ദിവ്യജ്ഞാനത്തിന്റെ ഒരു പുതിയ മാനം
“ഇതിങ്കൽ യഹോവ മോശെയോട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ എന്തായി തെളിയുമോ അതാണെന്ന് തെളിയും.’ അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു: ‘യിസ്രായേൽ പുത്രൻമാരോട് നീ പറയേണ്ടതെന്തെന്നാൽ, “ഞാൻ ആയിത്തീരും എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കലേക്കയച്ചിരിക്കുന്നു.”’” (പുറപ്പാട് 3:14) ഇതിന് മുമ്പ് തന്റെ ദാസൻമാർപോലും തന്റെ നാമത്തിന്റെ മുഴു അർത്ഥവും ഗ്രഹിച്ചിരുന്നില്ല എന്ന് യഹോവ മോശെക്ക് വിശദീകരിച്ചു കൊടുത്തു. അവൻ ഉദ്ദേശ്യമുള്ള ദൈവവും തന്റെ ഹിതം എപ്പോഴും നിറവേററുന്നവനും ആണ്. സാഹചര്യം ആവശ്യപ്പെടുന്നപക്ഷം തന്റെ ഉദ്ദേശ്യം സഫലീകരിക്കുന്നതിന് തന്റെ മാർഗ്ഗങ്ങൾക്ക് വ്യതിയാനം വരുത്താനും അവന് കഴിയും. അവൻ അത്ര ജ്ഞാനിയാണ്!
ദൈവത്തിന്റെ നാമത്തിനുള്ള അർത്ഥം എന്തായിരുന്നുവെന്ന് സാത്താൻ സ്വയമെ തിരിച്ചറിഞ്ഞിരുന്നില്ല. സാദ്ധ്യതയനുസരിച്ച് ഏദെൻ തോട്ടത്തിലെ ജീവവൃക്ഷത്തെക്കുറിച്ച് അവൻ അറിഞ്ഞിട്ടുണ്ടാവണം. ആദാമിനെയും ഹവ്വായെയും അവൻ അതിനരികിലേക്ക് നയിച്ചിരുന്നെങ്കിൽ അത് യഹോവയെ പ്രതിസന്ധിയുടെ മുനയിൽ ആക്കുമായിരുന്നു: പാപം മരണത്തെ അർത്ഥമാക്കും എന്നുള്ള തന്റെ വാക്ക് നിവർത്തിക്കുകയോ അല്ലെങ്കിൽ ജീവവൃക്ഷത്തെ സംബന്ധിച്ചുള്ള തന്റെ വാക്കു പാലിക്കുകയോ ചെയ്യണമായിരുന്നു. (ഉല്പത്തി 2:9; 3:1-6) അതെങ്ങനെ വന്നു ഭവിച്ചാലും സാത്താൻ നിരാശപ്പെടേണ്ടിവരുമായിരുന്നു.
ഇപ്പോൾ തന്റെ ആത്മപുത്രൻമാരാരും പ്രതീക്ഷിക്കാതിരുന്നതും അവർക്ക് വെളിപ്പെടുത്തിയിട്ടില്ലാത്തതുമായ ഒരു ജ്ഞാനം ദൈവം പ്രകടമാക്കാൻ തുടങ്ങി. (എഫേസ്യർ 3:10 താരതമ്യം ചെയ്യുക) പറുദീസയിൽ നിത്യമായി ജീവിക്കാൻ കഴിയുന്ന സന്തുഷ്ടരും വിശ്വസ്തരുമായ മനുഷ്യരെക്കൊണ്ട്, ഭൂമിയെ നിറക്കുക എന്ന തന്റെ നിത്യോദ്ദേശ്യം നിവർത്തിക്കുന്നതിനുള്ള അവന്റെ ജ്ഞാനവും പ്രാപ്തിയും അത്ഭുതകരമായി വെളിവാക്കുന്ന അരുളപ്പാടുകളുടെയും സംഭവങ്ങളുടെയും ഒരു പരമ്പരയ്ക്ക് അവൻ നാന്ദി കുറിച്ചു. (ഉല്പത്തി 1:27, 28) തടസ്സങ്ങൾ സൃഷ്ടിക്കാനുള്ള സാത്താന്റെ പ്രവർത്തനങ്ങളെ ദൈവം അപ്പപ്പോൾ വിഫലമാക്കുമായിരുന്നു.
