അനുരഞ്ജനം സാധ്യമോ?
“എടുത്തുചാടി വിവാഹബന്ധം വേർപെടുത്താനുള്ള നടപടികൾ ആരംഭിക്കുക എളുപ്പമാണ്” എന്ന് “പ്രതിസന്ധിയിലായ ദമ്പതികൾ” (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കുന്നപക്ഷം തികച്ചും വിജയകരമായി മുമ്പോട്ടു കൊണ്ടുപോകാവുന്നവയാണു പല വിവാഹങ്ങളും.”
വിവാഹമോചനത്തെ കുറിച്ചുള്ള യേശുക്രിസ്തുവിന്റെ യുഗപ്പഴക്കമുള്ള പഠിപ്പിക്കലുമായി ഈ അഭിപ്രായപ്രകടനം യോജിക്കുന്നു. ദാമ്പത്യത്തിലെ അവിശ്വസ്തതയുടെ അടിസ്ഥാനത്തിൽ വിവാഹബന്ധം വേർപെടുത്താനുള്ള അനുവാദം നിരപരാധിയായ ഇണയ്ക്ക് ഉണ്ടെന്നു പറഞ്ഞെങ്കിലും അതു നിർബന്ധമാണ് എന്ന് അവൻ പറഞ്ഞില്ല. (മത്തായി 19:3-9) വിശ്വസ്ത ഇണയ്ക്ക് വിവാഹബന്ധം നിലനിർത്താൻ ശ്രമിക്കുന്നതിനു കാരണങ്ങൾ ഉണ്ടായിരിക്കാം. തെറ്റു ചെയ്തെങ്കിലും ഭർത്താവ് അപ്പോഴും തന്റെ ഭാര്യയെ സ്നേഹിക്കുന്നുണ്ടാകാം.a അയാൾ കരുതലുള്ള ഒരു ഭർത്താവും കുടുംബം പോറ്റുന്നതിൽ അർപ്പണ മനോഭാവമുള്ള ഒരു പിതാവും ആയിരിക്കാം. സ്വന്തം ആവശ്യങ്ങളും കുട്ടികളുടെ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് നിരപരാധിയായ ഇണ വിവാഹബന്ധം വേർപെടുത്തുന്നതിനു പകരം അനുരഞ്ജനപ്പെടാൻ തീരുമാനിച്ചേക്കാം. അങ്ങനെയെങ്കിൽ ഏതു ഘടകങ്ങൾ കണക്കിലെടുക്കാൻ കഴിയും? വിവാഹം വീണ്ടും കെട്ടിപ്പടുക്കുന്നതിന്റെ വെല്ലുവിളികളെ എങ്ങനെ വിജയകരമായി നേരിടാൻ കഴിയും?
വിവാഹമോചനമോ അനുരഞ്ജനമോ എന്തുതന്നെ തിരഞ്ഞെടുത്താലും അതത്ര എളുപ്പമുള്ള സംഗതി അല്ലെന്ന് ആദ്യംതന്നെ പറയേണ്ടിയിരിക്കുന്നു. മാത്രമല്ല, വ്യഭിചാരം ചെയ്ത ഇണയോടു ക്ഷമിക്കുന്നതുകൊണ്ടുമാത്രം വിവാഹത്തിലെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞെന്നും വരില്ല. മിക്കപ്പോഴും വിവാഹബന്ധം സംരക്ഷിക്കാൻ, സൂക്ഷ്മമായ ആത്മപരിശോധനയും തുറന്ന ആശയവിനിമയവും കഠിന പരിശ്രമവും ആവശ്യമാണ്. ഒരു തകർന്ന ദാമ്പത്യം വീണ്ടും കെട്ടിപ്പടുക്കാൻ വളരെയധികം സമയവും ശ്രമവും ആവശ്യമാണെന്ന കാര്യം ദമ്പതികൾ പലപ്പോഴും തിരിച്ചറിയാറില്ല. എന്നിരുന്നാൽത്തന്നെയും, അങ്ങനെ ചെയ്യുകവഴി ഒട്ടേറെ ആളുകൾക്കു വിവാഹജീവിതം കാത്തുസൂക്ഷിക്കാനും സ്ഥിരപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
