നിങ്ങൾ ബൈബിളിനു വിലകൽപ്പിക്കുന്നുവോ?
മേരി ജോൺസിന്റെ ജനനം ഏതാണ്ട് 200-ലധികം വർഷംമുമ്പ്, ലൻഫീയാൻഷലിൽ ആയിരുന്നു. അത് അററ്ലാൻറിക് തീരപ്രദേശത്തുനിന്നു വളരെ അകലെയല്ലാത്ത ഒരു വെയിൽസ് ഉൾഗ്രാമമായിരുന്നു. മാതാപിതാക്കൾ ദരിദ്രരായ നെയ്ത്തുകാരായിരുന്നു, ഒരു ബൈബിൾ വാങ്ങാൻപോലും നിവൃത്തിയില്ലാത്ത അത്ര ദരിദ്രർ. പക്ഷേ ബൈബിൾ കഥകൾ പറഞ്ഞും ഓർമയുള്ള തിരുവെഴുത്തുകൾ ആവർത്തിച്ചുപറഞ്ഞും അവർ മകളിൽ ദൈവത്തോടുള്ള സ്നേഹം അങ്കുരിപ്പിച്ചു. അവൾ കൂടെക്കൂടെ വായിച്ചിരുന്നത് അയൽക്കാരന്റെ കൈവശമുണ്ടായിരുന്ന വെൽഷ് ഭാഷയിലുള്ള ഒരു ബൈബിളായിരുന്നു. എങ്ങനെയും സ്വന്തമായി ഒരു ബൈബിൾ വേണം, അതിനായി തുച്ഛമായതെങ്കിലും കിട്ടുന്ന പൈസ അവൾ സൂക്ഷിക്കാൻ തുടങ്ങി.
1800-മാണ്ട്, മേരിക്ക് അപ്പോൾ 16 വയസ്സ്. 40 കിലോമീററർ അകലെയുള്ള ബാല എന്നൊരു ചെറുപട്ടണത്തിൽ വെൽഷ് ഭാഷയിലുള്ള കുറച്ചു ബൈബിളുകൾ വിൽപ്പനയ്ക്കു വെച്ചിരിക്കുന്നതായി അവൾ കേട്ടു. പേടിയൊന്നുമുണ്ടായില്ല, അവിടംവരെ നടക്കാൻതന്നെയങ്ങു തീരുമാനിച്ചു. കുന്നുകൾ കയറിയിറങ്ങിയുള്ള ആ നടത്തമാകട്ടെ കാലിൽ ചെരിപ്പുപോലുമില്ലാതെ ആയിരുന്നു. പക്ഷേ, അവൾ എത്തിയപ്പോഴേക്കും എല്ലാ പ്രതികളും വിററുതീർന്നിരുന്നു. കൂട്ടിവെച്ചിരുന്ന പണമാണെങ്കിലോ, അതു വാങ്ങാൻ ഒട്ടു തികയുമായിരുന്നുമില്ല എന്നും അവൾക്കു മനസ്സിലായി.
ബൈബിളിനോടു മേരി കാണിക്കുന്ന താത്പര്യത്തെക്കുറിച്ചു കേൾക്കാനിടയായ പ്രദേശത്തെ പാസ്ററർക്കു മനസ്സലിവു തോന്നി. അത്രയും ശ്രമങ്ങൾ നടത്തിയിട്ടും നിരാശയടയേണ്ടിവന്ന അവളുടെ കണ്ണുനീർ കണ്ട അദ്ദേഹം ദയാപുരസ്സരം തന്റെ സ്വന്തം പ്രതി അവൾക്കു കൊടുത്തു. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇതു ശ്രദ്ധാപൂർവം വായിക്കുകയും ഉത്സാഹപൂർവം പഠിക്കുകയും വേണം. വിശുദ്ധ വചനം നിധിപോലെ നിന്റെ ഓർമയിൽ സൂക്ഷിച്ച് അതിന്റെ പ്രബോധനങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യണം.”
പിന്നീട്, കമ്മിററി ഓഫ് ദ റിലിജിയസ് ട്രാക്ററ് സൊസൈററി ഓഫ് ലണ്ടൻ അതിന്റെ യോഗംകൂടിയപ്പോൾ ഈ കഥ അവിടെ അവതരിപ്പിച്ചു. അങ്ങനെ, വെയിൽസിലെ ആളുകൾക്കു മാത്രമല്ല, മുഴു ലോകത്തിനും ബൈബിൾ പരിഭാഷകൾ എത്തിക്കാനുള്ള തീരുമാനം അവിടെ വെച്ചുണ്ടായി. 19-ാം നൂററാണ്ടിലെ അനേകം ബൈബിൾ സൊസൈററികളിൽ ആദ്യത്തേതു രൂപംകൊണ്ടത് ഈ ലളിതമായ തുടക്കത്തിൽനിന്നായിരുന്നു. അതിനുശേഷം ബൈബിളിന്റെ ഇതരഭാഷാ പതിപ്പുകൾ വർധിച്ച വേഗതയിൽ, കൂടെക്കൂടെ പുറത്തിറങ്ങാൻ തുടങ്ങി.
1884-ൽ സംഘടിപ്പിക്കപ്പെട്ട വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഇന്ന് 200-ലധികം ഭാഷകളിൽ ബൈബിളും ബൈബിൾപഠന സഹായികളും അച്ചടിക്കുന്നു. ആധുനിക ഭാഷയിലുള്ള തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ 7 കോടി 20 ലക്ഷം പ്രതികളാണ് അതു ലോകവ്യാപകമായി വിതരണം ചെയ്തിരിക്കുന്നത്. എബ്രായ, ഗ്രീക്ക് എന്നീ മൂലഭാഷയിൽനിന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പുതിയലോക ഭാഷാന്തരം ഇപ്പോൾ മുഴുവനായോ ഭാഗികമായോ 18 ഭാഷകളിൽ ലഭ്യമാണ്. കൂടാതെ മററു 12 ഭാഷകളിലേക്കുകൂടി അതിന്റെ വിവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.
ഇപ്പോൾ മിക്കവാറും എല്ലാവരുടെയും എത്തുപാടിലായിക്കഴിഞ്ഞ ബൈബിളിനെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്? നിങ്ങൾ ബൈബിളിനു വിലകൽപ്പിക്കുന്നുവോ? നിങ്ങൾ നിധിപോലെ കരുതി വായിക്കുന്ന ഒരു പ്രതി നിങ്ങളുടെ പക്കലുണ്ടോ?
[3-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
മേരി ജോൺസിന്റെയും അവളുടെ ബൈബിളിന്റെയും കഥ [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽനിന്ന്