സത്യവിശ്വാസത്തിനു് നിങ്ങള എങ്ങന സഹായിക്കാൻ കഴിയും
“സഭകൾ അപ്രസക്തമായിത്തീരുകയാണോ? കാനഡായിലെ വാങ്കുവറിൽ 1983-ൽ നടന്ന സഭകളുടെ ലോക കൗൺസിലിന്റെ ആറാം സമ്മേളനത്തിൽ സംബന്ധിച്ച ശേഷം സ്വതന്ത്ര പത്രപ്രവർത്തകനായ പോൾ ഫ്രോം അപ്രകാരം ചോദിച്ചു. അയാളുടെ ചോദ്യത്തിന്റെ കാരണമോ? ഈ കൗൺസിൽ മിക്കവാറും രാഷ്ട്രീയം മാത്രമാണ് കൈകാര്യം ചെയ്തത് എന്ന വസ്തുതതന്നെ. ഫ്രോം ഇപ്രകാരം പറഞ്ഞു:“പ്രമുഖ പ്രൊട്ടസ്റ്റന്റ് സഭകൾ.... യേശുക്രിസ്തുവിന്റെ സുവിശേഷത്തെ നീക്കി തൽസ്ഥാനത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആധുനിക സുവിശേഷം സ്ഥാപിച്ചിരിക്കുന്നു.”
രാഷ്ട്രീയത്തിലേക്കുള്ള മതത്തിന്റെ രംഗപ്രവേശം പരമ്പരാഗത മതങ്ങളിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന താല്പര്യത്തെ വീണ്ടും ജ്വലിപ്പിക്കുന്നതിനുള്ള സാഹസികമായ ഒരു സംരംഭമാണെന്നു തോന്നുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് സംഘടിത മതത്തിലുള്ള വിശ്വാസം വാസ്തവത്തിൽ ക്ഷയിച്ചുപോയിരിക്കുന്നുവെന്ന് ലോകത്തെമ്പാടുനിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നിരുന്നാലും ഇത് ബൈബിൾ വിദ്യാർത്ഥികളെ ആശ്ചര്യപ്പെടുത്തുന്നില്ല.“നിയമരാഹിത്യത്തിന്റെ വർദ്ധനവു നിമിത്തം അധികം പേരുടെ സ്നേഹം തണുത്തു പോകും” എന്ന് യേശു പ്രവചിച്ചു. (മത്തായി 24:12) ഈ ‘തണുപ്പിന്റെ’ ഒരു ഫലമെന്ന നിലയിൽ വളരെ കുറച്ചു പേർ മാത്രമേ തങ്ങളുടെ ജീവിതത്തിൽ സ്വാധീനമുണ്ടായിരിക്കാൻ മതത്തെ അനുവദിച്ചിട്ടുള്ളൂ, ഒരു വിവാഹത്തിനോ ശവസംസ്ക്കാരത്തിനോ ഇടയ്ക്കിടെയ്ക്കു അവർ പള്ളിയിൽ പോകുന്നെങ്കിൽ തന്നെയും—ലൂക്കോസ് 18:8 താരതമ്യം ചെയ്യുക
എന്നാൽ മിക്ക സംഘടിത മതങ്ങളിലുമുള്ള വിശ്വാസം നിരാശയിലേക്ക് നയിച്ചിരിക്കുന്നുവെന്നിരിക്കെ യേശു ഇപ്രകാരം പ്രസ്താവിച്ചു: “നല്ല വൃക്ഷമൊക്കെയും നല്ല ഫലം കായ്ക്കുന്നു. ചീത്ത വൃക്ഷമൊക്കെയും കൊള്ളാത്ത ഫലം ഉല്പാദിപ്പിക്കുന്നു; ഒരു നല്ല വൃക്ഷത്തിന് കൊള്ളാത്ത ഫലവും ചീത്ത വൃക്ഷത്തിനു നല്ല ഫലവും ഉല്പാദിപ്പിക്കാൻ കഴിയുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിൽ ഇടുന്നു. അങ്ങനെ യഥാർത്ഥത്തിൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ മനുഷ്യരെ തിരിച്ചറിയും.” (മത്തായി 7:17-20) ‘ചീത്തഫലം’ ഉല്പാദിപ്പിക്കുന്ന ഒരു ആരാധനാരീതിയുള്ളതുപോലെ “നല്ല ഫലം”ഉല്പാദിപ്പിക്കുന്ന ഒരു മതപരമായ ജീവിതഗതിയും ഉണ്ടെന്നുള്ളതു കുറിക്കൊള്ളുക. ഒടുവിൽ പറഞ്ഞത്, വിശ്വാസമുള്ള വ്യക്തിക്ക് യഥാർത്ഥ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. അത്തരം വിശ്വാസം ഏതാണ്, അതിന്റെ ചില പ്രയോജനങ്ങൾ ഏവയാണ്?
