കാപ്പിയോ ചായയോ അതോ ഗ്വാരാനായോ?
ബ്രസീലിലെ ഉണരുക! ലേഖകൻ
“എന്താ കുടിക്കാൻ എടുക്കേണ്ടത്? കാപ്പിയോ ചായയോ അതോ ഗ്വാരാനായോ?” സുസ്മേരവദനയായ ആതിഥേയ ചോദിച്ചു. ബ്രസീലിലെ സത്കാര വേളകളിൽ സാധാരണ കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇത്. എന്നാൽ വിദേശീയരായ അതിഥികൾ ചോദ്യം കേട്ട് ഒന്ന് അമ്പരന്നു. ഉടനെ ആതിഥേയ ഒരു കുപ്പിയെടുത്ത് അതിഥികളെ കാണിച്ചു. ചുവന്ന നിറത്തിലുള്ള മൂന്നു ചെറിയ പഴങ്ങളുടെ ലേബലോടു കൂടിയ ഒരു കുപ്പി. അതിഥികൾക്ക് ആശ്വാസമായി. തങ്ങൾ കരുതിയതുപോലെ ഗ്വാരാനാ എന്നത്, ഇഗ്വാനയെ പോലെ ഒരു ജീവിയുടെ പേരല്ല പകരം അത് ഒരു റെഫ്രിഷെറാന്റിയുടെ അഥവാ ലഘു പാനീയത്തിന്റെ പേരാണ് എന്ന് അവർക്കു മനസ്സിലായി.
ഗ്വാരാനായെ കുറിച്ചു നിങ്ങളും ഒരുപക്ഷേ കേട്ടിട്ടില്ലായിരിക്കാം. കാപ്പിയും ചായയും ലോകമൊട്ടാകെ പ്രിയപ്പെടുന്ന പാനീയങ്ങളായിരിക്കുന്നതുപോലെ ബ്രസീലിൽ പ്രചാരം സിദ്ധിച്ചിരിക്കുന്ന ഒന്നാണ് ഗ്വാരാനാ. എന്നിരുന്നാലും, മൂന്നു പാനീയങ്ങൾക്കും ഒരു സമാനതയുണ്ട്: അവയിൽ കഫീൻ അടങ്ങിയിരിക്കുന്നു. ഒരു കപ്പു കാപ്പിയിൽ അടങ്ങിയിരിക്കുന്നതിന്റെ മൂന്നിരട്ടി കഫീൻ ഒരു കപ്പു ഗ്വാരാനയിൽ അടങ്ങിയിട്ടുണ്ടായിരിക്കാം! ജിജ്ഞാസാഭരിതരായ അതിഥികൾക്കു ഗ്വാരാനാതന്നെ മതിയെന്നായി. ഉന്മേഷം പകരുന്ന, ചവർപ്പുരസമുള്ളതെങ്കിലും പഴത്തിന്റെ സ്വാദൂറുന്ന ഗ്വാരാനാ കുടിക്കുന്നതിനിടെ അതിനെ കുറിച്ചുള്ള വിവരണവും അവർ കേട്ടു.
ആമസോൺ നദീതടത്തിൽ വളരുന്ന ദൃഢകാണ്ഡമുള്ള ഒരു ആരോഹിച്ചെടിയാണ് ഗ്വാരാനാ എന്ന് അവർ മനസ്സിലാക്കുന്നു. പാരാ, ഗൊയ്യാസ്, മാറ്റോ ഗ്രോസോ എന്നിങ്ങനെ ബ്രസീലിലെ ചില സംസ്ഥാനങ്ങളിൽ ഗ്വാരാനാ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ മൗവെസ്, പാറിന്റിൻസ് എന്നീ പട്ടണങ്ങൾക്കു സമീപവും ആമസോണാസ് സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും അത് അല്ലാതെതന്നെ വളരുന്നു.