കാര്യജ്ഞാനത്തോടെയുള്ള തീരുമാനം എടുക്കാൻ വിശ്വസ്ത ഇണ തന്റെ വികാരങ്ങളും തന്റെ മുമ്പിലുള്ള തിരഞ്ഞെടുപ്പുകളും ഉചിതമായി വിലയിരുത്തേണ്ടതുണ്ട്. പിൻവരുന്ന കാര്യങ്ങൾ അവൾക്കു പരിചിന്തിക്കാൻ കഴിയും: അദ്ദേഹത്തിനു തിരിച്ചുവരാൻ താത്പര്യമുണ്ടോ? അദ്ദേഹം ആ അവിഹിത ബന്ധം അവസാനിപ്പിച്ചുവെന്നതു തീർച്ചയാണോ? അതോ പെട്ടെന്ന് അത് അവസാനിപ്പിക്കുന്നതിൽ അദ്ദേഹം വിമുഖത കാട്ടുന്നുണ്ടോ? അദ്ദേഹം ക്ഷമാപണം നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ അദ്ദേഹത്തിന്റെ അനുതാപം ആത്മാർഥമായ ഒന്നാണോ, അതായത് താൻ ചെയ്ത തെറ്റിനെ കുറിച്ച് അദ്ദേഹത്തിനു യഥാർഥത്തിൽ മനസ്താപം തോന്നുന്നുണ്ടോ? അതോ ചെയ്ത തെറ്റിന് അദ്ദേഹം എന്റെ മേൽ പഴിചാരുകയാണോ? എന്നെ മുറിപ്പെടുത്തിയതിൽ അദ്ദേഹം യഥാർഥത്തിൽ ഖേദിക്കുന്നുണ്ടോ? അതോ തന്റെ രഹസ്യബന്ധം പിടിക്കപ്പെട്ടതിലും അതു തുടർന്നുകൊണ്ടു പോകാൻ കഴിയാത്തതിലും മാത്രമേ അദ്ദേഹത്തിനു വിഷമമുള്ളോ?
ഭാവിയിലെ കാര്യമോ? വ്യഭിചാരത്തിലേക്കു നയിച്ച മനോഭാവങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം തിരുത്തലുകൾ വരുത്താൻ തുടങ്ങിയിട്ടുണ്ടോ? തെറ്റ് ആവർത്തിക്കാതിരിക്കാൻ അദ്ദേഹം ദൃഢനിശ്ചയം ചെയ്തിട്ടുണ്ടോ? അതോ ഇപ്പോഴും എതിർലിംഗ വർഗക്കാരുമായി ശൃംഗരിക്കാനും ഉചിതമല്ലാത്ത വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കാനും ചായ്വു കാട്ടുന്നുണ്ടോ? (മത്തായി 5:27, 28) വിവാഹം വീണ്ടും കെട്ടിപ്പടുക്കാൻ അദ്ദേഹം യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനുവേണ്ടി എന്താണു ചെയ്യുന്നത്? ഈ ചോദ്യങ്ങൾക്കുള്ള അനുകൂലമായ ഉത്തരങ്ങൾ വിവാഹജീവിതം പുനഃസ്ഥിതീകരിക്കാൻ കഴിയും എന്നതിനുള്ള പച്ചക്കൊടി ആയിരുന്നേക്കാം.
