ദാമ്പത്യ അവിശ്വസ്തത—ആ തീക്കളിയുടെ പൊള്ളുന്ന ഫലങ്ങൾ
“ഞാൻ പോകുന്നു,” ഫോണിലൂടെ ഭർത്താവിന്റെ ശബ്ദം ഇടിത്തീ പോലെ പാറ്റിന്റെ* കാതുകളിൽ പതിച്ചു. “അദ്ദേഹം എന്നെ വഞ്ചിച്ചു എന്ന് എനിക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല,” അവൾ പറയുന്നു. “ഒരിക്കലും സംഭവിക്കരുതേയെന്നു പ്രാർഥിച്ചിരുന്നത് ഇപ്പോൾ നടുക്കുന്ന ഒരു യാഥാർഥ്യമായി തീർന്നിരിക്കുന്നു—അദ്ദേഹം എന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ പോയിരിക്കുന്നു.”
വിവാഹജീവിതം വിജയകരമാക്കണം എന്നു 33-കാരിയായ പാറ്റിനു ശരിക്കും ആഗ്രഹമുണ്ടായിരുന്നു; ഒരിക്കലും അവളെ ഉപേക്ഷിക്കില്ലെന്നു ഭർത്താവ് അവൾക്ക് ഉറപ്പു കൊടുത്തിരുന്നതുമാണ്. “എന്തു വന്നാലും ഒപ്പം ഉണ്ടാകുമെന്നു ഞങ്ങൾ പരസ്പരം വാക്കു നൽകിയിരുന്നു,” പാറ്റ് അനുസ്മരിക്കുന്നു. “അദ്ദേഹത്തിന്റെ ആ വാക്കുകളിൽ ആത്മാർഥതയുണ്ടെന്നു ഞാൻ വിശ്വസിച്ചു. എന്നിട്ടാണ് . . . ഇപ്പോൾ എന്നോട് ഇതു ചെയ്തത്. എനിക്ക് ആരുമില്ലാതായി, ആരും!”
അമ്മയുടെ വിവാഹബാഹ്യ ബന്ധം കണ്ടുപിടിക്കപ്പെട്ട ആ ദിവസം ഹീറോഷി ഒരിക്കലും മറക്കില്ല. “എനിക്ക് അന്ന് വെറും 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ,” അവൻ അനുസ്മരിക്കുന്നു. “മമ്മി കൊടുങ്കാറ്റുപോലെ വീടിനകത്തേക്കു പാഞ്ഞുവന്നു. ‘നീ എടുത്തുചാടി ഒന്നും ചെയ്യരുത്, നമുക്ക് അതേ കുറിച്ചു സംസാരിക്കാം’ എന്നൊക്കെ മമ്മിയുടെ പുറകേ നടന്നു ഡാഡി പറയുന്നുണ്ടായിരുന്നു. എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലായി. ഡാഡി ആകെ തകർന്നുപോയി. ആ സംഭവത്തിന്റെ ഞെട്ടലിൽനിന്ന് അദ്ദേഹം ഇനിയും വിമുക്തനായിട്ടില്ല. ദുഃഖം പങ്കുവെക്കാൻ അദ്ദേഹത്തിന് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം എന്നിലേക്കു തിരിഞ്ഞു. 40-ലധികം വയസ്സുള്ള ഒരു വ്യക്തി ആശ്വാസത്തിനും സമാനുഭാവത്തിനുമായി 11 വയസ്സുള്ള മകനെ സമീപിക്കുന്നതിനെ കുറിച്ച് ഒന്നോർത്തു നോക്കൂ!”
രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, മതനേതാക്കന്മാർ തുടങ്ങിയവരുടെ ഞെട്ടിക്കുന്ന രഹസ്യബന്ധങ്ങളായാലും ശരി നമ്മുടെ സ്വന്തം കുടുംബത്തിലെ വഞ്ചനയുടെയും കണ്ണീരിന്റെയും കഥകളായാലും ശരി, ദാമ്പത്യ അവിശ്വസ്തത ദാരുണമായ അനേകം പ്രത്യാഘാതങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്നു. “വ്യഭിചാരം ഒരു സാർവത്രിക സംഭവമായി, ചിലപ്പോൾ വിവാഹംപോലെതന്നെ സർവസാധാരണമായ ഒന്നായി, കാണപ്പെടുന്നു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. വിവാഹിതരിൽ 50 മുതൽ 75 വരെ ശതമാനം ആളുകളും ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ അവിശ്വസ്തത കാട്ടിയിട്ടുണ്ട് എന്നു ചില ഗവേഷകർ കണക്കാക്കുന്നു. ദാമ്പത്യ അവിശ്വസ്തതയിൽ നല്ലൊരു പങ്ക് കണ്ടുപിടിക്കപ്പെടാതെ പോകുന്നുണ്ടെങ്കിലും “വിവാഹബാഹ്യ ബന്ധങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നു തെളിവുകളെല്ലാം സൂചിപ്പിക്കു”ന്നതായി വിവാഹത്തെ കുറിച്ചു ഗവേഷണം നടത്തുന്ന സെൽഡ വെസ്റ്റ്മിഡ്സ് പറയുന്നു.
വികാരങ്ങളുടെ വേലിയേറ്റം
ദാമ്പത്യ അവിശ്വസ്തതയുടെയും വിവാഹമോചനങ്ങളുടെയും ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകളൊന്നും അത്തരം കാര്യങ്ങൾ ആളുകളുടെ അനുദിന ജീവിതത്തിന്മേൽ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ അളവു പൂർണമായി വെളിവാക്കുന്നില്ല. ഭാരിച്ച സാമ്പത്തിക ചെലവുകൾക്കു പുറമേ ആ സ്ഥിതിവിവരക്കണക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വികാരങ്ങളെ കുറിച്ചു ചിന്തിക്കുക, കുടുംബാംഗങ്ങൾ ഒഴുക്കിയ കണ്ണീർപ്പുഴകളെയും ഉറക്കമില്ലാതെ തള്ളിനീക്കിയ എണ്ണമറ്റ രാവുകളെയും അവർ അനുഭവിച്ചിരിക്കാവുന്ന അളവറ്റ ദുഃഖത്തെയും ഉത്കണ്ഠയെയും സംഭ്രാന്തിയെയും ഹൃദയവേദനയെയും കുറിച്ചൊക്കെ. അവിശ്വസ്തതയ്ക്ക് ഇരകളായവർ ആ അഗ്നിപരീക്ഷയെ തരണം ചെയ്തെന്നിരിക്കും, എന്നാൽ അതിന്റെ മുറിപ്പാടുകൾ ഏറെ കാലം മായാതെ കിടന്നേക്കാം. ദാമ്പത്യ അവിശ്വസ്തത ഏൽപ്പിക്കുന്ന ക്ഷതവും വേദനയുമൊന്നും എളുപ്പത്തിൽ ഇല്ലായ്മ ചെയ്യാൻ കഴിയില്ല.
“സാധാരണഗതിയിൽ വിവാഹബന്ധത്തിന്റെ തകർച്ചയെ തുടർന്ന് മനസ്സാകെ കലങ്ങിമറിഞ്ഞ്, വികാരതിമിരം ബാധിച്ച ഒരവസ്ഥയിലായിരിക്കും നിങ്ങൾ,” വിവാഹമോചനത്തെ അതിജീവിക്കാവുന്ന വിധം എന്ന ഇംഗ്ലീഷ് പുസ്തകം വിവരിക്കുന്നു. “എന്തു ചെയ്യണം? എങ്ങനെ പ്രതികരിക്കണം? വെല്ലുവിളിയെ എങ്ങനെ നേരിടണം? സുനിശ്ചിതത്വത്തിൽനിന്ന് അനിശ്ചിതത്വത്തിലേക്കും ദേഷ്യത്തിൽനിന്നു കുറ്റബോധത്തിലേക്കും അല്ലെങ്കിൽ ആശ്രയത്വത്തിൽനിന്നു സംശയത്തിലേക്കും നിങ്ങളുടെ മനസ്സു ചാഞ്ചാടിയേക്കാം.”
