അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു
“ഞങ്ങൾ 13 മക്കളടങ്ങിയ ഒരു കുടുംബമായിരുന്നു,” ഗ്ലോറിയാ ആഡാമെ എഴുതുന്നു, “4 ആണും 9 പെണ്ണും. 1984 എന്ന വർഷം. പിതാവ് മെക്സിക്കോയിലുള്ള വീട്ടിൽ മടങ്ങിയെത്തുകയും താൻ ഐക്യനാടുകളിൽ ജോലിക്കു പോയിരുന്ന സമയത്ത് തന്റെ കുടുംബം യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയ കാര്യം മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹത്തിന് അത് ഒട്ടും പിടിച്ചില്ല, അദ്ദേഹം ഞങ്ങളെ എതിർക്കാൻ തുടങ്ങി. ദിവസം ചെല്ലുന്തോറും അദ്ദേഹത്തിന്റെ ഹൃദയം കൂടുതൽ കഠിനപ്പെട്ടുവരുന്നതായി തോന്നി.
“ഞങ്ങൾക്ക് പിതാവിനെ ജീവനായിരുന്നു. അതുകൊണ്ട്, ഞങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന ജീവദായകമായ പരിജ്ഞാനത്തിൽനിന്ന് അദ്ദേഹം പ്രയോജനമനുഭവിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾ എന്നും യഹോവയോട് മുട്ടിപ്പായി പ്രാർഥിച്ചു. യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഞങ്ങൾക്കു പിതാവിനോടു സംസാരിക്കുന്നതിനുള്ള വഴി തുറന്നുതരേണമേയെന്നായിരുന്നു യാചന. യഹോവ ഞങ്ങളുടെ അപേക്ഷ കേട്ടു. എന്തുകൊണ്ടെന്നാൽ, പിതാവ് രാത്രിയിൽ ടിവി കാണാനിരിക്കുന്ന സ്വീകരണമുറിയിൽ എന്നും സന്ധ്യക്ക് കൂടിവരാനുള്ള ധൈര്യം അവൻ ഞങ്ങൾക്കു നൽകി. അവിടെ, അമ്മയും ഞങ്ങൾ പെൺകുട്ടികളും ദിനവാക്യം വായിക്കുന്നതിനുവേണ്ടി ഒന്നിച്ചുകൂടുമായിരുന്നു.
“അമ്മയാണ് ചർച്ച നടത്തിയിരുന്നത്. അഭിപ്രായങ്ങൾ വായിച്ചതിനുശേഷം ഞങ്ങൾ ഓരോ ദിവസവും മാറിമാറി പ്രാർഥിക്കുമായിരുന്നു. അഞ്ചു വയസ്സുമാത്രമുണ്ടായിരുന്ന ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരി മാരീ പ്രാർഥനയിൽ ഇങ്ങനെ മുട്ടിപ്പായി അപേക്ഷിക്കുമായിരുന്നു: ‘യഹോവേ, ഡാഡിയും നിന്റെ സാക്ഷിയായിത്തീരാൻ തക്കവണ്ണം ഡാഡിയുടെ ഹൃദയത്തെ മയപ്പെടുത്തേണമേ.’ പിതാവ് ശ്രദ്ധിക്കുന്നില്ലാത്തതായി കാണപ്പെട്ടു, എന്തുകൊണ്ടെന്നാൽ അദ്ദേഹം ടിവി-യുടെ ശബ്ദം കൂട്ടിവെക്കുമായിരുന്നു. എങ്കിലും, നാളുകൾ കടന്നുപോയതോടെ അദ്ദേഹം ശബ്ദം കുറച്ചുവെക്കാൻ തുടങ്ങി. ഒടുവിൽ, ഒരു രാത്രിയിൽ അദ്ദേഹം ടിവി ഓഫാക്കി.
“അന്നു രാത്രിയിൽ പതിവുപോലെതന്നെ, ആരാണ് ദിനവാക്യം വായിക്കുന്നതെന്ന് അമ്മ ചോദിച്ചു. ഞങ്ങളെ വളരെയധികം അത്ഭുതപ്പെടുത്തുമാറ് പിതാവു പറഞ്ഞു: ‘ഞാനാണിന്നു വായിക്കുന്നത്.’ ഞങ്ങൾ അമ്പരന്നുപോയി, എങ്കിലും ഒന്നും മിണ്ടിയില്ല. അമ്മ എതിർപ്പു പ്രകടിപ്പിക്കുകയോ എന്തെങ്കിലും ചോദിക്കുകയോ ചെയ്തില്ല, പകരം തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം ബൈബിൾവാക്യത്തെക്കുറിച്ചു ചർച്ച നടത്തിക്കഴിഞ്ഞപ്പോൾ ഇന്നാരാണ് പ്രാർഥിക്കേണ്ടതെന്ന് അമ്മ ചോദിച്ചു. ‘ഞാനാണിന്നു പ്രാർഥിക്കുന്നത്’ പിതാവു പറഞ്ഞു.
“ഞങ്ങൾ സ്തംഭിച്ചുപോയി. പ്രാർഥനയുടെ സമയത്ത് ഞങ്ങൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. പിതാവും കരയാൻ തുടങ്ങി, യഹോവയെ ദുഷിച്ചതിന് തന്നോട് ക്ഷമിക്കേണമേയെന്ന് അദ്ദേഹം അവനോട് അപേക്ഷിച്ചു. ഞങ്ങളെ എതിർത്തതിന് അദ്ദേഹം അമ്മയോടും ക്ഷമചോദിച്ചു.
“അങ്ങനെ 1986-ൽ പിതാവിൽനിന്നുള്ള എതിർപ്പ് അവസാനിച്ചു. 1990-ൽ ഞങ്ങളുടെ കുടുംബം ഐക്യനാടുകളിലെ ടെക്സാസിലേക്ക് താമസം മാറ്റി. ക്രമേണ, പിതാവ് തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ജലസ്നാപനത്താൽ അത് പ്രതീകപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ ഏഴ് സഹോദരിമാരും അതുതന്നെ ചെയ്തു. 1997 ഏപ്രിലിൽ പിതാവ് ഒരു ക്രിസ്തീയ മൂപ്പനായി നിയമിക്കപ്പെട്ടു. കുടുംബം ഒത്തൊരുമിച്ചിരുന്ന് ദിനവാക്യം പരിചിന്തിക്കുന്നത് ഇന്നുവരെ ഞങ്ങൾക്കു വളരെ പ്രധാനപ്പെട്ട സംഗതിയായിരുന്നിട്ടുണ്ട്, യഹോവയോടുള്ള പ്രാർഥന ഞങ്ങളുടെ കുടുംബജീവിതത്തിന്റെ ഒരു സുപ്രധാന ഘടകവുമാണ്.”
[31-ാം പേജിലെ ചിത്രം]
1. മെക്സിക്കോയിൽ പയനിയറിങ് നടത്തുന്ന നാലു പുത്രിമാർ. മാരീ മുന്നിൽ
2. ച്വാനിറ്റ ആഡാമെയും ഇസാക്ക് ആഡാമെയും അവരുടെ മക്കളിൽ ചിലരോടൊപ്പം. ഏറ്റവും വലത്തേയറ്റത്തു ഗ്ലോറിയാ