വിശ്വാസത്തിനുള്ള അടിസ്ഥാനം
ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഒരുവൻ ഏതിലേക്ക് ജനിച്ചോ അതാണ് അയാളുടെ വിശ്വാസം. എന്നാൽ സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിശ്വാസം എന്നത് സമ്പാദിച്ചെടുക്കുന്നതും വളർത്തിയെടുക്കുന്നതുമാണ്. അവരുടെ കാര്യത്തിൽ വിശ്വാസം എന്നത് ഒരു നിഘണ്ടു നിർവ്വചിക്കുന്നതുപോലെ “തെളിവില്ലാത്ത എന്തിലെങ്കിലുമുള്ള ദൃഢമായ ബോധ്യം”അല്ല. നേരെമറിച്ച് ആദിമ ക്രിസ്തീയ സുവിശേഷകനായ പൗലോസ് ഇങ്ങനെ എഴുതി: “വിശ്വാസം ആശിക്കപ്പെടുന്ന കാര്യങ്ങളുടെ ഉറപ്പുലഭിച്ച പ്രതീക്ഷ, കാണപ്പെട്ടിട്ടില്ലെങ്കിലും യാഥാർത്ഥ്യങ്ങളുടെ പ്രസ്പഷ്ട പ്രകടനം ആകുന്നു.”(എബ്രായർ 11:1) നമ്മുടെ വിശ്വാസം യാഥാർത്ഥ്യത്തിന്മേൽ അടിസ്ഥാനപ്പെട്ടതാണെന്ന് ഇതർഥമാക്കുന്നു.
ദൃഷ്ടാന്തത്തിന്, ദൈവത്തെ സമീപിക്കുന്നവൻ “അവൻ ഉണ്ടെന്ന് വിശ്വസിക്കണം.” (എബ്രായർ 11:6) അനേകർ ഒരു ദൈവമുണ്ടെന്നുള്ള ആശയത്തെ പരിഹസിക്കുന്നു. “നിങ്ങൾക്ക് കാണാൻ കഴിയാത്ത ദൈവത്തിൽ എന്തിന് വിശ്വസിക്കണം?” എന്ന് അവർ പറയുന്നു. എങ്കിലും അതുപോലെതന്നെ അദൃശ്യമായിരിക്കുന്ന ടെലിവിഷൻ തരംഗങ്ങളിൽ വിശ്വസിക്കുന്നതിന് അവർക്ക് യാതൊരു പ്രയാസവുമില്ല. അവർക്ക് തീർച്ചയായും അവരുടെ ടെലിവിഷൻ സെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും ഈ അദൃശ്യ തരംഗങ്ങളുടെ ഫലങ്ങൾ കാണുന്നതിനും കഴിയും! അതുപോലെതന്നെ സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൈവത്തിലുള്ള അവരുടെ വിശ്വാസം വെറും ക്ഷണിക വിശ്വാസമോ അന്ധവിശ്വാസമോ അല്ല. പൗലോസ് ദൈവത്തെക്കുറിച്ച് ഇപ്രകാരം വിശദീകരിക്കുന്നു: “അവന്റെ അദൃശ്യ ഗുണങ്ങൾ ലോകസൃഷ്ടിമുതൽ വ്യക്തമായി കാണപ്പെടുന്നുണ്ട്, എന്തെന്നാൽ അവ, അവന്റെ നിത്യശക്തിയും ദൈവത്വവും പോലും നിർമ്മിക്കപ്പെട്ടവ മുഖേന ഗ്രഹിക്കപ്പെടുന്നു. അവർ ഒഴികഴിവില്ലാത്തവരായിരിക്കേണ്ടതിന് തന്നെ.” (റോമർ 1:20) ദൈവം അദൃശ്യനാണെങ്കിലും നിങ്ങൾക്ക് ചുറ്റുപാടും, ഒരു വിദഗ്ദ്ധ രൂപസംവിധായകൻ, ഒരു അമാനുഷ ബുദ്ധി, അതുല്യമായ ശക്തിയുള്ള ഒരു സ്രഷ്ടാവ് ഉണ്ടെന്നുള്ളതിന് സമൃദ്ധമായ ദൃശ്യ തെളിവുകളുണ്ട്.
