പേരാൽ—ഒറ്റമരം കാടായിത്തീരുന്നു
ഇന്ത്യയിലെ ഉണരുക! ലേഖകൻ
സാധാരണമായി, നിരവധി വൃക്ഷങ്ങൾ ചേർന്നാണ് ഒരു കാടുണ്ടാകുന്നത്. എന്നാൽ ഒറ്റമരം കൊണ്ടുള്ള ഒരു കാടുണ്ട്. പേരാൽ അത്യന്തം അസാധാരണമായ ഒരു വൃക്ഷമാണ്. അഞ്ചേക്കറിലേറെ വരുന്ന പ്രദേശം മുഴുവൻ അതിനു പടർന്നുപന്തലിക്കാൻ കഴിയും! അതു വളർച്ചയാരംഭിക്കുന്നത് എപ്രകാരമാണ്? ഒരു കാട് എന്നു യഥാർഥത്തിൽ വിളിക്കപ്പെടുന്നതുവരെ അത് എപ്രകാരമാണു പടർന്നുപന്തലിക്കുന്നത്?
പേരാൽ, (banyan) യുർടിക്കേൽസ് എന്നു വിളിക്കപ്പെടുന്ന പൂവണിയുന്ന ചെടികളുടെ വിഭാഗത്തിലും അത്തിയുടെ ഏതാണ്ട് 800 ഇനങ്ങൾ ഉൾക്കൊള്ളുന്ന മൊറേസി അല്ലെങ്കിൽ മൾബറി എന്ന കുടുംബത്തിലും പെടുന്നു. അതിന്റെ പഴം തിന്ന കുരങ്ങന്മാരുടെയോ പക്ഷികളുടെയോ വവ്വാലുകളുടെയോ കാഷ്ഠത്തിലുള്ള വിത്തിൽനിന്നാണ് പേരാൽ അല്ലെങ്കിൽ ബംഗാൾ അത്തി ദൈർഘ്യമേറിയ അതിന്റെ ജീവിതം ആരംഭിക്കുന്നത്.
വിത്തുകൾ ആതിഥേയ വൃക്ഷത്തിന്റെ ശാഖകളിൽ മുളയ്ക്കുന്നു. വേരുകളാകട്ടെ, വിള്ളലുകളിൽ ശേഖരിക്കപ്പെട്ട ജൈവപദാർഥങ്ങളിൽ തഴച്ചുവളരുന്നു. ഈർപ്പമുള്ള പരിതഃസ്ഥിതികൾ, പുതിയ വൃക്ഷത്തിന്റെ വേരുകളെ ദ്രുതഗതിയിൽ വളരാൻ സഹായിക്കുന്നു; അവ “ആതിഥേയ വൃക്ഷ”ത്തിന്റെ തായ്ത്തടിക്കുചുറ്റും തടിച്ചുകൂടി താഴെ നിലത്തേക്കു വളരുന്നു. ആകാരത്തിലും ശക്തിയിലും മികവുറ്റതാകുമ്പോൾ അവ ആതിഥേയ വൃക്ഷത്തെ ഞെരുക്കുന്നു. അതിനാൽ, ഈ ഇനം സസ്യങ്ങൾക്കു ഞെരുക്കുന്ന ആൽ എന്നും പേരുണ്ട്.
ഇപ്പോൾ പേരാൽ പടർന്നു പന്തലിക്കാൻ തയ്യാറായിക്കഴിഞ്ഞു. തായ്മരക്കടയ്ക്കൽനിന്നു വേരുകൾ പടർന്നുപന്തലിക്കുന്നെന്നു മാത്രമല്ല, ശാഖകൾ കുറുകേ നീളുമ്പോൾ വായവമൂലങ്ങൾ താഴെ നിലത്തേക്കു വളർന്ന്, മണ്ണിൽ ഉറയ്ക്കുന്നു. അങ്ങനെ ഒരു കാടുണ്ടാകാൻ തുടങ്ങുകയായി.
