യുവാക്കളേ—വഞ്ചിതരാകരുതു
“സാത്താൻതന്നെ ഒരു വെളിച്ചദൂതനായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു.”—2 കൊരിന്ത്യർ 11:14
1. (എ) നമ്മിലനേകർ ഏതു വിധങ്ങളിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടു്? (ബി) പൊതുവെ ആരാണു് കൂടുതൽ എളുപ്പം വഞ്ചിതരാകുന്നതു്?
നമ്മളെല്ലാം ഏതെങ്കിലുമൊരു സമയത്തു വഞ്ചിതരായിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. ഒരുപക്ഷേ നിങ്ങൾ ഒരു കളിയിൽ ഏർപ്പെട്ടിരുന്നപ്പോൾ എതിർകക്ഷി വഞ്ചനാത്മകമായ നീക്കത്തിലൂടെ നിങ്ങളെ കാലുവാരുകയും കളിയിൽ ജയിക്കുകയും ചെയ്തു. അല്ലെങ്കിൽ നിങ്ങൾ വിശിഷ്ടമെന്നു കണ്ട ഒരു ഉടുപ്പു വാങ്ങി. കുറച്ചുകാലം മാത്രം ഉപയോഗിച്ച ശേഷം അതു കഴുകിയപ്പോൾ അതിനു ഉണ്ടെന്നു തോന്നിയ ഗുണം ഇല്ലെന്നു നിങ്ങൾ കണ്ടെത്തി. സാധാരണയായി ആരാണു് എളുപ്പത്തിൽ വഞ്ചിക്കപ്പെടുന്നതു, അതായതു കളിപ്പിക്കപ്പെടുന്നതു്? അനുഭവജ്ഞാനം കുറഞ്ഞവരല്ലേ? പലപ്പോഴും പരിണതഫലങ്ങൾ കേവലം കളിയിൽ തോൽക്കുന്നതിനെക്കാളോ എന്തെങ്കിലും വാങ്ങിയതിൽ ചതിപറ്റിയതിനെക്കാളോ ഗുരുതരമാണു്.
2. ചില യുവാക്കൾ ഗുരുതരമായ ദുഷ്പ്രവൃത്തിയിലേക്കു് നയിക്കപ്പെട്ടിട്ടുള്ളതെങ്ങനെ?
2 ദൃഷ്ടാന്തമായി, ഹൈസ്ക്കൂളിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന ജൂലി പറഞ്ഞപ്രകാരം, അവൾ “മുഴുസ്കൂളിലും വച്ചു് ഏറ്റം സുമുഖനും ജനസമ്മതിയുള്ളവനുമായ വ്യക്തിയിൽ” അനുരക്തയായി. “അയാൾ ആഗ്രഹിച്ചതിനു ഞാൻ ഒരുക്കമല്ലെന്നു ഞാൻ അയാളോടു പറഞ്ഞു. എന്നാൽ അയാൾ എന്നെ എത്രയധികം സ്നേഹിക്കുന്നുവെന്നും യാതൊരു കുഴപ്പവുമുണ്ടാകുകയില്ലെന്നും അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയും ഞാൻ ഇല്ല എന്നു പറഞ്ഞപ്പോൾ അയാൾ എന്നെ ശകാരിച്ചുകൊണ്ടു പറഞ്ഞു,‘ഞാൻ യഥാർത്ഥത്തിൽ നിന്നെക്കുറിച്ചു് കരുതുന്നുണ്ടു്. നീയും അതേ വിധത്തിൽ വിചാരിക്കുന്നുവെന്നു് എനിക്കു തോന്നി. നീ അതു തെളിയിക്കുന്നില്ലെങ്കിൽ നമ്മൾ തമ്മിൽ ഇനി കാണേണ്ടതില്ലെന്നു ഞാൻ വിചാരിക്കുന്നു,” അവൾ വിശദീകരിച്ചു. അങ്ങനെ ജൂലി വഴങ്ങി ദുർവൃത്തിയിലേർപ്പെട്ടു. അടുത്ത ദിവസം ആ യുവാവു് തന്റെ “ജയിച്ചടക്കലിനെ”ക്കുറിച്ചു് വീമ്പിളക്കിയതായി അവൾ മനസ്സിലാക്കിയപ്പോൾ താൻ എത്ര പൂർണ്ണമായി വഞ്ചിതയായി എന്നു തിരിച്ചറിഞ്ഞു. അയാൾക്കു തന്നോടു് യഥാർത്ഥ സ്നേഹമുണ്ടായിരുന്നെങ്കിൽ അയാൾ അതു ചെയ്യുകയില്ലെന്നു് അവൾ അറിഞ്ഞിരിക്കണമായിരുന്നു.
3. (എ) ദുർവൃത്തി വളരെ ഗൗരവമായ തെറ്റായിരിക്കുന്നതെന്തുകൊണ്ടു്? (ബി) പിശാചായ സാത്താന്റെ ലക്ഷ്യമെന്താണു്?
3 ജൂലി ദൈവ നിയമത്തിന്റെ ഗൗരവമായ ലംഘനം ചെയ്യുന്നതിലേക്കാണു് കബളിപ്പിക്കപ്പെട്ടതു് അഥവാ വഞ്ചിക്കപ്പെട്ടതു്. ആ കാരണത്താൽ “ദുർവൃത്തിവിട്ടു് ഓടുക” എന്നു് ബൈബിൾ ശക്തമായി ഉപദേശിക്കുന്നു. “യാതൊരു ദുർവൃത്തനും. . . ക്രസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു അവകാശവും ഇല്ല” എന്നു് അതു വ്യക്തമായി പ്രസ്താവിക്കുന്നു. (1 കൊരി 6:18; എഫേസ്യർ 5:5) അതുകൊണ്ടു് നിങ്ങൾ ഒരു പന്തുകളിയിൽ ജയിക്കുന്നോ തോൽക്കുന്നോ അല്ലെങ്കിൽ നിങ്ങൾ ബുദ്ധിപൂർവ്വം സാധനങ്ങൾ വാങ്ങുന്നുവോ ഇല്ലയോ എന്നതിൽ പിശാചായ സാത്താൻ തൽപ്പരനല്ലായിരിക്കാമെങ്കിലും തീർച്ചയായും ദൈവനിയമം ലംഘിക്കുന്നതിലേക്കു് നിങ്ങളെ വഴിതെറ്റിക്കാൻ അവൻ ശ്രമിക്കുന്നുണ്ടു്. “നിങ്ങളുടെ എതിരാളിയായ പിശാചു് ആരെയെങ്കിലും വിഴുങ്ങാൻ ശ്രമിച്ചുകൊണ്ടു് അലറുന്ന ഒരു സിംഹത്തെപ്പോലെ അങ്ങുമിങ്ങും നടക്കുന്നു”വെന്നു് ബൈബിൾ മുന്നറിയിപ്പു നൽകുന്നു.(1 പത്രോസ് 5:8) തീർച്ചയായും, യഹോവയാം ദൈവത്തെ സേവിക്കുന്നതിൽ നിന്നു് നമ്മെ അകറ്റാൻ അവൻ തന്റെ കുശാഗ്രബുദ്ധിയോടുകൂടിയ സകല ചിന്തയും ഉപയോഗിക്കുന്നുണ്ടു്, അതിൽ ഒരു വെളിച്ചദൂതനായി പ്രത്യക്ഷപ്പെടുന്നതും ഉൾപ്പെടുന്നു! അതു് ഗൗരവാഹമായ ഒരു ആശയമല്ലേ?—2 കൊരിന്ത്യർ 11:14.