പാവനമർമ്മത്തിൻ ചുരുളഴിയുന്നു.
ആദ്യമത്സരത്തെത്തുടർന്ന് ഉടനെ ദൈവം ഇടപെട്ടു. കുററക്കാരായ ദമ്പതികൾക്ക് എതിരെ അവൻ ന്യായവിസ്താരം നടത്തുകയും അനുസരണക്കേടിനുള്ള മരണശിക്ഷ അവൻ നടപ്പാക്കുകയും ചെയ്തു. ആദാമും ഹവ്വായും ജീവന്റെ വൃക്ഷത്തിൽ നിന്ന് ഫലം തിന്നുന്നത് സംബന്ധിച്ചെന്ത്? “യഹോവയാം ദൈവം ഇങ്ങനെ തുടർന്നു പറഞ്ഞു: ‘ഇതാ, മനുഷ്യൻ നൻമതിൻമകളെ അറിയുന്നവനായി നമ്മിലൊരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. ഇപ്പോൾ അവൻ കൈ നീട്ടി യഥാർത്ഥത്തിൽ ജീവവൃക്ഷത്തിൽ നിന്ന് ഫലം പറിച്ചുതിന്ന് എന്നേക്കും ജീവിക്കാതിരിക്കേണ്ടതിന്,—’ ഇതോടെ യഹോവയാം ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കി.”—ഉല്പത്തി 3:17-23.
ഈ ഘട്ടത്തിൽ ദൈവം ഒരു സുവിശേഷകന്റെ അഥവാ സുവിശേഷഘോഷകന്റെ റോൾ വഹിച്ചു. അവൻ ആദ്യപ്രവചനം ഇങ്ങനെ ഉച്ചരിച്ചു: “യഹോവയായ ദൈവം സർപ്പത്തോട് പറയാൻ തുടങ്ങി: . . . ‘ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുതയുണ്ടാക്കും. അവൻ നിന്റെ തല തകർക്കുകയും നീ അവനെ കുതികാലിൽ ചതയ്ക്കുകയും ചെയ്യും.’” (ഉല്പത്തി 3:14, 15) നൂററാണ്ടുകൾക്കുശേഷം പൗലോസ് അപ്പോസ്തലൻ ഇങ്ങനെ വിശദീകരിച്ചു: “[മനുഷ്യ] സൃഷ്ടി നിഷ്ഫലതയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു, അതിന്റെ സ്വന്തഹിതപ്രകാരമല്ല, പിന്നെയോ പ്രത്യാശയുടെ അടിസ്ഥാനത്തിൽ അതിനെ കീഴ്പ്പെടുത്തിയവനാലത്രെ”—റോമർ 8:20.
ഉവ്വ്, മനുഷ്യൻ അതേത്തുടർന്ന്, ആദാമിൽനിന്ന് അവകാശപ്പെടുത്തിയ മരണത്തിൽ നിസ്സഹായനായി തളച്ചിടപ്പെടുമായിരുന്നു, പക്ഷേ ദൈവം ആദാമിന്റെ അനുസരണയുള്ള സന്തതികളെ വിടുവിക്കുന്നതിനുള്ള തന്റെ ഉദ്ദേശ്യം പ്രഖ്യാപിക്കുകയായിരുന്നു. എങ്കിലും, “പ്രത്യാശയുടെ അടിസ്ഥാനം” എന്താണ്? മനുഷ്യരെ വിടുവിക്കുന്നതിനും അതേസമയംതന്നെ തന്റെ മരണശിക്ഷാവിധി ഉയർത്തിപ്പിടിക്കുന്നതിനും അവനെങ്ങനെ കഴിയും? അതു ദൈവത്തിന്റെ ജ്ഞാനമർമ്മം ആയിരുന്നു; അതിൽ, “മുൻകാല വ്യവസ്ഥിതികൾക്കും മുൻകാല തലമുറകൾക്കും മറഞ്ഞിരുന്ന പാവന രഹസ്യം ഉൾപ്പെട്ടിരുന്നു.” (കൊലോസ്യർ 1:26; 1 കൊരിന്ത്യർ 2:7, 8) പുരാതനകാലത്ത് ജീവിച്ചിരുന്ന വിശ്വസ്തർ ആ രഹസ്യം ഗ്രഹിച്ചിരുന്നില്ലെങ്കിലും ഏതെങ്കിലും വിധത്തിൽ ദൈവം അവരെ വിടുവിക്കും എന്നവർക്ക് അറിയാമായിരുന്നു. എന്തുകൊണ്ട്, യഹോവ തന്റെ ഉദ്ദേശ്യം എങ്ങനെ നിവർത്തിക്കും എന്നറിയാൻ ദൂതൻമാർപോലും ജിജ്ഞാസുക്കളായിരുന്നു! (1 പത്രോസ് 1:10-12) നിങ്ങൾ ഈ പാവനരഹസ്യം മനസ്സിലാക്കുന്നുവോ?
