ലോകത്തെ വീക്ഷിക്കൽ
വൈദ്യുത കാറുകളും പരിസ്ഥിതിയും
ഇന്ധനം ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങളെക്കാൾ പരിസ്ഥിതിക്കു പറ്റിയത് ബാറ്ററി ഉപയോഗിച്ച് ഓടിക്കുന്ന കാറുകളാണോ എന്നു കണ്ടെത്താൻ ജർമൻ ഓട്ടോമൊബൈൽ കമ്പനി ഒരു പഠനം നടത്തുകയുണ്ടായി. സ്യൂററ്ഡോയിച്ച് ററ്സൈററുങ് പറയുന്നതനുസരിച്ച്, 1992-നും 1996-നും ഇടയ്ക്ക് 13 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചിട്ടുള്ള 100 ഡ്രൈവർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആ പഠനം. വൈദ്യുത കാറുകൾ കുറച്ചു ദൂരമേ ഓടിക്കാൻ സാധിക്കു എന്നതൊഴിച്ചാൽ അവയ്ക്ക് നിരവധി നല്ല വശങ്ങളുണ്ടായിരുന്നു: ഉപയോഗിച്ചപ്പോഴെല്ലാം അവ ശബ്ദമുണ്ടാക്കാതെയും നേരിട്ടുള്ള ഉത്സർജനങ്ങളൊന്നുമില്ലാതെയുമാണ് ഓടിയത്. എങ്കിലും ഈ ഗുണങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന വലിയൊരു പ്രശ്നമുണ്ട്. ബാറ്ററികൾ വീണ്ടും ചാർജ് ചെയ്യുന്നതിന്, ഇന്ധനം ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങളെക്കാൾ കൂടുതൽ—ഉപയോഗമനുസരിച്ച് 1.5 മുതൽ 4 വരെ ഇരട്ടി—പ്രാഥമിക ഊർജം ആവശ്യമാണ്. ആ ഊർജമാകട്ടെ മറ്റെവിടെയെങ്കിലുംവെച്ച് ഉത്പാദിപ്പിക്കുകയും വേണം. ഊർജം ഉത്പാദിപ്പിക്കപ്പെടുന്ന വിധമനുസരിച്ച്, അത് “പരിസ്ഥിതിക്ക്, ഇന്ധന മോട്ടോർ വാഹനങ്ങളെക്കാൾ കൂടുതൽ നാശം വരു”ത്താനുള്ള സാധ്യതയുണ്ടെന്ന് പത്രം അഭിപ്രായപ്പെടുന്നു.
ജാഗ്രത: കൊളോബസ് റോഡ് മുറിച്ചുകടക്കുന്നു
തെക്കൻ കെനിയയുടെ അതിർത്തിക്കടുത്തുള്ള ഡിയാനി വനം, ഇപ്പോഴും കൊളോബസ് കുരങ്ങന്മാരുള്ള പൂർവ ആഫ്രിക്കയിലെ ഏതാനും സ്ഥലങ്ങളിലൊന്നാണ്. കടലോരത്തുള്ള തിരക്കേറിയ റോഡ് സുരക്ഷിതമായി എങ്ങനെ മുറിച്ചുകടക്കുമെന്നുള്ളതാണ് ഈ മൃഗങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം. ഒരു കണക്കനുസരിച്ച്, പ്രതിമാസം ചുരുങ്ങിയത് 12 കുരങ്ങന്മാരെങ്കിലും റോഡിൽവെച്ച് കാറുകൾ തട്ടി കൊല്ലപ്പെടുന്നതായി ഈസ്റ്റ് ആഫ്രിക്കൻ വൈൽഡ് ലൈഫ് സൊസൈറ്റിയുടെ മാഗസിനായ സ്വാറ റിപ്പോർട്ടു ചെയ്യുന്നു. ഉത്കണ്ഠാകുലരായ ഒരു കൂട്ടം ഡിയാനി നിവാസികൾ ഈ കുരുതി അവസാനിപ്പിക്കാനുള്ള നടപടി കൈക്കൊള്ളാൻ തീരുമാനിച്ചു. വണ്ടി സൂക്ഷിച്ചോടിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതു കൂടാതെ അടുത്തയിടെ അവർ റോഡിൽനിന്ന് വളരെ ഉയരത്തിലായി ഒരു കയർപ്പാലം നിർമിച്ചു. കുരങ്ങന്മാർ പാലത്തിലൂടെ കടക്കുന്നതു കണ്ട് പ്രോത്സാഹിതരായ നിവാസികൾ കൂടുതൽ പാലങ്ങൾ പണിയാൻ പരിപാടിയിട്ടുകൊണ്ടിരിക്കുകയാണ്.
