ബൈബിൾ വായിക്കേണ്ട ഒരു പുസ്തകം
ബൈബിളിനെപററിപ്പറയുമ്പോൾ വർണിക്കാൻ പലപ്പോഴും വാക്കുകൾ കിട്ടാതെ വരും. ചരിത്രം മുഴുവനും നോക്കിയാൽ വിതരണവൈപുല്യത്തിൽ ഇതിനോടടുത്ത് ഒരു പുസ്തകവും എത്തിയിട്ടില്ല. ഏററവും പഴക്കംചെന്ന, ഏററവും കൂടുതൽ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള, ഏററവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള, ഏററവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ള, ഏററവും കൂടുതൽ ആദരവു നേടിയിട്ടുള്ള പുസ്തകമാണ് ബൈബിൾ. ഒരുപക്ഷേ ഏററവും വിവാദപരമായ പുസ്തകവും ഇതുതന്നെയാകാം. നിരോധനങ്ങൾ, കത്തിക്കലുകൾ, അക്രമാസക്തമായ എതിർപ്പുകൾ എന്നിവയെല്ലാം ഏററവും കൂടുതലുണ്ടായിരുന്നിട്ടും അവയെ എല്ലാം അതിജീവിച്ച ഒരു പുസ്തകവും തീർച്ചയായും ഇതുതന്നെയാണ്. പക്ഷേ, അത്തരം വർണനകളിൽ ഒന്ന് ഇതിനു കൈമോശം വന്നിരിക്കുന്നു എന്നതു ഖേദകരമാണ്. ഇതു ലോകത്തിൽ ഏററവും വ്യാപകമായി വായിക്കപ്പെടുന്ന പുസ്തകമായിരുന്നിരിക്കാം. എന്നാൽ, അത് ഇപ്പോഴും അങ്ങനെതന്നെയാണ് എന്നു പറയാൻ വയ്യാതായിരിക്കുന്നു.
ആളുകളുടെ വീട്ടിലെവിടെയെങ്കിലും ഒരു ബൈബിൾ കണ്ടേക്കാം. പലരുടെയും ചിന്ത തങ്ങൾ തിരക്കിലാണ്, വായിക്കാൻ സമയം തീരെയില്ല എന്നൊക്കെയാണ്. പണ്ടൊക്കെ, വായന എന്നുപറഞ്ഞാൽ ആളുകൾക്ക് പൊതുവേ ഒരു ഉല്ലാസമായിരുന്നു. എന്നാൽ ഇപ്പോഴോ, മിക്കവരും ഇഷ്ടപ്പെടുന്നത് ടിവി കണ്ട് സമയം ചെലവിടാൻ, അല്ലെങ്കിൽ മറെറന്തെങ്കിലും ചെയ്യാൻ ആണ്. ഇനി, ഇപ്പോഴും കുറച്ചൊക്കെ വായിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടെങ്കിൽപ്പോലും ലഘുവായ, ആയാസരഹിതമായ എന്തെങ്കിലും വായിക്കാനാവും അവർ ഇഷ്ടപ്പെടുക. ബൈബിൾ വായിക്കുന്നതിന് ഏകാഗ്രത ആവശ്യമാണ്. മിക്കയാളുകളും വായിക്കുന്ന സംഗതികളിൽ ആഴത്തിൽ ശ്രദ്ധ പതിപ്പിക്കാറില്ല.
എന്നിരുന്നാലും, ബൈബിൾ അതിജീവിച്ചു നമ്മുടെ പക്കൽ എത്തിച്ചേർന്നിരിക്കുന്നത് നമ്മുടെ പുസ്തകഷെൽഫുകളിൽ വെറുതെയിരിക്കാനല്ല, അതു വായിക്കാനാണ് എന്നതിനു നല്ല ന്യായങ്ങളുണ്ട്. ഇതു സംബന്ധിച്ചു കുറച്ചു വസ്തുതകൾ പരിചിന്തിക്കുക.
