ശുശ്രൂഷാ ദാസന്മാർ ഒരു നല്ല നില നിലനിർത്തുന്നു
“നല്ല രീതിയിൽ ശുശ്രൂഷിക്കുന്ന പുരുഷന്മാർ ഒരു നല്ലനിലയും ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിലെ വിശവാസത്തിൽ വലിയ സംസാര സ്വാതന്ത്ര്യവും സമ്പാദിക്കുന്നു.”—1തിമൊഥെയൊസ് 3:13
1. ഒരു മനുഷ്യൻ ശുശ്രൂഷാദാസനായി നിയമിക്കപ്പെട്ട ശേഷം അയാളുടെ ലക്ഷ്യം എന്തായിരിക്കണം, സഭയിലെ മറ്റുള്ളവർ എന്തു ചെയ്യാനാഗ്രഹിക്കണം?
ഇപ്പോൾ ശുശ്രൂഷാദാസന്മാരായിരിക്കുന്നവർ “ആദ്യം യോഗ്യത സംബന്ധിച്ച് പരിശോധിക്കപ്പെട്ട”വരാണ്. (1 തിമൊഥെയോസ് 3:10) എന്നാൽ അവരുടെ നിയമനം അതിൽത്തന്നെ ഒരു ലക്ഷ്യമായിരുന്നില്ല. അവരുടെ ലാക്ക് “നല്ല രീതിയിൽ” തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിനാൽ “തങ്ങൾക്കുതന്നെ നല്ല നില” സമ്പാദിക്കുന്നതിൽ തുടരുകയെന്നതാണ്. (1 തിമൊഥെയോസ് 3:13) ഒറ്റക്കെട്ടായ ക്രിസ്തീയ സഭയിലെ ഓരോ അംഗവും ഈ ലക്ഷ്യം നേടുന്നതിൽ അവരെ പിന്തുണക്കാനാഗ്രഹിക്കും.
2. ശുശ്രൂഷാദാസന്മാർ ചെയ്യുന്നതിനാൽ സഭാംഗങ്ങൾ ബാധിക്കപ്പെടുന്നതെങ്ങനെ?
2 ക്രിസ്തുവിന്റെ ആത്മീയ ശരീരത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു പ്രവർത്തിക്കുന്നതിനാലും അന്യോന്യം കരുതൽ പ്രകടമാക്കുന്നതിനാലും പ്രയോജനം നേടുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് സൂചിപ്പിച്ചു. (1 കൊരിന്ത്യർ 12:12-13) അതുപോലെ തന്നെ ശുശ്രൂഷാ ദാസന്മാർ “നല്ല രീതിയിൽ” തങ്ങളുടെ ദൈവദത്തമായ വേല ചെയ്യുമ്പോൾ ഇക്കാലത്തെ ക്രിസ്തീയ സഭയിലെ ഓരോ അംഗത്തിനും പ്രയോജനം ലഭിക്കുന്നു. എന്നാൽ ശുശ്രൂഷാദാസന്മാർ തങ്ങളുടെ ചുമതലകൾ ഉചിതമായി നിർവ്വഹിക്കുന്നതിൽനിന്ന് തടയുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അതു സഭയിലെ എല്ലാ അംഗങ്ങൾക്കും പ്രയാസം വരുത്തിക്കൂട്ടിയേക്കാം.
3. (എ) യഹോവയുടെ ജനങ്ങൾക്കെല്ലാം ഏതു പ്രശ്നങ്ങൾ പൊതുവായുണ്ട്? (ബി) അടുത്ത കാലത്തെ ഒരു സർവ്വേ എന്തു വിശദീകരിക്കാൻ സഹായിക്കുന്നു?
3 യഹോവയുടെ ജനത്തിൽപെട്ട എല്ലാവർക്കും ഒരേ പോരാട്ടമാണുള്ളത്: “ജഡരക്തങ്ങൾക്കെതിരായിട്ടല്ല, പിന്നെയോ . . . സ്വർഗ്ഗീയ സ്ഥലങ്ങളിലെ ദുഷ്ടാത്മസേനകൾക്കെതിരായിട്ടുള്ള ഒരു പോരാട്ടം”തന്നെ. (എഫേസ്യർ 6:12) മാത്രവുമല്ല, യഹോവയുടെ എല്ലാ ദാസന്മാർക്കും തങ്ങളുടെ സ്വന്തം അപൂർണ്ണതകൾക്കും പാപപൂർണ്ണമായ പ്രവണതകൾക്കുമെതിരെ ഒരു പോരാട്ടമുണ്ട്. എന്നിരുന്നാലും, ഒരു കൂട്ടമെന്ന നിലയിൽ ശുശ്രൂഷാദാസന്മാരെ, യഹോവയുടെ സാക്ഷികളിലെ മറ്റു കൂട്ടങ്ങളെക്കാൾ മുന്തിയ ഒരു വിധത്തിൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അടുത്ത കാലത്ത്, ഒരു പശ്ചിമ യൂറോപ്യൻ രാജ്യത്തെ 320 സഭകളിലെ 1360 ശുശ്രൂഷാദാസന്മാർ ഉൾപ്പെട്ട ഒരു സർവ്വേ ഇതു വിശദീകരിക്കുന്നതിന് സഹായകമാണ്.
