ദൈവത്തിന്റെ ജ്ഞാനം—നിങ്ങൾക്കത് കാണാൻ കഴിയുന്നുവോ?
ഒരു പുരാതന രാജാവിന്റെ രാജസദസ്സ് ഭാവനയിൽ കാണുക. അവിടെ രാജവസ്ത്രമണിഞ്ഞ് തന്റെ മഹിമാസനത്തിൽ ഇരുന്നുകൊണ്ട് രാജൻ അദ്ധ്യക്ഷം വഹിക്കുന്നു. അവൻ തന്റെ ധനത്തെപ്രതി മാത്രമല്ല തന്റെ ജ്ഞാനം ഹേതുവായും വിഖ്യാതനാണ്. അവന്റെ സദസ്സ്യ ഭൃത്യരെല്ലാം കുററമററവിധം സജ്ജീകൃതരായി നിൽക്കുന്നു. ആ രംഗ ഗാംഭീര്യം വിസ്മയാവഹമാണ്. കാൺമിൻ: ശലോമോൻ രാജാവിനെ!—1 രാജാക്കൻമാർ 10:1-9; 18-20.
ഇപ്പോൾ, മഹോപദേഷ്ടാവായി മതിക്കപ്പെടുന്ന യേശുക്രിസ്തു എന്ന മനുഷ്യനെ ശ്രദ്ധിക്കുക: “വസ്ത്രത്തെച്ചൊല്ലി നിങ്ങൾ വ്യാകുലപ്പെടുന്നതെന്തിന്? വയലിലെ ലില്ലിപ്പുഷ്പങ്ങളിൽ നിന്ന് ഒരു പാഠം പഠിപ്പിൻ, അവ എങ്ങനെ വളരുന്നു; അവ അദ്ധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും അവന്റെ സർവ്വമഹത്വത്തിലും ഇവയിലൊന്നിനോളം ചമഞ്ഞിരുന്നില്ല എന്ന് ഞാൻ നിങ്ങളോട് പറയുന്നു.”—മത്തായി 6:28, 29.
യേശു അങ്ങനെ പറഞ്ഞതിന്റെ അർത്ഥം എന്തായിരുന്നു? തീർച്ചയായും ഭൗതിക ചിന്തയിൽ ആമഗ്നരായിത്തീരാതിരിക്കാൻ അവൻ ബുദ്ധിയുപദേശം നൽകുകയായിരുന്നു. എന്നാൽ ശലോമോനെക്കുറിച്ചുള്ള വാക്കുകൾ അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുമോ? യേശു യഥാർത്ഥ ജീവിത ദൃഷ്ടാന്തങ്ങൾ ആണ് ഉപയോഗിച്ചത് എന്നോർക്കുക. അതുകൊണ്ട് ശലോമോന്റെ രൂപകൽപ്പനാവിദഗ്ദ്ധർക്കോ അലങ്കാരപ്പണിക്കാർക്കോ, അവർ അഥവാ നിപുണരായിരുന്നാൽത്തന്നെയും, രൂപഭംഗി, വർണ്ണവിന്യാസം ആകൃതിപ്പൊരുത്തം എന്നിവയിൽ പ്രകൃതിയുടെ ചുററുപാടിൽ വളർന്ന് നിൽക്കുന്ന “വയലിലെ ലില്ലിപ്പുഷ്പ”ങ്ങളോട് കിടനിൽക്കുന്ന ഒന്നും ചമയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
യഹോവയുടെ ജ്ഞാനത്തിന്റെ ദൃശ്യരൂപങ്ങൾ
പുഷ്പങ്ങളുടെ ഒരു കേവല പരിശോധനപോലും യേശുവിന്റെ പ്രസ്താവനയെ പിന്താങ്ങാൻ നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. ഏതിനം ലില്ലിപ്പുഷ്പമായിരുന്നു യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്ന് നമുക്കറിയില്ലെങ്കിലും ഭൂമിയുടെ മിക്ക ഭാഗത്തും പൂക്കൾ ധാരാളം ഉണ്ട്. ഏതെങ്കിലും ഒരു പുഷ്പത്തെ സൂക്ഷ്മമായി ഒന്നു നോക്കുക: ഒരു ലില്ലി, ഒരു റോസ് അല്ലെങ്കിൽ ഒരു ഓർച്ചിഡ്. എത്ര നേർമ്മയാർന്ന വർണ്ണച്ഛായകൾ, വിദളങ്ങളും ഇലകളും മററുപുഷ്പഭാഗങ്ങളും മററും ഒത്തിണങ്ങുന്ന എത്ര സൂക്ഷ്മ സുന്ദരങ്ങളായ രൂപകൽപ്പനകൾ. ഈ മനോജ്ഞമായ കൈവേലക്ക് പിന്നിൽ അപരിമേയമായ ജ്ഞാനവും ഭാവനാശേഷിയുമുള്ള ഒരു മഹാരൂപകൽപ്പനാവിദഗ്ദ്ധൻ ഉണ്ടെന്നുള്ളതിന്റെ നിശബ്ദവും എന്നാൽ ശക്തവുമായ തെളിവ് നിങ്ങൾക്ക് കാണാൻ കഴിയുന്നുവോ? അവയുടെ സൗന്ദര്യത്തിൽ നമ്മുടെ കണ്ണുകൾ മതിമറക്കുന്നതു കൂടാതെ നമ്മുടെ നാസാദ്വാരങ്ങൾ നാം ശ്വസിക്കുന്ന വായുവിലൂടെ അവയുടെ പരിമളഗന്ധം ഉൾക്കൊള്ളുകയും ചെയ്യുന്നു.
