“പുതിയ” മുത്തശ്ശീമുത്തശ്ശന്മാർ
“അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലേക്കു സ്വാഗതം—നിമിഷങ്ങൾകൊണ്ട് കുട്ടികളെ കൊഞ്ചിച്ചു വഷളാക്കിത്തരും.” ജീനിന്റെയും ജെയ്നിന്റെയും വീട്ടുവാതിൽക്കൽ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു.
അകത്തേക്കു കടന്നാൽ കാണുന്നത്, ചാരുകസേരയിൽ വിശ്രമിക്കുന്ന ഒരു വൃദ്ധ ദമ്പതികളെ ആയിരിക്കില്ല. മറിച്ച് 40-കളിലുള്ള, യുവത്വം മങ്ങിയിട്ടില്ലാത്ത, ചുറുചുറുക്കുള്ള ഒരു ദമ്പതികളെ ആയിരിക്കും. വീട്ടിലെ ‘കാരണവ സ്ഥാനം’ ഏറ്റെടുക്കാൻ ജീനിനും ജെയ്നിനും ഒട്ടും മടിയുണ്ടായിരുന്നില്ല. വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും സ്ഥാനം അവർ സന്തോഷപൂർവം സ്വാഗതം ചെയ്തിരിക്കുന്നു. ജീൻ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾക്കു വയസ്സാവുകയാണ് എന്നതിന്റെ ചെറിയ ലക്ഷണങ്ങളിൽ ഒന്നാണ് അത്. എങ്കിലും മക്കളെ വളർത്തിക്കൊണ്ടു വന്നതിനുള്ള പ്രതിഫലമാണു പേരക്കുട്ടികൾ.”
“മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു” എന്ന് ഒരു പഴമൊഴി പറയുന്നു. (സദൃശവാക്യങ്ങൾ 17:6) പേരക്കുട്ടികളും മുത്തശ്ശീമുത്തശ്ശന്മാരും തമ്മിൽ ഒരു പ്രത്യേക സ്നേഹബന്ധവും അടുപ്പവും ഉണ്ട്. തലമുറകൾ എന്ന ഇംഗ്ലീഷ് പത്രിക പറയുന്നതനുസരിച്ച് “അമേരിക്കൻ സമൂഹത്തിൽ പേരക്കുട്ടികൾ ഉള്ളവരുടെ എണ്ണം മുമ്പെന്നത്തെക്കാൾ അധികം വർധിച്ചിരിക്കുന്നു.” കാരണം? “ആയുർദൈർഘ്യത്തിലുള്ള വർധനവും കുടുംബ ജീവിതചക്രത്തിൽ ഉണ്ടായിട്ടുള്ള മാറ്റവും ആണ്” എന്നു ലേഖനം വിശദമാക്കുന്നു. “മരണനിരക്കിലും സന്താനോത്പാദനശേഷിയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കാണിക്കുന്നതു പ്രായപൂർത്തിയായവരിൽ ഏതാണ്ട് മുക്കാൽ ഭാഗം പേരും കൊച്ചുമക്കൾ ഉണ്ടാകുന്നതുവരെ ജീവിച്ചിരിക്കും എന്നും . . . . മധ്യവയസ്കരിൽ മിക്കവർക്കും 45 വയസ്സിനോടടുത്തു പേരക്കുട്ടികൾ ജനിക്കുന്നുവെന്നും ആണ്.”
ചില ദേശങ്ങളിൽ മുത്തശ്ശീമുത്തശ്ശന്മാരുടെ ഒരു പുതിയ തലമുറ ഉദയം കൊണ്ടിരിക്കുന്നു. പലർക്കും പേരക്കുട്ടികളുടെ പരിപാലനത്തിൽ കൂടുതൽ കൂടുതൽ ഉൾപ്പെടേണ്ടി വരുന്നു. ഉദാഹരണത്തിന്, ജീനിന്റെയും ജെയ്നിന്റെയും കാര്യംതന്നെയെടുക്കാം. അവരുടെ മകനും മരുമകളും വിവാഹബന്ധം വേർപെടുത്തിയിരിക്കുന്നു. കുട്ടിയുടെ സംരക്ഷണച്ചുമതല അവർ ഇരുവരും പങ്കു വെക്കുകയാണ്. “മകൻ ജോലിക്കു പോകുമ്പോൾ കുട്ടിയെ നോക്കുന്നതു ഞങ്ങളാണ്,” ജെയ്ൻ വിവരിക്കുന്നു. ഒരു സർവേ പറയുന്ന പ്രകാരം ഐക്യനാടുകളിൽ പേരക്കുട്ടികളെ നോക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർ ആഴ്ചയിൽ ശരാശരി 14 മണിക്കൂറോളം അതിനായി ചെലവഴിക്കുന്നുണ്ട്. വർഷം 2,900 കോടി ഡോളർ വിലമതിക്കുന്ന ജോലി!
ഇന്നത്തെ മുത്തശ്ശീമുത്തശ്ശന്മാർ അനുഭവിക്കുന്ന സന്തോഷങ്ങളും നേരിടുന്ന വെല്ലുവിളികളും എന്തൊക്കെയാണ്? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുന്നു.