ലാഹാറുകൾ—പിനറ്റ്യൂബൊ അഗ്നിപർവതത്തിന്റെ അനന്തരഫലം
ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ
വീടുകൾ മുങ്ങിപ്പോയി. കച്ചവടങ്ങൾ നശിച്ചു. വാഹനങ്ങൾ ഒലിച്ചുപോയി. കെട്ടിടങ്ങൾ മൂടിപ്പോയി. ആയിരക്കണക്കിനാളുകൾ പലായനംചെയ്യാൻ നിർബന്ധിതരായി. മറ്റുള്ളവർ പലായനംചെയ്യാൻ കഴിയാതെ കുടുങ്ങിപ്പോയി. എന്താണിതിനു കാരണമായത്? ഭൂകമ്പമാണോ? ഹിമപാതമാണോ? അല്ല. ലാഹാറുകൾ സൃഷ്ടിക്കുന്ന നിരന്തര ദൃശ്യമാണിത്. എന്താണവ? ചാരപ്പൊടി, പ്യൂമിസ്, നിലവിലുള്ളതോ മുൻകാലത്തു സംഭവിച്ചതോ ആയ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ ജലവും അഗ്നിപർവതത്തിന്റെ ഊറലും ചേർന്ന സ്രവണങ്ങളാണ് ലാഹാറുകൾ.
സാധ്യതയനുസരിച്ച്, ഒരു ദശകത്തിനുമുമ്പു നിങ്ങൾ ഫിലിപ്പീൻസിലെ പിനറ്റ്യൂബൊ പർവതത്തെക്കുറിച്ചു കേട്ടിട്ടുപോലുമുണ്ടാവില്ല. എന്നാൽ, 1991 ജൂൺ 15-ന് ഉണ്ടായ കനത്ത സ്ഫോടനത്തിനുശേഷം, ലോകത്തിന്റെ പല ഭാഗങ്ങളിലും “പിനറ്റ്യൂബൊ” എന്നത് സുപരിചിതമായ ഒരു പദമായി മാറി. ഏതാണ്ട് 500 വർഷത്തോളം നിദ്രാവസ്ഥയിലായിരുന്ന പിനറ്റ്യൂബൊ പർവതം അതിന്റെ അവശിഷ്ടങ്ങളെ ഈ നൂറ്റാണ്ടിലുണ്ടായ, കൂണിന്റെ രൂപത്തിലുള്ള ഏറ്റവും ഭീമാകാരമായ മേഘപടലങ്ങളിലൊന്നിൽ പുറത്തേക്കു തള്ളി. ചാരം, മണൽ, പാറക്കഷണങ്ങൾ എന്നിവ അഗ്നിപർവതത്തിൽനിന്നു പുറത്തേക്കു വമിച്ച്, മനുഷ്യർ അപൂർവമായി മാത്രം കണ്ടിട്ടുള്ള അളവിൽ പ്രദേശത്തു കോരിച്ചൊരിയപ്പെട്ടു.a
അഗ്നിപർവതം അതിന്റെ പദാർഥം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്, 20 കിലോമീറ്ററിലേറെ, വൻതോതിൽ തെറിപ്പിച്ചു. ഇതിൽ കുറച്ചു ഭൂമിയിലേക്കുതന്നെ തിരിച്ചുവന്നെങ്കിലും, പൊടി വൻതോതിൽ ആകാശത്തു തങ്ങിനിന്നു—പൊടി മാത്രമല്ല, ഏതാണ്ട് രണ്ടു കോടി ടൺ സൽഫർ ഡയോക്സൈഡും!
ചില ആഗോള ഫലങ്ങൾ നിങ്ങൾക്ക് ഓർമിക്കാനാകും: ഒരു കാലയളവിലുണ്ടായ അതിമനോഹര സൂര്യാസ്തമയങ്ങൾ; 1991-ൽ മെക്സിക്കോയിലും സമീപപ്രദേശങ്ങളിലും നടന്ന അസാധാരണമാംവിധം ഉജ്ജ്വലമായ സമ്പൂർണ സൂര്യഗ്രഹണം; ഉത്തരാർധഗോളത്തിൽ അനുഭവപ്പെട്ട ശൈത്യമുൾപ്പെടെയുള്ള കാലാവസ്ഥാവ്യതിയാനം; ഭൂമിയുടെ ഓസോൺ പാളിയുടെ വർധിച്ച നാശം. അല്ലെങ്കിൽ സ്ഫോടനത്തിന്റെ ഫലമായി അവിടം വിട്ട ആളുകളെ വർധിച്ചതോതിൽ ബാധിച്ച വിശപ്പിനെയും രോഗത്തെയുംകുറിച്ചു നിങ്ങൾ കേട്ടിരിക്കാം.