യഹോവയാം ദൈവത്തിന്റെ “അദൃശ്യഗുണങ്ങൾ ലോകസൃഷ്ടി മുതൽക്കേ വ്യക്തമായി കാണപ്പെടുന്നു. കാരണം അവ ഉണ്ടാക്കപ്പെട്ട വസ്തുക്കളിലൂടെ ദൃശ്യമാണ്” എന്ന് അപ്പോസ്തലനായ പൗലോസ് നിരീക്ഷിച്ചു. (റോമർ 1:20) പക്ഷേ, ഭൂമിയെ അണിയിച്ചൊരുക്കാൻ ദൈവം പൂക്കൾ കൂടാതെ മററനവധി കാര്യങ്ങൾ സൃഷ്ടിച്ചു; സർവ്വത്ര പ്രയോജനപ്രദങ്ങളായ എണ്ണമററ വൃക്ഷലതാദികളുടെ ഒരു ഹരിതമനോഹരമായ സാമ്രാജ്യം അവൻ ഉണ്ടാക്കി. ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ഹാംബോർട്ട് നാഷണൽ ഫോറസ്ററ് നിങ്ങൾ സന്ദർശിക്കാൻ ഇടയായാൽ ലോകത്തിലെ ഏററവും ഉയരമുള്ള വൃക്ഷം എന്നു കരുതപ്പെടുന്ന ഒരു കൂററൻ റെഡ്വുഡ് വൃക്ഷം നിങ്ങൾക്ക് കാണാം. നിങ്ങൾക്ക് ആ വൻവൃക്ഷത്തിന്റെ അടിവാരത്തുനിന്നുകൊണ്ട് 360 അടി (110മീ.) യിലധികം ഉയരത്തിലുള്ള അതിന്റെ മേലഗ്രത്തേക്ക് കണ്ണുയർത്തി നോക്കാനാകുമായിരുന്നുവെങ്കിൽ അത്തരം ഒരു വൃക്ഷം ഉണ്ടാക്കുന്നവിധം അറിഞ്ഞിരുന്നവനെ നിങ്ങൾ മൗനമായി സ്തുതിക്കുമായിരുന്നില്ലേ?
മൃഗങ്ങളുടെ സഹജജ്ഞാനം
ദൈവത്തിന്റെ ജ്ഞാനത്തോട് നമ്മിൽ മതിപ്പ് തോന്നാനിടയാക്കുന്ന ചെറുതും വലുതുമായ മൃഗങ്ങൾ കരയിലും കടലിലും ഉണ്ട്. കണ്ടിടത്തോളം അവയോരോന്നും ദൈവത്തിന്റെ ഏതെങ്കിലും ഉദ്ദേശ്യം നിറവേററുന്നു. ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ ബുദ്ധിയുപദേശം നൽകി: “മടിയാ നീ ഉറുമ്പിന്റെ അടുത്തു ചെല്ലുക; അതിന്റെ വഴികൾ കണ്ട് ബുദ്ധിപഠിക്കുക.” (സദൃശവാക്യങ്ങൾ 6:6) ഉറുമ്പിനെ നിരീക്ഷിച്ചിട്ടുള്ളവർ അതിന്റെ സംഘാടക പ്രാപ്തി കണ്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഉറുമ്പുകൾ ഏകാന്തതാപ്രിയരല്ല; അവ കൂട്ടംകൂട്ടമായി വസിക്കുന്നു. അവരിൽ ചിലർ കൃഷിക്കാരാണ്, അവർ വിത്തുശേഖരണം നടത്തുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചില ഉറുമ്പുകൾ അവയുടെ കൂട്ടിലേക്ക് കൊണ്ടുപോകാൻ തിരക്കിട്ട് ഇലകളുടെ അററങ്ങളും മററും മുറിച്ചെടുക്കുന്നത് നിങ്ങൾക്ക് കാണാം. ഇത് ചെയ്യാൻ അവർ അറിയുന്നതെങ്ങനെ? സദൃശവാക്യങ്ങളുടെ രചയിതാക്കളിൽ ഒരാളായ ആഗൂർ, ഉറുമ്പിന് “സഹജജ്ഞാനമുണ്ട്” എന്ന് ഉത്തരം നൽകുന്നു. അവയെ ആ വിധത്തിൽ സൃഷ്ടിച്ചതാരാണ്? ആകാശത്തിന്റെയും ഭൂമിയുടെയും നിർമ്മാതാവായ യഹോവ.—സദൃശവാക്യങ്ങൾ 30:24, 25.
