ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഹൃദയാഘാതം ആത്മീയ മാർഗനിർദേശം നൽകുന്നതിനു പുറമേ ശാരീരിക ക്ഷേമത്തെക്കുറിച്ചു കരുതുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിലായിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. “ഹൃദയാഘാതം—എന്തു ചെയ്യാൻ കഴിയും?” എന്ന ലേഖന പരമ്പര (ഡിസംബർ 8, 1996) ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്നു ഞങ്ങൾക്കു കാണിച്ചുതന്നു. എന്റെ അമ്മായിയപ്പൻ ഈ ലക്ഷണങ്ങൾ പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായിരിക്കാമെന്നു മനസ്സിലാക്കി ഞങ്ങൾ അദ്ദേഹത്തെ ആശുപത്രിയിലാക്കി. അദ്ദേഹത്തിന് ഹൃദയാഘാതമായിരുന്നു; 24 ദിവസം ആശുപത്രിയിൽ കിടന്ന അദ്ദേഹം അപകടസന്ധി തരണം ചെയ്തു.
ഇ. എസ്., ബ്രസീൽ
എന്റെ പിതാവ് 1995-ൽ മഹാധമനിവീക്കം നിമിത്തം മരണമടഞ്ഞു. അതുകൊണ്ട് പ്രസ്തുത ലക്കം ആദ്യം കണ്ടപ്പോൾ എനിക്കതു വായിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എങ്കിലും ഒരു മാസം കഴിഞ്ഞ് ഞാനതു വായിച്ചു. ആ ലേഖനങ്ങൾ എനിക്ക് ആശ്വാസം പകർന്നു. എന്തുകൊണ്ടെന്നാൽ ഹൃദ്രോഗത്താൽ ദുഃഖം അനുഭവിക്കുന്ന വേറെയും കുടുംബങ്ങളുണ്ടെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു.
എസ്. ജെ., കാനഡ
കഴിഞ്ഞ ജൂലൈയിൽ വീടുതോറുമുള്ള പ്രസംഗവേലയിലായിരിക്കെ എന്റെ ഭർത്താവിന് ബോധക്ഷയമുണ്ടായി. അദ്ദേഹത്തെ വളരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു. സന്തോഷകരമെന്നു പറയട്ടെ, അദ്ദേഹം രക്ഷപ്പെട്ടു. നിങ്ങളുടെ ലേഖനങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം കൃത്യസമയത്താണു വന്നത്. “കുടുംബങ്ങൾക്കു പിന്തുണ ആവശ്യമാണ്” എന്ന ഭാഗം കണ്ടപ്പോൾ ഞങ്ങൾ കരഞ്ഞുപോയി. എന്തുകൊണ്ടെന്നാൽ ഞങ്ങൾക്ക് തോന്നിയിരുന്നതും അങ്ങനെതന്നെയാണ്.
എം. എ., ജപ്പാൻ
കഴിഞ്ഞ ഞായറാഴ്ച എന്റെ ഇടത്തെ കൈക്ക് വിട്ടുമാറാത്ത വേദന അനുഭവപ്പെടുകയും വിരൽത്തുമ്പുകൾ മരവിക്കുകയും ചെയ്തു. അത് സാധാരണയുണ്ടാകാറുള്ള വേദനയും നൊമ്പരങ്ങളും തന്നെയായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ ഹൃദയാഘാതത്തെക്കുറിച്ചുള്ള നിങ്ങളുടെ ലേഖനങ്ങൾ വായിച്ചപ്പോൾ എനിക്കുള്ളതും ആ ലക്ഷണങ്ങൾതന്നെയാണെന്ന് ശരിക്കും മനസ്സിലായി! ഞാൻ ആശുപത്രിയിലെ അടിയന്തിര ചികിത്സാമുറിയിലേക്കു ചെന്നു. എന്റെ പ്രധാന ഹൃദയധമനികളിലൊന്ന് അടഞ്ഞിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. അവർ പിറ്റേ ദിവസം ശസ്ത്രക്രിയ നടത്തി. നിങ്ങൾ ആ ലേഖനങ്ങൾ എഴുതിയില്ലായിരുന്നെങ്കിൽ ഈ നന്ദിവാക്കെഴുതാൻ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല!