ആശയവിനിമയം മർമപ്രധാനം
“വിശ്വസ്ത സംഭാഷണമില്ലാത്തിടത്തു പദ്ധതികളുടെ ഒരു വിഫലമാക്കൽ ഉണ്ട്” എന്ന് ഒരു ബൈബിളെഴുത്തുകാരൻ പറയുന്നു. (സദൃശവാക്യങ്ങൾ 15:22, NW) അവിശ്വസ്തതയെ കുറിച്ചു ഭർത്താവുമായി സംസാരിക്കേണ്ടതുണ്ടെന്നു നിരപരാധിയായ ഭാര്യക്കു തോന്നുന്ന സാഹചര്യങ്ങളിൽ ഇതു തികച്ചും വാസ്തവമാണ്. സൂക്ഷ്മ വിശദാംശങ്ങളിലേക്കു കടക്കാതെതന്നെ അവർക്ക്, സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും തെറ്റിദ്ധാരണകൾ നീക്കുകയും ചെയ്തേക്കാവുന്ന സത്യസന്ധവും ആത്മാർഥവുമായ സംഭാഷണം നടത്താൻ കഴിയും. തെറ്റിദ്ധാരണകളും നീരസവും ഏറെക്കാലത്തേക്കു മനസ്സിൽ വെച്ചുകൊണ്ടിരുന്ന് ബന്ധം കൂടുതൽ വഷളാക്കാതിരിക്കാൻ ഇതു ദമ്പതികളെ സഹായിച്ചേക്കാം. അത്തരം ചർച്ചകൾ ഭാര്യക്കും ഭർത്താവിനും ഒരുപോലെ വേദനാജനകം ആയിരുന്നേക്കാം. എന്നാൽ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിൽ അത് ഒരു സുപ്രധാന ഘടകം ആണെന്നു പലരും കണ്ടെത്തിയിട്ടുണ്ട്.
വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വശങ്ങൾ, അതായത് ഇരുകൂട്ടരും പരിഹരിക്കേണ്ടതായ കാര്യങ്ങൾ, തിരിച്ചറിയാൻ ശ്രമിക്കുന്നതാണു ഫലപ്രദമായ അനുരഞ്ജനത്തിന് അത്യന്താപേക്ഷിതമായ മറ്റൊരു നടപടി. സെൽഡ വെസ്റ്റ് മിഡ്സ് ഈ ബുദ്ധിയുപദേശം നൽകുന്നു: “ഉണ്ടായ വേദനയെ കുറിച്ചെല്ലാം സംസാരിക്കുകയും അവിഹിത ബന്ധം അവസാനിപ്പിച്ചെന്ന് ഉറപ്പാക്കുകയും ചെയ്തശേഷം വിവാഹബന്ധം തുടർന്നുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നെങ്കിൽ പാളിച്ച പറ്റിയത് എവിടെയായിരുന്നുവെന്നു കണ്ടെത്തി ബന്ധം പുതുക്കാൻ ശ്രമിക്കുക.”
ഒരുപക്ഷേ നിങ്ങൾ പരസ്പരം അർഹിക്കുന്ന ശ്രദ്ധയും മറ്റും നൽകിയിരുന്നിരിക്കില്ല. ആത്മീയ പ്രവർത്തനങ്ങൾ അവഗണിക്കപ്പെട്ടിരുന്നിരിക്കാം. നിങ്ങൾ ഒരുമിച്ചു വേണ്ടത്ര സമയം ചെലവഴിച്ചിരുന്നില്ലായിരിക്കാം. ഇണയ്ക്ക് ആവശ്യമായ സ്നേഹവും ആർദ്രപ്രിയവും അഭിനന്ദനവും ആദരവും നൽകുന്നതിൽ നിങ്ങൾ പരാജയപ്പെട്ടിരുന്നിരിക്കാം. ലക്ഷ്യങ്ങളും മൂല്യങ്ങളും ഒരുമിച്ചിരുന്നു വീണ്ടും വിലയിരുത്തുന്നതു നിങ്ങളെ പരസ്പരം അടുപ്പിക്കുമെന്നു മാത്രമല്ല ഭാവിയിൽ അവിശ്വസ്തത തലപൊക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
ക്ഷമിക്കാനുള്ള മനോഭാവം വളർത്തിയെടുക്കുക
ആത്മാർഥമായ ശ്രമം നടത്തിയിട്ടും മുറിവേറ്റ ഇണയ്ക്ക് തന്റെ ഭർത്താവിനോട്, പ്രത്യേകിച്ചും അയാളുടെ രഹസ്യ കാമുകിയായിരുന്ന സ്ത്രീയോട്, ക്ഷമിക്കാൻ എളുപ്പമല്ലായിരിക്കാം. (എഫെസ്യർ 4:32, NW) എങ്കിലും നീരസവും അമർഷവും പതുക്കെ പതുക്കെ മനസ്സിൽനിന്നു നീക്കിക്കളയാൻ സാധിക്കും. “കഴിഞ്ഞതൊക്കെ മറക്കാനും ഒരു സമയമുണ്ടെന്ന് വിശ്വസ്ത പങ്കാളി മനസ്സിലാക്കേണ്ടത് ആവശ്യമാണ്,” ഒരു പരാമർശ ഗ്രന്ഥം ഉപദേശിക്കുന്നു. “വാക്കുതർക്കങ്ങൾ ഉണ്ടാകുമ്പോഴൊക്കെ [അദ്ദേഹത്തിന്റെ] വായടയ്ക്കാൻ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കാതിരിക്കുന്നതു പ്രധാനമാണ്.”
