മറഞ്ഞിരിക്കുന്ന നിധികൾക്കു വേണ്ടിയെന്നപോലെ അന്വേഷിച്ചുകൊണ്ടേയിരിക്കുക
ദൈവവചനമാകുന്ന ബൈബിളിൽ കാണുന്ന ജ്ഞാനരത്നങ്ങൾ എത്ര വിലതീരാത്തതാണ്! ഈ വിശേഷനിധികൾ ദിവ്യോദ്ദേശ്യം വെളിപ്പെടുത്തുകയും പുളകപ്രദമായ പ്രത്യാശകൾ നമ്മുടെ മുമ്പാകെ വെക്കുകയും ചെയ്യുന്നു. ഇവ ആശ്വാസം പകർന്നു തരികയും ദൈവത്തെ പ്രസാദിപ്പിക്കേണ്ടതെങ്ങനെയെന്നു കാട്ടിത്തരികയും ചെയ്യുന്നു. (റോമർ 15:4) മററുള്ളവരോടുള്ള ഇടപെടലുകളിൽ ജ്ഞാനപൂർവ്വം പെരുമാറാൻ ഈ രത്നങ്ങൾ നമ്മെ സഹായിക്കുകയും ചെയ്യുന്നു. തീർച്ചയായും, ദൈവത്തിൽനിന്നുള്ള ജ്ഞാനം സംതൃപ്തിയോടും സന്തുഷ്ടിയോടും കൂടെ, ജീവന്റെ പാതയിൽ നടക്കുവാൻ നമ്മെ സഹായിക്കുന്നു.—സങ്കീർത്തനം 16:11; 119:105.
ജ്ഞാനത്തിന്റെ പ്രയോജനങ്ങൾ നിരവധി ആയിരിക്കെ നാം അതിനെ ഉന്നതമായി മതിക്കേണ്ടതാണ്. ജ്ഞാനത്തിന്റെ മൂർത്തിമൽഭാവം, “എന്റെ അധരമൊഴികൾ എല്ലാം നീതിയിലുള്ളവയല്ലോ” എന്നു പറയുന്നു. “കോട്ടമോ വക്രതയോ ഉള്ളതായി അവയിൽ ഒന്നുമില്ല. അവയെല്ലാം വിവേചനയുള്ളവനു നേരുള്ളതും ജ്ഞാനം കണ്ടെത്തുന്നവന് പരമാർത്ഥതയുള്ളതും ആയിരിക്കും. വെള്ളിയല്ല എന്റെ ശിക്ഷണം അത്രേ കൈക്കൊള്ളുവിൻ, വിശിഷ്ട സ്വർണ്ണത്തെക്കാൾ ജ്ഞാനവും തന്നെ. എന്തുകൊണ്ടെന്നാൽ ജ്ഞാനം മുത്തുകളിലും ശ്രേഷ്ഠമല്ലോ. മററു സകല പ്രമോദങ്ങൾക്കു തന്നെയും അതിനോടു തുല്യം നിൽക്കാൻ കഴിയുകയില്ല.”—സദൃശവാക്യങ്ങൾ 8:8-11.
എന്തുകൊണ്ട് അന്വേഷിച്ചുകൊണ്ടിരിക്കണം?
ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾക്കോ സ്വർണ്ണത്തിനോ വെള്ളിക്കോ വേണ്ടിയുള്ള അന്വേഷണം പലപ്പോഴും വ്യർത്ഥമായിത്തീരാറാണുള്ളത്. പക്ഷേ ദൈവിക ജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണത്തെ സംബന്ധിച്ച് ഇതു സത്യമാകണമെന്നില്ല. ഈ അന്വേഷണത്തിൽ നമുക്കെങ്ങനെ വിജയം കൈവരിക്കാം? കൊള്ളാം, നാം ഈ നിധിയെ എത്ര തീവ്രമായി ആഗ്രഹിക്കുന്നു എന്നതിനെയും ഇതു കണ്ടെത്താൻ നാം എത്ര കഠിനമായി അദ്ധ്വാനിക്കും എന്നതിനെയും ആശ്രയിച്ചാണ് വിജയം ഇരിക്കുന്നത്. അതിന്റെ യഥാർത്ഥ മൂല്യം നാം തിരിച്ചറിയുന്നെങ്കിൽ മറെറല്ലാ വിശിഷ്ടവസ്തുക്കളെക്കാളും അതിനെ നാം വിലമതിക്കും. ഏതായാലും, “ജ്ഞാനം ലഭിക്കുന്നത് സ്വർണ്ണത്തെക്കാളെത്രയോ മെച്ചമാണ്! ഗ്രാഹ്യം ലഭിക്കുന്നത് വെള്ളിയെക്കാളേറെയായി തെരഞ്ഞെടുക്കേണ്ടതുമല്ലോ.”—സദൃശവാക്യങ്ങൾ 16:16.
സദൃശവാക്യങ്ങൾ 2:1-6 ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “എന്റെ മകനെ വിവേചനക്കായി നിന്റെ ഹൃദയം ചായ്ക്കത്തക്കവണ്ണം ജ്ഞാനത്തിന് ചെവികൊടുക്കുന്നതിന് നീ എന്റെ വചനങ്ങൾ കൈക്കൊണ്ട് എന്റെ സ്വന്തം കൽപ്പനകൾ നിക്ഷേപങ്ങളായി നിന്നിൽതന്നെ കാത്താൽ; കൂടാതെ ഗ്രാഹ്യത്തിനുവേണ്ടി വിളിച്ച് വിവേചനക്കുവേണ്ടി ശബ്ദിച്ചാൽ, നീ അതിനെ വെള്ളിക്കുവേണ്ടിയെന്നപോലെ തേടിക്കൊണ്ടിരിക്കയും മറഞ്ഞിരിക്കുന്ന നിധികൾക്കുവേണ്ടിയെന്നപോലെ അതിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കയും ചെയ്യുന്നുവെങ്കിൽ നീ യഹോവാഭയം ഗ്രഹിക്കുകയും ദൈവികജ്ഞാനം തന്നെ കണ്ടെത്തുകയും ചെയ്യും. എന്തെന്നാൽ യഹോവയല്ലോ ജ്ഞാനം നൽകുന്നത്; അവന്റെ അധരത്തിൽ നിന്നുള്ളവയല്ലോ പരിജ്ഞാനവും വിവേചനയും.”
മണ്ണിൽ ആഴ്ന്നുകിടക്കുന്ന നിധികൾ മറഞ്ഞിരിക്കെ അവക്കായി അന്വേഷിക്കേണ്ടതാവശ്യമാണ്. കുഴിക്കുമ്പോൾ ചിലർ ഉല്ലാസവേളകളും ഊണും ഉറക്കവും ഉപേക്ഷിച്ചേക്കാം. പക്ഷേ നിധി കണ്ടെത്തിക്കഴിയുമ്പോൾ അത്തരം അദ്ധ്വാനം വേണ്ടതു തന്നെയായിരുന്നുവെന്ന് മതിക്കാൻ ഇടയാകും. ദൈവത്തിന്റെ ജ്ഞാനം തേടുന്നതിന് ഇതുപോലുള്ള ത്യാഗങ്ങൾ നാം ചെയ്യേണ്ടതുണ്ട്. ആഴ്ന്നു കിടക്കുന്ന നിധികൾക്കുവേണ്ടി അന്വേഷിക്കുമ്പോൾ കഠിനമായ ഖനനം ആവശ്യമായിരിക്കുന്നതുപോലെ ജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണത്തിനും സ്ഥിരോൽസാഹം ആവശ്യമാണ്. ബൈബിളിന്റെയും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെയും ഉപരിതലപഠനം മാത്രം പോരാ. ആത്മീയരത്നങ്ങൾ കണ്ടെത്തുന്നതിന് സമയവും ഗവേഷണവും ധ്യാനവും ആവശ്യമാണ്. പക്ഷേ, തിരുവെഴുത്തുകളിലേക്കുള്ള ഉൾക്കാഴ്ച നാം നേടുമ്പോൾ അതെന്തൊരാനന്ദമായിരിക്കും!—നെഹമ്യാവ് 8:13.
