വിഭ്രാന്തിബാധയെ തരണംചെയ്യൽ
റോബർട്ട് സ്വസ്ഥമായി തന്റെ ഓഫീസിൽ ഇരിക്കുകയായിരുന്നു. പൊടുന്നനേ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പു വർധിച്ചു. അങ്കലാപ്പോടെ അദ്ദേഹം പെട്ടെന്നു നിവർന്നിരുന്നു, അദ്ദേഹത്തിന്റെ നെറ്റിയിലൂടെ വിയർപ്പുചാലുകളൊഴുകി. തനിക്കു ഹൃദയസ്തംഭനം ഉണ്ടാവുകയാണെന്ന് അദ്ദേഹം ഉറപ്പിച്ചു. അദ്ദേഹം ഫോൺ എത്തിപ്പിടിച്ചു. “എനിക്കു കാര്യമായിട്ടെന്തോ സംഭവിച്ചുകൊണ്ടിരിക്കുകയാണ്,” കിതച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഞാൻ മോഹാലസ്യപ്പെടാൻ പോവുകയാണെന്നു തോന്നുന്നു!”
റോബർട്ടിനു വിഭ്രാന്തിബാധ അനുഭവപ്പെടുന്നത് ഇത് ആദ്യമായിട്ടായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, അത് അവസാനത്തേതുമല്ലായിരുന്നു. ഇതേ വിചാരം പിന്നീട് അദ്ദേഹത്തെ ഒരു റസ്റ്ററൻറിലും തെരുവുകടയിലും വെച്ചു പിടികൂടി. തന്റെ സുഹൃത്തുക്കളെ സന്ദർശിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽപോലും വിഭ്രാന്തി പിടിപ്പെട്ടു. താമസിയാതെ, റോബർട്ടിന് “സുരക്ഷിതമായ” ഏക സ്ഥാനം വീടു മാത്രമാണെന്നായി. ക്രമേണ അദ്ദേഹം വിഷാദചിത്തനായി. “ആത്മഹത്യയെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്,” അദ്ദേഹം സമ്മതിക്കുന്നു.
ആറു മാസം കഴിഞ്ഞ്, വിഭ്രാന്തിബാധയെയും അഗോരഫോബിയയെയും കുറിച്ചു വർത്തമാനപത്രത്തിൽ വന്ന ഒരു ലേഖനം റോബർട്ട് അവിചാരിതമായി കാണാനിടയായി. പഠിച്ച കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു.
വിഭ്രാന്തിയുണ്ടാകുന്നത് എന്തുകൊണ്ട്?
ആപത്തിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണു, വിഭ്രാന്തി. നിങ്ങൾ ഒരു ഹൈവേയിലൂടെ നടക്കുന്നതായി സങ്കൽപ്പിക്കുക. പെട്ടെന്ന് ഒരു കാർ നിങ്ങൾക്കുനേരെ പാഞ്ഞുവരുന്നതു നിങ്ങളുടെ ശ്രദ്ധയിൽപെടുന്നു. നിങ്ങളുടെ ശരീരത്തിൽ തത്ക്ഷണമുണ്ടാകുന്ന ശാരീരികവും രാസപരവുമായ മാറ്റങ്ങൾ, സുരക്ഷിതത്വത്തിനായി ഓടിമറയാൻ നിങ്ങളെ പ്രാപ്തനാക്കുന്നു.
എന്നാൽ, ഇപ്പോൾ പ്രത്യക്ഷമായ കാരണമൊന്നും കൂടാതെ വിഭ്രാന്തിയുളവാകുന്നതായി സങ്കൽപ്പിക്കുക. ഡോ. ആർ. റെയ്ഡ് വിൽസൺ പറയുന്നു: “ആപത്ത് ആസന്നമാണെന്നു വിഭ്രാന്തി തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുമ്പോഴാണ് അകാരണ വിഭ്രാന്തി ഉണ്ടാകുന്നത്. ആരുമായും ശണ്ഠക്കു പോകാതെ നിങ്ങൾ ഒരു പലചരക്കുകടയുടെ ഇടപ്പാതയിൽ നിൽക്കുകയാണെന്നു വിചാരിക്കുക. ഫ്ളിപ്പ്. എമർജൻസി ലൈറ്റ് തെളിയുന്നു. ‘അപായ സൂചന! ശരീരത്തിലെ വ്യവസ്ഥകളെല്ലാം യുദ്ധത്തിനു തയ്യാറായിക്കഴിഞ്ഞു!’”
