സ്നാപനത്തിന് നമ്മെ രക്ഷിക്കാൻ കഴിയുന്ന വിധം
“നിമജ്ജനം . . . നമ്മെ രക്ഷിക്കുന്നു.”—1 പത്രോസ് 3:21, ദി എംഫാററിക് ഡയഗ്ലട്ട്.
1, 2. ഒരു വ്യക്തി ജലസ്നാപനത്തിന് വിധേയനാകുന്നതിനുമുമ്പ് എന്ത് ആവശ്യമാണ്?
രക്ഷ തേടുന്നവർക്കുവേണ്ടി യഹോവക്ക് പ്രത്യേകമായ വ്യവസ്ഥകളുണ്ട്. അവർ സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുകയും വിശ്വാസം പ്രകടമാക്കുകയും തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും പരിവർത്തനം ചെയ്യുകയും ദൈവത്തിന് സമർപ്പണം നടത്തുകയും വിശ്വാസികളെന്ന നിലയിൽ സ്നാപനത്തിന് വിധേയരാവുകയും വേണം. (യോഹന്നാൻ 3:16; 17:3; പ്രവൃത്തികൾ 3:19; 18:8) സ്നാനാർത്ഥികൾ യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും യഹോവക്ക് തങ്ങളെത്തന്നെ സമർപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്ന് പരസ്യമായി സമ്മതിച്ചുപറയേണ്ടതാണ്. സമർപ്പണവും സ്നാപനവും അവരെ യഹോവയുടെ സാക്ഷികളായി തിരിച്ചറിയിക്കുന്നുവെന്നും അവർ മനസ്സിലാക്കേണ്ടതാണ്.
2 വിശ്വാസത്തിന്റെ ഈ പരസ്യപ്രകടനമുൾപ്പെടെയുള്ള മുഴു സ്നാപന ക്രമീകരണവും രക്ഷക്ക് അത്യന്താപേക്ഷിതമാണ്. (റോമർ 10:10) “നിമജ്ജനം . . . നമ്മെ രക്ഷിക്കുന്നു” എന്ന് അപ്പോസ്തലനായ പത്രോസ് എഴുതിയപ്പോൾ ഇത് സ്ഥിരീകരിക്കപ്പെട്ടു. (1 പത്രോസ് 3:21, എ. ഡ.) എന്നാൽ ഈ വാക്കുകളെ നാം കൃത്യമായി എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? സന്ദർഭം എന്ത് പ്രകടമാക്കുന്നു?
സ്നാപനം രക്ഷിക്കുന്ന വിധം
3. നിങ്ങൾ നിങ്ങളുടെ സ്വന്തം വാക്കുകളിൽ 1 പത്രോസ് 3:18-21 എങ്ങനെ സംഗ്രഹിക്കും?
3 പുനരുത്ഥാനം പ്രാപിച്ച ഒരു ആത്മാവെന്ന നിലയിൽ യേശു തടവിലുള്ള ദുഷ്ടാത്മാക്കളോട് ഒരു കുററവിധിയിൻ ദൂത് പ്രസംഗിച്ചു, അവർ യഹോവയുടെ മഹാദിവസത്തിലെ ന്യായവിധിക്കുവേണ്ടി നിത്യബന്ധനങ്ങളാൽ മാററി നിർത്തപ്പെട്ട ഭൂതങ്ങളായിരുന്നു. അവർ ജഡിക ശരീരങ്ങൾ മൂർത്തീകരിച്ചുകൊണ്ടും സ്ത്രീകളോട് സഹവസിച്ചുകൊണ്ടും അനുസരണക്കേട് കാണിച്ചു. “അന്ന് നോഹയുടെ നാളുകളിൽ പെട്ടകം നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കെ ദൈവത്തിന്റെ ക്ഷമ കാത്തിരിക്കയായിരുന്നു, അതിൽ ചുരുക്കം ചിലയാളുകൾ, അതായത്, എട്ട് ദേഹികൾ, [നോഹയും ഭാര്യയും പുത്രൻമാരും അവരുടെ ഭാര്യമാരും], വെള്ളത്തിലൂടെ സുരക്ഷിതമായി കടന്നു.” പത്രോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതിനോട് പൊരുത്തപ്പെടുന്നത്, അതായത്, സ്നാപനം ([ആവശ്യമായ] ജഡത്തിന്റെ അഴുക്കു നീക്കലല്ല, പിന്നെയോ ഒരു നല്ല മനസ്സാക്ഷിക്കുവേണ്ടി ദൈവത്തോട് നടത്തുന്ന അപേക്ഷ) യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ഇപ്പോൾ നിങ്ങളെ രക്ഷിക്കുകയുമാകുന്നു.”—1 പത്രോസ് 3:18-21; ഉൽപ്പത്തി 6:1, 2; 2 പത്രോസ് 2:4; 2 കൊരിന്ത്യർ 7:1.
4. “ഇതിനോട് പൊരുത്തപ്പെടുന്നത്” എന്ന് പറഞ്ഞപ്പോൾ പത്രോസ് എന്തിനെ പരാമർശിക്കുകയായിരുന്നു?
4 “ഇതിനോട് പൊരുത്തപ്പെടുന്നത്” എന്ന് പറഞ്ഞപ്പോൾ പത്രോസ് എന്താണ് അർത്ഥമാക്കിയത്? വിശ്വാസത്തിലധിഷ്ഠിതമായ സ്നാപനം പെട്ടകത്തിന് പുറത്തുള്ളവരെ നശിപ്പിച്ച പ്രളയജലത്തിലൂടെ സുരക്ഷിതമായി കടത്തപ്പെട്ട നോഹയുടെയും അവന്റെ കുടുംബത്തിന്റെയും സംരക്ഷണത്തോട് പൊരുത്തപ്പെടുന്നുവെന്ന് അവൻ അർത്ഥമാക്കി. പെട്ടകം പണിയുന്നതിന് നോഹക്ക് വിശ്വാസം ആവശ്യമായിരുന്നതുപോലെ, യേശുക്രിസ്തുവിന്റെ സ്നാപനമേററ ശിഷ്യൻമാരും യഹോവയുടെ സാക്ഷികളുമായിത്തീരുന്ന എല്ലാവർക്കും, ഈ വിശ്വാസരഹിത ലോകവും അതിന്റെ ദൈവമായ പിശാചായ സാത്താനും തങ്ങൾക്കെതിരെ വരുത്തുന്ന സമ്മർദ്ദങ്ങളെ ചെറുത്തുനിൽക്കുന്നതിന് വിശ്വാസം ഉണ്ടായിരിക്കണം.—എബ്രായർ 11:6, 7; 1 യോഹന്നാൻ 5:19.