ആഫ്രിക്കയുടെയും ഇന്ത്യയുടെയും ഉഷ്ണമേഖലകളിലാണ് പേരാൽ കാണപ്പെടുന്നത്. അതിന്റെ വലിപ്പമേറിയ പരന്ന ഇലകൾ, മനുഷ്യർക്കും മൃഗങ്ങൾക്കും തണലേകുന്ന ഒരു കുടയായി ഉതകുന്നു. ഇന്ത്യയിലുള്ള ഒരു വൃക്ഷം, 20,000-ത്തിലേറെ ആളുകൾക്കു തണലേകാൻ കഴിയുംവിധം അത്ര വിസ്തൃതമാണെന്നു പറയപ്പെടുന്നു! അതിന്റെ പഴം മനുഷ്യർക്കു തിന്നാൻ കൊള്ളില്ല. പേരാലിന്റെ തടി, മാർദവമുള്ളതും സുഷിരങ്ങളുള്ളതുമാണ്. എന്നാൽ, വൃക്ഷം പുറപ്പെടുവിക്കുന്ന വീളാമ്പശ (birdlime) എന്നു വിളിക്കപ്പെടുന്ന വെളുത്ത പശപോലുള്ള ഒന്ന്, പക്ഷികളെ പിടിക്കാൻ ഉപയോഗിക്കുന്നു.
പേരാൽ എത്രകാലം ജീവിക്കും? ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനത്തുള്ള ഒരു വൃക്ഷത്തിന് 600 വർഷത്തിലേറെ പ്രായമുണ്ടെന്നു കണക്കാക്കപ്പെടുന്നു; അറിയപ്പെടുന്നതും പരിരക്ഷിക്കപ്പെടുന്നതുമായ മറ്റു വൃക്ഷങ്ങൾക്ക് 250-ലേറെ വർഷം പ്രായമുണ്ട്. ഒരു പേരാൽ വളരുന്നതും പടർന്നുപന്തലിക്കുന്നതും അനന്തമായി തുടരുന്നു.
അറിയപ്പെടുന്നതിലേക്ക് ഏറ്റവും വലിയ പേരാൽ ശ്രീലങ്കയിലുള്ളതാണെന്നു പറയപ്പെടുന്നു. അതിന് 350 വലിയ ശാഖകളും ഒരൊറ്റ തായ്മരത്തോടു ചേർന്ന 3,000-ത്തിലേറെ ചെറിയ ശാഖകളും ഉണ്ട്. ഇന്ത്യയിൽ, അടുത്തയിടെ അളക്കപ്പെട്ട 1,100 ഊന്നുവേരുകളോടും അഞ്ച് ഏക്കറിലേറെ വരുന്ന മേൽപ്പരപ്പോടുംകൂടിയ വൃക്ഷമാണ് ആ രാജ്യത്തെ ഏറ്റവും വലിയ വൃക്ഷം എന്നു കണ്ടെത്തി. കേടുപറ്റുന്നതിൽനിന്നു സംരക്ഷിക്കുന്നതിന്, ആയുധധാരികളായ നാലു പേർ അതിനു നിരന്തരം കാവൽ നിൽക്കുന്നു. ഇന്ത്യയിലെ പേരുകേട്ട മറ്റു പേരാലുകളിൽ പെട്ടതാണ് ബാംഗ്ലൂരിനടുത്തുള്ള ഒന്ന്. മൂന്നേക്കറിൽ പന്തലിച്ചുനിൽക്കുന്ന അത്, നഗരവാസികളുടെ ഒരു പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. രന്തമ്പോറിലെ വന്യജീവി പാർക്കിൽ ഒരു ഭയങ്കരൻ വൃക്ഷം നിലകൊള്ളുന്നു. 500 വർഷങ്ങൾക്കുമുമ്പുള്ള ഒരു മുഗൾചക്രവർത്തിയുടെ ലിഖിതങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നപ്രകാരം, പാർക്കിലെ പുലികൾക്കും മറ്റ് ഇരപിടിയന്മാർക്കും കളിസ്ഥലവും വേട്ടനടത്തുന്നതിനുള്ള ഇടവുമായിരിക്കുന്നതിനുപുറമേ, പക്ഷികൾ, വവ്വാലുകൾ, പാമ്പുകൾ, അണ്ണാനുകൾ, എന്നിവയ്ക്കും ചെറിയ മൃഗങ്ങളുടെയും പ്രാണികളുടെയും കൂട്ടങ്ങൾക്കും ഈ വൃക്ഷം തണൽ പ്രദാനം ചെയ്യുന്നു.