ഇത്തരത്തിലുള്ള വിഭ്രാന്തി നേരിട്ടിട്ടുള്ളവർക്കു മാത്രമേ അതിന്റെ തീവ്രത മനസ്സിലാവുകയുള്ളു. അമേരിക്കൻ ഹെൽത്ത് മാഗസിൻ അതിനെ “അഞ്ചു മിനിറ്റോ ഒരു മണിക്കൂറോ ഒറ്റ ദിവസമോ നിങ്ങളുടെ ശരീരത്തെ പ്രകമ്പനം കൊള്ളിച്ചശേഷം വന്നപോലെതന്നെ ക്ഷണത്തിൽ, ദുരൂഹമായി വിടകൊള്ളുന്ന, നിങ്ങളെ ഇടറുന്നവനും ക്ഷീണിതനും ഇനിയൊരു ബാധയെ ഭയപ്പെടുന്നവനും ആക്കിത്തീർക്കുന്ന അഡ്രിനാലിന്റെ ഒരു തിരത്തള്ളലാ”യി, വിശേഷിപ്പിക്കുന്നു.
വിഭ്രാന്തിക്കുള്ള കാരണങ്ങൾ
വിഭ്രാന്തിബാധ പൊതുവേ യൗവനത്തിലാണ് ആരംഭിക്കുന്നത്. പുരുഷന്മാരെക്കാൾ സ്ത്രീകളെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്. ഇവ ഉണ്ടാകാനുള്ള കാരണമെന്താണ്? വ്യക്തമായ ഒരു ഉത്തരമില്ല. തലച്ചോറിന്റെ ലിമ്പിക്ക് വ്യൂഹത്തിനു സംഭവിക്കുന്ന ഒരു ക്രമക്കേടു മൂലമാണു ജീവശാസ്ത്രപരമായി ഇക്കൂട്ടർ രോഗത്തിനു വശംവദരാകുന്നതെന്നു ചിലർ പറയുന്നു. ഈ അവസ്ഥ പാരമ്പര്യമായി ലഭിച്ചേക്കാവുന്നതാണെന്നു പലർക്കും തോന്നുന്നു. പിരിമുറുക്കമുളവാക്കുന്ന ഘടകങ്ങൾ മൂലം തലച്ചോറിന്റെ രസതന്ത്രത്തിനു മാറ്റം വന്നേക്കാമെന്ന പക്ഷക്കാരാണു മറ്റുള്ളവർ.
ചില കേസുകളിൽ, യുദ്ധം, ബലാൽസംഗം, അല്ലെങ്കിൽ കുട്ടിയായിരിക്കുമ്പോൾ ഏൽക്കേണ്ടി വന്ന ദുഷ്പെരുമാറ്റം എന്നിങ്ങനെ വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ സ്മരണകളാണു രോഗബാധയുളവാക്കുന്നത്. ചെറുപ്രായത്തിൽ നിഷിദ്ധ ബന്ധുവേഴ്ചക്ക് ഇരകളായ, വിഭ്രാന്തി രോഗമുള്ളവരുടെ ശതമാനം, അതിന് ഇരകളാകാത്തവരുടെ ശതമാനത്തെക്കാൾ 13 ഇരട്ടി ഉയർന്നതായിരുന്നുവെന്ന് ഒരു സർവേ വെളിപ്പെടുത്തി. വിഭ്രാന്തിബാധയും മറ്റു സിൻഡ്രോമുകളും അവയിൽതന്നെ വലിയ പ്രശ്നങ്ങളാണെങ്കിലും, അവയ്ക്ക് എഴുത്തുകാരനായ ഇ. സ്യു ബ്ല്യൂം പറയുന്ന, “നിഷിദ്ധ ബന്ധുവേഴ്ച ചക്രകേന്ദ്രമായുള്ള ആരക്കാലുകളായിരിക്കാനും കഴിയും.”
തീർച്ചയായും, വിഭ്രാന്തിബാധകളെല്ലാം ക്ഷതം മൂലം ഉളവാകുന്നതല്ല. എന്നാൽ, കാരണം അതാണെങ്കിൽ “യഥാർഥത്തിലുണ്ടായ ക്ഷതത്തെ സൗഖ്യമാക്കുന്നതിനുപകരം, ദുഷ്പെരുമാറ്റത്തിന്റെ പരിണതഫലത്തെ ചികിത്സിക്കുന്നതു പ്രശ്നത്തെ ശാശ്വതമായി പരിഹരിക്കില്ല” എന്ന് ഡോ. വേയ്ൻ ക്രിറ്റ്സ്ബർഗ് മുന്നറിയിപ്പു നൽകുന്നു. “അത്, ന്യുമോണിയ ഭേദമാകാൻ ചുമയ്ക്കുള്ള സിറപ്പ് കഴിക്കുന്നതുപോലിരിക്കും.”
അതു ചികിത്സിച്ചുമാറ്റാനാകുമോ?