കടുത്ത അമർഷത്തിന്റേതായ തോന്നലുകളെ കുറയ്ക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കുകവഴി കുറ്റം ചെയ്ത ആളോടുള്ള ശത്രുത ക്രമേണ ഇല്ലാതായിട്ടുള്ളതായി ഒട്ടേറെ ഇണകൾ കണ്ടെത്തിയിട്ടുണ്ട്. തകർന്ന വിവാഹബന്ധം വീണ്ടും കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ഒരു മർമപ്രധാന നടപടിയാണ് ഇത്.
വീണ്ടും വിശ്വസിക്കാൻ പഠിക്കുക
“പഴയതുപോലെ വിശ്വാസം അർപ്പിക്കാൻ എനിക്കു കഴിയുമോ?” എന്ന് നിരാശിതയായ ഒരു ഭാര്യ വേദനയോടെ ചോദിച്ചു. അവളുടെ ആശങ്ക ന്യായയുക്തമാണ്. കാരണം വ്യഭിചാരി കാട്ടിയ വഞ്ചന, അയാളിലുള്ള വിശ്വാസം നശിക്കാനോ ചുരുങ്ങിയപക്ഷം അതിനു ഗുരുതരമായി കോട്ടം തട്ടാനോ ഇടയാക്കിയിട്ടുണ്ട്. ഒരു വിലയേറിയ പൂപ്പാത്രത്തെപ്പോലെ എളുപ്പം വീണുടയാവുന്നതും എന്നാൽ കൂട്ടിച്ചേർത്തെടുക്കാൻ പ്രയാസവുമായ ഒന്നാണ് വിശ്വാസം. വിവാഹബന്ധം കേവലം മുന്നോട്ടു കൊണ്ടുപോകുന്നതിലുപരി അതു സമ്പുഷ്ടമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പരസ്പര വിശ്വാസവും ആദരവും ഉണ്ടായിരിക്കണം എന്നതാണു വസ്തുത.
സാധാരണമായി ഇതിൽ, വീണ്ടും വിശ്വസിക്കാൻ പഠിക്കുന്നത് ഉൾപ്പെടുന്നു. വിശ്വാസം നിർബന്ധപൂർവം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനു പകരം തെറ്റു ചെയ്ത ഇണയ്ക്ക് തന്റെ പ്രവർത്തനങ്ങളെ കുറിച്ചു സത്യസന്ധമായി തുറന്നു സംസാരിച്ചുകൊണ്ട് അതു വളർത്തിയെടുക്കുന്നതിൽ സഹായിക്കാൻ കഴിയും. പരസ്പരം ‘ഭോഷ്കു ഉപേക്ഷിച്ചു സത്യം സംസാരിപ്പാൻ’ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. (എഫെസ്യർ 4:25) നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ആദ്യമൊക്കെ “നിങ്ങളുടെ ഓരോ നീക്കത്തെയും കുറിച്ച് [ഇണയ്ക്കു] കൃത്യമായ വിശദാംശങ്ങൾ” നൽകേണ്ടതുണ്ടായിരിക്കാം എന്ന് സെൽഡ വെസ്റ്റ് മിഡ്സ് പറയുന്നു. “എവിടെ പോകുകയാണെന്നും എപ്പോൾ തിരിച്ചുവരുമെന്നും [ഇണയോടു] പറയുക. പറഞ്ഞ സ്ഥലത്തേക്കു തന്നെയാണു പോകുന്നതെന്നും ഉറപ്പുവരുത്തുക.” പരിപാടികൾ മാറ്റുകയാണെങ്കിൽ അവളെ അത് അറിയിക്കുക.
