ഞങ്ങളുടെ വായനക്കാരിൽനിന്ന്
യാദൃച്ഛിക സംഭവമോ രൂപകൽപ്പനയോ? “നാം ഇവിടെ എങ്ങനെ വന്നു? യാദൃച്ഛിക സംഭവത്താലോ രൂപകൽപ്പനയാലോ?” (മേയ് 8, 1997) എന്ന ലേഖനപരമ്പര ഞാൻ വായിച്ചു കഴിഞ്ഞതേയുള്ളൂ. പല കാരണങ്ങളാൽ അത് എന്റെ താത്പര്യം പിടിച്ചുപറ്റി: (1) പരിണാമം പോലുള്ള ഗഹനവും സങ്കീർണവുമായ ഒരു വിഷയം അവതരിപ്പിച്ചതിലെ ലാളിത്യം, അതുപോലെ നമ്മുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം സാധൂകരിക്കാനായി നിങ്ങളുപയോഗിച്ച വാദമുഖം. (2) മഹത്തായ ആശയം സ്ഥാപിക്കാനായി നിങ്ങൾ ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ. പത്രപ്രവർത്തകർക്കായുള്ള ഒരു വലിയ സ്കൂളിലെ ഗവേഷകനും വിദ്യാർഥിയുമാണു ഞാൻ. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് നിങ്ങൾ എല്ലായ്പോഴും അത്തരം ലേഖനങ്ങൾ തെളിയിക്കുന്നു. എന്റെ സഹ പത്രപ്രവർത്തകർ, എഡിറ്റർമാർ, ഗവേഷകർ എന്നിങ്ങനെയുള്ളവർ ക്രമമായി ഉണരുക! വായിച്ചാസ്വദിക്കുന്നതിന്റെ കാരണം അതാണെന്നുള്ളതിനു യാതൊരു സംശയവുമില്ല.
ഡി. എസ്. റ്റി., കാമറൂൺ
രോഗത്താൽ ഇത്ര കഷ്ടപ്പെടേണ്ടിവരുന്നത് എന്തുകൊണ്ട്? “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ രോഗത്താൽ ഇത്ര കഷ്ടപ്പെടേണ്ടിവരുന്നത് എന്തുകൊണ്ട്?” (ഏപ്രിൽ 22, 1997) എന്ന ലേഖനത്തിൽ ജെയ്സൺ വിവരിച്ച എല്ലാ വികാരങ്ങളും ഞാൻ അനുഭവിക്കുന്നു. ഓരോ പ്രാവശ്യം ലേഖനം വായിക്കുമ്പോഴും കാര്യങ്ങൾ മനസ്സിലാക്കുന്ന, വിലമതിക്കുന്ന, എന്റെ അവസ്ഥകളെപ്രതി കരുതലുള്ള ഒരു വ്യക്തിയുമായി സംസാരിക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത്. എന്റെ ഭാരം കുറച്ചുതന്നതിന് നിങ്ങൾക്കു വളരെ നന്ദി. യഹോവ കരുതലുള്ളവനാണെന്നും തന്റെ തക്ക സമയത്ത് അവൻ സകലവിധ രോഗങ്ങളെയും ഇല്ലായ്മ ചെയ്യുമെന്നും എനിക്കറിയാം.
ഒ. എ., ഘാന
പ്രസ്തുത ലേഖനം ലഭിക്കുന്നതിനു രണ്ടാഴ്ച മുമ്പ് എനിക്കു അപസ്മാര രോഗലക്ഷണമുള്ളതായി കണ്ടെത്തി. എനിക്ക് 18 വയസ്സായതേയുള്ളൂ. ഞാൻ അടുത്തകാലത്ത് ആസ്വദിക്കാൻ തുടങ്ങിയ സ്വാതന്ത്ര്യം രോഗംനിമിത്തം പെട്ടെന്നു ചുരുങ്ങി. എനിക്കു ധാരാളം മുൻകരുതലുകൾ എടുക്കുകയും നിശ്ചിത സമയത്ത് ഗുളിക കഴിക്കാൻ ഓർത്തിരിക്കുകയും ചെയ്യേണ്ടതുണ്ട്. രണ്ടു കുട്ടികൾ മരണമടഞ്ഞ എന്റെ മാതാപിതാക്കൾക്ക് ഇതു തികച്ചും ദുരിതപൂർണമാണ്. ആ ലേഖനം എന്നെ ശരിക്കും സ്പർശിച്ചു. തന്നിമിത്തം ഞാൻ കരഞ്ഞുപോയി. ഞാൻ കടിച്ചമർത്തിക്കൊണ്ടിരിക്കുന്ന അതേ വികാരങ്ങളാണ് അത് കൈകാര്യം ചെയ്തത്. അങ്ങനെ ഞാൻ സാധാരണ നിലയിലേക്കു തിരികെ വന്നെന്നു പറയാം. മറ്റുള്ളവർക്കും ഇതുപോലുള്ള പ്രശ്നങ്ങളും ഉത്കണ്ഠകളും ഉണ്ടെന്നു മനസ്സിലാക്കാൻ എനിക്കു സാധിച്ചു. ആത്മീയമായി ബലിഷ്ഠയായിരിക്കാൻ എനിക്കാവശ്യമായ വിവരങ്ങൾ യഹോവ തന്റെ സ്ഥാപനത്തിലൂടെ അച്ചടിച്ച രൂപത്തിൽ പ്രദാനംചെയ്യുന്നു.
