നിങ്ങൾക്കു വിലതീരാത്ത നിധികൾ കണ്ടെത്താൻ കഴിയും!
“നിങ്ങൾക്കെന്തെങ്കിലും കാണാൻ കഴിയുന്നുണ്ടോ?” ആ ധനികനായ ഇംഗ്ലീഷ്കാരൻ ചോദിച്ചു. “ഉവ്വ്, അത്ഭുതകാര്യങ്ങൾ തന്നെ,” എന്ന് ഈജിപ്ഷ്യൻ ചരിത്രഗവേഷകനായ മറെറയാൾ മറുപടി പറഞ്ഞു. വർഷം 1922 ആയിരുന്നു. ഈജിപ്ററിലെ രാജതാഴ്വരയിലുള്ള “ററൂററാങ്ഖാമെൻ” എന്ന ഫറവോന്റെ ശവകുടീരത്തിലേക്ക് ഷോവാർഡ് കാർട്ടർ എത്തിനോക്കിയതേ ഉണ്ടായിരുന്നുള്ളു. കാർട്ടറിന്റെ പിൻവരുന്ന വാക്കുകളിൽ ആശ്ചര്യം മുററിനിൽക്കുന്നു:
“എന്റെ കണ്ണുകൾ വെളിച്ചത്തോടു പൊരുത്തപ്പെട്ടു വന്നതോടെ മുറിക്കുള്ളിലെ വിശദാംശങ്ങൾ ഒരു മൂടലിൽ നിന്നെന്നപോലെ, വിചിത്ര ജന്തുക്കൾ, ബിംബങ്ങൾ, സ്വർണ്ണം എന്നിവയുടെ രൂപത്തിൽ സാവധാനം തെളിഞ്ഞുവന്നു—എവിടെയും സ്വർണ്ണത്തിളക്കം. ഒരു നിമിഷത്തേക്ക് എന്റെ അരികെ നിന്നവർക്ക് അതൊരു നിത്യതയായി തോന്നിയിരിക്കണം—ഞാനത്ഭുതസ്തബ്ധനായി പോയി . . . ഒരിക്കലും ഇതുപോലൊരു കാര്യം ഞാൻ സ്വപ്നം കാണുക കൂടി ചെയ്തിട്ടില്ല, ഒരു മുറി മുഴുവൻ—ഒരു മ്യൂസിയം നിറയെ എന്നു തോന്നിപ്പോയി—വസ്തുവകകൾ.” കാർട്ടർ സമ്മതിച്ചു പറഞ്ഞപ്രകാരം “ഒരു നിധി അന്വേഷിക്കുന്നവന്റെ . . . സംഘർഷം മുററിയ ആകാംക്ഷ” തനിക്ക് “അനുഭവപ്പെട്ടു.”
ആ കണ്ടുപിടുത്തം 3,000 വർഷങ്ങൾക്കു മുമ്പ് അടക്കം ചെയ്യപ്പെട്ട ഐതിഹാസിക നിധിശേഖരങ്ങളാണ് വെളിച്ചത്തുകൊണ്ടുവന്നത്. പക്ഷേ ഇതിനെക്കാൾ വളരെയേറെ മഹത്തരമായ ഒരു നിധി വേട്ടയിലേർപ്പെടാനാണ് ദൈവം നമ്മോടാവശ്യപ്പെടുന്നത്. അത് രത്നങ്ങളോ സ്വർണ്ണമോ വെള്ളിയോ തേടുന്നതിനേക്കാൾ വളരെയധികം പ്രതിഫലദായകമായ ഒരു അന്വേഷണമാണ്. ഇത് ദൈവിക ജ്ഞാനത്തിനുവേണ്ടിയുള്ള നിധിവേട്ടയാണ്. അതിന്റെ ഏററവും അനർഘമായ ധനങ്ങളിലൊന്ന് നിത്യജീവനാണ്.—യോഹന്നാൻ 17:3.
പ്രയത്നം അനിവാര്യം
ഒരു ഭൂഗർഭഗവേഷണമേഖല ഖനനം ചെയ്യുന്നതിന് വമ്പിച്ച പ്രയത്നം ആവശ്യമാണ്. ഒളിഞ്ഞുകിടക്കുന്നതോ അടക്കം ചെയ്യപ്പെട്ടതോ കുഴിച്ചുവെക്കപ്പെട്ടതോ ആയ നിധികൾ തേടി വന്യമേഖലകൾ കുഴിക്കുന്നതോ അപകടം പതിയിരിക്കുന്ന ജലാശയങ്ങളിൽ മുങ്ങിയിറങ്ങുന്നതോ എളുപ്പമല്ല. പക്ഷേ ആത്മാർത്ഥ താൽപ്പര്യമുള്ള നിധിയന്വേഷകർ സന്തോഷപൂർവ്വം അത്തരം പ്രയത്നം ചെയ്യുന്നു. അവർ മിക്കപ്പോഴും ഘോരമായ യാതനകൾ സഹിക്കുകയും അസാദ്ധ്യമെന്നുതോന്നുന്ന തടസ്സങ്ങളെ മറികടക്കുകയും ചെയ്യുന്നു. ആകട്ടെ, ദൈവികജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണം ഇതിനേക്കാൾ വലിയ അദ്ധ്വാനം അർഹിക്കുന്ന ഒന്നല്ലേ?
ബൈബിളും ജ്ഞാനനിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് നമ്മെ സഹായിക്കാൻ തയാറാക്കിയ സത്യക്രിസ്തീയ പ്രസിദ്ധീകരണങ്ങളും പഠിക്കാൻ ആവശ്യമായ പ്രയത്നം നാം ചെലുത്തുന്നതിലൂടെ വിലതീരാത്ത നിധികൾ നമുക്കു കണ്ടെത്താൻ കഴിയും. തുടർച്ചയായ അദ്ധ്വാനം അനുപേക്ഷണീയമാണ്. ഭൗതിക നിധികൾക്കുവേണ്ടി കുഴിക്കാൻ തുനിഞ്ഞിറങ്ങിയ നമ്മൾ ഉപരിതലത്തിൽ ഒന്നു ചുരണ്ടിയിട്ട് ശ്രമം ഉപേക്ഷിച്ചാൽ ധനികരാകയില്ല. ആത്മീയ നിക്ഷേപങ്ങൾക്കു വേണ്ടി കുഴിക്കാൻ തുടങ്ങിയിട്ട് അതിൽ തുടരുക എന്നത് ശ്രമകരമായ വേലയാണ് എന്നു കരുതി ഉടനെ നിർത്തിക്കളയുന്നതും ഇതുപോലെ തന്നെയാണ്. “ഉയരത്തിൽ നിന്നുള്ള ജ്ഞാനം, അതു പ്രാപിക്കാൻ സ്വയം അദ്ധ്വാനിക്കുന്നവർക്കുവേണ്ടിയുള്ളതാണ്. (യാക്കോബ് 3:17) ദൈവികജ്ഞാനത്തിന്റെതായ വിലതീരാത്ത നിധികൾ കണ്ടെത്തുന്നതിന് നിങ്ങൾ ആവശ്യമായ പ്രയത്നം ചെലുത്തേണ്ടതല്ലേ? (w89 3/15)
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Cover and page 3 photo: K. Scholz/H. Armstrong Roberts