ഈ ചെടി പത്തു മീറ്റർ ഉയരത്തിലേക്കു പടർന്നുകയറിയേക്കാം. കടുംനിറത്തിലുള്ള ചില്ലകളും കയറിയിറങ്ങിയിരിക്കുന്ന വിളുമ്പുകളോടു കൂടിയ അണ്ഡാകൃതിയിലുള്ള ഇലകളും നീളം കുറഞ്ഞ ഞെട്ടുകളോടു കൂടിയ പൂക്കുലകളും അതിനുണ്ട്. മൂന്നാമത്തെ വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഈ ചെടി കായ്ച്ചു തുടങ്ങും. അഞ്ചു വർഷമായ ഒരു ചെടിയിൽ ഏതാണ്ടു മൂന്നു കിലോഗ്രാം കായ്കൾ ഉണ്ടാകും.
മുന്തിരിങ്ങയോളം വലിപ്പമുള്ള ഒരു കായിൽ ഒന്നോ രണ്ടോ മിനുസമുള്ള, അണ്ഡാകൃതിയിലുള്ള കുരുക്കൾ ഉണ്ടായിരിക്കും. കായുടെ മുകൾ ഭാഗത്തിന്റെ നിറം കടുംചുവപ്പും കീഴ്ഭാഗത്തിന്റേത് മഞ്ഞയും ആണ്. കുരുവും മാംസളമായ അതിന്റെ ആവരണവും വേർതിരിക്കാൻ കായ്കൾ വെള്ളത്തിൽ കുതിർത്തുവെക്കും. എന്നിട്ട് കഴുകിയെടുത്ത കുരു ഉണക്കിയശേഷം വറുത്തുപൊടിക്കുന്നു. കഫീൻ അടങ്ങിയ ഈ പൊടി വെള്ളത്തിൽ കലക്കുന്നു, ചിലപ്പോൾ കൊക്കോയും കസാവയും ചേർക്കാറുണ്ട്.
ബ്രസീലിലെ കുടിയേറ്റക്കാർ ഗ്വാരാനായെ കുറിച്ചു മനസ്സിലാക്കിയതിനു വളരെ മുമ്പുതന്നെ ബ്രസീലിലെ അമേരിക്കൻ ഇൻഡ്യക്കാർ അതിന്റെ മൂല്യം തിരിച്ചറിഞ്ഞിരുന്നു. മേന്മയുള്ള പാനീയം ഉണ്ടാക്കാൻ ശ്രദ്ധിച്ചിരുന്ന അവർ പഴുത്ത കായ്കൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, അതിന്റെ കൂടെ പഴുക്കാത്തതോ ചീഞ്ഞതോ ആയ കായ്കൾ ചേർക്കുമായിരുന്നില്ല. കുരു പൊടിച്ചു വെള്ളം ചേർത്തു കുഴച്ചെടുക്കുകയായിരുന്നു പതിവ്. ഈ മാവ് പിന്നീട് 15 സെന്റിമീറ്റർ നീളവും 2.5 സെന്റിമീറ്റർ വ്യാസവുമുള്ള തിരികളുടെ രൂപത്തിലാക്കും. എന്നിട്ട് അവ ചുക്ക് പോലെ ഉണക്കിയെടുക്കും—പണ്ടുകാലത്ത് ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥകളിൽ ആഹാരസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന രീതി. ഉണക്കിയെടുത്ത ഗ്വാരാനാ തിരികൾ, പിരാരുക്കു എന്ന ഒരു വലിയ മത്സ്യത്തിന്റെ അണ്ണാക്കിലെ അസ്ഥി ഉപയോഗിച്ച് ഉരച്ചെടുക്കുന്നു. എന്നിട്ട്, ഈ പൊടി വെള്ളത്തിലോ പഴച്ചാറിലോ ചേർക്കും.
