സ്നാപനമേൽക്കുന്നതിൽനിന്ന് നിങ്ങളെ തടയുന്നതെന്ത്?
“നോക്കു! ഒരു ജലാശയം; സ്നാപന മേൽക്കുന്നതിൽനിന്ന് എന്നെ തടയുന്നതെന്ത്?”—പ്രവൃത്തികൾ 8:36.
1. യരുശലേമിനും ഗസ്സെക്കുമിടക്കുള്ള വഴിയിൽ എന്തു സംഭവിച്ചുകൊണ്ടിരുന്നു?
യഹോവയുടെ ദൂതൻ സംസാരിച്ചിരുന്നു, ശ്രദ്ധേയമായ ഒന്ന് യരൂശലേമിനും ഗസ്സെക്കുമിടക്കുള്ള മരുപ്രദേശപാതയിൽ സംഭവിക്കയായിരുന്നു. നീങ്ങിക്കൊണ്ടിരുന്ന ഒരു തേരിലിരുന്ന് ഒരു എത്യോപ്യൻ തിരുവെഴുത്തുകൾ വായിക്കുകയായിരുന്നു. പെട്ടെന്ന് മറെറാരു മനുഷ്യൻ ആ വാഹനത്തോടൊപ്പം ഓടിക്കൊണ്ടിരുന്നു. “നിങ്ങൾ വായിക്കുന്നത് നിങ്ങൾക്ക് യഥാർത്ഥത്തിൽ അറിയാമോ?” എന്ന് അയാൾ ചോദിച്ചു. “ആരെങ്കിലും എന്നെ വഴികാട്ടാത്ത പക്ഷം എനിക്ക് യഥാർത്ഥത്തിൽ എങ്ങനെ അറിയാൻ കഴിയും?” എന്ന് എത്യോപ്യൻ പ്രതിവചിച്ചു. ദൂതൻ അയച്ചിരുന്ന സുവിശേഷകനായ ഫിലിപ്പോസ് ആ മാർഗ്ഗനിർദ്ദേശം കൊടുത്തു. തേരിൽ കയറിയ ശേഷം ഫിലിപ്പോസ് യെശയ്യായാൽ എഴുതപ്പെട്ട ഒരു പ്രവചനത്തിൽ തുടങ്ങുകയും “യേശുവിനെക്കുറിച്ചുള്ള സുവാർത്ത” പ്രഖ്യാപിക്കുകയും ചെയ്തു.
2, 3. (എ) എത്യോപ്യൻ സുവാർത്തയോട് എങ്ങനെ പ്രതിവർത്തിച്ചു? (ബി) ഈ സംഭവം ഏത് ചോദ്യങ്ങൾ ഉയർത്തുന്നു?
2 റോഡിൽ ഒരു ഘട്ടത്തിൽ: “നോക്കു! ഒരു ജലാശയം; സ്നാപനമേൽക്കുന്നതിൽ നിന്ന് എന്നെ തടയുന്നതെന്ത്?” എന്ന് എത്യോപ്യൻ ഉദ്ഘോഷിച്ചു. അതിങ്കൽ തേർ നിർത്താൻ അവൻ കൽപ്പിച്ചു. ഇരുവരും വെള്ളത്തിലിറങ്ങുകയും ഫിലിപ്പോസ് അയാളെ സ്നാപനപ്പെടുത്തുകയും ചെയ്തു. പിന്നീട് യഹോവയുടെ ആത്മാവ് സുവിശേഷകനെ മറെറാരിടത്തേക്ക് നയിച്ചു, എത്യോപ്യൻ സന്തോഷിച്ചുകൊണ്ട് തന്റെ വഴിക്ക് പോവുകയും ചെയ്തു.—പ്രവൃത്തികൾ 8:26-39.
3 നിങ്ങൾ യഹോവയുടെ സാക്ഷികളോട് സഹവസിക്കുന്നുണ്ടെങ്കിലും സ്നാപനമേററിട്ടില്ലെങ്കിൽ ഈ സംഭവങ്ങൾ: എത്യോപ്യൻ ഇത്ര പെട്ടെന്ന് സ്നാപനമേററതെന്തുകൊണ്ട്? സ്നാപനം നിർവ്വഹിക്കേണ്ടതെങ്ങനെ? അത് എന്തിന്റെ പ്രതീകമാണ്? സ്നാപനമേൽക്കുന്നതിൽ നിന്ന് എന്നെ തടയുന്നതെന്ത്? എന്നിങ്ങനെ ചോദിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.
വളരെ പെട്ടെന്ന് സ്നാപനപ്പെടുത്തിയില്ല
4. ഈ എത്യോപ്യൻ ആരായിരുന്നു?
4 എത്യോപ്യൻ “ആരാധിക്കാൻ യരൂശലേമിലേക്ക് പോയിരുന്നതുകൊണ്ട് അയാൾ പരിച്ഛേദനയേററ ഒരു യഹൂദ മതാനുസാരിയായിരുന്നു. അയാൾ ഒരു “ഷണ്ഡൻ” ആയിരുന്നു, എന്നാൽ ഒരു ജഡികാർത്ഥത്തിലല്ല; എന്തുകൊണ്ടെന്നാൽ ലൈംഗികമായി വിച്ഛേദിക്കപ്പെട്ട പുരുഷൻമാർ യിസ്രായേല്യ സഭയിൽ നിന്ന് മാററി നിർത്തപ്പെട്ടിരുന്നു. (ആവർത്തനം 23:1) അയാളുടെ കാര്യത്തിൽ “ഷണ്ഡൻ” എന്നത് ഒരു ഉദ്യോഗസ്ഥനെ അർത്ഥമാക്കി, എന്തുകൊണ്ടെന്നാൽ അയാൾ ‘എത്യോപ്യക്കാരുടെ കന്ദക്ക രാജ്ഞിയുടെ കീഴിൽ അധികാരമുള്ള ഒരു മനുഷ്യനും അവളുടെ സകല നിക്ഷേപത്തിനും വിചാരകനുമായിരുന്നു.’—പ്രവൃത്തികൾ 8:27.
