2026 മാർച്ച് 16-22
ഗീതം 20 അങ്ങ് പ്രിയമകനെ നൽകി
മോചനവില നമുക്ക് ആവശ്യം
“ഇത്തരമൊരു മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ മോചിപ്പിക്കാൻ ആരുണ്ട്?”—റോമ. 7:24.
ഉദ്ദേശ്യം
മോചനവില എങ്ങനെയാണ് യഹോവയുടെ ക്ഷമയും, പാപാവസ്ഥയിൽനിന്നുള്ള മോചനവും, ദൈവവുമായി അടുത്തബന്ധവും നേടിത്തരുന്നതെന്ന് നോക്കും.
1-2. നമ്മളെ എന്തിൽനിന്നാണ് രക്ഷിക്കേണ്ടത്, എന്തുകൊണ്ട്? (റോമർ 7:22-24) (ചിത്രവും കാണുക.)
ഈ സാഹചര്യം ഒന്ന് ഭാവനയിൽ കാണൂ. ഒരു കെട്ടിടം തകർന്നുവീഴുമ്പോൾ ഒരാൾ അതിന് അടിയിൽപ്പെട്ടുപോകുന്നു. ജീവനുണ്ടെങ്കിലും അദ്ദേഹത്തിന് നാശാവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് അനങ്ങാനാകുന്നില്ല. ആരെങ്കിലും സഹായിക്കാൻ എത്തുമെന്ന പ്രതീക്ഷയോടെ നിലവിളിക്കാൻ മാത്രമേ ആ മനുഷ്യനു പറ്റുകയുള്ളൂ.
2 നമ്മുടെ ഓരോരുത്തരുടെയും സാഹചര്യം ഏതാണ്ട് ഇതുപോലെയാണ്. ആദാം തന്റെ സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചപ്പോൾ അവൻ പാപിയായിത്തീർന്നു. പിന്നീട് ആ പാപാവസ്ഥ തന്റെ മക്കളിലേക്കും കൈമാറി. അങ്ങനെ എല്ലാ മനുഷ്യരും പാപാവസ്ഥ എന്ന നാശകൂമ്പാരത്തിന് അടിയിൽ കുടുങ്ങിപ്പോയി. അതിന്റെ ഭവിഷ്യത്തുകളിൽനിന്ന് നമുക്കു നമ്മളെത്തന്നെ രക്ഷിക്കാൻ കഴിയില്ല. നമ്മുടെ ഈ സാഹചര്യം റോമർക്കുള്ള കത്തിൽ പൗലോസ് നന്നായി വിവരിക്കുന്നുണ്ട്. (റോമർ 7:22-24 വായിക്കുക.) ‘മരണത്തിന് അധീനമായ ശരീരത്തിൽനിന്ന്’ തന്നെ മോചിപ്പിക്കാൻ പൗലോസ് അപേക്ഷിക്കുന്നതു കാണാം. കാരണം, അദ്ദേഹം കൈമാറിക്കിട്ടിയ പാപത്തിന് അടിയിൽപ്പെട്ടുപോയിരുന്നു. അതിന്റെ അവസാനം മരണം മാത്രമാണ്. (റോമ. 6:23) നമ്മുടെ സാഹചര്യവും ഇതുതന്നെയാണ്. നമ്മളെയും ആരെങ്കിലും രക്ഷിച്ചേ മതിയാകൂ.
തകർന്നുകിടക്കുന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിപ്പോയ ഒരാളെ ആരെങ്കിലും രക്ഷിക്കേണ്ടതുണ്ട്. കൈമാറിക്കിട്ടിയ പാപത്തിന് അടിയിൽപ്പെട്ട് കിടക്കുന്ന നമ്മളെയും ആരെങ്കിലും രക്ഷിക്കേണ്ടതുണ്ട് (1-2 ഖണ്ഡികകൾ കാണുക)
3. ഏതൊക്കെ വിധങ്ങളിലാണ് മോചനവില നമ്മളെ രക്ഷിക്കുന്നത്?