സൂക്ഷിക്കുക: ടെലഫോൺ അപകടകാരിയായേക്കാം
അതായത്, വണ്ടിയോടിക്കുമ്പോൾ ഉപയോഗിക്കുന്നപക്ഷം. കാർ ഫോണുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാർ, ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡ്രൈവർമാരെക്കാൾ അപകടത്തിൽപ്പെടാനുള്ള സാധ്യത നാലിരട്ടിയാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ടു പറയുന്നു. ഫോണിലൂടെ സംസാരിച്ചുകൊണ്ടു വണ്ടിയോടിക്കുന്നത് രക്തത്തിലെ ആൽക്കഹോൾ നിരക്ക് 0.1 ശതമാനം ആയിരിക്കുമ്പോൾ വണ്ടിയോടിക്കുന്നത്രതന്നെ അപകടകരമായേക്കാം. സ്പീക്കർഫോണുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരുടെയും ഫോൺ കൈയിലെടുത്തു സംസാരിക്കുന്ന ഡ്രൈവർമാരുടെയും സ്ഥിതി ഒന്നുതന്നെ. അപകടത്തിനു കാരണം ഫോണുകളല്ലെന്നും അവയിലൂടെയുള്ള വാക്കുതർക്കംപോലെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങളാണെന്നും ഗവേഷകർ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ, അപകടത്തിൽപ്പെട്ട ഡ്രൈവർമാരിൽ 39 ശതമാനം തങ്ങളുടെ കാർ ഫോണിലൂടെ സഹായത്തിന് അഭ്യർഥിക്കുകയുണ്ടായി. കാർ ഫോണുള്ളവർ വണ്ടിയോടിക്കുമ്പോൾ എല്ലാ തരത്തിലുള്ള അനാവശ്യ ഫോൺവിളികളും ഒഴിവാക്കി തങ്ങളുടെ സംഭാഷണം ചുരുക്കണമെന്നു നിർദേശിക്കപ്പെട്ടിരിക്കുന്നു. ബ്രസീൽ, ഇസ്രായേൽ, സ്വിറ്റ്സർലൻഡ് എന്നിങ്ങനെയുള്ള ചില രാജ്യങ്ങളിൽ ഡ്രൈവർമാർ സെല്ലുലാർ ഫോണുകൾ ഉപയോഗിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ ഇപ്പോൾത്തന്നെ നിലവിലുണ്ട്.
പുകയില തന്ത്രം
“പുകയില വ്യവസായം അതിന്റെ ശക്തമായ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോൺഗ്രസിനെക്കൊണ്ട്, [ഐക്യനാടുകളിലെ] എല്ലാ സിഗരറ്റ് പരസ്യങ്ങളിലും പായ്ക്കറ്റുകളിലും മുന്നറിയിപ്പു ലേബലുകൾ ഉണ്ടായിരിക്കണമെന്ന നിബന്ധനയ്ക്ക് അൽപ്പം അയവു വരുത്താനോ അതു നീക്കം ചെയ്യാനോ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നു നിങ്ങൾ എപ്പോഴെങ്കിലും അതിശയിച്ചിട്ടുണ്ടോ?” ദ ക്രിസ്റ്റ്യൻ സെഞ്ച്വറി ചോദിക്കുന്നു. “ഉത്തരം ലളിതം: പുകവലിയുടെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ പുകയില വ്യവസായത്തെ നിയമനടപടികളിൽനിന്നു സംരക്ഷിക്കുന്നു. 12-ാം വയസ്സിൽ പുകവലി തുടങ്ങിയ നിങ്ങൾക്ക് 45-ാം വയസ്സിൽ ശ്വാസകോശാർബുദം പിടിപെട്ടെന്നിരിക്കട്ടെ. നിങ്ങളെ ആസക്തനാക്കി മാറ്റിയ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യാൻ നിങ്ങൾ തീരുമാനിക്കുന്നപക്ഷം വ്യവസായശാലയ്ക്ക് ഉടനെ ഉത്തരമുണ്ട്: ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഞങ്ങൾ മുന്നറിയിപ്പു