ഡോൾഫിൻ നമ്മുടെ പടിവാതിൽക്കൽ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഇളംചൂടുള്ള ആഴംകുറഞ്ഞ ഉഷ്ണമേഖലാ ജലാശയങ്ങളാണ് അതിനു പ്രിയം. വെള്ളം ഉപ്പുള്ളതോ ഇല്ലാത്തതോ തെളിഞ്ഞതോ അല്ലാത്തതോ ആയാലും കുഴപ്പമില്ല. ഇന്ത്യയുടെ ബംഗാൾ ഉൾക്കടൽ മുതൽ മലയ ദ്വീപസമൂഹവും കടന്ന് ഉത്തര ഓസ്ട്രേലിയ വരെയുള്ള സ്ഥലമാണ് അതിന്റെ ആവാസക്ഷേത്രം.
എങ്കിലും ചുരുക്കംചിലരേ ഇറവാഡി ഡോൾഫിനെ കാണുകയോ അതിനെക്കുറിച്ചു കേൾക്കുകയോ ചെയ്തിട്ടുള്ളൂ. പ്രത്യേകിച്ചും ഓസ്ട്രേലിയക്കാർ, അത് ലോകത്തിൽ ഏറ്റവും കൂടുതലുള്ളത് ഓസ്ട്രേലിയയുടെ വടക്കൻ തീരത്തായിട്ടുകൂടി. അതിശയം തോന്നുന്നുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും പറയാം.
19-ാം നൂറ്റാണ്ടിൽ ജന്തുശാസ്ത്രജ്ഞനായ ജോൺ ആൻഡേഴ്സൻ ഈ ഡോൾഫിനുകളുടെ പറ്റങ്ങളെ മ്യാൻമാറിലെ (അന്നത്തെ ബർമ) ഇറവാഡി നദിയിൽ കണ്ടു. അവയ്ക്ക് നീലകലർന്ന ചാമ്പൽനിറവും സാധാരണ ഡോൾഫിനുകളിൽനിന്നു വ്യത്യസ്തമായി മുമ്പോട്ട് ഉന്തിനിൽക്കാത്ത മോന്തയും ഉരുണ്ട തലയുമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം അതിന് ഇറവാഡി ഡോൾഫിൻ എന്നു പേരിട്ടു.
അപൂർവമായി മാത്രം കാണുന്നതിന്റെ കാരണം
ചൂടും ഈർപ്പവുമുള്ള തീരക്കടലിലും അഴിമുഖങ്ങളിലും നദികളിലുമാണ് ഇറവാഡികൾ പെറ്റുപെരുകുന്നത്. കണ്ടൽമരങ്ങൾ, പൊന്തക്കാട്, കൊതുകിൻ കൂട്ടങ്ങൾ എന്നിവയ്ക്കും ചില സ്ഥലങ്ങളിൽ ചീങ്കണ്ണികൾക്കും ഇടയിലായി ചേറുവെള്ളത്തിലാണ് മിക്കപ്പോഴും അവയുടെ താമസം. മനുഷ്യരെ ആകർഷിക്കുന്ന ചുറ്റുപാടുകളല്ലല്ലോ ഇവയൊന്നും.
ഈ പ്രദേശങ്ങളിലെ ജലം സാധാരണഗതിയിൽ ഇരുണ്ടതുമായിരിക്കും. അതുകൊണ്ട്, ശ്വസനത്തിനായി ഡോൾഫിൻ ജലോപരിതലത്തിലേക്ക് ഹ്രസ്വനേരത്തേക്കു പൊന്തിവരുമ്പോൾ മാത്രമേ അതിനെ കാണാൻ കഴിയൂ. അപ്പോൾപ്പോലും അത് ശരീരത്തിന്റെ കുറച്ചു ഭാഗം മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ, അതായത് മുതുകിന്റെ കുറച്ചു ഭാഗം മാത്രം. അതിന്റെ പൃഷ്ഠപത്രം (dorsal fin) മറ്റു ഡോൾഫിനുകളുടേതിനെക്കാൾ ചെറുതാണ്.