5. രക്ഷ “യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ” ആയിരിക്കുന്നതെങ്ങനെ?
5 സ്നാപനം അതിൽത്തന്നെ രക്ഷിക്കുന്നില്ല. നാം ‘ജഡത്തിന്റെ അഴുക്ക് നീക്കണ’മെങ്കിലും അത് മാത്രമായി നമ്മെ രക്ഷിക്കുന്നില്ല. എന്നാൽ, രക്ഷ “യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ” ആകുന്നു. സ്നാനാർത്ഥികൾക്ക് ദൈവപുത്രൻ ഒരു ബലിമരണം വരിക്കുകയും ഉയർപ്പിക്കപ്പെടുകയും ചെയ്തതുകൊണ്ട് മാത്രമാണ് രക്ഷ സാദ്ധ്യമായിരിക്കുന്നത് എന്ന വിശ്വാസമുണ്ടായിരിക്കണം. ജീവനുള്ളവരെയും മരിച്ചവരെയും ന്യായം വിധിക്കാൻ അധികാരമുള്ള തങ്ങളുടെ കർത്താവ് എന്ന നിലയിലും അവർ യേശുവിനെ സ്വീകരിക്കേണ്ടതാണ്. “അവൻ സ്വർഗ്ഗത്തിലേക്ക് പോയതുകൊണ്ട് അവൻ ദൈവത്തിന്റെ വലത്തുഭാഗത്താകുന്നു; ദൂതൻമാരും അധികാരങ്ങളും ശക്തികളും അവന് കീഴ്പ്പെടുത്തപ്പെട്ടു” എന്ന് പത്രോസ് പറഞ്ഞു.—1 പത്രോസ് 3:22.
6. ഒരു നല്ല മന:സാക്ഷി നേടുന്നതിന് ഒരു സ്നാനാർത്ഥി എന്ത് ചെയ്തിരിക്കണം?
6 പത്രോസ് “ഒരു നല്ല മന:സാക്ഷിക്കുവേണ്ടി ദൈവത്തോട് ചെയ്യുന്ന അപേക്ഷ”യോടും സ്നാപനത്തെ ബന്ധപ്പെടുത്തി. ഒരു നല്ല മന:സാക്ഷി സമ്പാദിക്കുന്നതിന് സ്നാനാർത്ഥി തന്റെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും ഒരു തെററായ ഗതിയിൽനിന്ന് തിരിഞ്ഞുവരികയും യേശുക്രിസ്തു മുഖാന്തരം പ്രാർത്ഥനയിൽ യഹോവയാം ദൈവത്തിന് ഒരു സമ്പൂർണ്ണ സമർപ്പണം നടത്തുകയും ചെയ്യേണ്ടതാണ്. ദൈവത്തിന്റെ പ്രമാണങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ട് ഒരു സ്നാപനമേററ വ്യക്തി ആ നല്ല മന:സാക്ഷി നിലനിർത്തുന്നുവെങ്കിൽ അയാൾ യഹോവയുടെ കുററവിധി ആവശ്യമാക്കിത്തീർക്കാത്ത ഒരു രക്ഷിതാവസ്ഥയിൽ നിലനിൽക്കുന്നു.
സ്നാപനത്തിന് യോഗ്യതപ്രാപിക്കൽ
7. സ്നാപനം സംബന്ധിച്ച് ക്രൈസ്തവലോകത്തിലെ മിഷനറിമാർ എന്ത് ചെയ്തിരിക്കുന്നു?
7 ശിഷ്യരെ സ്നാപനപ്പെടുത്താൻ യേശു തന്റെ അനുഗാമികളെ നിയോഗിച്ചപ്പോൾ ആയിരക്കണക്കിന് അവിശ്വാസികളെ വെള്ളം തളിക്കാൻ അവൻ അവരോട് പറഞ്ഞില്ല. എന്നാൽ ക്രൈസ്തവലോകത്തിലെ മിഷനറിമാർ എന്താണ് ചെയ്തിരിക്കുന്നത്? 1545-ൽ ജസ്യൂട്ട് ഫ്രാൻസിസ് സേവ്യർ ഇൻഡ്യയെ സംബന്ധിച്ച് ഇങ്ങനെ എഴുതി: “തിരുവിതാംകൂർ രാജ്യത്ത് . . . ചുരുക്കംചില മാസങ്ങൾകൊണ്ട് ഞാൻ പതിനായിരത്തിലധികം പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും സ്നാപനപ്പെടുത്തിയിരിക്കുന്നു. . . . ഞാൻ ഗ്രാമങ്ങൾതോറും പോയി അവരെ ക്രിസ്ത്യാനികളാക്കി.” ‘ക്രിസ്ത്യാനികളാക്കാനുള്ള’ യേശുവിന്റെ മാർഗ്ഗം അതല്ല. ആളുകൾ സ്നാപനത്തിന് യോഗ്യതപ്രാപിക്കേണ്ടതാണ്.
8. സ്നാപനത്തിന് തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുക്കുന്നവരെ സംബന്ധിച്ച് പൗലോസിന്റെ കാനോനുകൾ എന്ന് വിളിക്കപ്പെടുന്നത് എന്ത് പറഞ്ഞു?