ഏകാകിത്വവും വിവാഹവും
4. അവിവാഹിത ശുശ്രൂഷാദാസന്മാർ തങ്ങളുടെ ഏകാകിത്വത്തെ എങ്ങനെ വീക്ഷിക്കണം, മറ്റുള്ളവർക്ക് ഏതു പ്രോത്സാഹനം അവർക്ക് കൊടുക്കാൻ കഴിയും?
4 സർവ്വേയിൽ ഉൾപ്പെടുത്തിയ ശുശ്രൂഷാദാസന്മാരിൽ 10 ശതമാനത്തിൽ അല്പം കൂടുതൽ ഇപ്പോഴും ഏകാകികളാണ്. അങ്ങനെ അവർ വിവാഹിതരായ ഏതാണ്ട് 90 ശതമാനത്തിനും പൊതുവിലുള്ള ചില ഉത്തരവാദിത്തങ്ങളിൽ നിന്ന് സ്വതന്ത്രരാണ്. എന്നാൽ അവിവാഹിതരായ ഈ സഹോദരന്മാർ സ്വാതന്ത്ര്യത്തെ അമിതമായ വിനോദമോ സാമൂഹ്യസഹവാസമോപോലുള്ള കേവലം വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കണം. അവർ വിവാഹത്തിനായുള്ള സ്വാഭാവിക വാഞ്ഛ ജീവിതത്തിലെ മറ്റെല്ലാറ്റിനെയുംകാൾ മുന്നിൽ വരാൻ അനുവദിക്കാൻ പാടില്ല. (മത്തായി 6:33) അവർ ധൃതഗതിയിലുള്ളതോ ബുദ്ധിശൂന്യമോ ആയ ഒരു വിവാഹത്തിലേക്ക് തങ്ങളെ തള്ളിവിടാനും വിവാഹിതസുഹൃത്തുക്കളിൽ നിന്നുള്ള സമ്മർദ്ദത്തെ അനുവദിക്കാൻ പാടില്ല. തീർച്ചയായും അന്യോന്യം കരുതുന്ന ക്രിസ്ത്യാനികൾ അവിവാഹിത സഹവിശ്വാസികളുടെ ഏകാകിത്വ നിലയെ ആദരിക്കുകയും, ഒരുപക്ഷേ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തുകൊണ്ട് ദിവ്യാധിപത്യപ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം വിനിയോഗിക്കാൻ അവർക്കുള്ള വർദ്ധിച്ച സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
5. ഏകാകികളെ അപേക്ഷിച്ച് വിവാഹിതരായ ശുശ്രൂഷാദാസന്മാർക്ക് ഏതു വലിയ അപകടം സ്ഥിതി ചെയ്യുന്നു?
5 മേൽപ്രസ്താവിച്ച സർവ്വേ അനുസരിച്ച്, ഏതാണ്ട് 62 ശതമാനം ശുശ്രൂഷാദാസന്മാർ പിതാക്കന്മാരാണ്. അവരെ സംബന്ധിച്ച്, “ജീവിതോത്കണ്ഠകളാൽ” ഹൃദയങ്ങൾ “ഭാരപ്പെടുന്ന”തിന്റെ അപകടം ഏകാകികളായ സഹോദരന്മാരെ അപേക്ഷിച്ച് കൂടുതലാണ്. (ലൂക്കൊസ് 21:34-36) അതിനാൽ, ഏകാകിത്വത്തെ ശുപാർശ ചെയ്തപ്പോൾ പൗലോസ് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഉത്ക്കണ്ഠയിൽനിന്നു വിമുക്തരായിരിക്കാൻ ഞാനാഗ്രഹിക്കുന്നു. അവിവാഹിതൻ, കർത്താവിന്റെ അംഗീകാരം എങ്ങനെ നേടാമെന്നു വച്ചു കർത്താവിന്റെ കാര്യങ്ങളിൽ ആകാംക്ഷയുള്ളവനാണു. എന്നാൽ വിവാഹിതൻ, തന്റെ ഭാര്യയുടെ അംഗീകാരം എങ്ങനെ നേടാമെന്നുവച്ചു ലോകകാര്യങ്ങളിൽ ഉൽക്കണ്ഠയുള്ളവനാണു, അയാൾ വിഭക്തനുമാണു . . . തന്റെ അവിവാഹിതാവസ്ഥയെ വിവാഹം കഴിപ്പിക്കുന്നവനും നന്നായി പ്രവർത്തിക്കുന്നു, എന്നാൽ അതിനെ വിവാഹം കഴിപ്പിക്കാത്തവൻ മെച്ചമായി പ്രവർത്തിക്കും.”—1 കൊരിന്ത്യർ 7:32-38.
6. വിവാഹിത ശുശ്രൂഷാദാസന്മാർ എന്തു ചെയ്യേണ്ട ആവശ്യമുണ്ട്, സഹായകമായ നിർദേശങ്ങൾ കൊടുക്കാൻ ആർക്കു കഴിഞ്ഞേക്കാം?