എങ്കിലും ചില സ്ഥലങ്ങളിൽ ഇറവാഡി ഡോൾഫിനുകൾ ഒരു അപൂർവ കാഴ്ചയല്ല. മ്യാൻമാറിലെ ഇറവാഡി നദിയിലൂടെയും ഡോൾഫിന്റെ ഏഷ്യൻ ആവാസക്ഷേത്രത്തിലെ മറ്റു നദികളിലൂടെയും സഞ്ചരിക്കുന്ന മീൻപിടുത്തക്കാരും ബോട്ട് ഓപ്പറേറ്റർമാരും ഈ ഡോൾഫിനുകൾ ഇരതേടുന്നതും ഒഴുക്കിനെതിരെ പൊങ്ങിച്ചാടുന്നതും ജലധാരായന്ത്രങ്ങളെയോ ജലോദ്യാനത്തിലെ ചെറുപ്രതിമകളെയോ ഓർമിപ്പിക്കുന്ന വിധത്തിൽ വായിൽനിന്ന് വെള്ളം ചീറ്റുന്നതും കൂടെക്കൂടെ കാണാറുണ്ട്.
ഓസ്ട്രേലിയയിൽ ഇറവാഡികൾ കാണപ്പെടുന്നത് അതിന്റെ പടിഞ്ഞാറേ തീരത്തും വടക്കേ തീരത്തും കിഴക്കേ തീരത്തുമുള്ള സമുദ്രജലത്തിലാണ്. സാധാരണഗതിയിൽ അവയെ കാണുന്നത് ആറിൽ കുറഞ്ഞ അംഗങ്ങളടങ്ങുന്ന കൂട്ടങ്ങളായിട്ടാണ്. എന്നാൽ 15 വരെ അംഗങ്ങളുള്ള കൂട്ടങ്ങളെയും ഇടയ്ക്കു കാണാറുണ്ട്. ഏഷ്യക്കാരായ തങ്ങളുടെ ബന്ധുക്കളിൽനിന്നു വ്യത്യസ്തമായി ഓസ്ട്രേലിയൻ ഡോൾഫിനുകൾ ജലധാരായന്ത്രങ്ങളെ അനുകരിക്കുന്നതായി കേട്ടിട്ടില്ല.
അത് ഡോൾഫിനാണോ?
ഇറവാഡികൾ തീരത്തിനടുത്താണു കഴിയുന്നത്. തെളിഞ്ഞ ജലത്തിൽ കഴിയുന്ന കൂടുതൽ ഊർജസ്വലരായ അവയുടെ ബന്ധുക്കളോടുള്ള താരതമ്യത്തിൽ അവ വേഗം കുറഞ്ഞ നീന്തൽക്കാരാണ്. എങ്കിലും, അവയെക്കുറിച്ചു പഠിക്കുന്നത് ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നിട്ടുണ്ട്. അവയുടെ അനാകർഷകമായ ചുറ്റുപാടാണ് അതിന്റെ മുഖ്യ കാരണങ്ങളിലൊന്ന്. എങ്കിലും ഇൻഡോനേഷ്യയിലെ ജക്കാർത്തയിലുള്ള ജൈയ ആങ്കൊൾ സമുദ്രജീവിശാലയിൽ ജീവനുള്ള ഇറവാഡികളെക്കുറിച്ചു പഠനം നടത്തിയിട്ടുണ്ട്.
ഇറവാഡികളെക്കുറിച്ച് അധികമൊന്നും അറിയില്ലാത്തതുകൊണ്ട് തിമിംഗല-ഡോൾഫിൻ കുടുംബവൃക്ഷത്തിലെ അവയുടെ സ്ഥാനം സംബന്ധിച്ച് അടുത്തകാലംവരെ ജീവശാസ്ത്രജ്ഞന്മാർക്ക് തീർച്ചയില്ലായിരുന്നു. ഡോൾഫിനുകൾക്കും അവയ്ക്കും പൊതുവായ വളരെയധികം ഘടകങ്ങളുണ്ടെന്നത് സ്പഷ്ടമാണ്. എങ്കിലും ആകൃതിയിൽ—നിറത്തിലല്ല (നീലകലർന്ന മങ്ങിയ ചാമ്പൽനിറത്തിലുള്ളവ മുതൽ നീലകലർന്ന ഇരുണ്ട ചാമ്പൽനിറത്തിലുള്ളവ വരെയുണ്ട്)—അവയ്ക്ക് ആർട്ടിക് ബെലൂഗ തിമിംഗലത്തിന്റെ അഥവാ വെള്ളത്തിമിംഗലത്തിന്റെ വലുപ്പം കുറഞ്ഞ ഇനത്തോടാണ് മിക്കവാറും സാദൃശ്യം. അവയുടെ അസാധാരണമാംവിധം വഴക്കമുള്ള കഴുത്തിനുപോലും ബെലൂഗയുടേതിനോടു വളരെയധികം സാമ്യമുണ്ട്. അതുകൊണ്ട് അവ എന്താണ്—ബെലൂഗയുടെ ഭൂമധ്യരേഖാ പതിപ്പോ അതോ ശരിക്കുള്ള ഡോൾഫിനോ?