നീണ്ടുനിൽക്കുന്ന അനന്തരഫലം
പിനറ്റ്യൂബൊ സ്ഫോടനത്തിന്റെ അനന്തരഫലങ്ങളിൽ ഏറ്റവും സാരമായതും ഒരുപക്ഷേ ലോകത്തിൽ മിക്കവരുടേയും ശ്രദ്ധയിൽപ്പെടാഞ്ഞതുമായ ഒന്നാണ് ലാഹാർ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം. ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ, ലാഹാറുകൾ പതിനായിരക്കണക്കിന് ആളുകളുടെ ദുരിതത്തിനു കാരണമായിട്ടുണ്ട്. ലാഹാറുകൾ കാരണം, പിനറ്റ്യൂബൊ പർവതം പൊട്ടിത്തെറിച്ചതിന്റെ അനന്തരഫലങ്ങൾ തീർത്തും കഴിഞ്ഞകാല സംഗതികളല്ല. ഇപ്പോൾപ്പോലും അവ അനുഭവപ്പെടുന്നുണ്ട്. വ്യക്തിപരമായി നിങ്ങൾ ബാധിക്കപ്പെട്ടിട്ടില്ലായിരിക്കാം. എന്നാൽ, പിനറ്റ്യൂബൊ പർവതത്തിന്റെ ചുറ്റുവട്ടത്ത്, കച്ചവടങ്ങൾ, തൊഴിലുകൾ, ഭവനങ്ങൾ, ജീവിതങ്ങൾ എന്തിന് മുഴുപട്ടണങ്ങൾതന്നെയും തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പിനറ്റ്യൂബൊയുടെ ലാഹാറുകളാണു കാരണക്കാർ.
അസാധാരണമായ അളവിൽ ഊറലുള്ള നദികൾ പോലെയാണ് പല ലാഹാറുകളും വർത്തിക്കുന്നത്. എങ്കിലും 60 ശതമാനത്തിലധികം ഊറൽ അടങ്ങിയിരിക്കുമ്പോൾ ലാഹാറുകൾ, ഒഴുകുന്ന കോൺക്രീറ്റ് പോലെയാണ്. ഇതിന് അത്യന്തം വിനാശകരമായിരിക്കാൻ കഴിയും. എ ടെക്നിക്കൽ പ്രൈമർ ഓൺ പിനറ്റ്യൂബൊ ലാഹാർസ് പറയുന്നു: “വൻ പാറക്കഷണങ്ങൾ, പാറക്കല്ലുകൾ നിറച്ച കമ്പിക്കൂടുകൾ [gabions], വാഹനങ്ങൾ, കോൺക്രീറ്റ് കെട്ടിടങ്ങൾ, എന്തിന് പാലങ്ങൾ പോലും ഇളക്കിയെടുത്ത് ഒഴുക്കിക്കൊണ്ടുപോകാൻ തക്കവിധം (ജല സാന്ദ്രതയുടെ ഇരട്ടിയിലധികം) സാന്ദ്രതയേറിയതാണ് ഈ ചെളി.”