തന്നിരുന്നതാണല്ലോ.’” ചുരുട്ടുവലി പ്രോത്സാഹിപ്പിക്കാൻ തക്കവണ്ണം ഗ്ലാമർ നടികളെക്കൊണ്ടും മോഡലുകളെക്കൊണ്ടും അതിനെ ശുപാർശ ചെയ്യിക്കുന്നതാണ് പുതിയ വിപണന തന്ത്രങ്ങളിലൊന്ന്. സിഗരറ്റുകളെക്കാൾ മലിനീകരണത്തിനിടയാക്കുന്നതും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയുമാണ് ചുരുട്ടുകൾ. “മാരക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നതോ വിജയപ്രദമായ ജീവിതം നയിക്കുന്നതിനാവശ്യമായ ശക്തിയും ബലവും ചോർത്തിക്കളയുന്നതോ അല്ലാതെ ഒരു സ്ത്രീക്ക് ചുരുട്ടുവലികൊണ്ട് മറ്റു പ്രയോജനങ്ങളൊന്നുമില്ല,” ന്യൂയോർക്ക് നഗരത്തിലെ മൗണ്ട് സൈനായ് മെഡിക്കൽ സെന്ററിലുള്ള ഡോ. നീൽ ഷാക്റ്റർ പറയുന്നു.
സഹസ്രാബ്ദ ഭ്രാന്ത്
“സമഗ്ര യുദ്ധത്തിന്റെ നൂറ്റാണ്ടെന്ന നിലയിൽ തുടക്കം കുറിച്ച് ആണവയുഗമായി വികാസം പ്രാപിച്ച 20-ാം നൂറ്റാണ്ട് വിനോദയുഗമായി അവസാനിക്കുമെന്നു തോന്നുന്നു,” ന്യൂസ്വീക്ക് മാഗസിൻ പറയുന്നു. 1999-ൽ നടക്കാൻ പോകുന്ന, പുതുവത്സര തലേരാത്രിയുടെ ആഘോഷങ്ങൾക്കായി “ഗോളമെമ്പാടുമുള്ള ഹോട്ടലുകളെല്ലാം ഇപ്പോൾത്തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു.” എന്നിരുന്നാലും, സഹസ്രാബ്ദം എവിടെയായിരിക്കും തുടങ്ങുന്നത് എന്നതിനെച്ചൊല്ലി ചൂടുപിടിച്ച തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. “കുഴപ്പമാരംഭിച്ചത് കിരിബാറ്റി രാഷ്ട്രത്തിലാണ്,” യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. “അന്തർദേശീയ ദിനാങ്കരേഖ ഈ ദ്വീപശൃംഖലയിലൂടെയാണ് കടന്നുപോകുന്നത്: കിഴക്കൻ കിരിബാറ്റിയിൽ അത് ഞായറാഴ്ചയായിരുന്നെങ്കിൽ പടിഞ്ഞാറൻ കിരിബാറ്റിയിൽ അത് തിങ്കളാഴ്ചയായിരുന്നിരിക്കും.” 1995 ജനുവരി 1 മുതൽ ദിനാങ്കരേഖ അതിന്റെ ഏറ്റവും കിഴക്കുള്ള ദ്വീപായ കരോളിനെ ചുറ്റിയായിരിക്കും പോകുകയെന്നു പറഞ്ഞുകൊണ്ട് രാഷ്ട്രം ആ പ്രശ്നം പരിഹരിച്ചു. പുതുവത്സരപ്പിറവി ദർശിക്കുന്ന ആദ്യത്തെ ഭൂപ്രദേശം കിരിബാറ്റി ആയിരിക്കുമെന്നാണ് അതിനർഥം. എന്നാൽ ടോംഗ, ന്യൂസിലൻഡ് എന്നിങ്ങനെയുള്ള മറ്റു രാഷ്ട്രങ്ങൾക്ക് ആ “പ്രഥമ” പദവി വേണമായിരുന്നു. റോയൽ ഗ്രീൻവിച്ച് ഒബ്സർവേറ്ററി പറയുന്നതനുസരിച്ച്, ഈ വിവാദം അപ്രസക്തമാണ്. “സെപ്റ്റംബർ വിഷുവംമുതൽ മാർച്ച് വിഷുവംവരെ സൂര്യൻ ദക്ഷിണദ്രുവത്തിന്മേൽ പ്രകാശിക്കുന്നതുകൊണ്ട് പുതുവത്സരപ്പിറവി ഭൂമിയുടെ തെക്കേ ഭാഗത്തായിരിക്കും,” റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. എങ്കിലും, അത് 2001 ജനുവരി 1-നായിക്കും സംഭവിക്കുക—അല്ലാതെ 2000-ാം ആണ്ടിലായിരിക്കുകയില്ല—എന്നും വാനനിരീക്ഷണകേന്ദ്രം കൂട്ടിച്ചേർക്കുന്നു.
