നിഷ്കളങ്കരായ ബലിയാടുകൾക്ക് ആശ്വാസം
കുട്ടികളെ ബലികൊടുക്കുന്ന ആചാരം—മനുഷ്യൻ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളിലേക്കും ഏറ്റവും അസഹ്യമായതാണ്. അത്തരം ഘോര നടപടി എന്നെങ്കിലും നടന്നിട്ടുണ്ടെന്നു ചിലർ വിശ്വസിക്കുന്നില്ല. എന്നാൽ പുരാവസ്തുപരമായ അനേകം കണ്ടെത്തലുകൾ ഫിനീഷ്യൻ ആരാധനയുടെ ഈ മുഖമുദ്രയെ സ്ഥിരീകരിച്ചിരിക്കുകയാണ്.
തനിറ്റ്, ബാൽ-ഹമോൻ എന്നിങ്ങനെയുള്ള ദേവൻമാർക്ക് കുലീന കുടുംബങ്ങളിൽനിന്നുള്ള കുട്ടികളെ അഗ്നിയിൽ ബലികഴിച്ചിരുന്നു. കാർത്തേജിൽ, ക്രൊനസിന്റെ പിച്ചള പ്രതിമക്ക് ഇളംപ്രായക്കാരെ അഗ്നിയിൽ ചുട്ടെരിച്ചു ബലികഴിച്ചിരുന്നു. കുട്ടികളുടെ ബന്ധുക്കളെ കരയാൻ അനുവദിച്ചിരുന്നില്ലെന്നു പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഡൈഡോറസ് സികലസ് പറയുന്നു. ഒരുപക്ഷേ ദുഃഖക്കണ്ണുനീർ ബലിയുടെ മൂല്യം കുറച്ചുകളയുമെന്ന് അവർ വിശ്വസിച്ചിരുന്നിരിക്കാം.
യെരുശലേമിന് അടുത്തുള്ള തോഫെത്തിൽ കുറച്ചുകാലത്തേക്കു സമാനമായൊരു ആചാരം നടപ്പിലാക്കിയിരുന്നു. മോലേക്കിന്റെ തീച്ചൂളയിലേക്ക് എറിയപ്പെടുന്ന കുട്ടിയുടെ കരച്ചിൽ കേൾക്കാതിരിക്കാൻവേണ്ടി ആരാധകർ നൃത്തം ചെയ്തു തപ്പുകൊട്ടുമായിരുന്നു.—യിരെമ്യാവു 7:31.
മറ്റുള്ളവരുടെ വേദനയ്ക്കെതിരെ നിർദയമായി മുഖംതിരിച്ചുകളയുന്നവരോടു യഹോവയ്ക്കു വലിയ രോഷമാണ്. (സദൃശവാക്യങ്ങൾ 21:13 താരതമ്യം ചെയ്യുക.) കുട്ടികളോട് അനുകമ്പ കാട്ടുന്ന ഒരു ദൈവം എന്നനിലയിൽ, യഹോവ “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാന”ത്തിൽ അത്തരം നിഷ്കളങ്കരായ ബലിയാടുകളെ തീർച്ചയായും ഉൾപ്പെടുത്തും.—പ്രവൃത്തികൾ 24:15; പുറപ്പാടു 22:22-24.