ലാഹാറുകൾ എപ്രകാരമാണ് ആരംഭിക്കുന്നത്? പിനറ്റ്യൂബൊ പർവതം പൊട്ടിത്തെറിച്ചപ്പോൾ പദാർഥങ്ങൾ വൻതോതിൽ പുറന്തള്ളപ്പെട്ടുവെന്നതു നിങ്ങൾ ഓർമിക്കും. അതിൽ ചിലത് അന്തരീക്ഷത്തിലേക്കുയർന്നുപോയി. എന്നാൽ ഒട്ടുമിക്കതും പർവതത്തിലും ചുറ്റുവട്ടത്തുമായി പൈറോക്ലാസ്റ്റിക്ക് (അഗ്നിപർവതക്രിയകളുടെ ഫലമായി രൂപംകൊണ്ട) ദ്രവ്യനിക്ഷേപങ്ങൾ ആയി അവശേഷിച്ചു. ഇത് എത്രത്തോളം വരും? ഒരു ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി നൽകിയ റിപ്പോർട്ടനുസരിച്ച്, അത് 665 കോടി ഘനമീറ്റർ ആയിരുന്നു. “പത്തു തവണയെങ്കിലും യുഎസ്-നു കുറുകെ അങ്ങോട്ടുമിങ്ങോട്ടും, ഒരു നാലുവരിപ്പാത ഉണ്ടാക്കാൻ” മതിയായ ചെളി പുറത്തുവന്നതായി യു.എസ്.-ലെ അഗ്നിപർവതശാസ്ത്രജ്ഞനായ സി. ജി. ന്യൂഹോൾ പറഞ്ഞു. ഇതിൽ 345 കോടി ഘനമീറ്റർ, മഴ വന്നാൽ ലാഹാറുകൾ സൃഷ്ടിച്ചുകൊണ്ട് താഴ്ന്ന പ്രദേശത്തേക്ക് ഒലിച്ചുപോകാവുന്ന തരത്തിലായിരുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ഫിലിപ്പീൻസിന് കൂടുതൽ ദ്രോഹം അർഥമാക്കുന്നു. ഹ്രസ്വ കാലയളവിലുള്ള കനത്തമഴകൾ കനത്ത ലാഹാറുകൾ സൃഷ്ടിക്കുന്നു.
ഇപ്പോൾ ഒട്ടേറെ വർഷങ്ങളായി യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. പെരുമഴയോടുകൂടിയ കൊടുങ്കാറ്റ് അഗ്നിപർവതാവശിഷ്ടങ്ങളെ വീണ്ടുംവീണ്ടും കുതിർത്ത്, അവയെ ഇളക്കുന്നു. ലാഹാറുകൾ, ഫലഭൂയിഷ്ഠമായ കൃഷിനിലങ്ങളെ തരിശുനിലങ്ങളും പട്ടണങ്ങളെ നിലത്തു പറ്റിച്ചേർന്നിരിക്കുന്ന മേൽക്കൂരകളും ആക്കി. ചില സംഗതികളിൽ ഇത് ഒറ്റ രാത്രികൊണ്ടാണ് സംഭവിച്ചിരിക്കുന്നത്. ആയിരക്കണക്കിനു വീടുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ആളുകൾ തങ്ങളുടെ ജന്മദേശത്തുനിന്നു പറിച്ചുമാറ്റപ്പെട്ട് മറ്റൊരു പ്രദേശത്ത് പുതിയ ഒരു ജീവിതം തുടങ്ങാൻ നിർബന്ധിതരായി. 1995-ന്റെ ആരംഭംവരെ ലാഹാറുകൾ പൈറോക്ലാസ്റ്റിക്ക് പദാർഥങ്ങളുടെ 63 ശതമാനത്തോളം താഴ്ന്നപ്രദേശങ്ങളിലേക്കു എത്തിച്ചിട്ടുണ്ട്. എന്നാൽ, ഭാവിയിലെ ഒരു നാശത്തിനായി 37 ശതമാനം ഇപ്പോഴും പർവതത്തിനു മുകളിൽത്തന്നെയുണ്ട്. മാത്രമല്ല, താഴേക്കു വന്നിട്ടുള്ള 63 ശതമാനം ഒരു ഭീഷണിയായി അവശേഷിക്കുന്നു. കനത്ത മഴയിൽനിന്നുള്ള വെള്ളം, മുമ്പു മുകളിൽ നിക്ഷേപിച്ചിരിക്കുന്ന മണ്ണിൽ ചാലുകൾ കീറുന്നു. ഇത്, ജീവനെയും വസ്തുക്കളെയും അപകടത്തിലാക്കിക്കൊണ്ട് ലാഹാറുകൾ വീണ്ടും ഒഴുകാൻ ഇടയാക്കുന്നു. 1995 ജൂലൈയിൽ മാനില ബുള്ളറ്റിൻ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “91 ബാരാങ്ചികൾ (ഗ്രാമങ്ങൾ) . . . ടൺകണക്കിനു വരുന്ന അഗ്നിപർവത അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചുമൂടപ്പെട്ട്, മധ്യ ല്യൂസോണിന്റെ ഭൂപടത്തിൽനിന്നുതന്നെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു.”