ഹവ്വായിക്കു സംഭവിച്ചതിൽനിന്നു് പാഠം പഠിക്കുക
4. യുവാക്കൾ സാത്താന്റെ പ്രത്യേക ലക്ഷ്യമാണെന്നു് പറയാൻ കഴിയുന്നതെന്തുകൊണ്ടു്?
4 എന്നാൽ ചെറുപ്പക്കാരായ നിങ്ങൾക്കു് ഇതു് അതിലും ഗൗരവതരമായ ഒരു ആശയമാണു്, അതായതു് നിങ്ങൾ സാത്താന്റെ പ്രത്യേക ലക്ഷ്യമാണു്. എന്തുകൊണ്ടു്? നിങ്ങളുടെ യൗവനം നിമിത്തം. നിങ്ങൾക്കു് അറിവും ജ്ഞാനവും സമ്പാദിക്കാൻ കുറച്ചു സമയമേ കിട്ടിയിട്ടുള്ളു. സാത്താൻ അനുഭവജ്ഞാനം കുറഞ്ഞവരെ തെരഞ്ഞെടുക്കുന്നു. അവൻ തന്റെ മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ അതു ചെയ്തു. ഏദൻതോട്ടത്തിൽവച്ചു് ഹവ്വായെക്കാൾ കുറേക്കാലം മുമ്പു് സൃഷ്ടിക്കപ്പെട്ട അവളുടെ ഭർത്താവായ ആദാമിനെയല്ല, പിന്നെയോ ഹവ്വായെയാണു് അവൻ സമീപിച്ചതെന്നോർക്കുക. സാത്താൻ വിജയിച്ചു. പ്രായം കുറഞ്ഞ, അനുഭവജ്ഞാനം കുറഞ്ഞ, ഹവ്വായെ അവൻ കപടനാട്യങ്ങളാൽ വഞ്ചിച്ചു, അതേ, വഴിതെറ്റിച്ചു. “എന്തെന്നാൽ ആദ്യം ആദാം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വാ, കൂടാതെ ആദാം വഞ്ചിക്കപ്പെട്ടില്ല, എന്നാൽ സ്ത്രീ പൂർണ്ണമായി വഞ്ചിക്കപ്പെടുകയും ലംഘനത്തിൽ അകപ്പെടുകയും ചെയ്തു”വെന്നു് ബൈബിൾ വിശദീകരിക്കുന്നു.—1 തിമൊഥെയോസ് 2:13,14.
5. (എ) നാം എന്തു വിചാരിക്കുന്നതിലേക്കു് മയങ്ങിപ്പോകരുതു്? (ബി) അപ്പോസ്തലനായ പൗലോസിന്റെ താത്പര്യമെന്തായിരുന്നു, അതു് ഉചിതമായിരുന്നതെന്തുകൊണ്ടു്?
5 സാത്താന്റെ രീതികൾ നിങ്ങളിൽ പ്രാവർത്തികമാകുകയില്ലെന്നു് വിചാരിക്കുന്നതിലേക്കു്, നിങ്ങളെക്കൊണ്ടു ദൈവ നിയമം ലംഘിപ്പിക്കാൻ ഒരിക്കലും അവനു കഴിയുകയില്ലെന്നു വിചാരിക്കുന്നതിലേക്കു്, മയങ്ങിപ്പോകരുതു്. “സാത്താൻതന്നെ ഒരു വെളിച്ച ദൂതനായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു”വെന്ന ദിവ്യ മുന്നറിയിപ്പു് ഓർക്കുക. (2 കൊരിന്ത്യർ 11:14) പൗലോസിന്റെ അനുഭവ ജ്ഞാനം കുറഞ്ഞ സഹക്രിസ്ത്യാനികളോടുള്ള വിദഗ്ദ്ധ വഞ്ചകന്റെ സമീപനത്തിൽ അവൻ വിജയിച്ചേക്കുമെന്നു് പൗലോസിനു് ശരിയായ ഉൽക്കണ്ഠയുണ്ടായിരുന്നു. പൗലോസ് എഴുതി: “സർപ്പം തന്റെ കൗശലത്താൽ ഹവ്വായെ വഞ്ചിച്ചതുപോലെ, എങ്ങനെയെങ്കിലും നിങ്ങളുടെ മനസ്സുകൾ ക്രിസ്തുവിനോടുവേണ്ടതായ ആത്മാർത്ഥതയിൽ നിന്നും നിർമ്മലതയിൽ നിന്നും വഷളായിപ്പോയേക്കാമെന്നു് ഞാൻ ഭയപ്പെടുന്നു.”—2കൊരിന്ത്യർ11:3.
6. വഴിപിഴപ്പിക്കപ്പെടുകയെന്നാൽ അർത്ഥമെന്തു്?