അതു നിലനിന്നതിൽ ഒരു അതിശയവുമില്ല!
“ബൈബിൾ” എന്ന പദം ബിബ്ളിയാ എന്ന ഗ്രീക്കു പദത്തിൽനിന്ന് ഉണ്ടായതാണ്. “ചെറുപുസ്തകങ്ങൾ” എന്നാണ് അതിന്റെ അർഥം. കുറെ പുസ്തകങ്ങൾ ചേർന്നതാണ് ബൈബിൾ എന്നാണ് ഇതു നമ്മെ ഓർമിപ്പിക്കുന്നത്. പക്ഷേ, എല്ലാം അത്ര ചെറുതല്ല താനും! ആയിരത്തറുന്നൂറിലധികം വർഷം വരുന്ന ഒരു കാലയളവുകൊണ്ടാണ് അവ എഴുതപ്പെട്ടത്. എഴുത്തുകാർ മനുഷ്യരായിരുന്നു. എന്നാൽ അവർ ഒരു ഉയർന്ന ഉറവിൽനിന്നു നിശ്വസ്തരാക്കപ്പെട്ടു. ഒരു ബൈബിളെഴുത്തുകാരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: “പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ് 1:21) തിരുവെഴുത്തുപരമായ പ്രവചനങ്ങളെ സംബന്ധിച്ചു സത്യമായ ഈ സംഗതി ബൈബിളിന്റെ ശേഷംഭാഗങ്ങളെ സംബന്ധിച്ചും സത്യമാണ്. യഹോവയാം ദൈവത്തിന്റെ ഉന്നത ചിന്തകൾ നിറഞ്ഞതാണ് ദിവ്യനിശ്വസ്തമായ ഈ “ചെറുപുസ്തകങ്ങൾ.” (യെശയ്യാവു 55:9) അപ്പോൾ ബൈബിൾ ഇത്ര ദീർഘിച്ച കാലം നിലനിന്നുപോന്നതിൽ ഒരു അതിശയവുമില്ല!
ദൈവദാസൻമാർക്കു ബൈബിൾ എന്നും പരമപ്രധാനമായ ഒരു പുസ്തകംതന്നെയാണ്. ബൈബിളെഴുത്തുകാരിൽ ഒരാളായ പൗലോസിനോട് അവർ യോജിക്കുന്നു. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയ”വും “ഉപദേശത്തിന്നു . . . പ്രയോജനമുള്ളതു”മാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. (2 തിമൊഥെയൊസ് 3:16) അതുകൊണ്ട്, ഇന്നു യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനവും ബൈബിൾ തന്നെയാണ്. അത് അവരുടെ പഠിപ്പിക്കലുകൾ എന്തെന്നു നിശ്ചയിക്കുകയും അവരുടെ നടത്തയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ദൈവവചനത്തിന്റെ കുറച്ചു ഭാഗം ദിവസേന വായിച്ച് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിലമതിപ്പോടെ ധ്യാനിക്കാൻ അവർ ആത്മാർഥമായി സകലരോടും ശുപാർശ ചെയ്യുന്നു.—സങ്കീർത്തനം 1:1-3.
ബൈബിൾ വായനാ ശീലം
കഴിഞ്ഞ കാലങ്ങളിൽ തിരുവെഴുത്തുകൾ വായിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് അത് പ്രയോജനങ്ങളും കൈവരുത്തിയിരുന്നു. ന്യായപ്രമാണത്തിന്റെ കയ്യെഴുത്തുപ്രതി ഇസ്രായേൽ രാജാക്കൻമാർ സ്വന്തമായി എഴുതിയുണ്ടാക്കണമെന്ന് അവരോടു കൽപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ അത് ബൈബിളിന്റെ ഒരു പ്രധാന ഭാഗമാണ്. തങ്ങൾക്കുവേണ്ടിയുള്ള ദൈവേഷ്ടം ഇന്നതാണ് എന്ന് നിരന്തരം ഓർക്കാൻ അവർ അതു ദിവസവും വായിക്കണമായിരുന്നു. (ആവർത്തനപുസ്തകം 17:18-20) പല രാജാക്കൻമാരുടെയും പതനത്തിനു വഴിതെളിച്ചത് ഇക്കാര്യത്തിൽ അവർക്കു പററിയ വീഴ്ചയായിരുന്നു.