വീണ്ടും വിപത്ത്
1995 സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട്, മാമെങ് (സാർവദേശീയമായി സിബിൽ എന്നറിയപ്പെടുന്നു) എന്ന വൻ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ല്യൂസോണിനെ ബാധിച്ചു. പിനറ്റ്യൂബൊ പർവതത്തിന്റെ പ്രദേശത്ത് കനത്ത മഴ പെയ്തു. ഇത് വിപത്തിനെ അർഥമാക്കി. ലാഹാറുകൾ വീണ്ടും ഒഴുകാൻ തുടങ്ങി. പാതയിലുള്ളതെല്ലാം അവ വിഴുങ്ങിക്കളഞ്ഞു. ഒരിടത്ത് ഒരു ചിറ പൊട്ടിയതോടെ, മുമ്പു ബാധിക്കപ്പെടാതിരുന്ന പ്രദേശങ്ങൾപോലും ആറ് മീറ്ററിലേറെ ആഴം വരുന്ന ലാഹാറുകൾക്ക് ഇരയായി. ഒറ്റനില കെട്ടിടങ്ങളെല്ലാം നിശ്ശേഷം മുങ്ങിപ്പോയി. തങ്ങളുടെ ജീവൻ രക്ഷിക്കാനായി ആളുകൾ പുരമുകളിലേക്കു വലിഞ്ഞുകയറി. ലാഹാറുകൾ പ്രത്യേകിച്ചും കട്ടിയായിരുന്നിടത്ത്, അവ വൻപാറക്കഷണങ്ങളും വാഹനങ്ങളും എന്നുവേണ്ട വീടുകൾ പോലും ഒഴുക്കിക്കൊണ്ടുപോയി.
പുഴകളുടെയും നീർച്ചാലുകളുടെയും ഗതിമാറ്റിക്കൊണ്ട്, ലാഹാറുകൾ വെള്ളപ്പൊക്കങ്ങളും സൃഷ്ടിക്കുന്നു. യഹോവയുടെ സാക്ഷികളുടെ വീടുകളടക്കം ആയിരക്കണക്കിനു വീടുകളും അനേകം രാജ്യഹാളുകളും വെള്ളത്തിനടിയിലായിപ്പോയി.
മറ്റുചിലർക്ക് ഇതിനേക്കാൾ പരിതാപകരമായ അനുഭവങ്ങളുണ്ടായി. ഒഴുകിക്കൊണ്ടിരിക്കുന്ന ലാഹാറിലോ അല്ലെങ്കിൽ സമീപകാലത്ത് ലാഹാർ നിക്ഷേപിച്ച ചതുപ്പിലോ രക്ഷപ്പെടാൻ സാധിക്കാത്തവിധം ഒരു വ്യക്തി താണുപോയേക്കാം. വളരെയേറെ മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോശേഷമേ പദാർഥം നടക്കാൻ തക്കവിധം ഉറയ്ക്കുകയുള്ളു. ആളുകൾ രക്ഷപ്പെട്ടതെങ്ങനെയാണ്? നടക്കാൻ കഴിയുന്നതുവരെ ലാഹാറുകൾക്കുമീതെ ആളുകൾ പുരമുകളിലും മരങ്ങൾക്കുമുകളിലും കഴിഞ്ഞുകൂടി. മറ്റുള്ളവർ ടെലഫോൺ കേബിളുകളിൽ തൂങ്ങിക്കിടക്കുകയോ അതിനുമുകളിൽകൂടി നടക്കുകയോ ചെയ്തു. കാരണം, ലാഹാറുകൾ അത്രയ്ക്കുയരത്തിൽ എത്തിയിരുന്നു. ചിലർ പാതിയുറച്ച ചെളിയിൽ ഇഴഞ്ഞുനീങ്ങി. മറ്റുചിലർക്കാകട്ടെ അതിനിടയിൽ ജീവാപായം നേരിട്ടു. ആളുകളെ പുരമുകളിൽനിന്ന് എടുത്തുകൊണ്ടുപോകുന്നതിന്, ഗുരുതരമായി ബാധിക്കപ്പെട്ട പ്രദേശങ്ങളിലേക്കു ഗവൺമെൻറുകൾ ഹെലിക്കോപ്റ്ററുകൾ അയച്ചു.—കൂടുതൽ വിശദാംശങ്ങൾക്ക് “ഞങ്ങൾ ഒരു ലാഹാറിൽനിന്നു രക്ഷിക്കപ്പെട്ടു!” എന്ന പിൻവരുന്ന ലേഖനം കാണുക.