മറുവിലയിലൂടെയുള്ള വീണ്ടെടുപ്പ്
നൂററാണ്ടുകളിലൂടെ, ക്രമാനുഗതമായി, യഹോവ തന്റെ ആദിമ വാഗ്ദത്തത്തോട് കൂടുതൽ വിശദാംശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. അനുസരണമുള്ള സർവ്വ മനുഷ്യജീവികൾക്കും ആരിലൂടെ അനുഗ്രഹങ്ങൾ കൈവരുമോ ആ ഒരു സന്തതിയെ വിശ്വസ്തനായ അബ്രാഹാമിന് ദൈവം വാഗ്ദാനം ചെയ്തു. (ഉൽപത്തി 22:15-18) ആ സന്തതി യഹൂദാഗോത്രത്തിലെ ഒരു രാജാവായിരിക്കുമെന്ന് യാക്കോബിലൂടെ ദൈവം വെളിപ്പെടുത്തി. (ഉല്പത്തി 49:10) ഇതോടെ ദൈവഭക്തരായ മനുഷ്യർ, അത് ഏതുവിധം സംഭവിക്കും എന്ന് മുഴുവനായി ഗ്രഹിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും മരിച്ചവരുടെ ഒരു പുനരുത്ഥാനം ഉണ്ടാകുമെന്ന് വിശ്വസിച്ചു. (ഇയ്യോബ് 14:14, 15; എബ്രായർ 11:19) ഒടുവിൽ, വരാനിരിക്കുന്ന രാജാവ്, അഥവാ മശിഹാ, ദാവീദ് വംശജൻ ആയിരിക്കുമെന്നും അവൻ അനിശ്ചിതകാലം വാഴുമെന്നും ദൈവം ദാവീദിനോട് വാഗ്ദത്തം ചെയ്തു.—2 ശമുവേൽ 7:16.
എല്ലാ പ്രവാചകൻമാരും പാവനരഹസ്യത്തോട് അൽപ്പാല്പം ഗ്രാഹ്യം കൂട്ടിച്ചേർത്തുകൊണ്ടിരുന്നു, പക്ഷേ മനുഷ്യർക്ക് ആകമാന ചിത്രം ലഭിച്ചിരുന്നില്ല. കാലാന്തരത്തിൽ, മശിഹാ പ്രത്യക്ഷപ്പെടാനുള്ള സമയം വന്നുചേരുകയും അപ്പോൾ, ദീർഘകാലത്തിനുശേഷം ഈ മഹാവൈവിധ്യമാർന്ന ദൈവജ്ഞാനം വ്യക്തതയേറിയതായിത്തീരുകയും ചെയ്തു. അത് യേശുക്രിസ്തുവിലും മനുഷ്യവർഗ്ഗത്തിന് അവന്റെ ജീവൻ ഒരു തുല്യ മറുവിലയായി പ്രദാനം ചെയ്യാനുള്ള ഏർപ്പാടിലും കേന്ദ്രീകരിച്ചിരുന്നു. അത് ഒരു ആധാരമാക്കിക്കൊണ്ട് യഹോവയുടെ രാജ്യത്തിലൂടെയുള്ള മഹത്തായ ഉദ്ദേശ്യത്തിന്റെ ശേഷഭാഗം മുന്നോട്ട് പോകുന്നു. നിങ്ങൾ ആ മറുവിലയെ ഗ്രഹിക്കുന്നുവോ?