ഇതു കണ്ടുപിടിക്കാനുള്ള ഒരു മാർഗം അവയുടെ ശരീരഘടനാപരവും ജനിതകപരവുമായ അനവധി സവിശേഷതകൾ പരിശോധിച്ചിട്ട് അവ എന്തു സൂചിപ്പിക്കുന്നുവെന്നു കണ്ടെത്തുകയാണ്. തെളിവുകളുടെ വെളിച്ചത്തിൽ ഡോൾഫിനായിരിക്കാനാണ് സാധ്യത.
നമുക്കറിയാവുന്ന കുറച്ചു കാര്യങ്ങൾ
പിറന്നു വീഴുമ്പോൾ ഇറവാഡി കുഞ്ഞുങ്ങൾക്ക് ഒരു മീറ്ററിലും അൽപ്പം കുറവു നീളവും ഏതാണ്ട് 12 കിലോഗ്രാം തൂക്കവുമുണ്ട്. ആൺ ഡോൾഫിനുകൾ ഏകദേശം 2.75 മീറ്റർ നീളം വെക്കും, പെൺ ഡോൾഫിനുകൾക്ക് നീളം അതിലും അൽപ്പം കുറവായിരിക്കും. അവ 28 വർഷംവരെ ജീവിച്ചിരുന്നേക്കാം.
ചത്തുപോയ ഇറവാഡികളുടെ വയറ്റിൽനിന്നെടുത്ത സാമ്പിളുകൾ കാണിക്കുന്നത് കൂന്തൽ, ചെമ്മീൻ, കൊഞ്ച്, മത്സ്യം—പ്രത്യേകിച്ചും അടിത്തട്ടിൽ കഴിയുന്ന മത്സ്യങ്ങൾ—എന്നിവയാണ് ഇവയുടെ ആഹാരമെന്നാണ്. വായിൽനിന്നു വെള്ളം ചീറ്റുകയെന്ന ഏഷ്യൻ ഡോൾഫിനുകളുടെ ഇഷ്ടവിനോദം ഇരുണ്ട ജലത്തിൽ മീൻപിടിക്കാൻ അവയെ സഹായിക്കുന്നുണ്ടായിരിക്കാമെന്ന് ചില ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നു.
മറ്റു ഡോൾഫിനുകളെപ്പോലെതന്നെ ഇറവാഡികളും വ്യതിരിക്തമായ ക്ലിക്ക് ശബ്ദം പുറപ്പെടുവിക്കുന്നു. “മറ്റു ഡോൾഫിനുകൾ ചെയ്യുന്നതുപോലെതന്നെ ഇറവാഡി ഡോൾഫിനും പ്രതിധ്വനി സ്ഥാനനിർണയരീതിയിലൂടെ ഇരയെ കണ്ടുപിടിക്കുന്നതിന് ക്ലിക്ക് ശബ്ദങ്ങൾ ഉപയോഗിക്കുന്നുണ്ടായിരിക്കാമെന്ന് ജൈയ ആങ്കൊൾ സമുദ്രജീവിശാലയിലെ ഗവേഷണം കാണിക്കുന്ന”തായി ഉഷ്ണമേഖലാ ക്വീൻസ്ലാൻഡ് മ്യൂസിയത്തിലെ ഡോ. പീറ്റർ ആർനൊൾഡ് ഉണരുക!യോടു പറഞ്ഞു.
അതിന് ഭാവിയുണ്ടോ?
ലോകത്തിൽ എത്ര ഇറവാഡികളുണ്ടെന്ന് ശാസ്ത്രജ്ഞന്മാർക്ക് ഒരു പിടിയുമില്ല. എങ്കിലും അവ വംശനാശ ഭീഷണിയിലാണെന്നതു സംബന്ധിച്ചുള്ള ഉത്കണ്ഠ വർധിച്ചുവരികയാണ്. തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിൽ അവയുടെ എണ്ണം കുറഞ്ഞുവരുകയാണ്. മറ്റുചില ഭാഗങ്ങളിൽ അവയെ കണികാണാൻ പോലുമില്ല.