സ്നേഹം മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു
പല വീടുകളും രാജ്യഹാളുകളും നഷ്ടപ്പെടുകയോ അവയ്ക്കു കാര്യമായ നാശം സംഭവിക്കുകയോ ചെയ്തെങ്കിൽക്കൂടി തങ്ങളുടെ സഹോദരങ്ങളിലൊരാൾപോലും നഷ്ടമായില്ലെന്നറിഞ്ഞതിൽ യഹോവയുടെ സാക്ഷികൾ സന്തുഷ്ടരായിരുന്നു. എങ്കിലും ലാഹാറുകൾമൂലമോ പ്രളയംമൂലമോ ബാധിക്കപ്പെട്ടവർക്കിടയിൽ ആവശ്യങ്ങൾ വളരെവലിയതായിരുന്നുവെന്നു സ്പഷ്ടം. ചില സാക്ഷികൾ രക്ഷപ്പെട്ടത് ലാഹാർചെളിയിൽ കുതിർന്ന ഉടുവസ്ത്രംമാത്രവുമായിട്ടാണ്. സഹക്രിസ്ത്യാനികൾ ആവശ്യങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചത്?
സമീപപ്രദേശത്തുള്ള സഭാമൂപ്പന്മാർ തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾ സുരക്ഷിതരാണോ അല്ലെങ്കിൽ അവർക്കു മാറിത്താമസിക്കാൻ വേണ്ട സഹായം ആവശ്യമാണോ എന്നൊക്കെ നിർണയിക്കാൻവേണ്ട ശ്രമങ്ങൾ ചെയ്തു. ലാഹാർ നിക്ഷേപങ്ങൾ അപ്പോഴും ഉറയ്ക്കാതിരുന്നതുമൂലം വളരെ പ്രയാസപ്പെട്ടാണ് അതു ചെയ്തത്. ബാക്കെലോർ സഭയിലെ ഒരു മൂപ്പനായ ഗെൽയെർമൊ ടുഗോൽ പറഞ്ഞു: “ഞങ്ങൾ സഹായിക്കാൻ ചെന്നു. സഹോദരങ്ങളുടെ അരികിലെത്താൻ ഞങ്ങൾ ടെലഫോൺ കേബിളുകൾക്കുമുകളിലൂടെ നടന്നു.” അതേ സഭയിലെ ഒരു മുഴുസമയശുശ്രൂഷകനായ വിൽസൺ യൂയി കൂട്ടിച്ചേർത്തു: “വേഗത്തിൽ ഒഴുകിക്കൊണ്ടിരുന്ന നെഞ്ചൊപ്പം വെള്ളത്തിലൂടെ നടക്കേണ്ടിയിരുന്നതിനാൽ ഞങ്ങൾക്കവിടെ എത്തിച്ചേരാൻ സാധിക്കില്ല എന്നുവരെയായി.” എന്നാൽ ശ്രദ്ധയോടെ അവർ അതു സാധിച്ചെടുത്തു. അങ്ങനെ സഭാംഗങ്ങളുടെ അവസ്ഥ നിർണയിക്കുന്നതിനും സാധ്യമാകുന്നിടത്തു സഹായമേകുന്നതിനും അവർക്കു കഴിഞ്ഞു.
