കുട്ടിക്കാലം ഒരു പേടിസ്വപ്നമായിരിക്കുമ്പോൾ
സ്പെയിനിലെ ഉണരുക! ലേഖകൻ
ഇന്ന്—1990-കളിലെ ഒരു സാധാരണ ദിവസം—2 ലക്ഷം കുട്ടികൾ ഗറില്ലാ യുദ്ധങ്ങളിൽ പോരാടും, സ്കൂൾപ്രായത്തിലുള്ള 10 കോടി കുട്ടികൾ വിദ്യാലയത്തിൽ പോകുകയില്ല, 15 കോടി കുട്ടികൾ വിശപ്പടക്കാതെ കിടന്നുറങ്ങും, മൂന്നു കോടി കുട്ടികൾ തെരുവിൽ അന്തിയുറങ്ങും, കൂടാതെ നാൽപ്പതിനായിരം കുട്ടികൾ മൃതിയടയും.
മേൽക്കാണിച്ചിരിക്കുന്ന സംഖ്യകൾ ഞെട്ടലുളവാക്കുന്നതായി തോന്നുന്നെങ്കിൽ, ആ സംഖ്യകൾക്കു പിന്നിലുള്ള മുഖങ്ങൾ ഹൃദയഭേദകമാണ്. അഞ്ചു കുട്ടികളുടെ ഹ്രസ്വമായ കഥകൾ താഴെക്കൊടുക്കുന്നു. ഈ ഭയാനക സ്ഥിതിവിവരക്കണക്കുകളുടെ അർഥം മനസ്സിലാക്കാൻ അവരുടെ ആശയററ ശോച്യാവസ്ഥ നമ്മെ സഹായിക്കും.
ഒരു ബാലഭടൻ. മുഹമ്മദിന് 13 വയസ്സേയുള്ളൂ. എന്നാൽ ഇപ്പോൾത്തന്നെ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ പതംവന്ന ഒരു പട്ടാളക്കാരനാണ് അവൻ. ഏഴു യുദ്ധങ്ങളിലെ അനുഭവപരിചയവുമുണ്ട്. പത്തു വയസ്സുള്ളപ്പോൾ യുദ്ധത്തിനു പോകുംമുമ്പ് അവൻ ആടുകളെ മേയിച്ചിരുന്നു. മുഹമ്മദ് ഇപ്പോൾ ഭാരം കുറഞ്ഞ ഒരു ഏകെ-47 തോക്കാണു കയ്യിലേന്തുന്നത്. അത് ഉപയോഗിക്കാൻ അവൻ മടിക്കാറില്ല. ഒരു ഏററുമുട്ടലിൽ രണ്ടു ശത്രുസൈനികരെ അവൻ തൊട്ടടുത്തുവെച്ചുതന്നെ വകവരുത്തി. കൊന്നതിനെക്കുറിച്ച് എന്തു തോന്നി എന്നു ചോദിച്ചപ്പോൾ അവൻ ഇങ്ങനെ പ്രതികരിച്ചു: “എനിക്കു സന്തോഷം തോന്നി, കാരണം ഞാൻ അവരെ തട്ടി.” കുട്ടികൾ നല്ല യോദ്ധാക്കളാണ് എന്ന് അവന്റെ ഓഫീസർ വിശദീകരിക്കുന്നു, “കാരണം അവർക്കു ഭയമില്ല.”
ഒരു ബാലതൊഴിലാളി. നാലു വയസ്സുകാരനായ വൂഡ്കാബി ഒരു കരീബിയൻ ദ്വീപിൽ, സിമൻറും കത്തിയ കൽക്കരിയും കൊണ്ടു നിർമിച്ച ഒരു വീട്ടിലാണു താമസിക്കുന്നത്. പാചകം ചെയ്യൽ, വെള്ളം കൊണ്ടുവരൽ, യജമാനന്റെ വീടു വൃത്തിയാക്കൽ തുടങ്ങി ദിവസവുമുള്ള ഗൃഹജോലികൾ ചെയ്യുന്നതിനായി അവൻ രാവിലെ 6:00 മണിയാകുമ്പോൾ എഴുന്നേൽക്കുന്നു. അവനു കൂലിയൊന്നും കിട്ടാറില്ല. ഒരിക്കലും സ്കൂളിൽ പോകാൻ സാധ്യതയുമില്ല. മാതാപിതാക്കളെ കാണാത്തതിൽ വൂഡ്കാബിക്കു വിഷമമുണ്ടെന്ന് അവൻ പറയുന്നു. എന്നാൽ അവർ എവിടെയാണെന്ന് അവനൊരറിവുമില്ല. അവന്റെ ദിവസം അവസാനിക്കുന്നത് രാത്രി 9:30-നാണ്. ഭാഗ്യം തുണച്ചാൽ അവൻ വിശന്ന് ഉറങ്ങേണ്ടിവരില്ല.
വിശക്കുന്ന ഒരു കുട്ടി. കോമോസേവാ എന്ന ആഫ്രിക്കൻ ഗ്രാമത്തിലെ ഒരു 11-വയസ്സുകാരി ക്ഷീണിച്ചു വലഞ്ഞ ഓരോ ദിവസവും കളകൾ പിഴുതുമാററിക്കൊണ്ടാണു ചെലവഴിക്കുന്നത്. വരണ്ട സ്ഥലത്തു നന്നായി വളരുന്ന ഒരേ ഒരു ഇനമായ ഒരുതരം കാട്ടുള്ളിയാണ് അവളെയും കുടുംബത്തെയും ജീവനോടെ നിലനിർത്താൻ ഉതകുന്നത്. ഈ ഉള്ളി പുഴുങ്ങുകയോ ചതയ്ക്കുകയോ ചെയ്തിട്ട് വറുത്തെടുക്കുന്നു. വരൾച്ചയും ആഭ്യന്തരയുദ്ധവും കൂടിച്ചേർന്ന മാരകമായ അവസ്ഥ ഗ്രാമീണരെ പട്ടിണിയുടെ വക്കിലെത്തിച്ചു.