ആത്മാഭിമാനം വീണ്ടും വളർത്തിയെടുക്കാൻ സമയവും ശ്രമവും ആവശ്യമായിരിക്കാം. സ്നേഹവും പ്രശംസയും കൊടുക്കുന്ന കാര്യത്തിൽ പിശുക്കു കാട്ടാതിരുന്നുകൊണ്ട്—ഭാര്യ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കുന്നുവെന്നും അവളെ സ്നേഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ട്—തെറ്റു ചെയ്ത ഇണയ്ക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും. ആദരണീയയായ ഒരു വിവാഹ കൗൺസിലർ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “അവൾ ചെയ്യുന്ന എല്ലാ കാര്യത്തിലും അവൾക്കു പ്രശംസ നൽകുക.” (സദൃശവാക്യങ്ങൾ 31:31, ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം) ഇനി, ഭാര്യക്കുതന്നെയും ജീവിതത്തിൽ താൻ മെച്ചമായി ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ആത്മവിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കാവുന്നതാണ്.
സമയമെടുക്കും
ദാമ്പത്യ അവിശ്വസ്തത വളരെയധികം വേദന ഉളവാക്കുന്നതാകയാൽ വർഷങ്ങൾക്കു ശേഷവും അതിന്റെ തിക്തസ്മരണകൾ ഉണർന്നേക്കാം എന്നതിൽ അതിശയിക്കാനില്ല. എന്നാൽ മനസ്സിന്റെ വിങ്ങൽ കുറഞ്ഞുവരവേ, ഇരുവരും താഴ്മയും ക്ഷമയും സഹിഷ്ണുതയും പ്രകടമാക്കുന്നെങ്കിൽ വിശ്വാസവും ആദരവും വീണ്ടും കെട്ടിപ്പടുക്കാൻ സാധിക്കും.—റോമർ 5:3, 4; 1 പത്രൊസ് 3:8, 9.
“ആദ്യത്തെ ഏതാനും മാസങ്ങളിൽ അനുഭവപ്പെടുന്ന ആ വേദന അധികം നീണ്ടുനിൽക്കില്ല,” സ്നേഹിക്കാനും ആദരിക്കാനും വഞ്ചിക്കാനും എന്ന പുസ്തകം ഉറപ്പുനൽകുന്നു. “കാലക്രമേണ [അത്] ഇല്ലാതാകുകതന്നെ ചെയ്യും . . . അതേക്കുറിച്ചു ചിന്തിക്കാതെ ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, എന്തിന് വർഷങ്ങൾ തന്നെയും പിന്നിടാവുന്ന അവസ്ഥയിലെത്തും നിങ്ങൾ.” വിവാഹജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ തുടരുകയും ദൈവത്തിന്റെ അനുഗ്രഹവും മാർഗനിർദേശങ്ങളും തേടുകയും ചെയ്യുന്നെങ്കിൽ “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” പ്രദാനം ചെയ്യുന്ന ആശ്വാസം നിങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കുമെന്നുള്ളതിനു സംശയമില്ല.—ഫിലിപ്പിയർ 4:4-7, 9.
പേഡ്രോ പറയുന്നു: “ആ അനുഭവം ഞങ്ങളുടെ ജീവിതഗതിക്കു മാറ്റം വരുത്തിയിട്ടുണ്ട്. വല്ലപ്പോഴുമൊക്കെ ഞങ്ങൾക്കു വിവാഹബന്ധത്തിൽ ചില കേടുപോക്കലുകളൊക്കെ നടത്തേണ്ടി വരുന്നുണ്ടെങ്കിലും വലിയ അഗ്നിപരീക്ഷയെ ഞങ്ങൾ തരണം ചെയ്തിരിക്കുന്നു. ഞങ്ങൾ ഇപ്പോഴും ഒരുമിച്ചു കഴിയുന്നു. ഞങ്ങൾ സന്തുഷ്ടരാണ്.”