ഒക്ടോബർ 2 തിങ്കളാഴ്ച രാവിലെ ആയപ്പോഴേക്കും അടിയന്തിരതയെക്കുറിച്ച് വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിനു പൂർണവിവരം ലഭിച്ചു. ബ്രാഞ്ചിലുള്ള 345 സ്വമേധയാ സേവകർക്കു സഹായിക്കാനാകുമോ? ഉവ്വ്! പ്രതികരണം ക്ഷണത്തിലായിരുന്നു. രാവിലെ പത്തുമണിയോടെ ഈ സേവകർ മാത്രം, ദുരിതമനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് ഒരു ടണ്ണിനടുത്ത് വസ്ത്രങ്ങൾ സംഭാവന ചെയ്തു. ഒരു ട്രക്ക് വഴി കുറച്ച് ആഹാരത്തോടും പണത്തോടുമൊപ്പമാണ് ഇത് അയച്ചത്. ആ ദിവസംതന്നെ സാധനങ്ങൾ അവിടെ എത്തിക്കപ്പെട്ടു.
ദിവസങ്ങൾക്കുള്ളിൽ മെട്രൊ-മനില പ്രദേശത്തുള്ള സഭകളെയും അടിയന്തിരതയെക്കുറിച്ച് അറിയിച്ചു. ഉടൻതന്നെ മറ്റ് അവശ്യവസ്തുക്കൾക്കൊപ്പം അഞ്ച് ടണ്ണിലേറെ വസ്ത്രങ്ങൾ കൂടുതലായി അയയ്ക്കപ്പെട്ടു. ജപ്പാനിൽനിന്നുള്ള ഒരു സാക്ഷി വിപത്തിന്റെ സമയത്തു ഫിലിപ്പീൻസ് സന്ദർശിക്കുകയായിരുന്നു. അവർ ഹോങ്കോംഗിൽനിന്നു തനിക്കുവേണ്ടി കുറേ വസ്ത്രങ്ങളും വാങ്ങിച്ചു വരുന്നവഴിയായിരുന്നു. പിനറ്റ്യൂബൊ പർവതത്തിനടുത്തുള്ള തന്റെ സഹക്രിസ്ത്യാനികളുടെ ദയനീയാവസ്ഥ കണ്ടപ്പോൾ വാങ്ങിച്ച വസ്ത്രമെല്ലാം അവർക്കു കൊടുത്തു വെറുങ്കൈയോടെ അവർ ജപ്പാനിലേക്കു തിരിച്ചുപോയി. സത്യക്രിസ്ത്യാനികൾ ആവശ്യഘട്ടത്തിലുള്ളവരോട് സ്നേഹം പ്രകടിപ്പിക്കുന്നതായി കാണുന്നത് എത്ര ആനന്ദദായകമാണ്—അവർക്കു നല്ലതു വരട്ടെയെന്ന് ആശംസിക്കുകമാത്രം ചെയ്തുകൊണ്ടായിരുന്നില്ല, മറിച്ച് ‘അവർക്കുവേണ്ട അവശ്യവസ്തുക്കൾ നൽകിക്കൊണ്ടാ’യിരുന്നു.—യാക്കോബ് 2:16, NW.
ആത്മീയകാര്യങ്ങളോടുള്ള തങ്ങളുടെ തീക്ഷ്ണത കുറയ്ക്കാൻ യഹോവയുടെ സാക്ഷികൾ ഇത്തരത്തിലുള്ള സംഭവവികാസങ്ങളെ അനുവദിച്ചില്ല എന്നുള്ള വസ്തുതയും പ്രശംസനീയംതന്നെ. ക്രിസ്തീയ യോഗങ്ങൾ തുടർന്നും നടത്തപ്പെട്ടു—രാജ്യഹാളിൽതന്നെ കണങ്കാൽക്കൊപ്പം വെള്ളം കയറിയ ഒരു സാഹചര്യത്തിൽപോലും. മറ്റുള്ളവർക്കു ബൈബിൾസന്ദേശം എത്തിച്ചുകൊടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഈ ക്രിസ്ത്യാനികൾ വീടുതോറും പ്രസംഗിക്കുന്നിൽ തുടർന്നു. തങ്ങൾക്കു സാക്ഷീകരിക്കേണ്ട പ്രദേശത്ത്—വലിയ വെള്ളപ്പൊക്കമില്ലാതിരുന്നിടത്ത്—എത്തിച്ചേരാൻ ചിലർക്കു വെള്ളത്തിലൂടെ കാൽ വലിച്ചുവെച്ചു നടക്കേണ്ടി വന്നു. അവർ വസ്ത്രങ്ങൾ കൂടെക്കൊണ്ടുപോയി ഉണങ്ങിയ ഒരു സ്ഥലത്തുവെച്ച് അവ മാറിയുടുത്തു. അങ്ങനെ ഈ ക്രിസ്ത്യാനികൾ സ്വയം ദുരിതമനുഭവിച്ചിരുന്നവരെങ്കിലും, മറ്റുള്ളവരോട് പരിഗണന കാണിക്കുന്നതു നിർത്തലാക്കാൻ ഇതിനെ അവർ അനുവദിച്ചില്ല.