6 ഹവ്വാ കേവലം വഞ്ചിക്കപ്പെടുകയോ കബളിപ്പിക്കപ്പെടുകയോ മാത്രമല്ലായിരുന്നുവെന്നു് കാണുക; അവൾ വഴിപിഴപ്പിക്കപ്പെടുകയും ചെയ്തു. അതിന്റെ അർത്ഥം വശീകരിക്കുന്ന ഒരു വിലോഭനത്താലോ പ്രലോഭനത്താലോ വിപൽക്കരമായ ഒരു ഗതിയിലേക്കു് അവൾ ആകർഷിക്കപ്പെട്ടുവെന്നാണു് വെബ്സ്റ്ററിന്റെ തേർഡ് ന്യൂ ഇന്റർനാഷനൽ ഡിക്ഷണറി അനുസരിച്ചു് Seduce (വഴിപിഴപ്പിക്കുക) എന്നതിന്റെ അർത്ഥം “അനുസരണക്കേടിനു പ്രേരിപ്പിക്കുക” “ശാന്തമായ, കൗശലപൂർവ്വകമായ, മോഹനശക്തിയാലോ അതുപോലെയെന്നതു പോലെയോ ആകർഷിക്കുക അഥവാ നേടുക” എന്നൊക്കെയാണു് ഈ നിഘണ്ടു സെഡ്യൂസ് (വഴിപിഴപ്പിക്കുക) എന്നതിന്റെ അർത്ഥം “ആദ്യമായ ലൈംഗിക വേഴ്ചയിലേർപ്പെടാൻ (ഒരു സ്ത്രീയെ) പ്രേരിപ്പിക്കുക” എന്നാണെന്നു് പ്രത്യേകമായി പറയുന്നു. (ഈ സംഗതിയിൽ ലൈംഗിക വേഴ്ച ഉൾപ്പെട്ടിരുന്നില്ലെങ്കിലും) ഹവ്വായെ വിലോഭിപ്പിച്ച സാത്താന്റെ രീതി പുനരവലോകനം ചെയ്യുന്നതിൽ നിന്നും നമുക്കു് പ്രയോജനം നേടാൻ കഴിയും.
7, 8. (എ) ഹവ്വായോടുള്ള സാത്താന്റെ ചോദ്യത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു? (ബി) വൃക്ഷത്തിൽ നിന്നു് ഭക്ഷിക്കുന്നതു് സാത്താൻ വളരെ ആകർഷകമാക്കിത്തീർത്തതെങ്ങനെ?
7 സാത്താൻ തന്റെ സമീപനത്തിന്റെ ആരംഭത്തിൽ തന്നെ, കൗശലപൂർവ്വകമായ ഒരു വിധത്തിൽ ഹവ്വാ ദൈവനിയമത്തെ ചോദ്യം ചെയ്തു തുടങ്ങാനിടയാക്കുന്നതിനു് ഒരു സർപ്പത്തെ ഉപയോഗിച്ചു. സംശയവും വിശ്വാസമില്ലായ്മയും ഉണർത്താൻ ശ്രദ്ധാപൂർവ്വം സംവിധാനം ചെയ്ത വാക്കുകളിൽ “തോട്ടത്തിലെ സകല വൃക്ഷത്തിൽ നിന്നും നിങ്ങൾ തിന്നരുതെന്നു് ദൈവം പറഞ്ഞുവെന്നതു് യഥാർത്ഥത്തിൽ അങ്ങനെതന്നെയോ?” എന്നു് അവൻ ചോദിച്ചു. ഈ ദുരുദ്ദേശ്യപരമായ ചോദ്യത്താൽ, അവൾക്കു് തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളിൽ നിന്നും ഭക്ഷിക്കാൻ പാടില്ലാത്തതു് ദയനീയമാണെന്നു് സാത്താൻ സൂചിപ്പിക്കുകയായിരുന്നു. യഥാർത്ഥത്തിൽ, ദൈവം പറഞ്ഞതുപോലെ മരിക്കുന്നതിനുപകരം അവൾ വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്നു് ഭക്ഷിക്കുന്നതിനാൽ യഥാർത്ഥത്തിൽ പ്രയോജനം നേടുമെന്നു് അവൻ വാദിച്ചു. “എന്തുകൊണ്ടെന്നാൽ നിങ്ങൾ അതിൽ നിന്നു് ഭക്ഷിക്കുന്ന ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കേണ്ടതാണെന്നും നിങ്ങൾ നന്മതിന്മകളറിയുന്നവരായി ദൈവത്തെപ്പോലെയായിരിക്കേണ്ടതാണെന്നും ദൈവം അറിയുന്നു”വെന്നു് സാത്താൻ അവൾക്കു് ഉറപ്പുകൊടുത്തു.—ഉൽപത്തി 3:1-5.
8 ദൈവം ഹവ്വായിൽനിന്നു് പ്രയോജനകരമായ അറിവു മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നു് സൂചിപ്പിക്കുന്നതു് സാത്താനെ സംബന്ധിച്ചു് എത്ര കുടിലമായ കൗശലമായിരുന്നു! സാത്താൻ പറയുന്നതനുസരിച്ചു്, സ്വയം നിർണ്ണയ പ്രാപ്തി ഉപയോഗിക്കുന്നതിൽനിന്നു് അവളെ തടയാൻ ദൈവം നിരർത്ഥകമായ ഒരു മരണ ഭീഷണി ഉപയോഗിക്കുക പോലുമായിരുന്നു. ‘ഹാ, നിങ്ങൾക്കു് നഷ്ടം ഭവിക്കുകയാണു്!’ എന്നു് ഫലത്തിൽ അവൻ ഹവ്വായോടു പറഞ്ഞു. ‘നീ മരിക്കയില്ല. ദൈവം തന്നെ ആസ്വദിക്കുന്നതു് നിനക്കു് ആസ്വദിക്കാൻ കഴിയും. നന്മ അഥവാ തിന്മ എന്തെന്നു് നിനക്കുതന്നെ തീരുമാനിക്കാൻ കഴിയും.’ ഒരുത്തരോടും സമാധാനം ബോധിപ്പിക്കാതെ സ്വന്തം തീരുമാനങ്ങൾ ചെയ്യാൻ പ്രാപ്തയാകുന്നതു് ഹവ്വായിക്കു് ആകർഷകമായി തോന്നി.
9. യാക്കോബ് 1:14,15-ൽ പ്രകടമാക്കിയിരിക്കുന്ന പ്രകാരം ഏതു സംഭവ പരമ്പര ഹവ്വായുടെ പാപത്തിലേക്കും ഒടുവിൽ മരണത്തിലേക്കും നയിച്ചു?