എന്നാൽ അവിശ്വസ്തത കാട്ടിയ വ്യക്തിക്കു മാപ്പു നൽകാൻ നിരപരാധിയായ ഇണയ്ക്കു കാരണം ഇല്ലെങ്കിലോ? ഇനി അയാൾക്കു മാപ്പു നൽകിയെങ്കിൽതന്നെ (അമർഷം മനസ്സിൽനിന്നു നീക്കിക്കളയുന്ന അളവോളം) വിവാഹമോചനത്തിനുള്ള ബൈബിളധിഷ്ഠിത കാരണത്തിന്റെ അടിസ്ഥാനത്തിൽ ആ നടപടി സ്വീകരിക്കാൻ അവൾ തീരുമാനിക്കുന്നെങ്കിലോ?b വിവാഹമോചനം ഒരു വ്യക്തിയുടെ മേൽ എന്തെല്ലാം ബാധ്യതകൾ വരുത്തിവെക്കും? വിവാഹമോചനത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഘടകങ്ങളെയും ചിലർ അതുമായി പൊരുത്തപ്പെട്ടിരിക്കുന്ന വിധത്തെയും കുറിച്ചു പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[അടിക്കുറിപ്പുകൾ]
a എളുപ്പത്തിനു വേണ്ടി വിശ്വസ്ത ഇണയെ ഭാര്യയായിട്ടായിരിക്കും പൊതുവെ ഞങ്ങൾ വിശേഷിപ്പിക്കുന്നത്. എന്നാൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങൾ അവിശ്വസ്ത ഭാര്യമാരുള്ള നിരപരാധികളായ ഭർത്താക്കന്മാർക്കും ബാധകമാണ്.
b 1995 ആഗസ്റ്റ് 8 ലക്കം ഉണരുക!-യിലെ “ബൈബിളിന്റെ വീക്ഷണം: വ്യഭിചാരം—ക്ഷമിക്കണമോ വേണ്ടയോ?” എന്ന ലേഖനം ദയവായി കാണുക
[6-ാം പേജിലെ ചതുരം]
അർഥവത്തായ പിന്തുണ
ഉൾപ്പെട്ടിരിക്കുന്ന പല ഘടകങ്ങളും കണക്കിലെടുക്കാനായി പരിചയസമ്പന്നനും സന്തുലിത വീക്ഷണം ഉള്ളവനും ആയ ഒരു ഉപദേശകന്റെ സഹായം തേടുന്നതു പ്രയോജനം ചെയ്തേക്കാം. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾക്കു സമീപിക്കാൻ ദയയും സഹാനുഭൂതിയും ഉള്ള സഭാമൂപ്പന്മാർ ഉണ്ട്.—യാക്കോബ് 5:13-15.
അനുരഞ്ജനത്തെ അല്ലെങ്കിൽ തിരുവെഴുത്തധിഷ്ഠിതമായ വിവാഹമോചനത്തെ പിന്താങ്ങുകയോ കുറ്റംവിധിക്കുകയോ ചെയ്തുകൊണ്ട് വ്യക്തിപരമായ അഭിപ്രായങ്ങളെ ഉന്നമിപ്പിക്കാതിരിക്കാൻ ഉപദേശകരും ബന്ധുമിത്രാദികളും ശ്രദ്ധിക്കേണ്ടതാണ്. വിവാഹമോചനത്തിന്റെ പടികളിലൂടെ കടന്നുപോയ ഒരു ക്രിസ്തീയ വനിത പറയുന്നത് ഇങ്ങനെയാണ്: “ധാരാളം പിന്തുണ നൽകുക, അതേസമയം തീരുമാനം എടുക്കാനുള്ള അവകാശം ഞങ്ങൾക്കു വിട്ടുതരിക.”
ബുദ്ധിയുപദേശം തികച്ചും ബൈബിളധിഷ്ഠിതം ആയിരിക്കണം. വിവാഹമോചിതയായ ഒരു സ്ത്രീ പറയുന്നു: “എന്തു ചിന്തിക്കണം എന്തു ചിന്തിക്കരുത് എന്നൊന്നും അവരോടു പറയരുത്. തങ്ങളുടെ ഹൃദയത്തിലുള്ളതെല്ലാം അവർ തുറന്നു പറയട്ടെ.” സഹാനുഭൂതിയും സഹോദരസ്നേഹവും ആർദ്രാനുകമ്പയുമെല്ലാം ദാമ്പത്യ വഞ്ചന ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളുടെ വേദന ശമിപ്പിക്കാൻ സഹായിക്കും. (1 പത്രൊസ് 3:8, NW) പരിചയസമ്പന്നനായ ഒരു ഉപദേശകൻ അഭിപ്രായപ്പെടുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.”—സദൃശവാക്യങ്ങൾ 12:18.