ഭൂകമ്പങ്ങൾ പ്രവചനാതീതം
ഭൂകമ്പം ശാസ്ത്രീയമായി പ്രവചിക്കാനാകുമോ എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഭൂകമ്പ വിദഗ്ധരുടെ ഒരു അന്താരാഷ്ട്ര സംഘം അടുത്തകാലത്ത് ലണ്ടനിൽ സമ്മേളിക്കുകയുണ്ടായി. അവരുടെ വിലയിരുത്തൽ എന്തായിരുന്നു? “[വലിയ ഭൂകമ്പങ്ങൾക്കുമുമ്പ്] മുന്നറിയിപ്പിനുള്ള അടിസ്ഥാനമായി ഉപയോഗിക്കാവുന്ന ദൃശ്യവും തിരിച്ചറിയാവുന്നതുമായ മുന്നടയാളങ്ങൾ വ്യക്തമായും ഉണ്ടായിരിക്കേണ്ടതാണെന്ന് 100-ലേറെ വർഷങ്ങളായി പല ഭൗമശാസ്ത്രജ്ഞന്മാരും കരുതിയിരുന്നു,” ഇയോസ് എന്ന പ്രസിദ്ധീകരണത്തിൽ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഡോ. റോബർട്ട് ഗെല്ലർ എഴുതുന്നു. “ഓരോ ഭൂകമ്പവും സംഭവിക്കുന്നത് പ്രകൃത്യാ മുൻകൂട്ടിപ്പറയാനാകില്ലെന്നപോലെ കാണപ്പെടുന്ന”തുകൊണ്ട് ഈ നിഗമനത്തിന് അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. കൃത്യമായി മുൻകൂട്ടിപ്പറയാനാകില്ലെങ്കിലും വിപുലമായ ഭൂചലന രേഖകളുള്ള പ്രദേശങ്ങളിൽ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയും അതിന്റെ തീവ്രതയും ശാസ്ത്രജ്ഞന്മാർക്ക് കണക്കാക്കാൻ കഴിയും. ഉദാഹരണത്തിന്, യു.എസ്. ജിയോളജിക്കൽ സർവേ തയ്യാറാക്കിയ ഒരു പുതിയ ഭൂപടത്തിൽ, അടുത്ത 50 വർഷത്തിനുള്ളിൽ വൻകരയായ ഐക്യനാടുകളിൽ ഏറ്റവും ശക്തമായ ഭൂചലനം ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ സൂചിപ്പിച്ചിരിക്കുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കാലിഫോർണിയയിലെ ജനസംഖ്യയുടെ 70 ശതമാനത്തിലധികവും അപകട സാധ്യതയുള്ള സ്ഥലങ്ങളിലാണു വസിക്കുന്നതെന്ന് ഗവൺമെൻറ് ഏജൻസികൾ പറയുന്നു.
സ്ഫോടനദ്രവ്യങ്ങൾ വലിച്ചെടുക്കുന്ന ചെടികൾ
ഷുഗർബീറ്റ് ചെടികൾക്കും കുളത്തിൽ വളരുന്ന ഒരു പ്രത്യേകതരം പായലിനും പഴയ ആയുധനിർമാണ പ്രദേശങ്ങളിലെ മണ്ണിൽനിന്നും ജലത്തിൽനിന്നും സ്ഫോടനദ്രവ്യങ്ങൾ വലിച്ചെടുത്ത് സുരക്ഷിതമായി വിഘടിപ്പിക്കാൻ കഴിവുണ്ടെന്ന് ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ടെക്സാസിലെ ഹൂസ്റ്റണിലുള്ള റൈസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ, പെരിവിങ്കിളിനെയും കുളത്തിലെ ഒരു സാധാരണ പായലായ പാരറ്റ് ഫെതറിനെയും ടിഎൻടി കൊണ്ട് പോഷിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞു നോക്കിയപ്പോൾ അവയുടെ കലകളിൽ സ്ഫോടനദ്രവ്യത്തിന്റെ ഒരു തരിപോലും അവശേഷിച്ചിരുന്നില്ല. ആ ചെടികൾ കത്തിച്ചപ്പോഴാകട്ടെ സ്ഫോടനം ഉണ്ടായതുമില്ല. അതേസമയംതന്നെ, സാധാരണ ഷുഗർബീറ്റിന്റെ കോശങ്ങൾക്കും സത്തിനും നൈട്രോഗ്ലിസറിൻ വലിച്ചെടുത്ത് വിഘടിപ്പിക്കാൻ കഴിവുള്ളതായി മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. ശാസ്ത്രജ്ഞന്മാരുടെ ഇരുസംഘവും, ആ സസ്യങ്ങൾക്ക് സൂക്ഷ്മാണുക്കളിൽനിന്നുള്ള സഹായം ലഭിക്കുന്നില്ലെന്നു തെളിയിക്കാനായി അവയെ അണുവിമുക്തമാക്കിയിരുന്നു. “പഴയ ആയുധനിർമാണ പ്രദേശങ്ങൾ കെട്ടിടങ്ങൾ പണിയാൻ തക്കവണ്ണം ഇപ്പോൾ സ്ഫോടനവിമുക്തമാക്കുന്നത് അപകടകരവും ചെലവേറിയതുമാണ്, എന്നാൽ മണ്ണിൽനിന്നും ജലത്തിൽനിന്നും സ്ഫോടനദ്രവ്യങ്ങൾ വലിച്ചെടുത്ത് സുരക്ഷിതമായി വിഘടിപ്പിക്കുന്നതിന് പണച്ചെലവില്ലാതെ നട്ടുവളർത്താൻ കഴിയുന്ന ഈ ചെടികൾ ഉപയോഗിക്കുകയാണെങ്കിൽ അതു പരിഹരിക്കപ്പെടും” എന്ന് ആ ലേഖനം പറയുന്നു. “സ്ഫോടക മാലിന്യങ്ങൾ കടലിൽ തള്ളുന്ന നിലവിലുള്ള സമ്പ്രദായം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.”
അപകടംപിടിച്ച നൃത്തം
ചില ബോൾറൂം നൃത്തങ്ങൾ, ഒരു കുലീന കല എന്നതിൽനിന്ന് “പണം സമ്പാദിക്കുന്ന വന്യമായ, മത്സരാത്മക സ്പോർട്സ്” ആയി മാറിയിരിക്കുന്നുവെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. മത്സരിക്കുന്ന നർത്തകരെ ആകസ്മികമായി മുറിവേൽപ്പിക്കുന്ന അതിശീഘ്ര കൂട്ടിയിടികളും ശക്തമായ തൊഴിക്കലും നൃത്തവേദിയിലെ ഒരു അപകടമായി മാറിക്കൊണ്ടിരിക്കുന്നു. അതിലും വഷളായ സംഗതിയുമുണ്ട്. പ്രശസ്ത നൃത്തവിധികർത്താവായ ഹാരി സ്മിത്ത്-ഹാംപ്ഷയറിന്റെ അഭിപ്രായമനുസരിച്ച്, നൃത്തം ചെയ്യുന്നതിനിടയിൽ “മനപ്പൂർവം, നിർദയമായി” അപകടപ്പെടുത്തുന്ന രീതിയുമുണ്ട്.” ദ ടൈംസ് പറയുന്നതനുസരിച്ച്, നൃത്തമത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നവർ “ഫുട്ബോൾ സ്റ്റേഡിയത്തിലെയും ബോക്സിംഗ് റിങ്ങിലെയും അഭ്യാസങ്ങൾ” ആണ് കാഴ്ചവെക്കുന്നത്. ബോൾറൂം നൃത്തം താമസിയാതെതന്നെ ഒളിമ്പിക്ക് അംഗീകാരം നേടിയെടുക്കുമെന്നതിനാൽ പ്രൊഫഷണൽ കോച്ചുകളും വിധികർത്താക്കളും ഈ വിനോദത്തെ നിയന്ത്രിക്കുന്നതിന് ഒരു ഔദ്യോഗിക “പെരുമാറ്റച്ചട്ടം” തയ്യാറാക്കിയിരിക്കുന്നു.