5. എത്യോപ്യൻ ഷണ്ഡനെ അത്ര പെട്ടെന്ന് സ്നാപനപ്പെടുത്താൻ കഴിയുമായിരുന്നതെന്തുകൊണ്ട്?
5 എത്യോപ്യക്കാരൻ ജനതകളിലെ ഒരു മനുഷ്യനായിരുന്നു. എന്നിരുന്നാലും അയാൾ യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നതുകൊണ്ട് ക്രി. വ. 36-ൽ കൊർന്നേല്യൊസിനെപ്പോലെയുള്ള പരിച്ഛേദനയേൽക്കാത്ത വിജാതിയരിലേക്ക് രാജ്യസന്ദേശം എത്തുന്നതിനു മുമ്പ് ക്രിസ്തുവിന്റെ ഒരു ശിഷ്യനായി അയാളെ സ്നാപനപ്പെടുത്താൻ കഴിയുമായിരുന്നു. എത്യോപ്യന് ആത്മീയ സഹായം ആവശ്യമായിരുന്നെങ്കിലും, ഒരു യഹൂദമതാനുസാരിയെന്ന നിലയിൽ അയാൾക്ക് ദൈവത്തെയും അവന്റെ വചനത്തെയും കുറിച്ച് അറിവുണ്ടായിരുന്നു. അതുകൊണ്ട്, ഈ മനുഷ്യനോട് പ്രസംഗിക്കാൻ ഫിലിപ്പോസ് നയിക്കപ്പെട്ടു. സുവാർത്ത വിജാതീയരിലേക്ക് എത്തുന്നതിനുമുമ്പ് അയാളെ അവനു സ്നാനപ്പെടുത്താൻ കഴിയുമായിരുന്നു.
ആദിമ ക്രിസ്തീയ സ്നാപനം
6. എത്യോപ്യനെ സ്നാപനപ്പെടുത്തിയതെങ്ങനെ, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്?
6 എത്യോപ്യനെ സ്നാപനപ്പെടുത്തിയതെങ്ങനെയായിരുന്നു? ബാപ്റൈറസോ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് “ബാപ്റൈറസ്” എന്ന ഇംഗ്ലീഷ് പദം വരുന്നത്. അതിന്റെ അർത്ഥം “മുക്കുക, ആഴ്ത്തുക” എന്നാണ്. ഗ്രീക്ക് സെപ്ററവജിൻറിൽ 2 രാജാക്കൻമാർ 5:14-ൽ “മുങ്ങുക” എന്നതിന് ഇതേ പദത്തിന്റെ ഒരു രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. എത്യോപ്യനും ഫിലിപ്പോസും ഒരു “ജലാശയ”ത്തിങ്കൽ വന്നപ്പോഴാണ് സ്നാപനത്തിനപേക്ഷിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്. സ്നാപനത്തിനുവേണ്ടി അവർ “വെള്ളത്തിനടിയിലേക്ക് പോയി,” പിന്നീട് അതിൽനിന്ന് “പുറത്തു”വന്നു. (പ്രവൃത്തികൾ 8:36-39) അതുകൊണ്ട് എത്യോപ്യൻ ഷണ്ഡനെ വെള്ളത്തിലാഴ്ത്തിയാണ് സ്നാപനപ്പെടുത്തിയത്.
7. ജലനിമജ്ജനത്താലുള്ള സ്നാപനത്തിന് ഏത് മുൻവഴക്കമുണ്ടായിരുന്നു?
7 യേശുതന്നെ ജലനിമജ്ജനത്തിന് വിധേയമായതിനാലാണ് സ്നാപനം കഴിപ്പിക്കപ്പെട്ടത്. അങ്ങനെ യോർദ്ദാൻ നദിയിലെ അവന്റെ സ്നാപനശേഷം അവൻ “വെള്ളത്തിൽ നിന്ന് പൊങ്ങിവന്നു” എന്ന് പറയപ്പെട്ടിരിക്കുന്നു. (മത്തായി 3:13, 16) യഥാർത്ഥത്തിൽ സ്നാപനങ്ങൾ നടത്താനുള്ള ഒരു പററിയ സ്ഥലമെന്ന നിലയിൽ യോഹന്നാൻ സ്നാപകൻ സലീമിനടുത്തുള്ള യോർദ്ദാൻ താഴ്വരയിലെ ഒരു സ്ഥലം തെരഞ്ഞെടുത്തിരുന്നു. എന്തുകൊണ്ട്? “എന്തുകൊണ്ടെന്നാൽ അവിടെ വളരെയധികം വെള്ളമുണ്ടായിരുന്നു.” (യോഹന്നാൻ 3:23) അതുകൊണ്ട് തിരുവെഴുത്തുകൾ ഒരു ജലാശയത്തിലെ സ്നാപനത്തിനാണ് അധികാരപ്പെടുത്തുന്നത്.
8. സ്നാപനം സംബന്ധിച്ച് പരീശൻമാരുടെയും മററ് യഹൂദൻമാരുടെയും ആചാരങ്ങളിൽ നിന്ന് നമുക്ക് എന്ത് നിഗമനം ചെയ്യാൻ കഴിയും?
8 നാം പരീശൻമാരുടെയും മററ് യഹൂദൻമാരുടെയും ആചാരങ്ങൾ പരിചിന്തിക്കുന്നുവെങ്കിൽ നമുക്ക് സാരവത്തായ ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയും. സുവിശേഷ എഴുത്തുകാരനായ മർക്കോസ് ഇങ്ങനെ പറഞ്ഞു: “ചന്തയിൽ നിന്ന് മടങ്ങിവരുമ്പോൾ അവർ തങ്ങളെത്തന്നെ തളിച്ച് [ഗ്രീക്ക്, റാൻറിസോ] ശുദ്ധിയാക്കാത്തപക്ഷം ഭക്ഷിക്കുന്നില്ല; അവർ മുറുകെപ്പിടിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മററനേകം പാരമ്പര്യങ്ങളുണ്ട്, പാനപാത്രങ്ങളുടെയും കുടങ്ങളുടെയും ചെമ്പുപാത്രങ്ങളുടെയും സ്നാപനങ്ങൾ [ബാപ്ററസ്മോസ്].” (മർക്കോസ് 7:3, 4) ഈ മനുഷ്യർ ചന്തയിൽനിന്ന് മടങ്ങിവരുമ്പോൾ ഭക്ഷിക്കുന്നതിനുമുമ്പ് ഭക്ത്യാദരപൂർവ്വം തങ്ങളുടെമേൽത്തന്നെ തളിച്ചു. എന്നാൽ ഭക്ഷണ വേളകളിൽ അവർ ഉപയോഗിച്ച വിവിധ വസ്തുക്കളെ അവർ സ്നാപനപ്പെടുത്തി, അഥവാ വെള്ളത്തിൽ നിമജ്ജനം ചെയ്തു.