എൻ. എസ്., ഐക്യനാടുകൾ
“ഹൃദയാഘാത ലക്ഷണങ്ങൾ” എന്ന ചതുരം ഞാൻ പ്രത്യേകാൽ വിലമതിച്ചു. നിങ്ങൾ ഞങ്ങളുടെ പ്രശ്നങ്ങളിൽ അതീവ താത്പര്യമെടുക്കുന്നെന്നും ആ പ്രശ്നങ്ങൾ തരണംചെയ്യാൻ ആവശ്യമായത് നൽകുന്നെന്നും മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു.
എം. ബി., സെനെഗൽ
എന്റെ പിതാവിന് ഹൃദയാഘാതം ഉണ്ടായതിൽപ്പിന്നെ ഞങ്ങളുടെ വീട്ടിലെ അവസ്ഥ പാടേ മാറിയിരിക്കുകയാണ്. ഈ ദുഷ്കര നിമിഷങ്ങളിൽ ആ ലേഖനങ്ങൾ ഞങ്ങൾക്ക് വലിയ ആശ്വാസം കൈവരുത്തി.
പി. ജി., ഇറ്റലി
ഭാര്യോചിത കീഴ്പെടൽ “ബൈബിളിന്റെ വീക്ഷണം: ഭാര്യോചിത കീഴ്പെടൽ—അത് എന്തർഥമാക്കുന്നു?” എന്ന ലേഖനം (ഡിസംബർ 8, 1996) ഞാൻ ശരിക്കും വിലമതിച്ചു. എന്റെ ഭർത്താവ് ഒരു അവിശ്വാസിയാണ്. അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുക ചില സമയത്ത് ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ നേടാൻ തക്കവണ്ണം ഏറ്റവും നല്ല മാതൃക വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. (1 പത്രൊസ് 3:1, 2) എന്നാൽ, യഹോവയുടെ സേവനത്തിൽ ഉറച്ചുനിൽക്കാനും ഞാനാഗ്രഹിക്കുന്നു. നിങ്ങളുടെ ലേഖനം എനിക്കു പ്രോത്സാഹനമേകി, എന്റെ ദൈവം എന്നെ കാത്തുകൊള്ളുന്നുവെന്നു മനസ്സിലാക്കിയത് എന്നെ സന്തുഷ്ടയാക്കി.
എം. എസ്., ഐക്യനാടുകൾ
ആ ലേഖനം വളരെ പ്രബുദ്ധമാക്കുന്നതായി ഞാൻ കണ്ടെത്തി. സാത്താന്യ സമ്മർദങ്ങൾ വർധിക്കുന്നതിനാൽ വിശ്വാസത്തിൽ നിലനിൽക്കാൻ ഞങ്ങൾക്ക് ഇത്തരം വിവരങ്ങൾ ആവശ്യമാണ്. അബീഗയിലിന്റെ ബൈബിൾ ദൃഷ്ടാന്തവും ഭാര്യ വിവേചന കാണിക്കണമെന്നും ചില സാഹചര്യങ്ങളിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നതിൽ അവൾക്കു കുറ്റബോധം തോന്നേണ്ടതില്ലെന്നും ഉള്ള ആശയവും എനിക്കു പ്രത്യേകാൽ ഇഷ്ടപ്പെട്ടു.
ഡി. എം., ഐക്യനാടുകൾ
ലൂയി പാസ്ചർ എനിക്കു 12 വയസ്സുണ്ട്. “ലൂയി പാസ്ചർ—അദ്ദേഹത്തിന്റെ പരിശ്രമം വെളിപ്പെടുത്തിയത്” എന്ന ലേഖനം (ഡിസംബർ 8, 1996) ഞാൻ വിലമതിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ശാസ്ത്ര ക്ലാസ്സിൽ അദ്ദേഹത്തെക്കുറിച്ചു പഠിക്കുന്നുണ്ട്. ഒരു റിപ്പോർട്ടു തയ്യാറാക്കാനായി ഞാൻ ആ ലേഖനം ഉപയോഗിച്ചു. എനിക്ക് പത്തു പോയിന്റു കൂടുതലായി ലഭിക്കുകയും ചെയ്തു!
എ. പി., ഐക്യനാടുകൾ