വിഭ്രാന്തിബാധയെ നിയന്ത്രണത്തിലാക്കാൻ കഴിയും. വിഭ്രാന്തിയെക്കുറിച്ചുള്ള ഭയംമൂലം വീട്ടിൽ ഒതുങ്ങിക്കഴിയുന്നവർക്ക് എക്സ്പോഷ്വർ തെറാപ്പിവഴി സഹായമേകിയിട്ടുണ്ട്. ഈ ചികിത്സയിൽ, രോഗിയെ അയാൾ ഭയപ്പെടുന്ന സാഹചര്യത്തിനു വിധേയനാക്കുന്നു. വിഭ്രാന്തി മാറുന്നതുവരെ ആ അവസ്ഥയിൽതന്നെ കഴിച്ചുകൂട്ടാൻ വേണ്ട സഹായം അയാൾക്കു നൽകുന്നു. ഹൃദ്രോഗം, ആസ്തമ, പെപ്റ്റിക്ക് അൾസർ, വൻകുടൽവീക്കം എന്നീ രോഗങ്ങളുള്ളവരോ അല്ലെങ്കിൽ സമാനമായ രോഗങ്ങളുള്ളവരോ ഈ ചികിത്സയ്ക്കു മുതിരുന്നതിനുമുമ്പു ഡോക്ടറുടെ ഉപദേശം തേടണം.
ഉത്കണ്ഠ വളരുന്നതു തടയാൻ വിശ്രമ വിദ്യകൾ പ്രയോഗിക്കാം.a ഇവയിൽ ചിലത് “ശാന്തത കൈവരിക്കാനുള്ള മാർഗങ്ങൾ” എന്ന പിൻവരുന്ന ചതുരത്തിൽ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ വിഭ്രാന്തി ആരംഭിക്കുന്നതുവരെ കാത്തിരിക്കരുത്. ഉത്കണ്ഠ കുറവായ കാലയളവിൽ ഇത് അഭ്യസിക്കുന്നതാണ് ഉത്തമം. ഈ കഴിവുകൾ വശപ്പെടുത്തുന്നത്, ഭാവിയിലുണ്ടായേക്കാവുന്ന ബാധകളെ കുറച്ചുകൊണ്ടുവരുകയോ അല്ലെങ്കിൽ തടയുകയോ പോലും ചെയ്തേക്കാം.
പിഴവുപറ്റരുതെന്ന ശാഠ്യവും ആത്മാഭിമാനക്കുറവും വിഭ്രാന്തി തഴച്ചുവളരാൻ ഇടയാക്കുന്നു. “ഉത്കണ്ഠയുടെ ആക്രമണങ്ങളുണ്ടായിരുന്നപ്പോൾ, നിഷേധാത്മക വികാരങ്ങളാണ് എന്റെ ജീവിതത്തെ ഭരിച്ചിരുന്നത്,” ഒരു രോഗി പറയുന്നു. “എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നതുകൊണ്ടു ഞാൻ മറ്റുള്ളവരെക്കാൾ താഴ്ന്നവനാണെന്നും അതുകൊണ്ടുതന്നെ സ്നേഹിക്കപ്പെടാൻ കൊള്ളാത്തവനാണെന്നും ഞാൻ സ്വയം പറഞ്ഞു.” ഇത്തരത്തിലുള്ള മനോഭാവങ്ങളെ ഗതിമാറ്റിവിടുന്നതു വിഭ്രാന്തിയിലേക്കു നയിക്കാവുന്ന ഉത്കണ്ഠകളെ കുറയ്ക്കും.b
ഉത്കണ്ഠകളെല്ലാം വിശ്വസ്തനായ ഒരു സുഹൃത്തിനോടു സ്വകാര്യമായി പറയുന്നതിനു വലിയ മൂല്യമുണ്ട്. അവയെക്കുറിച്ചു സംസാരിക്കുന്നത്, ക്ലേശിക്കുന്നയാളെ, പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങളിൽനിന്നു സഹിക്കേണ്ടതായ പ്രശ്നങ്ങളെ വേർതിരിച്ചു കാണാൻ സഹായിക്കും. അവഗണിക്കരുതാത്ത ഒന്നാണു പ്രാർഥന. സങ്കീർത്തനം 55:22 ഇങ്ങനെ പറയുന്നു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.”
ഒരൊറ്റ വലിയ പ്രശ്നത്തെക്കാൾ—നിരവധി വൈദ്യുതോപകരണങ്ങൾ ഒരേ വൈദ്യുതപഥത്താൽ പ്രവർത്തിപ്പിക്കപ്പെടുമ്പോൾ ഫ്യൂസ് പോകാമെന്നതുപോലെ—നിസ്സാരമെന്നു തോന്നുന്ന ചെറിയ വ്യഥകളുടെ കൂമ്പാരമാണു മിക്കപ്പോഴും വിഭ്രാന്തിയുണ്ടാക്കുന്നത്. പ്രശ്നങ്ങളോരോന്നും ഒരു ഇൻഡെക്സ് കാർഡിൽ എഴുതുന്നതാണ് ഒരു പരിഹാരം. ഏറ്റവും ലളിതമായ പ്രശ്നംമുതൽ ഏറ്റവും ദുഷ്കരമായതുവരെ എന്നിങ്ങനെ അവയെ ക്രമീകരിക്കുക. ഒരു സമയത്ത് ഒരെണ്ണം പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വ്യഥകൾ എഴുതുന്നത്, നിങ്ങൾ ഭയപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യാൻ ശ്രമിക്കുന്നതിനുപകരം നിങ്ങൾക്കു നേരിടാനും പരിഹരിക്കാനും കഴിയുന്ന ഒന്നായി അവയെ വീക്ഷിക്കാൻ നിങ്ങളെ സഹായിക്കും.
