അന്യഭാഷക്കാരോടു സംസാരിക്കുമ്പോൾ
1. സഭകൾ വയൽസേവനത്തിന്റെ കാര്യത്തിൽ കൂടുതൽ സഹകരിച്ചുപ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
1 പ്രാദേശിക സഭയുടേതിൽനിന്നു വ്യത്യസ്തമായ ഒരു ഭാഷ സംസാരിക്കുന്ന താത്പര്യക്കാരെ ലോകമെങ്ങുമുള്ള രാജ്യഘോഷകർ പലപ്പോഴും കണ്ടുമുട്ടുന്നു. അങ്ങനെയുള്ളവരെ ആത്മീയമായി സഹായിക്കാൻ ബ്രാഞ്ചുകൾക്ക് ഭാഷാക്കൂട്ടങ്ങളും സഭകളും രൂപീകരിക്കേണ്ടിവരുന്നു. ഒരു പ്രദേശത്തു പല ഭാഷക്കാർ ഉണ്ടായിരുന്നേക്കാമെന്നതിനാൽ വ്യത്യസ്ത ഭാഷകളിലുള്ള പല സഭകൾ ഒരേ സ്ഥലത്തു പ്രവർത്തിച്ചേക്കാം. പ്രസംഗവേല ക്രമീകൃതമായ ഒരു വിധത്തിൽ നടത്താൻ സഭകൾക്ക് എങ്ങനെ സഹകരിച്ചുപ്രവർത്തിക്കാനാകും?—1 കൊരി. 14:33.
2. നിങ്ങളുടെ സഭയുടെ വയൽസേവന പ്രദേശം പങ്കിടുന്ന മറ്റു ഭാഷാക്കൂട്ടങ്ങളോ സഭകളോ ആയി എങ്ങനെ സഹകരിച്ചുപ്രവർത്തിക്കാം?
2 നല്ല സഹകരണം: തെരുവുസാക്ഷീകരണമോ അനൗപചാരിക സാക്ഷീകരണമോ നടത്തുമ്പോൾ അന്യഭാഷക്കാർ ഉൾപ്പെടെ ആരോടും സംസാരിക്കുകയും അവരുടെ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ നൽകുകയും ചെയ്യാവുന്നതാണ്. എന്നാൽ, വീടുതോറും സാക്ഷീകരിക്കുമ്പോൾ സാധാരണഗതിയിൽ നിങ്ങളുടെ സഭയുടെ ഭാഷ സംസാരിക്കുന്നവരോടുതന്നെ സാക്ഷീകരിക്കുന്നതാണ് ഉത്തമം. വിവിധ സഭകൾ ഒരു സ്ഥലത്തുതന്നെ പ്രവർത്തിക്കുമ്പോൾ അതു സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടത് അതിപ്രധാനമാണ്. സേവനമേൽവിചാരകന്മാർ പരസ്പരം ബന്ധപ്പെടുകയും ഉൾപ്പെട്ട സഭകൾക്കെല്ലാം സ്വീകാര്യമായ വിധങ്ങളിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. (സദൃ. 11:14) എന്നാൽ വീടുതോറുമുള്ള സാക്ഷീകരണവേളയിൽ അന്യഭാഷക്കാരെ കണ്ടുമുട്ടുകയും അടുത്തെങ്ങും ആ ഭാഷയിലുള്ള സഭകൾ ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ അവരോടു സാക്ഷീകരിക്കാനും താത്പര്യം കാണിക്കുന്നപക്ഷം തുടർന്നു സഹായിക്കാനും പ്രസാധകർ ശ്രമിക്കണം.
3. വിവിധ ഭാഷാക്കൂട്ടങ്ങളോ സഭകളോ ഒരേ വയൽസേവനപ്രദേശം പങ്കിടുമ്പോൾ എന്തു ചെയ്യണം?
3 ഒരേ വേല: വിവിധ സഭകൾ ഒരേ പ്രദേശത്തു പ്രവർത്തിക്കുന്നെങ്കിൽ എന്തു ചെയ്യണം? പ്രദേശം മാറിമാറി എങ്ങനെ പ്രവർത്തിക്കാമെന്ന് ബന്ധപ്പെട്ട സഭകളുടെ സേവന മേൽവിചാരകന്മാർ തീരുമാനിക്കും. അതിനു ചേർച്ചയിൽ പ്രദേശ മാപ്പ് കാർഡുകൾ അതതു സഭകൾക്കു നൽകുന്നതായിരിക്കും. പ്രദേശത്തിന്റെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കാൻ പ്രസാധകർ ശ്രദ്ധിക്കണം. സഭയിൽനിന്ന് പ്രദേശ മാപ്പ് കാർഡ് ലഭിക്കാത്തപക്ഷം ഒരു പ്രത്യേക പ്രദേശത്തു പ്രവർത്തിക്കുകയുമരുത്. അഭിപ്രായ ഭിന്നതകൾ മറികടക്കാൻ ക്രിസ്തീയ സ്നേഹത്തിനു കഴിയണം. പ്രദേശത്തുള്ളവരെ ആത്മീയമായി സഹായിക്കുന്നതിലായിരിക്കണം പ്രധാനമായും എല്ലാവരുടെയും താത്പര്യം. (യോഹ. 13:34, 35) പ്രദേശം എങ്ങനെ ക്രമീകൃതമായി പ്രവർത്തിച്ചുതീർക്കുമെന്നു തീരുമാനിക്കുന്നതിൽ, പ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നവർ ‘ന്യായബോധവും’ (NW) സ്നേഹവും പ്രകടമാക്കണം.—യാക്കോ. 3:17, 18.
4. ഏതു പ്രവചനം ഇന്നു നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു?
4 നാനാഭാഷക്കാർ സുവാർത്ത കേൾക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (വെളി. 14:6, 7) ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും നന്നായി സഹകരിക്കുമ്പോൾ പലരും ഒരു ഭവനത്തിൽത്തന്നെ ചെന്നുസംസാരിക്കുന്നത് ഒഴിവാക്കാനാകും. അന്യഭാഷക്കാർ ഉൾപ്പെടെ അനേകം പുതിയവരെ സുവാർത്ത അറിയിക്കാനും അതു സഹായിക്കും.—എഫെ. 4:16.