8 അപ്പോസ്തലാനന്തര ഘട്ടത്തിൽ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട ചിലർപോലും സ്നാപനത്തിന് തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുക്കുന്നവർ കർശനമായ വ്യവസ്ഥകൾ പാലിക്കേണ്ടതാണെന്ന് വിശ്വസിച്ചു. അങ്ങനെയുള്ള സ്നാനാർത്ഥികളെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസിന്റേതെന്ന് തെററായി ആരോപിക്കപ്പെടുന്ന ബൈബിളേതര കാനോനുകൾ പറയുന്നു: “അവരുടെ ശീലങ്ങളും ജീവിതവും അന്വേഷിക്കപ്പെടട്ടെ . . . അവർ അവിവാഹിതരാണെങ്കിൽ അവർ ദുർവൃത്തിയിലേർപ്പെടാതെ നിയമാനുസൃത വിവാഹത്തിൽ ഏർപ്പെടാൻ പഠിക്കട്ടെ. . . . ഒരു വേശ്യ വരുന്നുവെങ്കിൽ അവൾ വേശ്യാവൃത്തി ഉപേക്ഷിക്കട്ടെ, അതല്ലെങ്കിൽ അവളെ ത്യജിക്കുക. ഒരു വിഗ്രഹ ശിൽപ്പി വരുന്നുവെങ്കിൽ അയാൾ ഒന്നുകിൽ തന്റെ തൊഴിൽ ഉപേക്ഷിക്കട്ടെ, അല്ലെങ്കിൽ അയാൾ ത്യജിക്കപ്പെടട്ടെ. . . . പറയാവുന്നതല്ലാത്ത പാപങ്ങൾ സംബന്ധിച്ച് കുററക്കാരനായവൻ, . . . ഒരു മാന്ത്രികൻ, ഒരു ക്ഷുദ്രക്കാരൻ, ഒരു ജ്യോതിഷക്കാരൻ, ഒരു ആഭിചാരകൻ, മന്ത്രം ജപിക്കുന്ന ഒരുവൻ, . . . ഏലസ് നിർമ്മിക്കുന്നവൻ, ഒരു മന്ത്രവാദി, ശകുനം നോക്കുന്നവൻ, ഭാഗ്യംപറയുന്നവൻ, കൈനോട്ടക്കാരൻ . . . ,ഇവർ കുറേക്കാലത്തേക്ക് പരീക്ഷിക്കപ്പെടട്ടെ . . . അവർ ഈ ആചാരങ്ങൾ വെടിയുന്നുവെങ്കിൽ അവർ സ്വീകരിക്കപ്പെടട്ടെ, അവർ അതിന് സമ്മതിക്കുന്നില്ലെങ്കിൽ അവർ ത്യജിക്കപ്പെടട്ടെ.”
9. സഭാമൂപ്പൻമാർ സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരാളോടൊത്ത് ചർച്ചകൾ നടത്തുന്നതെന്തിന്?
9 ഇപ്പോൾ ഉദ്ധരിച്ചതരം തിരുവചനാനുസൃതമല്ലാത്ത എഴുത്തുകൾ യഹോവയുടെ സാക്ഷികൾ അനുസരിക്കുന്നില്ല, എന്നാൽ സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നവരുമായി മൂപ്പൻമാർ ചർച്ചകൾ നടത്തുകതന്നെ ചെയ്യുന്നു. എന്തിന്? ഈ ആളുകൾ ദിവ്യവ്യവസ്ഥകളിൽ എത്തിച്ചേരുന്നവരും യഹോവക്ക് ഒരു സമർപ്പണം ചെയ്തിട്ടുള്ളവരും ആണെന്ന് തിട്ടപ്പെടുത്താൻ. (പ്രവൃത്തികൾ 4:4; 18:8; 2 തെസ്സലോനിക്യർ 3:2) ഒരു വ്യക്തി സ്നാപനത്തിന് യോഗ്യനാണോ എന്ന് നിർണ്ണയിക്കാൻ നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിലെ ചോദ്യങ്ങൾ ചർച്ച ചെയ്യുന്നത് സഹായകമാണ്. അയാൾക്ക് ചില ആശയങ്ങൾ വ്യക്തമല്ലെങ്കിൽ, അല്ലെങ്കിൽ ദിവ്യനിലവാരങ്ങളോട് അയാൾ തന്റെ ജീവിതത്തെ പൊരുത്തപ്പെടുത്തിയിട്ടില്ലെങ്കിൽ ആത്മീയ സഹായം കൊടുക്കാൻ മൂപ്പൻമാർക്ക് സന്തോഷമുണ്ട്.
10. നാം സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നമുക്ക് എന്ത് മനോഭാവമുണ്ടായിരിക്കണം?
10 തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പഠിക്കാൻ സഹായിച്ചതിലുള്ള ദൈവത്തിന്റെ ദയയെ നാം വിലമതിക്കുന്നുവെങ്കിൽ നാം ഏഷ്യാ മൈനറിലെ അന്ത്യോക്യയിൽ പൗലോസ് പ്രസംഗിച്ച ആളുകളെപ്പോലെയായിരിക്കും. യഹൂദൻമാരാലുള്ള എതിർപ്പ് ഉണ്ടായിരുന്നിട്ടും “ജനതകളിൽ[ജാതികൾ]പെട്ടവർ കേട്ടപ്പോൾ, [ദൈവത്താൽ സ്വീകരിക്കപ്പെടുന്നതിനുള്ള അവസരത്തെക്കുറിച്ച്] അവർ സന്തോഷിക്കാനും യഹോവയുടെ വചനത്തെ മഹത്വപ്പെടുത്താനും തുടങ്ങി. നിത്യജീവനുവേണ്ടി ശരിയായ പ്രകൃതമുണ്ടായിരുന്ന എല്ലാവരും വിശ്വാസികളായിത്തീർന്നു.” (പ്രവൃത്തികൾ 13:48) അത്തരം വിശ്വാസികൾ സ്നാപനമേററു.
ചെറുപ്പത്തിലെ സ്നാപനം
11. ഒരു കുട്ടി ദൈവത്തിന് സമർപ്പണം നടത്തുന്നത് ഉചിതമാണോ, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നതെന്തുകൊണ്ട്?