9. സ്നാപനത്തെ സംബന്ധിച്ച് തെർത്തുല്യൻ എന്തു പറഞ്ഞു?
9 വിശ്വാസത്യാഗം നുഴഞ്ഞുകയറിയതിനുശേഷം പോലും സഭാപിതാവായ തെർത്തുല്യൻ (ഏകദേശം ക്രി. വ. 160-230) സ്നാപനത്തെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഫലമായ ഗാംഭീര്യത്തോട് താരതമ്യപ്പെടുത്തുമ്പോൾ ക്രിയയിൽ ദൃശ്യമായിരിക്കുന്ന ദിവ്യപ്രവൃത്തികളുടെ ലാളിത്യത്തെക്കാൾ മനുഷ്യരുടെ മനസ്സിനെ കൂടുതൽ കഠിനപ്പെടുത്തുന്നതായി യാതൊന്നും തന്നെയില്ല; ഇത്രവലിയ ലാളിത്യത്തോടും പ്രതാപ രഹിതമായും ഒരുക്കത്തിന്റെ ഗണ്യമായ പുതുമ കൂടാതെയും ഒടുവിൽ ചെലവില്ലാതെയും ഒരു മനുഷ്യൻ വെള്ളത്തിൽ മുക്കപ്പെടുകയും ഏതാനും ചില വാക്കുകൾ ഉച്ചരിച്ചുകൊണ്ട് തളിക്കപ്പെടുകയും അനന്തരം ഏറെയും കൂടുതൽ ശുദ്ധിയോടെയല്ലാതെ (അല്ലെങ്കിൽ അശേഷം ഇല്ലാതെ) വീണ്ടും പൊങ്ങി വരികയും ചെയ്യുന്നുവെന്നുള്ള വസ്തുതയിൽ നിന്ന് തൽഫലമായുള്ള നിത്യതയുടെ പ്രാപിക്കൽ കൂടുതൽ അവിശ്വസനീയമായി വിലമതിക്കപ്പെടുന്നു.” തെർത്തുല്യൻ ഇവിടെ “ഒരു മനുഷ്യൻ വെള്ളത്തിൽ മുക്കപ്പെടുകയും . . . വീണ്ടും പൊങ്ങിവരുകയും ചെയ്യുന്നു” എന്ന് പറയുന്നത് ശ്രദ്ധിക്കുക.
10. ക്രിസ്തീയ സ്നാപനത്തിന്റെ ഏററവും ആദിമമായ രീതിയെക്കുറിച്ച് പണ്ഡിതൻമാർ എന്തു പറയുന്നു?
10 ആദിയിൽ ക്രിസ്ത്യാനികൾ വെള്ളത്തിലെ മുഴുവനായ നിമജ്ജനത്താൽ ആളുകളെ സ്നാപനപ്പെടുത്തിയിരുന്നുവെന്ന് പണ്ഡിതൻമാരും പ്രകടമാക്കുന്നു. ഒരു പ്രശസ്ത ഫ്രഞ്ച് വിജ്ഞാനകോശം പറയുന്നു: “ആദ്യക്രിസ്ത്യാനികൾ വെള്ളം കണ്ടെത്തപ്പെട്ടടത്തെല്ലാം നിമജ്ജനത്താൽ സ്നാപനം സ്വീകരിച്ചു. കാത്തലിക് എൻസൈക്ലോപ്പീഡിയ ഇങ്ങനെ പ്രസ്താവിക്കുന്നു: “സാധാരണയായി ഉപയോഗിച്ചിരുന്ന ഏററം പുരാതനമായ രീതി നിസ്തർക്കമായി നിമജ്ജനമായിരുന്നു.”—വോളിയം II, പേജ് 261 (1907-ലെ പതിപ്പ്).
പഠിപ്പിക്കയും സ്നാപനപ്പെടുത്തുകയും
11. യേശു തന്റെ ശിഷ്യൻമാർക്ക് എന്ത് നിയോഗം കൊടുത്തു?
11 ഒരു വ്യക്തിയെ സ്നാപനപ്പെടുത്തുന്നതിനു മുമ്പ് അയാൾ സൂക്ഷ്മ പരിജ്ഞാനം നേടുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. ക്രിസ്തു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞപ്പോൾ ഇത് വ്യക്തമാക്കപ്പെട്ടു: “ആകയാൽ പോയി ഞാൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജാതികളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തി ശിഷ്യരാക്കിക്കൊള്ളുക. നോക്കു! വ്യവസ്ഥിതിയുടെ സമാപനം വരെ ഞാൻ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്.”—മത്തായി 28:19, 20.
12. “പിതാവിന്റെ നാമത്തിൽ” സ്നാപനമേൽക്കുന്നതിന്റെ അർത്ഥമെന്ത്?
12 “പിതാവിന്റെ നാമത്തിൽ” സ്നാപനപ്പെടുത്തുന്നത് സ്നാനാർത്ഥി ദൈവത്തിന്റെ സ്ഥാനത്തെയും അധികാരത്തെയും തിരിച്ചറിയുന്നുവെന്ന് അർത്ഥമാക്കുന്നു. യഹോവ “സർവ്വ ഭൂമിക്കും മീതെ അത്യുന്നതനും” സ്രഷ്ടാവും സാർവ്വത്രിക പരമാധികാരിയുമായി അംഗീകരിക്കപ്പെടുന്നു. (സങ്കീർത്തനം 36:9; 83:18; 2 രാജാക്കൻമാർ 19:15) അങ്ങനെയുള്ള ഒരാൾ യഹോവയെ തന്റെ ന്യായാധിപതിയും നിയമദാതാവും രാജാവുമായും സ്വീകരിക്കുന്നു.—യെശയ്യാ 33:22; സങ്കീർത്തനം 119:102; വെളിപ്പാട് 15:3, 4.
