നിങ്ങളുടെ കുട്ടികളെ പ്രതി നിങ്ങൾ വ്യാകുലപ്പെടുന്നുവോ?
തീർച്ചയായുമുണ്ട്! നിങ്ങളുടെ കുട്ടികളെ അപകടപ്പെടുത്തുന്നതായി നിങ്ങൾക്കറിവുള്ള പ്രശ്നങ്ങളിൽ രോഗം, മയക്കുമരുന്നുപയോഗം, കുററകൃത്യം എന്നിവ കേവലം മൂന്നെണ്ണം മാത്രമാണ്. തങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് ചിന്തയുണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്—അവരെ പ്രതി വ്യാകുലപ്പെടുന്നതുപോലും.
ബൈബിൾ കാണിക്കുന്നപ്രകാരം, ചരിത്രത്തിലുടനീളം മിക്ക മാതാപിതാക്കൾക്കും തോന്നിയിരിക്കുന്നതിങ്ങനെയാണ്. യാക്കോബ് യോസേഫിനെ അവന്റെ സഹോദരൻമാരെക്കുറിച്ച് തിരക്കാൻ അയച്ചത് യാക്കോബ് അവരെക്കുറിച്ച് കരുതൽ ഉള്ളവനായിരുന്നതുകൊണ്ടായിരുന്നു. (ഉല്പത്തി. 37:13, 14) ഇയ്യോബിന്റെ മക്കൾ സ്വന്ത കുടുംബങ്ങളുണ്ടായിരുന്ന മുതിർന്നവരായിരുന്നിട്ടുപോലും അവൻ അവരെക്കുറിച്ച് വ്യാകുലപ്പെട്ടു. അവൻ ഇങ്ങനെ ചിന്തിച്ചു: “ഒരുപക്ഷേ എന്റെ പുത്രൻമാർ പാപം ചെയ്ത് അവരുടെ ഹൃദയത്തിൽ ദൈവത്തെ ശപിച്ചിട്ടുണ്ടാവും.”—ഇയ്യോബ് 1:4, 5.
എന്തിന്, യോസേഫും മറിയയും അവരുടെ പൂർണ്ണതയുള്ള പുത്രനായ യേശുവിനെക്കുറിച്ച് ചിന്തയുള്ളവരായിരുന്നില്ലേ! വാസ്തവത്തിൽ യേശുവിന് 12 വയസ്സായിരുന്നപ്പോൾ ഒരു സന്ദർഭത്തിൽ അവനെ കാണാതായപ്പോൾ അവർ പ്രത്യേകിച്ച് വ്യാകുലപ്പെട്ടു. എങ്കിലും തങ്ങളുടെ കുട്ടിയായ യേശു അവർക്ക് ഒരു ബഹുമതി ആയിരുന്നു, അവർക്ക് സ്വയം നിന്ദിക്കാൻ യാതൊരു കാരണവുമില്ലായിരുന്നു. നമുക്ക് ആ സ്മരണീയമായ സന്ദർഭത്തിൽ സംഭവിച്ചതെന്തെന്ന് കൃത്യമായി കാണുകയും അതിൽ നിന്ന് ആധുനിക മാതാപിതാക്കൾക്ക് എന്ത് പാഠങ്ങൾ പഠിക്കാൻ കഴിയും എന്ന് പരിചിന്തിക്കുകയും ചെയ്യാം.
ഒരു നഷ്ടപുത്രൻ
നിങ്ങൾ ഒരു പിതാവോ മാതാവോ ആണെങ്കിൽ, “മകനെ, നീ ഇത് ഞങ്ങളോട് ചെയ്തതെന്ത്? നിന്റെ അപ്പനും ഞാനും നിന്നെ കണ്ടെത്താനുള്ള ശ്രമത്തിൽ ഭയങ്കരമായി വ്യാകുലപ്പെട്ടുവല്ലോ” എന്ന് മറിയ ശാസനാ രൂപത്തിൽ യേശുവിനോട് പറഞ്ഞപ്പോൾ അവൾക്കുണ്ടായിരുന്ന വികാരങ്ങളോട് നിങ്ങൾക്ക് സഹതപിക്കാൻ കഴിഞ്ഞേക്കും. യേശു, യോസേഫിൽ നിന്നും മറിയയിൽ നിന്നും വേർപെട്ടിട്ട് മൂന്നു ദിനങ്ങളായിക്കഴിഞ്ഞിരുന്നു. ആ 12 വയസ്സുകാരൻ എവിടെപ്പോയി എന്നതിനെച്ചൊല്ലി അവർ ആശങ്കാകുലരായതെന്തുകൊണ്ട് എന്ന് നിങ്ങൾക്ക് വിലമതിക്കാൻ കഴിയും.—ലൂക്കോസ് 2:48, ററഡെയ്സ് ഇംഗ്ലീഷ് വേർഷൻ.