3 പാപാവസ്ഥയെക്കുറിച്ച് വിഷമിപ്പിക്കുന്ന ഒരു കാര്യം പറഞ്ഞുകൊണ്ട് പൗലോസ് തന്റെ വാക്കുകൾ അവസാനിപ്പിച്ചില്ല. “ഇത്തരമൊരു മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ മോചിപ്പിക്കാൻ ആരുണ്ട്?” എന്നു ചോദിച്ചശേഷം അതിന്റെ ഉത്തരവും അദ്ദേഹംതന്നെ പറയുന്നുണ്ട്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവത്തിനു നന്ദി!” (റോമ. 7:25) യേശുവിന്റെ മോചനവിലയെക്കുറിച്ചാണ്a പൗലോസ് അവിടെ പറഞ്ഞത്. മോചനവില, (1) യഹോവയുടെ ക്ഷമയും (2) പാപാവസ്ഥയിൽനിന്നുള്ള മോചനവും (3) ദൈവവുമായി ഒരു അടുത്തബന്ധവും നമുക്കു നേടിത്തന്നുകൊണ്ട് നമ്മളെ രക്ഷിക്കുന്നു. ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ‘പ്രത്യാശ നൽകുന്ന ദൈവമായ’ യഹോവയോടുള്ള നമ്മുടെ സ്നേഹം കൂടും. (റോമ. 15:13) അതുപോലെ ‘മോചനവില കൊടുത്ത് നമ്മളെ മോചിപ്പിച്ച’ യേശുവിനോടുള്ള നമ്മുടെ വിലമതിപ്പും വർധിക്കും.—കൊലോ. 1:14.
യഹോവയ്ക്കു നമ്മളോടു ക്ഷമിക്കാനാകുന്നു
4-5. നമുക്കെല്ലാം മോചനവില ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (സഭാപ്രസംഗകൻ 7:20)
4 നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ മോചനവില ആവശ്യമാണ്. എല്ലാ അപൂർണ മനുഷ്യരും വാക്കിലോ പ്രവൃത്തിയിലോ പാപം ചെയ്യാറുണ്ട്. (സഭാപ്രസംഗകൻ 7:20 വായിക്കുക.) ചില പാപങ്ങൾ ഗൗരവമുള്ളതാണ്. ഉദാഹരണത്തിന്, വ്യഭിചാരവും കൊലപാതകവും മോശയുടെ നിയമത്തിൽ മരണശിക്ഷ അർഹിക്കുന്ന തെറ്റുകളായിരുന്നു. (ലേവ്യ 20:10; സംഖ്യ 35:30, 31) എന്നാൽ പല പാപങ്ങളും അത്രത്തോളം ഗുരുതരമാകണമെന്നില്ല. പക്ഷേ, അവയും പാപങ്ങൾതന്നെയാണ്. ഉദാഹരണത്തിന്, സങ്കീർത്തനക്കാരനായ ദാവീദ് പറഞ്ഞു: “നാവുകൊണ്ട് പാപം ചെയ്യാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും.” (സങ്കീ. 39:1) ഇതു കാണിക്കുന്നതു നമ്മുടെ സംസാരംപോലും ചിലപ്പോൾ പാപമായിത്തീർന്നേക്കാം എന്നാണ്.—യാക്കോ. 3:2.
5 എന്തെങ്കിലും ഒരു കാര്യം പറഞ്ഞിട്ട്, അതു തിരിച്ചെടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതുപോലെ എന്തെങ്കിലും ഒരു കാര്യം ചെയ്തിട്ട് അത് ഓർത്ത് പിന്നെ വിഷമിച്ചിട്ടുണ്ടോ? ഈ രണ്ടു ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം ഉണ്ട് എന്നാണെന്നതിൽ സംശയമില്ല. ബൈബിൾ പറയുന്നു: “‘നമുക്കു പാപമില്ല’ എന്നു പറയുന്നെങ്കിൽ നമ്മൾ സ്വയം വഞ്ചിക്കുകയാണ്; സത്യം നമ്മളിലില്ല.”—1 യോഹ. 1:8.
6-7. നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവയ്ക്ക് എന്ത് അടിസ്ഥാനമാണുള്ളത്? (ചിത്രവും കാണുക.)
6 യഹോവയുടെ നീതി പൂർണമായതുകൊണ്ട് നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ ദൈവത്തിനു ശക്തമായൊരു അടിസ്ഥാനം ആവശ്യമാണ്. മോചനവില ദൈവത്തിന് അങ്ങനെയൊരു അടിസ്ഥാനം കൊടുക്കുന്നു. (എഫെ. 1:7) എന്നാൽ അതിന്റെ അർഥം നമ്മൾ തെറ്റുകൾ ചെയ്യുമ്പോൾ യഹോവ വെറുതെയങ്ങ് കണ്ണടച്ച് വിടുന്നു എന്നല്ല. പാപത്തെ ദൈവം വളരെ ഗൗരവമായിത്തന്നെയാണ് കാണുന്നത്.—യശ. 59:2.