ഇതിന്റെ കാരണം പലപ്പോഴും മരംമുറിക്കൽ പ്രവർത്തനങ്ങൾ, അതിന്റെ ഫലമായുണ്ടാകുന്ന മലിനീകരണം, നദികളിൽ മണ്ണടിയൽ എന്നിവയാണ്. ഓസ്ട്രേലിയയിൽ ഇറവാഡിയുടെ ആവാസക്ഷേത്രത്തിലധികവും താരതമ്യേന മനുഷ്യവാസമില്ലാത്തതായി കിടക്കുന്നു. എന്നാൽ കിഴക്കൻ തീരത്തുള്ള കൂടുതൽ മനോഹരമായ പ്രദേശങ്ങളിൽ നഗരവത്കരണവും വിനോദസഞ്ചാരവും വലിയ വിലയൊടുക്കിയിരിക്കുന്നു. ഇറവാഡികളിൽ ചിലവ മീൻവലകളിലും മറ്റുചിലവ കടലിൽ നീന്തുന്നവരുടെ സംരക്ഷണത്തിനായി തീരത്തിനടുത്തു സ്ഥാപിച്ചിരിക്കുന്ന സ്രാവു വലകളിലും കുടുങ്ങുന്നു. ഇറവാഡികൾക്കു തീറ്റയാകേണ്ട മത്സ്യങ്ങളെ അമിതമായി പിടിക്കുന്നതും അവയുടെ എണ്ണത്തെ ബാധിക്കുന്നു.
എങ്കിലും ഏറ്റവും വലിയ ഭീഷണിയായിത്തീരാവുന്നത് നദികളിലേക്കും അഴിമുഖങ്ങളിലേക്കും ഒഴുകിയിറങ്ങുന്ന മാലിന്യങ്ങളുടെ വർധിച്ചുവരുന്ന അളവാണ്. ഇവയിൽ ഏറ്റവും ഹാനികരം പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകൾ (പിസിബി-കൾ) പോലെ പരിസ്ഥിതിയിൽ തങ്ങിനിൽക്കുന്ന കൃത്രിമ ജൈവസംയുക്തങ്ങളാണ്. ഇലക്ട്രോണിക് ഘടകങ്ങൾ, പെയിന്റുകൾ, ലൂബ്രിക്കന്റുകൾ, തടി, ലോഹം എന്നിവയിലടിക്കുന്ന കോട്ടിങ്ങുകൾ തുടങ്ങിയവയിലും മറ്റുത്പന്നങ്ങളിലും പിസിബി-കൾ അടങ്ങിയിട്ടുണ്ട്.
എന്നാൽ ഗുണകരമായ ഒരു സംഗതിയുണ്ട്. ഓസ്ട്രേലിയൻ പ്രകൃതി സംരക്ഷണ ഏജൻസി ദി ആക്ഷൻ പ്ലാൻ ഫോർ ഓസ്ട്രേലിയൻ സിറ്റേഷൻസ് എന്ന അവരുടെ ഡോക്യുമെൻറിൽ ഇങ്ങനെ പറയുന്നു: “[ഇറവാഡി ഡോൾഫിന്റെ] ക്വീൻസ്ലാൻഡിലെ ആവാസക്ഷേത്രത്തിലധികവും ഗ്രേറ്റ് ബാരിയർ റീഫ് സമുദ്ര പാർക്കിന്റെ സംരക്ഷണത്തിൻ കീഴിൽ വരുന്നുണ്ട്; അതുകൊണ്ട് ക്വീൻസ്ലാൻഡിലെ ജലാശയങ്ങളിൽ അവ സംരക്ഷിക്കപ്പെടുന്നതിനു നല്ല സാധ്യതയുണ്ട്.”
ഹംപ്ബാക്ക് തിമിംഗലം, തെക്കൻ റൈറ്റ് തിമിംഗലം, കുപ്പിത്തലയൻ ഡോൾഫിൻ എന്നിവയോടൊപ്പം ഇറവാഡിക്ക് പൊതുജനബോധവത്കരണ പരിപാടികളിൽ പ്രഥമസ്ഥാനം കൊടുക്കണമെന്ന് ഏജൻസി ശുപാർശ ചെയ്യുന്നു. ഇത് മെച്ചമായ സംരക്ഷണത്തിനുള്ള മറ്റൊരു പടിയാണ്. അത് ഇറവാഡി ഡോൾഫിനു ഗുണകരമായിരിക്കും—നമുക്കും.
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ഫോട്ടോകൾ: Courtesy Dr. Tony Preen