എങ്കിലും, ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട പേരാൽ, കൽക്കട്ടയിലുള്ള നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിലെ 240 വയസ്സുള്ള വൃക്ഷമാണ്. 24.5 മീറ്ററിലേറെ ഉയരമുള്ള അത്, മൂന്നേക്കർ പ്രദേശത്തു പന്തലിച്ചുനിൽക്കുന്നു. കൂടാതെ അതിന് 1,800-ലേറെ വായവമൂലങ്ങളും 420 മീറ്റർ ചുറ്റളവുള്ള വിസ്തൃതിയേറിയ മകുടവുമുണ്ട്. സാങ്കൽപ്പികമല്ലാത്ത ഒരു കാട്!
മതവും പേരാലും
പുരാതനകാലം മുതൽക്കേ ആളുകൾ വൃക്ഷങ്ങളെ ആരാധിച്ചിട്ടുണ്ട്. പേരാലും ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല; ഇന്ത്യയിൽ ഇപ്പോൾപോലും ഇതിനെ പവിത്രമായി കണക്കാക്കുന്നു. പുണ്യവൃക്ഷങ്ങൾ, ചില ദൈവങ്ങളെ പ്രതിനിധീകരിക്കുന്നതായി കരുതപ്പെടുന്നു—പേരാലിന്റെ കാര്യത്തിൽ അതു വിഷ്ണുദൈവമാണ്. ഒരു വൃക്ഷം നട്ടുനനച്ചു വാത്സല്യപൂർവം വളർത്തിക്കൊണ്ടുവരുമ്പോൾ അതു വൃക്ഷദൈവത്തിനുള്ള ആരാധനയായി കണക്കാക്കപ്പെടുന്നു.
പുരാതന പോളിനേഷ്യൻ സമൂഹങ്ങളിലും പേരാൽ പവിത്രമായി കണക്കാക്കപ്പെട്ടിരുന്നു. ചുറ്റും വീടുകൾ നിർമിക്കപ്പെട്ട ഒരു ചത്വരത്തിൽ അല്ലെങ്കിൽ തോഹ്വയിലാണു മതപരമായ ചടങ്ങുകൾ നടന്നിരുന്നത്. സാധാരണമായി, ചത്വരത്തിന്റെ ഒരറ്റത്തു പവിത്രമായി കരുതപ്പെടുന്ന പേരാൽ ഉള്ള ഒരു ക്ഷേത്രം കാണാമായിരുന്നു. ഗോത്രത്തിലെ മരണമടഞ്ഞ പ്രമുഖ അംഗങ്ങളുടെ എല്ലുകൾ പൊതിഞ്ഞുകെട്ടി ചില്ലകളിൽ തൂക്കിയിട്ടിരുന്നു.