ഉവ്വ്, മൃഗ സൃഷ്ടികൾക്ക് സഹജജ്ഞാനമുണ്ട്. പക്ഷികളുടെ ദേശാന്തരയാനത്തിൽ ഇത് വളരെ പ്രകടമായി കാണുന്നു. കാപ്പിസ്ട്രാനോയിലെ മീവൽ പക്ഷിയുടെ ദേശാടനത്തെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും. ഓരോ വർഷവും ഒരു പ്രത്യേക സമയത്ത് തെക്കെ അമേരിക്കയിലുള്ള അവയുടെ ശൈത്യകാല താവളങ്ങളിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ യാത്ര ചെയ്ത് ഐക്യനാടുകളിലെ കാലിഫോർണിയായിലുള്ള സാൻ ജുവാൻ കാപ്പിസ്ട്രാനോവിലേക്ക് വന്നുചേരുന്നു. മാർച്ച് മാസത്തിലെ അതേ സമയത്ത് അതേ സ്ഥലത്ത് അവർ ലവലേശം പിഴയ്ക്കാതെ സഹജജ്ഞാനത്തോടെ എല്ലായ്പ്പോഴും എത്തുന്നു.
വിശാലസമുദ്രത്തെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഓ യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര അനവധി! അവയെല്ലാററിനെയും ജ്ഞാനത്തിൽ നീ ഉണ്ടാക്കിയിരിക്കുന്നു. ഭൂമി നിന്റെ നിർമ്മിതികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഗംഭീരവും വിശാലവുമായ സമുദ്രത്തിലോ ചരിക്കുന്ന ജന്തുക്കൾ അസംഖ്യം ഉണ്ട്.” (സങ്കീർത്തനം 104:24, 25) ചെറിയ പരൽ മത്സ്യങ്ങൾ തൊട്ട് വമ്പൻ തിമിംഗലങ്ങൾ വരെയുള്ള മത്സ്യങ്ങളിൽ, അവയുടെ രൂപഭംഗിയിലും ധർമ്മങ്ങളിലും ദിവ്യജ്ഞാനം നിഴലിച്ചു കാണാം.
ഭൂമിയിലെ ദൈവത്തിന്റെ മകുടം ചാർത്തുന്ന സൃഷ്ടി മനുഷ്യനാണ്. അന്തർനിർമ്മിതമോ സഹജമോ ആയ ജ്ഞാനത്താൽ പ്രവർത്തിക്കാത്ത ഒരു സൃഷ്ടി ആണവൻ. അനേക വിധങ്ങളിൽ ദൈവത്തെപ്പോലെ ആയിരിക്കുന്നതിനുള്ള പ്രാപ്തി അവനുണ്ടായിരുന്നു. ഒരു “ഭയങ്കരമായ വിധത്തിൽ” അവൻ അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് അവനെക്കുറിച്ച് പറയുന്നത് എത്ര സത്യമാണ്! നാം വൈദ്യശാസ്ത്രജ്ഞൻമാരല്ലെങ്കിൽത്തന്നെയും അവരുടെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് വായിച്ചറിയുന്നതിനും നിശ്വസ്ത എഴുത്തുകാരന്റെ നിഗമനങ്ങളിൽ എത്തുന്നതിനും നമുക്ക് കഴിയും. മനുഷ്യശരീരത്തിൽ പ്രതിഫലിക്കുന്ന ദൈവത്തിന്റെ പ്രവൃത്തികൾ ആശ്ചര്യപൂർവ്വകങ്ങളാണ്.—സങ്കീർത്തനം 139:14.
