റിങ്ങിന് എന്റെ പേരും അങ്ങനെ വിളിക്കാമോ എന്ന് ഞാൻ ആ സഹോദരനോടു ചോദിച്ചു. അതു കേട്ടപ്പോൾ സഹോദരന് ഒരുപാട് സന്തോഷമായി. പക്ഷേ അതിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരുന്നതെന്ന് എനിക്കു പിന്നീടാണ് മനസ്സിലായത്.
മീറ്റിങ്ങിൽ എന്റെ പേരൊന്ന് വിളിക്കണം എന്നേ എനിക്കുണ്ടായിരുന്നുള്ളു. പക്ഷേ ആ പേര് വിളിക്കുന്നവരെല്ലാം മീറ്റിങ്ങിൽ പരിപാടി നടത്തുന്നവരാണെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. ഞാൻ ആഗ്രഹിച്ചതുപോലെ അടുത്തയാഴ്ച എന്റെ പേരും സഹോദരൻ വിളിച്ചു. അഭിമാനത്തോടെ ഞാൻ “പ്രസന്റ്” എന്നും പറഞ്ഞു. മീറ്റിങ്ങിനു ശേഷം എന്നെ ഒരുപാടു പേർ അഭിനന്ദിച്ചു. കുറച്ച് ആഴ്ചകൾ കഴിഞ്ഞ് പ്രസംഗത്തിന്റെ നിയമനമുള്ള ഒരു സ്ലിപ്പ് എനിക്കു കിട്ടി. അതെക്കുറിച്ചാണ് ഞാൻ ഈ ലേഖനത്തിന്റെ ആദ്യം പറഞ്ഞത്.
ഞാൻ ആകെ പെട്ടു! അന്ന് വിദ്യാർഥികൾ ആറു മുതൽ എട്ടു മിനിട്ട് വരെ ദൈർഘ്യമുള്ള പ്രസംഗങ്ങൾ നടത്തണമായിരുന്നു. ഇന്നത്തെപ്പോലെ ബൈബിൾ മാത്രം വായിക്കുന്ന നിയമനം അന്നില്ല. പ്രസംഗം തയ്യാറാകാൻ പപ്പ എന്നെ സഹായിച്ചു. നടത്തുന്നതിനു മുമ്പ് 20 പ്രാവശ്യമാണ് പപ്പ എന്നെക്കൊണ്ട് അതു പറയിപ്പിച്ചുനോക്കിയത്. പ്രസംഗത്തിനു ശേഷം സഹോദരൻ എനിക്കു വേണ്ട ബുദ്ധിയുപദേശം തന്നു. വർഷങ്ങളിലുടനീളം പപ്പയിലൂടെയും പ്രാപ്തരായ സഹോദരങ്ങളിലൂടെയും തന്റെ സംഘടനയിലൂടെയും യഹോവ എന്നെ പരിശീലിപ്പിച്ചു.
പരിശീലനം തുടരുന്നു
ഞാൻ മുമ്പ് പറഞ്ഞ ആലീസ് സഹോദരിയാണ് തുടക്കത്തിലൊക്കെ ശുശ്രൂഷയിൽ എനിക്കു വേണ്ട പരിശീലനം തന്നത്. ആ സമയത്തൊക്കെ വീടുകളിൽ ചെന്ന് മൂന്നു തിരുവെഴുത്ത് വായിക്കും, പിന്നെ ഒരു പുസ്തകം കൊടുക്കും. അതായിരുന്നു രീതി. സംസാരിക്കാനുള്ള എന്റെ ഊഴം എത്തുമ്പോൾ ആലീസ് സഹോദരി സ്വയം പരിചയപ്പെടുത്തിയിട്ട് സംഭാഷണം തുടങ്ങും. എന്നിട്ട് ആദ്യത്തെ തിരുവെഴുത്ത് വായിക്കാൻ എന്നോടു പറയും. പിന്നെയങ്ങോട്ട് ഞാനാണു സംസാരിക്കുന്നത്. അതു കഴിഞ്ഞ് രണ്ടു തിരുവെഴുത്തുകൂടെ വായിക്കണം. അതു വായിച്ചിട്ട് ഞാൻ പുസ്തകം കൊടുക്കും. പിന്നെ വീടുകളിൽ ചെന്ന് സ്വന്തമായി സംഭാഷണം തുടങ്ങാൻ ഞാൻ പഠിച്ചു. എന്റെ പപ്പ 1954-ൽ സ്നാനമേറ്റു. പിന്നീട് ശുശ്രൂഷയിൽ എന്നെ പരിശീലിപ്പിച്ചതു പപ്പയാണ്. പപ്പ ഒറ്റയ്ക്കായിരുന്നെങ്കിലും സത്യത്തിൽ എന്നെ വളർത്തിക്കൊണ്ടുവരാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. മീറ്റിങ്ങും ശുശ്രൂഷയും കഴിഞ്ഞേ പപ്പയ്ക്ക് വേറെ എന്തും ഉണ്ടായിരുന്നുള്ളൂ. മീറ്റിങ്ങുകൾ ഒന്നും ഞങ്ങൾ മുടക്കില്ലായിരുന്നു. ശനിയും ഞായറും രാവിലെ എന്തായാലും ശുശ്രൂഷയ്ക്കു പോയിരിക്കും.