തെരുവു കുട്ടി. ഒരു വൻ തെക്കേ അമേരിക്കൻ നഗരത്തിലെ ആയിരക്കണക്കിനു തെരുവു മക്കളിൽ ഒന്നു മാത്രമാണ് എഡീസോൺ. ഷൂസുകൾ വൃത്തിയാക്കിയാണ് അവൻ കുറച്ചു പണമുണ്ടാക്കുന്നത്. മററു കുട്ടികളോടൊപ്പം ബസ്സ് സ്റേറഷനടുത്തുള്ള കല്ലുപാകിയ ഒരു തറയിലാണ് അവൻ ഉറങ്ങുന്നത്. തണുത്ത രാത്രികളിൽ അവർ അടുത്തടുത്തായി കെട്ടിപ്പിടിച്ചു കിടക്കും. ഷൂ പോളീഷ് ചെയ്യുന്ന ഒരു ബാലനെന്ന നിലയിൽ കിട്ടുന്ന തന്റെ സമ്പാദ്യങ്ങളുടെ ഒരു അനുബന്ധമായി അവൻ ചിലപ്പോൾ അല്ലറചില്ലറ മോഷണമൊക്കെ നടത്താറുണ്ട്. രണ്ടു പ്രാവശ്യം പൊലീസുകാർ അവനെ തല്ലി, മൂന്നു മാസം ജയിലിൽ കിടക്കുകയും ചെയ്തു. മയക്കുമരുന്നുകളുടെ ഉപയോഗവും പശ കത്തിച്ചു വലിക്കുന്നതും താൻ “മിക്കവാറുംതന്നെ” നിറുത്തിയിരിക്കുന്നുവെന്ന് എഡീസോൺ തീർത്തു പറയുന്നു. ഒരു തൊഴിൽ പഠിച്ച് ഒരു മെക്കാനിക്ക് ആയിത്തീരുന്നതിനെക്കുറിച്ച് അവൻ സ്വപ്നം കാണാറുണ്ട്.
ഒരു കുട്ടിയുടെ മരണം. മധ്യപൂർവദേശത്തെ ഡൂജെൻ പർവതപ്രദേശത്തെ തണുത്ത, മഴയുള്ള ഒരു പ്രഭാതം. ശവസംസ്കാരം ചെയ്യാനുള്ള തുണിയിൽ പൊതിഞ്ഞ ഒരു ശിശുവിനെ താഴ്ച കുറഞ്ഞ ഒരു ശവക്കല്ലറയിൽ കിടത്തിയിരിക്കുന്നു. ശിശുമരണത്തിന്റെ ഒരു സാധാരണ കാരണമായ വയറിളക്കം പിടിച്ചാണ് ആ പൈതൽ മരിച്ചത്. സുരക്ഷിതത്വം തേടിയുള്ള യാത്രയിൽ ഒരഭയാർഥിയായ അമ്മയുടെ മുലപ്പാൽ വററിപ്പോയി. നിരാശപൂണ്ട അവൾ കുട്ടിക്കു പഞ്ചസാരയും വെള്ളവും കൊടുത്തു. എന്നാൽ ആ വെള്ളം മലിനമായിരുന്നു. കുട്ടി മരിക്കുകയും ചെയ്തു. ആ ദിവസംതന്നെ കുഴിച്ചുമൂടപ്പെട്ട മററ് 25,000 കുട്ടികളെപ്പോലെ അവനും തന്റെ ആദ്യ പിറന്നാൾദിവസം പോലും കാണാൻ കഴിഞ്ഞില്ല.
ആയിരക്കണക്കിനു പ്രാവശ്യം ആവർത്തിക്കപ്പെടുന്ന ഇത്തരം ദാരുണമായ വിവരണങ്ങൾ ലോകത്തിലെ കുട്ടികളിലനേകരുടെയും ജീവിതം എങ്ങനെയാണെന്ന് വരച്ചുകാട്ടുന്നു. ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം, സ്നേഹസമ്പന്നമായ കുടുംബമെന്ന സങ്കേതത്തിൽ പഠിച്ച് പക്വത പ്രാപിക്കാനുള്ള സമയമായ കുട്ടിക്കാലം ഒരു പേടിസ്വപ്നമായിമാറിയിരിക്കുന്നു. അവരിലനേകരും അതിൽനിന്ന് ഒരിക്കലും ഉണരുകയില്ല.
ലോകത്തിലെ കുട്ടികളുടെ അവസ്ഥ [ഇംഗ്ലീഷ്] എന്ന റിപ്പോർട്ടിന്റെ എഡിറററായ പീററർ ആഡംസൺ 1990-ൽ ഇപ്രകാരം പ്രഖ്യാപിച്ചു: “ഇത്രത്തോളം മരണവും യാതനയും മേലാൽ ആവശ്യമില്ല; അതുകൊണ്ട് അവ മേലാൽ സ്വീകാര്യവുമല്ല. കഴിവിനോടൊപ്പം ധാർമികതയും മാർച്ചു ചെയ്യണം.”
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Godo-Foto