വിജയകരമായ നിധിവേട്ട
അതെ, ദൈവവചനം കുഴിച്ചുനോക്കി ജ്ഞാനരത്നങ്ങൾ കണ്ടെത്തുന്നത് സന്തുഷ്ടി പകർന്നു തരുന്നു. (സദൃശവാക്യങ്ങൾ 3:13-18) നമ്മൾ ഒരു നല്ല വ്യക്തിപരമായ അല്ലെങ്കിൽ കുടുംബ ഗ്രന്ഥശേഖരം ഒരുക്കുന്നത് ആ ലക്ഷ്യത്തിൽ ജ്ഞാനപൂർവ്വകമാണ്. പക്ഷേ അതിൽ എന്തെല്ലാം ഉണ്ടായിരിക്കണം? ഒരു നല്ല നിഘണ്ടുവോടൊപ്പം തിരുവെഴുത്തുകളുടെ നിരവധി പരിഭാഷകളും വീക്ഷാഗോപുരത്തിന്റെയും അതിന്റെ കൂട്ടുമാസികയായ ഉണരുക!യുടെയും ഓരോ വർഷത്തെയും പ്രതികൾ ഉൾപ്പെടുന്ന ക്രിസ്തീയ ബൈബിൾ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരിക്കുന്നത് യഹോവയുടെ സാക്ഷികൾ സഹായകരമായി കണ്ടെത്തിയിരിക്കുന്നു. നമ്മെ നിധിതേടുന്നവരെന്നനിലയിൽ ഒരു ഗ്രന്ഥശേഖരം സഹായിക്കണമെങ്കിൽ തീർച്ചയായും ആ ഗ്രന്ഥശേഖരം ഉചിതമായിതന്നെ ഉപയോഗിക്കപ്പെടണം.
ജ്ഞാനത്തിനുവേണ്ടിയുള്ള നമ്മുടെ അന്വേഷണത്തിൽ വിഷയവും തിരുവെഴുത്തുഭാഗങ്ങളും പരിശോധിക്കുന്നതിന് വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികയോ വാച്ച്ററവർ സൊസൈററിയുടെ പുസ്തകങ്ങളുടെയോ മാസികാ വാല്യങ്ങളുടെയോ പിൻഭാഗത്തു കാണിച്ചിരിക്കുന്ന സൂചികകളോ നമുക്ക് പരിശോധിക്കാവുന്നതാണ്. ദൈവികജ്ഞാനം തേടുന്നതിനുള്ള അടിസ്ഥാന പണിയായുധങ്ങൾ ഇവയാണ്. യഥാർത്ഥത്തിൽ ദൈവികജ്ഞാനത്തിന്റെ “ഒളിഞ്ഞുകിടക്കുന്ന നിധി”കളിലേക്ക് നമ്മെ നയിക്കുന്ന ഒരു മാപ്പുപോലെയാണത്. (സദൃശവാക്യങ്ങൾ 2:4) ഗവേഷണത്തിനാവശ്യമായ ചില പ്രസിദ്ധീകരണങ്ങൾ നമ്മുടെ പക്കൽ ഇല്ലെങ്കിൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹോളിൽ അതു ലഭ്യമായേക്കും.