ഈ പടുകൂറ്റൻ വൃക്ഷത്തിന് ആദ്യമായി പേരിട്ടതു വെള്ളക്കാരാണ്. വൃക്ഷത്തിന്റെ വിസ്തൃതമേറിയ കുടപോലുള്ള മേൽപ്പരപ്പ് തണൽ പ്രദാനം ചെയ്യുന്നതിനാൽ, പേർഷ്യൻ ഗൾഫിലും ഇന്ത്യയിലും, സൂര്യന്റെ ചുട്ടുപൊള്ളുന്ന വെയിലിൽനിന്നു സംരക്ഷണം നേടാൻ കച്ചവടക്കാർ തങ്ങളുടെ കച്ചവടക്കോപ്പുകൾ വൃക്ഷച്ചുവട്ടിൽ നിരത്തിയിരുന്നതായി യൂറോപ്യൻ യാത്രക്കാർ കണ്ടെത്തി. ഹിന്ദു ജാതിസമ്പ്രദായപ്രകാരം കച്ചവടക്കാർ, വൈശ്യർ എന്നു വിളിക്കപ്പെടുന്ന ഒരു പ്രധാന വിഭാഗത്തിൽനിന്നുള്ളവരാണ്. ബനിയന്മാർ എന്ന ഉപവിഭാഗം, ധാന്യങ്ങളും മറ്റു പലചരക്കുസാധനങ്ങളും വിൽക്കുന്നതിന് ശ്രദ്ധേയരായിരുന്നു. ഒരു ബനിയൻ തന്റെ ചരക്കുകൾ തണൽവൃക്ഷത്തിന്റെ ചുവട്ടിൽ വിൽക്കാറുള്ളതു ശ്രദ്ധിച്ച വിദേശികൾ, വൃക്ഷത്തെ ബാന്യൻ എന്നു വിളിക്കാൻ തുടങ്ങി.
അന്നാളുകളിൽ, ബനിയന്മാർ തങ്ങളുടെ പണം സൂക്ഷിക്കാവുന്നതരത്തിലുള്ള മറയ്ക്കപ്പെട്ട പോക്കറ്റുകളോടുകൂടിയ പരുത്തിക്കുപ്പായങ്ങളാണു സാധാരണ ധരിക്കാറുണ്ടായിരുന്നത്. കുളിർമയേകുന്നതും അലക്കാൻ എളുപ്പമുള്ളതുമായ വസ്ത്രം, ബനിയൻ വ്യാപാരികൾക്കിടയിൽ സർവസാധാരണമായതിനാൽ ആ വസ്ത്രത്തിനു ബനിയൻ എന്ന പേരുനൽകി. പിൽക്കാലത്ത്, പുരുഷന്മാരുടെ ഏതു വസ്ത്രത്തിനും അല്ലെങ്കിൽ അടിക്കുപ്പായത്തിനും ആ പേരു നൽകപ്പെട്ടു. ഇന്ത്യയിൽ പുരുഷന്മാരുടെ ഏതൊരു അടിക്കുപ്പായത്തിനും ഈ പേരു തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ബനിയന്മാർക്ക് ഇന്നും, ജോലി ചെയ്യുമ്പോൾ ഇത്തരം വസ്ത്രം ധരിക്കുന്ന ശീലമുണ്ട്.
നമുക്ക് ഒരു പേരാലിന്മേൽ കയറാം
ഒരു പേരാലിന്റെ മധ്യഭാഗത്തേക്കു കയറാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? തെക്കേ ഇന്ത്യയിലെ ഹൈദരാബാദ് സന്ദർശിച്ചാൽ നിങ്ങൾക്കതു സാധിക്കും. ബേഗംപേട്ട വിമാനത്താവളത്തിനരികിൽ, നഗരത്തിന്റെ ഹൃദയഭാഗത്തോടടുത്ത്, ഒരു പേരാലിന്റെയും അരികിലുള്ള അത്തിമരത്തിന്റെയും ബലമുള്ള ശാഖകളിന്മേൽ നിർമിച്ചിരിക്കുന്ന ഒന്നാണ് മച്ചാൻ എന്ന മരമുകൾ റെസ്റ്ററൻറ്. ഇടവിട്ടിടവിട്ട് സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകൾ കഴിഞ്ഞുള്ള തടിച്ച കയർഗോവണി കയറുക. നിങ്ങൾ നിൽക്കുന്ന നിർമിതി, മുള, തെങ്ങോല, കയർ എന്നിവയാൽ നിർമിച്ചിട്ടുള്ളതാണ്. വ്യത്യസ്ത നിരപ്പിൽ സ്ഥാപിച്ചിട്ടുള്ള രണ്ടു തീൻമുറികളിൽ ഉയരത്തിലുള്ളതിലേക്ക് നിങ്ങൾ കടക്കുമ്പോൾ, പിരമിഡ് ആകൃതിയിലുള്ള മുളകൊണ്ടുണ്ടാക്കിയ മേൽക്കൂരകൾ, വെയിലിൽനിന്നും മഴയിൽനിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ഇപ്പോൾ നിങ്ങൾ നിലത്തുനിന്ന് ഒമ്പതടി ഉയരത്തിലാണ്. ചൂരൽകൊണ്ടുള്ള മനോഹരമായ ഫർണിച്ചറുകളും ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഗോത്രവിഷയമായ വസ്തുക്കളും വനപ്രതീതിക്ക് ആക്കംകൂട്ടുന്നു.