12 വർഷത്തെ സ്കൂൾ ജീവിതത്തിൽ എനിക്കു കിട്ടിയ പരിശീലനവും എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, കണക്കിലും ഇംഗ്ലീഷ് ഗ്രാമറിലും എനിക്കു നല്ല അടിസ്ഥാനം കിട്ടി. പിന്നെ അക്കാലത്ത് ഞാൻ എടുത്ത ഇംഗ്ലീഷ് കോഴ്സുകളും, കഥകൾ ഭംഗിയായി എഴുതാൻ കിട്ടിയ പരിശീലനവും എന്നെ ഒരുപാടു സഹായിക്കുന്നു; പ്രത്യേകിച്ചും റൈറ്റിങ് ഡിപ്പാർട്ടുമെന്റിലെ ഇപ്പോഴുള്ള എന്റെ നിയമനത്തിൽ.
സംഗീതത്തിലുള്ള എന്റെ താത്പര്യത്തെക്കുറിച്ച് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. എന്റെ പപ്പയ്ക്കും മമ്മിക്കും സംഗീതം വലിയ ഇഷ്ടമായിരുന്നു. ഏഴാമത്തെ വയസ്സിൽ ഞാൻ പിയാനോ പഠിക്കാൻതുടങ്ങി. പക്ഷേ ടീച്ചർക്ക് എന്റെ കഴിവിൽ അത്ര മതിപ്പു തോന്നിയില്ല. അതുകൊണ്ട് ആ ക്ലാസ് നിറുത്തുന്നതിനെക്കുറിച്ച് പപ്പയോട് ടീച്ചർ പറഞ്ഞു. ടീച്ചർ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. കാരണം ആ സമയത്ത് എനിക്ക് അതിനോട് അത്ര താത്പര്യം തോന്നിയിരുന്നില്ല.
കുറച്ച് മാസം കഴിഞ്ഞപ്പോൾ പപ്പ എനിക്കുവേണ്ടി മറ്റൊരു ടീച്ചറെ കണ്ടുപിടിച്ചു. ഇപ്രാവശ്യം ഞാൻ പിയാനോ വായിക്കാനും പാട്ടു പാടാനും ശരിക്കും പഠിച്ചു. എന്റെ ശബ്ദം നല്ലതായിരുന്നതുകൊണ്ട് കുട്ടിയായിരുന്നപ്പോൾ ചില മത്സരങ്ങളിലൊക്കെ വിജയിക്കാനും എനിക്കു പറ്റി. സംഗീതത്തിൽ ഡിഗ്രി എടുത്ത് ഒരു മ്യൂസിക് ടീച്ചർ ആകാനും അങ്ങനെ മുഴുസമയസേവനത്തെ പിന്തുണയ്ക്കുന്ന ഒരു ജോലി കണ്ടെത്താനും ആയിരുന്നു എന്റെ ആഗ്രഹം. പക്ഷേ സംഗീതത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും സംഗീതസംവിധാനത്തെക്കുറിച്ചും ഒക്കെ പഠിച്ച് പരീക്ഷ എഴുതണമെങ്കിൽ ഒരുപാടു സമയം ചെലവഴിക്കേണ്ടിവരും എന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാൻ എന്റെ ആ ലക്ഷ്യം വേണ്ടെന്ന് വെച്ചിട്ട് സാധാരണ മുൻനിരസേവനം തുടങ്ങി. 1963-ലായിരുന്നു അത്.
മുൻനിരസേവനം സന്തോഷം നേടിത്തരുന്നു
ഒരു വർഷം മുൻനിരസേവനം ചെയ്തശേഷം ഒണ്ടേറിയോയിലെ കപ്പുസ്കാസിങ്ങിലേക്ക് എന്നെ പ്രത്യേക മുൻനിരസേവകനായി നിയമിച്ചു. ഡാനിയേൽ സ്കിന്നർ സഹോദരനാണ് അവിടെ എന്റെകൂടെ ഉണ്ടായിരുന്നത്. അദ്ദേഹത്തിന് എന്റെ ഇരട്ടിയിലധികം പ്രായമുണ്ടായിരുന്നു. സഭാകാര്യങ്ങളൊക്കെ എന്നെ നന്നായി പഠിപ്പിച്ചത് സഹോദരനാണ്. 20 വയസ്സുള്ളപ്പോൾ എന്നെ സഭാ സേവനക്കമ്മിറ്റിയിലെ അംഗമായി നിയമിച്ചു. എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. ഇപ്പോൾ സംഘടന വീണ്ടും ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതു കാണുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നുന്നു. അവർ ആ പരിശീലനം പ്രയോജനപ്പെടുത്തിയാൽ വളരെ ചെറുപ്പത്തിൽത്തന്നെ യഹോവയ്ക്ക് അവരെ ശരിക്കും ഉപയോഗിക്കാൻ പറ്റും.