6 യഹോവയുടെ ജനം ‘വിവാഹങ്ങൾ സ്വർഗ്ഗത്തിൽ നടക്കുന്നു’ എന്നു വിശ്വസിക്കുന്നില്ലെങ്കിലും ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സ്വർഗ്ഗീയ ജ്ഞാനം ആവശ്യമാണെന്നു അവർക്കറിയാം. (സങ്കീർത്തനം 19:7; സദൃശവാക്യങ്ങൾ3:5, 6) അതുകൊണ്ട്, വിവാഹിതരായ ശുശ്രൂഷാദാസന്മാർ ദൈവവചനത്തിലെ ബുദ്ധിയുപദേശം സാദ്ധ്യമാകുന്നടത്തോളം അടുത്തു പിന്തുടരേണ്ട ആവശ്യമുണ്ട്. അവർ കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ഉചിതമായ സമനില പാലിക്കാൻ കഠിനശ്രമം ചെയ്യണം, എന്നാൽ സഭയിലെ തങ്ങളുടെ ദിവ്യാധിപത്യ ചുമതലകളെ അവഗണിക്കാൻ അവയെ ഒരു ഒഴികഴിവായി ഒരിക്കലും ഉപയോഗിക്കരുത്. മറ്റുള്ളവയോടൊപ്പം ഒരു സുചിന്തിതമായ പട്ടിക അത്യന്താപേക്ഷിതമാണ്. പ്രായവും അനുഭവപരിചയവുമേറിയ ദമ്പതികൾ, ആവശ്യമുള്ളപ്പോൾ, ഈ കാര്യത്തിൽ ചെറുപ്പക്കാർക്കു സഹായകമായ നിർദ്ദേശങ്ങൾ കൊടുക്കാൻ പ്രാപ്തരായിരുന്നേക്കാം.
7. (എ) ഒരു വിവാഹിത ശുശ്രൂഷാദാസന്റെ കുടുംബം അയാളുടെ ശ്രമങ്ങളെയും ആത്മീയ പുരോഗതിയെയും എങ്ങനെ ബാധിച്ചേക്കാം? (ബി) വിവാഹം ചെയ്യാൻ ആസൂത്രണം ചെയ്യുന്ന ശുശ്രൂദാസന്മാർ എന്തു മനസ്സിൽ പിടിച്ചുകൊള്ളുന്നതു നല്ലതാണ്?
7 ഒരു വിവാഹിത ശുശ്രൂഷാദാസന് തന്റെ കുടുംബത്തിൽ നിന്നുള്ള പിന്തുണ വലിയ സഹായമാണ്. തീർച്ചയായും, അയാളുടെ സമയവും ശ്രദ്ധയും അത്യധികമായി ആവശ്യപ്പെടുന്നവരോ അല്ലെങ്കിൽ ഭൗതികമായി അമിതമായ ആവശ്യങ്ങൾ ഉന്നയിക്കുന്നവരോ ആയ കുടുംബാംഗങ്ങൾക്ക് അയാളുടെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്താൻ കഴിയും. എന്നാൽ അയാളുടെ മുഴു കുടുംബവും “നല്ല രീതിയിൽ” ശുശ്രൂഷിക്കാനുള്ള അയാളുടെ ശ്രമങ്ങൾക്കു പിന്തുണകൊടുക്കുമ്പോൾ അത് ഒരു അനുഗ്രഹമാണ്. (1 തിമൊഥെയോസ് 3:13) എന്നാൽ ഒരു അവിവാഹിത ശുശ്രൂഷാദാസൻ ഒരു ഭാവിവിവാഹിതഇണയുമായി വികാരപരമായി ബന്ധപ്പെടുന്നതിനു മുമ്പ് അവൾ അവരുടെ ആത്മീയ പുരോഗതിയെ പ്രോത്സാഹിപ്പിക്കാനിടയുണ്ടോയെന്നു തിട്ടപ്പെടുത്താൻ ശ്രമിക്കുന്നത് എത്ര മർമ്മപ്രധാനമാണ്!
ജോലിയും ധനാസക്തിയും
8. (എ) ചില ശുശ്രൂഷാദാസന്മാർ ലൗകിക തൊഴിലിൽ ഏതു സാദ്ധ്യമായ അപകടത്തെ അഭിമുഖീകരിക്കുന്നു? (ബി) ഏതു തിരുവെഴുത്തുകൾ സംബന്ധിച്ച ധ്യാനത്തിന് ഭൗതികത്വത്തോട് പോരാടാൻ ഒരു വ്യക്തിയെ സഹായിക്കാൻ കഴിയും?
8 സർവ്വേയിൽ ഉൾപ്പെടുത്തിയ ഓരോ പത്ത് ശുശ്രൂഷാദാസന്മാരിലും എട്ടുപേർ 60 വയസ്സിൽ താഴ്ന്നവരായിരുന്നു. അതുകൊണ്ട്, മിക്കവരുടെയും സംഗതിയിൽ, അവർ തങ്ങളേത്തന്നേയും കുടുംബങ്ങളെയും പോറ്റുന്നതിന് ഇപ്പോഴും ലൗകികജോലി ചെയ്യുന്നു. ഓരോ പത്തുപേരിലും ഏതാണ്ട് അഞ്ചുപേർ 20നും 40നും ഇടയ്ക്കു വയസ്സുള്ളവരായിരുന്നു—ലോകമനുഷ്യർ ഒരു ജോലിയിലോ ജീവിതവൃത്തിയിലോ സ്ഥിരപ്പെടുകയും പുരോഗമിച്ച സാമ്പത്തിക ഭദ്രത നേടാൻ ശ്രമിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. നിങ്ങൾ ആ പ്രായപരിധിയിൽ പെട്ട ഒരു ശുശ്രൂഷാദാസനാണെങ്കിൽ നിങ്ങളെ ആത്മീയമായി ദുർബ്ബലനാക്കാൻ കഴിയുന്ന ലൗകിക ധനാസക്ത മനോഭാവങ്ങൾ വളർത്തുന്നതിന്റെ അപകടത്തെ ഒരിക്കലും ഗൗരവം കുറച്ചു കാണരുത്. “ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ അവ കൊണ്ടു നാം തൃപ്തിപ്പെടും” എന്നു പൗലോസ് പറഞ്ഞുവെന്നോർക്കുക. (1 തിമൊഥെയോസ് 6:8) ധനാസക്തിയോടു പോരാടുന്നതിനു നമ്മെയെല്ലാം സഹായിക്കുവാൻ കഴിയുന്ന നല്ല ബുദ്ധിയുപദേശം യേശുവും നൽകി. നിങ്ങൾതന്നെ അതു മത്തായി 6:19-34-ൽ വായിക്കുക.