പ്രായംചെന്ന പ്രവാചകനായ ദാനിയേലിന്റെ കാര്യം ദൃഷ്ടാന്തമായി എടുത്താൽ തിരുവെഴുത്തുകൾ പഠിക്കുന്നതുകൊണ്ടുള്ള മൂല്യം കാണാവുന്നതാണ്. ബാബിലോനിൽ പ്രവാസത്തിലായിരുന്നപ്പോൾ ദാനിയേൽ അന്നു ലഭ്യമായിരുന്ന ബൈബിളിന്റെ ഭാഗങ്ങൾ വ്യക്തിപരമായി പഠിക്കുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് യിരെമ്യാവ് രേഖപ്പെടുത്തിയ ഒരു പ്രധാന പ്രവചനം നിവർത്തിയാകാറായി എന്ന് ‘പുസ്തകം മുഖേന വിവേചിക്കാൻ’ കഴിഞ്ഞത്.—ദാനിയേൽ 9:2, NW.
യേശുവിന്റെ ജനന സമയത്ത്, “നീതിമാനും ദൈവഭക്തനു”മായ ശിമയോൻ എന്നൊരു മനുഷ്യൻ, ക്രിസ്തു അഥവാ മിശിഹാ ആകാനുള്ളവനെ ഉറപ്പോടെ കാത്തിരിക്കുകയായിരുന്നു. ക്രിസ്തുവിനെ കാണുന്നതിനു മുമ്പ് താൻ മരിക്കില്ലെന്നു ശിമയോനു വാഗ്ദത്തം ലഭിച്ചിരുന്നു. ശിശുവായ യേശുവിനെ തന്റെ കരങ്ങളിൽ എടുത്തുകൊണ്ട് യെശയ്യാവിന്റെ പ്രവചനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം കാണിക്കുന്നത്, അന്ന് തന്റെ നാളുകളിൽ ലഭ്യമായിരുന്ന, എഴുതപ്പെട്ട ബൈബിൾപുസ്തകങ്ങൾ ശ്രദ്ധാപൂർവം വായിച്ചിരുന്ന ഒരുവനാണ് ശിമയോൻ എന്നാണ്.—ലൂക്കാ 2:25-32, പി.ഒ.സി. ബൈബിൾ; യെശയ്യാവു 42:6.
സ്നാപക യോഹന്നാൻ പ്രസംഗിച്ചുനടന്നപ്പോൾ മിശിഹായ്ക്കുവേണ്ടി “ജനം കാത്തി”രിക്കുകയായിരുന്നു. എന്താണ് ഇതു സൂചിപ്പിക്കുന്നത്? തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരുന്ന മിശിഹൈക പ്രവചനങ്ങൾ പല യഹൂദൻമാർക്കും സുപരിചിതമായിരുന്നു എന്ന്. (ലൂക്കൊസ് 3:15) ഇതു കൗതുകം പകരുന്നതാണ്. കാരണം ആ നാളുകളിൽ പുസ്തകങ്ങൾ അങ്ങനെ എളുപ്പം കിട്ടുമായിരുന്നില്ല. ബൈബിൾപുസ്തകങ്ങളുടെ പ്രതികൾ വേണമെങ്കിൽ കഷ്ടപ്പെട്ട് കൈകൊണ്ട് എഴുതി എടുക്കണമായിരുന്നു. അതുകൊണ്ടുതന്നെ, അതു ലഭിക്കാൻ ചെലവേറിയതും ദുഷ്കരവുമായ ഒരു ശ്രമം ആവശ്യമായിരുന്നു. അപ്പോൾ എങ്ങനെയായിരിക്കും ആളുകൾ അതിന്റെ ഉള്ളടക്കവുമായി പരിചിതരായത്?
പലരുടെയും കാര്യത്തിൽ അതു സാധിച്ചത് പരസ്യവായനയിലൂടെയായിരുന്നു. ഉദാഹരണത്തിന്, ഇസ്രായേൽ ജനത സമ്മേളിക്കുമ്പോൾ ദൈവം കൊടുത്ത ന്യായപ്രമാണം മുഴുവനും ചില നിശ്ചിത സമയങ്ങളിൽ വായിക്കണമെന്നു മോശ കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 31:10-13) പൊ.യു [പൊതുയുഗം] ഒന്നാം നൂററാണ്ടായതോടുകൂടി ബൈബിൾപുസ്തകങ്ങൾ പരസ്യമായി വായിക്കുന്നത് സർവത്ര വ്യാപകമായിക്കഴിഞ്ഞിരുന്നു. ശിഷ്യനായ യാക്കോബിന്റെ പരാമർശം നോക്കുക: “മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലംമുതൽ പട്ടണംതോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.”—പ്രവൃത്തികൾ 15:21.
ഇന്ന്, ബൈബിളിന്റെ ഒരു പ്രതി സ്വന്തമാക്കാൻ ഒരു പ്രയാസവുമില്ല. ലോകജനസംഖ്യയുടെ 98 ശതമാനം പേരുടെ ഭാഷകളിലും ഈ “ചെറുപുസ്തകങ്ങ”ളിൽ, കുറെയെങ്കിലും ലഭ്യമാണ്. അതിനാൽ, തങ്ങളോടു ബൈബിളിന് എന്താണു പറയാനുള്ളത് എന്നു പഠിക്കാൻ പലർക്കും താത്പര്യമില്ലാത്തത് ദുഃഖകരമായ ഒരു വസ്തുതയാണ്. ഇത് ഒരു ശാസ്ത്രയുഗമായിരിക്കാമെങ്കിലും ദൈവവചനമായ ബൈബിൾ ഇപ്പോഴും അത്യന്തം “ഉപദേശത്തിന്നു . . . പ്രയോജനമുള്ളതു ആകുന്നു.” ധാർമികത, മനുഷ്യബന്ധങ്ങൾ തുടങ്ങി മററനേകം വിഷയങ്ങളെക്കുറിച്ച് അതു ന്യായയുക്തമായ ബുദ്ധ്യുപദേശം നൽകുന്നു. അതിലുപരി, ബൈബിൾ സമാധാനപൂർണമായ ഭാവിയെക്കുറിച്ചുള്ള ഒരേ ഒരു ഉറച്ച പ്രത്യാശയും തരുന്നു.
അതു ക്രമമായി വായിക്കുക
അതുകൊണ്ട്, ബൈബിൾ ക്രമമായി വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതു യഹോവയുടെ സാക്ഷികൾ തങ്ങളുടെ വേലയുടെ ഒരു മുഖ്യഭാഗമാക്കിയിരിക്കുന്നു. ന്യൂയോർക്ക് ബ്രുക്ക്ളിനിലെ അവരുടെ ലോകാസ്ഥാന കെട്ടിടത്തിൻമേൽ തടിച്ച അക്ഷരത്തിൽ ഈ ആഹ്വാനം പ്രത്യക്ഷപ്പെടുന്നു: “ദൈവവചനമായ വിശുദ്ധ ബൈബിൾ ദിവസേന വായിക്കുക.” അതിലേ കടന്നുപോകുന്ന ലക്ഷക്കണക്കിനാളുകൾ ഈ വാക്കുകൾ കണ്ടിട്ടുണ്ട്, അനേകർ അതിനു ചെവികൊടുത്തിരിക്കുമെന്നു കരുതപ്പെടുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിലായി യഹോവയുടെ സാക്ഷികളുടെ 73,000-ത്തിലധികം വരുന്ന സഭകളിൽ ആഴ്ചതോറും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടികൾ നടത്തപ്പെടുന്നു. ബൈബിളിന്റെ തിരഞ്ഞെടുത്ത ഒരു ഭാഗത്തിന്റെ പരസ്യവായന ആ പാഠ്യപദ്ധതിയുടെ ഒരു ഭാഗമാണ്. സന്നിഹിതരാകുന്ന എല്ലാവർക്കും തങ്ങളുടെ വീട്ടിൽവെച്ചു വായിക്കാനും ബൈബിളിന്റെ ഏതാനും അധ്യായങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയുമായി ഒത്തുപോകുന്നവർ അവസാനം മുഴു ബൈബിളും വായിച്ചുതീർക്കുന്നു.
ഈ സ്കൂളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളിൽ ഒരെണ്ണവുമായുള്ള യോജിപ്പിലാണ് ഈ ക്രമീകരണം. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്ക് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ വ്യക്തിപരമായ പട്ടികയിൽ ബൈബിൾ വായിക്കുന്നതിനുതന്നെ കുറെ സമയം ഉൾപ്പെടുത്തണം. അതു പുറംചട്ടമുതൽ പുറംചട്ടവരെ മുഴുവൻ വായിക്കുന്നതിൽ വലിയ മൂല്യമുണ്ട്. . . . എന്നിരുന്നാലും, വായിക്കുന്നതിലുള്ള നിങ്ങളുടെ ലക്ഷ്യം ഒരിക്കലും വിവരങ്ങൾ വായിച്ചുതീർക്കുക എന്നതുമാത്രമായിരിക്കരുത്, പിന്നെയോ ഓർത്തിരിക്കാനുള്ള ലക്ഷ്യത്തോടെ അതിന്റെ ആകമാനമായ വീക്ഷണം കിട്ടുക എന്നതായിരിക്കണം. അതു പറയുന്നതുസംബന്ധിച്ചു ചിന്തിക്കാൻ സമയമെടുക്കുക.”
യഹോവയുടെ സാക്ഷികളുടെ മററു പ്രസിദ്ധീകരണങ്ങളും ബൈബിളിന്റെ പരസ്യവായനയെ സമാനമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഈ പത്രികയുടെ കൂട്ടുമാസികയായ ഉണരുക!തന്നെ. അതിൽ ഒരിക്കൽ വന്നതാണ് യുവജനങ്ങൾക്കുവേണ്ടിയുള്ള ഈ പ്രോത്സാഹനം: “. . . നിങ്ങൾ ബൈബിൾ മുഴുവനായി വായിച്ചിട്ടുണ്ടോ? ബൈബിൾ ഒരു വലിയ പുസ്തകമാണെന്നതു ശരിതന്നെ. എന്നാൽ എന്തുകൊണ്ട് ചെറിയ ചെറിയ ഭാഗങ്ങളായി തിരിച്ചുവായിച്ചുകൂടാ? . . . ‘ഉത്കൃഷ്ടമാനസരായ’ ബെരോവക്കാർ ‘ശ്രദ്ധാപൂർവം തിരുവെഴുത്തുകൾ ദിനമ്പ്രതി’ പരിശോധിച്ചു. (പ്രവൃത്തികൾ 17:11, NW) ദിവസേന, കേവലം 15 മിനിററ് വായിക്കാനുള്ള ഒരു പട്ടിക പിൻപററിയാൽ . . . നിങ്ങൾക്ക് ഒരു വർഷത്തിനകം ബൈബിൾ മുഴുവൻ വായിച്ചുതീർക്കാനാവും.” അതേ, പുരാതന നാളിലെ ദൈവത്തിന്റെ ദാസൻമാർ ചെയ്തതുപോലെ, ആധുനിക നാളിലെ ക്രിസ്ത്യാനികളും തിരുവെഴുത്തുകളുമായി നല്ലവണ്ണം പരിചയപ്പെടേണ്ടതാണ് എന്നു യഹോവയുടെ സാക്ഷികൾ വിചാരിക്കുന്നു.
ഇക്കാര്യം മനസ്സിൽവെച്ചുകൊണ്ട്, ബൈബിളിന്റെ പരസ്യവായനയെ ഉന്നമിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ 20-ാം നൂററാണ്ടിനു ചേരുന്ന വിധം ഇറക്കിയിട്ടുണ്ട്. അനേകം ഭാഷകളിൽ അവർ മുഴു ബൈബിളിന്റെയും വായന ഉൾക്കൊള്ളുന്ന കാസെററ് റെക്കോഡുകൾ ഇറക്കിയിരിക്കുന്നു. ചിലർക്കു ബൈബിൾ വായനയിൽ നേരിട്ടിരുന്ന പ്രതിബന്ധങ്ങൾ മറികടക്കാൻ ഇത് ഒരു നല്ല സഹായമായിരിക്കുന്നു. വീട്ടിൽ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഇതു കേൾക്കാൻ ചിലർക്കാകുന്നു. മററു ചിലർക്കാണെങ്കിൽ കാർ ഓടിക്കുമ്പോഴോ, അല്ലെങ്കിൽ മറെറന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോഴോ അതിനാവുന്നു. ബൈബിളിന്റെ ഒരു ഭാഗം, നിങ്ങളുടെ ബൈബിളിൽ നോക്കിക്കൊണ്ടിരിക്കെ അതു കേൾക്കുകകൂടി ചെയ്യുമ്പോൾ അതു തികച്ചും ഉല്ലാസകരമായ ഒരനുഭവമായിരിക്കും.
ദിവസേന ബൈബിൾ വായിക്കുന്ന ശീലം നിങ്ങൾക്കില്ലെങ്കിൽ എന്തുകൊണ്ട് അതൊരു ശീലമാക്കിക്കൂടാ? ഇതിനായി ദിവസത്തിൽ വളരെയധികം നേരമൊന്നും ചെലവിടേണ്ടതില്ല. പക്ഷേ പ്രയോജനങ്ങൾ ഗംഭീരമായിരിക്കും. കാരണം, തിരുവെഴുത്തുകളുടെ ബാധകമാക്കൽ ബുദ്ധിപൂർവം പ്രവർത്തിക്കാനും ആത്മീയമായി പ്രതിഫലദായകമായ ഒരു ജീവിതം ആസ്വദിക്കാനും നിങ്ങളെ സഹായിക്കും. പണ്ട് ഇസ്രായേല്യർ യോശുവയുടെ കീഴിലായിരുന്നപ്പോൾ അവർക്കു ലഭിച്ച കൽപ്പനയ്ക്കു ചേർച്ചയിൽ നിങ്ങൾക്കും പ്രവർത്തിക്കാനാവും: “ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു: അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും. നീ കൃതാർത്ഥനായും ഇരിക്കും.”—യോശുവ 1:8.
ബൈബിളിന്റെ താളുകൾ അനുസരണം പ്രകടമാക്കുന്ന മനുഷ്യവർഗത്തിനായുള്ള യഹോവയുടെ സ്നേഹപുരസ്സരമായ ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നു. അവിടുത്തെ വചനത്തെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം യഥാർഥ സന്തുഷ്ടിയും അന്തമില്ലാത്ത അനുഗ്രഹങ്ങൾ നിറഞ്ഞ അത്ഭുതകരമായ ഒരു പുതിയ ലോകത്തിലെ പറുദീസായിൽ നിത്യജീവൻ കിട്ടുമെന്നുള്ള പ്രത്യാശയും കൈവരുത്തുന്നു. (ലൂക്കൊസ് 23:43; 2 പത്രൊസ് 3:13) ബൈബിൾ വായിക്കാനും പഠിക്കാനും അത്ഭുതകരമായ ആ ജീവിതം എത്തിപ്പിടിക്കാനുമുള്ള ഈ അവസരം നിങ്ങൾ ഉപയോഗപ്പെടുത്തുമാറാകട്ടെ.