ഒരു പുതിയ ലോകം—വളരെ അടുത്തിരിക്കുന്നു!
ഈ ലോകം മരണവേദനയിലാണ്! അത് യഥാർത്ഥത്തിൽ സത്യമായിരിക്കാൻ കഴിയുമോ? ശരി, ലോകാവസ്ഥകൾ ശ്രദ്ധാപൂർവം പരിചിന്തിക്കുക.
ഭൂമിയിലെ മുഴു ജനസംഖ്യയെയും പല പ്രാവശ്യം നശിപ്പിക്കാൻ വേണ്ടത്ര ന്യൂക്ലിയർ ആയുധങ്ങളുണ്ട്. അംഗോളയും മൊസാംബിക്കും പോലെ അനേകം രാജ്യങ്ങളിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും മററു ചില രാജ്യങ്ങളിലും വംശീയപോരാട്ടങ്ങൾ നടക്കുന്നു. ഭീകരപ്രവർത്തനവും ക്ഷാമവും ഭയങ്കര ജീവനാശം വരുത്തിക്കൂട്ടിക്കൊണ്ടിരിക്കുന്നു.
എയ്ഡ്സ് എന്ന സമസ്തവ്യാപക വ്യാധിയെ സംബന്ധിച്ചെന്ത്? 1987 ഒക്ടോബർ 25ലെ സൗത്താഫ്രിക്കൻ സണ്ടേ റൈറംസ അതിനെ “പുതിയ പ്ലേഗ് മരണം” എന്നു വിളിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: “ഇപ്പോൾ ആഫ്രിക്കൻ എയ്ഡ്സിന്റെ പൂർണ്ണ ഭീകരത വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു: ചില രാജ്യങ്ങളിൽ ഓരോ പത്തുപേരിലും ആറുപേർ വീതം 1994 ആകുമ്പോഴേക്ക് മരിക്കാൻ സാദ്ധ്യതയുണ്ട്.”
അങ്ങനെയുള്ള അവസ്ഥകൾനിമിത്തം ഭയം വ്യാപിച്ചിരിക്കുന്നു. കുറേ വർഷങ്ങൾക്കുമുമ്പ് നോബൽ സമ്മാനാർഹനായ ഹാരോൾഡ് സി. ഉറേ പറഞ്ഞതുപോലെ: “നാം ഭയം തിന്നും, ഭയന്നുറങ്ങും, ഭയത്തിൽ ജീവിക്കും, ഭയത്തിൽ മരിക്കും.” ഭൂമിയിൽ ജീവിച്ചിട്ടുള്ളതിലേക്കും വലിയ പ്രവാചകനായ യേശുക്രിസ്തു ഈ ലോകത്തിന്റെ അന്ത്യനാളുകളിൽ മനുഷ്യർ “ഭയത്താലും നിവസിതഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ചുള്ള പ്രതീക്ഷയാലും മോഹാലസ്യപ്പെടുമെന്ന്” അർത്ഥവത്തായി പറയുകയുണ്ടായി.—ലൂക്കോസ് 21:26.
എന്നാൽ അനേകർക്ക് ഭയമില്ല. പകരം, അവർ സന്തോഷിക്കുകയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ ലോകവ്യവസ്ഥിതി (ഭൂഗ്രഹമല്ല) അതിന്റെ അവസാനത്തോടടുത്തിരിക്കുന്നുവെന്നും ഒരു പുതിയലോകം വളരെ സമീപിച്ചിരിക്കുന്നുവെന്നും അവർക്കറിയാം. അവർക്ക് ഇത്ര ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? വളരെയധികം ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി നിമിത്തംതന്നെ.