റോമർ 5-ഉം 6-ഉം അദ്ധ്യായങ്ങളിൽ പൗലോസ് ഒരു നല്ല വിശദീകരണം നൽകുന്നു. റോമർ 5:12-ൽ നമ്മുടെ അവകാശപ്പെടുത്തപ്പെട്ട പാപത്തെയും മരണത്തെയും കുറിച്ച് അവൻ വിശദീകരിക്കുന്നു. പൂർണ്ണ മനുഷ്യനായ ആദാം ചെയ്ത കേവലം ഒരു പാപം നിമിത്തം ഉണ്ടായ പരിണിതഫലത്തെയും അവന്റെ സന്തതികളുടെ ജീവനഷ്ടത്തെയും മറെറാരു പൂർണ്ണ മനുഷ്യ ജീവൻകൊണ്ട് എങ്ങനെ സന്തുലനം ചെയ്യാനാകും എന്ന് കാണിച്ചുകൊണ്ട് അവൻ തുടരുന്നു. അത് “മനുഷ്യനായ യേശുക്രിസ്തു”വിന്റെ ജീവനാണെന്നു തെളിഞ്ഞു. (15-21 വരെയുള്ള വാക്യങ്ങൾ; 1 തിമൊഥെയോസ് 2:5, 6-ഉം കൂടെ കാണുക) യേശുവിന് ഈ മറുവില പ്രദാനം ചെയ്യാൻ കഴിയുമായിരുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യേശു ദൈവപുത്രനായിരുന്നത് കൂടാതെ അവൻ “വിശ്വസ്തനും നിർദ്ദോഷനും നിർമ്മലനും പാപികളോട് വേറിട്ടവനും ആയിരുന്നു.” (എബ്രായർ 7:26; ലൂക്കോസ് 1:32, 33) യേശുവിന്റെ ജനനത്തിന്റെ ജനിതക വിശദാംശങ്ങളെക്കുറിച്ച് (genetic details) വിശദീകരിക്കാൻ നാം തുനിയേണ്ട ആവശ്യം ഇല്ല. ദൈവത്തിന് യാതൊന്നും അസാദ്ധ്യമല്ല എന്ന് ഗബ്രിയേൽ ദൂതൻ യേശുവിന്റെ അമ്മയായ മറിയക്കും നമുക്കും ഉറപ്പ് നൽകിയിട്ടുണ്ട്. (ലൂക്കോസ് 1:37) അതുകൊണ്ട്, യേശു ആദാമിന്റെ സന്തതിയായ ഒരു സ്ത്രീയിൽ നിന്നാണ് ജനിച്ചതെങ്കിലും ദൈവപുത്രനായിരുന്നു—യഥാർത്ഥത്തിൽ ഒരു പൂർണ്ണതയുള്ള മനുഷ്യൻതന്നെ. യെരൂശലേം ദേവാലയത്തിൽ അഹരോന്യ പുരോഹിതൻമാർ യാഗമർപ്പിച്ചിരുന്ന അസംഖ്യം മൃഗങ്ങളുടെ രക്തത്തെക്കാൾ അനേകമടങ്ങ് വിലയേറിയതായിരുന്നു അവന്റെ രക്തം അഥവാ ജീവൻ. അവൻ “ലോകത്തിന്റെ പാപത്തെ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായിരുന്നു.”—യോഹന്നാൻ 1:29; 3:16.
ദൈവത്തിന് യേശുവിലൂടെ ഈ ക്രമീകരണം ചെയ്യുന്നതിനും അതേസമയം നീതികാക്കുന്നതിനും കഴിയുമോ? ദൈവം മൂന്നാം ദിവസം തന്റെ പുത്രനെ ഉയർത്തെഴുന്നേൽപ്പിച്ചെങ്കിൽ മറുവിലക്ക് എന്തു സംഭവിച്ചു? ദൈവം നീതിമാൻതന്നെ എന്ന് പൗലോസ് നമുക്കുറപ്പ് നൽകുന്നു. അവന്റെ ന്യായവാദം ശ്രദ്ധിക്കുക: “യേശുക്രിസ്തുവിലൂടെ സമ്പാദിച്ച വിടുതൽ മുഖേന, തന്റെ കരുണയാൽ സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വാസത്താൽ പ്രയോജനം നേടാവുന്ന ഒരു അനുരജ്ഞനയാഗമെന്നവണ്ണം അവൻ പരസ്യമായി മരിക്കുന്നതായി ദൈവം കാണിച്ചു. ഇത് അവന്റെ സ്വന്തനീതി സംസ്ഥാപിക്കുന്നതിനുവേണ്ടി ആയിരുന്നു. (അവന്റെ ദീർഘക്ഷമയിൽ മനുഷ്യരുടെ മുൻപാപങ്ങളെ കണക്കിടാതെ വിട്ടു)—ഇക്കാലത്ത് അവന്റെ നീതി സംസ്ഥാപിക്കുന്നതിനും, താൻ നേരുള്ളവനെന്ന് സ്വയം തെളിയിക്കുന്നതിനും യേശുവിൽ വിശ്വാസമുള്ളവരെ താൻ നേരുള്ളവരാക്കിത്തീർക്കാൻ ഇടയാകുന്നതിനും തക്കവണ്ണം.” (റോമർ 3:24-26, ആൻ അമേരിക്കൻ ട്രാൻസ്ലേഷൻ) ഇപ്പോൾ, ഇതിന്റെ അർത്ഥം എന്താണ്? ഒരു പൂർണ്ണതയുള്ള, മാംസരക്തങ്ങളോട് കൂടിയ മനുഷ്യൻ, എന്നനിലയിൽ യഥാർത്ഥത്തിൽ ഒരു മനുഷ്യനായിത്തന്നെ യേശു മരിക്കുകയും ഒരു മനുഷ്യനെന്നനിലയിൽ മരിച്ചവനായി എന്നേക്കും തുടരുകയും ചെയ്യുന്നു എന്നുതന്നെ. “അവൻ എന്നെന്നേക്കുമായി ഒരിക്കൽ തന്നെത്തന്നെ അർപ്പിച്ചപ്പോൾ” അവൻ മരിച്ചു. (എബ്രായർ 7:27) അതുകൊണ്ട് മറുവില സാധുവാണ്. യേശു ജഡത്തിൽ മരിച്ചു; മൂന്നാം ദിവസം അവൻ “ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു.”—1 പത്രോസ് 3:18.
പുതിയ ഉടമ്പടിയും പുതിയ സൃഷ്ടിയും
പാവന രഹസ്യത്തിന്റെ മകുടം ചാർത്തുന്ന ഭാഗമാണ് ഇപ്പോൾ നാം കാണുന്നത്. മരണത്തോളം യേശു വിശ്വസ്തനായിരുന്നത്, അവനെ യഹോവയുടെ മഹാപുരോഹിതനും രാജാവും ആയിരിക്കാൻ യോഗ്യനാക്കുന്നു. അവന്റെ ചൊരിയപ്പെട്ട രക്തത്തിലൂടെ അവൻ പുതിയ ഉടമ്പടിക്ക് നിയമ പ്രാബല്യം നൽകുന്നു. യേശുവിനോടൊപ്പം രാജാക്കൻമാരും പുരോഹിതൻമാരും ആയിരിക്കാനുള്ള സ്വർഗ്ഗീയ സഹകാരികളെ ഉളവാക്കുക എന്നതാണ് ഈ ഉടമ്പടിയുടെ ഉദ്ദേശ്യം. (വെളിപ്പാട് 5:9, 10; 20:4, 6) അവർ ഒരു പുതിയ ജനത, “ഒരു പുതിയ സൃഷ്ടി” ആയിത്തീരുന്നു, അതു തീർച്ചയായും ഒരു മഹാകാര്യം തന്നെ!—ഗലാത്യർ 6:15, 16.
പരിചിന്തിക്കുക: മനുഷ്യവർഗ്ഗത്തിനിടയിൽനിന്ന് ദൈവം, പുരുഷൻമാരും സ്ത്രീകളും അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ ക്രിസ്തുയേശുവിലൂടെ തെരഞ്ഞെടുക്കുന്നു. അവന് അവരെ നിയമാനുസരണം നീതിമാൻമാരായി പ്രഖ്യാപിക്കുകയും ആത്മീയ പുത്രൻമാരെന്ന് വിളിക്കുകയും ചെയ്യാം. അവരുടെ മരണത്തിനുശേഷം ദൈവത്തിന്റെ തക്കസമയത്ത് അവൻ അവരെ സ്വർഗ്ഗത്തിലേക്ക് പുനരുത്ഥാനം ചെയ്യിക്കുകയും യേശുവിന് താൻ പ്രതിഫലം നൽകിയതുപോലെ അവർക്കും അമർത്ത്യത പ്രദാനം ചെയ്യുകയും ചെയ്യുന്നു. (1 പത്രോസ് 1:3, 4) അവന്റെ “പുതിയ സൃഷ്ടി”യിലും തന്നോടുള്ള അവരുടെ വിശ്വസ്തതയിലും അവന് എന്തു ശുഭാപ്തി വിശ്വാസം ആണുള്ളത്! യഹോവയുടെ മുമ്പാകെ അവരെ വ്യാജമായി കുററമാരോപിച്ചവനെതിരെ എന്തൊരുത്തമ മറുപടി! (വെളിപ്പാട് 12:10) യേശുക്രിസ്തുവിനോടൊപ്പം അവരും അമർത്ത്യരാണെങ്കിലും അവർ യഹോവയോട് ഒരിക്കലും അവിശ്വസ്തരായിത്തീരുകയില്ല. എന്നാൽ ഇതോടെ തീർന്നില്ല.