എങ്കിലും നമ്മുടെ വിശ്വാസം നമുക്ക് യഥാർഥത്തിൽ പ്രയോജനം ചെയ്യണമെങ്കിൽ അതു ദൈവത്തിലുള്ള വെറും ബോധ്യത്തേക്കാൾ കവിഞ്ഞതായിരിക്കണം.(യാക്കോബ് 21:19) ദൈവവചനമെന്ന നിലയിൽ നമുക്ക് വിശുദ്ധ ബൈബിളിലും വിശ്വാസമുണ്ടായിരിക്കണം. (യോഹന്നാൻ 17:17) ഈ വിശ്വാസം വികാരത്തിലോ ചെറുപ്പത്തിലെ മതപരമായ പരിശീലനത്തിലോ അല്ല, പിന്നെയോ ദിവ്യഗ്രന്ഥകർതൃത്വത്തിലേക്ക് വിരൽ ചൂണ്ടുന്ന തിരുവെഴുത്തുകളുടെ അനേകം വശങ്ങൾ സംബന്ധിച്ച പരിജ്ഞാനത്തിൽ അധിഷ്ഠിതമായിരിക്കണം. “സകല കാര്യങ്ങളും നിശ്ചയപ്പെടുത്താൻ” ബൈബിൾതന്നെ അതിന്റെ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു.—1 തെസ്സലോനീക്യർ 5:21.
വിശുദ്ധ തിരുവെഴുത്തുകളുടെ സംഗതിയിൽ നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയും? ഏതാണ്ട് 40 വ്യത്യസ്ത ദൈവദാസന്മാരുടെ ഒരു ലേഖന പരമ്പരയാണ് ബൈബിൾ എന്ന വസ്തുതത നിങ്ങൾ ആദ്യംതന്നെ പരിഗണിക്കണം. അയിരത്തിയറുനൂറു വർഷത്തെ ഒരു കാലഘട്ടം കൊണ്ടാണ് എഴുതിയതെങ്കിലും എഴുത്തുകാർ ഒരു പൊതു വിഷയം പിൻപറ്റി—ദൈവരാജ്യം എന്നതുതന്നെ. അവർ ഒരിക്കലും പരസ്പരവൈരുദ്ധ്യം എഴുതിയില്ല. ഇത് ദിവ്യ ഗ്രന്ഥകർതൃത്വത്തെ സൂചിപ്പിക്കുന്നില്ലേ? കൂടാതെ ഭൂമിയിൽ ജീവനുള്ള വസ്തുക്കൾ പ്രത്യക്ഷപ്പെട്ടതിന്റെ ക്രമം പോലുള്ള കാര്യങ്ങൾ വിശദീകരിക്കുകയിൽ ബൈബിൾ ശ്രദ്ധാർഹമായ കൃത്യത പ്രകടമാക്കുന്നു, ആധുനിക ശാസ്ത്രം സ്ഥരീകരിച്ചിട്ടുള്ള വസ്തുതതന്നെ. (ഉല്പത്തി 1-ാം അദ്ധ്യായം )ബൈബിൾ ഭാവി സംഭവങ്ങൾ രേഖപ്പെടുത്തുന്നുവെന്ന വസ്തുത അതിലും വിസ്മയകരമാണ്.! തങ്ങൾ എഴുതിത് എന്തെന്ന് തങ്ങൾക്ക് മനസ്സിലായില്ല എന്ന് ചില എഴത്തുകാർതന്നെ ഏറ്റു പറഞ്ഞു; എന്നാൽ അവർ എഴുതിയത് സത്യമായിരുന്നു. കാരണം അവർ ദിവ്യ നിശ്വസ്തതയിൽ എഴുതി!—ദാനീയേൽ 12:8; 2 പത്രോസ് 1:20, 21.