13. ‘പുത്രന്റെ നാമത്തിൽ’ സ്നാപനമേൽക്കുന്നതിന്റെ അർത്ഥമെന്ത്?
13 ‘പുത്രന്റെ നാമത്തിൽ’ സ്നാപനമേൽക്കുന്നത് ക്രിസ്തുവിന്റെ സ്ഥാനത്തെയും അധികാരത്തെയും അംഗീകരിക്കുന്നതിനെയും ദൈവം ആരിലൂടെ “ഒരു തുല്യമറുവില” പ്രദാനം ചെയ്തിരിക്കുന്നുവോ ആ ഒരുവനായി അവനെ തിരിച്ചറിയുന്നതിനെയും അർത്ഥമാക്കുന്നു. (1 തിമൊഥെയോസ് 2:5, 6) ഒരു നിർമ്മലതാപാലകനായുള്ള യേശുവിന്റെ മരണശേഷം “ദൈവം അവനെ ഒരു ശ്രേഷ്ഠസ്ഥാനത്തേക്ക് ഉയർത്തി.” സ്നാപനമാഗ്രഹിക്കുന്നവർ ക്രിസ്തുവിനെ “പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി കർത്താവ്” ആയി അംഗീകരിക്കണം. (ഫിലിപ്യർ 2:9-11) അവർ യേശുവിനെ യഹോവയുടെ “വിശ്വസ്ത സാക്ഷി”യും “രാജാക്കൻമാരുടെ രാജാവും” ആയും കൂടെ സ്വീകരിക്കേണ്ടതാണ്.—വെളിപ്പാട് 1:5; 19:16.
14. ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ ഉള്ള സ്നാപനം എന്ത് ആവശ്യമാക്കിത്തീർക്കുന്നു?
14 ഒരു വ്യക്തി ‘പരിശുദ്ധാത്മാവിന്റെ നാമത്തി’ലും സ്നാപനം കഴിപ്പിക്കപ്പെടേണ്ടതാണ്. പരിശുദ്ധാത്മാവ് ഒരു ആളല്ല പിന്നെയോ സൃഷ്ടിയിലും ബൈബിൾ എഴുത്തുകാരെ നിശ്വസ്തരാക്കുന്നതിലും മററും ഉപയോഗിക്കപ്പെട്ട ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണെന്ന് അയാൾ തിരിച്ചറിയണം. (ഉൽപ്പത്തി 1:2; 2 ശമുവേൽ 23:1, 2; 2 പത്രോസ് 1:21) നാം “ദൈവത്തിന്റെ അഗാധ കാര്യങ്ങൾ” ഗ്രഹിക്കുകയും “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിങ്ങനെയുള്ള ദൈവിക ഫലം പ്രകടമാക്കുകയും ചെയ്യുന്നതിന് യഹോവയുടെ ആത്മാവ് ജീവൽ പ്രധാനമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. (1 കൊരിന്ത്യർ 2:10; ഗലാത്യർ 5:22, 23) രാജ്യപ്രസംഗ വേല നിർവ്വഹിക്കുന്നതിന് ദൈവാത്മാവ് ആവശ്യമാണെന്നും സമ്മതിക്കേണ്ടതാണ്.—യോവേൽ 2:28, 29.
സ്നാപനം പ്രതീകപ്പെടുത്തുന്നത്
15. ക്രിസ്തീയ സ്നാപനം പാപങ്ങളെ കഴുകിക്കളയുന്നില്ലാത്തതെന്തുകൊണ്ട്?
15 പരിശുദ്ധാത്മാവിന്റെ പിൻതുണയോടെയായിരുന്നു യോഹന്നാൻ സ്നാപകൻ ആളുകളെ നിമജ്ജനം ചെയ്തുകൊണ്ടിരുന്നത്. (പ്രവൃത്തികൾ 13:24) അവരുടെ പാപങ്ങൾ കഴുകിക്കളയാനായിട്ടല്ല, പിന്നെയോ അവരുടെ അനുതാപത്തിന്റെ ലക്ഷ്യമായിട്ടാണ് അവൻ അവരെ സ്നാനപ്പെടുത്തിയത്. (പ്രവൃത്തികൾ 19:4) യോഹന്നാൻ “പാപം ചെയ്യാത്ത” യേശുവിനെയും സ്നാപനപ്പെടുത്തി. (1 പത്രോസ് 2:22) “എഴുന്നേററ് സ്നാപനമേററ് [യേശുവിന്റെ] നാമത്തെ വിളിച്ചപേക്ഷിക്കുന്നതിനാൽ നിന്റെ പാപങ്ങൾ കഴുകിക്കളയുക” എന്നു പറഞ്ഞുകൊണ്ട് അനന്യാസ് തർസൂസിലെ ശൗലിനെ പ്രോൽസാഹിപ്പിച്ചു. (പ്രവൃത്തികൾ 22:12-16) അതുകൊണ്ട്, ക്രിസ്തീയ ജലനിമജ്ജനം പാപങ്ങളെ കഴുകിക്കളയുന്നില്ല. സ്നാപനമല്ല, പിന്നെയോ യേശുവിന്റെ രക്തത്തിന്റെ ചൊരിയലും “അവന്റെ നാമത്തെ വിളിച്ചപേക്ഷിക്ക”ലും ആണ് മോചനം സാദ്ധ്യമാക്കുന്നത്.—എബ്രായർ 9:22; 1 യോഹന്നാൻ 1:7.
16. (എ) സ്നാപനം പാപങ്ങളെ കഴുകിക്കളയുന്നില്ലാത്തതുകൊണ്ട് അത് എന്തിനെ പ്രതീകപ്പെടുത്തുന്നു? (ബി) ആലങ്കാരികമായി, ഒരു വ്യക്തിയെ സ്നാപനപ്പെടുത്തുമ്പോൾ എന്ത് സംഭവിക്കുന്നു?