ശുപാർശ ചെയ്യപ്പെട്ട വേദനസംഹാരികളോ ശമനൗഷധങ്ങളോ കഴിക്കുന്നതുവഴി ചിലർക്കു സഹായം ലഭിക്കുന്നുണ്ട്. എങ്കിലും ഒരു മുൻകരുതൽ നല്ലതാണ്. “ഔഷധചികിത്സ മാത്രമാണ് പരിഹാരമെന്ന് എനിക്കു തോന്നുന്നില്ല,” ഉപദേഷ്ടാവായ മെൽവിൻ ഗ്രീൻ പറയുന്നു. “പരിഹാരം തേടുമ്പോൾ അതൊരു അനുബന്ധം എന്ന നിലക്ക് ഉപയോഗിക്കണം. . . . മരുന്നുകൾ നിങ്ങളെ കൂടുതൽ കർമനിരതരാക്കും. കൂടാതെ, അഗോരഫോബിയയെ കൈകാര്യം ചെയ്യുന്നതിനും നിങ്ങളുടെ രോഗവിമുക്തിക്കുവേണ്ടി പ്രവർത്തിക്കുന്നതിനും, മറ്റു സഹായങ്ങൾ തേടുന്നതിന് അതു നിങ്ങൾക്ക് അവസരം നൽകും.”
ഒരു ആത്മീയ പ്രശ്നമോ?
“‘ഒരിക്കലും ഉത്കണ്ഠപ്പെടരുത്’ എന്നു യേശു പറഞ്ഞിരുന്നതു കാരണം ക്രിസ്ത്യാനികൾക്ക് ഒരിക്കലും ഉത്കണ്ഠയുടെ ആക്രമണങ്ങൾ അനുഭവപ്പെടാൻ പാടില്ല എന്നാണു ഞാൻ കരുതിയത്. ഞാൻ ദൈവത്തിൽ വേണ്ടവിധം ആശ്രയിക്കുന്നില്ലായിരിക്കണമെന്നു ഞാൻ നിഗമനം ചെയ്തു,” ബ്രെൻഡ് പറയുന്നു. പക്ഷേ, മത്തായി 6:34-ലെ യേശുവിന്റെ വാക്കുകളുടെ സന്ദർഭം, അവൻ വിഭ്രാന്തിവൈകല്യത്തെക്കുറിച്ചു സംസാരിക്കുകയല്ലായിരുന്നെന്നു കാണിക്കുന്നു. പകരം, അവൻ ആത്മീയാവശ്യങ്ങളെക്കാൾ ഭൗതികാവശ്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിലുള്ള അപകടത്തെ ഊന്നിപ്പറയുകയായിരുന്നു.
ഫിൻലൻഡിൽനിന്നുള്ള ഒരു സ്ത്രീയുടെ പിൻവരുന്ന അനുഭവം കാണിക്കുന്നതുപോലെ, തീർച്ചയായും ആത്മീയ താത്പര്യങ്ങൾ മുന്നിൽ വെക്കുന്നവർക്കും ഈ വൈകല്യം ബാധിച്ചേക്കാം.
“യഹോവയുടെ സാക്ഷികളായ ഞാനും എന്റെ കൂട്ടുകാരിയും വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പൊടുന്നനേ എനിക്കു തലകറങ്ങുന്നതുപോലെ തോന്നി. എന്റെ ചിന്തകൾ തടസ്സപ്പെട്ടു. ഒന്നും യാഥാർഥ്യമായി തോന്നിയില്ല, വീണേക്കുമെന്നു ഞാൻ ഭയന്നു. അടുത്ത വാതിൽക്കൽ എന്റെ സംഭാഷണത്തിന്മേലുള്ള പിടി എനിക്കു പൂർണമായും നഷ്ടപ്പെട്ടു.
“1970-ലാണ് ഈ ഭയാനക അനുഭവം നടന്നത്. പിൻവന്ന രണ്ടു ദശകങ്ങളിൽ എന്നെ പീഡിപ്പിക്കാനിരുന്ന മനോവ്യഥയുടെ പരമ്പരയിലെ ആദ്യത്തേതായിരുന്നു അത്. തുടരെത്തുടരെ, വ്യക്തമായി ചിന്തിക്കാനാകാത്ത, അസ്പഷ്ടമായ ഒരു ലോകത്തിലാണു ഞാനെന്നു തോന്നുമായിരുന്നു. എനിക്കു തലകറങ്ങുന്നതുപോലെ തോന്നും, എന്റെ ഹൃദയമിടിപ്പിനു ശക്തി കൂടും. സംസാരത്തിൽ എനിക്കു വിക്കൽ അനുഭവപ്പെടും അല്ലെങ്കിൽ ഒന്നും പറയാൻ കഴിയാതെ വരും.