എന്നിരുന്നാലും അനേകരുടെ സംഗതിയിൽ ബൈബിളിൽ വിശ്വാസമുണ്ടായിരിക്കുന്നതിന് അത്യധികം പ്രേരണ നൽകുന്നത് അതിലെ ബുദ്ധ്യുപദേശം ഫലപ്രദമാണെന്നുള്ളതാണ്! നിങ്ങൾ ഇതു പഠിക്കുകയും ബാധകമാക്കുകയും ചെയ്യുമളവിൽ ബൈബിൾ നിങ്ങളുടെ ജീവിതത്തിൽ നന്മയിലേക്കുള്ള ശക്തമായ ഒരു പ്രേരണാശക്തി പ്രയോഗിക്കും. ഇതിന് നിങ്ങളുടെ സ്നേഹിതരെയും പരിചയക്കാരെയും അമ്പരപ്പിച്ചേക്കാവുന്ന മാറ്റങ്ങൾ വരുത്താൻ നിങ്ങളെ സഹായിക്കാൻ കഴിയും “ദൈവവചനം ജീവനുള്ളതും ശക്തിപ്രയോഗിക്കുന്നതും ആകുന്നു” എന്ന് പൗലോസ് പറഞ്ഞതു ഒട്ടും അതിശയമല്ല.( എബ്രായർ 4:12) സത്യ വിശ്വാസത്തിനും അതുകൊണ്ട് പാറപോലെ ഉറപ്പുള്ള ഒരു അടിസ്ഥാനമുണ്ട്. എങ്കിലും നിങ്ങൾക്ക് എങ്ങനെ ആ വിശ്വാസം നട്ടുവളർത്താൻ കഴിയും?
വിശ്വാസത്തിൽ വളരൽ
കാലവും കാലാവസ്ഥയും നല്ലതായിരിക്കുമ്പോൾ ഒരു കർഷകൻ വിത്തു നടുന്നു. പെട്ടന്നുതന്നെ ചെടികൾ മുളച്ചുവരാൻ തുടങ്ങുന്നു. വേണ്ട പരിപാലനം കൊടുക്കുമ്പോൾ അവ വളർന്നു ശക്തിപ്രാപിക്കുകയും പൂർണ്ണവളർച്ചയിലെത്തി പുഷ്ടിച്ച് ഫലം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്. ഒരു വ്യക്തിയുടെ ഹൃദയനില നന്നായിരിക്കുകയും വിശ്വാസത്തിന്റെ വിത്തു നടുകയും ചെയ്യുമ്പോൾ അത് വളരണമെങ്കിൽ ഈ വിശ്വാസത്തെ പരിപാലിക്കേണ്ടതുണ്ട്. ഇതു ചെയ്യാൻ കഴിയുന്ന ചില വിധങ്ങൾ ഏവയാണ്?
വിശ്വാസം പരിശുദ്ധാത്മാവിന്റെ ഒമ്പതു് ഗുണങ്ങളിൽ ഒന്നാണെന്ന് ബൈബിൾ വിശദീകരിക്കുന്നു. (ഗലാത്യർ 5:22, 23) ഒരുവന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് എങ്ങനെ ലഭിക്കുന്നു? യേശു തന്റെ നാളിലെ ശ്രോതാക്കളോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ ദുഷ്ടാരാണെങ്കിലും നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുക്കേണ്ടതെങ്ങനെയെന്ന് അറിയുന്നു, സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും!” (ലൂക്കോസ് 11:13) അതുകൊണ്ട് പ്രാർത്ഥനയിൽ ദൈവത്തോട് അവന്റെ പരിശുദ്ധാത്മാവിനുവേണ്ടി അപേക്ഷിക്കുക! ദൈവാത്മാവ് ഉണ്ടായിരിക്കുന്നതിന്റെ ഒരു സ്വാഭാവിക ഫലമെന്ന നിലയിൽ വിശ്വാസം വികാസം പ്രാപിക്കും. യഹോവയാം