കപ്പുസ്കാസിങ്ങിലെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. തണുപ്പുകാലമാണ് ഏറ്റവും ബുദ്ധിമുട്ട്. തണുപ്പ് എന്നൊക്കെ പറഞ്ഞാൽ കൊടും തണുപ്പ്! -44 ഡിഗ്രി വരെ താഴും. ഇനി കൂടിയാൽത്തന്നെ -33 ഡിഗ്രി വരെയേ ഉയരുകയുള്ളൂ. ഞാനും ഡാനിയേൽ സഹോദരനും മിക്കവാറും എല്ലായിടത്തും നടന്നാണ് പോയിരുന്നത്. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ആ നിയമനത്തിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഞാൻ ലിൻഡയെ കണ്ടുമുട്ടിയത്. ലിൻഡ കോൾ പിന്നീട് ലിൻഡ സ്പ്ലെയ്ൻ ആയി മാറി.
ശുശ്രൂഷയിൽ നല്ല തിരക്കോടെ ഏർപ്പെട്ടിരുന്നതുകൊണ്ട് ലിൻഡയ്ക്ക് ഒരുപാട് നല്ല മടക്കസന്ദർശനങ്ങൾ ഉണ്ടായിരുന്നു. ഉദാരതയും ദയയും ഉള്ള, ആളുകളോടൊക്കെ കൂട്ടുകൂടാൻ ഒരുപാട് ഇഷ്ടമുള്ള ആളായിരുന്നു ലിൻഡ. ലിൻഡയുടെ അമ്മയുടെ പേര് ഗോൾഡി എന്നായിരുന്നു; നല്ല വിശ്വസ്തയായ ഒരു സഹോദരി. ലിൻഡയുടെ പപ്പ അലൻ ആദ്യം സത്യത്തെ എതിർത്തു. എന്നിട്ടും അമ്മ, ലിൻഡയെയും അനിയന്മാരായ ജോണിനെയും ഗോർഡനെയും കൊണ്ട് മീറ്റിങ്ങിനും ശുശ്രൂഷയ്ക്കും ഒക്കെ പോകുമായിരുന്നു. ലിൻഡയും അമ്മയും അനിയന്മാരും എല്ലാം മുൻനിരസേവനം ചെയ്തിരുന്നു. വർഷങ്ങൾക്കു ശേഷം ലിൻഡയുടെ പപ്പ സത്യം സ്വീകരിക്കുകയും ആത്മീയകാര്യങ്ങളിൽ നന്നായി ഉൾപ്പെടുകയും ചെയ്തു.
പിന്നീടും എനിക്കു സംഘടനയിൽനിന്ന് പരിശീലനം കിട്ടി. 1965-ൽ കാനഡ ബഥേലിൽവെച്ച് നടന്ന, ഒരു മാസം നീളുന്ന രാജ്യശുശ്രൂഷാസ്കൂളിലേക്ക് എന്നെ ക്ഷണിച്ചു. അവിടെവെച്ച് ഗിലെയാദിലേക്കുള്ള അപേക്ഷാ ഫോം എനിക്കു തന്നു. ഒരു മിഷനറി ആകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു. അതിനുള്ള യോഗ്യതയൊന്നും ഇല്ലെന്ന് എനിക്കു തോന്നി. എങ്കിലും ഞാൻ അപേക്ഷ കൊടുത്തു. അങ്ങനെ ഗിലെയാദിന്റെ 42-ാം ക്ലാസിലേക്ക് എന്നെ വിളിച്ചു. ഗിലെയാദിലായിരിക്കുമ്പോൾ വിദ്യാർഥികളുടെ പുരോഗതി വിലയിരുത്തി അധ്യാപകർ റിപ്പോർട്ടുകൾ തരുമായിരുന്നു. എനിക്ക് കിട്ടിയ ആദ്യത്തെ റിപ്പോർട്ടിൽ, സ്കൂളിൽവെച്ച് സംഘടനയെക്കുറിച്ച് പരമാവധി പഠിക്കാനുള്ള പ്രോത്സാഹനം ഉണ്ടായിരുന്നു. 21 വയസ്സ് മാത്രമുള്ള എനിക്കു കിട്ടാവുന്ന ഏറ്റവും നല്ല ഒരു ഉപദേശം ആയിരുന്നു അത്.
റേഡിയോ, ടിവി, പത്രം എന്നിവിടങ്ങളിലെ മാധ്യമപ്രവർത്തകരുമായി എങ്ങനെ ഇടപെടണമെന്ന് ഗിലെയാദിലെ ഒരു കോഴ്സിൽ പഠിപ്പിച്ചിരുന്നു. അതു വളരെ രസകരമായിട്ട് എനിക്കു തോന്നി. ഭാവിയിൽ അത് എന്തുമാത്രം പ്രയോജനം ചെയ്യുമെന്ന് ഞാൻ അന്ന് മനസ്സിലാക്കിയിരുന്നില്ല. അതെക്കുറിച്ച് ഞാൻ പിന്നെ പറയാം.
സെനഗലിലേക്ക്
ബിരുദദാനത്തിനു ശേഷം ഞാനും മൈക്കിൾ ഹോലെ സഹോദരനും ആഫ്രിക്കയിലെ ഞങ്ങളുടെ നിയമനസ്ഥലമായ സെനഗലിലേക്ക് പോയി. ആ സമയത്ത് ഏകദേശം 100 പ്രചാരകരാണ് ആ രാജ്യത്തുണ്ടായിരുന്നത്.
കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ആ രാജ്യത്തെ ബ്രാഞ്ചോഫീസിൽ ആഴ്ചയിൽ ഒരു ദിവസം സേവിക്കാൻ എന്നെ ക്ഷണിച്ചു. അവിടെയുള്ള മിഷനറി ഹോമിലെ ഒരൊറ്റ മുറിയായിരുന്നു “ബ്രാഞ്ചോഫീസ്.” ബ്രാഞ്ച് ദാസനായിരുന്ന ഇമ്മാനുവൽ പാറ്റിറാക്കിസ് സഹോദരൻ ഒരു കാര്യം എന്നെ എപ്പോഴും ഓർമിപ്പിച്ചു: ബ്രാഞ്ചോഫീസ് എത്ര ചെറുതാണെങ്കിലും ആ രാജ്യത്തെ യഹോവയുടെ സംഘടനയെയാണ് അതു പ്രതിനിധീകരിക്കുന്നത് എന്ന കാര്യം. ഒരു ദിവസം പാറ്റിറാക്കിസ് സഹോദരൻ മിഷനറിമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കത്ത് എഴുതുന്ന കാര്യം എന്നോട് പറഞ്ഞു. അന്നത്തെ കാലത്ത് ഒരു കത്ത് എഴുതിയിട്ട് അതിന്റെ കോപ്പി എടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. നല്ല ചെലവുള്ള കാര്യമായിരുന്നു. അതുകൊണ്ട് ഓരോരുത്തർക്കും വേണ്ട കത്ത് ഒരു ടൈപ്പ്റൈറ്റർ ഉപയോഗിച്ച് നമ്മൾതന്നെ ടൈപ്പ് ചെയ്യണം. ഒരു തെറ്റുപോലും വരാൻ പാടില്ല. അത് ഒരു ഭാരിച്ച പണിയായിരുന്നു.
ജോലിയൊക്കെ കഴിഞ്ഞ് അന്ന് വൈകുന്നേരം ഞാൻ എന്റെ മിഷനറി ഹോമിലേക്കു പോകുന്ന സമയത്ത് പാറ്റിറാക്കിസ് സഹോദരൻ എനിക്ക് ഒരു കവർ തന്നു. എന്നിട്ട് പറഞ്ഞു: “ഡേവിഡേ, ഇതു സംഘടന നിനക്കുവേണ്ടി എഴുതിയതാണ്.” പിന്നീട് ഞാൻ അതു തുറന്നുനോക്കിയപ്പോൾ ഞാൻതന്നെ ടൈപ്പ് ചെയ്ത ഒരു കത്താണ് അതിലുണ്ടായിരുന്നത്. ആ സംഭവം എന്നെ ഒരു കാര്യം പഠിപ്പിച്ചു: നമ്മുടെ പ്രദേശത്തെ ബ്രാഞ്ചോഫീസ് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും സംഘടനയെ നമ്മൾ എപ്പോഴും വിലമതിപ്പോടെ കാണണം.
സെനഗലിൽ കൂടെയുണ്ടായിരുന്ന മിഷനറിമാരോടൊപ്പം, 1967
അവിടത്തെ സഭയിലെ പല സഹോദരങ്ങളുമായി ഞാൻ നല്ല കൂട്ടായി. മിക്ക ശനിയാഴ്ചകളിലും വൈകുന്നേരം ഞാൻ അവരോടൊപ്പം സമയം ചെലവഴിക്കുമായിരുന്നു. എന്ത് രസമായിരുന്നെന്നോ! ഇപ്പോഴും ഞങ്ങൾ ഇടയ്ക്കൊക്കെ സംസാരിക്കാറുണ്ട്. അന്ന് ഞാൻ പഠിച്ച ഫ്രഞ്ച്, പല ബ്രാഞ്ചുകളും സന്ദർശിക്കാൻപോകുമ്പോൾ എനിക്ക് ഇപ്പോൾ ഉപകാരപ്പെടുന്നുണ്ട്.
1968-ൽ ഞാനും ലിൻഡയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുറച്ചുനാൾ സെനഗലിൽ ഒരു പാർട്ട്-ടൈം ജോലി ഞാൻ അന്വേഷിച്ചു. അതാകുമ്പോൾ ഞങ്ങൾക്ക് ഒരുമിച്ച് അവിടെ മുൻനിരസേവനം ചെയ്യാമല്ലോ. പക്ഷേ എന്നെപ്പോലുള്ള വിദേശികൾക്ക് അവിടെ ജോലി കിട്ടാൻ നല്ല പാടായിരുന്നു. കാരണം ആ നാട്ടുകാരെയാണ് അവിടത്തുകാർ പൊതുവേ ജോലിക്ക് എടുത്തിരുന്നത്. പിന്നീട് ഞാൻ കാനഡയിലേക്കു പോയി. അവിടെവെച്ചാണ് ഞങ്ങൾ കല്യാണം കഴിച്ചത്. അതിനുശേഷം ഞങ്ങൾക്ക് ന്യൂ ബ്രൺസ്വികിലെ എഡ്മണ്ട്സിലേക്ക് പ്രത്യേക മുൻനിരസേവകരായി നിയമനം കിട്ടി. ക്യുബെക്കിന്റെ അതിർത്തിയിലുള്ള ഒരു ചെറിയ പട്ടണമായിരുന്നു അത്.