“ഞാൻ യഹോവയുടെ സാക്ഷികളുടെ ചുറുചുറുക്കുള്ള, സന്തുഷ്ടയായ ഒരു മുഴുസമയ ശുശ്രൂഷകയായിരുന്നു. ബൈബിൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതു ഞാൻ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നെന്നോ! എന്നാൽ ഈ രോഗബാധ എന്നെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. ‘എനിക്കെന്താണു കുഴപ്പം?,’ ഞാൻ വിസ്മയം കൊണ്ടു. ഒരു ന്യൂറോളജിസ്റ്റ് എന്റെ രോഗം റ്റെമ്പറൽ അപസ്മാരമാണെന്നു നിർണയിച്ചു. പിൻവന്ന പത്തു വർഷം അദ്ദേഹം കുറിച്ചുതന്ന മരുന്നു ഞാൻ കഴിച്ചു. എന്നിട്ടും, അത് അത്ര ഫലവത്തായിരിക്കാത്തതെന്താണെന്നു ഞാൻ അത്ഭുതം കൂറി. എന്റെ അവസ്ഥ ഞാൻ സഹിക്കേണ്ട ഒന്നാണെന്ന വിചാരം ഞാൻ കൈക്കൊള്ളാൻ തുടങ്ങി.
“കുറച്ചുനാളുകൾക്കുശേഷം, എന്റെ അസുഖം അപസ്മാരമല്ലെന്നും എനിക്കു നൽകിയ നിർദേശം ഫലപ്രദമല്ലെന്നും ഞാൻ ഗ്രഹിക്കാനിടയായി. പതിവുസ്ഥലങ്ങളിലേക്കുള്ള നടത്തം പോലും അതികഠിനമായ ഒരു അധ്വാനമായിരുന്നു. എന്റെ വഴിയിൽ ആരെയെങ്കിലും കണ്ടുമുട്ടുന്നതിനെ ഞാൻ ഭയപ്പെട്ടു. സർവശക്തിയും സംഭരിച്ചാണു ഞാൻ ക്രിസ്തീയ യോഗങ്ങളിൽ ഹാജരായിരുന്നത്. മിക്കപ്പോഴും തലചുറ്റലോടെ വിയർത്തുകുളിച്ചു നെറ്റിക്കു കൈയുംകൊടുത്തു ഞാൻ ഇരിക്കും. അപ്പോൾ ഹൃദയമിടിപ്പിനു ശക്തി കൂടും, എന്റെ മനസ്സു ശൂന്യമായിരിക്കും. ചിലപ്പോൾ ശരീരം മുഴുവൻ വലിഞ്ഞുമുറുകുന്നതുപോലെ എനിക്ക് അനുഭവപ്പെടും. ഒരു സന്ദർഭത്തിൽ ഞാൻ തീർച്ചയായും മരിച്ചുപോകുമെന്ന് എനിക്കുതോന്നി.
“ശുശ്രൂഷയിൽ തുടർന്നു നിലനിൽക്കുക എന്നതു ശരിക്കും ഒരു അത്ഭുതമായിരുന്നെങ്കിൽതന്നെയും അതെന്നെ താങ്ങിനിർത്തി. ചില സമയങ്ങളിൽ ബൈബിളധ്യയനം നിർവഹിക്കുന്നത് ഏറെ പരവേശമുളവാക്കുന്നതായിരുന്നു, ചിലപ്പോൾ അത് എന്റെ പങ്കാളി ഏറ്റെടുത്തുനടത്തേണ്ടിവരുമായിരുന്നു. വാസ്തവമായും, നമ്മുടെ പ്രസംഗപ്രവർത്തനം ഒരു കൂട്ടായ പരിശ്രമമാണ്, ഒടുവിൽ ദൈവമാണ് അതിനെ വളർത്തിക്കൊണ്ടിരിക്കുന്നത്. (1 കൊരിന്ത്യർ 3:6, 7) അധ്യാപകനു പരിമിതികളുണ്ടെങ്കിലും ചെമ്മരിയാടുതുല്യർ ശ്രവിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു.
“1991 മാർച്ചിൽ ഒരു ദിവസം, വിഭ്രാന്തിവൈകല്യത്തെക്കുറിച്ചുള്ള ഒരു ചെറുപുസ്തകം ഭർത്താവ് എന്നെ കാണിച്ചു. വിവരിച്ചിരിക്കുന്ന ലക്ഷണമെല്ലാം എന്റേതുപോലെതന്നെ! ഞാൻ വിഷയത്തെക്കുറിച്ചു കൂടുതൽ വായിച്ചു, പ്രഭാഷണങ്ങളിൽ സംബന്ധിച്ചു, ഒരു വിദഗ്ധനെ കണ്ടു നിയമനവും നേടി. രണ്ടു ദശകങ്ങൾക്കുശേഷം അവസാനം എന്റെ പ്രശ്നം തിരിച്ചറിഞ്ഞു. ഞാൻ സൗഖ്യം പ്രാപിക്കുന്നതിനുള്ള പാതയിലായിരുന്നു!
