സ്ത്രീകൾ ജോലിസ്ഥലങ്ങളിൽ—പരിശോധനകളും വെല്ലുവിളികളും
“കഴിഞ്ഞ മൂന്നു പതിററാണ്ടുകളായി അത്ഭുതപൂർവ്വകമായ അളവിൽ സ്ത്രീകൾ ഔദ്യോഗിക തൊഴിലാളി അണികളിൽ ചേർന്നുകൊണ്ടിരുന്നു.“ ഗവേഷകസംഘടനയായ വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ടിന്റെ റിപ്പോർട്ടാണിത്. “സമ്പന്ന രാജ്യങ്ങളിലും ദരിദ്രരാജ്യങ്ങളിലും വേതനത്തെ പ്രതി ജോലി ചെയ്യാൻ പണപ്പെരുപ്പം സ്ത്രീകളെ പ്രേരിപ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ആ റിപ്പോർട്ട് തുടരുന്നു. അല്ലെങ്കിൽ ഒരു നൈജീരിയൻ വനിത പറഞ്ഞതുപോലെ: “ഞാൻ പുറത്തുപോയി പണിയെടുക്കാതെ നിർവ്വാഹമില്ല, സാമ്പത്തിക ഞെരുക്കം അത്ര രൂക്ഷമാണ്.”
ബൈബിൾ കാലങ്ങളിലെ “സാമർത്ഥ്യമുള്ള ഭാര്യയെ”പ്പോലെ തങ്ങളുടെ കുടുംബത്തിന്റെ ക്ഷേമത്തിന് ആവശ്യമായ സാമ്പത്തിക സംഭാവന ചെയ്യാൻ പല സ്ത്രീകളും സന്തോഷമുള്ളവരാണ്. (സദൃശവാക്യങ്ങൾ 31:10, 16, 24) ചിലർക്ക് ഒരു ജോലിയുണ്ടായിരിക്കുകയെന്നത് ഒരു വെല്ലുവിളിയും അതേസമയം ഒരു തൃപ്തിയും ആണ്. ലൗകിക ജോലിക്ക് അതിന്റേതായ പ്രയോജനങ്ങൾ ഉള്ളതുപോലെതന്നെ അതിന് ദൂഷ്യങ്ങളും ഉണ്ട്.
ഉദാഹരണത്തിന് ഒരു സ്റേറാർ മാനേജരായ ഒരു വനിത ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ തൊഴിലിനെ സ്നേഹിക്കുന്നു. എന്റെ യജമാനൻ ശ്രേഷ്ഠനും എന്റെ ഓഫീസ് മനോഹരവും ആണ്. പക്ഷേ എന്റെ ജോലി, എനിക്ക് കൊടുക്കാൻ കഴിയുന്നതിനേക്കാളധികം സമയം എന്നിൽ നിന്ന് കവർന്നെടുക്കുമ്പോൾ ഞാനതിനെ വെറുത്തുപോകുന്നു, കാരണം അതിനുശേഷം എന്നെ കാത്തിരിക്കുന്ന വേറൊരു ജോലി വീട്ടിലെനിക്കുണ്ട്—ഒരു ഭാര്യയും അമ്മയും എന്ന നിലയിൽ.” എന്നിട്ടും, പല സ്ത്രീകളും അവരുടെ തൊഴിൽ, ഭവനം, കുടുംബം എന്നിവക്കുവേണ്ടി സമർത്ഥമായിത്തന്നെ കരുതുന്നു. അക്കാര്യത്തിൽ അവരെ ഊഷ്മളമായി അഭിനന്ദിക്കേണ്ടതുണ്ട്.a
ലൗകികജോലികൾ പക്ഷേ, സ്ത്രീകളെ ജോലിസ്ഥലത്തിന്റെ തനതായ ചില പ്രശ്നങ്ങളോട് നിരന്തര സമ്പർക്കത്തിൽ വരുത്തുന്നു. കടുത്തമത്സരത്തിന്റെയോ അല്ലെങ്കിൽ കഠിനമായ അവഗണനയുടെയോ അന്തരീക്ഷത്തിൽ പണിയെടുക്കാൻ നിർബ്ബന്ധിതരായിത്തീരുമ്പോൾ ഒരു സമനിലയോടുകൂടിയ മനോഭാവം കാത്തുസൂക്ഷിക്കുന്നു എന്നതാണ് പലരും നേരിടുന്ന ഒരു വെല്ലുവിളി. ഉന്നമനം കൈവരിക്കുന്നതിനുള്ള അഥവാ മുന്നേറുന്നതിനുള്ള ഒരാഗ്രഹം, തങ്ങളുടെ തൊഴിലിനെ ജീവിതത്തിന്റെ മുഖ്യശ്രദ്ധാകേന്ദ്രം ആക്കാൻ ചില സ്ത്രീകളെ പ്രേരിപ്പിച്ചിട്ടുണ്ട്.
ചിലപ്പോൾ തൊഴിൽസ്ഥലം അധാർമ്മിക സമ്മർദ്ദങ്ങളുടെ ഒരു സ്ഥലവും ആയിരിക്കാം. അധഃപതിപ്പിക്കുന്ന സംഭാഷണത്തിന്റെ അനുദിന പ്രസരത്തിൻ മദ്ധ്യേ അകപ്പെട്ട് പോകുന്നു എന്നതാണ് ജോലിചെയ്യുന്ന സ്ത്രീകളുടെ പൊതുവെയുള്ള ഒരു പരാതി. ഇതിലേറെ മോശമായി ചിലർ നിരന്തരമായ ലൈംഗിക പീഡ അനുഭവിക്കുന്നു. “ഞാൻ ആദ്യം ജോലിചെയ്യാൻ തുടങ്ങിയപ്പോൾ” എന്ന് പറഞ്ഞുകൊണ്ട് ഒരു ക്രിസ്തീയ വനിത ഇങ്ങനെ അനുസ്മരിച്ചു, “ഞാനായിരുന്നു ഓഫീസ്സിലെ ഏക സ്ത്രീ. പുരുഷൻമാർ ദുർധ്വനിയുള്ള അഭിപ്രായങ്ങൾ പറയുമായിരുന്നു, അത് എനിക്ക് സഹിക്കാനാകുമായിരുന്നില്ല.”
ദിനംപ്രതി ഇവയെല്ലാം നേരിടേണ്ടിവരുന്ന സ്ത്രീകൾക്ക് ഇത് യഥാർത്ഥ ഉൽക്കണ്ഠയ്ക്കുള്ള ഒരു കാരണം ആണ്, വിശേഷിച്ച് ക്രിസ്തീയ പ്രമാണങ്ങൾ കാക്കാൻ ആഗ്രഹിക്കുന്നവർക്ക്. സന്തോഷവശാൽ, അവർക്ക് യഥാർത്ഥ സഹായത്തിനുള്ള ഉറവിടം ഉണ്ട്. (w87 3/15)
[അടിക്കുറിപ്പുകൾ]
a “ജോലിക്കാരായ ഇണകൾ—വെല്ലുവിളികളെ നേരിടുന്നു” എന്നുള്ള ഫെബ്രുവരി 8, 1985-ലെ ഞങ്ങളുടെ കൂട്ടുമാസികയായ ഉണരുക!യുടെ ലക്കത്തിലെ ചർച്ചാവിഷയം കാണുക.