ഭാര്യയുടെ അവിശ്വസ്തതയെ കുറിച്ചു മനസ്സിലായപ്പോൾ പേഡ്രോയ്ക്ക് ഉണ്ടായ അനുഭവം അതായിരുന്നു. “ദാമ്പത്യത്തിൽ അവിശ്വസ്തത മുളപൊട്ടുമ്പോൾ സമ്മിശ്രവികാരങ്ങൾ മനസ്സിൽ ഇരമ്പിമറിയും,” അദ്ദേഹം തുറന്നുപറയുന്നു. നിരപരാധിയായ ഇണയ്ക്കുതന്നെ വേദനയുടെ ആഴം ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും—അപ്പോൾപ്പിന്നെ, ഇതിൽ വ്യക്തിപരമായി ഉൾപ്പെടാത്ത, സാഹചര്യത്തെ കുറിച്ച് ഒന്നുംതന്നെ അറിഞ്ഞുകൂടാത്ത ആളുകൾ അതു മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കാനാവില്ലല്ലോ. “ആർക്കും എന്റെ വികാരങ്ങൾ യഥാർഥത്തിൽ മനസ്സിലാവില്ല,” പാറ്റ് പറയുന്നു. “അദ്ദേഹം അവളോടൊപ്പമാണല്ലോ എന്ന് ഓർക്കുമ്പോഴെല്ലാം എന്റെ ഉള്ളു പിടയ്ക്കും. മറ്റുള്ളവരോട് അതു വിവരിക്കാൻ പ്രയാസമാണ്.” അവൾ കൂട്ടിച്ചേർക്കുന്നു: “എനിക്കു ഭ്രാന്തു പിടിക്കുമെന്നു തോന്നാറുള്ള അവസരങ്ങളുണ്ട്. എല്ലാം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഒരു ദിവസം തോന്നിയാൽ നേരെ മറിച്ചായിരിക്കും അടുത്ത ദിവസം തോന്നുക. ചിലപ്പോൾ അദ്ദേഹത്തിന്റെ അഭാവം എനിക്ക് അനുഭവപ്പെടും. മറ്റു ചിലപ്പോൾ അദ്ദേഹം തന്ത്രപരമായി കരുക്കൾ നീക്കിയതും നുണപറഞ്ഞതും എന്നെ തരംതാഴ്ത്തിയിരുന്നതുമെല്ലാം ഓർമവരും.”
കോപവും ഉത്കണ്ഠയും
“ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്നതു കടിച്ചുകീറാനുള്ള ദേഷ്യമായിരിക്കും,” വഞ്ചനയ്ക്ക് ഇരയായ ഒരു വ്യക്തി സമ്മതിക്കുന്നു. അമർഷത്തിനു കാരണം ഇണ ചെയ്ത തെറ്റും ഏൽപ്പിച്ച മുറിവും മാത്രമല്ല. ഒരു പത്രപ്രവർത്തക വിവരിച്ചതുപോലെ, “സന്തുഷ്ട ദാമ്പത്യം ആകുമായിരുന്ന ഒന്നാണല്ലോ നശിപ്പിച്ചത് എന്ന ചിന്തയും രോഷത്തിനിടയാക്കുന്നു.”
ആത്മാഭിമാനക്കുറവും അപര്യാപ്തതാബോധവും അതുപോലെതന്നെ സാധാരണമാണ്. പേഡ്രോ പറയുന്നു: “‘എനിക്കു വേണ്ടത്ര സൗന്ദര്യമില്ലേ? എനിക്ക് മറ്റെന്തെങ്കിലും കുറവുണ്ടോ?’ എന്നൊക്കെയുള്ള തോന്നലുകൾ നിങ്ങളെ അലട്ടും. എവിടെയാണു പിശകു പറ്റിയത് എന്ന് ഓർത്തോർത്ത് നിങ്ങൾ തലപുണ്ണാക്കും.” സ്നേഹിക്കാനും ആദരിക്കാനും വഞ്ചിക്കാനും [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ, ബ്രിട്ടീഷ് നാഷണൽ മാരിജ് ഗൈഡൻസ് കൗൺസിലിലെ സെൽഡ വെസ്റ്റ് മിഡ്സും അതുതന്നെയാണു പറയുന്നത്: “ആത്മാഭിമാന നഷ്ടമാണ് . . . കൈകാര്യം ചെയ്യാൻ ഏറ്റവും പ്രയാസകരമായ സംഗതി.”