ബ്രസീലിലെ ഇൻഡ്യക്കാർ ഈ പാനീയത്തിന്റെ ഔഷധ മൂല്യത്തെയും വിലമതിച്ചിരുന്നു. വൈദ്യന്മാർ സാധാരണമായി വിവിധ തരത്തിലുള്ള ഗ്വാരാനാ പാനീയങ്ങൾ രോഗികൾക്കു കുറിച്ചു കൊടുക്കാറുണ്ടായിരുന്നു. ദീർഘനേരത്തെ കഠിനാധ്വാനത്തിനു ശേഷം ക്ഷീണം അകറ്റാൻ ഇൻഡ്യക്കാർ ഗ്വാരാനാ കുടിച്ചിരുന്നു.
ഏതാണ്ട് 1816-ൽ ഗ്വാരാനാ ഫ്രാൻസിൽ എത്തിച്ചേർന്നു. പിന്നീട് 1826-ൽ ജർമൻ സസ്യശാസ്ത്രജ്ഞനായ കാൾ ഫൊൻ മാർടിയുസ് സഹോദരനായ റ്റേയോഡോറിനെ കൊണ്ട് ആ കായുടെ രാസഗുണങ്ങൾ ആദ്യമായി പരിശോധിപ്പിച്ചു. എങ്കിലും യൂറോപ്പിൽ ഗ്വാരാനായുടെ ഉപയോഗം വളരെ പരിമിതമായിരുന്നു. കാരണം ഗ്വാരാനായ്ക്കു പകരം വിലക്കുറവുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതാണു നല്ലതെന്ന് അവിടെയുള്ള ചികിത്സകർക്കു തോന്നി.
എങ്കിലും, ബ്രസീലിൽ ഗ്വാരാനായെ ഒരു സർവരോഗസംഹാരിയായി കണക്കാക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്. ആദ്യമായി ഗ്വാരാനാ രുചിച്ചുനോക്കുകയും മനുഷ്യർക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന വസ്തുക്കളിൽ ഒന്നെന്ന നിലയിലുള്ള അതിന്റെ ഗുണങ്ങൾ മനസ്സിലാക്കുകയും ചെയ്ത വ്യക്തിയെ 1905-ൽ ബ്രസീൽകാരനായ ലൂയിസ് പരേയ്ര എന്ന ഡോക്ടർ അനുമോദിച്ചു.
ഗ്വാരാനാ പാനീയത്തിന്റെ വക്താക്കൾ ഇപ്പോഴും അതിനെ അമൂല്യമായി തന്നെയാണു കരുതുന്നത്. നല്ല ഒരു ടോണിക്ക് എന്നതിലുപരി അതു ഹൃദയത്തിന് ഒരു ശമനൗഷധവും ആർട്ടീറിയോസ്ക്ലിറോസിസിനുള്ള—ധമനിയുടെ ഭിത്തികൾ കട്ടിയാകുന്ന അസുഖത്തിനുള്ള—ഫലപ്രദമായ ഒരു ഔഷധവും ആണെന്നു ചിലർ അവകാശപ്പെടുന്നു. അതിസാരം, വയറുകടി, ചെന്നിക്കുത്ത്, ന്യൂറേൽജിയ അഥവാ ധമനീവേദന എന്നിവ ഭേദമാക്കാനും ഇതിനു കഴിയും എന്ന അവകാശവാദവും ഉണ്ട്. ഈ അവകാശവാദങ്ങൾ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെടുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്തായാലും 1929 മുതൽ ഗ്വാരാനാ ബ്രസീലിലെ പ്രചാരമേറിയ ഒരു ലഘു പാനീയമായി മാറിയിരിക്കുന്നു.
ഈ ചർച്ച വളരെ പ്രബോധനാത്മകമായി അതിഥികൾക്കു തോന്നി. “അൽപ്പം കൂടെ ഗ്വാരാനാ കുടിക്കുന്നോ?” ആതിഥേയ ചോദിച്ചു. എല്ലാവരും ഒരുമിച്ചു തലയാട്ടി. അൽപ്പം ഗ്വാരാനാ രുചിച്ചുനോക്കാൻ നിങ്ങൾക്കും തോന്നുന്നുണ്ടോ?
[23-ാം പേജിലെ ചിത്രം]
ഗ്വാരാനാ—പാനീയമാക്കി മാറ്റുന്നതിനു മുമ്പ്