“ഉണരുക! എന്റെ ജീവൻ രക്ഷിച്ചു”
“നവംബർ 11-ാം തീയതി രാത്രി 10 മണിയോടെ എനിക്ക് നെഞ്ചുവേദന അനുഭവപ്പെടാൻ തുടങ്ങി, അത് വെറും നെഞ്ചെരിച്ചിലായിരിക്കുമെന്നാണ് ഞാൻ കരുതിയത്,” ഫിജിയിലെ സുവയിലുള്ള ആർഥർ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ എനിക്ക് ഹൃദയാഘാതമാണെന്ന് ഭാര്യ എസ്ഥേറിന് ഉറപ്പുണ്ടായിരുന്നു. കാരണം, എന്റെ രോഗലക്ഷണങ്ങൾ അവൾ അപ്പോൾ വായിച്ച 1996 ഡിസംബർ 8 ഉണരുക!യിലെ “ഹൃദയാഘാതം—എന്തു ചെയ്യാൻ കഴിയും” എന്ന ലേഖനത്തിൽ വിവരിച്ചിരുന്നതിനോടു സമാനമായിരുന്നെന്ന് അവൾ പറഞ്ഞു.
“ഞാൻ ടെലഫോണിലൂടെ എന്റെ ഡോക്ടറുമായി സംസാരിച്ചു. നെഞ്ചെരിച്ചിലിനുള്ള മരുന്നു കഴിച്ച് കിടന്നുറങ്ങി രാവിലെ തന്നെ വന്നുകാണാൻ അദ്ദേഹം നിർദേശിച്ചു. എങ്കിലും വേദന വിട്ടുമാറിയില്ല. അപ്പോൾ ഞാൻ എസ്ഥേറിനോട് ഉണരുക! കൊണ്ടുവന്ന് “ഹൃദയാഘാത ലക്ഷണങ്ങൾ” എന്ന ഭാഗം വായിക്കാൻ ആവശ്യപ്പെട്ടു. അവൾ അതെന്നെ വായിച്ചു കേൾപ്പിച്ചു കഴിഞ്ഞപ്പോൾ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഞാൻ സമ്മതിച്ചു.
“എനിക്ക് ഹൃദയാഘാതമാണെന്നു പരിശോധനയിലൂടെ തെളിഞ്ഞു. എന്നെ ആശുപത്രിയിൽ കിടത്തി. പിന്നീടുള്ള അഞ്ചു ദിവസം എനിക്കു ശക്തിയേറിയ മരുന്നുകൾ നൽകി, പൂർണവിശ്രമവും എടുക്കേണ്ടി വന്നു. എനിക്കു ഹൃദയാഘാതമാണെന്നു കണ്ടെത്തിയത് ഭാഗ്യംകൊണ്ടാണെന്ന് ഹൃദ്രോഗവിദഗ്ധൻ പറഞ്ഞു.
“1997 ജനുവരി 9-ന് ഓസ്ട്രേലിയയിലെ സിഡ്നിയിൽവെച്ച് നാലു മണിക്കൂർ നീണ്ടുനിന്ന, ഹൃദയം തുറന്നുള്ള ഒരു ശസ്ത്രക്രിയയ്ക്കു ഞാൻ വിധേയനായി. ‘ഹൃദയധമനീരോഗം വളരെ ഗുരുതരമായിരുന്നു,’ ശസ്ത്രക്രിയാവിദഗ്ധന്റെ റിപ്പോർട്ടു പറഞ്ഞു. നവംബർ 11-ന് ഉണ്ടായ ആഘാതം കണ്ടുപിടിക്കപ്പെടാതെ പോയിരുന്നെങ്കിൽ ഏതാനും മാസങ്ങൾക്കുശേഷംതന്നെ ശക്തമായ ഒരു ഹൃദയാഘാതം ഉണ്ടാകുമായിരുന്നെന്നാണ് എന്റെ ഹൃദയധമനികളുടെ അവസ്ഥ കാണിച്ചത്.
“ഉണരുക!യാണ് എന്റെ ജീവൻ രക്ഷിച്ചതെന്ന് എനിക്കു സംശയലേശമെന്യേ പറയാനാകും. കാരണം തീർച്ചയായും ഞാൻ അത് കടുത്ത നെഞ്ചെരിച്ചിലായി തള്ളിക്കളയുമായിരുന്നു.”
വിവിധ തരത്തിലുള്ള വിഷയങ്ങളെക്കുറിച്ച് സമയോചിതവും ഏറ്റവും പുതിയതുമായ വിവരങ്ങൾ അവതരിപ്പിക്കാൻ ഉണരുക! ശ്രമിക്കുന്നു. ഈ മാസിക ക്രമമായി ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അടുത്ത പ്രാവശ്യം യഹോവയുടെ സാക്ഷികളിലാരെങ്കിലും നിങ്ങളെ സന്ദർശിക്കുമ്പോൾ ചോദിക്കുകയോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.