ഡി. എസ്., ഐക്യനാടുകൾ
എന്റെ രോഗം നിമിത്തം മറ്റാരെക്കാളും ബുദ്ധിമുട്ടനുഭവിക്കുന്നത് മാതാപിതാക്കളാണെന്ന് മാസിക വായിച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. എന്റെ രോഗം പാരമ്പര്യമായി ലഭിച്ചതാണെന്ന് അവരെന്നോടു പറയാറുണ്ട്. ഇതവരെ വിഷാദത്തിലാക്കുന്നു. അതു കാണുമ്പോൾ എനിക്കവരോടു വളരെ സഹതാപം തോന്നുന്നു.
വൈ. എച്ച്., ജപ്പാൻ
ബാല്യകാലത്തു ഞാൻ നല്ല ആരോഗ്യം ആസ്വദിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയായ ശേഷം എനിക്ക് ഒന്നിനുപുറകേ ഒന്നായി പല അസുഖങ്ങൾ ഉണ്ടായി. ഞാൻ മുഴുസമയ ശുശ്രൂഷ ആരംഭിച്ചുവെങ്കിലും മോശമായ ആരോഗ്യംനിമിത്തം ആദ്യത്തെ രണ്ടുമാസങ്ങളിൽ ലക്ഷ്യത്തിലെത്തിച്ചേരാൻ എനിക്കു സാധിച്ചില്ല. യഹോവയെ അപ്രീതിപ്പെടുത്തുന്ന എന്തോ ചെയ്തതുനിമിത്തം അവൻ രോഗം വരുത്തി എന്നെ ശിക്ഷിക്കുകയാണെന്നു (തെറ്റായി) ചിന്തിച്ചുകൊണ്ട് ഞാൻ വളരെ വിഷാദത്തിലായി. സാഹചര്യവുമായി വേണ്ടത്ര ഇണങ്ങിച്ചേരാനും ധൈര്യപ്പെടാനും ഈ ലേഖനം എന്നെ സഹായിച്ചിരിക്കുന്നു.
സി. കെ., ഘാന
ഒമ്പതു വയസ്സുകാരിയായ എന്റെ മകൾക്കു പഠനവൈകല്യവും മസ്തിഷ്ക ക്ഷതവുമുണ്ട്. അവൾ വളരെ ബുദ്ധിയുള്ളവളാണ്. ഈ വൈകല്യങ്ങൾ തന്റെ സാധാരണ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുന്നെന്ന് അവൾക്കറിയാം. പൊതുവേ അവൾ പ്രസന്നവതിയും സന്തുഷ്ടയുമാണ്. എങ്കിലും ഈ വൈകല്യങ്ങൾ നിമിത്തം അവൾ ഇടയ്ക്കിടെ കുറച്ചൊക്കെ വിഷാദത്തിലാകാറുണ്ട്. താൻ മറ്റു കുട്ടികളെപ്പോലെയാകാൻ പോകുന്ന ഭാവി പറുദീസയെക്കുറിച്ച് ഡാഡിയുമായി രാത്രിയിൽ നടത്താറുള്ള ചർച്ചകൾപോലെതന്നെ ഈ ലേഖനവും അവൾക്കു വളരെ പ്രോത്സാഹജനകമായിരുന്നു.
വൈ. പി., ഐക്യനാടുകൾ
പത്തുവർഷത്തോളമായി, എന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ‘അദൃശ്യ രോഗ’വുമായി ഞാൻ മല്ലിടുകയാണ്. അതുനിമിത്തം, എനിക്കു മുഴുസമയ ശുശ്രൂഷ നിർത്തേണ്ടിവന്നു. ആരോ എന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുണ്ടെന്ന് ആദ്യമായി എനിക്കു തോന്നിയത് ഈ ലേഖനം വായിച്ചപ്പോഴാണ്. ഞാനൊറ്റയ്ക്കല്ലെന്നറിയുന്നത് ഒരാശ്വാസമാണ്. ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെയായിരുന്നു ഇത്. നിങ്ങളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. പ്രോത്സാഹജനകവും കാലോചിതവുമായ ഇത്തരം ലേഖനങ്ങൾ ഈ പഴയ വ്യവസ്ഥിതിയിൻമധ്യേ മുന്നോട്ടുപോകുന്നതിൽ ഞങ്ങളെ സഹായിക്കുന്നു.
എൽ. സി., കാനഡ