ദൃഷ്ടാന്തമായി, യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെയും ലോകത്തിന്റെ അവസാനത്തിന്റെയും അടയാളമെന്താണെന്ന് അവനോട് ചോദിക്കപ്പെട്ടപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും.” 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത് യുദ്ധത്താൽ അന്നുവരെയുള്ളതിൽവച്ച് ഏററം വലിയ ജീവനാശം വരുത്തിക്കൂട്ടി. പോരാളികൾക്കു ഭവിച്ച നാശമോ? ദശലക്ഷക്കണക്കിനു പൗരൻമാർക്കു പുറമേ ഏതാണ്ട് 90,00,000 പേർ മരിച്ചു! എന്നാൽ രണ്ടാം ലോകമഹായുദ്ധം അതിനെക്കാൾ വിനാശകരമായിരുന്നു, ഏതാണ്ട് 5,50,00,000 പേർക്കാണ് ജീവഹാനി ഭവിച്ചത്! ഇതിനെയെല്ലാം തുടർന്ന് ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും പകർച്ചവ്യാധികളും അധർമ്മവും ഉണ്ടായിരിക്കുമെന്ന് യേശു ചൂണ്ടിക്കാട്ടി.—മത്തായി 24:7-13; ലൂക്കോസ് 21:10, 11.
ക്രിസ്തീയ അപ്പോസ്തലനായ പൗലോസും ഇപ്പോഴത്തെ ലോകാവസ്ഥകളെ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു. അവൻ ഇങ്ങനെ എഴുതി: “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ വിഷമകാലങ്ങൾ വരും. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും പണസ്നേഹികളും അഹംഭാവികളും ഗർവ്വിഷ്ഠരും, ദൂഷകരും മാതാപിതാക്കൻമാരോട് അനുസരണമില്ലാത്തവരും നന്ദിയില്ലാത്തവരും അവിശ്വസ്തരും സ്വാഭാവികപ്രിയമില്ലാത്തവരും യാതൊരു യോജിപ്പിനും മനസ്സില്ലാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരും, ഒററുകാരും, ധാർഷ്ഠ്യക്കാരും, അഹങ്കാരത്താൽ ചീർത്തവരും ദൈവപ്രിയരായിരിക്കുന്നതിനുപകരം ഉല്ലാസപ്രിയരും ദൈവഭക്തിയുടെ ഒരു രൂപമുണ്ടെങ്കിലും അതിന്റെ ശക്തിയില്ലെന്നു തെളിയുന്നവരുമായിരിക്കും; ഇവരിൽനിന്ന് അകന്നുമാറുക.” (2 തിമൊഥെയോസ് 3:1-5) ഈ വാക്കുകൾ എഴുതാൻ ദൈവം പൗലോസിനെ നിശ്വസ്തനാക്കിയതുകൊണ്ട് അവന് ഏതൽക്കാലാവസ്ഥകൾ വളരെ കൃത്യമായി മുൻകൂട്ടിപ്പറയാൻ കഴിഞ്ഞു.
അന്ത്യകാലത്തെസംബന്ധിച്ചുള്ള തന്റെ സ്വന്തം വാക്കുകളെ സംബന്ധിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ഈ കാര്യങ്ങൾ സംഭവിക്കുന്നത് നിങ്ങൾ കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് അറിയുക.” (ലൂക്കോസ് 21:31) ദശലക്ഷങ്ങൾ യേശുവിന്റെ മാതൃകാപ്രാർത്ഥന ഉപയോഗിക്കുകയും ദൈവരാജ്യം വരാൻ അപേക്ഷിക്കുകയുംചെയ്യുന്നു. (മത്തായി 6:9, 10) എന്നാൽ “ഈ രാജ്യം യഥാർത്ഥത്തിൽ എന്തു ചെയ്യും?” എന്നു ചോദിക്കുമ്പോൾ അവർക്കുത്തരമില്ല. ഇതിനു വിപരീതമായി, ഉത്സാഹപൂർവം ബൈബിൾ പഠിക്കുന്ന ദശലക്ഷങ്ങൾ രാജ്യം ഈ പഴയലോകത്തിന് അറുതിവരുത്തുമെന്നും മനുഷ്യവർഗ്ഗത്തിന് എണ്ണമററ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു പുതിയലോകം ദൃഢമായി സ്ഥാപിക്കുമെന്നും മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ എങ്ങനെ? എപ്പോൾ? (g88 11⁄15)