9 തൽഫലമായി, ഹവ്വാ ആഗ്രഹത്തോടെ വൃക്ഷത്തെ നോക്കിത്തുടങ്ങി. “തൽഫലമായി, വൃക്ഷം ആഹാരത്തിനു് നല്ലതാണെന്നും അതു് കണ്ണുകൾക്കു് കാംക്ഷിക്കാവുന്നതാണെന്നും, അതെ, വൃക്ഷം നോക്കുന്നതിനു് അഭികാമ്യമാണെന്നു്, സ്ത്രീ കണ്ടു. അതുകൊണ്ടു് അവൾ അതിന്റെ ഫലം എടുത്തു തിന്നാൻ തുടങ്ങി.” (ഉൽപത്തി 3:6) എന്നാൽ പിന്നീട്, വാഗ്ദത്തം ചെയ്യപ്പെട്ടതു് തനിക്കു് കിട്ടിയില്ലെന്നു് ഹവ്വാ മനസ്സിലാക്കിയപ്പോൾ അവൾ ഇങ്ങനെ വിശദീകരിച്ചു: “സർപ്പം—അതു് എന്നെ വഞ്ചിച്ചു.” (ഉൽപത്തി 3:13) യഥാർത്ഥത്തിൽ, സർപ്പം സ്വാർത്ഥമോഹം അവൾ പാപം ചെയ്യാനും തൽഫലമായി ഒടുവിൽ മരിക്കാൻപോലും ഇടയാക്കുന്നതുവരെ വശീകരിക്കുന്ന ഒരു വിലോഭനത്താലോ പ്രലോഭനത്താലോ അവളെ നയിച്ചുകൊണ്ടു് അവളെ വഴിപിഴപ്പിക്കുകപോലും ചെയ്തിരുന്നു.—യാക്കോബ് 1:14,15.
സാത്താന്റെ പദ്ധതികളെ സൂക്ഷിക്കുക
10. സാത്താന്റെ തന്ത്രങ്ങളെക്കുറിച്ചു് നാം അജ്ഞരായിരിക്കേണ്ടതില്ലാത്തതെന്തുകൊണ്ടു്, നാം ഏതു് നിർദ്ദേശങ്ങൾ അനുസരിക്കുന്നതു ബുദ്ധിയാണു്?
10 സാത്താൻ സമാനമായ പദ്ധതികൾ, അതായതു് ആസൂത്രണങ്ങളും തന്ത്രങ്ങളും, ഉപയോഗിച്ചു് ഇന്നത്തെ യുവാക്കളെ വഞ്ചിക്കുകയും വഴിപിഴപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ബൈബിൾ സാത്താന്റെ വഞ്ചകമായ രീതികളുടെ ഒരു പൂർണ്ണചരിത്രം നൽകുന്നതുകൊണ്ടു് നിങ്ങൾ അവന്റെ പദ്ധതികളെക്കുറിച്ചു് അജ്ഞരായിരിക്കേണ്ടതില്ല. (2 കൊരിന്ത്യർ 2:11) നിങ്ങൾക്കു് ആവശ്യമായിരിക്കുന്നതു് യഹോവയാം ദൈവം തന്റെ വചനവും സ്ഥാപനവും മുഖേന പ്രദാനം ചെയ്യുന്ന മുന്നറിയിപ്പുകളും പ്രബോധനങ്ങളും അനുസരിക്കുന്നതിനുള്ള സുബോധമാണു്.—സദൃശവാക്യങ്ങൾ 2:1-6; 3:1-7,11,12; 4:1,2,20-27; 7:1-4.
11. മിക്കപ്പോഴും സാത്താൻ യുവാക്കളെ ദുഷ്പ്രവൃത്തിയിലേക്കു വഴിപിഴപ്പിക്കുന്നതോ വഞ്ചിക്കുന്നതോ എങ്ങനെ?
11 സാത്താൻ പ്രായം കുറഞ്ഞവരെ മിക്കപ്പോഴും ദുഷ്പ്രവൃത്തിയിലേക്കു് വശീകരിക്കുന്നതു് അഥവാ പ്രലോഭിപ്പിക്കുന്നതു് എങ്ങനെയാണു്? ദൈവം കുറ്റംവിധിക്കുന്നതിനെ, ദൈവാംഗീകാരം നഷ്ടപ്പെടുന്നതിലേക്കു് നയിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളെ, വളരെ ആകർഷകവും അതേസമയം നിരുപദ്രവകരവുമായി തോന്നിപ്പിക്കുന്നതിനാലാണു് അവൻ അങ്ങനെ ചെയ്യുന്നതു്, അങ്ങനെയാണല്ലോ ആ ഫലം ഹവ്വായിക്കു് കാണപ്പെട്ടതു്. ഹവ്വായുടെ കാര്യത്തിൽ അവൻ ചെയ്തതു പോലെ, ഉല്ലാസകരമായ എന്തെങ്കിലും നിങ്ങൾ അനാവശ്യമായി നഷ്ടപ്പെടുത്തുകയാണെന്നുള്ള ആശയത്തെ പ്രോത്സാഹിപ്പിക്കാൻ അവൻ ശ്രമിക്കും. അങ്ങനെ, കൗശലപൂർവ്വകവും വഞ്ചകവുമായ വിധത്തിൽ, യഹോവയുടെ വചനത്തോടും നിങ്ങളുടെ ദൈവഭയമുള്ള മാതാപിതാക്കളും ദൈവസ്ഥാപനവും നൽകുന്ന ഉദ്ബോധനങ്ങളോടുമുള്ള നിങ്ങളുടെ ആദരവിനു തുരങ്കംവെക്കാൻ സാത്താൻ കഠിനശ്രമം ചെയ്യുന്നു. അതുകൊണ്ടു്, നല്ല കാരണത്തോടെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു, “പിശാചിന്റെ ഉപജാപങ്ങൾക്കെതിരെ [അല്ലെങ്കിൽ, ഗ്രീക്ക് തിരുവെഴുത്തുകളുടെ രാജ്യ വരിമദ്ധ്യ ഭാഷാന്തരം പറയുന്നതുപോലെ “തന്ത്ര പ്രവൃത്തികൾക്കെതിരെ”] ഉറച്ചു നിൽക്കുക.”—എഫേസ്യർ 6:11
12. (എ) സാത്താനെ സംബന്ധിച്ച ഏതു വസ്തുത നമ്മളെല്ലാം ഗൗരവമായി എടുക്കണം, എന്തുകൊണ്ടു്? (ബി) 1 യോഹന്നാൻ 2:15-ലും യാക്കോബ് 4:4-ലും പറഞ്ഞിരിക്കുന്നതിനെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? (സി) എന്തു വിശ്വസിക്കത്തക്കവണ്ണം നിങ്ങളെ വഞ്ചിക്കാൻ സാത്താൻ ആഗ്രഹിക്കും?