ദൈവത്തോടു ഒരു ബന്ധം വികസിപ്പിച്ചെടുക്കുന്നതും പ്രധാനമാണ്. അതിന് അവന്റെ വചനം സത്യമായി പഠിക്കുകയും അത് അനുസരിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. സങ്കീർത്തനക്കാരൻ ദൈവവചനത്തോടു് അത്തരം അഭിവാഞ്ച വികസിപ്പിച്ചെടുക്കുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു: “ഞാൻ നിന്റെ ന്യായപ്രമാണത്തെ എത്രയധികം സ്നേഹിക്കുന്നു! ദിവസം മുഴുവൻ അത് എന്റെ ചിന്താവിഷയം ആകുന്നു.”(സങ്കീർത്തനം 119 : 97) നിങ്ങൾ ദൈവവചനം അനിസരിക്കുന്നത് സംബന്ധിച്ച് ചിന്തയുള്ളവൻ ആയിരിക്കുമ്പോൾ നിങ്ങൾ സ്രഷ്ടാവിന്റെ ഗുണങ്ങൾ പകർത്താൻ തുടങ്ങുന്നു. ദൈവത്തിന്റെ ആത്മാവ് നിങ്ങളുടെ ജീവിതത്തിൽ ഫലം ഉല്പാദിപ്പിക്കാൻ തുടങ്ങുന്നു. നിങ്ങൾ മേലാൽ ദുർവൃത്തിയിലേക്കു് ആകർഷിക്കപ്പെടുകയില്ല. പിന്നെയോ, ദൈവത്തിന്റെ ആത്മാവും ദൈവവമായിട്ടു് ഒരു സന്തുഷ്ട ബന്ധം നിലനിർത്താനുള്ള ആഗ്രഹവും “ജഡത്തിന്റെ ഹീന പ്രവൃത്തികളിൽ” നിന്നു നിങ്ങളെ പിന്തിരിപ്പിക്കും—ഗലാത്യർ 5:16, 19-21; സങ്കീർത്തനം 15:1,2.
ദൈവത്തോടും സത്യത്തോടുമുള്ള നിങ്ങളുടെ വിലമതിപ്പ് വർദ്ധിക്കുമ്പോൾ നിങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവക്കുന്നതിന് നിങ്ങൾ പ്രേരിതരാകുന്നു. “വിശ്വാസം എല്ലാ ആളുകളുടെയും സ്വത്തല്ല,” അതുകൊണ്ട് ദൈവത്തിന്റെ സത്യം പങ്കുവെക്കുന്നതു് നിങ്ങളെ ആക്രമണത്തിനോ പരിഹാസത്തിനോ വിധേയരാക്കിയേക്കാം. (2 തെസ്സലോനിക്യർ 3:2; 2 പത്രോസ് 3:3, 4) അപ്പോഴും നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം സംബന്ധിച്ച് നിങ്ങൾക്ക് ബോദ്ധ്യമുള്ളവരായിരിക്കാൻ കഴിയും . പൗലോസിനേപ്പോലെ പ്രസ്താവിക്കാൻ നിങ്ങൾക്കു കഴിയേണ്ടതിനുതന്നെ. “സുവാർത്തയേക്കുറിച്ചു് എനിക്കു ലജ്ജയില്ല അതു വിശ്വാസമുള്ള ഏവനും രക്ഷക്കായി ദൈവശക്തിയാകുന്നു, ആദ്യം യഹൂദനും പിന്നെ യവനനും തന്നെ.” (റോമർ 1:16) ഈ ദൂതിനോടു് ആരെങ്കിലും പ്രതികരിക്കുകയും വളർച്ചയുടെ പ്രക്രിയ വീണ്ടും തുടങ്ങകയും ചെയ്യുമ്പോൾ എന്തൊരു സന്തോഷമാണ്! ദൈവം അത്തരം വളർച്ച സാദ്ധ്യമാക്കിത്തീർക്കുന്നു.—1 കൊരിന്ത്യർ 3:5-9.