16 ക്രിസ്തീയ സ്നാപനം പാപങ്ങൾ കഴുകിക്കളയുന്നില്ലെങ്കിലും ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്ന വ്യക്തി യേശുക്രിസ്തു മുഖേന യഹോവയാം ദൈവത്തിന് ഒരു നിരുപാധിക സമർപ്പണം നടത്തിയിരിക്കുന്നതായി സൂചിപ്പിക്കുന്ന ഒരു പ്രതീകമാണ് അത്. (മത്തായി 16:24 താരതമ്യപ്പെടുത്തുക.) സമർപ്പിക്കുക എന്നതിന്റെ അർത്ഥം “പ്രഖ്യാപിക്കുക, സ്ഥിരീകരിക്കുക, അർപ്പിക്കുക” എന്നാണ്. ദൈവത്തിനായുള്ള സമർപ്പണം ക്രിസ്തു മുഖേന ദൈവേഷ്ടം ചെയ്യുന്നതിനുള്ള ഒരു സമ്മതത്താൽ ഒരു വ്യക്തി സമ്പൂർണ്ണമായി വേർതിരിക്കപ്പെടുന്ന പ്രവൃത്തിയെ പരാമർശിക്കുന്നു. ആലങ്കാരികമായി സ്നാനാർത്ഥി താൽക്കാലികമായി വെള്ളത്തിനടിയിൽ “കുഴിച്ചിടപ്പെടുകയും” അനന്തരം അതിൽനിന്ന് ഉയർത്തപ്പെടുകയും ചെയ്യുമ്പോൾ അയാൾ തന്റെ മുൻഗതി സംബന്ധിച്ച് മരിക്കുകയും സമ്പൂർണ്ണമായി ദൈവേഷ്ടം ചെയ്യുന്നതിന് ഒരു പുതുജീവിതരീതിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു.—റോമർ 6:4-6 താരതമ്യപ്പെടുത്തുക.
17. ശിശുസ്നാപനം അനുചിതമായിരിക്കുന്നതെന്തുകൊണ്ട്?
17 സ്നാപനം ഗൗരവമുള്ള ഒരു നടപടിയാണെന്ന് വ്യക്തമാണ്. ഒരു ശിശുവിന് ഗ്രഹിക്കാനോ ഒരു തീരുമാനം ചെയ്യാനോ ഒരു ശിഷ്യനായിത്തീരാനോ കഴിയില്ലാത്തതുകൊണ്ട് ശിശുവിനെ സ്നാപനപ്പെടുത്തുന്നത് തെററാണ്. (മത്തായി 28:19, 20) ശമര്യയിലെ ഫിലിപ്പോസിന്റെ ശുശ്രൂഷാവേളയിൽ സ്നാപനമേററവർ “പുരുഷൻമാരും സ്ത്രീകളും” ആയിരുന്നു, കേവലം ശിശുക്കളായിരുന്നില്ല. (പ്രവൃത്തികൾ 8:4-8, 12) സ്നാപനം, പഠിക്കാനും വിശ്വസിക്കാനും വിശ്വാസം പ്രകടമാക്കാനും തക്ക പ്രായമുള്ളവർക്കുവേണ്ടിയാണ്. (യോഹന്നാൻ 17:3; പ്രവൃത്തികൾ 5:14; 18:8; എബ്രായർ 11:6) ഈ കാര്യത്തിൽ ചരിത്രകാരനായ അഗസ്ററസ് നിയാണ്ടർ ഇങ്ങനെ എഴുതി: “വിശ്വാസവും സ്നാപനവും എല്ലായ്പ്പോഴും പരസ്പരം ബന്ധപ്പെട്ടിരുന്നു; അതുകൊണ്ട് [ക്രി. വ. ഒന്നാം നൂററാണ്ടിൽ] ശിശുസ്നാനത്തിന്റെ ആചാരം അറിയപ്പെട്ടിരുന്നില്ല . . . എന്നതിനാണ് ഏററവും കൂടുതൽ സാദ്ധ്യത . . . അത് മൂന്നാം നൂററാണ്ടിൽ ആദ്യമായി ഒരു അപ്പോസ്തലിക പാരമ്പര്യമായി അംഗീകരിക്കപ്പെട്ടുവെന്നത് അതിന്റെ അപ്പോസ്തലിക ഉൽഭവത്തിന്റെ അംഗീകാരത്തെക്കാൾ ഉപരി, അതിനെതിരായുള്ള തെളിവായിരിക്കുന്നു.”—അപ്പോസ്തലൻമാരാലുള്ള ക്രിസ്തീയ സഭയുടെ നടീലിന്റെയും പരിശീലനത്തിന്റെയും ചരിത്രം (ന്യൂ യോർക്ക്, 1864), പേജ് 162.
18. (എ) തിരുവെഴുത്തുപരമായി, യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുന്നതിന് എന്ത് ആവശ്യമാണ്? (ബി) വിശ്വാസത്തിന്റെ എന്ത് തെളിവ് ഒരാളെ സ്നാപനപ്പെടുത്താവുന്നതാണെന്ന് സൂചിപ്പിക്കും? (സി) സ്നാനാർത്ഥികൾക്കുവേണ്ടി മറുവിലയിലുള്ള വിശ്വാസം ഊന്നിപ്പറയപ്പെടുന്നതെങ്ങനെ?
18 വിശ്വാസികളുടെ സ്നാപനത്തെക്കുറിച്ച് തിരുവെഴുത്തുകൾ ആവർത്തിച്ച് പറയുന്നു. (പ്രവൃത്തികൾ 4:4; 5:14; 8:13; 16:27-34; 18:8; 19:1-7) യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുന്നതിന്, ആ സ്ഥിതിക്ക്, ഒരു വ്യക്തി ഒരു വിശ്വാസി—വിശ്വാസം പ്രകടമാക്കുകയും സ്നാപനം ഏൽക്കുകയും ചെയ്യുന്ന ഒരാൾ—ആയിരിക്കണം. സ്നാപനത്തിനു മുമ്പുതന്നെ അങ്ങനെയുള്ള വിശ്വാസം ദൈവികനടത്തയിലും യഹോവയിലുള്ള ആശ്രയത്തിലും രാജ്യപ്രസംഗവേലയിലുള്ള പങ്കുപററലിലും യേശുവിന്റെ മറുവിലയാഗത്തിന്റെ അംഗീകരണത്തിലും പ്രകടമാകുന്നു. സ്നാനാർത്ഥിക്ക് മറുവിലയിലുള്ള വിശ്വാസം ഊന്നിപ്പറയപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവരോട് പ്രസംഗകൻ ചോദിക്കുന്ന രണ്ട് ചോദ്യങ്ങളിൽ ആദ്യത്തേതിതാണ്: “യേശുക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന് നിങ്ങളെത്തന്നെ അവന് സമർപ്പിക്കുകയും ചെയ്തിരിക്കുന്നുവോ?” വ്യക്തി ഉവ്വ് എന്ന് ഉത്തരം പറയുകയും അയാളുടെ സമർപ്പണവും സ്നാപനവും ദൈവത്തിന്റെ ആത്മനിയന്ത്രിത സ്ഥാപനത്തോടുള്ള സഹവാസത്തിൽ അയാളെ യഹോവയുടെ സാക്ഷികളിലൊരാളായി തിരിച്ചറിയിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ അയാൾക്ക് സ്വീകാര്യമായി ജലനിമജ്ജനത്തിന് വിധേയനാകാൻ കഴിയൂ.
പ്രാർത്ഥനയിൽ സമർപ്പണം
19. യഹോവക്കുവേണ്ടിയുള്ള സമർപ്പണം പ്രാർത്ഥനയിൽ നിർവഹിക്കുന്നതെന്തുകൊണ്ട്?
19 സ്നാപനത്തിന് വിധേയമാകുന്നവർക്ക് ദൈവത്തിലും ക്രിസ്തുവിലും വിശ്വാസമുണ്ടായിരിക്കണം. എന്നാൽ ദൈവത്തിന് വേണ്ടിയുള്ള ഒരു സമർപ്പണം പ്രാർത്ഥനയിൽ നിർവ്വഹിക്കപ്പെടണമെന്ന് യഹോവയുടെ സാക്ഷികൾ പറയുന്നതെന്തുകൊണ്ട്? അവൻ അർഹിക്കുന്ന അനന്യഭക്തി അവന് കൊടുക്കുന്നതിനുള്ള നമ്മുടെ തീരുമാനം പ്രാർത്ഥനയിൽ യഹോവയോട് വെളിപ്പെടുത്തുന്നത് ഉചിതമായിരിക്കുന്നതുകൊണ്ടാണത്. (ആവർത്തനം 5:8, 9; 1 ദിനവൃത്താന്തം 29:10-13) യേശു തന്റെ സ്വർഗ്ഗീയ പിതാവിന് സമ്പൂർണ്ണമായി വിശുദ്ധസേവനം അർപ്പിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചത് പ്രാർത്ഥനയിലായിരുന്നുവെന്നത് സ്പഷ്ടമാണ്. (എബ്രായർ 10:7-9) എന്തിന്, സ്നാപനപ്പെട്ടുകൊണ്ടിരുന്നപ്പോൾ പോലും യേശു “പ്രാർത്ഥിക്കുകയായിരുന്നു”! (ലൂക്കോസ് 3:21, 22) അതുകൊണ്ട് ദൈവത്തിനായുള്ള സമർപ്പണം പ്രാർത്ഥനയിൽ നിർവ്വഹിക്കേണ്ടതാണെന്ന് വ്യക്തമാണ്.
20. പ്രാർത്ഥനയിൽ ദൈവത്തിനുവേണ്ടി ഒരു സമർപ്പണം നടത്താൻ ആദിമ ക്രിസ്ത്യാനികൾ പുതു ശിഷ്യരെ പ്രോൽസാഹിപ്പിച്ചിരിക്കാൻ സാദ്ധ്യതയുള്ളതെന്തുകൊണ്ട്?
20 ആദിമ ക്രിസ്ത്യാനികൾ പ്രാർത്ഥനയിൽ സമർപ്പണം നടത്താൻ പുതിയ ശിഷ്യരെ പ്രോൽസാഹിപ്പിച്ചു എന്നത് പ്രത്യക്ഷമാണ്, എന്തെന്നാൽ പിൽക്കാലത്തുപോലും തെർത്തുല്യൻ ഇങ്ങനെ പറഞ്ഞു: “സ്നാപനത്തിലേക്ക് പ്രവേശിക്കാനുള്ളവർ ആവർത്തിച്ചുള്ള പ്രാർത്ഥനകളോടെയും ഉപവാസങ്ങളോടെയും മുട്ടുമടക്കലോടെയും പ്രാർത്ഥിച്ചേ തീരൂ.” നേരത്തെ ജസ്ററിൻ മാർട്ടിയർ (ക്രി. വ. ഏതാണ്ട് 100-165) ഇങ്ങനെ എഴുതി: “നാം ക്രിസ്തുവിലൂടെ പുതുക്കപ്പെട്ടപ്പോൾ നാം നമ്മെത്തന്നെ ദൈവത്തിന് സമർപ്പിച്ച രീതിയും ഞാൻ പ്രതിപാദിക്കാം . . . ഞങ്ങൾ പഠിപ്പിക്കുന്നതും പറയുന്നതും സത്യമാണെന്ന് സമ്മതിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരും അതനുസരിച്ച് ജീവിക്കാൻ കഴിയുമെന്ന് ഏററുപറയുന്നവരും തങ്ങളുടെ കഴിഞ്ഞകാല പാപങ്ങളുടെ പരിഹാരത്തിനുവേണ്ടി ഉപവാസത്തോടെ ദൈവത്തോട് പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കാനും ഉദ്ബോധിപ്പിക്കപ്പെടുന്നു, ഞങ്ങൾ അവരോടൊത്ത് പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു.”
21. ചില വർഷങ്ങൾക്കു മുമ്പ് നിങ്ങൾ സ്നാപനമേററപ്പോൾ പ്രാർത്ഥനയിൽ സമർപ്പണം നടത്തുന്നതിനെ ഊന്നിപ്പറഞ്ഞില്ലെങ്കിൽ പോലും എന്തിന് സാദ്ധ്യതയുണ്ട്?