“വിഭ്രാന്തി വൈകല്യമുള്ള ഭൂരിപക്ഷം പേരെയും ശരിയായ ചികിത്സവഴി സഹായിക്കാവുന്നതാണ്. കരുണാർദ്രരായ സുഹൃത്തുക്കൾ നല്ലൊരു താങ്ങാണ്. ആകുലചിത്തനായിരിക്കുന്ന ഒരു വ്യക്തിയുടെമേൽ അപരാധം കുന്നുകൂട്ടുന്നതിനുപകരം, വിവേചനശേഷിയുള്ള ഒരു കൂട്ടാളി, വിഭ്രാന്തിവൈകല്യമുള്ള ഒരു വ്യക്തി മനഃപൂർവം സാമൂഹികവിരുദ്ധനായിരിക്കുന്നതല്ലെന്നു മനസ്സിലാക്കും.—1 തെസ്സലൊനീക്യർ 5:14 താരതമ്യം ചെയ്യുക.
“കഴിഞ്ഞുപോയ 20 വർഷങ്ങൾ ഞാൻ പുനരവലോകനം ചെയ്യുമ്പോൾ, ഇതിനെല്ലാം മധ്യേ എനിക്കു മുഴുസമയ ശുശ്രൂഷയിൽ നിലനിൽക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞതയുള്ളവളാണ്. പോരാട്ടത്തിനു തക്ക മൂല്യമുള്ള ഒരനുഗ്രഹമായിരുന്നു അത്. അതേസമയംതന്നെ, എപ്പഫ്രൊദിത്തൊസിനെപ്പോലെ മോശമായ ആരോഗ്യത്തിന്റെ പേരിൽ ചിലർക്കു പദവികൾ വിട്ടൊഴിയേണ്ടിവരുമെന്നും ഞാൻ മനസ്സിലാക്കുന്നു. ഇത്തരം ആളുകളോടു യഹോവക്ക് അനിഷ്ടം തോന്നുന്നില്ല. ന്യായയുക്തമായി ഒരു വ്യക്തിക്കു നൽകാവുന്നതിലധികം അവൻ പ്രതീക്ഷിക്കുന്നില്ല.
“ഇത്തരത്തിലുള്ള ഒരു വൈകല്യവുംകൊണ്ടു ജീവിക്കുന്നത്, എന്നെത്തന്നെ വലിയൊരാളായി വീക്ഷിക്കാതിരിക്കാൻ പഠിപ്പിച്ചിരിക്കുന്നു. പരിമിതികളുള്ള മറ്റുള്ളവരോടു കരുണ കാണിക്കാനും അതെന്നെ പ്രാപ്തയാക്കിയിട്ടുണ്ട്. എന്നാൽ, എല്ലാറ്റിലുമുപരിയായി യഹോവയുമായിട്ടടുക്കാൻ അതെന്നെ സഹായിച്ചു. എന്റെ കഠിനപരീക്ഷയിലുടനീളം ശക്തിയുടെയും ആശ്വാസത്തിന്റെയും ഒരു യഥാർഥ സ്രോതസ്സായി കൂടെക്കൂടെ ഞാനവനെ കണ്ടിട്ടുണ്ട്.”
[അടിക്കുറിപ്പുകൾ]
a ഹിപ്നോട്ടിസത്തിനു വിധേയമാകുന്നതോ സ്വയം ഹിപ്നോട്ടിസം ചെയ്യുന്നതോ പോലുള്ള കാര്യങ്ങൾ ഉൾപ്പെടുന്ന വിദ്യകൾ ക്രിസ്ത്യാനികൾ ഒഴിവാക്കുന്നു. എങ്കിലും, മനസ്സിനെ ശൂന്യമാക്കുന്നതോ അല്ലെങ്കിൽ അതിനെ മറ്റൊരാളുടെ നിയന്ത്രണത്തിൽ വിട്ടുകൊടുക്കുന്നതോ പോലുള്ള കാര്യങ്ങൾ വ്യക്തമായും ഉൾപ്പെടാതിരിക്കുന്ന തരത്തിലുള്ള ദൃശ്യ, മനോവ്യായാമങ്ങളുണ്ട്. ഈ ചികിത്സാമുറകൾ സ്വീകരിക്കണമോ എന്നുള്ളതു വ്യക്തിപരമായി തീരുമാനിക്കേണ്ടതാണ്.—ഗലാത്യർ 6:5.
b നിഷേധാത്മക ചിന്താഗതികളുടെ ഗതി മാറ്റിവിടുന്നതിനുള്ള വിവരങ്ങൾക്കു 1992 ഒക്ടോബർ 8-ലെ ഉണരുക!യുടെ (ഇംഗ്ലീഷ്) 3-9 പേജുകളും 1987 ഒക്ടോബർ 22-ലെ ഉണരുക!യുടെ (ഇംഗ്ലീഷ്) 7-16 പേജുകളും കാണുക.
[22-ാം പേജിലെ ചതുരം]
ശാന്തത കൈവരിക്കാനുള്ള മാർഗങ്ങൾ
ശ്വാസോച്ഛ്വാസത്തെ ശാന്തമാക്കുക. വിഭ്രാന്തിബാധയെത്തുടർന്നു ദീർഘവും ശക്തവുമായ ശ്വാസോച്ഛ്വാസം ഉണ്ടാകുന്നു. നിങ്ങളുടെ ശ്വാസോച്ഛ്വാസത്തിന് അയവു വരുത്താൻ ഈ വ്യായാമം ചെയ്തുനോക്കുക: കമിഴ്ന്നുകിടക്കുക. ശ്വാസം അകത്തേക്കെടുക്കുമ്പോൾ ആറുവരെ എണ്ണുക; ശ്വാസം പുറത്തേക്കു വിടുമ്പോൾ ആറുവരെ എണ്ണുക. അടുത്തതായി, ഇരിക്കുമ്പോഴും ഇതേതരത്തിൽ ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യാൻ ശ്രമിക്കുക. പിന്നീട്, എഴുന്നേറ്റുനിന്നുകൊണ്ട് അങ്ങനെ ചെയ്യാൻ ശ്രമിക്കുക. പ്രാചീരത്തിൽനിന്ന് ദീർഘമായി ശ്വസിക്കുക, സ്വാഭാവികമാകുന്നതുവരെ ദിവസേന അഭ്യസിക്കുക. ഈ വ്യായാമം ചെയ്യുമ്പോൾ മനോഹരമായ പരിസ്ഥിതികൾ വിഭാവന ചെയ്തുകൊണ്ടു ചിലർ പ്രയോജനം അനുഭവിക്കുന്നു.
ചിന്തയെ ശാന്തമാക്കുക. ‘ഞാൻ തലകറങ്ങിവീണാലോ?’ ‘ആരും എന്നെ സഹായിക്കാനില്ലെങ്കിലോ?’ ‘എന്റെ ഹൃദയം നിന്നുപോയാലോ?’ വിപത്കരമായ ചിന്തകൾ വിഭ്രാന്തി ആളിക്കത്തിക്കും. ഈ ചിന്തകൾ സാധാരണമായി വരുംകാല വിപത്തുകളെയോ പിൻകാല ബാധകളെയോക്കുറിച്ചായിരിക്കുന്നതുകൊണ്ട് അപ്പോഴത്തെ സാഹചര്യത്തിന്മേൽ ഏകാഗ്രത നേടാൻ ശ്രമിക്കുക. “അപ്പോഴത്തെ സാഹചര്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തത്ക്ഷണം ശാന്തത കൈവരുത്തും,” ഡോ. അലൻ ഗോൾഡ്സ്റ്റൈൻ പറയുന്നു. ഒരു റബർബാൻഡ് കൈത്തണ്ടയിൽ ധരിക്കാനാണു ചിലർ നിർദേശിക്കുന്നത്. വിപത്കരമായ ചിന്തകൾ മനസ്സിലുയരുമ്പോൾ അതു വലിച്ചുവിട്ടുകൊണ്ട് നിങ്ങളോടുതന്നെ പറയുക: “നിർത്തൂ!” ഉത്കണ്ഠ വിഭ്രാന്തിയായി മാറുന്നതിനുമുമ്പുതന്നെ അതിനെ തടുക്കുക.
പ്രതികരിക്കുന്നതു ശാന്തമാക്കുക. നിങ്ങളെ വിഭ്രാന്തി പിടികൂടിയാൽ അതിനെ ചെറുക്കരുത്. അത് ഒരു തോന്നൽ മാത്രമാണ്, എന്നുമാത്രമല്ല തോന്നലുകൾ നിങ്ങൾക്കു ദോഷംചെയ്യണമെന്നില്ല. തിരമാലകളെ നോക്കിക്കൊണ്ടു നിങ്ങൾ ഒരു സമുദ്രത്തിനടുത്തു നിൽക്കുന്നതായി സങ്കൽപ്പിക്കുക. അവ ഉയരുന്നു, ഉന്നതിയിലെത്തുന്നു, പിന്നെ ചിതറിപ്പോകുന്നു. വിഭ്രാന്തിയും ഇതേ രീതിയിൽതന്നെയാണു സംഭവിക്കുന്നത്. തിരമാലയെ ചെറുക്കുന്നതിനുപകരം അതിനെ കടന്നുപോകാൻ അനുവദിക്കുക. അതു കടന്നുപോവുക തന്നെ ചെയ്യും. അതു തീർന്നുകഴിയുമ്പോൾ അതിരുകടന്ന പ്രതികരണമോ വിചിന്തനമോ ചെയ്യരുത്. ഒരു തുമ്മൽ, അല്ലെങ്കിൽ തലവേദനപോലെ അതു പോയിക്കഴിഞ്ഞു.