9. മത്തായി 16:26-ന് ചേർച്ചയായി, വിശേഷിച്ച് പ്രായം കുറഞ്ഞ ശുശ്രൂഷാദാസന്മാർക്ക് ജ്ഞാനപൂർവ്വകമായ ഗതി എന്താണ്?
9 വിശേഷിച്ച് പ്രായം കുറഞ്ഞ ശുശ്രൂഷാദാസൻമാരേ, ലൗകിക ജീവിതവൃത്തികൾ പിന്തുടരുന്ന അഥവാ ധനം വാരിക്കൂട്ടുന്ന “വിജയപ്രദ”രും എന്നാൽ യഹോവയെ തങ്ങളുടെ പദ്ധതികളിൽനിന്ന് മാറ്റിനിർത്തുന്നവരുമായവരെ നോക്കുക. (സദൃശവാക്യങ്ങൾ 16:3; 19:21 താരതമ്യപ്പെടുത്തുക.) അനാത്മീയരും ധനാസക്തരുമായ വ്യക്തികളോടു, നിങ്ങളെ അനുരൂപപ്പെടുത്തുന്നത് എത്ര ബുദ്ധിപൂർവ്വകമാണ്? അവരുടെ ജീവൻ “മഹോപദ്രവ”ത്തിൽ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടുമല്ലോ. (മത്തായി 24:21) യഹോവയുടെ ഏതു ദാസൻ അവരുമായി സ്ഥാനങ്ങൾ വെച്ചുമാറും? എന്തുകൊണ്ടെന്നാൽ “മുഴുലോകവും നേടുന്നുവെങ്കിലും തന്റെ ദേഹിയെ നഷ്ടപ്പെടുത്തുന്നുവെങ്കിൽ ആ മനുഷ്യന് എന്തു പ്രയോജനം?” എന്നു യേശു പറയുകയുണ്ടായി. (മത്തായി 16:26) തീർച്ചയായും, ജ്ഞാനമാർഗ്ഗം സാത്താന്റെ അധീനത്തിൽ കിടക്കുന്നതും മരിച്ചുകൊണ്ടിരിക്കുന്നതുമായ ഈ ലോകത്തിൽ വളരെ അരക്ഷിതവും ഹൃസ്വവുമായ ഒരു ഭാവിക്കു പകരം യഹോവയുടെ സ്ഥാപനത്തിൽ ഒരു ഭദ്രമായ ഭാവി കെട്ടുപണിചെയ്യുന്നതാണ്.—1 യോഹന്നാൻ 5:19.
ദൈവരാജ്യത്തോടുള്ള കൂറ്
10. രാഷ്ട്രീയ കാര്യങ്ങൾ സംബന്ധിച്ച്, ശുശ്രൂഷാദാസന്മാർ ഉൾപ്പെടുന്ന ‘യുവാക്കന്മാരുടെ വലിയ കൂട്ടം’ ഏതു നില സ്വീകരിക്കുന്നു?
10 യഹോവയുടെ മശിഹൈകരാജാവിനെക്കുറിച്ച് പ്രാവചനികമായി ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “നിന്റെ ജനം നിന്റെ സേനാ ദിവസത്തിൽ തങ്ങളേത്തന്നെ മനസ്സോടെ അർപ്പിക്കും. വിശുദ്ധിയുടെ തിളക്കങ്ങളോടെ, ഉഷസ്സിന്റെ ഉദരത്തിൽ നിന്നു നിന്റെ യുവാക്കന്മാരുടെ കൂട്ടം, മഞ്ഞു തുള്ളികൾ പോലെതന്നെ വരുന്നു.” (സങ്കീർത്തനം 110:3) 1914 മുതൽ ഈ പ്രവചനത്തിനു നിവൃത്തി ഉണ്ടായിക്കൊണ്ടാണിരിക്കുന്നത്. വർദ്ധിച്ചുകൊണ്ടിരിക്കുന്ന “യുവാക്കന്മാരുടെ കൂട്ടത്തിൽ” പെട്ടവർ തങ്ങളുടെ പ്രഥമ കൂറു മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തു രാജാവായിരിക്കുന്ന ദൈവരാജ്യത്തോടായിരിക്കണമെന്ന് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട്, ശുശൂഷാദാസന്മാർ ഉൾപ്പെടെയുള്ള ഈ സമർപ്പിതപുരുഷന്മാർ ഭരണപരമായ “ശ്രേഷ്ഠാധികാരങ്ങൾക്ക് ആപേക്ഷികമായി കീഴ്പ്പെട്ടിരിക്കുന്നുവെങ്കിലും താത്പര്യങ്ങളുടെ ഏതെങ്കിലും സംഘട്ടനമുണ്ടാകുമ്പോൾ അവർ “മനുഷ്യരെക്കാളധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്. (റോമർ 13:1; പ്രവൃത്തികൾ 5:29) യേശു പറഞ്ഞപ്രകാരം, അവന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 15:19; 18:36) ജനതകളുടെ രാഷ്ട്രീയകാര്യങ്ങൾ സംബന്ധിച്ച് അവർ നിഷ്പക്ഷരായി നിലകൊള്ളുന്നു, മറ്റു പ്രകാരത്തിൽ ചെയ്യുന്നത് തങ്ങളെ ദൈവരാജ്യ ദ്രോഹികളാക്കുമെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ.
11. ക്രിസ്തീയ നിഷ്പക്ഷത നിമിത്തം കഷ്ടതയനുഭവിക്കുന്ന സഹോദരന്മാർക്ക് എന്ത് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
11 ക്രിസ്തീയ നിഷ്പക്ഷതപാലിക്കുകനിമിത്തം ശുശ്രൂഷാദാസന്മാർക്കോ മറ്റുള്ളവർക്കോ തങ്ങളുടെ ജോലിയോ സ്വാതന്ത്ര്യംപോലുമോ നഷ്ടപ്പെടുന്നുവെങ്കിലോ? (യെശയ്യാവു 2:2-4; യോഹന്നാൻ 17:16) അപ്പോൾ തങ്ങളുടെ ആത്മീയ സഹോദരന്മാരും സഹോദരിമാരും ആത്മീയമായ സാദ്ധ്യമായ സകല സഹായവും തങ്ങൾക്കു നൽകുമെന്ന് അവർക്കറിയാം, ആവശ്യമെങ്കിൽ ഭൗതികമായതും. കാരണം യഹോവയുടെ ജനം സ്നേഹപൂർവ്വം അന്യോന്യം കരുതുന്നു.—യോഹന്നാൻ 13:34,35; 1 കൊരിന്ത്യർ 12:24,25 താരതമ്യപ്പെടുത്തുക
വർദ്ധിച്ച പരിചയസമ്പത്തിന്റെ ആവശ്യം
12. ‘ഒരു നല്ലനില സമ്പാദിക്കുന്ന’തിൽ എന്ത് ഉൾപ്പെടും?
12 സർവ്വേയിൽ ഉൾപ്പെടുത്തിയ ശുശ്രൂഷാദാസന്മാരിൽ ഏകദേശം മൂന്നിലൊന്നു യഹോവയുടെ സാക്ഷികളായിട്ടു പത്തുവർഷം തന്നെയായില്ല. ഈ പുരുഷന്മാർ കൂടുതൽ പരിചയസമ്പന്നരായ സഭാംഗങ്ങളുടെ സഹായവും മാർഗ്ഗനിർദ്ദേശവും സ്വീകരിച്ചുവെന്നു സ്പഷ്ടമാണ്. എന്നാൽ ‘നല്ല നില സമ്പാദിക്കുന്നതിൽ’ മറ്റുള്ളവരിൽനിന്നു പഠിക്കുന്നതിലും അനുഭവപരിചയം നേടുന്നതിലും തുടരുന്നത് ഉൾപ്പെടുന്നു. അതിനു നിരന്തരം വ്യക്തിപരമായ ലക്ഷ്യങ്ങൾ വെക്കുകയും അവയിൽ എത്താൻ കഠിനശ്രമം ചെയ്യുകയും ചെയ്യുക എന്നും അർത്ഥമുണ്ട്. അതുകൊണ്ട്, ഒരു ശുശ്രൂഷാദാസനെന്ന നിലയിൽ പ്രയോജനകരമായ ഉദ്ദേശ്യങ്ങൾക്ക് ഉതകാൻ നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ആ പദവിക്കുവേണ്ടി എത്തിപ്പിടിക്കുന്നുവെങ്കിൽ, നിങ്ങൾ ഏതെങ്കിലും വ്യക്തിപരമായ ലാക്കുകൾ വെച്ചിട്ടുണ്ടോ? ദൃഷ്ടാന്തമായി, ഒരു പ്രത്യേക തീയതിക്കകം മുഴുബൈബിളും വായിച്ചുതീർക്കാനോ ചില മാസങ്ങളിൽ ഒരു സഹായപയനിയറായിരിക്കാനോ എന്തുകൊണ്ടു തീരുമാനിച്ചുകൂടാ?
13. ഒരു ശുശ്രൂഷാദാസനാകാനാഗ്രഹിക്കുന്ന അഥവാ ആ പദവിയിൽ ഇപ്പോൾ സേവിക്കുന്ന ഒരു സഹോദരന് തിമൊഥെയോസിനു കൊടുക്കപ്പെട്ട ഏതു ബുദ്ധിയുപദേശം പ്രയോജനം ചെയ്യും?