7 മോശയുടെ നിയമമനുസരിച്ച് പാപപരിഹാരത്തിന് ഇസ്രായേല്യർ മൃഗബലികൾ അർപ്പിക്കണമായിരുന്നു. (ലേവ്യ 4:27-31; 17:11) അത്, യേശു പിന്നീട് അർപ്പിക്കാനിരുന്ന വലിയ ബലിയുടെയും അതിന്റെ അനുഗ്രഹങ്ങളുടെയും മുൻനിഴലായിരുന്നു. യേശുവിന്റെ ആ ബലി നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവയ്ക്കു നിയമപരമായൊരു അടിസ്ഥാനം നൽകുമായിരുന്നു. പൗലോസ്, യേശുവിന്റെ ബലിമരണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞെന്നു കൊരിന്ത്യർക്ക് അദ്ദേഹം എഴുതിയ കത്തിൽനിന്ന് മനസ്സിലാക്കാം. ആ ക്രിസ്ത്യാനികൾ മുമ്പു ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പറഞ്ഞിട്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു. നിങ്ങളെ വിശുദ്ധീകരിച്ചിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു.”—1 കൊരി. 6:9-11.
പാപമോചനത്തിനായി അർപ്പിച്ചിരുന്ന മൃഗബലികൾ യേശു നൽകാനിരുന്ന മോചനവിലയെയും അതിന്റെ അനുഗ്രഹങ്ങളെയും മുൻനിഴലാക്കി (6-7 ഖണ്ഡികകൾ കാണുക)
8. ഈ വർഷത്തെ സ്മാരകാചരണത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് നിങ്ങൾക്ക് എന്തിനെക്കുറിച്ച് ചിന്തിക്കാം?
8 ഈ വർഷത്തെ സ്മാരകാചരണത്തിൽ പങ്കെടുക്കുന്നതിനു മുമ്പ്, യഹോവ ക്ഷമിച്ചതുകൊണ്ട് നിങ്ങൾക്കു കിട്ടിയ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, മുമ്പു തെറ്റുകൾ ചെയ്തുപോയെങ്കിലും നിങ്ങൾ പശ്ചാത്തപിച്ചതുകൊണ്ട് മോചനവിലയിലൂടെ യഹോവ നിങ്ങളോടു ക്ഷമിച്ചെന്നു നിങ്ങൾക്ക് അറിയാം. അതുകൊണ്ടുതന്നെ നിങ്ങൾക്കു കുറ്റബോധത്തോടെ ജീവിക്കേണ്ടിവരുന്നില്ല. എന്നാൽ യഹോവ ക്ഷമിച്ചെന്ന് അംഗീകരിക്കാൻ നിങ്ങൾക്കു പറ്റുന്നില്ലെങ്കിലോ? ചിലപ്പോൾ നിങ്ങൾ സ്വയം ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും: ‘യഹോവയ്ക്കു ക്ഷമിക്കാൻ പറ്റുമെന്ന് എനിക്ക് അറിയാം. എന്നാൽ എനിക്ക് എന്നോടുതന്നെ ക്ഷമിക്കാനാകുന്നില്ല.’ നിങ്ങൾക്ക് അങ്ങനെയാണു തോന്നുന്നതെങ്കിൽ ഇക്കാര്യം ഓർക്കുക: ക്ഷമിക്കേണ്ടത് യഹോവയാണ്; ന്യായം വിധിക്കാനുള്ള അധികാരം ദൈവം കൊടുത്തിരിക്കുന്നത് യേശുവിനാണ്. ആരോടു ക്ഷമിക്കണം, ക്ഷമിക്കേണ്ടാ എന്നു തീരുമാനിക്കാനുള്ള അധികാരം യഹോവ നിങ്ങൾക്കോ മറ്റേതെങ്കിലും മനുഷ്യർക്കോ കൊടുത്തിട്ടില്ല. ബൈബിൾ പറയുന്നു: ‘ദൈവം വെളിച്ചത്തിലായിരിക്കുന്നതുപോലെ നമ്മളും വെളിച്ചത്തിൽ നടക്കുന്നെങ്കിൽ ദൈവപുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കും.’ (1 യോഹ. 1:6, 7) മറ്റ് ഏതൊരു ബൈബിൾ പഠിപ്പിക്കലുംപോലെ ഇതും നിങ്ങൾക്ക് ഉറച്ച് വിശ്വസിക്കാം. മോചനവില, നമ്മളോടു കരുണ കാണിക്കാനുള്ള നിയമപരമായ അടിസ്ഥാനം യഹോവയ്ക്കു നൽകുന്നു. അതുപോലെ ദൈവം ‘ക്ഷമിക്കാൻ സന്നദ്ധനാണെന്നും’ ബൈബിൾ പറയുന്നുണ്ട്.—സങ്കീ. 86:5.