11 “നിത്യജീവനുവേണ്ടി ശരിയായ പ്രകൃതമുള്ള”വരിൽ ചില ചെറുപ്പക്കാരും ഉൾപ്പെടുന്നു. ശമുവേലും യോഹന്നാൻ സ്നാപകനും ജനനത്തിനുമുമ്പുതന്നെ ദൈവത്തിന് അർപ്പിതരായിരുന്നെങ്കിലും തങ്ങളുടെ കുട്ടികൾക്കുവേണ്ടി മാതാപിതാക്കൾക്ക് ഒരു സമർപ്പണം നടത്താൻ കഴികയില്ലെന്ന് കുറിക്കൊള്ളേണ്ടതാണ്. (1 ശമുവേൽ 1:11, 24-28; 2:11, 18, 19; ലൂക്കോസ് 1:15, 66) എന്നാൽ, നല്ല ബൈബിൾ പരിശീലനത്തിന്റെ ഒരു ഫലമെന്ന നിലയിൽ അനേകം ചെറുപ്പക്കാർ സ്നാപനത്തിലേക്ക് പുരോഗമിക്കുന്നു. കൗമാരപ്രായത്തിൽ സ്നാപനമേററ ഒരു മിഷനറി സഹോദരി ഇങ്ങനെ എഴുതി: “ദൈവം സ്ഥിതിചെയ്യുന്നുവെന്ന് തിരിച്ചറിഞ്ഞ പ്രായം മുതൽ ഞാൻ എന്റെ സ്രഷ്ടാവിനെ സേവിക്കുന്നതിന് സമർപ്പിതയായിരുന്നുവെന്ന് എനിക്ക് തോന്നുന്നു, എന്നാൽ അവനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് കുറെ സൂക്ഷ്മപരിജ്ഞാനം നേടിയശേഷം ആ വസ്തുതയുടെ ബാഹ്യസാക്ഷ്യം എന്നനിലയിൽ ഞാൻ സ്നാപനമേൽക്കാൻ ആഗ്രഹിച്ചു. എന്നിരുന്നാലും ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്കറിയാമോ എന്ന് അമ്മ സംശയിച്ചു, അതുകൊണ്ട് വേറെ ആരെങ്കിലും സ്നാപനമേൽക്കാൻ തയ്യാറാകുന്നതുവരെ ഞാൻ കാത്തിരിക്കാൻ അമ്മ നിർദ്ദേശിച്ചു.” സ്നാപനം ആഗ്രഹിച്ച ഒരു സ്ത്രീ കണ്ടെത്തപ്പെട്ടു, ആ സഹോദരി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ആ നാളുകളിൽ സ്നാനാർത്ഥികൾക്കുവേണ്ടി പ്രത്യേക പ്രബോധന ക്ലാസ്സുകൾ ഇല്ലായിരുന്നു. എന്നിരുന്നാലും സൊസൈററിയാൽ നിയമിതനായിരുന്ന സേവന ഡയറക്ടർ . . . ഞാൻ സ്വീകരിക്കുന്ന നടപടിയുടെ ഗൗരവത്തെക്കുറിച്ച് എന്നോട് ദയാപൂർവ്വം സംസാരിക്കുകതന്നെ ചെയ്തു. വെക്കപ്പെട്ട സകല വ്യവസ്ഥകളോടും ഞാൻ ആകാംക്ഷാപൂർവ്വം യോജിച്ചു. ശോഭനമായ ഒരു ഞായറാഴ്ച ദിവസം രാവിലെ, 1921 മെയ്യിൽ [ആ സ്ത്രീയും] ഞാനും സ്നാപനമേററു.”
12. റസ്സൽ സഹോദരൻ ഒരു കുട്ടിയുടെ സമർപ്പണത്തെ എങ്ങനെ വീക്ഷിച്ചു?
12 ആയിരത്തിത്തൊള്ളായിരത്തിപതിനാലിൽ (അന്ന് വാച്ച്ടവർ സൊസൈററിയുടെ പ്രസിഡൻറായിരുന്ന) സി. ററി. റസ്സലിന് ഒരു എഴുത്ത് കിട്ടി. അതിൽ ഒരു സഹക്രിസ്ത്യാനി ദൈവത്തിന് സമർപ്പണം ചെയ്യാൻ തന്റെ 12 വയസ്സുകാരനായ പുത്രനെ പ്രോൽസാഹിപ്പിക്കണമോ എന്ന് ചോദിച്ചു. “ഞാൻ നിങ്ങളുടെ സ്ഥാനത്തായിരുന്നെങ്കിൽ ഞാൻ അവന്റെമേൽ പ്രതിഷ്ഠ [സമർപ്പണം] അടിച്ചേൽപ്പിക്കുകയില്ല. എന്നാൽ, ദൈവത്തെയും അവന്റെ സ്നേഹനിർഭരമായ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിലെത്തിയിട്ടുള്ള ബുദ്ധിശാലികളായ എല്ലാ ആളുകളും സ്വീകരിക്കേണ്ട ഉചിതമായ ഗതിയെന്ന നിലയിൽ ഞാൻ അതിനെ അവന്റെ മനസ്സിനുമുമ്പിൽ ഉയർത്തിപ്പിടിക്കുന്നതായിരിക്കും . . . പ്രതിഷ്ഠ കൂടാതെ ആരും ഒരിക്കലും നിത്യജീവൻ പ്രാപിക്കയില്ല . . . പ്രതിഷ്ഠയാൽ നിങ്ങളുടെ പുത്രൻ ഉപദ്രവിക്കപ്പെടാൻ കഴികയില്ല, എന്നാൽ അവൻ അതിയായി സഹായിക്കപ്പെട്ടേക്കാം. . . . പത്തു വയസ്സുള്ള ഒരു കുട്ടി ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമുള്ള പൂർണ്ണ പ്രതിഷ്ഠയുടെ വിലമതിപ്പിൽ പൂർണ്ണമായും തികച്ചും എത്തിച്ചേരാതിരിക്കാമെന്ന് ആർ പറയും? പിന്തിരിഞ്ഞ് നോക്കുമ്പോൾ എന്റെ മുഴുപ്രതിഷ്ഠയും അൽപ്പവുംകൂടെ കഴിഞ്ഞ്—പന്ത്രണ്ട് വയസ്സ് കഴിഞ്ഞ്—ചെയ്യപ്പെട്ടതായി എനിക്ക് കാണാൻ കഴിയും.”