അതെ പിനറ്റ്യൂബൊ അഗ്നിപർവതത്തിന്റെ അനന്തരഫലങ്ങൾ പലരും വിചാരിച്ചതിലധികമായിരുന്നു. ഇനിയും ചില വർഷങ്ങളോളം നീണ്ടുനിന്നേക്കാവുന്ന ഒരു കഥയാണത്. ലാഹാറുകളെ നിയന്ത്രിക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ചിലപ്പോൾ അതു മനുഷ്യന്റെ കഴിവിനതീതമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ സത്യക്രിസ്ത്യാനികൾ അവയെ ദൈവത്തോടും അയൽക്കാരനോടുമുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരവസരമായി വിനിയോഗിക്കുന്നതു കാണുന്നത് എത്ര സന്തോഷകരമാണ്!
[അടിക്കുറിപ്പ്]
a കൂടുതൽ വിവരങ്ങൾക്ക്, സ്ഫോടനത്തെക്കുറിച്ചുള്ള 1992 ഫെബ്രുവരി 8 ഉണരുക!യിലെ [ഇംഗ്ലീഷ്] 15-17 പേജുകളിലെ, “മണൽ പെയ്ത ദിവസം” എന്ന റിപ്പോർട്ട് കാണുക.
[21-ാം പേജിലെ ചതുരം/ചിത്രം]
പിനറ്റ്യൂബൊ പർവതം ലോകത്തെ ബാധിച്ച വിധം
പിനറ്റ്യൂബൊ പർവതസ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞുവരികയോ ഇല്ലാതാവുകയോ ചെയ്താൽ എല്ലാം ശാന്തമായി. ഇത് ശരിയാണോ? തീർത്തും അല്ല! നീണ്ടുനിൽക്കുന്ന ആഗോളവ്യാപകമായ ചില ഫലങ്ങൾ ശ്രദ്ധിക്കുക.
◼ സ്ഫോടനത്തിനുശേഷം, ഒരു കാലയളവിൽ നിങ്ങൾ അതിമനോഹരമായ സൂര്യാസ്തമയങ്ങൾ നിരീക്ഷിച്ചിട്ടുണ്ടായിരിക്കാം.
◼ 1991 ജൂലൈ 11-ലെ അസാധാരണമാംവിധം ഉജ്ജ്വലമായ സമ്പൂർണ സൂര്യഗ്രഹണത്തിൽ മെക്സിക്കോയിലെ ശാസ്ത്രജ്ഞന്മാർ അത്ഭുതം കൊണ്ടു. കാരണം എന്തായിരുന്നു? പിനറ്റ്യൂബൊ പർവതത്തിന്റെ സ്ഫോടനം. അതിന്റെ പൊടിയുടെ കണികകൾ പ്രഭാവലയത്തെ സാധാരണയിലധികം പ്രകീർണനം ചെയ്തു.