12 സാത്താന്റെ വ്യാജപ്രസ്താവന ഹവ്വാ വിശ്വസിച്ചതു് മൂഢത്വമായിരുന്നുവെന്നു് സ്പഷ്ടമാണു്. എന്നിരുന്നാലും, ഇന്നത്തെ അനേകം യുവാക്കൾ യഹോവയുടെ വചനത്തിലെ മുന്നറിയിപ്പുകളെയോ അവരുടെ മാതാപിതാക്കളോ ക്രിസ്തീയ മൂപ്പന്മാരോ കൊടുക്കുന്ന മുന്നറിയിപ്പുകളെയോ സമാനമായി തുച്ഛീകരിക്കുന്നില്ലയോ? നിങ്ങളേ സംബന്ധിച്ചെന്തു്? ദൃഷ്ടാന്തമായി, പിശാചായ സാത്താൻ ഈ ലോകത്തിന്റെ ഭരണാധികാരിയാണെന്നും ഈ വ്യവസ്ഥിതിയുടെ ദൈവമെന്ന നിലയിൽ അവൻ ജനങ്ങളുടെ മനസ്സുകളെ കുരുടാക്കുകയാണെന്നുമുള്ള വസ്തുതയെ നിങ്ങൾ ഗൗരവമായി എടുക്കുന്നുണ്ടോ? (1യോഹന്നാൻ 5:19; യോഹന്നാൻ 12:31; 14:30; 16:11; 2 കൊരിന്ത്യർ4:4) “ലോകത്തെയോ ലോകത്തിലുള്ളവയേയോ സ്നേഹിക്കരുതു്” എന്ന ദൈവകല്പന അനുസരിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ശ്രമിക്കുന്നുണ്ടോ? (1യോഹന്നാൻ 2:15) നിങ്ങളോടുതന്നെ ചോദിക്കുക: ‘“അതുകൊണ്ടു് ലോകത്തിന്റെ ഒരു സ്നേഹിതനായിരിക്കാനാഗ്രഹിക്കുന്ന ആരും തന്നേത്തന്നേ ദൈവത്തിന്റെ ഒരു ശത്രു ആക്കിത്തീർക്കുകയാണു്” എന്ന തിരുവെഴുത്തു പ്രസ്താവന ഞാൻ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവോ?’ (യാക്കോബ് 4:4) ലോകം ഭീഷണി ഉയർത്തുന്നില്ലെന്നും അതു പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നിരുപദ്രവകരമാണെന്നും വിശ്വസിക്കുന്നതിലേക്കു് നിങ്ങളെ വഞ്ചിക്കാൻ സാത്താനാഗ്രഹിക്കും. എന്നാൽ സൂക്ഷിക്കുക! വഞ്ചിക്കപ്പെടരുതു്.
ഇന്നത്തെ വഞ്ചനാത്മക പ്രലോഭനങ്ങൾ
13. അനേകം സ്ഥലങ്ങളിൽ ഏതു് ആചാരം പ്രചാരത്തിലിരിക്കുന്ന, അതു സംബന്ധിച്ചു് നാം എന്തു വിശ്വസിക്കാൻ സാത്താൻ ഇഷ്ടപ്പെടും?
13 സാത്താൻ അവയിൽത്തന്നെ തെറ്റല്ലാതിരുന്നേക്കാവുന്നതോ ബൈബിളിൽ വ്യക്തമായി കുറ്റംവിധിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങളാൽ മിക്കപ്പോഴും ആളുകളെ ദുഷ്പ്രവൃത്തിയിലേക്കു വശീകരിച്ചേക്കാം. ദൃഷ്ടാന്തമായി, തങ്ങളുടെ പ്രേമാഭ്യർത്ഥനക്കാലത്തെ ഉല്ലാസപ്രദമായ സമയങ്ങളുടെ സ്മരണകൾ പല വിവാഹിത ഇണകൾക്കും ഉണ്ടെങ്കിലും ഒരു സംസർഗ്ഗദിവസത്തിൽ ആളുകൾ ഒറ്റയ്ക്കായിരിക്കുമ്പോൾ അപകടസാദ്ധ്യതകളുണ്ടു്. യഥാർത്ഥത്തിൽ, ഡേറ്റിംഗ് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം മാത്രം പല സ്ഥലങ്ങളിലും പ്രചാരത്തിലായ ആപേക്ഷികമായി ആധുനികമായ ഒരു ആചാരമാണു്. ഒറ്റയൊറ്റയായി വിപരീതലിംഗവർഗ്ഗത്തിൽപെട്ട അംഗങ്ങളുമായി പരിചയപ്പെടുന്നതിനുള്ള കേവലം നിർദ്ദോഷകരമായ ഒരു വിനോദരൂപമാണു് ഈ ആചാരമെന്നു് നിങ്ങൾ വിശ്വസിക്കാൻ സാത്താൻ ഇഷ്ടപ്പെടുന്നു. എന്നാൽ, സത്യത്തിൽ, ഈ ആചാരത്തിൽ ധാർമ്മിക അപകടങ്ങൾ നിറഞ്ഞിരിക്കുന്നു.
14. (എ) ഡേറ്റിംഗ് ആചാരത്തെ എങ്ങനെ വിലയിരുത്താൻ കഴിയും? (ബി) ഡേറ്റിംഗിന്റെ സാഹചര്യത്തിൽ ഏതു വികാരങ്ങൾ വളരാൻ കഴിയും?