13. ഈ മാസിക 95 വർഷം മുമ്പ് കുട്ടികളോട് എന്ത് പറഞ്ഞു?
13 ജൂലൈ 1, 1894-ലെ സീയോന്റെ വാച്ച്ടവർ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന് തങ്ങളുടെ ഹൃദയം കൊടുത്തിട്ടുള്ള പ്രിയരായ സകല കുട്ടികളും ചെറുപ്പക്കാരും യേശുവിനെ അനുദിനം അനുഗമിക്കാൻ ശ്രമിക്കുന്നവരുമായവർക്ക് വാച്ച്ടവർ അഭിവാദനങ്ങൾ അയക്കുന്നു. യേശുവിനെ സ്നേഹിക്കുന്നവരും അവനെ സ്നേഹിക്കുകയോ പ്രസാദിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യാത്ത മററ് കുട്ടികളുടെയിടയിൽ യേശുവിനുവേണ്ടി നിലകൊള്ളാൻ ലജ്ജിക്കാത്തവരുമായ തീരെ കുട്ടികളായ ചിലരെ ഞങ്ങൾക്കറിയാം; പരിഹസിക്കപ്പെടുമ്പോഴും അവർ രാജ്യസുവാർത്ത പങ്കുവെക്കുന്ന തങ്ങളുടെ സഹപാഠികളാൽ വിചിത്രരെന്ന് വിചാരിക്കപ്പെടുമ്പോഴും പോലും അവർ ധൈര്യമുള്ളവരും ദൈവത്തോട് വിശ്വസ്തരുമാണ്. തങ്ങളുടെ ജീവിതത്തെ കർത്താവിന് [സമർപ്പിച്ചിട്ടുള്ളവരിൽ] അത്യന്തം വിശ്വസ്തരായവരുടെയിടയിൽ ലോകത്തെയും അതിന്റെ അതിമോഹങ്ങളെയും ഉല്ലാസങ്ങളെയും പരിത്യജിച്ചിട്ടുള്ള ചില ചെറുപ്പക്കാരെ കാണുന്നതിന് ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ഓഫീസ് സഹായികളിൽ ചിലരും വിജയശാലികളായ കോൾപോർട്ടർമാരിൽ അനേകരും ഇപ്പോഴും ഇളംപ്രായക്കാരാണ്. നിങ്ങളിപ്പോഴും ചെറുപ്പമാണെങ്കിൽ പോലും യഹോവയാം ദൈവത്തിനായുള്ള നിങ്ങളുടെ സമർപ്പണത്തെക്കുറിച്ച് എന്തുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളോട് സംസാരിച്ചുകൂടാ?
മാതാപിതാക്കളുടെ ധർമ്മം
14. യഹോവക്ക് ഒരു സമർപ്പണം നടത്തുന്ന യുവജനങ്ങൾ എന്ത് പ്രയോജനങ്ങൾ അനുഭവിക്കുന്നു?
14 സ്നാപനത്തിലേക്ക് നയിക്കുന്ന, മാതാപിതാക്കളാലുള്ള മാർഗ്ഗനിർദ്ദേശം ലഭിച്ചിട്ടുള്ള കുട്ടികൾ ആസ്വദിക്കുന്ന പ്രയോജനങ്ങൾ പരിചിന്തിക്കുക. (എഫേസ്യർ 6:4) ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ലൗകിക കെണികളെയും കുരുക്കുകളെയും ഒഴിഞ്ഞുപോകാൻ അവരെ സഹായിക്കുന്നു. (1 യോഹന്നാൻ 2:15-17) അവർ ‘ജഡത്തെ മുൻനിർത്തി വിതക്കുന്നതി’ൽ നിന്ന് ലഭ്യമാകുന്ന കയ്പ്പേറിയ വിള കൊയ്തെടുക്കുന്നില്ല. (ഗലാത്യർ 6:7, 8) ഒരു ദൈവഭക്തിയോടുകൂടിയ ജീവിതം നയിക്കാൻ അവർ പഠിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അവർ ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്നു. (ഗലാത്യർ 5:22, 23) ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ അവർ അവനോട് അടുത്ത ഒരു ബന്ധം ആസ്വദിക്കുന്നു. “യഹോവയിൽ ആശ്രയിക്കാൻ” അവർ പഠിച്ചിട്ടുള്ളതുകൊണ്ട് അവർ സ്വർഗ്ഗീയ ജ്ഞാനത്താൽ വഴികാട്ടപ്പെടുകയും പ്രസാദത്തിന്റെയും സമാധാനത്തിന്റെയും വഴികളിൽ നടക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 3:5, 6, 13, 17.
15. ക്രിസ്തീയ മാതാപിതാക്കൻമാർക്ക് തങ്ങളുടെ കുട്ടികളുടെ ജീവിതത്തെ രൂപപ്പെടുത്താൻ എന്തു ചെയ്യാൻ കഴിയും?
15 യഹോവക്കുവേണ്ടിയുള്ള സമർപ്പണം യുവജനങ്ങൾക്കും വളരെ പ്രയോജനകരമായതുകൊണ്ട് തങ്ങളുടെ കുട്ടികളെ രൂപപ്പെടുത്താൻ ക്രിസ്തീയ മാതാപിതാക്കൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണം. ചെറുപ്പക്കാർ ‘തങ്ങൾ പഠിക്കയും വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്തകാര്യങ്ങളിൽ തുടരാൻ’ തക്കവണ്ണം തിമൊഥെയോസിനെപ്പോലെ ശൈശവം മുതൽ ചെറുപ്പക്കാരെ തിരുവെഴുത്തുകൾ പഠിപ്പിക്കാൻ കഴിയും. (2 തിമൊഥെയോസ് 3:14, 15) ദൈവഭക്തിയുള്ള മാതാപിതാക്കൻമാർക്ക് ദൈവത്തോടുള്ള തങ്ങളുടെ സ്വന്തം ബന്ധത്തിനും അനുഭവപരിജ്ഞാനത്തിനും പക്വമായ വിവേചനക്കും പ്രദാനം ചെയ്യാൻ കഴിയുന്നതരം പരിജ്ഞാനം തങ്ങളുടെ ചെറുപ്പക്കാർക്ക് പ്രദാനം ചെയ്തുകൊണ്ട് തങ്ങളുടെ സ്വന്തം മാതൃകായോഗ്യമായ ജീവിതത്തിന്റെ സ്വാധീനത്താൽ തങ്ങളുടെ സന്താനങ്ങളെ വലയം ചെയ്യാൻ കഴിയും. ശരിയായി നയിക്കപ്പെടുമ്പോൾ ഈ ശ്രമങ്ങൾ ചെറുപ്പക്കാരിൽ നഷ്ടമായി ഭവിക്കുന്നില്ല.—സദൃശവാക്യങ്ങൾ 22:6.
16. നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ദൃഷ്ടാന്തത്തിലും ഉപദേശത്തിലും എന്ത് കാണേണ്ടതാണ്?
16 യഹോവയുടെ സ്ഥാപനവും സാത്താന്റെ സ്ഥാപനവും തമ്മിൽ എത്ര വ്യക്തമായ വ്യത്യാസം സ്ഥിതിചെയ്യുന്നുവെന്ന് കാണാൻ മാതൃകയാലും ഉപദേശത്താലും നിങ്ങളുടെ കുട്ടികളെ സഹായിക്കുക. ഈ ലോകത്തോട് വിട്ടുവീഴ്ച പാടില്ലെന്നും അതിന്റെ നിഗൂഢകാര്യങ്ങളെയും ഭക്തികെട്ട ഉല്ലാസങ്ങളെയും അതിമോഹങ്ങളെയും സഹവാസങ്ങളെയും ക്രിസ്ത്യാനികൾ ത്യജിക്കേണ്ടതാണെന്നും അവർക്ക് കാണിച്ചുകൊടുക്കുക. (1 കൊരിന്ത്യർ 15:33; 2 കൊരിന്ത്യർ 4:2) നിങ്ങളുടെ മനോഭാവത്താലും അതുപോലെതന്നെ നിങ്ങളുടെ ഉപദേശത്താലും ദൃഷ്ടാന്തത്താലും ചെറുപ്പക്കാർ ലൗകിക ഉല്ലാസങ്ങൾ എത്ര പൊള്ളയാണെന്നും ലോകജനങ്ങൾ യഹോവയുടെ സാക്ഷികളോടുള്ള താരതമ്യത്തിൽ എത്ര വഞ്ചിതരാണെന്നും കാണട്ടെ. ദൈവം തന്റെ പരിശുദ്ധാത്മാവു മുഖാന്തരം നിങ്ങളെ എങ്ങനെ നയിച്ചിരിക്കുന്നു എന്നും ക്ലേശത്തിലേക്ക് നയിക്കുന്ന പാതകളിൽ അലഞ്ഞുതിരിയുന്നതിൽനിന്ന് നിങ്ങളെ എങ്ങനെ തടഞ്ഞിരിക്കുന്നുവെന്നും പീഡയുടെയും സങ്കടത്തിന്റെയും സമയങ്ങളിൽ നിങ്ങളെ എങ്ങനെ പുലർത്തിയിരിക്കുന്നുവെന്നും വിശദീകരിക്കുക. അഹങ്കാരത്തിന്റെയും അതിമോഹത്തിന്റെയും ചാപല്യത്തിന്റെയും വിഡ്ഢിത്തത്തിന്റെയും ലൗകികപാതകളിൽ ഗതിചെയ്യാൻ നിങ്ങളുടെ ചെറുപ്പക്കാർ അനുവദിക്കപ്പെട്ടാൽ അവർ വിശ്വാസികളായിത്തീരുമെന്ന് ചിന്തിക്കുന്നതിന്റെ തെററ് ഒരിക്കലും ചെയ്യരുത്. ഈ ലോകത്തിന് നിങ്ങളുടെ കുട്ടികളെ, കുരുക്കിലാക്കാൻ കഴിയുന്നതിനുമുമ്പ് അതിന്റെ ഹീന സ്വാധീനങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുകയും അവരുടെ പ്രീതിയും പ്രത്യാശകളും യഹോവയിൽ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുക.
സ്നാപനത്തിനുമപ്പുറം നോക്കുക
17. (എ) സ്നാപനമേററ ചില ക്രിസ്ത്യാനികൾക്ക് ഒരു ആത്മീയ പിൻമാററം അനുഭവപ്പെടുന്നതെന്തുകൊണ്ട്? (ബി) നാം നമ്മുടെ സമർപ്പണത്തെ എങ്ങനെ വീക്ഷിക്കണം?