പാപാവസ്ഥയിൽനിന്നും നമ്മളെ മോചിപ്പിക്കുന്നു
9. പാപം എന്നതിൽ തെറ്റായ പ്രവൃത്തികൾക്കു പുറമേ മറ്റെന്തും ഉൾപ്പെടുന്നു? (സങ്കീർത്തനം 51:5-ഉം അടിക്കുറിപ്പും)
9 ബൈബിളിൽ “പാപം” എന്ന വാക്ക് ഒരു പ്രവൃത്തിയെ മാത്രമല്ല, അമ്മയുടെ വയറ്റിൽ ജന്മംകൊള്ളുന്ന നിമിഷം നമുക്കു കൈമാറി കിട്ടുന്ന ഒരു അവസ്ഥയെയും അർഥമാക്കുന്നു. (സങ്കീർത്തനം 51:5-ഉം അടിക്കുറിപ്പും വായിക്കുക.) ഇത്തരത്തിൽ പാപാവസ്ഥ കൈമാറി കിട്ടിയിരിക്കുന്നതുകൊണ്ട്, നമുക്കു തെറ്റു ചെയ്യാനുള്ള ചായ്വുണ്ടെന്നു മാത്രമല്ല ദൈവം ഉദ്ദേശിച്ച രീതിയിൽ നമ്മുടെ ശരീരത്തിനു പ്രവർത്തിക്കാൻ പറ്റാതെയും വരുന്നു. അതുകൊണ്ട് നമ്മൾ രോഗികളാകുകയും പ്രായം ചെല്ലുകയും മരിക്കുകയും ചെയ്യുന്നു. ഒരു തെറ്റും ചെയ്യാത്ത നവജാതശിശുക്കൾക്കുപോലും അസുഖം വരുന്നതും അവർ മരിക്കുന്നതും എന്തുകൊണ്ടാണെന്ന് അതിൽനിന്ന് മനസ്സിലാക്കാം. അതുപോലെ മോശം ആളുകൾ മാത്രമല്ല നല്ല ആളുകളും കഷ്ടപ്പാട് അനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നതിന്റെ കാരണവും അതു വിശദീകരിക്കുന്നു. നമ്മൾ എല്ലാവരും ആദാമിന്റെ മക്കളായതുകൊണ്ട് നമ്മളിൽ എല്ലാം ആ പാപാവസ്ഥയുണ്ട്.
10. പാപാവസ്ഥ ആദാമിനെയും ഹവ്വയെയും എങ്ങനെയാണു ബാധിച്ചത്?
10 ആ പാപാവസ്ഥ ആദ്യ മനുഷ്യദമ്പതികളെ എങ്ങനെയാണു ബാധിച്ചതെന്നു ചിന്തിക്കുക. അത് അവർക്കു മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കി. ദൈവനിയമം ലംഘിച്ച ഉടൻതന്നെ അവരുടെ മനസ്സാക്ഷി അവരെ കുറ്റപ്പെടുത്താൻതുടങ്ങി. (റോമ. 2:15) തങ്ങളിൽ എന്തോ വലിയ മാറ്റം സംഭവിച്ചെന്ന് അവർക്കു മനസ്സിലായി. അതുകൊണ്ടാണ് ശരീരഭാഗങ്ങൾ മറയ്ക്കാനും കുറ്റവാളികളെപ്പോലെ സ്രഷ്ടാവിന്റെ മുന്നിൽനിന്ന് ഒളിക്കാനും അവർക്കു തോന്നിയത്. (ഉൽപ. 3:7, 8) അങ്ങനെ ആദ്യമായി, ആദാമിനും ഹവ്വയ്ക്കും കുറ്റബോധവും ഉത്കണ്ഠയും വേദനയും നാണക്കേടും തോന്നി. മരണംവരെ ഈ വികാരങ്ങൾ അവരെ വേട്ടയാടുമായിരുന്നു.—ഉൽപ. 3:16-19.
11. പാപാവസ്ഥ നമ്മളെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്?
11 ആദാമിനും ഹവ്വയ്ക്കും ഉണ്ടായ ശാരീരികവും വൈകാരികവും ആയ എല്ലാ പ്രശ്നങ്ങളും നമ്മളും അനുഭവിക്കുന്നു. കാരണം നമ്മുടെ ഉള്ളിലും പാപാവസ്ഥയുണ്ട്. അതുകൊണ്ട് എത്രതന്നെ ശ്രമിച്ചാലും നമ്മുടെ സാഹചര്യം ഒരു പരിധിക്കപ്പുറം മെച്ചപ്പെടുത്താൻ നമുക്കാകില്ല. നമ്മൾ ‘വ്യർഥമായൊരു ജീവിതത്തിന്റെ അടിമത്തത്തിലാണ്’ എന്നു ബൈബിൾ പറയുന്നു. (റോമ. 8:20) ഇത് ഓരോ വ്യക്തിയുടെയും കാര്യത്തിൽ മാത്രമല്ല മനുഷ്യരെ മൊത്തത്തിലെടുക്കുമ്പോഴും സത്യമാണ്. ഉദാഹരണത്തിന്, പരിസ്ഥിതി മെച്ചപ്പെടുത്താനും അക്രമം നിയന്ത്രിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാനും മനുഷ്യൻ ശ്രമിക്കുന്നു. എങ്കിലും ചെറിയൊരു പുരോഗതി കൊണ്ടുവരാനല്ലാതെ ആ പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കാൻ അവർക്കു കഴിയുന്നില്ല. അവരുടെ ശ്രമങ്ങളെല്ലാം വ്യർഥമായിപ്പോകുന്നു. അങ്ങനെയെങ്കിൽ ഈ പാപാവസ്ഥയിൽനിന്ന് നമ്മളെ രക്ഷിക്കാൻ മോചനവിലയ്ക്ക് എങ്ങനെയാണ് കഴിയുന്നത്?
12. മോചനവില നമുക്ക് എന്തു പ്രത്യാശ തരുന്നു?
12 ‘സൃഷ്ടി ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചനം നേടും’ എന്ന പ്രത്യാശ മോചനവില നമുക്കു തരുന്നു. (റോമ. 8:21) പുതിയ ലോകത്തിൽ മോചനവിലയുടെ എല്ലാ പ്രയോജനങ്ങളും നമുക്കു ലഭിക്കും. ശാരീരികമോ മാനസികമോ വൈകാരികമോ ആയി നമ്മളെ അലട്ടുന്ന ഒരു പ്രശ്നവും അന്നുണ്ടായിരിക്കില്ല. കുറ്റബോധമോ ഉത്കണ്ഠയോ വേദനയോ നാണക്കേടോ ഒന്നും നമ്മളെ വരിഞ്ഞുമുറുക്കില്ല. കൂടാതെ സമാധാനത്തിൽ ജീവിക്കാനും ഭൂമി മനോഹരമാക്കാനും ഉള്ള നമ്മുടെ ശ്രമങ്ങൾ വ്യർഥമായിപ്പോകില്ല. കാരണം നമുക്കു മോചനവില നൽകിയ ‘സമാധാനപ്രഭുവായ’ യേശുവായിരിക്കും അന്നു നമ്മളെ ഭരിക്കുന്നത്.—യശ. 9:6, 7.
13. ഈ വർഷത്തെ സ്മാരകാചരണത്തിനു കൂടി വരുന്നതിനു മുമ്പായി നിങ്ങൾക്കു വേറെ എന്തിനെക്കുറിച്ചും ചിന്തിക്കാം?
13 പാപാവസ്ഥയിൽനിന്ന് രക്ഷ കിട്ടുമ്പോൾ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്ന് ഒന്നു ചിന്തിച്ച് നോക്കൂ. ഓരോ ദിവസവും നിങ്ങൾ ഉണർന്നെഴുന്നേൽക്കുന്നത് സന്തോഷത്തോടെ ആയിരിക്കും! പട്ടിണി, രോഗം, മരണം എന്നിവ നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരെയോ പിടികൂടുമോ എന്ന പേടി നിങ്ങൾക്കുണ്ടാകില്ല. ഇനി, ‘സുനിശ്ചിതവും ഉറപ്പുള്ളതും ആയ പ്രത്യാശ ഒരു നങ്കൂരമായി’ മുറുകെ പിടിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരു പരിധിവരെ സമാധാനം ആസ്വദിക്കാനാകും. (എബ്രാ. 6:18, 19) നങ്കൂരം ഒരു കപ്പലിനെ ഉറപ്പിച്ച് നിറുത്തുന്നതുപോലെ, പ്രശ്നങ്ങൾ നേരിടുമ്പോൾ വിശ്വസ്തമായി സഹിച്ചുനിൽക്കാൻ ക്രിസ്തീയപ്രത്യാശ നിങ്ങളെ സഹായിക്കും. ‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകും’ എന്നു നിങ്ങൾക്ക് ഉറച്ച് വിശ്വസിക്കാം. (എബ്രാ. 11:6) നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നതും ഭാവിപ്രത്യാശയുള്ളതും മോചനവില നൽകിയതുകൊണ്ട് മാത്രമാണ്.
യഹോവയുമായുള്ള ബന്ധം വീണ്ടെടുക്കാനാകുന്നു
14. പാപം സ്രഷ്ടാവുമായുള്ള നമ്മുടെ ബന്ധത്തെ ബാധിച്ചത് എങ്ങനെ, എന്തുകൊണ്ട്?
14 ആദാമും ഹവ്വയും പാപം ചെയ്തതുമുതൽ മനുഷ്യർ ദൈവത്തിൽനിന്ന് അകന്നുപോയി. ദൈവവും മനുഷ്യകുടുംബവും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോയതായി ബൈബിൾ സൂചിപ്പിക്കുന്നു. (റോമ. 8:7, 8; കൊലോ. 1:21) കാരണം പൂർണനായ യഹോവയ്ക്കു പാപം കണ്ടില്ലെന്നു വെക്കാൻ കഴിയില്ല. ബൈബിൾ ദൈവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദോഷത്തെ നോക്കാൻ അങ്ങയ്ക്കാകില്ല, അത്ര വിശുദ്ധമാണ് അങ്ങയുടെ കണ്ണുകൾ. ദുഷ്ടത അങ്ങയ്ക്ക് അസഹ്യമാണല്ലോ.” (ഹബ. 1:13) അതുകൊണ്ട് പാപം, ദൈവത്തിനും മനുഷ്യർക്കും ഇടയിൽ വലിയൊരു വിടവുണ്ടാക്കി. ആ വിടവ് നികത്തുന്ന ഒരു പാലമില്ലാതെ മനുഷ്യർക്ക് യഹോവയുമായുള്ള ബന്ധം വീണ്ടെടുക്കാൻ കഴിയില്ല. മോചനവില അതാണു സാധ്യമാക്കിയത്.
15. യഹോവയുമായി ഒരു ബന്ധത്തിലേക്കു വരാൻ യേശുവിന്റെ മരണം മനുഷ്യർക്ക് ഒരു വഴി തുറന്നത് എങ്ങനെ?
15 യേശു “നമ്മുടെ പാപങ്ങൾക്ക് ഒരു അനുരഞ്ജനബലിയായി” എന്നു ബൈബിൾ പറയുന്നു. (1 യോഹ. 2:2) “അനുരഞ്ജനബലി” എന്നതിന്റെ ഗ്രീക്കുപദത്തിന് “രമ്യതയിലാകാനുള്ള ഒരു മാർഗം” എന്നും അർഥമുണ്ട്. യഹോവയ്ക്കു മോചനവിലയെ എങ്ങനെയാണു മനുഷ്യരുമായി രമ്യതയിലാകാനുള്ള ഒരു മാർഗമായി കാണാനായത്? യേശുവിന്റെ മരണം ഏതെങ്കിലും രീതിയിൽ യഹോവയ്ക്കു സന്തോഷം കൊടുത്തതുകൊണ്ട് അല്ല യഹോവ രമ്യതയിലാകാൻ തയ്യാറായത്, പകരം മോചനവില എന്ന ക്രമീകരണം യഹോവയുടെ ഉയർന്ന നീതിയെ തൃപ്തിപ്പെടുത്തിയതുകൊണ്ടാണ്. മനുഷ്യരുമായുള്ള ബന്ധം വീണ്ടെടുക്കാൻ അതു ദൈവത്തിനു ഒരു അടിസ്ഥാനം കൊടുത്തു. (റോമ. 3:23-26) ക്രിസ്തുവിന്റെ മരണത്തിനു മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തരെപ്പോലും നീതിമാന്മാരായി ‘കണക്കാക്കാൻ’ ദൈവത്തിനു കഴിഞ്ഞു. (ഉൽപ. 15:1, 6) ഭാവിയിൽ കൊടുക്കാനിരുന്ന മോചനവിലയുടെ അടിസ്ഥാനത്തിലാണ് യഹോവ അങ്ങനെ ചെയ്തത്. തന്റെ മകൻ മോചനവില കൊടുക്കുമെന്ന് യഹോവയ്ക്ക് അത്ര ഉറപ്പായിരുന്നു. (യശ. 46:10) അതെ, മോചനവില മനുഷ്യർക്കു ദൈവവുമായി വീണ്ടും ഒരു ബന്ധത്തിലേക്കു വരാനുള്ള പാലമായിത്തീർന്നു.
16. ഈ വർഷത്തെ സ്മാരകാചരണത്തിനു മുമ്പായി നിങ്ങൾക്കു മറ്റ് എന്തുകൂടി ചിന്തിക്കാം? (ചിത്രവും കാണുക.)
16 യഹോവയുമായി രമ്യതയിലായതുകൊണ്ട് നിങ്ങൾക്കു കിട്ടിയ പ്രയോജനങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. ഉദാഹരണത്തിന്, യേശു പറഞ്ഞതുപോലെ നിങ്ങൾ യഹോവയെ “പിതാവേ” എന്നായിരിക്കും വിളിക്കുന്നത്. (മത്താ. 6:9) ഇനി ചിലപ്പോൾ “സുഹൃത്ത്” എന്നുപോലും നിങ്ങൾ ദൈവത്തെ വിളിച്ചേക്കാം. “പിതാവ്,” “സുഹൃത്ത്” എന്നീ വാക്കുകൾ ഉപയോഗിക്കുമ്പോൾത്തന്നെ നമ്മൾ വളരെയധികം ബഹുമാനത്തോടെയും താഴ്മയോടെയും ആയിരിക്കും അങ്ങനെ ചെയ്യുന്നത്. എന്തുകൊണ്ട്? കാരണം, പാപാവസ്ഥയിലായിരിക്കുന്ന നമുക്ക് യഹോവയുമായി ഒരു അടുപ്പം തോന്നുന്നത്, നമ്മുടെ എന്തെങ്കിലും കഴിവുകൊണ്ടല്ല പകരം മോചനവില നൽകിയിരിക്കുന്നതുകൊണ്ട് മാത്രമാണ്. യഹോവയാണ് ‘ദണ്ഡനസ്തംഭത്തിൽ ക്രിസ്തു ചൊരിഞ്ഞ രക്തത്താൽ സമാധാനം സ്ഥാപിച്ച് മറ്റെല്ലാത്തിനെയും താനുമായി വീണ്ടും അനുരഞ്ജനത്തിലാക്കിയത്.’ (കൊലോ. 1:19, 20) അതുകൊണ്ട്, അപൂർണരായിരിക്കുമ്പോൾത്തന്നെ യഹോവയുമായി ഒരു ബന്ധം ആസ്വദിക്കാൻ നമുക്കു കഴിയുന്നു.
യേശുവിന്റെ മരണം മാത്രമാണ് മനുഷ്യരുമായി ഒരു നല്ല ബന്ധത്തിലേക്കുവരാൻ യഹോവയ്ക്കു നിയമപരമായ അടിസ്ഥാനം നൽകുന്നത് (16-ാം ഖണ്ഡിക കാണുക)
മോചനവില യഹോവയുടെ കരുണയുടെ തെളിവ്
17. മോചനവില യഹോവയുടെ കരുണയുടെ തെളിവായിരിക്കുന്നത് എങ്ങനെ? (എഫെസ്യർ 2:4, 5)
17 യഹോവ ‘കരുണാസമ്പന്നൻ’ ആണെന്ന് മോചനവില തെളിയിക്കുന്നു. ‘പിഴവുകൾ കാരണം മരിച്ചവരായിരുന്നപ്പോൾത്തന്നെ ദൈവം നമ്മളെ ജീവിപ്പിച്ചു.’ (എഫെസ്യർ 2:4, 5 വായിക്കുക.) തകർന്നുകിടക്കുന്ന കെട്ടിടത്തിനടിയിൽ പെട്ടുപോയ ആളെപ്പോലെ, ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരും’ തങ്ങൾക്കു സഹായം വേണമെന്നും മനുഷ്യർക്കു പ്രശ്നങ്ങൾ സ്വന്തമായി പരിഹരിക്കാൻ പറ്റില്ലെന്നും തിരിച്ചറിയുന്നവരാണ്. (പ്രവൃ. 13:48) അങ്ങനെയുള്ളവരിലേക്ക് യഹോവ രാജ്യസന്ദേശം എത്തിക്കുന്നു. അങ്ങനെ തന്നെക്കുറിച്ചും തന്റെ മകനെക്കുറിച്ചും പാപത്തിൽനിന്ന് മനുഷ്യരെ വിടുവിക്കുന്ന മോചനവിലയെക്കുറിച്ചും മനസ്സിലാക്കാൻ അവരെ യഹോവ സഹായിക്കുന്നു. (യോഹ. 17:3) ആദാമും ഹവ്വയും തെറ്റ് ചെയ്തപ്പോൾ ദൈവത്തിന്റെ ഉദ്ദേശ്യം പാളിപ്പോയെന്ന് സാത്താൻ ചിന്തിച്ചിട്ടുണ്ടെങ്കിൽ അവനു തെറ്റിപ്പോയി.
18. മോചനവിലയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ഏതു പ്രധാനപ്പെട്ട വിഷയം ഓർക്കേണ്ടതുണ്ട്?
18 മോചനവിലയിലൂടെ നമുക്കു കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ, യഹോവ മോചനവില നൽകിയതിന്റെ പ്രധാനകാരണം നമ്മൾ മറന്നുപോകരുത്. നമ്മളെ രക്ഷിക്കുക എന്നതു മാത്രമല്ല അതിലും പ്രധാനപ്പെട്ട ഒരു കാര്യം അതിൽ ഉൾപ്പെടുന്നുണ്ട്. ഏദെൻതോട്ടത്തിൽ സാത്താൻ ഉന്നയിച്ച വാദത്തിന് യഹോവ മറുപടി കൊടുക്കുന്നതു മോചനവിലയിലൂടെയാണ്. (ഉൽപ. 3:1-5, 15) തന്റെ പേരിന്മേൽ വന്ന എല്ലാം നിന്ദയും നീക്കിക്കൊണ്ട് അതിനെ വിശുദ്ധീകരിക്കാൻ മോചനവിലയിലൂടെ യഹോവയ്ക്കു കഴിയുന്നു. അതോടൊപ്പം ദൈവം നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കുകയും ചെയ്യുന്നു. ദൈവം സ്നേഹമാണെന്നതിന്റെ എത്ര വലിയ തെളിവ്! ഇനി, നമ്മൾ പാപികളാണെങ്കിലും സാത്താന്റെ വാദത്തിനു മറുപടി കൊടുക്കാൻ നമുക്ക് അവസരം തന്നുകൊണ്ട് യഹോവ നമ്മളോട് അനർഹദയയും കാണിച്ചിരിക്കുന്നു. (സുഭാ. 27:11) നമുക്ക് എങ്ങനെ മോചനവിലയോടു വിലമതിപ്പു കാണിക്കാം? അതിന്റെ ഉത്തരം അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
ഗീതം 19 കർത്താവിന്റെ അത്താഴം
a പദപ്രയോഗത്തിന്റെ വിശദീകരണം: മോചനവില എന്നത് ഒരാളെ തടവിൽനിന്ന് മോചിപ്പിക്കാൻ കൊടുക്കുന്ന വിലയാണ്. യേശുവിന്റെ ബലിമരണം, അനുസരണമുള്ള മനുഷ്യരെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് വിടുവിക്കാൻ കൊടുത്തിരിക്കുന്ന മോചനവിലയാണ്.