14 പ്രായമേറിയ, പക്വതയുള്ള, ക്രിസ്ത്യാനികൾക്കു് തങ്ങളുടെ അനുഭവപരിചയം നിമിത്തം ഈ അപകടങ്ങളെക്കുറിച്ച് കൂടുതൽ അറിവുണ്ടു്, തന്നിമിത്തം സഹായകമായ മാർഗ്ഗനിർദ്ദേശം കൊടുക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 27:12) എന്നാൽ, ഒരുപക്ഷേ, ഡേറ്റിംഗിൽ അപകടമില്ലെന്നും നിങ്ങളുടെ മാതാപിതാക്കന്മാർ അമിതമായ നിയന്ത്രണം വെച്ചുകൊണ്ടു് നിങ്ങളുടെ വിനോദത്തെ കവർന്നുകളയുകയാണെന്നും നിങ്ങൾക്കു് തോന്നിയേക്കാം. എന്നിരുന്നാലും, ആളുകളെ അവർ ഉളവാക്കുന്ന ഫലത്താൽ വിധിക്കാൻ കഴിയുന്നതുപോലെ, ഡേറ്റിംഗ്പോലുള്ള ആചാരങ്ങളെയും വിധിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 20:11;മത്തായി 7:16) ദൃഷ്ടാന്തത്തിനു്, നിരന്തരം ഡേറ്റിംഗിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്ത ഒരു 18 വയസ്സുകാരി ഇങ്ങനെ പ്രസ്താവിച്ചു: “അതു് എനിക്കു് സംഭവിക്കുകയില്ല എന്നു വിചാരിച്ച ആയിരക്കണക്കിനു കുട്ടികളിൽ ഒരുവളായിരുന്നു ഞാൻ.” കുറേകാലം ഡേറ്റിംഗ് നടത്തുമ്പോൾ “കൈപിടിക്കുന്നതും ചുംബിക്കുന്നതും വിരസമായിത്തീരുന്നു”വെന്നു് അവൾ സമ്മതിച്ചു. അതുപോലെതന്നെ, മിക്കപ്പോഴും ഡേറ്റിംഗ് നടത്തിയ ഒരു 17 വയസ്സുകാരി ഇങ്ങനെ പറയുന്നു: “ആൺകുട്ടി എന്നിൽ കാമാസക്തനാകാൻ ഞാൻ ഉൽക്കടമായി ആഗ്രഹിക്കുന്നതുവരെ ചുംബനവും ആലിംഗനവും പുഷ്ടിപ്പെടുന്നു.” അസാധാരണമായ ഒരു വികാരമോ? അശേഷമല്ല.
15. ഏതു് ദുരന്തങ്ങൾക്കു് ഡേറ്റിംഗ് ഗണ്യമായ ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടതാണു്?
15 ശാരീരികാകർഷണം തോന്നുന്ന യുവജനങ്ങൾ തനിച്ചു് ഒരുമിച്ചു് മാറിക്കഴിയുമ്പോൾ, ഡേറ്റിംഗിൽ സംഭവിക്കുന്നതുപോലെ ലൈംഗിക മോഹം പുഷ്ടിപ്പെടുകയും ഒടുവിൽ സദുദ്ദേശ്യമുള്ള യുവാക്കൾപോലും ദൈവനിയമങ്ങൾ ലംഘിക്കുന്നതിലേക്കു് നയിക്കുകയും ചെയ്യാവുന്നതാണു്. അമേരിക്കൻ ഐക്യനാടുകളിൽ ഓരോ വർഷവും പത്തൊൻപതു വയസ്സിൽ താണ പത്തുലക്ഷത്തിലധികം പെൺകുട്ടികൾ ഗർഭിണികളാകുന്നുവെന്നും അവരിൽ ശതസഹസ്രങ്ങൾ ഗർഭച്ഛിദ്രം നടത്തുകയോ വിവാഹം കൂടാതെ മക്കളെ പ്രസവിക്കുകയോ ചെയ്യുന്നുവെന്നുമുള്ള വസ്തുത പരിഗണിക്കുക. നിർഭാഗ്യവശാൽ, ചിലപ്പോൾ, ഈ യുവതികളിൽ ചിലർ യഹോവയുടെ സാക്ഷികളുടെ മക്കളാണു്. അവരോടു ബന്ധപ്പെട്ട യുവാക്കൻമാരും അങ്ങനെതന്നെ. ഈ ദുരന്തങ്ങൾക്കും അതുപോലെതന്നെ ഓരോ വർഷവുമുണ്ടാകുന്ന ലൈംഗിക സാംക്രമികരോഗങ്ങളുടെ ദശലക്ഷക്കണക്കിനു പുതിയ കേസുകൾക്കും ഗണ്യമായ ഉത്തരവാദിത്തം വഹിക്കേണ്ടതു് ആധുനിക ഡേറ്റിംഗ് ആചാരമാണു്.
16. (എ) ലൈംഗിക മോഹങ്ങൾക്കു് എവിടെ മാത്രമാണു് ഉചിതമായി നിവൃത്തിയുണ്ടാകുന്നതു്? (ബി) ദൈവജനത്തിൽ അനേകർക്കും എന്തു സംഭവിക്കുന്നു?
16 ദാമ്പത്യബന്ധങ്ങൾക്കുള്ളിൽ മാത്രം ലൈംഗിക മോഹത്തിനു് നിവൃത്തി വരുത്താനാണു് ദൈവം ഉദ്ദേശിച്ചതു്, അവിടെ അതിനു് ആരോഗ്യാവഹമായ ഉല്ലാസവും സംതൃപ്തിയും കൈവരുത്താൻ കഴിയും. (എബ്രായർ 13:4; സദൃശവാക്യങ്ങൾ 5:15-19) എന്നിരുന്നാലും, ലൈംഗികതയെ ദുരുപയോഗപ്പെടുത്താനും ദുർവൃത്തിയിലേർപ്പെടാനും ആളുകളെ വഴിപിഴപ്പിക്കാൻ സാത്താൻ ദൈവദത്തമായ ഈ ദാനത്തെ തന്ത്രപൂർവ്വം ഉപയോഗിച്ചിരിക്കുന്നു. പുരാതന കാലങ്ങളിൽ, ദൈവത്തിനെതിരായ ഈ പാതകം നിമിത്തം ഒരു ദിവസംതന്നെ 24,000 യിസ്രായേല്യർ വധിക്കപ്പെട്ടു. ഈ കാലങ്ങളിൽ ദുർവൃത്തിനിമിത്തം ഓരോ വർഷവും ആയിരങ്ങൾ ക്രിസ്തീയ സഭയിൽനിന്നു് പുറത്താക്കപ്പെടുന്നുണ്ടു്. അതുകൊണ്ടു് ജ്ഞാനികളായിരിക്കുക. ബുദ്ധിയുപദേശത്തിനും മാർഗ്ഗനിർദ്ദേശത്തിനും ശ്രദ്ധകൊടുക്കുക. വഞ്ചിക്കപ്പെടാൻ നിങ്ങളേത്തന്നെ അനുവദിക്കരുതു്.—സംഖ്യാപുസ്തകം 25:1-9, 16-18; 31:16.