വിശ്വാസത്തിന്റെ പ്രയോജനങ്ങൾ
എങ്കിലും വിശ്വാസം ഒരു വ്യക്തിയെ എങ്ങനെ സഹായിക്കുന്നു? യേശുക്രിസ്തു യോഹന്നാൻ 3:16-ൽ ഒരു ദീർഘകാല പ്രയോജനം ചൂണ്ടിക്കാണിച്ചു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രയധികം സ്നേഹിച്ചു.” ഇതുതന്നെ വിശ്വാസം ഉണ്ടായിരിക്കേണ്ടതിന്റെ അത്ഭുതകരമായ ഒരു പ്രതിഫലമാണ്. തന്റെ ദാസന്മാർക്ക് നിത്യജീവൻ നൽകാനുള്ള ദൈവത്തിന്റെ വാഗ്ദത്തത്തിലുള്ള വിശ്വാസം ജീവിതം സംബന്ധിച്ച് നിങ്ങൾക്ക് ഒരു പുതിയ പ്രതീക്ഷ നൽകുന്നു. പീഢാനുഭവങ്ങളും ജീവിത പ്രശ്നങ്ങളും വളരെ പ്രധാനമായോ അത്യുഗ്രമായോ മേലാൽ തോന്നുകയില്ല. ഉല്ലാസഭ്രാന്തു പിടിച്ച ഈ ലോകത്തിൽ നമുക്ക് തിന്നു കുടിക്കാം, നാളെ നാം മരിക്കേണ്ടവരല്ലോ” എന്ന തത്വശാസ്ത്രത്തിൽനിന്ന് നിങ്ങൾ സ്വതന്ത്രരായിരിക്കുന്നു. (1 കൊരിന്ത്യർ 15:32) നിങ്ങൾക്ക് പുനരുത്ഥാനത്തിൽ വിശ്വാസമുള്ളപ്പോൾ മരണം പോലും മേലാൽ അത്ര ഭീഷണിപ്പെടുത്തുന്നതായി തോന്നുകയില്ല.—എബ്രായർ 2:15; ലൂക്കോസ് 12:4, 5.
സാമ്പത്തിക സംഘർഷം നേരിടുന്നതിനും വിശ്വാസം ഒരുവനെ സഹായിക്കുന്നു. “നാം എന്തു തിന്നാനാണ്?” “നാം എന്തു കുടിക്കാനാണ്?” എന്നുള്ളത് അനേകരെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഉൽക്കണ്ഠാ വിഷയമാണ്. എങ്കിലും കരുതാനുള്ള ദൈവത്തിന്റെ പ്രാപ്തിയിൽ വിശ്വാസമുണ്ടായിരിക്കുന്നതിന് യേശു തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചു. നിങ്ങൾക്ക് അത്തരം വിശ്വാസമുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ സംബന്ധിച്ച് “ഉൽക്കണഠാകുലരാകുന്നത് നിർത്താൻ” കഴിയും.(മത്തായി 6:25-34) ധനത്തിനുവേണ്ടിയുള്ള പരക്കം പാച്ചിൽ ഉറപ്പായും കൈവരുത്തുന്ന വേദനകളിൽ നിന്ന് അത്തരം വിശ്വാസം നിങ്ങളെ ഒഴിവാക്കുന്നു.—1 തിമൊഥെയോസ് 6:10.
എന്നാൽ ഒരു വ്യക്തിക്ക് ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായിരിക്കുകയും മാർഗ്ഗനിർദ്ദേശം ആവശ്യമായിരിക്കുകയും ചെയ്യുന്നെങ്കിൽ എന്ത്? ആളുകൾ സ്വയം ഉത്തരം കണ്ടെത്തുന്നതിനുള്ള പുസ്തകങ്ങൾക്കും തൊഴിൽപരമായ ബുദ്ധ്യുപദേശത്തിനും ആയി ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നു. അങ്ങനെ കണ്ടെത്തുന്ന ഉപദേശം ചിലപ്പോൾ സഹായകമായിരിക്കാമെങ്കിലും ക്രിസ്തീയ വിശ്വാസം സഹായത്തിന്റെ വളരെ മെച്ചമായ ഒരു ഉറവിലേക്ക് അയാളെ നയിക്കുന്നു. യാക്കോബ് ഇപ്രകാരം പറയുന്ന്: “അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവുണ്ടെങ്കിൽ അവൻ ദൈവത്തോട് ചോദിച്ചുകൊണ്ടിരിക്കട്ടെ, എന്തെന്നാൽ അവൻ നിന്ദിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നു, അത് അവന് നൽകപ്പെടും. എന്നാൽ അവൻ അശേഷം സംശയിക്കാതെ വിശ്വാസത്തോടെ ചോദിച്ചുകൊണ്ടിരിക്കട്ടെ, എന്നാൽ സംശയിക്കുന്നവൻ അങ്ങുമിങ്ങും കാറ്റടിച്ചു നീക്കപ്പെടുന്ന കടൽത്തിരപോലെയാകുന്നു.” (യാക്കോബ് 1:5, 6) അത്തരം ദിവ്യ സഹായം നൽകപ്പെടും എന്നുള്ളതിന്റെ ഉറപ്പാണ് ഒരു ക്രിസ്ത്യാനിയുടെ വിശ്വാസം. ഈ വിധത്തിൽ ദൈവത്തെ സമീപിക്കുന്നതു് സംബന്ധിച്ച് അയാൾക്കു് യാതൊരു മടിയും ഇല്ല. എന്തുകൊണ്ടെന്നാൽ അയാൾക്ക് ഈ സംസാര സ്വാതന്ത്ര്യവും [ക്രിസ്തുവിലുള്ള ] അയാളുടെ വിശ്വാസത്തിലൂടെ ഉറപ്പോടുകൂടിയ ഒരു സമീപനവും ഉണ്ട്.—എഫേസ്യർ 3:12.
ദൈവം നമുക്കു നൽകുന്ന മാർഗ്ഗനിർദ്ദേശം പ്രായോഗികമാക്കുന്നത് ചിലപ്പോഴൊക്കെ പ്രയാസകരമെന്ന്—ഒരുപക്ഷേ അസാദ്ധ്യമെന്നുപോലും തോന്നിയേക്കാമെന്ന് സമ്മതിക്കുന്നു. ദൃഷ്ടാന്തത്തിന്, അബ്രഹാമിനു് തനിക്കും തന്റെ ഭാര്യക്കും ഒരു മകൻ ഉണ്ടാകാൻ പോകുന്നു എന്ന ദൈവത്തിന്റെ വാഗ്ദത്തം ലഭിച്ചു. അവരുടെ പുനരുല്പാദനശേഷി ‘നശിച്ചി’രുന്നു എന്ന വസ്തുത പരിചിന്തിക്കുമളവിൽ ഈ കുട്ടിയുണ്ടാകാൻ ശ്രമിക്കുന്നത് നിഷ്ഫലമെന്നു തോന്നി. എങ്കിലും പൗലോസ് ഇപ്രകാരം പറയുന്നു:“എങ്കിലും [അബ്രഹാം], താൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറായുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും പരിഗണിച്ച് വിശ്വാസത്തിൽ ദുർബ്ബലനായില്ല. പിന്നെയോ ദൈവത്തിന്റെ വാഗ്ദത്തം നിമിത്തം അവൻ വിശ്വാസക്കുറവിൽ അസ്ഥിരനായില്ല. അവന്റെ വിശ്വാസത്തിൽ ശക്തനായിത്തീർന്നു് ദൈവത്തിനു മഹത്വം കൊടുക്കുകയും തന്റെ വാഗ്ദത്തം നിറവേറ്റാൻ അവന് കഴിയുമെന്ന് പൂർണ്ണമായി ഉറക്കുകയും ചെയ്തു. ”(റോമർ 4:19-21) അത്തരം വിശ്വാസത്തിന്റെ പ്രതിഫലമോ? മശിഹയിലേക്ക് നയിക്കുന്ന വംശാവലിയുടെ തുടർച്ചയായി ഒരു മകനെ ലഭിച്ചതിലുള്ള അനുഗ്രഹം തന്നെ!
ദൈവം ഇപ്പോൾ അത്തരം നേരിട്ടുള്ള അത്ഭുതങ്ങൾ ചെയ്യുന്നില്ലെങ്കിലും ഇന്നത്തെ ക്രിസ്ത്യാനികൾ ‘വിശ്വാസക്കുറവിൽ അസ്ഥിരരാകാതെ’ ഇരിക്കുന്നെങ്കിൽ അവർക്കും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം ബാധകമാക്കുമളവിൽ വിജയം ആസ്വദിക്കാൻ കഴിയുമെന്ന് അവർ കണ്ടെത്തുന്നു. ഒരുവന് വിശ്വാസം ഉണ്ടെങ്കിൽ എല്ലാം സാദ്ധ്യമായിത്തീരും എന്ന് യേശു പറഞ്ഞു.—മർക്കോസ് 9:23.
നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുക
അതുകൊണ്ട് ക്ലേശകരമായ ഈ കാലങ്ങൾ സഹിക്കുന്നതിന്റെ താക്കോൽ വിശ്വാസമാണ്. എന്നാൽ നാം ഉത്സാഹപൂർവ്വം അതു കാത്തുസൂക്ഷിക്കണം. നമ്മുടെ വിശ്വാസം ദുർബ്ബലമാകാൻ നാം അനുവദിക്കുന്നെങ്കിൽ നാം ജീവിതത്തിൽ മാർഗ്ഗനിർദ്ദേശം ഇല്ലാത്തവരായി നമ്മെത്തന്നെ കണ്ടെത്തിയെക്കാം. നാം മനുഷ്യവർഗ്ഗത്തെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നങ്ങൾക്കും ഉൽക്കണ്ഠകൾക്കും ഇരയായേക്കാം. അതുകൊണ്ട് യേശുവിന്റെ ശിഷ്യന്മാരെപ്പോലെ നമുക്കു കൂടുതൽ വിശ്വാസത്തിനായി തുടർച്ചയായി അപേക്ഷിക്കാം. (ലൂക്കോസ് 17:5) നമുക്കു ദൈവവചനം നിരന്തരം പഠിക്കുകയും സമാന വിശ്വാസമുള്ള ആളുകളുമൊത്ത് സഹവസിക്കുകയും ചെയ്യാം. (റോമർ 10:17) യേശു തന്റെ അനുഗാമികളെ നിയോഗിച്ച വേലയിൽ, “രാജ്യത്തിന്റ സുവാർത്ത പ്രസംഗിക്കുന്നതിൽ” നമുക്ക് ഉത്സാഹപൂർവ്വം ഏർപ്പെടാം.—മത്തായി 24:14.
ഈ വേല ഇപ്പോൾ 203 രാജ്യങ്ങളിൽ നിർവ്വഹിക്കപ്പെടുന്നവെന്ന വസ്തുതതന്നെ നമ്മുടെ വിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുന്നു, കാരണം ഈ വസ്തുത മുൻകൂട്ടിപ്പറയപ്പെട്ട “അന്ത്യം” സമീപമാണെന്ന് സൂചിപ്പിക്കുന്നു. ഉത്സാഹികളായ ഈ പ്രസംഗകരിൽ, യഹോവയുടെ സാക്ഷികളിൽ നാം ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളെ കണ്ടെത്തുന്നു. അവർ വിശ്വാസത്തിൽ മുന്തി നിൽക്കുന്നു, സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ദീർഘക്ഷമയിലും ദയയിലും നന്മയിലും സൗമ്യതയുലും ആത്മനിയന്ത്രണത്തിലും അങ്ങനെതന്നെ. (ഗലാത്യർ 5:22, 23) വിശ്വാസം ഉണ്ടായിരിക്കുന്നതിന്റെ മൂല്യത്തിന് അവർ ജീവനുള്ള സാക്ഷ്യമാണ്. കാരണം അത് അവരുടെ കുടുംബന്ധങ്ങളെയും എല്ലാറ്റിനുമുപരി യഹോവയാം ദൈവത്തോടുള്ള അവരുടെ ബന്ധത്തെയും സമ്പന്നമാക്കിയിരിക്കുന്നു.
അതുകൊണ്ട്, മനുഷ്യപുത്രൻ വരുമ്പോൾ അവൻ യഥാർഥത്തിൽ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? എന്ന യേശുവിന്റെ ചോദ്യത്തിന് ഉത്തരമായി നമുക്ക് ഉറപ്പോടെ പറയാൻ കഴിയും, നിശ്ചയമായും അവൻ കണ്ടെത്തും! (ലൂക്കോസ് 18:8) നാം ഒരു സജ്ജീവ വിശ്വാസത്തിന്റെ മൂല്യം അനുദിനം പ്രകടമാക്കുന്ന അനേകരോടൊപ്പമാണെന്ന് തെളിയിക്കാം.