13 പ്രായത്തിലോ പരിചയത്തിലോ നിങ്ങൾ ചെറുപ്പമാണെങ്കിൽ 1 തിമൊഥെയോസ് 4:12-15-ൽ പറഞ്ഞിരിക്കുന്നതിൽനിന്നു നിങ്ങൾക്കു പ്രയോജനം നേടാൻ കഴിയും. ആ വാക്കുകൾ ചെറുപ്പക്കാരനായ മേൽവിചാരകനായിരുന്ന തിമൊഥെയൊസിനെ സംബന്ധിച്ചു പറഞ്ഞതാണെങ്കിലും, സംസാരത്തെയും നടത്തയെയും കുറിച്ചു പൗലോസ് അവിടെ പറഞ്ഞതിലധികവും ഒരു ശുശ്രൂഷാദാസനാകാനാഗ്രഹിക്കുകയോ ആ നിലയിൽ ഇപ്പോൾത്തന്നെ സേവിക്കുകയോ ചെയ്യുന്ന ഏതു സഹോദരനും പ്രയോജനകരമാണ്. അപ്പോസ്തലൻ എഴുതി: “യാതൊരു മനുഷ്യനും ഒരിക്കലും നിന്റെ യൗവ്വനത്തെ തുച്ഛീകരിക്കാതിരിക്കട്ടെ. മറിച്ച്, സംസാരത്തിലും നടത്തയിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വസ്തർക്ക് മാതൃകയായിരിക്കുക. ഞാൻ വരുമ്പോൾ, പരസ്യവായനയിലും പ്രബോധനത്തിലും പഠിപ്പിക്കലിലും വ്യാപരിച്ചിരിക്കുക. പ്രവചനത്തിലൂടെയും പ്രായമേറിയ പുരുഷന്മാർ തങ്ങളുടെ കൈകൾ നിന്റെ മേൽ വെച്ചപ്പോഴും നിനക്കു നൽകപ്പെട്ട വരത്തെ അവഗണിക്കരുത്. ഈ കാര്യങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുക; അവയിൽ മുഴുകിയിരിക്കുക, നിന്റെ പുരോഗതി സകല ആളുകൾക്കും പ്രത്യക്ഷമാകേണ്ടതിനു തന്നെ.” “നിന്റെ പുരോഗതി സകല ആളുകൾക്കും പ്രത്യക്ഷമാകേണ്ടതിന്” നിങ്ങൾ വിശേഷിച്ച് എന്തു ശ്രമം ചെയ്യേണ്ടതുണ്ട്? നിങ്ങൾ എന്തു ചെയ്യേണ്ടതുണ്ടെന്നു പ്രാർത്ഥനാപൂർവ്വം തീരുമാനിക്കുകയും അനന്തരം യഹോവയുടെ സഹായത്തോടെ അതു ചെയ്യുകയും ചെയ്യുക!
നിരുത്സാഹത്തെ നേരിടുക
14, 15. (എ) വാർദ്ധക്യത്തോടോ മോശമായ ആരോഗ്യത്തോടോ മല്ലിടേണ്ട ശുശ്രൂഷാദാസന്മാർക്ക് എന്തു തിരുവെഴുത്തു പ്രോത്സാഹനമുണ്ട്? (ബി) ഈ പുരുഷന്മാർക്ക് സഭയിലെ മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും.
14 മേലാൽ ഒട്ടേറെ ശുശൂഷാദാസന്മാർക്ക് യുവാക്കളുടേതായ പ്രശ്നങ്ങളുമായി മല്ലടിക്കേണ്ടതില്ല. അവർ പ്രായാധിക്യത്തേയോ മോശമായ ആരോഗ്യത്തെയോ അഭിമുഖീകരിക്കുകയാണ്, അവയ്ക്കു നിരുത്സാഹത്തിലേക്കു നയിക്കാൻ കഴിയും. എന്നാൽ ആത്മീയമായി ശക്തരായി നിലനിൽക്കുന്നവർക്ക് അഭിഷിക്തസഹക്രിസ്ത്യാനികൾക്ക് പൗലോസ് എഴുതിയ വാക്കുകളിൽ നിന്ന് ആശ്വാസം തേടാവുന്നതാണ്: “ഞങ്ങൾ മടുത്തുപോകുന്നില്ല, എന്നാൽ ഞങ്ങളുടെ ബാഹ്യമനുഷ്യൻ ക്ഷയിക്കുന്നുവെങ്കിൽപോലും തീർച്ചയായും ഞങ്ങളുടെ ആത്മീയ മനുഷ്യൻ അനുദിനം പുതുക്കപ്പെടുകയാണ്. ഉപദ്രവം ക്ഷണികവും ലഘുവുമെങ്കിലും അത് അധികമധികം മികച്ച തൂക്കമുള്ളതും നിത്യവുമായ ഒരു തേജസ്സ് ഞങ്ങൾക്കു കൈവരുത്തുന്നു; അതേ സമയം ഞങ്ങൾ ഞങ്ങളുടെ ദൃഷ്ടികൾ കാണപ്പെടുന്ന കാര്യങ്ങളിലല്ല, കാണപ്പെടാത്ത കാര്യങ്ങളിൽ പതിപ്പിക്കുന്നു. എന്തെന്നാൽ കാണപ്പെടുന്ന കാര്യങ്ങൾ താൽക്കാലികമാണ്, എന്നാൽ കാണപ്പെടാത്ത കാര്യങ്ങൾ നിത്യമാണ്.” (2 കൊരിന്ത്യർ 4:16-18) ഭൗമികപ്രത്യാശകളോടുകൂടിയ യഹോവയുടെ ദാസന്മാർക്കും വളരെ പ്രോത്സാഹകമായ പ്രതീക്ഷകളുണ്ട്—ഒരു ഭൗമിക പരദീസയിലെ നിത്യജീവന്റെ പ്രതീക്ഷകൾ.—ലൂക്കോസ് 23:43; യോഹന്നാൻ 17:3.