കുറ്റബോധവും വിഷാദവും
ഈ വികാരങ്ങളെ തുടർന്ന് സാധാരണ ഗതിയിൽ കുറ്റബോധവും മനസ്സിനെ കാർന്നുതിന്നാറുണ്ട്. കടുത്ത നിരാശ അനുഭവിക്കുന്ന ഒരു ഭാര്യ പറയുന്നു: “കുറ്റബോധത്തിൽ വീണുരുകുന്നത് സ്ത്രീകളാണെന്നു ഞാൻ കരുതുന്നു. ‘എന്തു തെറ്റാണ് ഞാൻ ചെയ്തത്?’ എന്നൊക്കെ ചിന്തിച്ച് അവർ സ്വയം കുറ്റപ്പെടുത്തും.”
വഞ്ചനയ്ക്ക് ഇരയാകുമ്പോൾ ഉണ്ടാകുന്ന വികാരങ്ങളെ ഒരു ഭർത്താവ് റോളർ കോസ്റ്റർ സവാരിയോടാണ് ഉപമിക്കുന്നത്. അതിലൊന്നായ വിഷാദത്തെ കുറിച്ച് അദ്ദേഹം പറയുന്നു: “മോശമായ കാലാവസ്ഥയുടെ ആഗമനം പോലെ ജീവിതത്തിലേക്കു കടന്നുവരുന്ന ഒന്നാണു വിഷാദം.” ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ താൻ കരയാത്ത ഒറ്റ ദിവസംപോലും ഉണ്ടായിരുന്നില്ലെന്ന് ഒരു ഭാര്യ അനുസ്മരിക്കുന്നു. “അദ്ദേഹം എന്നെ ഉപേക്ഷിച്ച ശേഷം ഞാൻ ആദ്യമായി കരയാതിരുന്ന ദിവസം എനിക്കു വ്യക്തമായി ഓർമയുണ്ട്, ആഴ്ചകൾക്കു ശേഷമായിരുന്നു അത്. കരയാതെ ഒരാഴ്ച കഴിച്ചുകൂട്ടിയതാകട്ടെ ഏതാനും മാസങ്ങൾക്കു മുമ്പും. കണ്ണീർ തോർന്ന ആ ദിവസങ്ങളും ആഴ്ചകളും ദുഃഖത്തിൽനിന്നു കരകയറുന്നതിനുള്ള ചവിട്ടുപടികൾ ആയിത്തീർന്നു” എന്ന് അവർ പറയുന്നു.
ഇരട്ട വഞ്ചന
മിക്കപ്പോഴും വ്യഭിചാരി തന്റെ ഇണയെ രണ്ടു വിധങ്ങളിലാണു വഞ്ചിച്ചിരിക്കുന്നത് എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല. ഏതു രണ്ടു വിധങ്ങളിൽ? പാറ്റ് സൂചന നൽകുന്നു: “എന്നെ സംബന്ധിച്ചിടത്തോളം അത് സഹിക്കാവുന്നതിലധികം ആയിരുന്നു. അദ്ദേഹം എന്റെ ഭർത്താവു മാത്രമായിരുന്നില്ല, വർഷങ്ങളായി അദ്ദേഹം എനിക്ക് ഒരു സുഹൃത്തു കൂടെ ആയിരുന്നു, എന്റെ ഉറ്റ സുഹൃത്ത്.” അതേ, പ്രശ്നങ്ങൾ തലപൊക്കുമ്പോൾ പിന്തുണയ്ക്കായി മിക്കപ്പോഴും ഭാര്യ തിരിയുന്നതു ഭർത്താവിലേക്കാണ്. എന്നാൽ ഇപ്പോൾ അയാൾ അവൾക്കു ഹൃദയവേദന വരുത്തിവെക്കുന്നതരം പ്രശ്നങ്ങൾക്കു കാരണക്കാരനായിരിക്കുന്നെന്നു മാത്രമല്ല, അനിവാര്യമായ സഹായം പ്രദാനം ചെയ്യുന്നതിൽനിന്നു പിൻവാങ്ങുകയും ചെയ്തിരിക്കുന്നു. ആ ഒറ്റ നടപടിയിലൂടെ അയാൾ ഭാര്യക്കു കടുത്ത വേദന വരുത്തിവെച്ചിരിക്കുന്നു, ഒപ്പം അവളുടെ വിശ്വസ്ത സുഹൃത്തിനെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെ, വഞ്ചിക്കപ്പെട്ടതായുള്ള തോന്നലും നഷ്ടപ്പെട്ട വിശ്വാസ്യതയും നിരപരാധികളായ ഇണകളെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. ദാമ്പത്യബന്ധത്തിലെ വഞ്ചന എന്തുകൊണ്ടാണ് ഇത്രയധികം വൈകാരിക ക്ഷതം ഏൽപ്പിക്കുന്നത് എന്നതിനെ കുറിച്ച് ഒരു വിവാഹ കൗൺസലർ വിവരിക്കുന്നു: “നമുക്കു യഥാർഥത്തിൽ വിശ്വാസം അർപ്പിക്കാൻ കഴിയുന്ന, നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളെ തേടി . . . ഒരായുസ്സിന്റെ മോഹങ്ങളും സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായാണു നാം വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ഇണയിലുള്ള വിശ്വാസം പെട്ടെന്നു നഷ്ടപ്പെടുമ്പോൾ അവയെല്ലാം ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നുവീഴും.”
വിവാഹമോചനത്തെ അതിജീവിക്കാവുന്ന വിധം എന്ന പുസ്തകം പറയുന്നതുപോലെ, വഞ്ചനയ്ക്ക് ഇരയായവർക്ക് “വികാരവിക്ഷോഭങ്ങളെ തരണം ചെയ്യാൻ സഹായം ആവശ്യമാണ് . . . എന്തെല്ലാം തിരഞ്ഞെടുപ്പുകൾ എങ്ങനെയൊക്കെ നടത്താമെന്നു തീരുമാനിക്കാൻ അവർക്കു സഹായം ആവശ്യമായേക്കാം.” എന്നാൽ ആ തിരഞ്ഞെടുപ്പുകൾ എന്തൊക്കെയാണ്?
‘ഞങ്ങളുടെ കാര്യത്തിൽ അനുരഞ്ജനം സാധ്യമാണോ, അതോ ഞാൻ വിവാഹമോചനം നേടണമോ?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ദാമ്പത്യ ബന്ധത്തിന് ഉലച്ചിൽ തട്ടിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം വിവാഹമോചനമാണ് എന്നു തിടുക്കത്തിൽ നിഗമനം ചെയ്യാനുള്ള പ്രേരണ വിശേഷിച്ചും ഉണ്ടായേക്കാം. ‘ദാമ്പത്യ അവിശ്വസ്തതയുടെ അടിസ്ഥാനത്തിലുള്ള വിവാഹമോചനം ബൈബിൾ അനുവദിക്കുന്നുണ്ടല്ലോ’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. (മത്തായി 19:9) അതേസമയം വിവാഹബന്ധം വേർപെടുത്തിയേ മതിയാകൂ എന്നു ബൈബിൾ പറയുന്നില്ലെന്നും നിങ്ങൾ ന്യായവാദം ചെയ്തേക്കാം. അതുകൊണ്ട് അനുരഞ്ജനപ്പെടുന്നതും വിവാഹജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതും ആയിരിക്കും നല്ലത് എന്നു നിങ്ങൾക്കു തോന്നിയേക്കാം.
അവിശ്വസ്തത കാട്ടിയ ഇണയുമായുള്ള വിവാഹബന്ധം വേർപെടുത്തണമോ വേണ്ടയോ എന്നുള്ളതു വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ എന്തു ചെയ്യണം എന്നു നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? അനുരഞ്ജനം സാധ്യമാണോ എന്നു നിർണയിക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില ഘടകങ്ങൾ ദയവായി ആദ്യം പരിശോധിക്കുക.
[അടിക്കുറിപ്പ്]
*ചില പേരുകൾ മാറ്റിയിട്ടുണ്ട്.