◼ കാലാവസ്ഥയും ബാധിക്കപ്പെട്ടു. സ്ഫോടനത്തിനുശേഷം മൂന്നുമാസം കഴിഞ്ഞ്, ജപ്പാനിൽ, ടോക്കിയോയ്ക്കു സാധാരണ ലഭിക്കുന്ന നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ 10 ശതമാനം കുറവാണ് ലഭിക്കുന്നത് എന്നു റിപ്പോർട്ട് ചെയ്യപ്പെട്ടു. അഗ്നിപർവതചാരം സൂര്യപ്രകാശത്തിന്റെ ഒരു ഭാഗത്തെ തടുത്തുനിർത്തി. ഉത്തരാർധഗോളത്തിന്റെ ഭാഗങ്ങളിലെ ശരാശരി താപനിലയിൽ 1 ഡിഗ്രി സെൽഷ്യസ് കുറവു കാണിച്ചതായി സയൻസ് ന്യൂസ് പറയുന്നു.
◼ ഭൂമിയുടെ ഓസോൺ പാളിക്കേറ്റ വർധിച്ച നാശമായിരുന്നു മറ്റൊരു ഫലം. സ്ഫോടനത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടായ സൾഫ്യൂരിക്ക് ആസിഡ് മനുഷ്യനിർമിത ക്ലോറിനുമായി ചേർന്നതാണ് ഓസോണിന്റെ ഇടിവിന് കാരണമായത്. സാധാരണമായി ഓസോൺ പാളികൾ ആളുകൾക്കു കാൻസർ ഉണ്ടാകുന്നതിൽനിന്നു സംരക്ഷിക്കുവാൻ തക്കവണ്ണമുള്ള ഒരു അന്തരീക്ഷ കവചം പ്രദാനം ചെയ്യുന്നു. സ്ഫോടനത്തിനുശേഷം താമസിയാതെ അന്റാർട്ടിക്കയിലെ ഓസോണിന്റെ അളവു പൂജ്യത്തോടടുത്ത് താഴ്ന്നു; ഭൂമധ്യമേഖലയിലെ അളവിൽ 20 ശതമാനം കുറവു സംഭവിച്ചു.
◼ വിശപ്പും രോഗവുമായിരുന്നു മറ്റു ദുഷ്ഫലങ്ങൾ. അഗ്നിപർവതംമൂലം ഭവനരഹിതരായവർ രക്ഷാകേന്ദ്രങ്ങളിൽ താത്ക്കാലികമായി ജീവിക്കാൻ നിർബന്ധിതരായി. അതിവേഗത്തിലാണ് അവിടങ്ങളിൽ രോഗങ്ങൾ പടർന്നുപിടിച്ചത്. ഗുരുതരമായി ബാധിക്കപ്പെട്ടത് വിശേഷിച്ച് ഏറ്റാ എന്ന ഗിരിവർഗക്കാരാണ്, സ്ഫോടനത്തിന്റെ ഫലമായി തങ്ങളുടെ ദേശത്തുനിന്നു പുറന്തള്ളപ്പെട്ട് അപരിചിതമായ പുതിയ ഒരു ചുറ്റുപാടിൽ ജീവിക്കാൻ അവർ നിർബന്ധിതരായി.
[ചിത്രം]
പ്രളയബാധിതമോ അല്ലെങ്കിൽ ലാഹാർബാധിതമോ ആയ പ്രദേശത്തുനിന്നു മാറ്റി പാർപ്പിക്കപ്പെട്ടവർ
[18-ാം പേജിലെ ചിത്രം]
ലാഹാർ ഒഴുക്കിക്കൊണ്ടുപോകുന്ന ഒരു വീട്
[18-ാം പേജിലെ ചിത്രം]
മേൽക്കൂരയോളം മൂടപ്പെട്ട ഇരുനില കെട്ടിടങ്ങൾ
[18-ാം പേജിലെ ചിത്രം]
ലാഹാറുകൾമൂലം തരിശുനിലങ്ങളായി മാറിയ മനോഹരമായ അനേകം കൃഷിസ്ഥലങ്ങൾ
[19-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: 1995 മാർച്ച്, ലാഹാർ പകുതി മൂടിക്കളഞ്ഞ പാംപങ്ങയിലെ ബാക്കോളോറിലുള്ള ബാങ്ക് കെട്ടിടം
താഴെ: 1995 സെപ്റ്റംബർ, പിന്നീടുണ്ടായ ഒരു ലാഹാറിൽ അതേ ബാങ്ക് മുഴുവനായും മൂടപ്പെട്ട നിലയിൽ