നിങ്ങളുടെ ശ്രവണശക്തി കാത്തുസൂക്ഷിക്കൂ!
അടുത്തകാലത്ത് ഫ്രാൻസിലെ 400 യുവജനങ്ങളിൽ നടത്തിയ ഒരു സർവേ 5 പേരിൽ ഒരാൾക്കു കേൾവിക്കു തകരാറുള്ളതായി വെളിപ്പെടുത്തി. ഒരു ദശകത്തിനു മുമ്പു നടത്തിയ സമാനമായ ഒരു പഠനം 10 യുവജനങ്ങളിൽ ഒരാൾക്കേ ഇത്തരം തകരാറുള്ളൂ എന്നാണു കാണിച്ചത്. യുവജനങ്ങളുടെ കേൾവിനഷ്ടത്തിന്റെ ഈ വലിയ വർധനവിനോടുള്ള പ്രതികരണമെന്ന നിലയിൽ കഴിഞ്ഞ വർഷം ഫ്രഞ്ച് ദേശീയ നിയമനിർമാണസഭ സ്വകാര്യ സ്റ്റീരിയോകളിൽനിന്നു പുറപ്പെടുന്ന ശബ്ദത്തിന്റെ അളവ് 100 ഡെസിബെല്ലായി പരിമിതപ്പെടുത്തുന്നതിനനുകൂലമായി വോട്ടു ചെയ്തു.
കേൾവി നഷ്ടമാകുന്നതിന്റെ കൂടുതൽ പങ്കും വഹിക്കുന്നത്, സ്വകാര്യ സ്റ്റീരിയോകളുടെ ഹെഡ്ഫോണുകളിലൂടെ പ്രസരിക്കുന്ന ഉയർന്ന തോതിലുള്ള ശബ്ദമാണ്. ചെവി ശസ്ത്രക്രിയാവിദഗ്ധനായ ഷാൻ പ്യെർ കാവിന്റെ അഭിപ്രായമനുസരിച്ച് 100 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദത്തിന് ഏതാനും മണിക്കൂറുകൾകൊണ്ടു സ്ഥിരമായ തകരാറുകൾ ഉണ്ടാക്കാൻ കഴിയും. ശബ്ദം 115 ഡെസിബെല്ലിനു മുകളിലാണെങ്കിൽ അത്തരം തകരാറുണ്ടാകാൻ മിനിറ്റുകൾ മതി. എഫ്എൻഎസി എന്ന ഒരു പ്രമുഖ ഫ്രഞ്ച് ഇലക്ട്രോണിക്സ് ഉപകരണ ചില്ലറവ്യാപാരി പറയുന്നത് അതിന്റെ മിക്ക സ്വകാര്യ സ്റ്റീരിയോകളും 100 ഡെസിബെല്ലിനു മുകളിൽ ശബ്ദം പുറപ്പെടുവിക്കുന്നു എന്നാണ്. ചില സ്വകാര്യ സ്റ്റീരിയോകൾക്ക് 126 ഡെസിബെൽ, എന്നുവെച്ചാൽ 100 ഡെസിബെല്ലിന്റെ 400 ഇരട്ടി ശക്തിയിൽ, ശബ്ദം പുറപ്പെടുവിക്കാനാകും!
സ്വകാര്യ സ്റ്റീരിയോകളെക്കാൾ കൂടുതൽ റോക്ക് സംഗീതക്കച്ചേരികൾ യുവജനങ്ങളിൽ ശ്രവണവൈകല്യം വരുത്തുന്നുണ്ടാകാം എന്നാണ് ഫ്രഞ്ച് ശ്രവണവിദഗ്ധനായ ക്രിസ്റ്റ്യൻ മെയർ-ബിഷിന്റെ അഭിപ്രായം. റോക്ക് സംഗീതക്കച്ചേരികളിൽ പതിവായി പങ്കുപറ്റുന്നവർക്കു വാസ്തവത്തിൽ, ആരോഗ്യമുള്ള 18 വയസ്സുകാരോടു താരതമ്യപ്പെടുത്തിയപ്പോൾ ഗണ്യമായ കേൾവിക്കുറവ് ഉണ്ടായിരുന്നു. ഫ്രഞ്ച് ദേശീയ നിയമനിർമാണ സഭാംഗമായ ഷാൻ ഫ്രാൻസ്വാ മാട്ടേ “നാം ബധിരരുടെ ഒരു തലമുറയെ വാർത്തെടുക്കുകയാണ്” എന്നു മുന്നറിയിപ്പു നൽകിയതിൽ അത്ഭുതമില്ല.
അതുകൊണ്ട് നിങ്ങളുടെ ശ്രവണശക്തി കാത്തുസൂക്ഷിക്കാൻ ശബ്ദം അധികമാകുന്നുണ്ടോ എന്നു ശ്രദ്ധിക്കൂ!