21 പ്രാർത്ഥനയിൽ ഒരു സമർപ്പണം നടത്തുന്ന സംഗതി വർഷങ്ങൾക്കുമുമ്പ് നിങ്ങൾ സ്നാപനമേററപ്പോൾ ഊന്നിപ്പറഞ്ഞിരുന്നില്ലെങ്കിൽ അത് അവശ്യം നിങ്ങളുടെ സ്നാപനത്തെ അസാധുവാക്കുന്നില്ല. ആ നാളുകളിൽപോലും നിസ്സംശയമായും അനേകർ 40-ലധികം വർഷങ്ങൾക്കു മുമ്പ് ഒരു കുട്ടിയായിരുന്നപ്പോൾ ആത്മാർത്ഥമായ പ്രാർത്ഥനയിൽ മുട്ടുകുത്തി യഹോവക്കുള്ള തന്റെ സമർപ്പണം നടത്തുന്നതായി വ്യക്തമായി ഓർക്കുന്ന ഒരു മനുഷ്യനെപ്പോലെയായിരുന്നു. ആ കാലത്ത് നേരത്തെയുള്ള ഒരു ഔപചാരിക പ്രാർത്ഥനയിൽ ഒരു വ്യക്തി ഒരു സമർപ്പണം ചെയ്തിരുന്നില്ലെങ്കിൽ പോലും അയാൾ തന്റെ നിമജ്ജന ദിവസത്തിൽ സ്നാനപ്രസംഗം നിർവ്വഹിക്കപ്പെട്ടപ്പോൾ സ്നാനാർത്ഥികളും മററുള്ളവരും ഒരുമിച്ച് പ്രാർത്ഥിച്ച സമയത്ത് അതിനെ ഒരു പ്രാർത്ഥനാ നിർഭരമായ സംഗതി ആക്കുകതന്നെ ചെയ്തു.
ചിലർ പിൻമാറി നിൽക്കുന്നതിന്റെ കാരണം
22. ചിലർ സ്നാപനമേൽക്കുന്നതിൽ നിന്ന് പിൻമാറി നിൽക്കുന്നതെന്തുകൊണ്ട്?
22 യഹോവയുടെ ഒരു സമർപ്പിത സാക്ഷിയായിരിക്കുന്നത് വളരെ അനുഗൃഹീത പദവിയായിരുന്നിട്ടും ചിലർ സ്നാപനമേൽക്കുന്നതിൽ നിന്ന് പിൻമാറി നിൽക്കുന്നതെന്തുകൊണ്ട്? യഥാർത്ഥ സ്നേഹത്തിന്റെ അഭാവമാണ് ചിലർ ദൈവവചനം അനുസരിക്കാത്തതിന്റെയും യേശുവിന്റെ നേതൃത്വം പിൻപററാത്തതിന്റെയും സ്നാപനമേൽക്കാത്തതിന്റെയും ഒരു കാരണം. (1 യോഹന്നാൻ 5:3) തീർച്ചയായും സ്നാപനമേൽക്കാത്തയാളുകൾ സാധാരണയായി തങ്ങൾ യേശുവിന്റെ ദൃഷ്ടാന്തം പിൻപററുകയില്ലെന്നോ ദൈവത്തെ അനുസരിക്കുകയില്ലെന്നോ പറയുന്നില്ല. പകരം അവർ ലൗകികകാര്യങ്ങളിൽ വളരെ ആമഗ്നരായിരിക്കുന്നതിനാൽ അവർക്ക് ആത്മീയ കാര്യങ്ങൾക്ക് സമയമില്ല. ഇതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങളുടെ പ്രീതി വാൽസല്യങ്ങളും താൽപ്പര്യങ്ങളും അഭിലാഷങ്ങളും മാററുന്നത് ബുദ്ധിയായിരിക്കുകയില്ലേ? ദൈവത്തെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഈ ലോകത്തെയും കൂടെ സ്നേഹിക്കാവുന്നതല്ല. (1 യോഹന്നാൻ 2:15-17) “ധനത്തിന്റെ വഞ്ചനാത്മകമായ ശക്തി”യാൽ ഒരു തെററായ സുരക്ഷിതത്വബോധത്തിലേക്ക് മയക്കപ്പെടാൻ നിങ്ങളെത്തന്നെ അനുവദിക്കരുത്. (മത്തായി 13:22) യഹോവയാം ദൈവത്തോടുള്ള ഒരു സമർപ്പിത ബന്ധത്തിൽ മാത്രമേ യഥാർത്ഥ സുരക്ഷിതത്വം കണ്ടെത്തപ്പെടുന്നുള്ളു.—സങ്കീർത്തനം 4:8.
23. മററു ചിലർ യഹോവക്ക് ഒരു സമർപ്പണം നടത്തുന്നതിൽ നിന്നും അതിനെ ജലനിമജ്ജനത്താൽ പ്രതീകപ്പെടുത്തുന്നതിൽ നിന്നും മാറിനിൽക്കുന്നതെന്തുകൊണ്ട്?
23 മററു ചിലർ ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നുവെങ്കിലും ഒരു സമർപ്പണം നിർവ്വഹിക്കുന്നതിൽനിന്ന് പിൻമാറി നിൽക്കുന്നു, എന്തുകൊണ്ടെന്നാൽ തങ്ങൾ അങ്ങനെ ഉത്തരവാദിത്തം ഒഴിവാക്കുന്നുവെന്നും കണക്കുബോധിപ്പിക്കേണ്ടവരായിത്തീരുന്നില്ലെന്നും അവർ വിചാരിക്കുന്നു. അവർ പരദീസയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു, എന്നാൽ അതു സംബന്ധിച്ച് അവർ ഇത്രത്തോളം ഒന്നും ചെയ്യുന്നില്ല. (സദൃശവാക്യങ്ങൾ 13:4) അങ്ങനെയുള്ള വ്യക്തികൾക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ സാദ്ധ്യമല്ല, എന്തുകൊണ്ടെന്നാൽ അവർ യഹോവയുടെ വചനം കേട്ടപ്പോൾ അവരുടെമേൽ ഉത്തരവാദിത്തം വന്നു. (യെഹെസ്ക്കേൽ 33:7-9) അവർ ഒരു സമർപ്പണം നടത്തുകയാണെങ്കിൽ തങ്ങൾക്ക് ദൈവേഷ്ടം മനസ്സിലാകുന്നുണ്ടെന്നും അതു ചെയ്യാൻ ആകാംക്ഷയുണ്ടെന്നും അവർ പ്രകടമാക്കുന്നതായിരിക്കും. അവരുടെമേൽ ഭാരമേറിയ ഉത്തരവാദിത്തം വെക്കുന്നതിനു പകരം അത്തരം അനുസരണം യഹോവയുടെ അനുഗ്രഹം കൈവരുത്തുകയും സന്തോഷത്തിൽ കലാശിക്കുകയും ചെയ്യും. കാരണം അവർ അവനെ സ്നേഹിക്കുന്നുവെന്ന തങ്ങളുടെ അവകാശവാദമനുസരിച്ച് ജീവിക്കുന്നതായിരിക്കും.
24. ഇനി വേറെ ചിലർ സ്നാപനമേൽക്കുന്നതിൽനിന്ന് പിൻമാറി നിൽക്കുന്നതിന്റെ കാരണമെന്ത്?
24 തിരുവെഴുത്തുകൾ വിശദീകരിക്കാൻ തക്ക അറിവ് തങ്ങൾക്കില്ലെന്ന തോന്നൽ മററു ചിലർ സ്നാപനത്തെ ഒഴിവാക്കാൻ ഇടയാക്കുന്നു. എന്നാൽ ഒരു തേർ യാത്രാവേളയിലെ ഫിലിപ്പോസുമായുള്ള ചർച്ചക്കുശേഷം തന്റെ സമർപ്പണത്തെ ലക്ഷ്യപ്പെടുത്താൻ എത്യോപ്യ ഷണ്ഡൻ ഒരുക്കമായിരുന്നു. തീർച്ചയായും താൻ സത്യം സംസാരിക്കുന്ന എല്ലാവരുടെയും ചോദ്യങ്ങൾക്കുത്തരം കൊടുക്കാൻ എത്യോപ്യൻ ഷണ്ഡന് പ്രാരംഭത്തിൽ കഴിയുമായിരുന്നില്ല. എന്നാൽ താൻ കേട്ടതിനോടുള്ള നന്ദികൊണ്ട് അയാളുടെ ഹൃദയം നിറഞ്ഞു കവിഞ്ഞു, അയാൾ ഭയത്തോടെ പിൻമാറി നിന്നില്ല. “സ്നേഹത്തിൽ ഭയമില്ല. എന്നാൽ പൂർണ്ണ സ്നേഹം ഭയത്തെ പുറത്താക്കുന്നു.” (1 യോഹന്നാൻ 4:18) ഉത്തരങ്ങൾ നിറഞ്ഞ ഒരു തലയല്ല, സ്നേഹം നിറഞ്ഞ ഒരു ഹൃദയമാണ് ദൈവത്തിന് ഒരു സമർപ്പണം നടത്താനും സ്നാപനമേൽക്കാനും ഒരാളെ പ്രേരിപ്പിക്കുന്നത്.—ലൂക്കോസ് 10:25-28.
25. തന്നെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നവരിൽനിന്ന് യഹോവയാംദൈവം പ്രതീക്ഷിക്കുന്നതെന്ത്?
25 നിങ്ങൾ ഇതുവരെയും സ്നാപനമേററിട്ടില്ലെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: തങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുന്നവരിൽ നിന്ന് അവൻ എന്താണ് പ്രതീക്ഷിക്കുന്നത്? അവൻ അനന്യമായ ഭക്തി ആഗ്രഹിക്കുകയും തന്നെ “ആത്മാവോടും സത്യത്തോടും കൂടെ” ആരാധിക്കുന്നവരെ തെരയുകയും ചെയ്യുന്നു. (യോഹന്നാൻ 4:23, 24; പുറപ്പാട് 20:4, 5; ലൂക്കോസ് 4:8) എത്യോപ്യൻ ഷണ്ഡൻ അത്തരം ആരാധനയാണ് അർപ്പിച്ചത്. സ്നാപനത്തിന് വിധേയമാകാൻ ഒരവസരം കൊടുക്കപ്പെട്ടപ്പോൾ അയാൾ താമസിച്ചില്ല. യഹോവക്കായുള്ള സമർപ്പണത്തെ നിങ്ങൾ ഇപ്പോൾത്തന്നെ ആത്മാർത്ഥമായ പ്രാർത്ഥനക്ക് വിഷയീഭവിപ്പിക്കുകയും “സ്നാപനമേൽക്കുന്നതിൽ നിന്ന് എന്നെ തടയുന്നതെന്ത്?” എന്ന് നിങ്ങളോടുതന്നെ ചോദിക്കുകയും ചെയ്യേണ്ടതല്ലേ? (w89 1/15)
പുനരവലോകന ചോദ്യങ്ങൾ
□ എത്യോപ്യൻ ഷണ്ഡനെ അത്ര പെട്ടെന്ന് സ്നാപനപ്പെടുത്താൻ കഴിയുമായിരുന്നത് എന്തുകൊണ്ട്?
□ ആദിമക്രിസ്ത്യാനികളുടെയിടയിലെ സ്നാപനത്തിന്റെ വിധം എന്തായിരുന്നു?
□ ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ’ സ്നാപനമേൽക്കുന്നത് എന്ത് അർത്ഥമാക്കുന്നു?
□ ക്രിസ്തീയ സ്നാപനം എന്തിനെ പ്രതീകപ്പെടുത്തുന്നു?
□ യഹോവക്ക് പ്രാർത്ഥനയിൽ ഒരു സമർപ്പണം നടത്തുന്നത് എന്തുകൊണ്ട്?
□ ഏത് കാരണങ്ങളാൽ ചിലർ സമർപ്പണത്തിൽ നിന്നും സ്നാപനത്തിൽ നിന്നും പിൻമാറി നിൽക്കുന്നു?