15 അതുകൊണ്ടു വാർദ്ധക്യമോ മോശമായ ആരോഗ്യമോ നിമിത്തം മറ്റുള്ളവരോളം പ്രവർത്തിക്കാൻ കഴിയാത്ത ശുശ്രൂഷാദാസന്മാർക്കു സന്തോഷകരവും ക്രിയാത്മകവുമായ ഒരു മനോഭാവം പുലർത്തുന്നതിന് നല്ല കാരണമുണ്ട്. ഇതു സത്യത്തോടുള്ള വിലമതിപ്പിനെയും നിത്യമായ കാര്യങ്ങളിലുള്ള ആഴമായ വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. അത്തരം നല്ല മനോഭാവവും ഒപ്പം വിനീതമായ സേവനവും സഭയിലെ ഓരോരുത്തർക്കും വലിയ പ്രയോജനവും പ്രോത്സാഹനവും നൽകുന്നതായിരിക്കും.
16. ഒരു ശുശ്രൂഷാദാസൻ ഒരു മൂപ്പനായി നിയമിക്കപ്പെടുന്നില്ലെങ്കിൽ അയാൾ നിരുത്സാഹപ്പെടരുതാത്തതെന്തുകൊണ്ട്?
16 നിങ്ങൾ ഒരു ശുശ്രൂഷാദാസനാണെങ്കിൽ, നിങ്ങളുടെ പഠിപ്പിക്കൽ പ്രാപ്തിയും ആത്മീയ ഗുണങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട് “ഒരു മേൽവിചാരക പദവിക്കുവേണ്ടി എത്തിപ്പിടിക്കുന്ന”തിൽ തുടരുക.(1 തിമൊഥെയോസ് 3:1) എന്നാൽ നിങ്ങളെ ഒരു മൂപ്പനായി പെട്ടെന്നു നിയമിക്കുന്നില്ലെങ്കിൽ നിരുത്സാഹപ്പെടരുത്. നിങ്ങളുടെ ചുമതലകൾ “നല്ല രീതിയിൽ” നിർവ്വഹിക്കുന്ന ഒരു ശുശ്രൂഷാദാസൻനെന്ന നിലയിൽ നിങ്ങൾ പ്രയോജനകരമായ ഉദ്ദേശ്യങ്ങൾക്കായി സേവനമനുഷ്ഠിക്കുകയാണെന്നും നിങ്ങൾ സഭയ്ക്ക് ഒരു ആസ്തിയാണെന്നും ഓർക്കുക. യഹോവയുടെ സ്ഥാപനത്തിൽ ഏതെങ്കിലും വിധത്തിൽ സേവിക്കുന്നതും രാജ്യപ്രസംഗ ദൗത്യം നിറവേറ്റുന്നതിന് സഹവിശ്വാസികളെ സഹായിക്കുന്നതും വലിയ പദവിയാണ്.—മത്തായി 24:14; 28:19,20.
മറ്റുള്ളവർക്കു് സഹായിക്കാൻ കഴിയുന്ന വിധം
17. ഒരു ശുശ്രൂഷാദാസനെ അയാളുടെ ഭാര്യക്കും മക്കൾക്കും എങ്ങനെ സഹായിക്കാൻ കഴിയും?
17 ശുശ്രൂഷാദാസന്മാർ സാധിക്കുന്ന പ്രയോജനകരമായ ഉദ്ദേശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് യഹോവയുടെ സകല ജനവും അവരുടെ ശ്രമങ്ങളെ പിന്താങ്ങാനാഗ്രഹിക്കുന്നു. ദൃഷ്ടാന്തമായി, ഭാര്യയും മക്കളും ജീവിതാവശ്യങ്ങൾ കൊണ്ടു തൃപ്തിപ്പെടുകയും ലൗകികവേലയിൽ താൻ കൂടുതൽ ശ്രമം ചെലുത്താനാവശ്യപ്പെടുന്ന അനേകം സുഖഭോഗങ്ങളാവശ്യപ്പെടാതിരിക്കുകയുമാണെങ്കിൽ, അങ്ങനെയുള്ള ഒരു മനുഷ്യനു ‘നല്ല രീതിയിൽ ശുശ്രൂഷിക്കുന്നതിൽ തുടരുന്നത്’ അനായാസമായിരിക്കും.—1 തിമൊഥെയോസ് 6:6-8.