17 ചെറുപ്പമായിരുന്നാലും പ്രായമുള്ളയാളായിരുന്നാലും ഒരു സ്നാനാർത്ഥി യഹോവയോട് വിശ്വസ്തനായി നിലകൊള്ളാൻ ആഗ്രഹിക്കുന്നു എന്നതിന് സംശയമില്ല. അങ്ങനെയെങ്കിൽ സ്നാപനമേററ ചില ക്രിസ്ത്യാനികൾക്ക് ഒരു ആത്മീയ പിൻമാററം അനുഭവപ്പെടുന്നത് എന്തുകൊണ്ട്? വിവിധ കാരണങ്ങൾ ഉൾപ്പെട്ടിരിക്കാമെങ്കിലും മൗലികമായി ഒരു കാരണം ഉണ്ടെന്ന് തോന്നുന്നു—സമർപ്പണത്തിന്റെ പൂർണ്ണമായ അർത്ഥം ഗ്രഹിക്കുന്നതിലുള്ള ഒരു പരാജയം. നാം നമ്മെത്തന്നെ ഒരു വേലക്കായി സമർപ്പിക്കുന്നില്ല. അത് നമ്മെ തിരക്കുള്ളവരാക്കുമെങ്കിലും നമ്മെ ആത്മീയരാക്കുകയില്ല. നാം ഒരു വേലക്കല്ല ഒരു വ്യക്തിക്ക്—യഹോവയാം ദൈവത്തിന്—സമർപ്പിക്കപ്പെടുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്. നമ്മുടെ സമർപ്പണത്തെ വേലയിൽ ഏർപ്പെടുന്നതിനുമുമ്പ് നാം സ്വീകരിക്കേണ്ടിയിരിക്കുന്ന ഒരു ഔപചാരിക നടപടിയായി മാത്രം വീക്ഷിക്കുന്നതിന്റെ തെററ് ഒഴിവാക്കാൻ നമ്മെ ഇത് സഹായിക്കുന്നു. ഒരു സമർപ്പണത്തെ, എപ്പോഴും കാത്തുസൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ട ഒരു മർമ്മപ്രധാനമായ ബന്ധത്തിലേക്ക് പ്രവേശിക്കുന്നതായി വീക്ഷിക്കേണ്ടതാണ്. ഈ സംഗതിയിൽ നമുക്ക് യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തമുണ്ട്. യഹോവക്ക് തന്നേത്തന്നെ ഏൽപ്പിച്ചുകൊടുത്തപ്പോഴത്തെ തന്റെ ഹൃദയംഗമമായ മനോഭാവം പ്രകടമാക്കുന്നതാണ് ഈ പ്രാവചനിക വാക്കുകൾ: “ഞാൻ വന്നിരിക്കുന്നു . . . എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യുന്നതിൽ ഞാൻ സന്തോഷിച്ചിരിക്കുന്നു, നിന്റെ നിയമം എന്റെ അന്തർഭാഗങ്ങളിൽ ഉണ്ട്.”—സങ്കീർത്തനം 40:6-8; എബ്രായർ 10:5-10.
18. ദൈവത്തിന്റെ നിയമം യേശുവിന്റെ “അന്തർ ഭാഗങ്ങളിൽ” ഉണ്ടായിരുന്നതെങ്ങനെ?
18 യഹോവയുടെ നിയമം യേശുവിന്റെ “അന്തർഭാഗങ്ങ”ളിൽ ഉണ്ടായിരുന്നത് എങ്ങനെയാണ്? നമ്മുടെ ദൈവമായ യഹോവ ഏകനാണെന്നും മറെറാരുവനുമില്ലെന്നും ഒരു യഹൂദശാസ്ത്രിയോട് പറഞ്ഞുകൊണ്ട് അവൻ യഹോവയുടെ പരമോന്നതത്വത്തെ ഊന്നിപ്പറഞ്ഞു. അനന്തരം ദൈവനിയമത്തിന്റെ സാരം യഹോവയെ നമ്മുടെ പൂർണ്ണഹൃദയത്തോടും ഗ്രാഹ്യത്തോടും ശക്തിയോടും കൂടെ സ്നേഹിക്കുന്നതും നമ്മുടെ അയൽക്കാരനെ നമ്മേപ്പോലെതന്നെ സ്നേഹിക്കുന്നതുമാണെന്ന് യേശു പ്രകടമാക്കി. (മർക്കോസ് 12:28-34) ‘ദൈവേഷ്ടം ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു’ എന്ന് യേശുവിന് പറയാൻ കഴിഞ്ഞതിന്റെ അടിസ്ഥാനകാരണം അതാണ്. ഏററവും വലിയ പരിശോധനകളും കഷ്ടപ്പാടുകളും ഗണ്യമാക്കാതെ തന്റെ ഗതിയോട് വിശ്വസ്തമായി പററി നിൽക്കാൻ അവന് കഴിഞ്ഞു, ഇത് ഒരു നല്ല വേലയാണെന്ന് അവൻ കണ്ടതുകൊണ്ട് മാത്രമല്ല, പിന്നെയോ അവന് യഹോവയാം ദൈവത്തോട് ഒരു അടുത്ത ബന്ധം ഉണ്ടായിരുന്നതുകൊണ്ട്. നാം അതുപോലെ യഹോവയുടെ പരമോന്നതത്വത്തെ അംഗീകരിക്കയും അവനെ അഭഞ്ജമായ അടുപ്പത്തോടെ സ്നേഹിക്കുകയും ചെയ്യുന്നുവെങ്കിൽ നാം നമ്മുടെ സമർപ്പണത്തിനും സ്നാപനത്തിനും അനുയോജ്യമായി ജീവിക്കുന്നതായിരിക്കും.
19. യഹോവയോടുള്ള നമ്മുടെ ബന്ധവും നാം ചെയ്യുന്ന വേലയും തമ്മിൽ എന്ത് ബന്ധമുണ്ട്?
19 തീർച്ചയായും ദൈവത്തോടുള്ള നമ്മുടെ ബന്ധവും നാം ചെയ്യുന്ന വേലയും തമ്മിൽ ഒരു ബന്ധമുണ്ട്. രാജ്യപ്രസംഗവേല ചെയ്യുന്നതിനാൽ നാം യഹോവയോടുള്ള സ്നേഹം പ്രകടമാക്കുന്നു. ഈ കാര്യത്തിൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു മുൻഅംഗമായിരുന്ന പരേതനായ ഗ്രാൻറ് സ്യൂട്ടർ ഒരിക്കൽ ഇങ്ങനെ എഴുതി: “ഞാൻ യഹോവയെ സേവിക്കുന്നതിന്റെ പദവികളെക്കുറിച്ചും അതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും [ഒരു പ്രത്യേക സഞ്ചാര മേൽവിചാരകൻ] പ്രസംഗിക്കുന്നത് കേട്ടപ്പോൾ ഞാൻ എന്ത് ചെയ്യണമെന്നും ഞാൻ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ ഞാൻ യഹോവക്ക് ഒരു വ്യക്തിപരമായ സമർപ്പണം നടത്തി. ഏതാണ്ട് അതേ സമയത്ത് എന്റെ കുടുംബത്തിലെ മററ് അംഗങ്ങളും അതു ചെയ്തു. 1926 ഒക്ടോബർ 10-ന് കാലിഫോർണിയായിലെ സാൻജോസിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് യഹോവക്കായുള്ള ഞങ്ങളുടെ സമർപ്പണത്തെ ജലനിമജ്ജനത്തിന് വിധേയരായതിനാൽ ലക്ഷ്യപ്പെടുത്തി. . . . സ്നാപനത്തിനു ശേഷം . . . സ്നാപനത്തിന്റെ മേൽനോട്ടം വഹിച്ച മൂപ്പനോട് എന്റെ പിതാവ് പറഞ്ഞു: ‘നിങ്ങൾ സാഹിത്യവുമായി പുറത്തുപോകുന്നുണ്ട്, ഇല്ലേ? ഞങ്ങളും ഇപ്പോൾ ആ വേല ചെയ്യാൻ ആഗ്രഹിക്കുന്നു.’ അങ്ങനെ ഞങ്ങളുടെ കുടുംബം വയൽശുശ്രൂഷക്ക് തുടക്കമിട്ടു.” ഇക്കാലത്ത് യോഗ്യത നേടിയ ആളുകൾ സ്നാപനത്തിനു മുമ്പുപോലും അർത്ഥവത്തായ വയൽസേവനത്തിൽ പങ്കെടുത്തു തുടങ്ങുന്നു.