വിജയകരമായ നിധി-അന്വേഷണം ഇപ്പോൾ നമുക്കൊന്നു ദൃഷ്ടാന്തീകരിച്ചു കാണാം. നാം ബൈബിൾ വായിക്കുമ്പോൾ യേശുവിനെ ഒററിക്കൊടുത്ത ശേഷം യൂദാ ഇസ്ക്കര്യോത്താ എങ്ങനെ മരിച്ചു എന്നതു സംബന്ധിച്ച് അത്ഭുതപ്പെട്ടേക്കാം. മത്തായി 27:5 പറയുന്നത് യൂദാ “പോയി തൂങ്ങി മരിച്ചു” എന്നാണ്. പക്ഷേ പ്രവൃത്തി 1:18 ഇങ്ങനെ പറയുന്നു: “തലകീഴായി വീണ് നടുവെ പിളർന്ന് അവന്റെ കുടലെല്ലാം തുറിച്ചുപോയി.” ആ സ്ഥിതിക്ക് യൂദാ മരിച്ചത് എങ്ങനെയായിരുന്നു? തിരുവെഴുത്തുകളുടെ ഉൾക്കാഴ്ച എന്ന പ്രസിദ്ധീകരണത്തിന്റെ “തിരുവെഴുത്തു സൂചിക”യിൽ ഈ വാക്യങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നത് എവിടെയെന്നു പരിശോധിക്കുക വഴി ഒരുത്തരം കണ്ടുപിടിക്കാൻ കഴിയും. അതു നമ്മോടിങ്ങനെ പറയുന്നു: “മത്തായി ആത്മഹത്യാശ്രമത്തിന്റെ വിധം സൂചിപ്പിക്കുമ്പോൾ പ്രവൃത്തികൾ അതിന്റെ ഫലം വർണ്ണിക്കുന്നു. ഈ രണ്ടു വൃത്താന്തങ്ങളും കൂട്ടിയിണക്കുമ്പോൾ യൂദാ ഏതോ മലഞ്ചരുവിനടുത്ത് തൂങ്ങിമരിക്കാൻ ശ്രമിച്ചുവെങ്കിലും കയറോ വൃക്ഷശിഖരമോ പൊട്ടിയിട്ട് അവൻ, കുത്തനെ, താഴെയുള്ള പാറപ്പുറത്തുവീണ് ശരീരം പിളർന്നു മരിച്ചു എന്ന് നിർണ്ണയിക്കാൻ കഴിയുന്നു. യരൂശലേമിനു ചുററുപാടുമുള്ള കൽപ്രദേശങ്ങൾ ഇത്തരം ഒരു സംഭവം അനുമാനയോഗ്യമാക്കിത്തീർക്കുന്നു.” (വാല്യം 2, പേജ് 130)
ബൈബിൾ വാക്യങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിന് സൂചികകൾ നമ്മെ സഹായിക്കുന്നു. തീർച്ചയായും ഒരു തിരുവെഴുത്തുഭാഗം ചർച്ചചെയ്യുമ്പോൾ നാം അതിന്റെ പശ്ചാത്തലവും കൂടെ കുറിക്കൊള്ളേണ്ടതുണ്ട്. ദൃഷ്ടാന്തത്തിന് നമുക്ക് സങ്കീർത്തനം 144:12-14 വരെ കാണാം. ചിലയാളുകൾ ഇങ്ങനെ പറയുന്നതായി ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു: ‘ഞങ്ങളുടെ പുത്രൻമാർ തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമന ശൈലിയിൽ കൊത്തിയുണ്ടാക്കിയ കോണുകൾ പോലെയും ഞങ്ങളുടെ കളപ്പുരകൾ നിറഞ്ഞവയും ഞങ്ങളുടെ ആട്ടിൻപററങ്ങൾ ആയിരമായിരമായി പെരുകുന്നവയും ഞങ്ങളുടെ കാളകൾ ചുമടുവാഹികളും ഭ്രൂണക്ഷതമില്ലാത്തവയും അല്ലോ.’ ഈ വാക്കുകൾ ദൈവജനത്തിനു ബാധകമാകുന്നുവെന്ന് കരുതിയേക്കാം. പക്ഷേ അതിന്റെ പശ്ചാത്തലം കാണിക്കുന്നത് അങ്ങനെയല്ല എന്നാണ്. 11-ാം വാക്യത്തിൽ അസത്യഭാഷികളിൽ നിന്നുള്ള വിടുതലിനുവേണ്ടി സങ്കീർത്തനക്കാരനായ ദാവീദ് അഭ്യർത്ഥിക്കുന്നു. അവർ തങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും ആടുകളെയും മാടുകളെയും സംബന്ധിച്ച് ഊററം കൊണ്ടിരുന്നു. 15-ാം വാക്യം അനുസരിച്ച് ആ ദോഷികൾ ഇങ്ങനെ പറഞ്ഞു: “ഈ സ്ഥിതിയിലിരിക്കുന്ന ജനം സന്തുഷ്ടരത്രേ!” ഇതിനു വിപരീതമായി ദാവീദു പക്ഷേ ഇങ്ങനെയാണ് ഉദ്ധരിച്ചു പറഞ്ഞത്: “യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ!”