18. (എ) മൂപ്പന്മാർക്ക് ശുശ്രൂഷാദാസന്മാരെ എങ്ങനെ സഹായിക്കാൻ കഴിയും? (ബി) മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും തമ്മിലുള്ള ആശയവിനിയമം മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
18 ആവശ്യമായ ഏതു മാർഗ്ഗ നിർദ്ദേശവും ബുദ്ധിയുപദേശവും കൊടുത്തുകൊണ്ടു മൂപ്പന്മാർക്കു ശുശ്രൂഷാദാസന്മാരെ സഹായിക്കാൻ കഴിയും. മെച്ചപ്പെടുമ്പോൾ ആത്മാർത്ഥമായ അഭിനന്ദനം പ്രകടമാക്കണം. മറ്റു കാര്യങ്ങളോടുകൂടെ, മൂപ്പന്മാർക്ക് വയൽശുശ്രൂഷയിൽ ശുശ്രൂഷാദാസന്മാരോടുകൂടെ പോകാനും പ്രസംഗങ്ങൾ തയ്യാറാകാൻ അവരെ സഹായിക്കാനും തങ്ങളുടെ ക്രിസ്തീയ പരിചയസമ്പത്ത് അവരുമായി പങ്കുവെക്കാനും കഴിയും. പ്രത്യക്ഷത്തിൽ അങ്ങനെയുള്ള താൽപ്പര്യവും ആശയവിനിമയവും ചില സമയങ്ങളിൽ അവഗണിക്കപ്പെട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്; ഒരു ശുശ്രൂഷാദാസനോട് അയാളുടെ കുറവായ വയൽസേവന റിപ്പോർട്ടിനെക്കുറിച്ച് ഒരു സർക്കിട്ട് മേൽവിചാരകൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “താങ്കൾ എന്തുകൊണ്ടാണു ചോദിക്കുന്നത്? അത് വർഷങ്ങളായി കുറവാണ്, എന്നാൽ അത് സംബന്ധിച്ച് എന്തെങ്കിലും ആദ്യമായി പറയുന്നത് താങ്കളാണ്.” ശുശ്രൂഷാദാസന്മാർക്ക് നിർമ്മാണാത്മകമായ, സ്നേഹപൂർവകമായ ബുദ്ധിയുപദേശം കൊടുക്കുകയും ക്ഷമാപൂർവ്വം അവരെ പ്രശ്നങ്ങൾ സംബന്ധിച്ചു സഹായിക്കുകയും ചെയ്യുന്ന മൂപ്പന്മാർക്ക് മിക്കപ്പോഴും മുന്തിയ ഫലങ്ങൾ ലഭിക്കുന്നതിന്റെ സന്തോഷം അനുഭവപ്പെടുന്നു.
19. സഭയിലെ ഓരോ അംഗത്തിനും ശുശ്രൂഷാദാസന്മാരെ അവരുടെ നല്ല നില നിലനിർത്താൻ എങ്ങനെ സഹായിക്കാൻ കഴിയും?
19 യഥാർഥത്തിൽ, ശുശ്രൂഷാദാസന്മാരെ അവരുടെ നല്ല നില പാലിക്കാൻ ഓരോ സഭാംഗത്തിനും സഹായിക്കാൻ കഴിയും. എങ്ങനെ? അവരുമായി സഹകരിക്കുന്നതിനാലും അവരുടെ വേലയ്ക്ക് ഹൃദയംഗമമായ വിലമതിപ്പ് പ്രകടമാക്കുന്നതിനാലും. സാധാരണഗതിയിൽ ശാരീരികാരോഗ്യം നിലനിർത്തുന്നതിന് മനുഷ്യശരീരത്തിലെ സകല ഭാഗങ്ങളും ഒത്തു ചേർന്നു പ്രവർത്തിക്കുന്നതുപോലെ, സഭയിലെ എല്ലാ അംഗങ്ങളും അതിന്റെ നല്ല ആത്മീയാരോഗ്യം ഉറപ്പുവരുത്താൻ സഹകരിക്കേണ്ടതാണ്. (1 കൊരിന്ത്യർ 12:24, 25 താരതമ്യപ്പെടുത്തുക.) ആ ലക്ഷ്യത്തിൽ, പ്രയോജനകരമായ ഉദ്ദേശ്യങ്ങൾ സാധിക്കുന്നവരും നല്ല നില പാലിക്കുന്നവരുമായ കഠിനാദ്ധ്വാനികളായ ശുശ്രൂഷാദാസന്മാർ വളരെയധികം ചെയ്യുന്നുണ്ട്. അവരും യഹോവയുടെ സകല വിശ്വസ്തസാക്ഷികളും ഒരു നിത്യ സന്തുഷ്ടഭാവിയിലേക്ക് നോക്കുകയും “സന്തുഷ്ടദൈവ”ത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിൽ ഒറ്റക്കെട്ടായി തുടരുകയും ചെയ്യട്ടെ.—1 തിമൊഥെയോസ് 1:11; സദൃശവാക്യങ്ങൾ 27:11.
ദയവായി വിശദീകരിക്കുക
◻ ശുശ്രൂഷാദാസന്മാർ ഏതു പ്രശ്നങ്ങളെ അഭിമുഖീകരിച്ചേക്കാം?
◻ ശുശ്രൂഷാദാസന്മാരുടെ ഭാര്യമാർക്കും മക്കൾക്കും അവരെ സഹായിക്കാൻ എന്തു ചെയ്യാൻ കഴിയും?
◻ ശുശ്രൂഷാദാസന്മാരെ സഹായിക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാൻ കഴിയും?
◻ ശുശ്രൂഷാദാസന്മാരെ സഹായിക്കാൻ സഭയിലെ ഓരോ അംഗത്തിനും എന്തു ചെയ്യാൻ കഴിയും?
[13-ാം പേജിലെ ചിത്രങ്ങൾ]
ശുശ്രൂഷാദാസന്മാർ ശിഷ്യരാക്കൽ വേലയിലും സഭയിലുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ നിറവേറ്റണം
[16-ാം പേജിലെ ചിത്രങ്ങൾ]
പ്രായമേറിയ ശുശ്രൂഷാദാസന്മാർക്ക് സഭയെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും വളരെയധികം ചെയ്യാൻ കഴിയും