സ്നാപനത്തിനു നമ്മെ രക്ഷിക്കാൻ കഴിയും
20, 21. (എ) യഹോവയുടെ അടിമകൾ ഏതു വിധത്തിൽ ‘അടയാളമിടപ്പെടുന്നു’? (ബി) ഈ “അടയാളം” എന്താണ്, അത് ഉണ്ടായിരിക്കുന്നത് എന്ത് കൈവരുത്തുന്നു?
20 “നാം യഹോവക്കുള്ളവർ” ആണെന്ന് നമുക്ക് നമ്മുടെ പ്രവൃത്തികളാൽ തെളിയിക്കാൻ കഴിയും. അതെ, രക്ഷ അവന്റെ സമർപ്പിത അടിമകളെന്ന നിലയിൽ വിശ്വസ്തമായി പ്രവർത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു! (റോമർ 6:20-23; 14:7, 8) പുരാതന കാലങ്ങളിൽ മിക്കപ്പോഴും അടിമകളുടെ നെററിയിൽ അടയാളമിട്ടിരുന്നു. ഇന്നത്തെ പ്രസംഗവേലയാൽ പ്രതിമാതൃകയിലെ ‘ചണവസ്ത്രം ധരിച്ച പുരുഷൻ’—യേശുവിന്റെ അഭിഷിക്താനുഗാമികളുടെ ശേഷിപ്പ്—ഈ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിക്കുവാനുള്ളവർക്ക് ‘അടയാള’മിട്ടുകൊണ്ടിരിക്കയാണ്. ഈ വേലയിൽ അഭിഷിക്തർ അവരുടെ കൂട്ടാളികളായ “വേറെ ആടുകളാ”ൽ സഹായിക്കപ്പെടുന്നു. (യെഹെസ്ക്കേൽ 9:1-7; യോഹന്നാൻ 10:16) “അടയാളം” എന്താണ്? അത് നാം യഹോവക്ക് സമർപ്പിതരാണെന്നും ക്രിസ്തുതുല്യ വ്യക്തിത്വമുള്ള, യേശുവിന്റെ സ്നാപനമേററ ശിഷ്യരാണെന്നുമുള്ള തെളിവാണ്.
21 വിശേഷിച്ച് ഇപ്പോൾ നമുക്ക് “അടയാള” മുണ്ടായിരിക്കേണ്ടതും അത് നിലനിർത്തേണ്ടതും മർമ്മ പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ നാം “അന്ത്യകാലത്ത്” ആഴത്തിൽ എത്തിയിരിക്കുന്നു. (ദാനിയേൽ 12:4) രക്ഷിക്കപ്പെടുന്നതിന് നമ്മുടെ ഇപ്പോഴത്തെ ജീവന്റെ അഥവാ ഈ വ്യവസ്ഥിതിയുടെ ‘അവസാനത്തോളം സഹിച്ചു നിൽക്ക’ണം. (മത്തായി 24:13) അങ്ങനെ നാം യഹോവയുടെ സാക്ഷികളെന്ന നിലയിൽ വിശ്വസ്തരായി നിലകൊള്ളുമെങ്കിൽ മാത്രമേ സ്നാപനം നമ്മെ രക്ഷിക്കുകയുള്ളു. (w89 1/15)
പുനരവലോകന ചോദ്യങ്ങൾ
□ രക്ഷിക്കപ്പെടുന്നതിന് നമ്മിൽനിന്ന് എന്ത് ആവശ്യപ്പെട്ടിരിക്കുന്നു?
□ സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നവരോടൊത്ത് മൂപ്പൻമാർ ചർച്ചകൾ നടത്തുന്നതെന്തുകൊണ്ട്?
□ മാതാപിതാക്കൻമാർക്ക് തങ്ങളുടെ കുട്ടികൾക്ക് സ്നാപനത്തിലേക്ക് നയിക്കുന്ന ആത്മീയ മാർഗ്ഗനിർദ്ദേശം കൊടുക്കുന്നതിന് എന്തു ചെയ്യാൻ കഴിയും?
□ നാം ഒരു വേലക്കുവേണ്ടി സമർപ്പണം നടത്തുന്നുവോ?
□ സ്നാപനത്തിന് നമ്മെ എങ്ങനെ രക്ഷിക്കാൻ കഴിയും?
[20-ാം പേജിലെ ചിത്രം]
സ്നാപനം നോഹയും അവന്റെ കുടുംബവും പെട്ടകത്തിൽ സംരക്ഷിക്കപ്പെട്ടതിനോട് പൊരുത്തപ്പെടുന്നതെങ്ങനെ എന്ന് നിങ്ങൾക്കറിയാമോ?
[22-ാം പേജിലെ ചിത്രം]
സമർപ്പണവും സ്നാപനവും ചെറുപ്പക്കാർക്ക് പ്രയോജനം ചെയ്യുന്നു. എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ?