വെള്ളവും നിങ്ങളുടെ ആരോഗ്യവും
“ശരീരത്തിന് എത്രമാത്രം വെള്ളം ആവശ്യമാണെന്നു നിശ്ചയിക്കാൻ ദാഹത്തിന്റെ തീക്ഷ്ണതയിൽ ആശ്രയിക്കാവുന്നതല്ല,” ആരോഗ്യം (ഇംഗ്ലീഷ്) എന്ന മാസിക വ്യക്തമാക്കുന്നു. എന്നാൽ, ധാരാളം വെള്ളം കുടിക്കുന്നതു നമ്മുടെ ശാരീരികവും വൈകാരികവുമായ ക്ഷേമത്തിനും ആകാരഭംഗിക്കും അനിവാര്യമാണ്. വിയർപ്പ്, കണ്ണുനീർ, മൂത്രം എന്നിവയിലൂടെയും അതുപോലെതന്നെ ശ്വസനത്തിലൂടെയും നമ്മുടെ ശരീരത്തിൽനിന്നു തുടർച്ചയായി വെള്ളം നഷ്ടപ്പെടുന്നു. നഷ്ടപ്പെടുന്ന അത്രയും വെള്ളം ശരീരത്തിനു വീണ്ടും ലഭിക്കേണ്ടതുണ്ട്. എന്നാൽ എത്രത്തോളം വെള്ളം ആവശ്യമാണ്? ദിവസവും എട്ടു ഗ്ലാസ്—രണ്ടു ലിറ്റർ—വെള്ളം കുടിക്കാൻ നിരവധി അധികൃതർ ശുപാർശചെയ്യുന്നു.
ഇത്രയും വെള്ളം കുടിക്കേണ്ടതെന്തുകൊണ്ട്? ശരീരത്തിൽ പോഷകങ്ങളുടെ സംവഹനത്തിനും മാലിന്യങ്ങളുടെ നിർമാർജനത്തിനും വെള്ളം മർമപ്രധാനമാണ്. ശരീരോഷ്മാവ് ക്രമപ്പെടുത്തുന്നതിനും സന്ധികളെ അയവുള്ളതാക്കുന്നതിനും ഇത് ആവശ്യമാണ്. “വെള്ളത്തിന്റെ അളവിലുണ്ടാകുന്ന ചെറിയ കുറവുപോലും നിങ്ങളെ ക്ഷീണിതനോ . . . രോഗിയോ ആക്കിയേക്കാം” എന്ന് ആരോഗ്യം സൂചിപ്പിക്കുന്നു. “തളർച്ചയുടെ മിക്കപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു കാരണമാണ് നിർജലീകരണം.” “കാപ്പിയും ചായയും കഫീൻ അടങ്ങിയ ലഘുപാനീയങ്ങളും മദ്യവും ദ്രാവകമാണല്ലോ എന്നോർത്ത് വഞ്ചിക്കപ്പെടരുത്; അവ വാസ്തവത്തിൽ നിർജലീകരണത്തിനു ഇടയാക്കുകയാണു ചെയ്യുന്നത്.” കഫീനും മദ്യവും മൂത്രവർധിനികളായി വർത്തിച്ച് ശരീരത്തിൽനിന്നു ജലാംശം നഷ്ടപ്പെടുന്നതിനിടയാക്കുന്നു.
കൂടാതെ, “നിങ്ങളുടെ ത്വക്ക് മാർദവവും ഈർപ്പവും ഉള്ളതായി നിലനിർത്താൻ വെള്ളം ആവശ്യമാണ്.” ഇതിനായി ത്വക്കിൽ മോയിസ്ച്ചറൈസർ പുരട്ടാവുന്നതാണ്. എന്നാൽ അവ ഈർപ്പം വർധിപ്പിക്കുന്നില്ല. പകരം, ത്വക്കിലുള്ള ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഒരു ആവരണമായി വർത്തിക്കുന്നു. പ്രായമേറുന്തോറും ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ത്വക്കിന്റെ പ്രാപ്തി നഷ്ടമാകുന്നതിനാൽ ത്വക്കിൽ ഈർപ്പം നിലനിർത്തേണ്ടതു കൂടുതൽ പ്രധാനമാണ്.
സങ്കടകരമെന്നുപറയട്ടെ, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ശുദ്ധമായ തെളിവെള്ളം വേണ്ടത്ര ലഭിക്കാൻ വളരെ പണിപ്പെടേണ്ടതുണ്ട്. എന്നാൽ അത് ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. എന്തുവിലകൊടുത്തും ധാരാളം വെള്ളം കുടിക്കുക. അങ്ങനെ, നിങ്ങളുടെ ആകാരഭംഗിയും ഊർജസ്വലതയും മെച്ചപ്പെടുത്താനുള്ള ഈ ലളിതമായ വിധം പ്രയോജനപ്പെടുത്തുക!