യഹോവയുടെ സ്വർഗ്ഗീയ ജ്ഞാനം
ആകാശങ്ങൾ ദൈവമഹത്വം ഘോഷിക്കുന്നു എന്ന് സങ്കീർത്തനം 19:1 പ്രസ്താവിക്കുന്നു. എത്രയോ ശരി! സങ്കീർത്തനക്കാരനായ ദാവീദിന്റെ പക്കൽ ദൂരദർശിനികളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും തനിക്ക് കാണാൻ കഴിഞ്ഞ കാര്യങ്ങളോട് ആദരപൂർവ്വകമായ വിലമതിപ്പ് അവനുണ്ടായിരുന്നു. സൗരയൂഥത്തെ സംബന്ധിച്ചും നമ്മുടെ മഹാതാരാപംക്തിയായ ക്ഷീരപഥത്തെക്കുറിച്ചും, ഇന്നുള്ള ഒരു ശരാശരി മനുഷ്യൻ, ദാവീദ് അറിഞ്ഞിരുന്നതിനേക്കാൾ വളരെയധികം അറിയുന്നു. ശൂന്യാകാശത്തിന്റെ അനന്ത വിഹായസ്സിൽ എണ്ണിയാലൊടുങ്ങാത്ത ഇതര മഹാനക്ഷത്ര വ്യൂഹങ്ങളും ഉണ്ടെന്നും അവനറിയുന്നു. ഈ മഹാനും അതുല്യനും ആയ രൂപകൽപ്പനാവിദഗ്ദ്ധന്റെ ജ്ഞാനത്തെക്കുറിച്ച് നിങ്ങൾ പരിചിന്തിക്കുമ്പോൾ നിങ്ങൾക്കെന്തു തോന്നുന്നു? ആദരനിർഭരമായ സ്വരത്തിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയുമോ: ‘യഹോവേ, നീ “ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും എണ്ണമില്ലാത്ത അത്ഭുതകാര്യങ്ങളും ചെയ്യുന്നു?,” നിങ്ങൾക്കതിന് കഴിയേണ്ടതാണ്.—ഇയ്യോബ് 9:10.
ഏതോ വിദൂരയുഗങ്ങളിൽ യഹോവ അവന്റെ സൃഷ്ടിക്രിയകൾക്ക് ആരംഭമിട്ടു, ആദ്യം തന്റെ ഏകജാതപുത്രനെയും തുടർന്ന് തന്റെ ആത്മസൃഷ്ടികളിൽ ശേഷമുള്ളവരെയും. ഭൗതിക പ്രപഞ്ചത്തിന്റെ സൃഷ്ടി ഇതേത്തുടർന്ന് വന്നു. എല്ലാം ക്രമത്തിലും ശാന്തിയിലും ആയിരുന്നു. എന്തിന്, ദൈവത്തിന്റെ ദൂതപുത്രൻമാർ ഭൂമിക്ക് അടിസ്ഥാനമിട്ടനാളിൽ ഹർഷാരവത്തോടെ അവരുടെ വിലമതിപ്പ് വിളിച്ചറിയിച്ചു! (ഇയ്യോബ് 38:4-7) മനുഷ്യനും സ്ത്രീയും ഒരു പൂർണ്ണതയുള്ള ഉദ്യാനത്തിൽ സൃഷ്ടിച്ചാക്കിവയ്ക്കപ്പെട്ടു, അതോടെ ഒരു ഞെട്ടലുളവാക്കുന്ന സംഭവം നടന്നു. അദൃശ്യ ലോകത്തുനിന്ന് ഒരു ശബ്ദം, ഒരു സർപ്പത്തിലൂടെ സംസാരിച്ചുകൊണ്ട് മഹാസ്രഷ്ടാവിനെ ദുഷിച്ചു. യഹോവ അവന്റെ പരമാധികാരം ദുരുപയോഗപ്പെടുത്തുകയാണ് എന്നു അത് ആരോപിച്ചു, അത് ദൈവത്തെ ഒരു നുണയൻ എന്ന് വിളിച്ചു. അതുകൊണ്ട് ആ ശബ്ദത്തിന്റെ ഉടമ, പിശാച്, സർപ്പം, സാത്താൻ എന്നിങ്ങനെ ഹീനമായ പേരുകൾക്ക് അർഹനായി. സർവ്വജ്ഞാനിയായവൻ ഇപ്പോഴെന്ത് ചെയ്യും? അവന് എന്തു ചെയ്യാൻ കഴിയും? മുമ്പെതന്നെ ശലോമോന്റെ മഹത്വത്തെക്കാൾ മികച്ചുനിന്ന വിശിഷ്ട രൂപകൽപ്പനകളെപ്പോലും നിഷ്പ്രഭമാക്കുന്ന ജ്ഞാനത്തിന്റെ ഒരു പുതിയ മാനം ആവശ്യമായിരിക്കുന്നു.—ഉല്പത്തി 3:1-5. (w87 4/15)
[4-ാം പേജിലെ ആകർഷകവാക്യം]
ചെറിയ പരൽ മത്സ്യങ്ങളിൽ തുടങ്ങി വൻതിമിംഗലങ്ങളിൽ വരെ, രൂപധർമ്മങ്ങളിൽ ദിവ്യജ്ഞാനം പ്രതിഫലിച്ചു കാണുന്നു