ആത്മീയരത്നങ്ങൾ സമൃദ്ധം!
ജ്ഞാനത്തിനുവേണ്ടിയുള്ള വിജയകരമായ അന്വേഷണങ്ങളിൽ നിന്ന് സുനിശ്ചിതമായും സന്തുഷ്ടിയുളവാകുന്നു. ഗവേഷണത്തിലൂടെ കണ്ടെത്താൻ കഴിയുന്ന ആത്മീയ രന്തങ്ങളിൽ ബൈബിൾ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. നാം അന്വേഷിച്ചുകൊണ്ടേയിരിക്കുന്നുവെങ്കിൽ എന്തെല്ലാം ഉത്തരങ്ങളാണ് നമുക്കു കണ്ടെത്താനാവുക! ദൃഷ്ടാന്തത്തിന് കയീനു തന്റെ ഭാര്യയെ എവിടെ നിന്നു ലഭിച്ചു? വാച്ച്ടവർ (ഒക്ടോബർ 1, 1981) പറഞ്ഞു: “ആദാമിനും ഹവ്വാക്കും രണ്ടല്ല [കയീൻ, ഹാബേൽ] അനവധി മക്കൾ ഉണ്ടായിരുന്നുവെന്ന് ബൈബിൾ നമ്മോടു പറയുന്നു: ‘ശേത്തിനെ [മറെറാരു മകൻ] ജനിപ്പിച്ചശേഷം’ ആദാമിന്റെ ആയുഷ്ക്കാലം എണ്ണൂറ് സംവൽസരങ്ങൾ ആയിരുന്നു. അക്കാലത്ത് അവൻ പുത്രൻമാർക്കും പുത്രിമാർക്കും പിതാവായിത്തീർന്നു.’ (ഉൽപ്പത്തി 5:4) ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കയീനു ഭാര്യയെ ലഭിച്ചത് എവിടെ നിന്നായിരിക്കും എന്നാണ് നിങ്ങൾ പറയുക? ഉവ്വ്, അവൻ തന്റെ സഹോദരിമാരിലൊരാളെ വിവാഹം ചെയ്തിരിക്കണം. ഇന്ന് അത്തരത്തിൽ അടുത്ത രക്തബന്ധമുള്ള മാതാപിതാക്കൾക്ക് കുട്ടികൾ ജനിച്ചാൽ അതവർക്ക് അപകടം വരുത്തിയേക്കാം. പക്ഷേ മാനുഷചരിത്രത്തിന്റെ പ്രാരംഭത്തിൽ മനുഷ്യവർഗ്ഗം പൂർണ്ണതയോടു വളരെയടുത്തായിരുന്ന കാലത്ത് ഇതൊരു പ്രശ്നമായിരുന്നില്ല.”
സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകം നാം വായിക്കുകയാണെന്നു സങ്കൽപ്പിക്കുക. സദൃശവാക്യങ്ങൾ 1:7ൽ പറഞ്ഞിരിക്കുന്നതു കുറിക്കൊള്ളുമ്പോൾ ഇങ്ങനെ നാം ആശ്ചര്യപ്പെട്ടേക്കാം: ‘“യഹോവാഭയം” എന്താണ്?’ ഗവേഷണം നമ്മെ മെയ് 15, 1987ലെ വാച്ച്ററവറിൽ കൊണ്ടെത്തിക്കും. അതിങ്ങനെ പറഞ്ഞു: “അത് ഭയം, അഗാധമായ ആദരവ്, കൂടാതെ അവന്റെ സ്നേഹദയയും നൻമയും നാം വിലമതിക്കുന്നതുമൂലം അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യകരമായ പേടി എന്നിവയാണ്. തന്നെ അനുസരിക്കാതിരിക്കുന്നവരുടെമേൽ ശിക്ഷയോ മരണമോ വരുത്തുന്നതിനുള്ള അധികാരവും ശക്തിയുമുള്ള അത്യുന്നതന്യായാധിപതിയും സർവ്വശക്തനുമാണവൻ എന്ന് അംഗീകരിക്കുക എന്നതാണ് ‘യഹോവാഭയ’ത്തിന്റെ അർത്ഥം. അതിന്റെ അർത്ഥം യഹോവയെ വിശ്വസ്തമായി സേവിക്കുക, അവനിൽ സമ്പൂർണ്ണമായി ആശ്രയിക്കുക, അവന്റെ ദൃഷ്ടിയിൽ തിൻമയായതിനെ വെറുക്കുക എന്നും കൂടെയാണ്.
അന്വേഷിച്ചുകൊണ്ടേയിരിക്കുക!
ആത്മാർത്ഥമായി ജ്ഞാനം അന്വേഷിക്കുന്നവരെ വിലതീരാത്ത ആത്മീയരത്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനാണ് വീക്ഷാഗോപുരം പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. നമുക്കെല്ലാവർക്കും ദൈവവചനത്തിന്റെ ജ്ഞാനവും ഗ്രാഹ്യവും ആവശ്യമാണ്. സദൃശവാക്യങ്ങൾ 4:7, 8 ഇങ്ങനെ പറയുന്നു: “ജ്ഞാനമത്രേ പ്രധാനകാര്യം, ജ്ഞാനം നേടുക; സമ്പാദിക്കുന്ന സർവ്വസ്വവും കൊണ്ട് ഗ്രാഹ്യം നേടുക. അതിനെ ഉന്നതമായി ആദരിക്കുക. അത് നിന്നെ ഉയർത്തും. നീ അതിനെ ആശ്ലേഷിക്കുന്നതുകൊണ്ട് അതു നിന്നെ മഹത്വപ്പെടുത്തും.”
തിരുവെഴുത്തുകളുടെ ഉൾക്കാഴ്ച നേടുന്നതിലൂടെയും ജ്ഞാനം നേരായി ഉപയോഗിക്കുന്നതിലൂടെയും മാത്രമേ നമുക്ക് യഥാർത്ഥ സന്തുഷ്ടി കണ്ടെത്താൻ കഴിയുകയുള്ളു. അതെ, ദൈവികജ്ഞാനം പ്രകടമാക്കുന്നതിലൂടെ മാത്രമെ നമുക്ക് യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയൂ. അതുകൊണ്ട് മറഞ്ഞിരിക്കുന്ന നിധികൾക്കുവേണ്ടിയെന്നതുപോലെ ജ്ഞാനത്തിനുവേണ്ടി അന്വേഷിക്കുന്നതിൽ നിന്ന് യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ. (w89 3/15)
[4, 5 പേജുകളിലെ ചിത്രങ്ങൾ]
ആഴ്ന്നു കിടക്കുന്ന നിധികൾക്കുവേണ്ടിയുള്ള അന്വേഷണം കഠിനമായ ഖനനം ആവശ്യമാക്കുന്നു. ദൈവികജ്ഞാനത്തിനുവേണ്ടിയുള്ള നമ്മുടെ അന്വേഷണത്തിൽ നാം സ്ഥിരോത്സാഹികളായിരിക്കേണ്ടതല്ലേ?