സുരക്ഷാബെൽറ്റുകൾ ഉപയോഗിക്കുക
◼ ഐക്യനാടുകളിൽ, 5 മുതൽ 24 വരെ വയസ്സുള്ള യുവജനങ്ങളുടെ മരണത്തിന്റെ പ്രധാന കാരണം മോട്ടോർ വാഹന കൂട്ടിയിടികളാണ്.
◼ ജപ്പാനിൽ, റോഡപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണം സ്തനാർബുദംനിമിത്തം മരണമടയുന്നവരുടെ ഇരട്ടിയിലധികവും പ്രോസ്റ്റെയ്റ്റ് ഗ്രന്ഥിയിലെ അർബുദംമൂലം മരണമടയുന്നവരുടെ നാലിരട്ടിയിലധികവും ആണ്.
◼ യൂറോപ്പിൽ, കൊലചെയ്യപ്പെടുന്നവരുടെ നാലിരട്ടിയിലധികമാളുകൾ കാറപകടങ്ങളിൽ കൊല്ലപ്പെടുന്നു.
ഞെട്ടിക്കുന്ന ഈ സ്ഥിതിവിവരക്കണക്കുകൾ മോട്ടോർവാഹനങ്ങളിൽ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളിലൊന്നിനെ എടുത്തുകാണിക്കുന്നു—വേഗതയ്ക്കു കൊല്ലാനാകും. മദ്യ ലഹരിയിൽ വേഗത വർധിപ്പിക്കുന്നത് മരണത്തെ വിളിച്ചുവരുത്തുന്നു. ആശ്വാസകരമെന്നു പറയട്ടെ, അപകട സാധ്യതയും പരിക്കും കുറയ്ക്കാവുന്നതാണ്. എങ്ങനെ?
സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ നട്ടുവളർത്തുന്നത് ഒരു നല്ല തുടക്കമാണ്. 10 അപകടങ്ങളിൽ 9 എണ്ണവും തടയാനോ ഒഴിവാക്കാനോ സാധിക്കുമെന്ന് ചില സുരക്ഷിതത്വ വിദഗ്ധർ അവകാശപ്പെടുന്നു. നിർദിഷ്ട വേഗപരിധി ലംഘിക്കുന്നത്, മറ്റു വാഹനങ്ങളെ മറികടക്കുകയും കൂടെക്കൂടെ ലൈൻ മാറ്റുകയും ചെയ്യുന്നത്, മറ്റു വാഹനങ്ങളെ അപകടകരമാംവണ്ണം അടുത്തു പിന്തുടരുന്നത്, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിൽ വാഹനമോടിക്കുന്നത്, നന്നായി കേടുപോക്കാത്ത കാറോടിക്കുന്നത് തുടങ്ങിയവ സുരക്ഷിതമല്ലാത്ത ഡ്രൈവിങ് ശീലങ്ങളുടെ ഏതാനും ഉദാഹരണങ്ങൾ മാത്രം. ഒരു മോട്ടോർവാഹനം ഉത്തരവാദിത്വബോധത്തോടും സൂക്ഷ്മതയോടുംകൂടി ഓടിക്കാൻ ജീവനോടുള്ള ആദരവും സഹമനുഷ്യനോടുള്ള സ്നേഹവും നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.—മത്തായി 7:12.
ലളിതമെങ്കിലും മിക്കപ്പോഴും അവഗണിക്കപ്പെടുന്ന മറ്റൊരു സുരക്ഷോപാധിയാണ് സീറ്റ്ബെൽറ്റുകൾ. യു.എസ്. ഗതാഗത വിഭാഗത്തിന്റെ ഒരു വക്താവായ റ്റിം ഹെർഡ് പറയുന്നതനുസരിച്ച്, “ഒരു വാഹനാപകടത്തിൽ നിങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സുരക്ഷാബെൽറ്റ് ഉപയോഗിക്കുന്നതാണ്. അതിജീവിക്കാനുള്ള സാധ്യതയെ അത് ഇരട്ടിയാക്കുന്നു.” കൊച്ചുകുട്ടികൾ സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കുന്നപക്ഷം, അതിജീവിക്കാനുള്ള സാധ്യത ഏതാണ്ട് മൂന്നിരട്ടിയായി വർധിക്കുന്നു.a
സംഗതി ഇങ്ങനെയാണെങ്കിലും, ഐക്യനാടുകളിൽ വാഹനയാത്രക്കാരുടെ ഏതാണ്ട് മുക്കാൽഭാഗവും സീറ്റ്ബെൽറ്റുകൾ ഉപയോഗിക്കുന്നില്ലെന്ന് സർവേകൾ സൂചിപ്പിക്കുന്നു. വാഹനമോടിക്കുന്നതിനുമുമ്പ് കുട്ടികൾ ശരിയായി തങ്ങളുടെ സീറ്റ്ബെൽറ്റിട്ടിരിക്കുന്നെന്ന് മാതാപിതാക്കളായ നിങ്ങൾ ഉറപ്പുവരുത്തുന്നുണ്ടോ? അതിടാൻ സമയമെടുക്കുന്നത് തക്കഫലം ചെയ്യുന്നതാണ്.
[അടിക്കുറിപ്പ്]
a ദ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഇപ്രകാരം ശുപാർശ ചെയ്യുന്നു: “സംരക്ഷകമായി ഉതകുന്ന എയർ ബാഗുകളുള്ള കാറുകളുടെ മുൻസീറ്റിൽ പുറകോട്ട് അഭിമുഖമായുള്ളതും കുട്ടികൾക്കുവേണ്ടിയുള്ളതുമായ എടുത്തുമാറ്റാവുന്ന സീറ്റുകൾ വെക്കരുത്. എയർ ബാഗ് വികസിക്കുന്നതുമൂലം കുട്ടിക്ക് അപകടമുണ്ടായേക്കാം.”