“സഹാനുഭൂതിയും ആശ്വാസത്തിന്റേതായ ഒരു വാക്കും പ്രോത്സാഹനവും ഒക്കെ ആയിരുന്നു എനിക്കു വേണ്ടിയിരുന്നത്,” വിശ്വസ്തനായ ഒരു ഭർത്താവ് അനുസ്മരിക്കുന്നു. “എന്റെ ഭാര്യ ആഗ്രഹിച്ചിരുന്നതാകട്ടെ കൃത്യമായ ഏതാനും മാർഗനിർദേശങ്ങളും അവൾ നടത്തിയിരുന്ന ശ്രമങ്ങൾക്കുള്ള അഭിനന്ദനവും പിടിച്ചു നിൽക്കാനുള്ള സഹായവും.”
ശ്രദ്ധയോടെ, പ്രാർഥനാപൂർവം കാര്യങ്ങൾ പരിചിന്തിച്ച ശേഷം ഒരു വ്യക്തി തിരുവെഴുത്തധിഷ്ഠിതമായ കാരണത്താൽ വിവാഹമോചനം നേടാനോ തമ്മിൽ പിരിയാനോ തീരുമാനിക്കുന്നെങ്കിൽ അവൾക്ക് അല്ലെങ്കിൽ അയാൾക്ക് കുറ്റബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ബുദ്ധിയുപദേശം നൽകരുത്. പകരം, അനാവശ്യമായ കുറ്റബോധത്തെ മറികടക്കാൻ ആ വ്യക്തിയെ സഹായിക്കുകയാണു വേണ്ടത്.
“അർഥവത്തായ ആശ്വാസം പ്രദാനം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആഴമേറിയ വികാരങ്ങളെ ഒരിക്കലും വിസ്മരിക്കരുത്,” ദാമ്പത്യ അവിശ്വസ്തതയ്ക്ക് ഇരയായ ഒരു വ്യക്തി പറയുന്നു.
[7-ാം പേജിലെ ചതുരം]
ചിലർ ഒരുമിച്ചു ജീവിക്കുന്നതിന്റെ കാരണങ്ങൾ
ഒട്ടേറെ സമുദായങ്ങളിലും, അനുതാപം പ്രകടിപ്പിക്കാത്ത വ്യഭിചാരിയായ ഭർത്താവിനോടൊപ്പം കഴിയുകയല്ലാതെ ഭാര്യക്കു മറ്റു പോംവഴിയൊന്നും ഉണ്ടായിരിക്കില്ല. ഉദാഹരണത്തിന്, കലാപകലുഷിതമോ ഉപജീവനത്തിനു വേണ്ടത്ര വരുമാനം ലഭിക്കാത്തതോ ആയ പ്രദേശങ്ങളിൽ ജീവിക്കുന്ന ചില ക്രിസ്തീയ ഭാര്യമാർ അവിശ്വസ്തരായ ഭർത്താക്കന്മാരോടൊപ്പം കഴിഞ്ഞിട്ടുണ്ട്. കാരണം സത്യവിശ്വാസികളല്ലെങ്കിലും ഇവർ കുടുംബത്തിലുള്ളവർക്കു വേണ്ടി മറ്റുവിധങ്ങളിൽ കരുതുന്നുണ്ടാകാം. അങ്ങനെ അവർക്ക് പാർക്കാൻ ഒരു വീടും ആവശ്യമായ സംരക്ഷണവും സ്ഥിരവരുമാനവും ലഭിക്കുന്നു. മാത്രമല്ല അവിശ്വസ്തനെങ്കിലും വീട്ടിൽ ആൺതുണ ഉള്ളതിന്റെ ഭദ്രതയും ഉണ്ടാകും. ആഗ്രഹിക്കത്തക്കതോ എളുപ്പമുള്ളതോ അല്ലെങ്കിലും, ഒരുമിച്ചുള്ള ജീവിതം—തങ്ങളുടെ പ്രത്യേക സാഹചര്യങ്ങളിൽ—തനിയെ ഉള്ള പോരാട്ടത്തെക്കാൾ ഭേദമാണെന്ന് അവർ ന്യായമായും കരുതുന്നു.