ഞങ്ങളുടെ വിവാഹം, 1969
ന്യൂ ബ്രൺസ്വികിലും ക്യുബെക്കിലും മുൻനിരസേവനം ചെയ്യുന്നു
ആ ടൗണിലാണെങ്കിൽ പ്രചാരകർ ആരും ഇല്ലായിരുന്നു; ബൈബിൾപഠനം കിട്ടാനാണെങ്കിൽ വളരെ ബുദ്ധിമുട്ടും. കത്തോലിക്കാ മതമാണ് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നത്. ഏതാണ്ട് എല്ലാ വീടിന്റെയും മുന്നിൽ “യഹോവയുടെ സാക്ഷികൾക്ക് പ്രവേശനമില്ല” എന്ന ബോർഡ് വെച്ചിരുന്നു. ഇന്നത്തെപ്പോലെയല്ല, അന്നൊക്കെ ഞങ്ങൾ ബോർഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ വീട്ടിലും പോകും. ഓരോ ആഴ്ചയും പത്രത്തിൽ കത്തോലിക്കാ സഭ ഇങ്ങനെ അറിയിപ്പ് കൊടുക്കുമായിരുന്നു: “യഹോവയുടെ സാക്ഷികളെ തുരത്തുക.” അവർ ആരെയാണ് ഉദ്ദേശിച്ചതെന്ന് ഞങ്ങൾക്ക് ഒരു സംശയവും തോന്നിയില്ല. കാരണം ആ ടൗണിൽ ഞാനും ലിൻഡയും, ഞങ്ങളെപ്പോലെ അവിടെ നിയമനം കിട്ടി വന്ന വിക്ടറും വെൽഡയും മാത്രമേ സാക്ഷികളായിട്ട് ഉണ്ടായിരുന്നുള്ളൂ!
സഞ്ചാര മേൽവിചാരകന്റെ ആദ്യത്തെ സന്ദർശനം ഞാൻ ഒരിക്കലും മറക്കില്ല. ഞങ്ങളോടൊപ്പം ഒരാഴ്ച ചെലവഴിച്ചശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് ഇപ്പോൾ ആകെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആളുകളുടെ മുൻവിധി ഒന്നു മാറ്റിയെടുക്കാൻ ശ്രമിക്കുക എന്നതാണ്.” പിന്നെയങ്ങോട്ട് അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ അതിൽ വിജയിക്കുകയും ചെയ്തു. പതിയെപ്പതിയെ താഴ്മയുള്ള യഹോവയുടെ സാക്ഷികളും അഹങ്കാരികളായ കത്തോലിക്കാ പുരോഹിതന്മാരും തമ്മിലുള്ള വ്യത്യാസം ആളുകൾക്കു കാണാൻ പറ്റി. ഇപ്പോൾ അവിടെ ഒരു ചെറിയ സഭയുണ്ട്.
സഹോദരങ്ങളൊന്നുമില്ലാത്ത ആ ചെറിയ ടൗണിൽ ഏതാണ്ട് ഒരു വർഷത്തോളം സേവിച്ചശേഷം ക്യുബെക്കിലെ വലിയൊരു സഭയിലേക്ക് മാറാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. വളരെ ആഥിത്യമര്യാദയുള്ള അവിടത്തെ സഹോദരങ്ങളോടൊപ്പം ഞങ്ങൾ ആറു മാസം ഉണ്ടായിരുന്നു. പിന്നീട് ഞങ്ങളെ സഞ്ചാരവേലയിലേക്കു ക്ഷണിച്ചു.
പിന്നെയുള്ള 14 വർഷം ക്യുബെക്കിലുള്ള സർക്കിട്ടുകളിൽ ഞങ്ങൾ സേവിച്ചു. ശരിക്കും ആവേശം നിറഞ്ഞ ഒരു സമയം! ക്യുബെക്കിലെ പ്രസംഗപ്രവർത്തനത്തിനു നല്ല ഫലങ്ങളുണ്ടായി. സ്നാനത്തിലേക്കു പുരോഗമിക്കുന്ന പല കുടുംബങ്ങളെ ഒരു സഭയിൽത്തന്നെ കാണാൻ പറ്റുമായിരുന്നു.
കഠിനാധ്വാനികളായ അനേകം സഹോദരങ്ങളെ ഞങ്ങൾ കണ്ടുമുട്ടി
കാനഡയിലെ ഫ്രഞ്ച് സംസ്കാരത്തിലുള്ള സഹോദരങ്ങൾ സന്തോഷവും ഉത്സാഹവും ഉള്ളവരും കാര്യങ്ങൾ തുറന്നുപറയുന്നവരും ആണ്. കുടുംബത്തിൽനിന്നുള്ള എതിർപ്പ് ശക്തമായിരുന്നതുകൊണ്ട് സത്യം സ്വീകരിക്കാൻ അവർക്ക് എളുപ്പമായിരുന്നില്ല. ചില യുവാക്കൾ സത്യം സ്വീകരിച്ചപ്പോൾ വിശ്വാസത്തിൽ ഇല്ലാത്ത അവരുടെ മാതാപിതാക്കൾ ഇങ്ങനെ തുറന്നടിച്ചു: “ഒന്നുകിൽ ബൈബിൾ പഠിക്കുന്നതു നിറുത്തിക്കോ, അല്ലെങ്കിൽ വീട് വിട്ടുപൊക്കോണം.” അപ്പോഴും ആ യുവസഹോദരങ്ങൾ വിശ്വസ്തരായി നിന്നത് കണ്ടപ്പോൾ യഹോവയ്ക്ക് എത്രമാത്രം സന്തോഷം തോന്നിക്കാണും.