17. (എ) സ്പോർട്ട്സ്, സംഗീതം, നൃത്തം എന്നിവ സംബന്ധിച്ചു് സാത്താൻ ഏതു വഞ്ചനാത്മക വീക്ഷണത്തിനു പ്രോത്സാഹിപ്പിച്ചിരിക്കുന്നു? (ബി) ലോക വിനോദം ദൈവജനത്തിനു് ഭീഷണി ഉയർത്തുന്നതെങ്ങനെ?
17 സാത്താന്റെ മറ്റ് ഉപകരണങ്ങൾ സംബന്ധിച്ചു് ജാഗ്രതപാലിക്കുക. ദൃഷ്ടാന്തമായി, സ്പോർട്ട്സും സംഗീതവും നൃത്തവും സാത്താന്റെ ലോകവിനോദത്തിന്റെ മുഖ്യഭാഗമായിത്തീർന്നിരിക്കുന്നു. ഈ കാര്യങ്ങൾ അവയിൽതന്നെ ആവശ്യം തെറ്റായിരിക്കുന്നില്ലെന്നുള്ളതു് സത്യം തന്നെ. അവ ഉല്ലാസപ്രദവും പ്രയോജനകരവും പോലും ആയിരിക്കാൻ കഴിയും. (1 തിമൊഥെയോസ്4:8; സെഖര്യാവു്8:5; ലൂക്കോസ്15:25) എന്നിരുന്നാലും, ലോകജനങ്ങളോടൊത്തു് നിരന്തരം അവയിൽ ഏർപ്പെടുമ്പോൾപോലും അവ ഉപദ്രവഭീഷണി ഉയർത്തുന്നില്ലെന്നുള്ള വീക്ഷണം സാത്താൻ വഞ്ചനാത്മകമായി പ്രചരിപ്പിച്ചിരിക്കുകയാണു്. എന്നാൽ “വഴിതെറ്റിക്കപ്പെടരുതു്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്നു ദൈവവചനം മുന്നറിയിപ്പുനൽകുന്നു. (1 കൊരിന്ത്യർ 15:33) അതിനെക്കുറിച്ചു ചിന്തിക്കുക. മതവും രാഷ്ട്രീയവും സാത്താന്റെ വ്യവസ്ഥിതിയുടെ ഭാഗമാണെങ്കിൽ ലോകം പ്രചരിപ്പിക്കുന്ന വിനോദം അവന്റെ സ്വാധീനത്തിൽനിന്നു് വിമുക്തമാണെന്നു വിശ്വസിക്കുന്നതു് മൂഢത്വമല്ലയോ? “നിങ്ങൾക്കു ചുറ്റുമുള്ള ലോകം അതിന്റെ സ്വന്തം മൂശയിലേക്കു് നിങ്ങളെ ഞെരുക്കിക്കടത്താ”തിരിക്കാൻ നിങ്ങൾ നിരന്തരം ജാഗ്രതപുലർത്തേണ്ടതുണ്ടു്.—റോമർ 12:2, ആധുനിക ഇംഗ്ലീഷിലുള്ള പുതിയനിയമം, ജെ. ബി. ഫിലിപ്സിന്റേതു്.
യുവാക്കളെ സംരക്ഷിക്കാനുള്ള കരുതലുകൾ
18. നിങ്ങളെ പ്രബോധിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ നിങ്ങൾ വിലമതിക്കേണ്ടതെന്തുകൊണ്ടു്?
18 വഞ്ചിക്കപ്പെടുന്നതിൽ നിന്നു് പ്രായക്കുറവുള്ളവരായ നിങ്ങളെ സംരക്ഷിക്കാൻ യഹോവയാം ദൈവം സ്നേഹപൂർവ്വം കരുതൽ ചെയ്തിട്ടുണ്ടു്. ഒന്നാമതായി, നിങ്ങളെ പ്രബോധിപ്പിക്കാനും വഴിനടത്താനും അവൻ നിങ്ങളുടെ മാതാപിതാക്കളെ പ്രദാനം ചെയ്തിരിക്കുന്നു. അവർ അതു ചെയ്യുമ്പോൾ നിങ്ങൾക്കു് സന്തോഷിക്കാൻ കഴിയും. വിവാഹംകൂടാതെ ഗർഭം ധരിച്ച അസന്തുഷ്ടയായ ഒരു 18 വയസ്സുകാരി “മാതാപിതാക്കൾ ചെയ്യേണ്ടതുപോലെ എന്റെ മാതാപിതാക്കൾ തങ്ങളുടെ ചുമതല നിർവ്വഹിക്കുകയും ഒരു നിരന്തര കൂട്ടുകാരന്റെ കൂടെ സ്ഥിരം പോകുന്നതിന്റെ അപകടം എന്നോടു പറഞ്ഞു് അതിനെ വിലക്കുകയും ചെയ്തിരുന്നെങ്കിൽ” അതു് സംഭവിക്കുകയില്ലായിരുന്നുവെന്നു് പരാതി പറഞ്ഞു. അതുകൊണ്ടു് നിങ്ങൾക്കു് ദൈവ ഭയമുള്ള മാതാപിതാക്കളുണ്ടെങ്കിൽ നന്ദിയുള്ളവരായിരിക്കുക. അവർ നിങ്ങളെ ഞെരുക്കാനോ നിങ്ങളുടെമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാൽ ജീവിതത്തെ അസുഖകരമാക്കാനോ ശ്രമിക്കുകയല്ല. മറിച്ചു്, അവർ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ സംരക്ഷിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു. അവരുടെ ബുദ്ധിയുപദേശം തേടിക്കൊണ്ടു് അവരുടെ അനുഭവ പരിചയത്തെയും ജ്ഞാനത്തെയും പ്രയോജനപ്പെടുത്തുക.
19. യുവാക്കളെ സംരക്ഷിക്കാൻ ഏതു് കൂടുതലായ സഹായങ്ങൾ നൽകപ്പെട്ടിട്ടുണ്ടു്?
19 അതിനുപുറമേ, നിങ്ങളെ സഹായിക്കാൻ യഹോവ തന്റെ ഭൗമിക സ്ഥാപനത്തെ പ്രദാനം ചെയ്തിട്ടുണ്ടു്. ഉദാഹരണമായി, ഉണരുക!യുടെ ഓരോ ലക്കത്തിലും “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന സവിശേഷ ലേഖനമുണ്ടു്. അതു് യഹോവയുടെ നിലവാരങ്ങളുടെ ന്യായത പ്രകടമാക്കുന്നു. അതുപോലെതന്നെ, സ്കൂൾ പരിസരത്തു് ദൈവനിയമങ്ങളും തത്വങ്ങളും അനുസരിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ സ്കൂളും യഹോവയുടെ സാക്ഷികളും എന്ന ലഘുപത്രിക പ്രദാനം ചെയ്തിരിക്കുന്നു. വീക്ഷാഗോപുരത്തിന്റെ പേജുകളിലൂടെയും സഭാമീറ്റിംഗുകളിലും സർക്കിട്ട് സമ്മേളനങ്ങളിലും ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും കൂടുതലായ പ്രോത്സാഹനവും ബുദ്ധിയുപദേശവും നൽകപ്പെടുന്നു. തീർച്ചയായും “യുവാക്കളേ, വഞ്ചിതരാകരുതു്” എന്ന ഈ വിഷയംതന്നെ അടുത്ത കാലത്തെ ഒരു പ്രസംഗമായിരുന്നു. അതുപോലെതന്നെ, ഒരു സേവനയോഗ ഭാഗത്തിന്റെ വിഷയവുമായിരുന്നു.
20. (എ) യുവാക്കൾക്കു് അത്തരം സഹായം കൊടുക്കുന്നതെന്തിനു്? (ബി) നിങ്ങളെ വഞ്ചിക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഏതു മനോഭാവം നിങ്ങളെ സഹായിക്കും?
20 ഈ ശ്രദ്ധയാലെല്ലാം ഞങ്ങൾ നിങ്ങളുടെ സന്തോഷം കെടുത്തിക്കളയാൻ നിങ്ങളെ കൂട്ടംകൂടി ഉപദ്രവിക്കുകയാണെന്നു് നിങ്ങൾ ഒരിക്കലും വിചാരിക്കരുതു്. പകരം, ദൈവസ്ഥാപനം നിങ്ങളെ സ്നേഹിക്കുന്നു. അച്ചടിക്കുന്നതും പറയുന്നതുമെല്ലാം—നിങ്ങളെ സംരക്ഷിക്കാൻ, നിങ്ങളുടെ ജീവൻ രക്ഷിക്കാൻ, ഉദ്ദേശിച്ചാണു്! ഈ കരുതലുകളെ വിലമതിക്കാൻ പഠിക്കുക. സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചുള്ള ബൈബിൾ പഠനം ഒരു ശീലമാക്കുക; ബൈബിൾ സത്യങ്ങൾ വിലമതിപ്പോടെ നിങ്ങളെ ആവേശഭരിതരാക്കിത്തീർക്കട്ടെ. ഒരു 18 വയസ്സുകാരൻ യുവാക്കൾക്കുവേണ്ടി അച്ചടിക്കപ്പെട്ട ബുദ്ധിയുപദേശം പരിചിന്തിച്ചശേഷം ഇങ്ങനെ എഴുതി: “യുവാക്കളായിരിക്കുന്ന ഞങ്ങൾ സത്യത്തിലായിരിക്കുന്നതിൽ എത്ര ഭാഗ്യവാന്മാരാണു് എന്നു തിരിച്ചറിയാൻ അതിടയാക്കി! ഭൂമിയിലെ മറ്റു യാതൊരു സ്ഥാപനവും അതിലെ യുവജനങ്ങളെ ഇത്രയധികം കരുതുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല!” നിങ്ങൾക്കും ഈ മനോഭാവം ഉണ്ടായിരിക്കട്ടെ. നമുക്കു് ഒറ്റക്കെട്ടായി നിൽക്കുകയും നമ്മെ വഞ്ചിക്കാനുള്ള പിശാചിന്റെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുകയും ചെയ്യാം, എന്തുകൊണ്ടെന്നാൽ നാം അവന്റെ തന്ത്രങ്ങൾ അറിയാത്തവരല്ല!
പുനരവലോകന ചതുരം
◻ യുവജനങ്ങൾ സാത്താന്റെ പ്രത്യേക ലക്ഷ്യമായിരിക്കുന്നതെന്തുകൊണ്ടു്?
◻ സാത്താൻ ദുഷ്പ്രവൃത്തി ചെയ്യാൻ തക്കവണ്ണം ഹവ്വായെ വഴിപിഴപ്പിച്ചതെങ്ങനെ?
◻ ഇക്കാലത്തു് സാത്താൻ മിക്കപ്പോഴും യുവാക്കളെ വഴിപിഴപ്പിക്കുന്നതെങ്ങനെ?
◻ യുവജനങ്ങളെ സംരക്ഷിക്കാൻ എന്തു കരുതലുകളുണ്ടു്?
[18-ാം പേജിലെ ചിത്രങ്ങൾ]
ആദാമിനെക്കാൾ അനുഭവജ്ഞാനം കുറഞ്ഞ ഹവ്വായെ വഴിതെറ്റിക്കാൻ സാത്താൻ ശ്രമിച്ചതുപോലെ, യുവാക്കൾ സാത്താന്റെ പ്രത്യേക ലക്ഷ്യമാണു്
[21-ാം പേജിലെ ചിത്രങ്ങൾ]
യുവജനങ്ങൾ തങ്ങളേത്തന്നെ ഒറ്റപ്പെടുത്തുമ്പോൾ ലൈംഗികമോഹം പുഷ്ടിപ്പെട്ടു് ദൈവനിയമം ലംഘിക്കുന്നതിലേക്കു് നയിക്കാൻ കഴിയും