അത്തരമൊരു സാഹചര്യവുമായി—ഒരുപക്ഷേ വർഷങ്ങളോളംതന്നെ—ഒത്തുപോയശേഷം ഈ ഭാര്യമാരിൽ ചിലർക്ക് ഒടുവിൽ തങ്ങളുടെ ഭർത്താക്കന്മാർ അവരുടെ ജീവിതരീതിക്കു മാറ്റം വരുത്തിക്കൊണ്ട് വിശ്വസ്തരും സ്നേഹസമ്പന്നരുമായ ക്രിസ്തീയ ഭർത്താക്കന്മാർ ആയിത്തീർന്നതിന്റെ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.—1 കൊരിന്ത്യർ 7:12-16 താരതമ്യം ചെയ്യുക.
അതുകൊണ്ട്, അനുതാപം പ്രകടമാക്കാത്ത ഭർത്താവിന്റെ കൂടെ കഴിയാനാണ് ഒരു ഭാര്യ തീരുമാനിക്കുന്നതെങ്കിൽ അവളെ വിമർശിക്കാൻ പാടില്ല. അത്തരം ഭാര്യമാർക്കു ദുഷ്കരമായ ഒരു തീരുമാനമാണ് എടുക്കേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ അവർക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകേണ്ടതാണ്.
[8-ാം പേജിലെ ചതുരം]
ആരാണ് ഉത്തരവാദി?
നിരപരാധിയായ ഇണയുടെ അപൂർണതകൾ വിവാഹബന്ധത്തിന് ഉലച്ചിൽ തട്ടാൻ ഒരു പരിധിവരെ ഇടയാക്കിയിരിക്കാം. എന്നിരുന്നാലും ബൈബിൾ ഇങ്ങനെ പറയുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.” (യാക്കോബ് 1:14, 15) പല ഘടകങ്ങൾ ഉൾപ്പെട്ടിരിക്കാം എങ്കിലും ഒരു വ്യക്തി വ്യഭിചാരത്തിൽ ഏർപ്പെടുന്നത് മുഖ്യമായും “സ്വന്തമോഹ”ത്താൽ ആണ്. ഇണയുടെ കുറവുകളാണ് വൈവാഹിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെങ്കിൽക്കൂടെ അവ പരിഹരിക്കാനുള്ള മാർഗം ഒരിക്കലും വ്യഭിചാരം അല്ല.—എബ്രായർ 13:4.
പകരം, ഭാര്യാഭർത്താക്കന്മാർ ഇരുവരും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ തുടരുന്നെങ്കിൽ വൈവാഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ‘അന്യോന്യം പൊറുക്കയും തമ്മിൽ ക്ഷമിക്കയും ചെയ്യുന്നത്’ ഇതിൽ ഉൾപ്പെടുന്നു. “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നി”ങ്ങനെയുള്ള ഗുണങ്ങൾ പ്രകടമാക്കിക്കൊണ്ടിരിക്കുകയും വേണം. സർവോപരി അവർ ‘[തങ്ങളെതന്നെ] സമ്പൂർണ്ണതയുടെ ബന്ധമായ [“ഐക്യത്തിന്റെ സമ്പൂർണ ബന്ധമായ,” NW] സ്നേഹം ധരിപ്പി’ക്കണം.—കൊലൊസ്സ്യർ 3:12-15.
[7-ാം പേജിലെ ചിത്രം]
ഇണ സംസാരിക്കുമ്പോൾ ശ്രദ്ധ നൽകുന്നത് വിവാഹബന്ധം വീണ്ടും കെട്ടിപ്പടുക്കാൻ ദമ്പതികളെ സഹായിക്കും