മറിയക്കും യോസേഫിനും യേശുവിനെ നഷ്ടപ്പെട്ടതെന്തുകൊണ്ടായിരുന്നു? ഒരു പ്രശസ്ത വ്യാഖ്യാതാവ് ഇതിന് അവരെ വിമർശിച്ചു, ഇങ്ങനെ എഴുതിക്കൊണ്ട്: “തങ്ങളുടെ പക്കൽ എത്ര വിലയേറിയ ഒരു നിധിയാണുണ്ടായിരുന്നത് എന്നറിഞ്ഞുകൊണ്ട് അതിലേക്ക് ശ്രദ്ധിക്കാൻ അവർ ഇത്ര ദീർഘിച്ചതെന്തുകൊണ്ടായിരുന്നു? മാതൃസഹജമായ വാത്സല്യവും തരളമായ ഉത്ഖണ്ഡയും എവിടെ?” പക്ഷെ, വാസ്തവത്തിൽ, നാം കാണാൻ പോകുന്നതുപോലെ വൃത്താന്തത്തിന്റെ അടുത്ത വിശകലനം യോസേഫിനെയും മറിയയെയും ഗുരുതരമായ കുററാരോപണത്തിൽനിന്ന് വിമുക്തരാക്കുന്നു.
മറിയയെ ബൈബിൾ ഒരു ശ്രേഷ്ഠയായ സ്ത്രീ ആയും ഒരു നല്ല മാതാവായും കാണിക്കുന്നു എന്നതാണ് വസ്തുത. ഗബ്രിയേൽ ദൂതൻ യേശുവിന്റെ ജനനത്തെക്കുറിച്ച് മുൻകൂട്ടിപ്പറയാൻ വന്നപ്പോൾ അവൾ “ദൈവമുമ്പാകെ പ്രസാദം കണ്ടെത്തിയിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (ലൂക്കോസ് 1:28, 30) ഈ പ്രത്യേക മനുഷ്യ—ശിശുവിന് ജൻമം നൽകുന്നതിനുള്ള നിയോഗം, അവനെ വളർത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള ഭാരിച്ച ഉത്തരവാദിത്തത്തോടൊപ്പം അവൾ സന്നദ്ധതയോടെ സ്വീകരിച്ചു. അവൾ എളിമയും ദൈവത്തിൽ ശക്തമായ വിശ്വാസവും ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നു. യേശുവിന്റെ ജനനശേഷം, യഹോവയുടെ നിയമം ആവശ്യപ്പെടുന്നതെല്ലാം “അതെഴുതിയിരിക്കുന്നത് പോലെ” അവൾ ചെയ്തു.—ലൂക്കോസ് 1:38, 45-48; 2:21-23, 39.
മറിയയെ വിവാഹം ചെയ്യുകയും യേശുവിന്റെ വളർത്തു പിതാവായിത്തീരുകയും ചെയ്ത യോസേഫ് എന്ന മനുഷ്യനും യഹോവയുടെ ദൂതനുമായി നാലു പ്രാവശ്യം സമ്പർക്കം പുലർത്തിയ ശ്രേഷ്ഠനായ ഒരു നീതിയുള്ള മനുഷ്യനായിരുന്നു. (മത്തായി 1:19, 20; 2:13, 19, 22) യഹോവ യോസേഫിനെയും മറിയയെയും തന്റെ വിലയേറിയവനായ ഏകജാതപുത്രനെ പോററിവളർത്താൻ തെരഞ്ഞെടുത്തുവെന്ന് ഓർമ്മിക്കുക. ദിവ്യജ്ഞാനത്തിൽ തന്റെ പുത്രൻ വളരാൻ നന്നായി സഹായിക്കുന്ന ഒരു ദമ്പതികളെ തെരഞ്ഞെടുക്കുന്നതിൽ കുറഞ്ഞ എന്തെങ്കിലും ദൈവത്തിന് ചെയ്യാനാകുമായിരുന്നോ?
തീർച്ചയായും ഇന്ന് മാതാപിതാക്കൾ, തങ്ങളുടെ കുട്ടികൾക്ക് ചുററുമുള്ള അപകടകരവും കുററകൃത്യഭരിതവുമായ പരിസ്ഥിതി നിമിത്തം അവരെക്കുറിച്ച് വ്യാകുലപ്പെടുന്നു. അവരുടെ കുട്ടികൾ യേശുവിനെപ്പോലെ പൂർണ്ണരല്ല എന്നും അവർക്കറിയാം. എന്നാൽപോലും നമുക്ക് യോസേഫിന്റെയും മറിയയുടെയും യേശുവിന്റെയും ദൃഷ്ടാന്തത്തിൽനിന്ന് പ്രയോജനം നേടാം. (w 87/2/15)