പറുദീസാ ഭൂമി
ക്രിസ്തുയേശു, അവന്റെ സഹസ്വർഗ്ഗീയ രാജാക്കൻമാരോടും പുരോഹിതൻമാരോടും ഒപ്പം തന്റെ സഹസ്രാബ്ദവാഴ്ചയിൽ മനുഷ്യനെയും ഭൂമിയെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം പൂർണ്ണമായി നിവർത്തിക്കാൻ ശ്രമിക്കും. തന്റെ മറുവിലയുടെ പ്രയോജനം ബാധകമാക്കിക്കൊണ്ട് യേശു മരിച്ചവരെ പുനരുത്ഥാനം ചെയ്യിക്കുകയും അവരിൽ വിശ്വസ്തരായവരെയും ഈ ദുഷിച്ച വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നവരെയും മാനുഷിക പൂർണ്ണതയിലേക്ക് കൊണ്ടുവരികയും ചെയ്യും. അതേസമയത്ത്, ഭൂമി ഒരു പറുദീസയായി മാററപ്പെടും. അനന്തരം തങ്ങളെ മലിനപ്പെടുത്താനുള്ള സാത്താന്റെ അന്തിമ പരിശ്രമത്തെ എതിർക്കുന്ന സകലർക്കും എന്നെന്നേക്കും പൂർണ്ണമാനുഷജീവൻ പ്രദാനം ചെയ്യപ്പെടും. സാത്താനും അവന്റെ ദുഷ്ട സമൂഹവും എന്നെന്നേക്കുമായി നശിപ്പിക്കപ്പെടും. യഹോവയുടെ പരമാധികാരത്തെയും സ്നേഹത്താലുള്ള അവന്റെ വാഴ്ചയെയും സമ്പൂർണ്ണമായ, സംസ്ഥാപിക്കുമാറ് ശാന്തിയും ഐക്യവും സർവ്വസൃഷ്ടിയിലും നിലനിൽക്കും. ദൂതൻമാരും മനുഷ്യരും അവരുടെ സ്രഷ്ടാവും ദൈവവും ആയവനോട് വിശ്വസ്തമായ സ്നേഹം പ്രകടമാക്കിയിരിക്കും.—വെളിപ്പാട്, 20-ാം അദ്ധ്യായം.
നമുക്ക് ഇപ്പോൾ പാവനരഹസ്യത്തെ മെച്ചമായി മനസ്സിലാക്കാൻ കഴിയുന്നു. സസ്യലോകത്തിലും ജന്തുലോകത്തിലും ഉള്ള തന്റെ സൃഷ്ടിപരമായ രൂപകൽപ്പനകളെപ്പോലും അതിശയിപ്പിക്കുന്ന യഹോവയുടെ ജ്ഞാനം നാം ഇപ്പോൾ കാണുന്നു. നമുക്ക് ഇങ്ങനെ ഉദ്ഘോഷിക്കാൻ നല്ല കാരണമുണ്ട്: “ഹാ, ദൈവത്തിന്റെ ധനം ജ്ഞാനം അറിവ് എന്നിവയുടെ ആഴമെ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയം . . . എന്തെന്നാൽ സർവ്വസ്വവും അവനിൽനിന്നും അവനാലും അവനുവേണ്ടിയുമത്രെ. അവന് എന്നെന്നേക്കും മഹത്വം. ആമേൻ.”—റോമർ 11:33-36. (w87 4/15)
[7-ാം പേജിലെ ചിത്രം]
പൂർണ്ണനായ ആദാമിനാലുള്ള ഏകപാപത്തിന്റെ ഫലവും ജീവനഷ്ടവും സന്തുലനം ചെയ്യാൻ കഴിയും. എങ്ങനെ? മറെറാരു പൂർണ്ണമനുഷ്യജീവനിലൂടെ, യേശുവിന്റെ തന്നെ