ഇനി ആ സമയങ്ങളിൽ ക്യുബെക്കിൽ ഉണ്ടായിരുന്ന സാധാരണ മുൻനിരസേവകരുടെയും പ്രത്യേക മുൻനിരസേവകരുടെയും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്. അവരിൽ മിക്കവരും കാനഡയുടെ മറ്റു പല ഭാഗങ്ങളിൽനിന്ന് വന്നവരായിരുന്നു. അവർ ഫ്രഞ്ച് ഭാഷ പഠിക്കണമായിരുന്നു. ഇനി, അവിടത്തെ ആളുകളെ കത്തോലിക്കാ മതം സ്വാധീനിച്ചിരുന്നതുകൊണ്ട് അവരുടെ സംസ്കാരവും ചിന്താരീതിയും ഈ മുൻനിരസേവകർ പഠിച്ചെടുക്കണമായിരുന്നു.
പ്രത്യേക മുൻനിരസേവകരെ പ്രചാരകരൊന്നും ഇല്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കാണ് മിക്കപ്പോഴും നിയമിച്ചിരുന്നത്. അവിടെയുള്ള ആളുകൾക്ക് സാക്ഷികളെ ഇഷ്ടമല്ലാതിരുന്നതുകൊണ്ട് ഈ സഹോദരങ്ങൾക്കു വീടും ചെറിയൊരു ജോലിയും ഒക്കെ കിട്ടാൻ വലിയ പാടായിരുന്നു. സാമ്പത്തികമായി അധികമൊന്നും കൈയിലില്ലാത്തതുകൊണ്ട് പുതുതായി കല്യാണം കഴിച്ചവർപോലും ആറും എട്ടും പേർ ഒക്കെയുള്ള ഒരു വീട്ടിൽ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഈ മുൻനിരസേവകരെല്ലാം നന്നായി പ്രവർത്തിച്ചു. ഒരു ബൈബിൾപഠനം കിട്ടിയാൽ അവരെ സഹായിക്കാനാകുന്നതെല്ലാം അവർ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ക്യുബെക്കിൽ പുറത്തുനിന്നുള്ള സഹോദരങ്ങളുടെ സഹായം ആവശ്യമില്ലാത്തതുകൊണ്ട് അവിടേക്കു വന്ന മുൻനിരസേവകരിൽ പലരും ആവശ്യം അധികമുള്ള മറ്റു സ്ഥലങ്ങളിൽ സേവിക്കുകയാണ്.
ഞങ്ങൾ സർക്കിട്ട് വേലയിലായിരുന്ന സമയത്ത്, പൊതുവേ ശനിയാഴ്ചകളിൽ രാവിലെ കൗമാരത്തിലുള്ള കുട്ടികളോടൊപ്പം പ്രവർത്തിക്കുമായിരുന്നു. അങ്ങനെ അവർ നേരിടുന്ന പ്രശ്നങ്ങളൊക്കെ നേരിട്ട് മനസ്സിലാക്കാൻ പറ്റി. അവരിൽ ചിലർ ഇപ്പോൾ വേറെ രാജ്യങ്ങളിൽ മിഷനറിമാരായും മറ്റ് ഉത്തരവാദിത്വങ്ങളിലും സേവിക്കുന്നു.
ആ സമയത്തൊക്കെ ചില സഭകൾക്ക് ഞങ്ങളുടെ യാത്രാചെലവ് വഹിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലായിരുന്നു. അങ്ങനെവരുമ്പോൾ മാസാവസാനം ഞങ്ങളുടെ കൈയിൽ പൈസ ഇല്ലാതെ വരും. അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ പൂർണമായും യഹോവയിൽ ആശ്രയിച്ചു. കാരണം യഹോവയ്ക്കു മാത്രമേ ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. യഹോവ ഒരിക്കലും ഞങ്ങളെ സങ്കടപ്പെടുത്തിയിട്ടില്ല. ഏതെങ്കിലുമൊക്കെ വിധത്തിൽ ഒരു സഭയിൽനിന്ന് മറ്റൊരു സഭയിലേക്ക് യാത്ര ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു.
വിശ്വസ്തരായ സഹോദരങ്ങളിൽനിന്ന് പഠിച്ച പാഠങ്ങൾ
ഗിലെയാദിലായിരുന്നപ്പോൾ എനിക്കു മീഡിയ വിഭാഗത്തിൽ പരിശീലനം കിട്ടിയതിനെക്കുറിച്ച് ഞാൻ മുമ്പ് പറഞ്ഞിരുന്നല്ലോ. ക്യുബെക്കിൽ ആയിരുന്ന സമയത്ത് റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും പത്രത്തിലൂടെയും ഒക്കെ സാക്ഷ്യം കൊടുക്കാനുള്ള ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. അത്തരം ആവശ്യങ്ങൾക്ക് എന്നെ മിക്കപ്പോഴും നിയമിച്ചിരുന്നത് മറ്റൊരു സഞ്ചാര മേൽവിചാരകനായിരുന്ന ലയോൺസ് ക്രപോ സഹോദരന്റെ കൂടെയായിരുന്നു. അദ്ദേഹം ഇക്കാര്യത്തിൽ മിടുക്കനായിരുന്നു. വലിയ മാധ്യമപ്രവർത്തകരോടൊക്കെ ഇടപെടേണ്ടിവരുമ്പോൾ, കാര്യങ്ങളെല്ലാം അറിയാമായിരുന്നിട്ടും അദ്ദേഹം ഇങ്ങനെ പറയും: “സാറേ, ഞങ്ങൾ രണ്ടു പേരും ശുശ്രൂഷകരാ. ടിവിയുടെയും റേഡിയോയുടെയും മുന്നിൽ എങ്ങനെയാണ് ഇടപെടേണ്ടതെന്നൊന്നും ഞങ്ങൾക്ക് അറിയില്ല. പക്ഷേ യഹോവയുടെ സാക്ഷികളുടെ ഒരു വലിയ കൺവെൻഷനെക്കുറിച്ച് ആളുകളെ അറിയിക്കാൻ ഞങ്ങളെ ഏൽപ്പിച്ചിരിക്കുകയാണ്. സാർ ഏതെങ്കിലും രീതിയിൽ ഞങ്ങളെ ഒന്നു സഹായിക്കാമോ?” ഈ താഴ്മയോടെയുള്ള ചോദ്യം കേട്ടപ്പോൾ പലരും ഞങ്ങളെ സഹായിക്കാൻ തയ്യാറായി. ഒത്തിരി നല്ല അനുഭവങ്ങളും ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.
പിന്നീട് ബ്രാഞ്ച് എന്നെ, ഒരു വക്കീലായിരുന്ന ഗ്ലെൻ ഹൗ സഹോദരന്റെ കൂടെ ജോലി ചെയ്യാൻ നിയമിച്ചു. മാധ്യമങ്ങൾ ഉറ്റുനോക്കിയിരുന്ന കേസുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഗിലെയാദിൽനിന്നും മുമ്പ് പറഞ്ഞ ലയോൺസ് സഹോദരനിൽനിന്നും കിട്ടിയ പരിശീലനം എന്നെ ശരിക്കും സഹായിച്ചു. ഗ്ലെൻ ഹൗ സഹോദരന്റെ കൂടെ പ്രവർത്തിക്കാൻ പറ്റിയത് വലിയൊരു അവസരമായിട്ടാണ് ഞാൻ കണ്ടത്. കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സഹോദരന് ഒരു പേടിയുമില്ലായിരുന്നു. ഇനി എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് അദ്ദേഹത്തിന് യഹോവയോട് ഉണ്ടായിരുന്ന ആഴമായ സ്നേഹം.
1985-ൽ എന്റെ പപ്പ താമസിക്കുന്ന കാനഡയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് ഞങ്ങളെ സഞ്ചാരവേല ചെയ്യാൻ നിയമിച്ചു. കാരണം ആ സമയത്ത് പപ്പയ്ക്ക് ഞങ്ങളുടെ സഹായം വേണമായിരുന്നു. പക്ഷേ മൂന്നു മാസം കഴിഞ്ഞപ്പോൾ പപ്പ മരിച്ചുപോയി. എങ്കിലും 1989 വരെ അവിടെത്തന്നെ ഞങ്ങൾ സഞ്ചാരവേല തുടർന്നു. അതിനു ശേഷം ഞെട്ടിച്ചുകൊണ്ടുള്ള മറ്റൊരു നിയമനം ലഭിച്ചു. ഐക്യനാടുകളിലെ ബഥേൽ കുടുംബത്തിലേക്കുള്ള ക്ഷണമായിരുന്നു അത്. അങ്ങനെ ഏതാണ്ട് 19 വർഷം നീണ്ട സഞ്ചാരവേലയോട് ഞങ്ങൾ വിട പറഞ്ഞു. ആ വർഷങ്ങളിലുടനീളം നൂറുകണക്കിന് സഹോദരങ്ങളുടെ വീടുകളിൽ ഞങ്ങൾ താമസിച്ചു. ആയിരക്കണക്കിന് സഹോദരങ്ങൾ ഞങ്ങൾക്കു ഭക്ഷണം വിളമ്പി. ഈ സഹോദരങ്ങളോടെല്ലാം ഞങ്ങൾ എത്രമാത്രം നന്ദിയുള്ളവരാണെന്നോ!
ഐക്യനാടുകളിലേക്ക്
ബ്രൂക്ലിനിൽ എത്തിക്കഴിഞ്ഞ് എന്നെ സർവീസ് ഡിപ്പാർട്ടുമെന്റിലേക്കു നിയമിച്ചു. അന്ന് അവിടെവെച്ച് എനിക്കു കിട്ടിയ പരിശീലനം ഞാൻ ഇപ്പോഴും നന്ദിയോടെ ഓർക്കാറുണ്ട്. ഞാൻ അന്നു പഠിച്ച ഒരു പാഠം ഇതാണ്: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്യാതെ വസ്തുതകൾ പരിശോധിച്ച് ഉറപ്പു വരുത്തണം. പിന്നീട് 1998-ൽ എന്നെ റൈറ്റിങ് ഡിപ്പാർട്ടുമെന്റിലേക്കു നിയമിച്ചു. അവിടെ ഞാൻ ഇപ്പോഴും എങ്ങനെയാണ് എഴുതേണ്ടതെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങളോളം ജോൺ ബാർ സഹോദരനെ സഹായിക്കാനുള്ള വലിയ അവസരം എനിക്കു കിട്ടി. അദ്ദേഹമായിരുന്നു അപ്പോൾ റൈറ്റിങ് കമ്മിറ്റിയുടെ കോ-ഓർഡിനേറ്റർ. ആ സമയത്ത് എനിക്കു കിട്ടിയ പരിശീലനവും അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയങ്ങളും എല്ലാം ഞാൻ വളരെ വിലപ്പെട്ടതായി കാണുന്നു. നല്ല ഒരു ക്രിസ്തീയവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
ജോൺ ബാറിനോടും മിൽഡ്രഡിനോടും ഒപ്പം
റൈറ്റിങ് ഡിപ്പാർട്ടുമെന്റിൽ താഴ്മയുള്ള സഹോദരീസഹോദരന്മാരോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതു ശരിക്കും ഒരു അനുഗ്രഹമാണ്. അവർ എപ്പോഴും സഹായത്തിനായി യഹോവയിലേക്കാണ് നോക്കുന്നത്. ഓരോ ജോലിയും ചെയ്തുതീർക്കാൻ പറ്റുന്നത് സ്വന്തം കഴിവുകൊണ്ടല്ല, പകരം യഹോവയുടെ സഹായത്തോടെയാണെന്ന് അവർ മനസ്സോടെ അംഗീകരിക്കുന്നു.
2009-ലെ വാർഷികയോഗത്തിൽ വാച്ച്ടവർ ഗായകസംഘത്തെ നയിക്കുന്നു
2014-ൽ കൊറിയയിലെ സോളിൽവെച്ച് നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ ബൈബിളുകൾ കൊടുക്കുന്നു
110 രാജ്യങ്ങളിലുള്ള നമ്മുടെ വിശ്വസ്ത സഹാരാധകരെ കാണാനുള്ള അവസരം എനിക്കും ലിൻഡയ്ക്കും യഹോവ തന്നു. അവിടെയുള്ള മിഷനറിമാരുടെയും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുടെയും മുഴുസമയ സേവകരുടെയും എല്ലാം സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ ഞങ്ങൾക്കായി. അതുപോലെ അവിടെയുള്ള പ്രചാരകരുടെ തീക്ഷ്ണതയും വിശ്വസ്തതയും ഒക്കെ ഞങ്ങളെ ശരിക്കും സ്വാധീനിച്ചു. യുദ്ധം, സാമ്പത്തികബുദ്ധിമുട്ട്, ഉപദ്രവം ഇതിനെല്ലാം ഇടയിലാണ് അവർ രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നത്. യഹോവയ്ക്ക് അവരെയെല്ലാം എത്രമാത്രം ഇഷ്ടമായിരിക്കും!
ഈ കാലങ്ങളിലെല്ലാം എനിക്കുള്ള നിയമനങ്ങൾ നന്നായി ചെയ്യാൻ ലിൻഡ നല്ലൊരു സഹായമായിരുന്നു. ആളുകളോടൊപ്പം ആയിരിക്കാനും അവരെ സഹായിക്കാനും ലിൻഡയ്ക്ക് ഒരുപാട് ഇഷ്ടമാണ്. ആളുകളുമായി സംഭാഷണം തുടങ്ങുന്ന കാര്യത്തിൽ അവൾ മിടുക്കിയാണ്. പലരെയും സത്യത്തിലേക്കു കൊണ്ടുവരാൻ ലിൻഡയ്ക്കു കഴിഞ്ഞു. അതുപോലെ യഹോവയിൽനിന്ന് അകന്നുപോയവരെ സഹായിക്കാനും ലിൻഡ ഒരുപാടു ശ്രമം ചെയ്തിട്ടുണ്ട്. യഹോവ എനിക്കു തന്ന വിലപ്പെട്ട ഒരു സമ്മാനമാണ് എന്റെ ഭാര്യ! പ്രായമാകുംതോറും യാത്രയിലും മറ്റ് ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കാനായി മുന്നോട്ടുവരുന്ന ചെറുപ്പക്കാരായ സഹോദരങ്ങളോട് ഞങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്.—മർക്കോ. 10:29, 30.
കഴിഞ്ഞ 80 വർഷത്തെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് ഒരുപാട് നന്ദി തോന്നുന്നു. സങ്കീർത്തനക്കാരൻ പറഞ്ഞ വാക്കുകൾതന്നെയാണ് എനിക്കും പറയാനുള്ളത്: “ദൈവമേ, ചെറുപ്പംമുതൽ അങ്ങ് എന്നെ പഠിപ്പിച്ചു; ഞാനോ ഈ സമയംവരെ അങ്ങയുടെ മഹനീയപ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുകൊണ്ടിരിക്കുന്നു.” (സങ്കീ. 71:17) ജീവിച്ചിരിക്കുന്നിടത്തോളം കാലം അങ്ങനെതന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം!
a ഇന്ന് ഈ പരിശീലനം ഇടദിവസത്തെ മീറ്റിങ്ങിലെ ഒരു ഭാഗമാണ്.