നിങ്ങൾ ഉപവിഷ്ടരാകുമ്പോൾ, മോഗ്ളി എന്ന ഒരു മെനുകാർഡ് ലഭിക്കുന്നു. റഡ്യാർഡ് കിപ്ലിങിന്റെ ദ ജംഗിൾ ബുക്ക് എന്ന പുസ്തകത്തിലെ കഥകൾ വായിച്ചിട്ടുള്ളവർക്ക് സുപരിചിതമായ ഒരു പേരാണിത്. ഇതും വനാന്തരീക്ഷത്തിന് ആക്കംകൂട്ടുന്നു. ഇനി, ഒരു പേരാലിന്റെ മധ്യത്തിലിരുന്ന് ഒരു സദ്യ കഴിക്കുകയെന്ന അസാധാരണമായ അനുഭവം ആസ്വദിക്കുക. നന്നായി പാകംചെയ്ത, ഹൈദരാബാദ് പേരെടുത്തിരിക്കുന്ന ബിരിയാണി, കബാബ്, വിവിധതരത്തിലുള്ള മറ്റു വിഭവങ്ങൾ എന്നിങ്ങനെ ഇന്ത്യയിലെ ചില വിശിഷ്ടഭോജ്യങ്ങൾ ആസ്വദിച്ചുകൊൾക.
നിങ്ങളുടെ സദ്യ കഴിഞ്ഞെങ്കിൽ, കയർഗോവണിവഴി ശ്രദ്ധാപൂർവം താഴോട്ടിറങ്ങി, കൊച്ചുവെള്ളച്ചാട്ടവും താമരക്കുളവും കാണുക. പേരാലിന്റെ—ഒറ്റമരക്കാടാകുന്നതുവരെ പടർന്നുപടർന്നു പന്തലിക്കാൻ കഴിയുന്ന വൃക്ഷത്തിന്റെ—വിസ്തൃതിയേറിയ വിതാനത്തിന്മേൽ നിർമിച്ചിരിക്കുന്ന അസാധാരണമായ ഈ മരമുകൾ റെസ്റ്ററൻറിൽനിന്നു പുറത്തേക്കുതിരിക്കുക.
[15-ാം പേജിലെ ചിത്രങ്ങൾ]
ഒരൊറ്റ വൃക്ഷം വളർന്നു കാടായിത്തീർന്നിരിക്കുന്നു
മുകളിൽ: കൽക്കട്ടയിലെ നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിലുള്ള ഒരു പേരാലിന്റെ അടുത്ത വീക്ഷണം
[16-ാം പേജിലെ ചിത്രം]
കൽക്കട്ടയിലെ നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിലുള്ള പേരാൽ വൃക്ഷം
[16-ാം പേജിലെ ചിത്രം]
ഹൈദരാബാദിൽ ഒരു പേരാൽ വൃക്ഷത്തിലുള്ള “മച്ചാൻ” റെസ്റ്ററൻറ്