വിഭ്രാന്തി ഒരു മുട്ടാളനെപ്പോലെയാണ്. അവനെ ചൊടിപ്പിച്ചാൽ അവൻ ആക്രമിക്കും, ചൊടിപ്പിക്കാതെ അവനെ അവന്റെ പാട്ടിനു വിട്ടേക്കുക. ശാന്തത കൈവരിക്കാനുള്ള മാർഗങ്ങൾ, “നിങ്ങൾക്ക് ആ നിമിഷം വിഭ്രാന്തിയെ ‘ചെറുക്കാൻ’ അല്ലെങ്കിൽ ‘തുടച്ചുനീക്കാൻ’ വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നതല്ല” എന്നു ഡോ. ആർ. റീഡ് വിൽസൺ വിശദമാക്കുന്നു. മറിച്ച്, വിഭ്രാന്തി നിങ്ങളെ നേരിടാൻ വരുമ്പോൾ സമയംപോക്കാനുള്ള മാർഗങ്ങളായി അവയെ വീക്ഷിക്കുക.”
[23-ാം പേജിലെ ചതുരം]
അഗോരഫോബിയ, ഭയത്തെക്കുറിച്ചുള്ള ഭയം
വിഭ്രാന്തിബാധ അനുഭവപ്പെടുന്ന പലരിലും അഗോരഫോബിയ ഉടലെടുത്തേക്കാം. പൊതുസ്ഥലങ്ങളെക്കുറിച്ചുള്ള ഭയം എന്ന് അതു നിർവചിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, കുറച്ചുകൂടെ കൃത്യമായി അഗോരഫോബിയയെ ഭയത്തെക്കുറിച്ചുള്ള ഭയമെന്ന് വിളിക്കാവുന്നതാണ്. അഗോരഫോബിക്കുകൾ വിഭ്രാന്തിയെ അത്രകണ്ടു ഭയക്കുന്നതുമൂലം മുമ്പ് അവർക്കു വിഭ്രാന്തിബാധ ഉണ്ടായ സ്ഥലങ്ങളെയെല്ലാം ഭയക്കുന്നു. താമസിയാതെ “സുരക്ഷിതമായ” ഒരൊറ്റ ഇടമേ അവശേഷിക്കുന്നുള്ളൂ—സാധാരണമായി വീട്.
എഴുത്തുകാരനായ മെൽവിൻ ഗ്രീൻ പറയുന്നു: “നിങ്ങൾ വീടു വിട്ടിറങ്ങുകയാണെന്നു സങ്കൽപ്പിക്കുക, പൊടുന്നനേ, എവിടെനിന്നെന്നറിയില്ല നിങ്ങൾ കണ്ടിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും വലിയ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെടുന്നു, കൈയിൽ ഒരു ബേസ്ബോൾ ബാറ്റുണ്ട്. കാരണമൊന്നുംകൂടാതെ നിങ്ങളുടെ തലയ്ക്കിട്ട് ഒറ്റയടി. ആ നിമിഷം സംഭവിച്ചതു വിശ്വാസംവരാതെ നിങ്ങൾ ഏന്തിവലിഞ്ഞു വീട്ടിലേക്കു പിൻവാങ്ങുന്നു. നിങ്ങൾക്കു സുഖമായെന്നു തോന്നുമ്പോൾ, വീടിനുപുറത്തേക്ക് എത്തിനോക്കുന്നു. എല്ലാം സാധാരണഗതിയിലാണ്. വീണ്ടും നിങ്ങൾ വഴിയിലേക്കിറങ്ങി നടക്കുന്നു. പൊടുന്നനേ അതാ, വീണ്ടും അയാളവിടെ, വീണ്ടും നിങ്ങൾക്ക് ഒരടികൂടെ ലഭിക്കുന്നു. നിങ്ങൾ വീട്ടിലേക്കു മടങ്ങുന്നു, അവിടെ നിങ്ങൾ സുരക്ഷിതനാണ്. നിങ്ങൾ പുറംവാതിലിലൂടെ നോക്കുന്നു . . . അയാൾ അവിടെയുണ്ട്. നിങ്ങൾ ജനാലവഴി നോക്കുന്നു . . . അയാൾ അവിടെയുണ്ട്. വീട്ടിലുള്ള സുരക്ഷിതത്വം വിട്ടാൽ, വീണ്ടും അടി കിട്ടുമെന്നു നിങ്ങൾക്കറിയാം. ചോദ്യമിതാണ്: നിങ്ങൾ വീടുവിട്ടിറങ്ങുമോ?”
ഒട്ടുമിക്ക അഗോരഫോബിക്കുകളും തങ്ങളുടെ തോന്നലുകളെ ഈ ദൃഷ്ടാന്തത്തിലേതുപോലുള്ള തോന്നലുമായി സാദൃശ്യപ്പെടുത്തുന്നു, തങ്ങളുടെ അവസ്ഥ ആശയറ്റതാണെന്നു വിചാരിക്കുന്നു. പക്ഷേ, ഡോ. അലൻ ഗോൾഡ്സ്റ്റൈൻ സമാശ്വസിപ്പിക്കുന്നു: “നിങ്ങൾ ഒരു അസാധാരണ വ്യക്തിയല്ല, നിങ്ങൾ ഒറ്റയ്ക്കല്ല. . . . നിങ്ങൾക്കു സ്വയം സഹായിക്കാൻ സാധിക്കും.